കൃഷിപ്പണിക്കാരനൊക്കെ ഇപ്പൊ എവിടാ അമ്മിണിയേച്ചി പെണ്ണ്. ഉള്ളതുങ്ങളൊക്കെ ഗവർമെന്റ്ജോലിക്കാരനെ കാത്തുനിൽക്കുവല്ലേ…

എഴുത്ത്: മഹാ ദേവൻ

===========

പശുവിനെ കുളിപ്പിക്കാൻ തോട്ടിലേക്ക് ഇറങ്ങുമ്പോൾ ആയിരുന്നു പിന്നിൽ നിന്നൊരു ചോദ്യം കേട്ടത്. ” അല്ല ഉണ്യേ. പശൂന്റെ ചാണകം കോരി ങ്ങനെ നടന്നാൽ മത്യോ.. ഒരു പെണ്ണൊക്കെ കേട്ടണ്ടേ നിനക്ക് “.

ആകാശവാണി അമ്മിണിചേച്ചിയാണ്. അമ്മിണിയറിയാതെ ആ നാട്ടിലൊരു അമ്മിക്കലൊന്ന് ഉരുളത്തുപ്പോലുമില്ലെന്നാണ് നാട്ടിലെ സംസാരം. അല്ല, ആ പറയുന്നതിൽ കാര്യമില്ലാതില്ല. ഇരട്ടപ്പേരു പോലെ തന്നെ പരട്ടസ്വഭാവമാണ് ത ള്ളയുടെ. ന്തേലും ണ്ടേൽ ചൂന്നറിഞ്ഞു അടുത്ത ചെവിയിൽ പറഞ്ഞതിനിത്തിരി അടിവളംകൂടി ചേർത്ത് എത്തിക്കാൻ കാണിക്കുന്ന ഉത്സാഹമുണ്ടല്ലോ……

” കൃഷിപ്പണിക്കാരനൊക്കെ ഇപ്പൊ എവിടാ അമ്മിണിയേച്ചി പെണ്ണ്. ഉള്ളതുങ്ങളൊക്കെ ഗവർമെന്റ്ജോലിക്കാരനെ കാത്തുനിൽക്കുവല്ലേ. പിന്നെ ഒരു പെണ്ണുണ്ട്. “

അമ്മിണിയുടെ മുഖത്തപ്പോൾ നൂറ് വാട്ട് ബൾബ് കത്തിയ അവസ്ഥ ആയിരുന്നു.

” ഏതാണ്ടാ ഉണ്ണി ഞാൻ അറിയാത്ത ഒരു പെണ്ണ്.? ! നിനക്ക് പെണ്ണ് തരാതിരിക്കാൻ മാത്രം ബുദ്ധിയില്ലാത്തവരോ ! “

പെണ്ണിനെ പറഞ്ഞിട്ട് വേണം നാട് മുഴുവൻ തള്ളയ്ക്ക് സരിഗമ പാടാനെന്ന് ആ മോന്തയുടെ കിടപ്പുവശം കണ്ടാൽ അറിയാം. ന്നാ പിന്നെ തള്ളക്കിട്ട് ഒരു തട്ട് കൊടുക്കാമെന്ന് കരുതി.

” അത് ശര്യാ അമ്മിണിയേച്ചി. എനിക്ക് പെണ്ണ് തരാതിരിക്കാൻ മാത്രം ബുദ്ധിയില്ലായ്‌മ പെണ്ണിന്റ അമ്മ കാണുക്കൂല്ലന്ന് നിക്ക് അറിയാം. ങ്ങടെ മോളില്ലേ. അനുപമ.. ഓള് തന്യാ ഞാൻ പറഞ്ഞ കുട്ടി. ന്നേ പോലെ ഒരു ചെക്കനെ കിട്ടണ ഓള് ഭാഗ്യവതിയല്ലേ അമ്മിണിയേച്ചി. ങ്ങള് ബുദ്ധിയില്ലായ്മ കാണിക്കില്ലെന്ന് അറിയാം “

കുളത്തിൽ നിന്ന് നെരെ വറചട്ടിയിലേക്ക് ചാടിയ മീനിന്റെ അവസ്ഥ ആയിരുന്നു അപ്പൊ അമ്മിണിയുടെ മുഖത്ത്‌.

” അല്ലേ… ചെക്കന്റെ ഒരു പൂതിയെ… ” എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് അമ്മിണി ഒരു അവിഞ്ഞ ചിരി പാസാക്കി.

” അതിപ്പോ, ഓൾക്ക് ജോലിക്കാരെ മതീന്നല്ലേ പറയണേ… ഞാൻ ന്ത് ചെയ്യാനാ ഉണ്യേ.. പിന്നെ തൊറന്ന് പറയാലോ.. ചാണകം വരാനല്ലല്ലോ ന്റെ കുട്ട്യേ ഞാൻ ഇത്രടം വരെ പഠിപ്പിച്ചേ. ഓൾടെ കൂടൊക്കെ നടക്കുമ്പോൾ ആൾക്കാര് കെട്യോന് ന്താ പണിന്ന് ചോയ്ച്ചാ പശൂനെ മേപ്പാന്ന് പറയാൻ പറ്റോ.. “

ഉണ്ണി അമ്മിണിയുടെ മലക്കം മറിച്ചിൽ കണ്ട് ഉള്ളു തുറന്നു പൊട്ടിച്ചിരിച്ചു.

” ഇതാ പറഞ്ഞേ.. അ- ണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂന്ന്. ങ്ങള് ഒന്നാന്തരം ഓന്താണെന്ന് അറിയാവുന്നത് കൊണ്ട് തന്നാ ഞാൻ പറഞ്ഞത്. പിന്നെ ഒരു കാര്യം…രാവിലെ കോയിക്കര അമ്പലത്തിൽ ഒന്ന് പോയി. നോക്കുമ്പോൾ ദേ, ഒരു കല്യാണം… ഒളിച്ചോട്ടമാണ്.. കണ്ടാ അറിയാം.. ആകെ നാലും മൂന്നു ഏഴ് പേരുണ്ട്. ഇച്ചിരി വയസ്സായ ആരേലും വേണ്ടേ കൂടെ.. ആരും ഇല്ല. ചെക്കൻ മ്മടെ കള്ള് ചെത്താൻ പോണ സുര… പെണ്ണിനെ കണ്ടപ്പോൾ അമ്മിണിയേച്ചിയേ ഓർമ്മ വന്നൂട്ടോ… എങ്ങനെ ഓർമ്മ വരാതിരിക്കും.. ങ്ങടെ അല്ലേ മോള്…. ങ്ങളിപ്പോ പറഞ്ഞ പശൂനെ മേക്കുന്നവനെന്നു പറയാൻ മടി കാണിക്കുന്ന നിങ്ങടെ സ്വന്തം മോള് അനുപമ. ഒപ്പിടാൻ ആളില്ലെന്ന് കരുതി പേടിക്കേണ്ടെന്നും പറഞ്ഞ് ആദ്യത്തെ ഒപ്പ് ന്റെ ആയിരുന്നു. ഇപ്പോൾ ഓര് ഓന്റെ വീട്ടിൽ കേറീട്ടുണ്ടാകും. വിളി വരും മുന്നേ അറിഞ്ഞ സ്ഥിതിക്ക് ഇന്ന് പൊലിപ്പിക്കാൻ ഒരു കാര്യമായല്ലോ.. സ്വന്തം കഥ ആകുമ്പോൾ കൂടുതൽ ഏച്ചുകെട്ടാതെ സരിഗമ പാടാം.

പിന്നെ പോകുംമുന്നേ ഒന്നുകൂടി. മകളെ കെട്ടിയത് കള്ള് ചെത്തുകാരൻ ആണെന്ന് ഓർത്ത് ഉറക്കം കളയണ്ട.. അദ്ധ്വാനിച്ചു ജീവിക്കാൻ തന്റെടമുള്ളവന്റ് കയ്യ് തന്നാ മോള് ചേർത്തുപിടിച്ചത്. പ്രാരാബ്ധം പറഞ്ഞാലും പട്ടിണിയാവില്ല. പിന്നെ ചെത്തുകാരന്റെ പെണ്ണെന്നു പറയാൻ അവൾക്ക് നാണക്കേട് ഇല്ലാത്തിടത്തോളം കാലം അവൾക്ക് ചെത്തിപൊളിച്ചു നടക്കാം.. നാളെ നാടൊട്ടുക്ക് പരദൂഷണം പറയുമ്പോൾ കൂട്ടത്തിൽ ഒരു നല്ല കാര്യം പറയാല്ലോ….മോളെ കെട്ടിയത് ചെത്തുകാരൻ ആണെങ്കിൽ എന്താ. അവര് ചെത്തിപൊളിച്ചാ ജീവിക്കുന്നെ എന്ന്.”

അവന്റെ വാക്കുകൾ കേട്ട് തല താഴ്ത്തി അമ്മിണി വേഗം വീട്ടിലേക്ക് നടക്കുമ്പോൾ ഉണ്ണി പുഞ്ചിരിച്ചു.

” ചക്കിന് വെച്ചത് കൊക്കിനു മാത്രമല്ല, ഇടയ്ക്ക് കുളക്കോഴിക്കും കൊള്ളും “

✍️ ദേവൻ