ഹ്യൂമർ സെൻസ്…
Story written by Aswathy Joy Arakkal
============
ഓഫീസിൽ നിന്നു വന്ന തനിക്കു ചായക്ക് പകരം സൂപ്പ് തന്ന ആലീസൂട്ടിയെ സംശയക്കണ്ണോടെ സണ്ണിച്ചൻ ഒന്ന് വീക്ഷിച്ചു…
“എന്താ നിങ്ങക്കൊരു സംശയം… സൂപ്പ് നിങ്ങക്ക് ഇഷ്ടവല്ലായോ.. എന്നിട്ട് കുടിക്കുന്നില്ലേ… ” സ്വല്പം ഗൗരവത്തിൽ തന്നെ ആലീസൂട്ടി ചോദിച്ചു..
“സൂപ്പ് ഇഷ്ടാവൊക്കെയാ.. പക്ഷെ ഈ സമയത്ത്.. “സണ്ണിച്ചന്റെ ബ്രയിനിൽ അപകട സൈറൺ മുഴങ്ങാൻ തുടങ്ങി.
“ഈ സമയത്തിന് എന്നതാ അച്ചായാ കുഴപ്പം.. മഴയുള്ളപ്പോ നിങ്ങള് സൂപ്പ് കുടിക്കാറുള്ളതാണല്ലോ..അതല്ലേ നിങ്ങക്കിഷ്ടം .” ഇടിവെട്ടി പെയ്യുന്ന തുലാമഴയിലേക്കു നോക്കി കൊണ്ട് ആലീസ് മൊഴിഞ്ഞു..
“നശിച്ച മഴക്ക് പെയ്യാൻ കണ്ടൊരു സമയം… ” പിറുപിറുത്തുകൊണ്ട് മനസ്സില്ലാ മനസ്സോടെ സണ്ണിച്ചൻ സൂപ്പ് പാത്രം കൈയ്യിലെടുത്തു..
“പേടിക്കണ്ട.. ഞാനതില് സയനൈഡൊന്നും ചേർത്തിട്ടില്ല… അങ്ങനെ ചെയ്യാനായിരുന്നേല് നിങ്ങടെ ഈ മൊരട്ടു സ്വഭാവത്തിന് ഞാനെന്നേ കലക്കി തരേണ്ടതാ..” പൊട്ടി വന്ന ചിരി അടക്കിപിടിച്ചു കൊണ്ട് ആലീസ് പറഞ്ഞു..
“അല്ല.. ഞാൻ അങ്ങിനെയൊന്നും “സണ്ണിച്ചൻ വാക്കുകൾക്കായി തപ്പി തടഞ്ഞി..
“ഞാൻ കണ്ടു നിങ്ങടെ ഫേസ്ബുക്കിലെ രോഷപ്രകടനം… എന്തൊക്കെയായിരുന്നു.. എല്ലാ സ്ത്രീകളിലും ഒരു ജോളി ഉണ്ട്… അതുകൊണ്ട് ഭക്ഷണം കഴിക്കുന്നേനു മുൻപ് ഭാര്യയെ കഴിപ്പിക്കുക.. അടുക്കളയിൽ കണ്ണുവെക്കുക… അങ്ങനെയെങ്കിലും നിങ്ങളെയൊക്കെയൊന്ന് അടുക്കളയുടെ പരിസരത്ത് വന്നു കണ്ടാ മതിയായിരുന്നു… എവിടെ.. കിട്ടിയ അവസരം വെച്ചു പെണ്ണുങ്ങടെ മെക്കിട്ടു കയറാനും, ഫേസ്ബുക്കിലിരുന്നു തള്ളി മറിക്കാനുമല്ലാതെ പ്രാണൻ പോകുന്നു പറഞ്ഞാലും നിങ്ങളൊന്നും ആ പരിസരത്ത് അടുക്കൂലാന്നു അറിഞ്ഞൂടെ എനിക്ക്.. “
“എടി, നീ അതൊക്കെ സീരിയസ് ആയി എടുത്തോ.. അതൊക്കെ വെറുതെ ഒരു തമാശക്ക്.. നിനക്കിത്ര ഹ്യൂമർ സെൻസ് ഇല്ലാതായി പോയല്ലോ ” സണ്ണിച്ചൻ കെട്ട്യോളെയൊന്നു തണുപ്പിക്കാൻ ശ്രമിച്ചു..
ഈ തമാശ പണ്ട് ഗോവിന്ദച്ചാമി ആ പാവം പെങ്കൊച്ചിനെ ഉപദ്രവിച്ചപ്പോഴും, പീ ഡനങ്ങളും, ദേഹോപദ്രവും സഹിക്ക വയ്യാതെ ഓരോ പെങ്കൊച്ചിങ്ങള് ആത്മഹത്യ ചെയ്യുമ്പോഴും ഞങ്ങളും പറഞ്ഞിരുന്നെങ്കിൽ..
“പിന്നെ ഞാനെല്ലാം തമാശയായി എടുത്തത് കൊണ്ട് ഇതിങ്ങനെ അവസാനിപ്പിക്കുന്നു…അല്ലെങ്കിൽ നിങ്ങളെയിപ്പോ പള്ളിപ്പറമ്പിലേക്കെടുത്തേനേ.. “
പിന്നെ അച്ചായാ, നിങ്ങള് പലതും തമാശക്ക് പറയുന്നതായിരിക്കും.. എല്ലാ തമാശകളും എപ്പോഴും ആസ്വാദ്യകരമായെന്നു വരില്ല.. കേൾക്കുന്നവർക്ക് കൂടെ അതു ആസ്വദിക്കാൻ പറ്റണം അല്ലാതെ.. പെണ്ണുങ്ങളെ പൊതു ഇടങ്ങളിൽ അപമാനിക്കുന്നതൊന്നും എപ്പോഴും….
അത്രയും പറഞ്ഞു ചവിട്ടി തുള്ളി ആലീസൂട്ടി അകത്തേക്ക് പോയി..
അവളുടെ വായിൽ നിന്നു കേട്ടതിന്റെ ചമ്മലിൽ നിൽക്കുമ്പോഴാണ് മുന്നിൽ അമ്മച്ചി…
“അമ്മച്ചി.. അതു… ഞാൻ “വീണ്ടും സണ്ണിച്ചന്റെ തൊണ്ട വറ്റി വരണ്ടു..
“നാണമുണ്ടോടാ നിനക്ക്. എങ്ങാണ്ടും കിടന്ന ഒരുമ്പെട്ടോള് എന്നാണ്ടൊക്കെയോ കാട്ടികൂട്ടിയെന്നു വെച്ചു… നിന്റെ ഭാര്യ മാത്രവല്ല അമ്മയും, പെങ്ങളുമൊക്കെ പെണ്ണുങ്ങളല്ലേടാ … ഒരു സർക്കാരുദ്യോഗസ്ഥൻ… നിന്നെയൊക്കെ ആ ജോലിക്ക് എടുത്തോരെ വേണം പറയാൻ.. ” അമ്മച്ചിയുടെ വകയും വയറ് നിറയെ കിട്ടി..
“എന്നതാ അപ്പാ.. ഇവരൊക്കെ ഇങ്ങനെ ഹ്യൂമർ സെൻസ് ഇല്ലാതെ… ” മൗനം പാലിച്ചിരുന്ന അപ്പന് നേരെ സണ്ണിച്ചൻ തിരിഞ്ഞു..
“പൊന്നുമോനെ സണ്ണിച്ചാ.. എന്റെ മോന്റെ ഹ്യൂമർ സെൻസ് അപ്പൻ മനസിലാക്കുന്നു . പക്ഷെ അധികം ഹ്യൂമർ സെൻസ് എടുത്താ ചിലപ്പോ ഇനിമുതൽ നിനക്കിവുടുന്നു പച്ചവെള്ളം കിട്ടിയെന്നു വരില്ല.. ” അമ്മായമ്മയും മരുമോളും കീരിയും പാമ്പും ആണേലും ഈ കാര്യത്തിലു അവരൊറ്റ കെട്ടാ… പിന്നെ അപ്പന് ഷുഗർ ഉള്ളത് കൊണ്ട് പട്ടിണിക്കിരിക്കാനൊന്നും വയ്യ.. വയറു കത്തും.. അതോണ്ട് അപ്പനും അവരുടെ സൈഡ് ആണ് “..
പിന്നെ പറയുമ്പോ എല്ലാം പറയണവല്ലോ.. ജോളി ഒറ്റക്കല്ല ഇതൊക്കെ കാട്ടിക്കൂട്ടിയത്… മീശ വെച്ചു ആണെന്ന് പറഞ്ഞു നടക്കുന്നവന്മാരും ഉണ്ടായിരുന്നു ഈ കന്നംതിരിവിനു കൂട്ടാളികളായി…
അപ്പൻ പറഞ്ഞു തീരണേന് മുൻപു ഫേസ്ബുക് എടുത്തു ആ പോസ്റ്റ് സണ്ണിച്ചൻ ഡിലീറ്റ് ചെയ്തിരുന്നു…
ചായക്ക് കടി ഒന്നുമില്ലയോടി ആലീസൂട്ടിയെ എന്നു പെണ്ണുമ്പിള്ളയെ സോപ്പിട്ടു സണ്ണിച്ചൻ ചോദിച്ചപ്പോഴേക്കും… സയനൈഡ് ചേർത്ത നല്ല ഒന്നാന്തരം ബീഫ് കട്ലറ്റ് ഉണ്ട്… രണ്ടെണ്ണം എടുക്കട്ടേ അച്ചായാ എന്ന മറുപടിയും വന്നിരുന്നു…
ഈ ഇന്ത്യാ മഹാരാജ്യത്തു ഒരു തമാശ പറയാനുള്ള അധികാരം പോലും ഒരിന്ത്യൻ പൗരനില്ലേ മാതാവേ എന്നു മാതാവിന്റെ ഫോട്ടോയും നോക്കി ആത്മഗതിച്ചു.. എഴുതിയതൊക്കെ മറന്നു ബീഫ് കട്ലറ്റ് തിന്നാൻ നടന്ന സണ്ണിച്ചൻ എന്തോ അശരീരി കേട്ടപോലെ നിന്നു..
“അസ്ഥാനത്തു തമാശ പറഞ്ഞാ അടി പാർസൽ ആണ് സണ്ണിച്ചാ “
മാതാവേ നീയും സ്ത്രീയാണല്ലോ അതു ഞാൻ മറന്നു… സോറി കേട്ടോ.. സണ്ണിച്ചൻ മാപ്പപേക്ഷിച്ചു..
മാതാവല്ല പപ്പേ.. ഞാനാ ടെസിമോള്…
കർത്താവേ.. അമ്മച്ചിയേയും, ഭാര്യയെയും, എന്റെ പൊന്നുമോളെയുമൊക്കെ മറന്നാണല്ലോ ഞാൻ വായിൽ വന്ന തോന്നിവാസമൊക്കെ എഴുതിക്കൂട്ടിയേന്നു ആലോചിച്ചപ്പോ സണ്ണിച്ചനും സ്വയം തിരിച്ചറിയുകയായിരുന്നു…തിരുത്തുകയായിരുന്നു…
10-10-2019