എല്ലാവരുടെ മുഖത്തും സന്തോഷം മാത്രം. മുന്നോട്ട് വെച്ച കാൽ പിന്നോട്ടെടുത്തു. പതിയെ അവിടെ നിന്നും ഇറങ്ങി…

കുടുംബവിളക്ക്

Story written by Aneesha Sudhish

===========

ഓർമ്മ വെച്ച നാൾ മുതൽ കേട്ടതാണ് കാവ്യ ശ്രീയ്ക്കുള്ളതാണെന്ന്.

അതുകൊണ്ട് തന്നെ ശ്രീയേട്ടനുമായുള്ള ജീവിതം ഒരു പാട് സ്വപ്നം കണ്ടിരുന്നു..

അമ്മാവന്റെ മകൻ എന്നതിലുപരി ഒരു നല്ല സുഹൃത്തു കൂടിയായിരുന്നു ശ്രീയേട്ടൻ .

എന്തിനും ഏതിനും ശ്രീയേട്ടൻ ഒപ്പമുണ്ടായിരുന്നു.

ഞങ്ങളുടെ പ്രണയം പരിശുദ്ധമായതായിരുന്നു.

ആ ഇടയ്ക്കായിരുന്നു അച്ഛന്റെ മരണം. അത് ഞങ്ങളുടെ ജീവിതത്തെ കീഴ്മേൽ മറിച്ചു.

അച്ഛന്റെ മരണം അമ്മയെ തളർത്തിയപ്പോൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെനിക്ക്. അനിയത്തിയും അനിയനുമടങ്ങിയ കുടുംബത്തിന്റെ ഭാരം മുഴുവൻ എന്റെ തോളിലായി ..

അപ്പോഴും എന്തിനും ഒരു താങ്ങായി ശ്രീയേട്ടൻ ഉണ്ടായിരുന്നു.

പഠനം മുടക്കണ്ട കാവ്യേ എല്ലാത്തിനും ഞാനുണ്ടല്ലോ എന്നു ശ്രീയേട്ടൻ പറഞ്ഞെങ്കിലും ഞാനതിന് ഒരുക്കമല്ലായിരുന്നു.

എന്റെ വാശിക്കു മുമ്പിൽ തോറ്റു തന്നിട്ടാണ് ശ്രീയേട്ടന്റെ കൂട്ടുക്കാരനായ ബാലുവിന്റെ കമ്പ്യൂട്ടർ സെന്ററിൽ ഒരു ജോലി തരപ്പെടുത്തി തന്നത്. അതൊരു തരത്തിൽ ഞങ്ങൾക്ക് ആശ്വാസമായിരുന്നു. ജോലിയോടൊപ്പം കംപ്യൂട്ടർ പഠനവും അതായിരുന്നു ശ്രീയേട്ടൻ പറഞ്ഞത്. ഡിഗ്രി രണ്ടാം വർഷം നിർത്തിയതു കൊണ്ട് പ്രൈവറ്റായി എക്സാം എഴുതാമെന്നു കരുതി.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരു പാട് കഷ്ടപ്പെട്ടു.ഓരോ ദിവസം കഴിയുന്തോറും സഹോദരങ്ങളുടെ ആവശ്യങ്ങൾ കൂടി വന്നു. തുച്ഛമായ ശമ്പളം ഓരോ വർഷവും പടിപടിയായി ഉയർന്നു.

വർഷങ്ങൾ ഇതിനിടയിൽ കടന്നുപോയി. അനിയത്തി കീർത്തി നഴ്സിംങ്ങ് പഠനം പൂർത്തിയാക്കി. അവളും ജോലിക്കായി ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു പാട് ഓഫറുകൾ വന്നെങ്കിലും ശമ്പള കുറവ് കൊണ്ട് അവൾ പോയില്ല..

ശമ്പളം മിച്ചം വെച്ചും ചിട്ടിപ്പിടിച്ചും നുള്ളി സ്വരുകൂട്ടിയ പണം അവരുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഞാൻ ചെലവിട്ടിരുന്നത്. വീടിനു വേണ്ടി എത്ര കഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്റെ സഹോദരങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടിയാൽ മതി എന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ ഞങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ട് കിരൺ ഒരു പെണ്ണിനെ വിളിച്ചു കൊണ്ടുവരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. രണ്ടു ചേച്ചിമാർ നിൽക്കേ ഒരു തൊഴിലുപോലും ഇല്ലാത്ത അവൻ ഇങ്ങനെ ചെയ്തപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്.ആ കുട്ടിയുടെ കണ്ണുനീർ കണ്ടപ്പോൾ തിരിച്ചു പറഞ്ഞയയ്ക്കാനും പറ്റിയില്ല.. അമ്മയും കീർത്തിയും എതിർത്തിട്ടും അവരെ ഞാൻ വീട്ടിലേക്ക് കയറ്റി.

എന്തിനും ഒപ്പമുണ്ടായിരുന്ന ശ്രീയേട്ടൻ പക്ഷേ എന്നോട് ദേഷ്യപ്പെടുകയാണ് ചെയ്തത്. അന്ന് കടയിലേക്ക് വന്നതും എന്നോട് തട്ടിക്കയറി.

“നീ എന്തു ഭാവിച്ചാ കാവ്യേ ഇനി അവന്റെ പെണ്ണിന് കൂടി നീ ചെലവിനു കൊടുക്കണ്ടേ “

“എങ്ങനെയാ ശ്രീയേട്ടാ ആ കുട്ടിയെ ഇറക്കിവിടുന്നത് ?”

“ആരെങ്കിലും കരഞ്ഞു കാണിച്ചാൽ പിന്നെ നീ അവരെ വിശ്വസിച്ചോളും എന്നാൽ എന്റെ സങ്കടം മാത്രം കാണാൻ നിനക്ക് കാഴ്ചയില്ല “

“കീർത്തിയ്ക്ക് ഒരു ജോലി കിട്ടും വരെ മാത്രമല്ലേ ശ്രീയേട്ടാ കാത്തിരിക്കാൻ ഞാൻ പറഞ്ഞുള്ളൂ “

“നിനക്കു വേണ്ടി എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം കാവ്യേ ” ആ വാക്കുകൾ മതിയായിരുന്നു എനിക്ക് ശ്രീയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണപ്പോൾ ആ കൈകൾ എന്നെ വരിഞ്ഞു മുറുകുന്നുണ്ടായിരുന്നു. ശരീരത്തിന് ഒരു കോരിത്തരിപ്പുണ്ടായി.

ആ കണ്ണുകളിലേക്ക് നോക്കി ഏതോ ഒരു കാന്തിക ശക്തി എന്നെ ആകർഷിക്കുന്നുണ്ടായിരുന്നു. ആ നോട്ടം ആദ്യമായി കാണും പോലെ തോന്നി , ശ്രീയേട്ടനോട് ഒന്നുകൂടി ചേർന്നു നിന്നു . ശ്രീയേട്ടനും അതാഗ്രഹിച്ചിരുന്നു. ഒരു ചുംബനത്തിനായി ഞങ്ങൾ മനസു കൊണ്ട് ആഗ്രഹിച്ചു. പരസ്പരം തടുക്കാനാവാത്ത വികാരത്താൽ ചുണ്ടുകൾ പരസ്പരം കോർത്തു തുടങ്ങി …

“അല്ലാ രണ്ടു പേരും ഇവിടെ റൊമാൻസ് കളിക്കാണോ ” ബാലു ചേട്ടൻ ആണ്. ഞങ്ങൾ പരസ്പരം അകന്നു മാറി.

“ദേ ഒരു കാര്യം പറഞ്ഞേക്കാം രണ്ടും എന്തെങ്കിലും ഇവിടെ വന്ന് ഒപ്പിക്കാനാണ് ഭാവമെങ്കിൽ ഇന്നത്തോടെ ഇങ്ങോട്ടുള്ള വഴി മറന്നേക്കണം. “

അതു കേട്ടപ്പോൾ ഉള്ളു പിടഞ്ഞു. ആകെയുള്ള വരുമാനമാണ്.

“ബാലു ഞാൻ പൊയ്ക്കോണ്ട്. ഇവളെ പറഞ്ഞു വിടരുത് ” അപേക്ഷാ ഭാവത്തിലാണ് ശ്രീയേട്ടൻ അതു പറഞ്ഞത്.

“എന്റെ ശ്രീ ഞാനൊരു തമാശപറഞ്ഞതല്ലേ ? നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം ഇവളെ കാണാം പക്ഷേ നീ കാരണം ഒരു പേരുദോഷം ഉണ്ടാകരുത്. “

“ഇല്ലടാ ഞാൻ കാരണം നിനക്ക് ഒരു ദോഷവും ഉണ്ടാകില്ല “

സത്യത്തിൽ അപ്പോഴാണ് ഒരു ആശ്വാസം തോന്നിയത്.

“ഇങ്ങനെ വെച്ചു താമസിപ്പിക്കാതെ ഇതങ്ങ് നടത്തി കൂടെ നിങ്ങൾക്ക് “

” അതിന് ഇവൾടെ പ്രാരാബ്ദം തീരണ്ടെ ” ശ്രീയേട്ടന്റെ വാക്കുകളിൽ നിരാശ കലർന്നിട്ടുണ്ടായിരുന്നു.

“പ്രാരാബ്ദം പറഞ്ഞിരുന്നാൽ ഒന്നും നടക്കില്ല. ഇനി എന്നാ മൂക്കിൽ പല്ലു മുളച്ചിട്ടാണോ ? പ്രായം എത്രയായെന്ന് വല്ല വിചാരവും ഉണ്ടോ ? ഞാനും നീയും ഒരേ പ്രായമാ എന്റെ മോളെ ഈ കൊല്ലം സ്കൂളിൽ ചേർത്തു. പ്രാരാബ്ദം പറഞ്ഞ് വെറുതെ ജീവിതം കളയാൻ … ” ബാലു ചേട്ടന്റെ വാക്കുകൾ ഞങ്ങളെ മൗനത്തിലാഴ്ത്തി.

കീർത്തിയ്ക്ക് ചെന്നൈയിൽ നല്ലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടി. അത് എനിക്ക് ആശ്വാസമായി. അവളുടെ പഠനത്തിനായി വീട് പണയപ്പെടുത്തി പൈസ എടുത്തിരുന്നു. അമ്മയ്ക്ക് ഒരു നെഞ്ചുവേദന വന്നു ഹോസ്പിറ്റലിൽ ഒന്നുരണ്ടു വട്ടം കിടക്കേണ്ടി വന്നതു കൊണ്ട് രണ്ടു തവണ ബാങ്കിൽ പണമടയ്ക്കുന്നത് മുടങ്ങി .അവൾക്ക് ശബളം കിട്ടിയാൽ പിന്നെ അത് വേഗം അടച്ച് തീർക്കാം. പക്ഷേ അത് എന്റെ വ്യാമോഹം മാത്രമാണെന്ന് പിന്നീടാണ് മനസിലായത്. ചെന്നൈയിൽ പോയതോടെ അവളാകെ മാറി.

കിരണിന്റെ ഭാര്യ മായയുടെ പ്രസവ ചിലവും വഹിക്കേണ്ടി വന്നപ്പോൾ ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയിലായി. കിരണാണെങ്കിൽ വല്ലപ്പോഴും എന്തെങ്കിലും പണിക്ക് പോയാലായി ഒന്നും വീട്ടിൽ തരില്ല. പണമടയ്ക്കാത്തതു കൊണ്ട് ബാങ്കിൽ നിന്നും ജപ്തിയുടെ നോട്ടീസ് വന്നു.

കീർത്തിയോട് പറഞ്ഞപ്പോൾ എല്ലാം ചേച്ചി തന്നെ വരുത്തി വെച്ചതല്ലേ അനുഭവിച്ചോ എന്ന മറുപടിയാണ് കിട്ടിയത്.

ഒരിക്കൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മാവനെയാണ് കണ്ടത്.

“ഇനി നീട്ടിവയ്ക്കുന്നില്ല ഞങ്ങളതങ്ങ് ഉറപ്പിച്ചു. വരുന്ന ഞായറാഴ്ച നിശ്ചയം. അതു കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹം. ശ്രീയ്ക്ക് ഗൾഫിലോട്ട് പോകാൻ വിസ വന്നിട്ടുണ്ട്. അതാണ് ഇത്ര പെട്ടെന്ന് . നീ ഒന്നും അറിയണ്ട എല്ലാം ഞങ്ങൾ നോക്കിക്കോണ്ട്. “

അമ്മാവന്റെ ആ വാക്കുകൾ എന്നിലേക്ക് ഒരു മഴ പെയ്തതുപോലെ തോന്നി…

ശ്രീയേട്ടനുമായുള്ള ജീവിതം സ്വപ്നം കണ്ടാണ് പിന്നീടുള്ള ദിവസങ്ങൾ ഞാൻ തള്ളിനീക്കിയത്..

വിവാഹം നിശ്ചയിച്ചിട്ടും ഒരിക്കൽ പോലും ശ്രീയേട്ടൻ വിളിക്കുകയോ കാണാൻ വരുകയോ ചെയ്തിരുന്നില്ല. അങ്ങോട്ട് വിളിച്ചപ്പോൾ തിരക്കിലാണ് പിന്നെ വിളിക്കാം എന്നു മാത്രം പറഞ്ഞ് വെയ്ക്കും.. പക്ഷേ വിളിയുണ്ടായില്ല.നിശ്ചയത്തിന്റെ തിരക്കിലാകും എന്നാണ് ഞാനും കരുതിയത്.

നിശ്ചയത്തിന് നാലുദിവസം മുന്നേ കീർത്തിയും വന്നിരുന്നു. അവളാകെ മാറിപോയി പണ്ടത്തെ പോലെ സംസാരമില്ല. എപ്പോഴും ഫോണിൽ തന്നെ. ഫോണിലേക്ക് ആരെങ്കിലും വിളിച്ചാൽ അടക്കിപ്പിടിച്ച സംസാരം മാത്രം.അമ്മയ്ക്കും ഒരു മിണ്ടാട്ടമില്ല.. എന്നെ പിരിയുന്ന വിഷമമാകാം. വീട്ടിൽ പന്തലിടാനും മറ്റും അമ്മാവൻ തന്നെ നേതൃത്വം വഹിക്കുന്നുണ്ടായിരുന്നു..

ഞാനും ഏറെ സന്തോഷിച്ചു നല്ലൊരു വീട്ടിലേക്കാണല്ലോ ഞാൻ കയറി ചെല്ലുന്നത്.

എനിക്ക് ജോലി തിരക്ക് ഉളളത് കൊണ്ട് കീർത്തിയും അമ്മയും കൂടിയാണ് മോതിരമെടുക്കാൻ പോയത്.

“ശ്രീദേവ് ” എന്നെഴുതിയ മോതിരം കണ്ടപ്പോൾ തന്നെ ഒരു സുഖമുണ്ടായി. പറഞ്ഞറിയിക്കാനാവാത്ത ഒരു തരം വികാരം.

നിശ്ചയത്തിന് പച്ച നിറത്തിലുള്ള സെറ്റുമുണ്ടാണ് ഞാൻ ഉടുത്തിരുന്നത്. ശ്രീയേട്ടനും ഇതാണ് ഇഷ്ടം.ആർഭാടത്തോട് ഒട്ടും താത്പര്യമില്ല.എത്ര ഒരുങ്ങിയിട്ടും ഒരു സംതൃപ്തി വരാത്തതുപോലെ . ശ്രീയേട്ടനു മുമ്പിൽ ഞാൻ ഒന്നുമല്ലാത്തതു പോലെ … പഴയ പ്രസരിപ്പും ഉത്സാഹവും കുറഞ്ഞതുപോലെ തോന്നുന്നു..അല്ലെങ്കിലും ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികളുടെ സൗന്ദര്യത്തിൽ കുറവു വരുമെന്ന് പറയുന്നത് എത്ര ശരിയാണ്.

കീർത്തി ഒരുങ്ങി വന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. ആകാശനീല ദാവണിയിൽ ഒരു അപ്സരസിനെ പോലെ. സത്യത്തിൽ അവളുടെ യാണോ നിശ്ചയം എന്നു പോലും തോന്നി പോയി..

പെൺകുട്ടിയെ വിളിച്ചോളൂ എന്ന് അമ്മാവൻ പറയുന്നതു കേട്ടു. കീർത്തിയുടെ കൂടെയാണ് ഞാനും ഇറങ്ങിയത്. ശ്രീയേട്ടൻ മണ്ഡപത്തിൽ ഇരിക്കുന്നുണ്ടായിരുന്നു. ആകാശനീല ഷർട്ടും അതിനു മാച്ചുള്ള നീലകര മുണ്ടുമായിരുന്നു വേഷം ഒന്നുകൂടെ പ്രായം കുറഞ്ഞ പോലെ എന്നെ കണ്ടപ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായി.

മണ്ഡപത്തിലേക്ക് കയറിയതും “നീ എങ്ങോട്ടാ ഈ ഓടി കയറുന്നത് അങ്ങോട്ടെങ്ങാനും നീങ്ങി നിൽക്ക് ” എന്നുള്ള അമ്മായിയുടെ ആക്രോശമാണ് കേട്ടത്.

“അമ്മായി ഞാൻ ….” പറയാൻ വാക്കുകൾ കിട്ടിയില്ല. എന്റെ കണ്ണു നിറഞ്ഞു. എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ട്. ശ്രീയേട്ടൻ മാത്രം മുഖം കുനിച്ചിരിക്കുന്നു.

“അമ്മായിടെ സുന്ദരി കുട്ടി ഇങ്ങ് വാ എന്നും പറഞ്ഞ് കീർത്തിയെ ചേർത്തുപിടിച്ച് ശ്രീയേട്ടനരുകിൽ ഇരുത്തി. എന്റെ കാഴ്ചയെ മറയ്ക്കും വിധം കണ്ണുനീർ നിറഞ്ഞു നിന്നു. നിറഞ്ഞ കണ്ണുതുടച്ചു. ശ്രീയേട്ടനും കീർത്തിയും പരസ്പരം എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്.

എന്താണിവിടെ നടക്കുന്നതെന്നു പോലും മനസ്സിലായില്ല. എല്ലാവരുടെ മുഖത്തും സന്തോഷം മാത്രം. മുന്നോട്ട് വെച്ച കാൽ പിന്നോട്ടെടുത്തു. പതിയെ അവിടെ നിന്നും ഇറങ്ങി.

“ചേച്ചീ മോളെ ഒന്നു പിടിക്കോ “എന്നു മായ ചോദിച്ചപ്പോൾ കുഞ്ഞിനെയും എടുത്ത് അവിടെ നിന്നും വീടിൻറെ പിൻവശത്തേക്ക് പോകും മുമ്പ് ഒന്നുകൂടി തിരിഞ്ഞു നോക്കി. ശ്രീയേട്ടൻ കീർത്തിയുടെ വിരലിൽ മോതിരമണിയിക്കുന്നു …കൂടെ നിന്ന് എല്ലാവരും കൂടി ചതിക്കുകയായിരുന്നു. എന്നാലും ശ്രീയേട്ടനും കീർത്തിയും ? എന്നെ ഒരു പൊട്ടിയാക്കി ഇത്രയും നാൾ നെയ്തു കൂട്ടിയ ചില്ലു കൊട്ടാരം തകർന്നു വീണിരിക്കുന്നു.

ഭർത്താവായി കണ്ടയാൾ ഇനി മുതൽ അനിയത്തിയുടെ ഭർത്താവായി കാണേണ്ടിവരുന്ന അവസ്ഥ ചിന്തിക്കാൻ കൂടി പറ്റുന്നില്ല. തിരിഞ്ഞു നടന്നു. കിങ്ങിണി മോൾ തന്റെ നെറ്റിയിലെ പൊട്ടെടുക്കാൻ നോക്കുന്നുണ്ടായിരുന്നു. നെറ്റിയിലെ പൊട്ടുമാറ്റി തലയിലെ പൂവ് ഊരി വാഴച്ചോട്ടിലേക്കിട്ടു.. ഇന്നു മുതൽ ഞാൻ വിധവയാണ്. ഭർത്താവ് മരിച്ച വിധവ. ഒന്നുറക്കെ കരയാൻ പോലും സാധിക്കുന്നില്ല. കിങ്ങിണിയെ മാറോടണച്ച് ഏന്തിയേന്തി കരഞ്ഞു….

ആരാണ് എന്നെ ചതിച്ചത് ? എന്തിനു വേണ്ടി അതൊരു ചോദ്യചിഹ്നമായി മുന്നിലുണ്ട് .എല്ലാവരും സന്തോഷത്തിലാണ്. പക്ഷേ ഞാൻ മാത്രം ..

കശുമാവിൻ ചുവട്ടിലായി ശ്രീയേട്ടനും കീർത്തിയും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ചേർന്നു നിന്നും കെട്ടിപ്പിടിച്ചും ഫോട്ടോയ്ക്ക് നിന്നു കൊടുക്കുന്നു.

ഇടയ്ക്കെപ്പോഴോ ശ്രീയേട്ടന്റെ നോട്ടം തന്നിലേക്കെത്തി. പെട്ടെന്ന് തന്നെ നോട്ടം പിൻവലിച്ചു. ആ മുഖത്ത് തെളിഞ്ഞത് തന്നോടുള്ള വെറുപ്പ് മാത്രമാണെന്നു മനസ്സിലായി.

” മോളുറങ്ങിയോ ചേച്ചീ, “മായയാണ് കിങ്ങിണി മോൾ ഉറങ്ങിയത് അറിഞ്ഞതുപോലും ഇല്ല .

“മായേ, നിനക്കും അറിയാമായിരുന്നല്ലേ ഇന്നത്തെ നിശ്ചയം കീർത്തിയുടെ ആയിരുന്നെന്ന് ..”

അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.എനിക്ക് കരച്ചിലടക്കാനായില്ല.

” ചേച്ചീ ആളുകൾ ശ്രദ്ധിക്കുന്നു. കരച്ചിലൊന്നു നിർത്തൂ . ചേച്ചിയോട് ഒന്നും പറയണ്ടാന്ന് അമ്മയും കിരണേട്ടനും പറഞ്ഞപ്പോൾ പലവട്ടം കിരണേട്ടനോട് ഞാൻ പറഞ്ഞതാ പക്ഷേ …”

“സാരമില്ല മായേ നിനക്കും ചില പരിധികൾ ഉണ്ടല്ലോ “

“ചേച്ചീ വാ ഇവിടെയിങ്ങനെ ഒറ്റയ്ക്ക് നിൽക്കണ്ട”

“ജീവിതം തന്നെ ഒറ്റയ്ക്കായില്ലേ നീ പൊയ്ക്കോ അങ്ങോട്ട് വന്നാൽ ചിലപ്പോൾ എന്റെ നിയന്ത്രണംവിട്ടു പോകും..”

തെല്ലു സംശയത്തോടെയാണ് മായ അവിടെ നിന്നും പോയത്. പലരും ഓരോന്ന് ചോദിച്ച് വന്നു കൊണ്ടിരുന്നു.. ഒന്നിനും മറുപടി കിട്ടാതായപ്പോൾ ചിലർ ദേഷ്യപ്പെടുന്നുണ്ടായിരുന്നു.

“വെറുതെയല്ല ഇവളെ ശ്രീ കെട്ടാതിരുന്നത്. അഹങ്കാരത്തിന് ഒട്ടും കുറവില്ല..” എന്നാരോ പറഞ്ഞു..

ഇവളെ കെട്ടിക്കാണ്ട് അനിയത്തിയെ കെട്ടിക്കുന്നതിന്റെ അസൂയയാ എന്നും പറയുന്നുണ്ടായിരുന്നു ..

എല്ലാം കേട്ട് നിശബ്ദം കരയാനേ തനിക്കായുള്ളൂ.ഈ നേരമത്രയും ഞാൻ ഒറ്റയ്ക്ക് നിന്നിട്ടും അമ്മയോ കീർത്തിയോ തന്നെ അന്വേഷിച്ച് വന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. മായ ഒന്നുരണ്ടു വട്ടം വന്നു വിളിച്ചു.. പക്ഷേ അവിടെ നിന്ന് ഒരടി മുന്നോട്ട് വയ്ക്കാൻ ഞാൻ ശ്രമിച്ചില്ല എനിക്കായില്ല എന്നു പറയുന്നതാണ് ശരി.

ആളുകൾ ഓരോരുത്തരായി പോയതിനു ശേഷമാണ് വീട്ടിൽ കയറിയത്..കീർത്തി കണ്ണാടിയ്ക്കു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.. സാരിയാണ് ഉടുത്തിരിക്കുന്നത്. ശ്രീയേട്ടൻ കൊടുത്തതായിരിക്കും.. എന്നെ കണ്ടതും പുച്ഛഭാവത്തിൽ പുറത്തേക്കിറങ്ങി..

ആരോടും ഒന്നും മിണ്ടിയില്ല തല വേദനിക്കുന്നുണ്ടായിരുന്നു ചെന്നു കിടന്നു..ഇടയ്ക്കെപ്പോഴോ ഉറങ്ങി പോയി… മായ വന്ന് വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്.

“ചേച്ചീ ഉച്ചയ്ക്കൊന്നും കഴിച്ചില്ലല്ലോ എന്തെങ്കിലും വന്ന് കഴിക്ക് “

“എനിക്ക് വിശപ്പില്ല മായേ നീ കഴിച്ചോളൂ “

“അത് പറ്റില്ല എന്തെങ്കിലും കഴിച്ചേ പറ്റൂ”

അവളുടെ നിർബന്ധത്തിനു വഴങ്ങിയാണ് കഴിക്കാൻ ചെന്നത്. എന്നെ കണ്ടതും കീർത്തി എഴുന്നേറ്റു പോയി .അതിനു മാത്രം എന്തു തെറ്റാണ് ഞാൻ അവളോട് ചെയ്തതെന്ന് മനസ്സിലായില്ല.. എന്നെ എല്ലാവരുടെയും മുമ്പിൽ ഒരു കോമാളിയാക്കിയിട്ട് ഞാനേതോ അപരാധം ചെയ്ത പോലെയായിരുന്നു അവളുടെ പെരുമാറ്റം.ഭക്ഷണത്തിനു മുമ്പിലിരുന്നപ്പോൾ കണ്ണു നിറഞ്ഞു കവിഞ്ഞു..

“നിങ്ങളുടെ വിവാഹം നിശ്ചയിക്കാൻ അമ്മാവൻ നിന്റെ ജാതകം കൊണ്ടുപോയിരുന്നു. നിനക്ക് വൈധവ്യദോഷമുണ്ടെന്ന് അതുകൊണ്ടാ നിനക്കു പകരം കീർത്തിയെ …. അച്ഛന്റെ ആഗ്രഹവും അതായിരുന്നല്ലോ ശ്രീ നമ്മുടെ വീട്ടിലെ മരുമകൻ ആകണമെന്ന് അത് നീയായാലും കീർത്തിയായാലും ഒരു പോലെയല്ലേ ?.” അമ്മയാണ് പറഞ്ഞത്

“അമ്മയ്ക്ക് ഒരു വാക്ക് എന്നോട് പറയാമായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ ഒരു പരിഹാസമാകാൻ ഞാൻ നിൽക്കില്ലായിരുന്നല്ലോ “

“നിന്നെ അറിയിക്കണം എന്നുണ്ടായിരുന്നു. പക്ഷേ നീ സമ്മതിച്ചില്ലെങ്കിലോ എന്നു കരുതി “

” നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജീവിച്ചത് എന്നിട്ടും ,ചിലപ്പോൾ ഞാൻ സമ്മതിക്കില്ലായിരിക്കും പക്ഷേ ഞാനും ഒരു പെണ്ണല്ലേ അമ്മേ ? ഓർമ്മ വെച്ച നാൾ മുതൽ കേട്ടുതുടങ്ങിയതാണ് കാവ്യ ശ്രീയ്ക്കുള്ളതാണെന്ന് . ഇവരുടെ എല്ലാ ആഗ്രഹങ്ങളും ഞാൻ നടത്തി കൊടുത്തിട്ടില്ലേ ? ഇവരുടെ വിദ്യാഭ്യാസം, വീടിന്റെ ജപ്തി, എന്തിന് ദേ ഇവന്റെ പെണ്ണിന്റെ പ്രസവം വരെ ഞാൻ നോക്കിയില്ലേ?

“ചേച്ചി കണക്കു പറയാണോ ?”

“അല്ല കിരൺ ഞാൻ ചിലതൊക്കെ ഓർമ്മപ്പെടുത്തിയതാണ്. “

“വെറും നാലായിരം രൂപയ്ക്ക് ജോലിക്കു പോയിരുന്ന ചേച്ചീ ഇതൊക്കെ ഏതു വിധത്തിലാ നടത്തിയതെന്ന് ഞങ്ങൾക്കൊക്കെ അറിയാം “

അതു കേട്ടതും എന്റെ സകല നിയന്ത്രണങ്ങളും തെറ്റി. ചോറു വാരിയ കയ്യാലേ മുഖമടച്ച് കൊടുത്ത വന്.

“കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുമ്പോൾ ഓർക്കണമായിരുന്നു ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് “

“ഇനിയും നീ അനാവശ്യം പറഞ്ഞാൽ ….”

“കാവ്യേ, അവൻ പറഞ്ഞതിൽ എന്താ തെറ്റ് ? എന്നും രാവിലെ ഉടുത്തൊരുങ്ങി പോകുന്നുണ്ടല്ലോ എങ്ങോട്ടാണെന്ന് ആർക്കറിയാം”

” അമ്മയും എന്നെ അവിശ്വസിക്കുകയാണോ ?”

” നിന്നെ എനിക്ക് വിശ്വാസമായിരുന്നു കുറച്ച് നാൾ മുമ്പു വരെ പക്ഷേ മാലതിയേടത്തി നിന്നെയും ബാലുവിനെയും കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടെന്നു പറഞ്ഞപ്പോൾ “

“അമ്മായി എന്തു കണ്ടെന്നാ പറഞ്ഞത് ?”

“കണ്ടതൊന്നും എന്നെ കൊണ്ട് പറയിക്കരുത്. “

“ഞാൻ അഴിഞ്ഞാടി നടക്കുന്നവളാണെങ്കിൽ, ഞാൻ കൊണ്ടുവരുന്ന പണം എന്തിന് നിങ്ങളെടുത്തു. ഇവനും ഒരു ആണല്ലേ വീട്ടിലെ കാര്യങ്ങൾ നോക്കേണ്ടത് ഇവന്റെയും ചുമതലയല്ലേ ഇനി എല്ലാം ഇവൻ തന്നെ നോക്കട്ടെ “

അതും പറഞ്ഞ് റൂമിലേക്ക് ചെന്നപ്പോൾ കീർത്തി ഫോണിൽ സംസാരിക്കുകയായിരുന്നു. അവളുടെ മുഖഭാവം കണ്ടപ്പോൾ മനസിലായി ശ്രീയേട്ടൻ ആയിരിക്കുമെന്ന്.. ചെന്ന് കട്ടിലിന്റെ ഓരം പറ്റി കിടന്നു.

“ചേച്ചി ഇനി ഇവിടെ കിടക്കണ്ട” പെട്ടെന്നുള്ള കീർത്തിയുടെ ആ വാക്കുകൾ കേട്ടപ്പോൾ സങ്കടം കൂടി വന്നു…

“വിവാഹം കഴിഞ്ഞാൽ ഞാനും ശ്രീയേട്ടനും ഇവിടെ കിടക്കേണ്ടതാണ്. അതുകൊണ്ട്….”

മനസ്സിൽ നിന്നും ഇവരെന്നെ ഇറക്കി കളഞ്ഞു. അപ്പോൾ പിന്നെ റൂമിൽ നിന്നും ഇറക്കിവിട്ടതിൽ അതിശയോക്തി ഒന്നുമില്ല. വീട്ടിൽ നിന്നു കൂടി ഇറക്കിവിടും മുമ്പ് ഞാനായിട്ട് തന്നെ ഇറങ്ങി കൊടുക്കുന്നതാണ് നല്ലത്. അവളോട് ഒന്നും മിണ്ടിയില്ല പുറത്തേക്കിറങ്ങി..

പിറ്റേന്ന് ജോലിക്ക് ചെന്നപ്പോൾ ബാലു ചേട്ടൻ പറഞ്ഞു

“കാവ്യ ഇനി ഇവിടെ വരരുത്. നമ്മുക്കിടയിൽ ഒന്നും സംഭവിച്ചിട്ടില്ലാന്ന് നമ്മുക്ക് മാത്രമേ അറിയൂ നാട്ടുകാർക്ക് അതറിയില്ലല്ലോ …”

അത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ഒന്നും തോന്നിയില്ല.. അവിടെ നിന്നിറങ്ങും മുമ്പായി ഒരു ഉപകാരം എനിക്ക് വേണ്ടി ചെയ്തുതന്നു. ബാംഗ്ലൂരുള്ള കൂട്ടുകാരന്റെ നമ്പർ തന്നു..

“നിനക്കൊരു മാറ്റം ആവശ്യമാണ്. എന്നെ വിശ്വാസമുണ്ടെങ്കിൽ ഒരു സഹോദരനായി കാണുന്നുണ്ടെങ്കിൽ ഈ നമ്പറിലുള്ള ആളെ വിളിക്കൂ… അവിടെ ഒരുകമ്പ്യൂട്ടർ ടീച്ചറുടെ ഒഴിവുണ്ട് എട്ടു വർഷത്തെ എക്സ്പീരിയൻസ് നിനക്കുള്ളതല്ലേ ഇവിടെ ഇങ്ങനെ നരകിക്കുന്നതിലും നല്ലതാണ് അങ്ങോട്ട് പോകുന്നത്.”

ജീവിതത്തിലെ അവസാന കച്ചിതുരുമ്പായിരുന്നത്.. കൈവിട്ടു പോയ മനസ്സിനെയും ജീവിതത്തെയും ഉയർത്തി കൊണ്ടുവരാനുള്ള പിടിവള്ളി… അവരുടെ വിവാഹത്തലേന്ന് ഇങ്ങോട്ട് പോരുംമ്പോൾ ആരോടും യാത്ര പറയാനില്ലായിരുന്നു..

“യാത്ര തിരിക്കും മുമ്പ് ശ്രീയേട്ടനെ കണ്ടു ഒന്നു മാത്രം പറഞ്ഞു സ്നേഹിച്ച് എന്നെ ചതിച്ച പോലെ കീർത്തിയെ ചതിക്കല്ലേ ലോകം എന്താണെന്ന് അറിയാത്ത ഒരു പൊട്ടി പെണ്ണാണവൾ.. “

“നീ എന്നെ ചതിച്ച പോലെ ഞാൻ എന്തായാലും ചെയ്യില്ല. “ശ്രീയേട്ടന്റെ പുച്ഛം നിറഞ്ഞ വാക്കുകൾ ഹൃദയത്തിലാണ് കൊണ്ടത്..

അവിടെ നിന്നും ഇറങ്ങുമ്പോൾ ആണ് തൊടിയിൽ അമ്മായിയെ കണ്ടത്.

“നുണ പറഞ്ഞ് എന്നെ ഒഴിവാക്കണമായിരുന്നോ അമ്മായി “

” ഞാൻ നുണ പറഞ്ഞെന്നോ നീയും ബാലുവും ഒരു റൂമിൽ നിന്ന് ഇറങ്ങിവരുന്നത് ഞാനീ കണ്ണു കൊണ്ട് കണ്ടതാണ്. “

” അതൊരു ഓഫീസാണ് പല കാര്യങ്ങൾക്കുമായി ഞങ്ങൾക്ക് ഒരുമിച്ച് ഇരിക്കേണ്ടിവരും അത് വേറെ അർത്ഥത്തിൽ കാണാൻ എങ്ങനെ സാധിക്കുന്നു അമ്മായീ “

“എന്തായാലും നിന്നെ കെട്ടുന്നതിനേക്കാൾ നല്ലത് കീർത്തിയാണ്. ഒരു ഗതിക്കെട്ടവളെ കെട്ടേണ്ട ഗതികേട് എന്റെ മോനില്ല. അവൻ ഗൾഫിലോട്ട് പോകാണ്. കീർത്തിക്കും അവിടെയുള്ളതന്നെ ജോലി ശരിയായിട്ടുണ്ട് അപ്പോൾ പിന്നെ എന്തുകൊണ്ടും അവരല്ലേ ചേരേണ്ടത്. “

“എല്ലാവരും ഒത്തു കൊണ്ടുള്ള നാടകമായിരുന്നു. അന്ന് വിട പറഞ്ഞതാ വീടിനോടും നാടിനോടും നാലു വർഷമായി ഒരിക്കൽ പോലും പോകാതെ അന്വേഷിക്കാതെ ഇവിടെയിങ്ങനെ ഒതുങ്ങി കൂടി….”

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എന്നെ തന്നെ നോക്കിയിരിക്കുന്ന ഹരിയുടെ കണ്ണുകൾ നിറയുന്നത് ഞാനറിഞ്ഞു..

“തന്റെ കണ്ണു നിറഞ്ഞല്ലോ “

“അത് ആനന്ദ കണ്ണീരാടോ “

“എന്റെ ജീവിത കഥ കേട്ടിട്ട് തനിക്ക് ഇത്രമാത്രം ആനന്ദമോ “

“അവരിങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് തന്നെ പോലെ ഒരു ജീവിത സഖിയെ കിട്ടുമായിരുന്നോ ?”

“ശരിയാണ് ഹരി പറഞ്ഞത്. ഇന്ന് ഏറ്റവും സന്തോഷിക്കുന്നത് ഞാനാണ് ഹരിയെ പോലെ ഒരാളെ ഭർത്താവായി കിട്ടിയതിൽ . അതിന് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ബാലു ചേട്ടനോടാണ് . പക്ഷേ ഒരിക്കൽ പോലും അദ്ദേഹത്തെ വിളിച്ചില്ല..

“തന്നെ വിഷമിപ്പിക്കണ്ടാ എന്നു കരുതിയാ ഇത്ര നാളും ഒന്നും ചോദിക്കാതിരുന്നത്. ബാലു തന്നെ ഇങ്ങോട്ട് അയച്ചതുകൊണ്ടാണ് എന്റെ സ്ഥാപനം ഇത്രയ്ക്ക് വലുതായത്. അല്ലാ ഇങ്ങനെ സംസാരിച്ചിരുന്നാൽ മതിയോ ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ് … ഇനിയും കാത്തിരിക്കാനുള്ള മനസ്സും പ്രായവും ഇല്ല “

ഹരി തന്നെ ചേർത്തു പിടിച്ചപ്പോൾ നാണത്തിന്റെ പൂക്കൾ വിരിയുന്നത് ഞാനറിഞ്ഞു. ബെഡിൽ വിതറിയിരുന്ന മുല്ല പൂക്കൾ ഞങ്ങൾക്കിടയിൽ കിടന്നു ഞെരിഞ്ഞമർന്നു.. രാത്രിയുടെ ഏതോയാമത്തിൽ കാവ്യ ഹരിക്കു സ്വന്തമായപ്പോൾ ആ വെളുത്ത പൂക്കൾ ചുവന്ന പൂക്കളായ് മാറിയിരുന്നു…

പാറുവിനെയും കൊണ്ടുള്ള നാട്ടിലേക്കുള്ള യാത്രയിൽ പഴയ ഓർമ്മകൾ എന്റെ കണ്ണു നിറയ്ക്കുന്നതായിരുന്നു. എന്റെ മുഖഭാവം കണ്ടിട്ടാണെന്നു തോന്നുന്നു ഇടത്തേ കൈയ്യാൽ ഹരി എന്നെ ചേർത്തുപിടിച്ചു. ആ തോളിൽ തല ചായ്ച്ചു കിടന്നു.

മോൾക്ക് ബിസ്ക്കറ്റ് വാങ്ങാനാണ് കവലയിൽ വണ്ടി നിർത്തിയത്.

“സാറേ ഒരു ടിക്കറ്റ് എടുക്കുവോ എന്നുള്ള ചോദ്യം കേട്ടപ്പോഴാണ് തിരിഞ്ഞുനോക്കിയത്.

“ശ്രീയേട്ടൻ ” ഒരു കാലില്ലാതെ ഞൊണ്ടി ഞൊണ്ടി ലോട്ടറി വിൽക്കുന്നു. എന്നെ കണ്ടതും ആ മുഖം വിളറി. തിരിഞ്ഞു വേഗത്തിൽ പോയി .

” കല്യാണത്തിന്റെ അന്ന് വണ്ടി ഇടിച്ചതാ അല്ലെങ്കിലും ഇന്നത്തെ കല്യാണങ്ങൾ ഒക്കെ ഒരു കോപ്രായം കാണിക്കൽ അല്ലേ അവൻറെ ഒരു കാലും പോയി പെണ്ണിനാണെങ്കിൽ അരയ്ക്ക് താഴെ വണ്ടി കയറി തളർന്നും കിടപ്പാണ് .സ്നേഹിച്ച പെണ്ണിനെ ചതിച്ചതല്ലേ അവരുടെ ശാപം ആയിരിക്കും ” ആരോപറയുന്നത് കേട്ടു. കേട്ടപ്പോൾ ഹൃദയം തകർന്നു പോയി

“നമുക്ക് തിരിച്ചു പോകാം ഹരി “

“തന്നെ ചതിച്ചതിനുള്ള ശിക്ഷയാണിത് പിന്നെ തിരിച്ചു പോകാനല്ല നമ്മൾ ഇവിടെ വന്നത് “

“ഇതെല്ലാം ഞാൻ മുമ്പ് അറിഞ്ഞതാ ബാലുവിനെ വിളിച്ചിരുന്നു. നിന്നെ എല്ലാം നേരിൽ കാണിക്കാൻ കൊണ്ടുവന്നതാണിവിടെ, അവരോടുള്ള ഒരു മധുര പ്രതികാരം ” ഹരി ചിരിച്ചു. കണ്ണീരിൽ കുതിർന്ന ചിരി മാത്രമേ എനിക്കു വന്നുള്ളൂ.

കീർത്തിയെ കണ്ടപ്പോൾ വിഷമം തോന്നി. മുറിയിൽ മൂത്രത്തിന്റെയും മരുന്നുകളുടെയും രൂക്ഷ ഗന്ധം. ഒന്നു ചലിക്കാനാകാതെ അവൾ.ഒരു പാട് കരഞ്ഞു , മാപ്പുപറഞ്ഞു എന്നെ കണ്ടപ്പോൾ . അവൾ പറഞ്ഞാണറിഞ്ഞത് അമ്മ തെക്കേതൊടിയിൽ വിശ്രമിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെ ആയെന്ന്..കിരൺ കള്ളും കഞ്ചാവുമായി നടക്കുന്നു. മായയെ ഉപേക്ഷിച്ചു അവൾ സ്വന്തം വീട്ടിലാണ്. പാറുക്കുട്ടിയുടെ കൈയിൽ ചുംബിച്ചപ്പോൾ അവളുടെ കണ്ണു നിറഞ്ഞു വന്നു..

ആരോ ഉറക്കെ കരയുന്നതു കേട്ടു ..”അമ്മായിയാണ് ഞങ്ങൾക്ക് അപകടം പറ്റിയെന്നറിഞ്ഞപ്പോൾ സമനിലതെറ്റിയതാ”അവളെ ചതിച്ചതിനുള്ള ശിക്ഷയാ ” എന്നു എപ്പോഴും പറഞ്ഞു കരയും . നിന്നെ മാത്രമേ വിളിച്ചു കരയൂ .ചേച്ചിയുടെ കണ്ണീരിന്റെ ശാപമാ ഞങ്ങൾക്ക്‌ കിട്ടിയത്.. അവൾ വീണ്ടും കരഞ്ഞു കൊണ്ടിരുന്നു…

പിന്നെ ഒന്നും കേൾക്കാൻ നിന്നില്ല പുറത്തേക്കിറങ്ങി ശ്രീയേട്ടൻ വന്നിട്ടുണ്ടായിരുന്നു..ഹരിയുടെ അരികിൽ നിന്നും ധൃതിയിൽ അകത്തേയ്ക്ക് കയറാൻ പോയതും വീഴാൻ പോയി ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ … എന്നെ തട്ടിമാറ്റിയാണ് കയറി പോയത്.. ആ വെറുപ്പ് ഇപ്പോഴും മാറിയിട്ടില്ലെന്ന് മനസ്സിലായി..

തിരിച്ചു പോകുമ്പോൾ ഹരിയോട് ചോദിച്ചു. “എന്താ ശ്രീയേട്ടൻ പറഞ്ഞത് “

“ഒന്നും ഇല്ല “

“എന്തോ ഉണ്ട് ഹരിയുടെ മുഖമാകെ മാറിയിട്ടുണ്ട് “

കാറ് സൈഡിലേക്ക് ഒതുക്കി നിർത്തി കൊണ്ട് ഹരി പറഞ്ഞു.

“നിങ്ങൾ മനസ്സുകൊണ്ട് മാത്രമല്ല ശരീരം കൊണ്ടും ഒന്നായവരാണെന്ന് ” കേട്ടപ്പോൾ ശരീരം വിറച്ചു . “എന്നിട്ട് ഹരി എന്തു പറഞ്ഞു “

“എന്റെ പെണ്ണ് പരിശുദ്ധയാണെന്ന് ആദ്യ രാത്രിയിൽ തന്നെ ഞാൻ മനസ്സിലാക്കിയിട്ടുണ്ടെന്നും അതിന് നിന്നെ പോലുള്ള ചെറ്റകളുടെ വക്കാലത്ത് വേണ്ടെന്നും പറഞ്ഞു. പിന്നെ എന്റെ പെണ്ണിനെ പറ്റി അപവാദം പറഞ്ഞതിൽ ഒന്നു പൊട്ടിച്ചിട്ടുണ്ട് അവനെ വിരോധമില്ലല്ലോ. അല്ലെങ്കിൽ ഞാൻ ഒരാണെല്ലെന്ന് അവൻ കരുതും. ” കുസൃതിയോടെ ആണ് അത് പറഞ്ഞത്..

അതു കേട്ടപ്പോൾ മോളെ പോലും ശ്രദ്ധിക്കാതെയാണ് ഹരിയെ കെട്ടിപ്പിടിച്ച് ഒരായിരം ചുംബനങ്ങൾ കൊടുത്തത്. തിരിച്ചും ഹരിയുടെ ചുംബനങ്ങൾ ഏറ്റുവാങ്ങി മോളുടെ ചിരിയാണ് ഞങ്ങളെ ഉണർത്തിയത്.

അന്ന് വീണ്ടും ഒരു ജീവിത യാത്ര തുടങ്ങുകയായിരുന്നു ഞങ്ങൾ . സ്നേഹം മാത്രമുള്ള സുന്ദരമായ ജീവിത യാത്ര .

ശുഭം

~ അനീഷ സുധീഷ്