ഗംഗയുടെ വളർച്ചയുടെ നാളുകളിൽ അമ്മമ്മ പറയുന്ന ഒരു കഥയുണ്ടായിരുന്നു. സുന്ദരിയായ രാജകുമാരിയെ കട്ടു കൊണ്ടു പോകുന്ന….

ആനവാൽ മോതിരം

Story written by Medhini Krishnan

==========

“ദത്തൻ വരണം…എന്നെങ്കിലും ഒരു ദിവസം എന്റെ വീടിന്റെ പടിപ്പുര കടന്നു വന്നു ഗംഗയെ അന്വേഷിക്കണം. ഗംഗ അപ്പോൾ പടിഞ്ഞാറെ തൊടിയിലെ കുളക്കരയിലെ കൽപടവുകളിലൊന്നിലിരുന്നു മത്സ്യങ്ങളോട് കഥകൾ പറയുന്നുണ്ടാവും. ആ കുളത്തിൽ വലിച്ചെറിഞ്ഞു കളഞ്ഞ ആനവാൽ മോതിരത്തെ തേടുകയാവും. അവിടെ ആ കല്പടവുകളിൽ കുളത്തിലേക്കു കാല് നീട്ടിയങ്ങനെ ഇരുന്നു കഥകൾ പറയുമ്പോൾ  ഞാൻ ദത്തനെ ഓർക്കും. ഭംഗിയുള്ള ഒരു ആനവാൽ മോതിരവും കൊണ്ടു പടവുകളിറങ്ങി ദത്തൻ വരുന്നത് എനിക്കു കാണാം. എന്റെ നീണ്ട മോതിരവിരലിൽ ആ മോതിരം അണിയിക്കണം.  ഇത്തിൾ കണ്ണി പോലെ എന്നിൽ പടർന്നു കയറിയ ഭയത്തെ ഈ നെഞ്ചിലേക്കു ചേർത്തു വച്ചു എനിക്കൊന്നു ഉറങ്ങണം. ഭയമില്ലാതെ…”

ഒരു ഭ്രാന്തിയുടെ ജല്പനങ്ങൾ…ദത്തന് അങ്ങനെ തോന്നിയോ. അയാളുടെ ഭംഗിയുള്ള കണ്ണുകളിൽ ചിരി നിറഞ്ഞു..

“ഞാനും ഒരു ഭ്രാന്തനാണ്..നിരാമയയിലെ രണ്ടു രോഗികൾ.”

“ഗംഗ ഇവിടുന്നു അസുഖം മാറി പോയാൽ..പിന്നെ നമ്മൾ തമ്മിൽ കാണുമോ..അറിയില്ല. എന്റെ അസുഖം ഇനിയും മാറിയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.”

“എന്റെ മാറിയോ.?”ഗംഗ ചോദിച്ചപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

“ഗംഗയുടെ അസുഖം മാറണ്ട”..വിറയാർന്ന സ്വരം. ആ നെഞ്ചിലൊന്നു എന്നെ പിടിച്ചു ചേർത്തിരുന്നുവെങ്കിൽ.. ഗംഗ ആശിച്ചു പോയി. ദത്തൻ ആ കണ്ണുകളിലൊന്നു നോക്കിയിട്ട്  തിരിച്ചു നടന്നു.

ഗംഗ കണ്ണടച്ചു തുറന്നു.. മുന്നിൽ തെളിഞ്ഞ കുളം.. വിരിഞ്ഞു നിൽക്കുന്ന വെളുത്ത ആമ്പൽ പൂക്കൾ. താനിപ്പോൾ കുളത്തിന്റെ പടവുകളിലാണ്. ഇവിടെ നിന്നും എന്തിന് ദത്തനെ ഓർത്തു..തന്റെ ഭ്രാന്ത് മാറിയില്ലേ. മാറിയെന്നു പറഞ്ഞാണ് ഡോക്ടർ അവിടെ നിന്നും ഏട്ടന്റെ കൂടെ പറഞ്ഞയച്ചത്..

നിരാമയ  മാനസികരോഗികൾക്കുള്ആശുപത്രിയായിരുന്നു. ആശുപത്രി എന്ന് പറയാൻ പറ്റില്ല. കുറേ മുറികളുള്ള ഭംഗിയുള്ള വീട്.  കുന്നിനു മുകളിലെ മനോഹരമായ ആ സ്ഥലം. ആശുപത്രിക്കു ചുറ്റും ജമന്തി പൂക്കളും ചെണ്ടുമല്ലി പൂക്കളും..വിടർന്നു നിൽക്കുന്ന പല നിറങ്ങളിലുള്ള പനിനീർ പൂക്കൾ. മൂർത്തിസാറിന്റെ ചിരിച്ച മുഖം.

മൂന്ന് വർഷങ്ങൾക്ക് മുൻപ് അവിടെ ഉണ്ണിയേട്ടനൊപ്പം ചെല്ലുമ്പോൾ ഗംഗ ഭ്രാന്തിയായിരുന്നു. ഭയമെന്ന ഇത്തിൾ കണ്ണി വരിഞ്ഞു മുറുക്കി..ഭയമായി മാറിയവൾ. ഓർമ്മയില്ലാതെ എന്തൊക്കെയോ പുലമ്പുന്നവൾ. ഭർത്താവിനെ ഉപദ്രവിക്കുന്നവൾ. അങ്ങനെ അങ്ങനെ…

ഓർമ്മകളിൽ ഇരുട്ട് വന്നു നിറയും. അവിടം ഗംഗക്ക് ഭയമായിരുന്നു.

താഴെ തെളിഞ്ഞ ജലത്തിലേക്കു നോക്കി. കാൽപാദങ്ങൾ പൊതിഞ്ഞു മത്സ്യങ്ങൾ.

“നിങ്ങൾക്ക് കഥ കേൾക്കണോ. ഗംഗ എന്ന ഭ്രാന്തിയുടെ കഥ. നിങ്ങൾക്ക്  കാഴ്ചകളും കാണാം..മറന്നു തുടങ്ങിയ പഴയ കുറേ കാഴ്ചകൾ.. “

കുളത്തിന്റെ അവസാനകല്പടവുകളിൽ ഗംഗ കാലമർത്തി നിന്നു…ഇനിയങ്ങോട്ട് ആഴമാണ്..ചെറിയ മീനുകൾ കാലിൽ വന്നു കടിക്കാൻ തുടങ്ങിയിരുന്നു…എത്രയോ വർഷങ്ങളായിരിക്കുന്നു ഈ കുളത്തിന്റെ സ്പർശനം അറിഞ്ഞിട്ട്..ഈ ജലത്തിന്റെ തണുപ്പിൽ ഒന്ന് തൊട്ടിട്ട്..കുളത്തിനു നടുവിലെ ആ ചുഴി. നേരിയ ഭയത്തോടെ ചുഴിയിലേക്ക് നോക്കി.

ഭയം..മനസ്സിലേക്ക് ഒരു പാമ്പിനെ പോലെ ഇഴഞ്ഞു കയറുന്ന ഒരു കറുത്ത നിഴൽ രൂപം..പത്തി വിടർത്തിയ പാമ്പിന്റെ കണ്ണുകൾ..പിളർന്ന നാവുകൾ..വിഷത്തിന്റെ ഗന്ധം. അതങ്ങനെ പത്തി വിടർത്തിയാടുകയാണ്..

ആദ്യമായി ഭയം തോന്നിയത്…ഓർമ്മ വച്ച നാളുകളിൽ ഒന്നിൽ അമ്മമ്മ പറഞ്ഞു തന്ന കഥ..നിറഞ്ഞു കവിഞ്ഞ കുളത്തിന്റെ പടവുകളിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ അമ്മമ്മ പറയും..”വേണ്ട കുട്ട്യേ..ഇറങ്ങണ്ട… “

കുളത്തിനു നടുവിലേക്ക് വിരൽ ചൂണ്ടിയിട്ട് അമ്മമ്മ പറയും.”ഗംഗ കണ്ടോ..ദാ..അവിടെ ചുഴിണ്ട്‌… അതില് പോയാ തിരിച്ചു വരാൻ പറ്റില്ല.. “

സൂക്ഷിച്ചു നോക്കി..ചെറുതായി ഇളകുന്ന ഓളങ്ങൾക്ക് നടുവിൽ ചുറ്റി ചുറ്റി കറങ്ങുന്ന എന്തോ ഒന്ന്..നോക്കി നോക്കി നിൽക്കേ ഭയം തോന്നി. വെള്ളത്തിൽ നിന്നും കാല് വലിച്ചു..അമ്മമ്മയുടെ മുണ്ടിൽ ചുറ്റി പിടിച്ചു നിന്ന ആ ചെറിയ കുട്ടി. രാത്രിയിൽ അമ്മമ്മയുടെ മാറിടത്തിൽ തല പൂഴ്ത്തി കിടക്കുമ്പോൾ ആ ചുഴിയുടെ അലകൾ തന്നെ തേടി വരുന്നതായി തോന്നി..ആരോ കൈ കൊണ്ടു തന്നെ ചുറ്റി പിടിച്ചു ആ ചുഴിയിലേക്ക് വലിച്ചു വലിച്ചു കൊണ്ടു പോവുകയാണ്..പേടിച്ചു കരഞ്ഞപ്പോൾ അമ്മമ്മ ചുറ്റി പിടിച്ചു..”ന്റെ കുട്ടി പേടിച്ചോ “

അമ്മമ്മ വാത്സല്യത്തോടെ തലയിൽ തലോടി… ഗംഗ വിറക്കുന്നുണ്ടായിരുന്നു..ശരീരത്തിൽ നനവുള്ളതു പോലെ.. “ഗംഗ പേടിക്കണ്ട..നാളെ രാമനോട് ആനവാൽ കൊണ്ടു വരാൻ പറയാം..അതോണ്ട് മോതിരം ഇണ്ടാക്കിട്ടാ പേടിണ്ടാവില്ല. കേട്ടോ “.. ഗംഗ തലയാട്ടി..വീണ്ടും അമ്മമ്മയുടെ മാറിടത്തിൽ അഭയം തേടി..

അമ്മ…അമ്മ എന്തേ ഞാൻ കരഞ്ഞിട്ടും വരാഞ്ഞേ…കണ്ണുകൾ ഇറുകെ അടച്ചു..

പിന്നെ പിന്നെ അറിഞ്ഞു തുടങ്ങിയിരുന്നു..മനസ്സിലേക്ക് ഇഴഞ്ഞു കയറുന്ന ഭയത്തിന്റെ കറുത്ത കണ്ണുകൾ തന്നെ പിന്തുടരുകയാണ്. തറവാട്ടിലെ പണിക്കു നിന്നിരുന്ന രാധമ്മയുടെ ശവം കുളത്തിൽ പൊന്തിയ ദിവസം. ആൾക്കൂട്ടത്തിനിടയിൽ നിന്നും ആ ശവത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ. ന ഗ്നമായ അവരുടെ വയർ വീർത്തിരുന്നു..അവിടെ അള്ളി പിടിച്ചിരിക്കുന്ന ഒരു കറുത്ത രൂപം..തോന്നലാണോ?അമ്മമ്മയെ വിളിച്ചു ഭയത്തോടെ ഓടുമ്പോൾ ആരോ പറയുന്നത് കേട്ടു.. “ആ പെണ്ണിന് വയറ്റിലുണ്ടാർന്നു… “

അന്ന് രാത്രിയിലും പേടിച്ചു കരഞ്ഞപ്പോൾ അമ്മമ്മ പറഞ്ഞു..”ന്റെ കുട്ടിക്ക്  ആനവാൽ മോതിരം ഇണ്ടാക്കി തരാട്ടോ..” അമ്മമ്മയുടെ സ്വരം അന്ന് വല്ലാതെ ഇടറിയിരുന്നു.. ഇടക്കെപ്പോഴോ ആ മുഖത്തു കൈയൊന്നു തൊട്ടപ്പോൾ അറിഞ്ഞു.. അമ്മമ്മ കരയുന്നു..തെക്കിനിയിലെ  മുറിയിൽ നിന്നും അമ്മ കരയുന്ന ശബ്ദം കേൾക്കുന്നുണ്ടോ? കാതോർത്തു..മെല്ലെ മെല്ലെ ഉറങ്ങിപ്പോയി..

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മമ്മ ആനവാൽ കൊണ്ടു ഒരു മോതിരം ഉണ്ടാക്കി മോതിരവിരലിൽ ഇട്ടു തന്നു.. “ഇനി ന്റെ കുട്ടി പേടി സ്വപ്നം കാണില്ലാട്ടോ… ” പിന്നെ രാത്രികളിൽ ഭയം തോന്നുമ്പോൾ അതിൽ വെറുതെ പിടിച്ചു കിടക്കും.. പത്തി താഴ്ത്തി മടങ്ങുന്ന കറുത്ത പാമ്പിന്റെ രൂപം…കണ്ണുകൾ ഇറുകെ അടച്ചു അമ്മമ്മയുടെ മാറിടത്തിൽ ഒട്ടി കിടക്കും..

അമ്മ മുറിയിൽ  നിന്നും പുറത്തിറങ്ങി കണ്ടിട്ടേയില്ല. തെക്കിനിയിലെ ഇരുട്ട് മുറിയിലെ വെളുത്ത രൂപം. അതായിരുന്നു അമ്മ. അഴിച്ചിട്ട തലമുടിയിൽ കൈകൾ കോർത്തി വലിച്ചു അമ്മ തറയിൽ അങ്ങനെ ഇരിക്കും..കാലിൽ ചങ്ങലയുടെ കിലുക്കം..എല്ലാവരും പറഞ്ഞു..അമ്മക്ക് ഭ്രാന്താണെന്ന്. ഇടക്കൊക്കെ കേൾക്കുന്ന ബഹളം..എന്തൊക്കെയോ എറിഞ്ഞുടക്കുന്ന സ്വരം..അമ്മ ഇടയ്ക്കു ഉറക്കെ കരയുന്നത് കേൾക്കാം..ചിരിക്കുന്നത് കേൾക്കാം..

അമ്മമ്മയോട് ചോദിക്കും.. “ന്റെ അമ്മക്ക് എന്താ പറ്റിയെ.” അമ്മമ്മ ചേർത്തു പിടിക്കും..കരയും..അന്ന് കണ്ടിരുന്ന കണ്ണുനീരിന്റെ ചിരിയുടെ ഒന്നും അർത്ഥം അറിയുമായിരുന്നില്ല..അമ്മയെ കാണാൻ ആർത്തിയോടെ ഒളിഞ്ഞു നോക്കിയിരുന്ന ആ പെൺകുട്ടിയുടെ മനസ്സും എവിടെയൊക്കെയോ തട്ടി ഉടഞ്ഞിരുന്നു.

വളരുന്തോറും മനസ്സിലെവിടെയോ ആ പേടി…കണ്ണടച്ചാൽ ആരോ തന്നെ വലിച്ചു കൊണ്ടുപോകുന്നത് പോലെ..ഒറ്റക്കിരിക്കുമ്പോൾ ഏതോ ഒരു രൂപം തന്നോട് കൂടെയുള്ളതു പോലെ..ഭയമായിരുന്നു..എല്ലാം..

അമ്മമ്മയായിരുന്നു അഭയം. ഒരു നിഴൽ പോലെ കൂടെ..ആ നെഞ്ചിൽ അങ്ങനെ ചേർന്നു കിടക്കുമ്പോൾ..ഭയം തോന്നില്ല..പിന്നെ ആനവാൽ മോതിരം. അത് ഗംഗക്ക് പ്രാണനായി. മോതിരവിരൽ മാറിടത്തിൽ അമർത്തി പിടിച്ചു അങ്ങനെ കിടക്കും..കറുത്ത രൂപങ്ങളില്ല..പേടിയില്ലാതെ ഉറങ്ങാം..

ആഴ്ചയിലൊരിക്കൽ പടി കടന്നെത്തുന്ന അച്ഛന്റെ രൂപം..അതായിരുന്നു വേറെ ഒരു ഭയം..അച്ഛനെ എല്ലാവർക്കും പേടിയായിരുന്നു..അച്ഛനുള്ളപ്പോൾ വീടിനുള്ളിൽ നിറഞ്ഞു നിന്ന നിശബ്ദത..അമ്മമ്മയും ഏട്ടനും വല്ല്യമ്മയും വല്ല്യച്ചനും എല്ലാം നിശ്ശബ്ദരാകും. അച്ഛന്റെ കനത്ത ശബ്ദം വീടിനുള്ളിൽ നിറയും..എല്ലാവരെയും ചീത്ത പറഞ്ഞും പരാതി പറഞ്ഞും നടക്കും. ഗംഗയെവിടെ…ഉണ്ണിയെവിടെ…അങ്ങനെ ഒരു വാക്കൊന്നും കേൾക്കാറില്ല. അമ്മയുടെ മുറിയിലേക്ക് ഒന്നെത്തി നോക്കി കണ്ടിട്ടില്ല..എല്ലാവരും പറഞ്ഞു കേട്ടു. അച്ഛൻ കാരണമാണ് അമ്മക്ക് ഭ്രാന്തായതെന്ന്. വലുതായപ്പോൾ ആരൊക്കെയോ പറഞ്ഞു കേട്ട അറിവ്..അച്ഛന് വേറെയും ഭാര്യമാരുണ്ട്…അമ്മ ഇങ്ങനെയാവാൻ കാരണം അച്ഛനാണെന്നൊക്കെ.. മനസ്സിൽ നുരഞ്ഞു വരുന്ന വെറുപ്പിലേക്കു അമ്മമ്മയുടെ ആശ്വാസവാക്കുകൾ ഓടിയെത്തും. “അച്ഛനാണ്..വെറുപ്പ്‌ വേണ്ട…ആരോടും..”

ഇരുട്ടായാൽ ഉമ്മറത്തേക്ക്  വരാൻ പേടി തോന്നും..തെക്കിനിയിലെ ചങ്ങലയുടെ കിലുക്കം. അതങ്ങനെ മനസ്സിൽ ഒരു തേങ്ങലായി കിടക്കുകയാണ്..അതുണർന്നാൽ ഭയമാണ്. ഉണ്ണിയേട്ടൻ ഇരിക്കും അടുത്ത്..” ഗംഗ പേടിക്കണ്ടട്ടോ..ഉണ്ണിയേട്ടനുണ്ട്..അമ്മമ്മയുണ്ട്…ആരും വരില്ല ന്റെ കുട്ടിയെ പേടിപ്പിക്കാൻ.. “

ഉണ്ണിയേട്ടൻ മടിയിൽ കിടത്തി തലയിൽ തലോടും..പേടിയൊക്കെ അങ്ങനെ മാറി പോകും. മനസ്സിൽ ഉണർന്നും ഉറങ്ങിയും കിടന്നിരുന്ന ആ ഭയത്തിന്റെ വിത്തോടെ തന്നെയാണ് ഗംഗ വളർന്നത്.

പതിനാലാം വയസ്സിൽ മാറത്തുടുത്ത ഒറ്റതോർത്തുമായി കുളത്തിന്റെ പടവുകളിൽ  നിന്ന നാൾ..തുടയിലൂടെ ഒഴുകി പടർന്ന രക്തം കണ്ടു അലറി നിലവിളിച്ചു. തല ചുറ്റി കുളത്തിലേക്ക് വീഴുമ്പോൾ അടിവയറ്റിൽ അമർത്തി പിടിക്കും പോലെ വേദന..അമ്മമ്മ പിടിച്ചു പടിയിൽ മെല്ലെ കിടത്തുമ്പോൾ കണ്ടു..ആ മുഖത്തു തെളിയുന്ന സന്തോഷം.. “ഗംഗ വലിയ കുട്ടിയായിട്ടോ.. ” ഗംഗ അപ്പോഴും കരഞ്ഞു…തേങ്ങി തേങ്ങി..അമ്മമ്മയുടെ മാറിൽ മുഖം അമർത്തി പിടിച്ച്….

അന്ന് പാട്ടുപാവാടയൊക്കെ ഇട്ടു കണ്ണൊക്കെ എഴുതി വളയും മാലയും എല്ലാം അണിയിച്ചു തന്നത് അമ്മമ്മയായിരുന്നു. കൈ പിടിച്ച് അമ്മയുടെ മുന്നിൽ നിർത്തി അമ്മമ്മ പറഞ്ഞു.. “രാധേ..നിന്റെ മോള് വല്യ കുട്ടിയായിരിക്കുന്നു..നിനക്കു കാണണ്ടേ.. ” ചങ്ങല ഒന്ന് കിലുങ്ങി..അത്ര മാത്രം. നോക്കിയില്ല..മിഴികൾ ഇരുട്ടിലെവിടെയോ..നിറഞ്ഞ മിഴികളോടെ മടങ്ങി.

ഗംഗയുടെ വളർച്ചയുടെ നാളുകളിൽ അമ്മമ്മ പറയുന്ന ഒരു കഥയുണ്ടായിരുന്നു. സുന്ദരിയായ രാജകുമാരിയെ കട്ടു കൊണ്ടു പോകുന്ന ഒരു രാക്ഷസന്റെ കഥ. വലിയ ശരീരവും തടിച്ച മൂക്കും ചുവന്ന ഉണ്ട കണ്ണുകളും കൂർത്ത പല്ലുകളും ഉള്ള രാക്ഷസൻ..പിന്നെ ആ രാക്ഷസന്റെ കയ്യിൽ നിന്നും ഒരു രാജകുമാരൻ വന്നു രാജകുമാരിയെ രക്ഷിക്കും. സുന്ദരനായ രാജകുമാരൻ..മനസ്സിലെവിടെയോ ആ രാക്ഷസനും..രാജകുമാരനും..എന്നെങ്കിലും തന്നെ തേടി എത്തുന്ന ഒരു രാജകുമാരൻ.. ഉള്ളിൽ തെളിയുന്ന സ്വപ്നത്തിന്റെ ചുണ്ടിൽ വിടരുന്ന ചിരിയുമായി ഉറങ്ങാൻ തുടങ്ങിയ നാളുകൾ..

ഒരു ദിവസം തെക്കിനിയിലെ പൂട്ടിയിട്ട മുറിയുടെ ജനലിലൂടെ അമ്മ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. അകത്തു വരാൻ ആംഗ്യം കാണിച്ചു. മേശപ്പുറത്തു തുറന്നു വച്ച കഞ്ഞി.. “യ്ക്ക് നീയിത്തിരി കഞ്ഞി താ..വിശക്കുന്നു.” അമ്മയുടെ ചിലമ്പിച്ച സ്വരം. വിറക്കുന്ന കൈകളോടെ കഞ്ഞി എടുത്തു അടുത്ത് ചെന്നു.

അമ്മ കണ്ണുകളിലേക്കു ആഴത്തിലൊന്നു നോക്കിയത് പോലെ. വലത്തെ ചെറുവിരലിൽ മുടി പൊട്ടിച്ചെടുത്തു ചുറ്റിയിരിക്കുന്നു. ഉള്ളൊന്നു പിടഞ്ഞു..അമ്മയാണ്..ഇത് വരെ അനുഭവിക്കാത്ത ഗന്ധം..അടുത്ത് ചെല്ലുമ്പോൾ ആ മിഴികളെ നേരിടാൻ ഭയമാണ്..ആരോടോ ഉള്ള പക ആ കണ്ണുകളിൽ കാണാം..പക്ഷേ ഇപ്പോൾ എന്തോ അത് കാണുന്നില്ല..ആ പരുപരുത്ത വിരലുകൾ കൊണ്ട് തലയിൽ മെല്ലെ തലോടി..കണ്ണുകൾ നിറഞ്ഞു കഞ്ഞിയിൽ വീണു കൊണ്ടിരുന്നു..സന്തോഷമാണ് തോന്നിയത്..അമ്മേ ന്നു ഇടറിയ സ്വരത്തിൽ ഒന്ന് വിളിച്ചു..കാലിലെ ചങ്ങല വല്ലാതെ കിലുങ്ങി..എന്തോ ഒരാവേശത്തോടെ അമ്മ മുറുകെ കെട്ടിപിടിച്ചു.കരഞ്ഞു.എത്ര നേരം..അറിയില്ല..അങ്ങനെയിരുന്നു…

മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ അമ്മ ഉറങ്ങിയിരുന്നു.. പിന്നെ കണ്ടത് രാവിലെ അമ്മയുടെ തണുത്തുറഞ്ഞ ശരീരമാണ്. ഒന്ന് കരയാൻ പോലുമാവാതെ..അമ്മയുടെ ദേഹത്ത് അരിച്ചു കയറുന്ന കറുത്ത ഉറുമ്പുകളെ കണ്ടു ഭയന്നു. അമ്മമ്മയുടെ നെഞ്ചിൽ തളർന്നു വീണു.

അമ്മ മരിച്ചിട്ടും ആ ചങ്ങലയുടെ കിലുക്കം തെക്കിനിയിലെ മുറിയിൽ അങ്ങനെ ഉണ്ടെന്നു തോന്നി. പലപ്പോഴും രാത്രി ഭയം കൊണ്ടു കരയാൻ തുടങ്ങി. പഴയ മോതിരം കൈയിൽ മുറുകിയപ്പോൾ അമ്മമ്മ വേറെ ഒന്ന് പണിതു തന്നു. അങ്ങനെ വലുതാകും തോറും ആനവാൽ മോതിരവും ഗംഗയും തമ്മിലുള്ള ബന്ധവും വളർന്നു.

അങ്ങനെയിരിക്കെ ഒരു നാൾ…അമ്മമ്മയുടെ കഥയിലെ രാക്ഷസൻ ഗംഗയെ തേടി വന്നു. പടിപ്പുര കടന്നു അച്ഛനോടൊപ്പം. കറുത്ത നിറവും ചുവന്ന കണ്ണുകളും കുറുകിയ ശരീരവുമുള്ള രാക്ഷസൻ. അയാളുടെ കൈകളിൽ നിറയെ മുടിയുണ്ടായിരുന്നു. മുറ്റത്തേക്കൊന്നു നീട്ടി തുപ്പിയിട്ട് അച്ഛൻ ഉറക്കെ വിളിച്ചു പറഞ്ഞു. “ഗംഗേ…” ആലില പോലെ വിറച്ചു കൊണ്ടു ഗംഗ  അമ്മമ്മയുടെ നെഞ്ചിൽ ചേർന്നു. “കുട്ടി പേടിക്കണ്ടട്ടോ..അമ്മമ്മയില്ലേ..”പതിവ് പല്ലവി.

ഗംഗക്കു പകരം  ഉമ്മറത്തേക്ക് പോയത് അമ്മമ്മയാണ്. അച്ഛൻ മുരളുന്ന സ്വരത്തിൽ പറയുന്നത് കേട്ടു. അവളുടെ കല്യാണം ഞാൻ തീരുമാനിച്ചു.. “ദാ ഈ ഇരിക്കുന്നതാണ് ചെക്കൻ.” അയാളുടെ മുഖത്തേക്ക് നോക്കിയ അമ്മമ്മ ഞെട്ടി പിന്നിലേക്ക് വേച്ചു പോയി.

അന്നു അച്ഛൻ ബലമായി ഗംഗയെ അയാൾക്ക്‌ മുന്നിലേക്ക്‌ നിർത്തി. അവിടെ..അമ്മമ്മയുടെ കഥയിലെ രാക്ഷസന്റെ മുഖം..അവൾ  ഭയന്നു. മോതിരത്തിൽ പിടി മുറുക്കി അമ്മമ്മയുടെ നെഞ്ചിൽ തളർന്നു വീണു.

പിന്നീടങ്ങോട്ട് യുദ്ധമായിരുന്നു. അമ്മമ്മയുടെ വാക്കുകളെ  അച്ഛൻ അവഗണിച്ചു. ഉണ്ണിയേട്ടനെ..വലിയച്ഛനെ…വലിയമ്മയെയെല്ലാം എതിർത്തു.

“ഭ്രാന്തിയുടെ മോളെ കെട്ടാൻ പിന്നെ ആരു വരുന്നു വിചാരിച്ചാ..ഇതിപ്പോ അങ്ങോട്ട്‌ പൈസയൊന്നും കൊടുക്കണ്ട. ഇങ്ങോട്ട് തരും ചെയ്തു മൂന്ന് ലക്ഷം രൂപ..” അച്ഛന്റെ ക്രൂരമായ വാക്കുകൾക്കു മുന്നിൽ തരിച്ചിരുന്നു പോയി.

“ന്റെ തുമ്പ പൂ പോലെയുള്ള കുട്ടിയെ ആ കാട്ടുമാക്കാന്..നേരെ ചൊവ്വേയുള്ളതാന്നേൽ പോട്ടെന്നു വയ്ക്കാം. ഇത് വയസ്സും ഒരുപാട്..അമ്മമ്മ മൂക്ക് ചീറ്റി കരഞ്ഞു കൊണ്ടിരുന്നു. ഞാൻ കരഞ്ഞില്ല. നിശ്ചലമായി ഒരു പ്രതിമ കണക്കെ..

കല്യാണതലേന്ന് ഇത് പോലെ ഈ കല്പടവുകളിൽ നിന്നാണ് ആ മോതിരം ഊരി വലിച്ചെറിഞ്ഞത്. ഗംഗയുടെ വിരലുകളിൽ ഇഴുകി ചേർന്നു ഗംഗയുടെ മുദ്രയായി മാറിയ മോതിരം..അത് ഉപേക്ഷിച്ചു.

തെക്കിനിയിലെ ചങ്ങല കിലുക്കം..കട്ടിലിൽ അമ്മക്ക് പകരം താൻ..ഉള്ളിൽ ആർത്തിരമ്പി വരുന്നു കടന്നൽക്കൂട്ടം..തന്റെ കാലുകളിൽ ചങ്ങല വീഴാൻ പോകുന്നു..ഗംഗ  ഉറക്കെയൊന്നു കരഞ്ഞു. ജലത്തിലേക്കു വീണ നീർ തുള്ളികളിൽ അലയൊടുങ്ങാത്ത കടലിന്റെ ഉപ്പുരസം. ഗംഗ ഒരു കടലായി മാറുകയാണ്..

ചങ്ങല വീണത് കഴുത്തിലായിരുന്നു. ബന്ധിച്ചത് രഘുനാഥൻ എന്ന രാക്ഷസന്റെ കൈകളിൽ. ഞാനൊരു ഭാര്യയായിരിക്കുന്നു. പട്ടു പുടവക്കുള്ളിൽ ഉരുകിയൊലിക്കുന്ന ഒരു സ്വർണ്ണ വിഗ്രഹത്തെ അച്ഛൻ അയാളുടെ കൈകളിൽ ഏൽപ്പിച്ചു. അമ്മമ്മ നിറകണ്ണുകളോടെ തലയിൽ കൈവച്ചു അനുഗ്രഹിച്ചു. അമ്മയുടെ  ചങ്ങലയുടെ കിലുക്കം. എവിടെയോ….കാതുകളെകുത്തി നോവിച്ചു.

രഘുവേട്ടൻ..ഗംഗ  അയാളെ അങ്ങനെ വിളിച്ചു. പക്ഷേ….സ്നേഹത്തിന്റെ അർത്ഥം വഴി മാറി എന്റെ ന ഗ്നമായ ശരീരത്തിനെയും മനസ്സിനെയും അത്  മുറിപ്പെടുത്തി.

എല്ലാ അർത്ഥത്തിലും അയാൾ രാക്ഷസനായി മാറുന്നത് ഞാൻ നോക്കി നിന്നു. അനുഭവിച്ചു. ക്രൂരമായ വാക്കുകൾ ആയുധങ്ങളാക്കി മനസ്സിനെ കീറി മുറിച്ചു. പച്ച മാം സത്തിൽ പല്ലുകൾ ആഴ്ത്തിയിറക്കി..ന ഗ്നമായ ശരീരത്തിൽ വന്നു വീഴുന്ന കാ മത്തിന്റെ വിയർപ്പു തുള്ളികൾ.

ഗംഗ മരിക്കാൻ തുടങ്ങിയിരുന്നു..കരയാതെ..ചിരിക്കാതെ…ശവമായി..ചുഴിയുടെ ആഴങ്ങളിൽ ഒരു ആനവാൽ മോതിരം നോവേടെ പിടയുന്നത് അവളറിഞ്ഞു. തന്റെ പ്രാണൻ.

വീട്ടിലേക്ക് പോകാൻ അയാൾ സമ്മതിക്കുമായിരുന്നില്ല.വല്ലപ്പോഴും കാല് പിടിച്ചു അമ്മമ്മയെ കണ്ടു വരും. പിന്നെ അതും നിന്നു. നിറഞ്ഞ കണ്ണുകൾ..വാടി കറുത്ത് പോയ ഒരു തുമ്പ പൂ..ആരും അത് കാണണ്ട. മൂന്നു വർഷങ്ങൾ..

ഇടയിൽ ഉണ്ണിയേട്ടന്റെ കല്യാണം കഴിഞ്ഞു..ഒരു അഥിതിയെ പോലെ ആ കല്യാണത്തിന് പങ്കെടുത്തു മടങ്ങി. അതിനുള്ള അനുവാദം മാത്രം. അവസാനം താനൊരു അമ്മയാകാൻ പോകുന്നുവെന്ന് അറിഞ്ഞ നിമിഷം. സന്തോഷമോ സങ്കടമോ..അറിയില്ല..അയാളെന്നെ എല്ലാവരും കേൾക്കെ ഭ്രാന്തിയെന്ന് വിളിച്ചു. ഗംഗ പിച്ചും പേയും പറയുന്നുവെന്ന്. നാലു മാസം ഗ ർഭമായിരിക്കുന്ന സമയം. കുടിച്ചു ബോധമില്ലാതെ അയാളുടെ കാലുകൾ അ ടിവയറ്റിൽ പതിഞ്ഞപ്പോൾ..ഒഴുകി പടർന്നു തുടങ്ങിയ ചോരയിൽ നിന്നും അഗ്നി ജ്വലിച്ചു ഇടനെഞ്ചിൽ ആളികത്തിയപ്പോൾ കൈയിൽ കിട്ടിയത് എന്തോ എടുത്തു അയാളെ അടിച്ചത് ഓർമ്മയുണ്ട്..മുഖത്തേക്ക് തെറിച്ചു വീണ ചോരയിൽ അയാളുടെ അലർച്ച കേട്ടിരുന്നു..പിന്നെ പിന്നെ ബോധം മറഞ്ഞു തുടങ്ങി ഗംഗ ആകാശത്തേക്ക് ഒരു അപ്പൂപ്പൻ താടി പോലെ പറന്നു പൊങ്ങി.

അമ്മയെ പോലെ മോൾക്കും തലയ്ക്കു സുഖമില്ല..ആരോ പറഞ്ഞു കേട്ടത് പോലെ.

ഒടുവിൽ മറവികളുടെ തിരശീല മറഞ്ഞപ്പോൾ ഓർമ്മ വന്ന ഒരു രംഗം. ഉണ്ണിയേട്ടന്റെ കൈ പിടിച്ചു നിരാമയയുടെ പടികൾ കയറുമ്പോൾ..പിടഞ്ഞ കണ്ണുകളോടെ ഉറക്കെ കരഞ്ഞു കൊണ്ടു തന്റെ അരികിലേക്ക് ഓടി വന്നൊരു രൂപം. ഓർമ്മ വന്നത് അമ്മമ്മ പറഞ്ഞു തരാറുള്ള കഥയിലെ രാജകുമാരനെയാണ്. സുന്ദരനായ രാജകുമാരൻ..അത് ദത്തനായിരുന്നു. ദത്തൻ ഉറക്കെ ഗംഗേ എന്ന് വിളിച്ചു..കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ആ നെഞ്ചിൽ ഒരു പക്ഷി കുഞ്ഞിനെ പോലെ ചേർന്നു നിൽക്കുമ്പോൾ ആ ഹൃദയമിടിപ്പിൽ അവൾ അവളെ കേട്ടു..

ആരാണെന്നു അറിയാതെ എന്തിനെന്നറിയാതെ  അവിടെ ഗംഗ തന്റെ ജീവിതത്തിന്റെ സ്പന്ദനം അറിഞ്ഞു.

നിരാമയയിൽ ചികിത്സക്കു വന്ന ഒരു മാനസികരോഗി. എല്ലാവരും ചേർന്നു അയാളെ പിടിച്ചു മാറ്റി കൊണ്ടു പോകുമ്പോൾ ഗംഗ അങ്ങനെ  നിന്നു. ഒരു ശില പോലെ. തന്നിൽ നിന്നും അടർന്നു മാറിയത് എന്തായിരുന്നു. അറിയില്ല. ഒന്നിനോടും പ്രതികരിക്കാതെ ആരോടും സംസാരിക്കാതെ ഇരുട്ടിലേക്ക് ഉൾവലിയാൻ ശ്രമിച്ചു കൊണ്ടിരുന്ന തന്നിൽ ഒരു നിമിഷം കൊണ്ടു എന്തോ സംഭവിച്ചത് പോലെ.

ഉണ്ണിയേട്ടൻ മൂർത്തി ഡോക്ടറുടെ അടുത്ത് അവളെ ഏൽപ്പിച്ചു മടങ്ങി. പോവുമ്പോൾ കരഞ്ഞു കൊണ്ടു കെട്ടി പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു. ഞാൻ വരാം ഇടയ്ക്കു…അമ്മമ്മയെയും കൂട്ടി വരാം…

ഉണ്ണിയേട്ടൻ പറഞ്ഞപ്പോൾ അവളുടെ  കണ്ണുകൾ  ജനലഴികൾക്ക് പുറത്തു ആരെയോ തേടുകയായിരുന്നു.

പിന്നെ നിരാമയയിലെ ജീവിതം…മനസ്സിന്റെ സമനില തെറ്റിയവർ..അവർക്കൊപ്പം ഗംഗയും ദത്തനും.

വിവാഹം കഴിഞ്ഞു ഏഴാം ദിവസം ആക്‌സിഡന്റിൽ മരിച്ച ഭാര്യയുടെ ചോരയിൽ കുളിച്ചു കിടക്കുന്ന രൂപം..അതാണ് ദത്തനെ ഭ്രാന്തനാക്കിയത്. തന്റെ പേരായിരുന്നു  കാണാത്ത ആ പെൺകുട്ടിക്ക്..തന്റെ ഛായ ഉണ്ടായിരുന്നുവെന്ന് ദത്തൻ പറയും. അയാൾ കരയുമായിരുന്നു ഉറക്കെ. അവസാനിക്കാൻ പോകുന്ന ഒരു പിടച്ചിലേക്കു തെറിച്ചു വീഴുന്ന തേങ്ങലിന്റെ ചീളുകൾ അവളെ ഭയപ്പെടുത്തിയിരുന്നു. ഗംഗ കരയുമായിരുന്നില്ല. ചിരിക്കില്ല. നിശ്ചലമായി വിദൂരതയിലേക്ക് നോക്കിയങ്ങനെ ഇരിക്കും.

അമ്മമ്മ ഒരിക്കൽ കാണാൻ വന്നു. കൈയിൽ കരുതിയ ആനവാൽ മോതിരം ഗംഗക്ക്  നേരെ നീട്ടി. അപരിചിതമായ എന്തോ കാണുന്ന പോലെ അവൾ  അതിനെ നോക്കി. തന്റെ പ്രാണൻ എപ്പോഴൊക്കെയോ അതിൽ കൊരുത്തിട്ടിരുന്നുവല്ലോ. പക്ഷേ അവളതു  വാങ്ങിയില്ല. ആ നിറഞ്ഞ കണ്ണുകൾ അവൾ മൗനം കൊണ്ടു കണ്ടില്ലെന്നു നടിച്ചു.

വേണമെങ്കിൽ കെട്ടിപിടിച്ചു കരയാം. തന്നെ കൊണ്ടു പോണേന്നു പറയാം. ഒന്നിനും തോന്നിയില്ല. ഭ്രാന്തിയായ ഭാര്യയെ വേണ്ടെന്ന് രഘുവേട്ടൻ പറഞ്ഞിരിക്കുന്നു..സമാധാനം. രാക്ഷസന്റെ ദയ. അച്ഛൻ തീരെ വീട്ടിൽ വരാറില്ലെന്നു പറഞ്ഞു ഉണ്ണിയേട്ടൻ.

ഒരു ദിവസം ഉണ്ണിയേട്ടൻ കൂട്ടി കൊണ്ടു പോകാൻ വന്നു. നിറഞ്ഞ കണ്ണുകൾക്കിടയിൽ ഒളിപ്പിച്ച സത്യം. അമ്മമ്മ മരിച്ചു. ആ തണുത്ത ശരീരം കാണാനുള്ള ശക്തിയില്ല. ജനലഴികളിൽ മുറുകെ പിടിച്ചു..മരവിച്ചു നിന്നു. ഉണ്ണിയേട്ടൻ പിടുത്തം ബലമായി പിടുത്തം വിടുവിക്കാൻ നോക്കി..അവൾ പല്ലുകൾ കടിച്ചു പിടിച്ചു അഴികളിൽ മുഖം അമർത്തി നിന്നു. കണ്ണുകളിൽ തെളിയുന്ന ചിരിച്ച മുഖം..ഇല്ല..ഗംഗക്ക് ആ ചിരി മാഞ്ഞ മുഖം കാണണ്ട. അങ്ങനെ ഗംഗ  പോയില്ല.ഉണ്ണിയേട്ടൻ മടങ്ങി.

ഗംഗ അവിടെ തേടി കൊണ്ടിരുന്നത് ദത്തനെ മാത്രമായിരുന്നു. ആ സാമീപ്യം. ആ സ്വരം..ആ മുഖം..തന്നിൽ എന്തോ നിറയുന്നത് പോലെ..

അമ്മമ്മയുടെ കഥയിലെ രാജകുമാരനാണ് തൊട്ടു മുന്നിൽ. എനിക്ക് തൊടാം. തന്നെയും കൊണ്ടു ഉയരങ്ങളിലേക്ക് പറന്നു പോകാൻ പറയാം. ദത്തൻ പറയുന്ന ഭ്രാന്തു കേട്ടിരിക്കും.

ഒരിക്കൽ ദത്തൻ അവളോട്‌ ചോദിച്ചു. “ഗംഗക്കു എന്നെ ഇഷ്ടമാണോ..”

ഗംഗ പറന്നു പൊങ്ങി ആകാശത്തോളം. “എന്റെ ഇഷ്ടം. ഞാൻ എങ്ങനെ പറയും.” തലയാട്ടി.

കൈകളിൽ കരുതിയ ഒരു പനിനീർ പൂവിലേക്ക് ആ ഇഷ്ടത്തെ ഏൽപ്പിച്ചു അയാൾ തിരികെ നടന്നു. പിന്നെ യാത്ര പറയാൻ സമയമായപ്പോൾ എന്തോ ഒരു പിടച്ചിൽ. അയാളെ പിരിയാൻ പറ്റില്ലെന്ന തോന്നൽ. അതാണ്  അങ്ങനെ പറഞ്ഞത്. ദത്തനോട്‌ തന്നെ കാണാൻ വരണമെന്ന്.

ജലത്തിലേക്കു കാലുകൾ നീട്ടി ഗംഗയിരുന്നു. കാലിനു ചുറ്റും ചെറിയ മീനുകൾ. “എനിക്കെന്റെ മോതിരം വേണം” ഗംഗ ഉറക്കെ പറഞ്ഞു. കൽപടവുകൾക്ക് മേലെയുള്ള വാകമരത്തിലെ പൂക്കൾ കാറ്റിൽ  കൊഴിഞ്ഞു താഴെ വീണു..കാറ്റിന് അമ്മമ്മയുടെ ഗന്ധമുണ്ട്. ദേഹത്തു തേക്കാറുള്ള നാല്പാമാരാദി തൈലത്തിന്റെ സുഗന്ധം. അമ്മമ്മയുടെ ആത്മാവ് ഇവിടെ എവിടെയോ ഗംഗയെയോർത്ത് തേങ്ങുന്നുണ്ട്. ഗംഗ വന്നതറിഞ്ഞു ഓടി വന്നു എനിക്കരികിൽ ഇരിക്കുന്നുണ്ടാവാം.

“ഞാൻ ഇനിയെന്ത് ചെയ്യണം അമ്മമ്മേ.. “

ഉണ്ണിയേട്ടന്റെ ഭാര്യ അടക്കിയ സ്വരത്തിൽ ചോദിക്കുന്നത് കേട്ടു. “ഗംഗ ഇനി ഇവിടെയാണോ താമസിക്കുന്നേ..” ഉണ്ണിയേട്ടന്റെ മറുപടി കേട്ടില്ല. രണ്ടു വയസ്സുള്ള മോളെ കൈയിൽ തരാൻ ഏടത്തി എന്തോ മടിച്ചിരുന്നു..ഭ്രാന്തിയുടെ കൈകളാണ്. അതാവും. കണ്ണുകൾ നിറഞ്ഞു കുളത്തിൽ വീണു കൊണ്ടിരുന്നു.

കുളത്തിലെ ചുഴിയിൽ നിന്നും ആരോ വിളിക്കുന്നുണ്ട്. അമ്മ..അമ്മമ്മ..പിന്നെ കണ്ടു മറന്ന മുഖങ്ങൾ.

കാൽമുട്ടുകളിൽ മുഖം താങ്ങി കുളത്തിലേക്ക് നോക്കിയിരിക്കെ തോന്നി. ചുഴിയിൽ നിന്നും തന്നിലേക്ക് നീണ്ടു വരുന്ന കൈകൾ. “ഗംഗേ..” അമ്മ വിളിക്കുന്നു. അമ്മയുടെ നീണ്ട മുടി വെള്ളത്തിൽ ഉലഞ്ഞു. ചിരിച്ച ഭംഗിയുള്ള മുഖം. ഇത്രയും ഭംഗിയിൽ അമ്മയെ കണ്ടിട്ടില്ല. ഗംഗ  എഴുന്നേറ്റു..വെള്ളത്തിലിറങ്ങി അമ്മക്ക് അരികിലേക്ക് നടന്നു. ചുഴിക്കരുകിൽ..വെളുത്ത നുരയിൽ.. കഴുത്തിനു മേലെ നനയാൻ തുടങ്ങി. അമ്മ വിളിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ എന്തോ എത്തുന്നില്ല. കാലുകളിൽ ആരോ പിടിച്ചു വലിക്കുന്ന പോലെ..ആ കറുത്ത രൂപം…ജലത്തിലേക്ക് വലിച്ചിഴച്ചു..ചുഴിയിൽ..താഴെ എന്റെ ആനവാൽ മോതിരം. പായൽ പിടിച്ച കല്ലിനടിയിൽ..ശ്വാസം മുട്ടി പിടഞ്ഞു..ഗംഗേ..ആരോ വിളിച്ചു. പരിചിത സ്വരം..ബോധം മറഞ്ഞു തുടങ്ങി. കണ്ണുകൾ മെല്ലെ അടയവേ കണ്ടു. ദത്തന്റെ ഭംഗിയുള്ള മുഖം.

ബോധം വരുമ്പോൾ ഗംഗ ദത്തന്റെ മടിയിലായിരുന്നു. നനഞ്ഞു കുതിർന്ന അവളെ ദത്തൻ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു. ആ ഹൃദയമിടിപ്പ്. ഗംഗ ഒന്ന് കൂടി അതിലേക്കു പറ്റിയിരുന്നു.

ദത്തൻ അവളുടെ  മുഖം പിടിച്ചുയർത്തി. നെറ്റിയിൽ അമർത്തി ചുംബിച്ചു. ആ കണ്ണുകൾ നിറഞ്ഞിരുന്നു.

“നീ പറഞ്ഞിരുന്നില്ലേ വരണമെന്ന്.. ഈ മുഖം കാണാതെ ഞാൻ…ദാ നോക്ക്.”

അയാൾ കൈകളിലെ ആനവാൽ മോതിരം അവൾക്കു നേരെ നീട്ടി. പിന്നെ ആ നനഞ്ഞ മോതിരവിരലിൽ അത് അണിയിച്ചു. “ഇനി ഗംഗ ഒന്നിനെയും പേടിക്കണ്ട. ഗംഗ ദത്തന്റെയാണ്.”

അവൾ കരഞ്ഞു കൊണ്ടു അയാളുടെ നെഞ്ചിൽ അള്ളിപിടിച്ചിരുന്നു.

സത്യമാണോ..സ്വപ്‌നമാണോ. ഗംഗ ആ മോതിരത്തിലേക്കു നോക്കി. സത്യമാണ്. അമ്മമ്മയുടെ കഥയിലെ രാജകുമാരൻ. ദത്തന്റെ കണ്ണുകളിൽ ഗംഗ തന്റെ  തെളിഞ്ഞ മുഖം കണ്ടു. മെല്ലെ മിഴികളടച്ചു. ആ നെഞ്ചിലേക്ക് തല ചേർത്തു വച്ചു.

ഉതിർന്നു വീഴുന്ന വാകപൂക്കൾ..അമ്മമ്മയുടെ അനുഗ്രഹം. ഗംഗ ദത്തന്റേതായിരിക്കട്ടെ  എന്നും…

~ Medhini krishnan