ഇരുവരുടെയും സംസാരം കേട്ട് പുറത്തേക്ക് വന്ന രാഹുൽ ചിരിച്ചുകൊണ്ട് അവർക്കരികിലേക്കു നടന്നു…

എന്റെ ആകാശം

Story written by Aparna Nandhini Ashokan

=============

“പോയി വരുമ്പോൾ പരിപ്പുവട വാങ്ങിക്കൊണ്ടു വരുമോ അച്ഛേ”

“വേറെ എന്തേങ്കിലും വേണോ മാളൂന്..”

“വേണ്ട അച്ഛേ പോയീട്ട് വേഗം വരുമോ. വൈകീട്ട് നമുക്ക് നടക്കാൻ പോവണം..”

ഇരുവരുടെയും സംസാരം കേട്ട് പുറത്തേക്ക് വന്ന രാഹുൽ ചിരിച്ചുകൊണ്ട് അവർക്കരികിലേക്കു നടന്നു.

“ഈ വീട്ടിലെ ഗർഭിണി നീയല്ലേ.തനിച്ചു നടന്നാൽ പോരെ എന്റെ മാളൂന്.ദിവസവും നടക്കാൻ പോകാൻ പണി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന അച്ഛനെ കൂടി കൊണ്ടു പോവണോടീ..”

“അതൊന്നും കുഴപ്പമില്ലെടാ.നീ ജോലിക്കു പോവാൻ നോക്കിയേ.എന്റെ മോളെ തനിച്ചു നടക്കാൻ വിടാനൊന്നും പറ്റില്ല.ഞാൻ കൂടി ഒപ്പം പോയാലേ ശരിയാവൂ..”

“രാഹുലേട്ടന് നല്ല കുശുമ്പാണ് അച്ഛയ്ക്കു എന്നോട് സ്നേഹകൂടുതലായതിന്..”

“നിങ്ങള് അച്ഛനും മോളും എന്താണെങ്കിൽ ചെയ്യ് ഞാൻ പോവാണേ..മാളൂ വൈകീട്ട് നിനക്കെന്തേലും കൊണ്ടു വരണോടീ..”

“എനിക്കുള്ളത് അച്ഛയോട് കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്”

“എന്നാൽ അച്ഛനും ഇറങ്ങാണ് മോളെ. അപ്പുറത്തെ സുധാകരന്റെ പറമ്പിലാണ് ഇന്ന് പണി.എന്തേങ്കിലും ആവശ്യം വന്നാൽ അച്ഛനെ വിളിക്കണേ.ഞാൻ പോയീട്ട് ഉച്ചക്കു വരാം.കഴിക്കാനുള്ളതെല്ലാം എടുത്തു വെച്ചിട്ടുണ്ട്.കഴിച്ചിട്ട് പഠിക്കാനിരിക്കണം..”

“ഇപ്പൊ പഠിക്കണോ അച്ഛേ മടിയാവുന്നൂ..”

“അടുത്ത ആഴ്ച പരീക്ഷയില്ലേ മാളൂന്. വീട്ടിലിരുന്നു നന്നായി പഠിക്കുമെന്ന് അച്ഛൻ ഉറപ്പു കൊടുത്തിട്ടാണ് രാഹുൽ മോളുടെ കോളേജിൽ പോയി സംസാരിച്ചത്.ഇനി രണ്ടു ദിവസം കൂടിയല്ലേ പരീക്ഷയ്ക്കുള്ളൂ.പിന്നെ കുറച്ചുനാൾ പഠിക്കണ്ടാല്ലോ. പരീക്ഷ കഴിഞ്ഞാല് പ്രസവത്തിന് കൂട്ടികൊണ്ടു പോകണമെന്ന് മാളൂന്റെ അമ്മ ഇന്നലെ വന്നപ്പോൾ പറയുന്നതു കേട്ടിലേ.വീട്ടിലേക്ക് കൊണ്ടുപോകാൻ സാധനങ്ങളൊരുക്കി വെക്കണം രണ്ടു ദിവസം കഴിഞ്ഞാൽ..”

“അമ്മ പറഞ്ഞോട്ടെ ഞാൻ വീട്ടിൽ പോവൂല്ല അച്ഛേ..”

“ഇവിടെ രാഹുലിന് അമ്മയില്ലാത്ത കാരണം പ്രസവം കഴിഞ്ഞാൽ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനൊക്കെ ആരാ ഉള്ളത് മാളൂ. അച്ഛനെ കൊണ്ട് ഒറ്റയ്ക്കു എല്ലാം കൂടി പറ്റുമോ. പരീക്ഷയൊക്കെ കഴിഞ്ഞാൽ മോള് വീട്ടിലേക്ക് പോകാൻ സമ്മതിക്കണം. പ്രസവം കഴിഞ്ഞിട്ട് ഇങ്ങോട്ട് തന്നെ വരാലോ..അച്ഛൻ ഇവിടെ തന്നെയില്ലേ…”

“ആരെന്തു പറഞ്ഞാലും അച്ഛയെ ഇവിടെ തനിച്ചാക്കി ഞാൻ വീട്ടിലേക്ക് പോവില്ല. വേണമെങ്കിൽ അമ്മ ഇവിടെ വന്നു നിന്നോട്ടെ..”

കുഞ്ഞു കുട്ടികളെ പോലെ വാശിപിടിച്ച് അകത്തേക്കു കയറി പോകുന്ന മാളൂനെ നോക്കി അദ്ദേഹം പടികളിറങ്ങി.

**************

ഉച്ചയാവാറായീട്ടും അച്ഛൻ വരാതായപ്പോൾ അദ്ദേഹത്തെ കാൾ ചെയ്തു കഴിക്കാൻ വരാൻ പറഞ്ഞു മാളു അടുക്കളയിലേക്ക് നടന്നു.അച്ഛയോട് പിണങ്ങിയ കാരണം മനസ്സിനു സുഖം തോന്നിയില്ലായിരുന്നൂ.മൂന്നു വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമാണ് അദ്ദേഹം.കല്ല്യാണം കഴിഞ്ഞ് രാഹുലേട്ടന്റെ ഭാര്യയായി വരുമ്പോൾ നിലവിളക്കു തന്നു സ്വീകരിക്കാൻ അച്ഛൻ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.അന്നു മുതൽ തന്റെ ജീവിതത്തിന്റെ കൂടി വിളക്കാണ് ആ മനുഷ്യൻ. അത്രക്കും സ്നേഹമാണ് അച്ഛന് തന്നോട്.

പഠിക്കാനുള്ള തന്റെ ആഗ്രഹം മനസ്സിലാക്കി തുടർന്നു പഠിപ്പിച്ചതും, പഠിക്കാനുള്ള പുസ്തകങ്ങൾ മുതൽ തന്റെ എല്ലാ ആവശ്യങ്ങൾക്കും രാഹുലേട്ടനെക്കാൾ മുൻപേ കണ്ടറിഞ്ഞു ചെയ്യ്തു തരുന്നതും അച്ഛനാണ്.

ഓരോന്നു ഓർത്തിരുന്ന് മാളൂന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“മോളെ ഇന്നലത്തെ പോലെ വയറു വേദനിക്കുന്നുണ്ടോടാ എന്താ കണ്ണു നിറഞ്ഞിരിക്കണേ..”

“അച്ഛയെപ്പോഴാ വന്നത്..ഞാൻ ഓരോന്നു ഓർത്തിരുന്നതാ.വേറെ പ്രശ്നങ്ങളൊന്നും ഇല്ല..വായോ നമുക്ക് കഴിക്കാം..”

“ഇങ്ങനെയാണെങ്കിൽ നാളെ മുതൽ ഞാൻ പണിക്കു പോകുന്നില്ല.ഇവിടെ ഒറ്റക്കാണെന്ന് വിചാരം ഇല്ലാതെ മോള് ഓരോന്നു ആലോചിച്ചു വയ്യായ്ക എന്തേലും വന്നാല് എന്താ ചെയ്യാ..”

“ഒറ്റയ്ക്കിരിക്കാൻ അച്ഛൻ എന്നെ സമ്മതിക്കണില്ലാലോ..ഇടയ്ക്കിടെ കാൾ ചെയ്താൽ ഞാനെങ്ങനെയാ ഒറ്റയ്ക്കാവുന്നേ”

മാളു ഉറക്കെ ചിരിച്ചൂ.

****************

“പരീക്ഷയ്ക്ക് പോകുമ്പോൾ മാളൂന്റെ കൂടെ ഞാനും പോകട്ടെ മോനെ..”

“എന്തിനാ അച്ഛൻ വെറുതെ ബുദ്ധിമുട്ടുന്നത്. അവള് കാറിൽ പോയി വന്നോളും. അല്ലെങ്കിൽ ഞാൻ കൊണ്ടുവിടാം കോളേജിലേക്ക്..”

“അതു ശരിയാവില്ലെടാ..മാളൂന് ഏഴാം മാസം ആവാറായീല്ലേ.എന്തേങ്കിലും വയ്യായ്ക വന്നാൽ കൂടെ ആരെങ്കിലും ഇല്ലാതെ പറ്റില്ല.മോൾക്ക് നല്ല ക്ഷീണമുണ്ട്.

“അച്ഛൻ കൂടെ പോയീട്ട് എന്താ ചെയ്യാ.മൂന്നു നാല് മണിക്കൂറുണ്ടാവും എക്സാം. അതുവരെ അവിടെയിരിക്കണ്ടേ..”

“അതൊന്നും കുഴപ്പമില്ല മോളുടെ കൂടെ ഞാനും പോകും.നീ സതീശന്റെ വണ്ടി ഏൽപിച്ചേക്കു മോനെ..”

അച്ഛന് തന്റെ ഭാര്യയോടുള്ള കരുതലിന്റെ ആഴം വളരെ കൂടുതലാണെന്ന് അറിയാവുന്നതു കൊണ്ടു രാഹുൽ അച്ഛനെ കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല.

പരീക്ഷയുടെ ദിവസം മാളൂന്റെ കൂടെ കോളേജിലേക്കു പോകാൻ ഇറങ്ങുന്ന അച്ഛനെ കണ്ടപ്പോൾ തന്റെ ഭാര്യയ്ക്കു കൊടുത്ത ഏറ്റവും നല്ല സമ്മാനം തന്റെ അച്ഛനാണെന്നു രാഹുലിന് തോന്നിപോയി. നിറഞ്ഞ മനസ്സോടെ ഇരുവരെയും യാത്രയാക്കി അയാൾ ഓഫീസിലേക്കു പോയി.

“പരീക്ഷ എങ്ങനെയുണ്ടായിരുന്നു മാളൂ.. നന്നായി എഴുതിയോ..”

“നന്നായെഴുതിലോ..അച്ഛയ്ക്ക് ഇവിടെയിരുന്ന് നേരം പോയി കാണില്ലാലേ. ഇതെന്താ കൈയിലൊരു കവർ..”

“മോള് ആ ബാഗ് ഇങ്ങോട്ട് തന്നേക്ക് എന്നിട്ട് കൈ കഴുകി ഇത് കഴിച്ചേ. വീട്ടിലാണെങ്കിൽ ഇടയ്ക്കിടെ എന്തേലും കഴിക്കണ കുട്ടിയാ. ഇതിപ്പോ നാല് മണിക്കൂറോളം ആയീലേ എന്തേങ്കിലും കഴിച്ചിട്ട്. വീട്ടിലെത്തുമ്പോഴേക്കും ഒത്തിരി നേരാവും. അതുകൊണ്ടാണ് അച്ഛൻ കഴിക്കാൻ വാങ്ങിച്ചുവെച്ചത്..”

“എനിക്ക് വിശക്കുന്നുണ്ടെന്നു അച്ഛയ്ക്ക് എങ്ങനെ മനസ്സിലായി..”

മക്കളുടെ കാര്യങ്ങൾ മറ്റാർക്കാണ് മനസ്സിലാവുന്നത് മാളുട്ടിയേ..മോള് കഴിക്ക്. അച്ഛൻ രാഹുലിനെ വിളിച്ച് പരീക്ഷ കഴിഞ്ഞെന്നു പറയട്ടെ.അവൻ കുറച്ചു മുൻപേ വിളിച്ചായിരുന്നൂ..”

അച്ഛൻ മനോഹരമായി പുഞ്ചിരിച്ചു.മാളൂന്റെ കണ്ണുകൾ നിറഞ്ഞുവന്ന് കാഴ്ച മറഞ്ഞു.

********************

ദിവസങ്ങൾ കഴിഞ്ഞുപോയി.

“അമ്മയെന്തു പറഞ്ഞാലും അച്ഛയെ തനിച്ചാക്കി എനിക്ക് വീട്ടിൽ വന്നു നിൽക്കാനാവില്ല. ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ലാലോ മാസങ്ങൾ കഴിഞ്ഞേ മടങ്ങി വരാനാവുള്ളൂ..”

“മറ്റു പെണ്ണുങ്ങളാരും സഹായത്തിനില്ലാത്ത ഈ വീട്ടിൽ പ്രസവം കഴിഞ്ഞ് നീയെങ്ങനെയാ തനിച്ചു നിൽക്കുന്നത്.എത്ര ദിവസം എനിക്കിവിടെ വന്നു നിൽക്കാനാകും.മാളു നിന്റെ വാശി കുറക്കണം അതാ നല്ലത്..”

“നമ്മുടെ വീട്ടിൽ എന്റെ വാശി ജയിച്ചിട്ടുണ്ടോ അമ്മേ.. ജാതക ദോഷത്തിന്റെ പേരിൽ പത്തൊമ്പതു വയസ്സ് ആയപ്പോഴേക്കും എന്റെ ഇഷ്ടം നോക്കാതെ ഈ വിവാഹം നടത്തി.സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ കൊല്ലപ്പെടുന്ന എത്രയോ വാർത്തകൾ നമ്മൾ കാണുന്നുണ്ട്. പക്ഷേ എനിക്ക് അങ്ങനെ എന്തേങ്കിലും വിഷമതകൾ ഈ വീട്ടിലുണ്ടായിട്ടുണ്ടോ.

എനിക്ക് നിങ്ങൾ തന്ന സ്വർണം മുഴുവനായും നമ്മുടെ വീടുപണിയായപ്പോൾ അമ്മയ്ക്ക് മടക്കി തന്നത് അച്ഛ പറഞ്ഞിട്ടാണ്.എന്നെ പഠിപ്പിക്കുന്നതു പോലും അച്ഛയല്ലേ.ഈ വീട്ടിൽ സകല പണികൾക്കും അച്ഛയുണ്ട് സഹായത്തിന്.രാഹുലേട്ടൻ പോലും ഇത്രമാത്രം എന്നെ സ്നേഹിക്കുന്നുണ്ടോന്ന് സംശയമാണ്.എത്ര മരുമക്കൾക്ക് ഈ ഭാഗ്യം കിട്ടും അമ്മേ..”

“മോള് പറഞ്ഞതെല്ലാം ശരിയാണ്.എന്റെ കുട്ടി ഭാഗ്യം ചെയ്തവളാണ്.അതാണ് ഇങ്ങനെയൊരു അച്ഛനെ നിനക്ക് കിട്ടിയത്.പക്ഷേ ഈ അവസ്ഥയിൽ നിന്നെ ഇവിടെ തനിച്ചു നിർത്തുന്ന അമ്മയുടെ വിഷമം കൂടി മാളു മനസ്സിലാക്കണം..”

“ശരി ഞാൻ വരാം..”

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി മാളു വീട്ടിലേക്കു പോകാൻ സമ്മതിച്ചു.

പ്രസവത്തിനു കൂട്ടികൊണ്ടു പോകുന്ന ചടങ്ങുകളെല്ലാം ഭംഗിയായി അവസാനിച്ച് മാളു വീട്ടിലേക്ക് പോകാനായി ഇറങ്ങി.അനുഗ്രഹം വാങ്ങിക്കാനായി അച്ഛനെ തിരഞ്ഞു മുറിയിലെത്തിയപ്പോൾ നിറഞ്ഞ കണ്ണുകളോടെ തനിക്ക് മുഖം തരാതെ നിൽക്കുന്ന അച്ഛനെ കണ്ടു അവൾ പൊട്ടിക്കരഞ്ഞ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.

“ഞാൻ പോവണില്ല അച്ഛേ..”

“രണ്ടു ദിവസം കഴിഞ്ഞാല് ഈ സങ്കടമെല്ലാം കുറയും.മോള് അമ്മയെ വിഷമിപ്പിക്കാതെ അവർക്കൊപ്പം ഇറങ്ങാൻ നോക്ക്.അച്ഛൻ നാളെ രാവിലെ തന്നെ മാളൂനെ കാണാൻ അങ്ങോട്ട് വരാം കേട്ടോ..”

അച്ഛന്റെ അനുഗ്രഹത്തോടെ മാളു വീട്ടിലേക്ക് പോകാനിറങ്ങി.

*******************

“മോള് ഇല്ലാതെ ഇവിടെയൊരു സന്തോഷമില്ലെടാ മോനെ.ഞാൻ പോയി മാളൂനെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവരട്ടെ. ഇന്നലെ മുതൽ നെഞ്ചിലൊരു പിടച്ചിലാണ്. മനസമാധാനം ഇല്ലാതായീടാ”

“അച്ഛനും കൂടി സമ്മതിച്ചിട്ടല്ലേ ഇന്നലെ ചടങ്ങുകൾ നടത്തിയത്.ഇനി എങ്ങനെയാ അവളുടെ അമ്മയോട് ഈ കാര്യം പറയുന്നത്.അച്ഛൻ പോകാനൊരുങ്ങിക്കോ. മാളൂനെ കണ്ടിട്ടു വരാം.അതേ ഇപ്പോ നിവർത്തിയുള്ളൂ..”

“അതേ..എന്നെ കാണാൻ ആരും അവിടെക്കു പോകണ്ടാട്ടോ..ഞാൻ വന്നു”

“മാളൂ നീയിതെപ്പോഴാ വന്നത്..”

അപ്രതീക്ഷിതമായി മാളൂനെ കണ്ടപ്പോൾ രാഹുലും അച്ഛനും അമ്പരന്നു.

“രാവിലെ അച്ഛയുണ്ടാക്കി തരുന്ന ചായയുടെ അത്ര രുചി പോര അമ്മയുടെ ചായയ്ക്ക്. അതുകാരണം ഞാൻ ഇങ്ങോട്ടു പോന്നു..”

അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് അച്ഛന്റെ നെഞ്ചോരം ചേർന്നു നിന്നു.

“ഇപ്പോ എന്താ പെണ്ണിന്റെ ചിരി.രാഹുലിന്റെ അച്ഛന്റെ കാര്യവും പറഞ്ഞ് ഇന്നലെയിവൾ ഉറങ്ങിയിട്ടേ ഇല്ല.ഈ അവസ്ഥയിൽ ഉറക്കവും ഭക്ഷണവും കൃത്യമായിട്ട് കിട്ടിയില്ലെങ്കിൽ കുഞ്ഞിനെയാ ബാധിക്കുന്നത്.അതുകൊണ്ട് ഇവളുടെ വാശിക്കു മുൻപിൽ ഞാൻ തോറ്റു കൊടുത്തു മോനെ. പ്രസവം കഴിയുന്നതു വരെ ഞാനും ഇവിടെ നിൽക്കാണ് കേട്ടോ…”

“ശരി അമ്മേ..”

രാഹുൽ ഇരുവരെയും നോക്കി ചിരിച്ചൂ….

**********

ഏതാനും മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മാളുനും രാഹുലിനും പെൺകുഞ്ഞ് ജനിച്ചു. പ്രസവം കഴിഞ്ഞ് രണ്ടു മാസങ്ങൾക്കു ശേഷം മാളൂന്റെ അമ്മയും വീട്ടിലേക്കു മടങ്ങി.മാളൂനെയും കുഞ്ഞിനെയും ഇപ്പോൾ നോക്കുന്നത് അച്ഛനാണ്.കുഞ്ഞിനെ കുളിപ്പിക്കുന്നതു മുതൽ സകലകാര്യങ്ങൾക്കും അച്ഛനുണ്ട് മാളൂന്റെ കൂടെ..കുഞ്ഞിനെ നോക്കാൻ അച്ഛനുണ്ടെന്നും കുഞ്ഞിന് ആറുമാസം കഴിഞ്ഞാൽ അവളോടു പഠിക്കാൻ പോവാനുമാണ് അച്ഛൻ പറയുന്നത്.

“കൊച്ചുമോള് വന്നപ്പോൾ എന്നോടുള്ള സ്നേഹം ഇത്തിരി കുറഞ്ഞോ അച്ഛേ..”

“ഇല്ലാലോ എന്റെ മോള് കഴിഞ്ഞേ അച്ഛയ്ക്ക് വേറെയാരും ഉള്ളൂ..”

മാളു ചിരിച്ചൂ..

ഇടയ്ക്കിടെ ഈ ചോദ്യം ഞാൻ ആവർത്തിക്കും, അച്ഛയുടെ മറുപടി കേൾക്കാനായീട്ട്..ചില മനുഷ്യർ അങ്ങനെയാണ്.ബന്ധങ്ങളുടെ സകല ചട്ടകൂടുകളെയും മാറ്റിമറിച്ച് നമ്മുടെ ആത്മാവിൽ അലിഞ്ഞു ചേരും.നമുക്കവർ പറക്കാനുള്ള ആകാശമാകും.

അച്ഛനാണ് എന്റെ ആകാശം..!!

Aparna Nandhini Ashokan ❤