ഇനി എന്തിനാണ് ഇങ്ങനെ ഒരു ജീവിതം. ആർക്ക് വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പ്…

എഴുത്ത്: മഹാ ദേവൻ

===========

നേരം ഏറെ വൈകിയിരിക്കുന്നു. കിളികൾ കൂടണഞ്ഞിരിക്കുന്നു. കടൽക്കര വിജനമായിത്തുടങ്ങിയിരിക്കുന്നു. ചെറുകിടകച്ചവടക്കാരും ഉന്തുവണ്ടിയിൽ ജീവിതം തള്ളിനീക്കുന്നവരും അന്നത്തെ പ്രാരാബ്ധങ്ങളുടെ തുച്ഛവരുമാനവുമായി വീട്ടിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുന്നു.

അപ്പോഴും അവൾ മാത്രം കടൽത്തിരകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു. രാത്രി പ്രക്ഷുബ്ധമാകുന്ന കടൽത്തിരകൾ ഹുങ്കാരത്തോടെ അവളുടെ കാലുകളെ അമർത്തി ചുംബിച്ചു പിൻവാങ്ങുമ്പോൾ മണൽത്തരികൾ മാത്രം കൊലുസ്സിനെ പ്രണയിച്ചുകൊണ്ട് കാൽപാദങ്ങളിൽ തങ്ങിനിൽപ്പുണ്ടായിരുന്നു.

ഇനി എന്തിനാണ് ഇങ്ങനെ ഒരു ജീവിതം..ആർക്ക് വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പ്…എന്നും  വിടർന്നു നിൽക്കാൻ കൊതിച്ച പൂവായിരുന്നു. ഇന്നിപ്പോൾ വാടി കരിഞ്ഞു കൊഴിയാൻ വേണ്ടി വെമ്പൽ കൊള്ളുന്ന മനസ്സുമായി….

അപ്പോഴെല്ലാം അവളുടെ കണ്ണുകൾ കടലിന്റെ ആഴങ്ങളെ തിരയുകയായിരുന്നു. ഒരു സാങ്കൽപ്പികലോകത്തേക്ക്പറക്കാൻ വെമ്പുന്ന മനസ്സിൽ ജീവിതത്തോടുള്ള വെറുപ്പ് മാത്രമായിരുന്നു.

മടിക്കുത്തിൽ ഒളിപ്പിച്ചുവെച്ച മരണമൊഴി ഒന്നുകൂടി അവിടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുമ്പോൾ അവൾ ചിന്തിക്കുന്നുണ്ടായിരുന്നു “മടികുത്തിൽ ഈ മരണമൊഴി വെച്ചിട്ട് വെള്ളത്തിൽ ചാടിയാൾ ഇതു വെറുമൊരു കടലാസ് മാത്രമായി കടൽവെള്ളത്തിലേക്ക് അലിഞ്ഞുചേർന്നാൽ…പിന്നെ എങ്ങിനെ മറ്റുള്ളവർ അറിയും എന്റെ മരണത്തിന്റെ ഉത്തരവാദികളെ….

പക്ഷേ, ലോകം അറിയണം തന്റെ മരണത്തെ കുറിച്ച്…തന്റെ മരണത്തോടെ ജയിച്ചെന്ന് കരുതുന്നവർക്ക് മുന്നിൽ മരണം കൊണ്ട് തോല്പ്പിക്കണം…അതിനാണ് ഈ മരണമൊഴി. പക്ഷേ…..

അതിന് ഇനി ഒറ്റ വഴിയേ ഉളളൂ. മനസ്സിൽ ഉരുവിട്ട്കൊണ്ടവൾ പതിയെ കയ്യിലുണ്ടായിരുന്ന മൊബൈലിൽ മരണമൊഴി ടൈപ്പ് ചെയ്ത് അവൾക്ക് വേണ്ടപ്പെട്ട രണ്ട് മൂന്ന് പേരുടെ നമ്പറിലേക്ക് സെന്റ് ചെയ്യുമ്പോൾ ഒന്നുകൂടി അവൾ തീരുമാനിച്ചിരുന്നു. താൻ ഈ കടലിന്റെ ആഴങ്ങളിലേക്ക് ചുവടുകൾ വെക്കുമ്പോൾ ചില തെളിവുകൾക്ക് ഈ മൊബൈൽ കരയിൽ തന്നെ വേണം…

അങ്ങനെ ചിന്തിച്ചുകൊണ്ട് അവൾ കയ്യിലിരുന്ന മൊബൈൽ തിരയടിക്കില്ലെന്ന് ഉറപ്പ് വരുത്തി കുറച്ച് മുകളിലോട്ട് വെച്ച് പതിയെ കടൽ ലക്ഷ്യമാക്കി നടന്നു….

ഓരോ അടികൾ മുന്നോട്ട് നടക്കുംതോറും അവളുടെ മനസ്സിൽ അതുവരെ അനുഭവിച്ച ഓരോ നിമിഷങ്ങളും തിരപോലെ അലയടിച്ചിറങ്ങിയും കേറിയും വരുന്നുണ്ടായിരുന്നു. അരക്കൊപ്പം വെള്ളത്തിലെത്തിയിരിക്കുന്നു. ഇനി കുറച്ചു നിമിഷങ്ങൾ മാത്രം. പലരും ചേർന്ന് തോൽപ്പിച്ച ജീവിതത്തിൽ നിന്ന് ആ പല വ്യക്തികളെയും തോൽപ്പിക്കാനായി മരണത്തിലേക്ക് കാലെടുത്തു വെക്കുന്നു.

അതേ സമയത്തായിരുന്നു കുറച്ചപ്പുറത്തു നിന്ന് അവളിലേക്ക് ആരോ ടോർച്ചിന്റെ വെട്ടം തെളിച്ചതും അവൾക്കരികിലേക്ക് ഒരാൾ ഓടി വന്നതും.

തിരകളിൽ ആടിയുലഞ്ഞുകൊണ്ട് മുന്നോട്ട് നടക്കുന്ന അവളുടെ കയ്യിൽ പിടി വീഴുമ്പോൾ ഒരു ഞെട്ടലോടെ ആണ് അവൾ തിരിഞ്ഞു നോക്കിയത്…

“എന്താ കൊച്ചേ, ചവാൻ ഇറങ്ങിയതാണോ ഈ പാതിരാത്രി മനുഷ്യന് പണിയുണ്ടാകാൻ?” എന്ന് ദേഷ്യത്തോടെ ചോദിച്ചുകൊണ്ട് അവളെയും വലിച്ചുകൊണ്ടയാൾ കരയിലേക്ക് കയറുമ്പോൾ അയാൾക്ക് വരാൻ കണ്ട നിമിഷത്തെ ഓർത്ത് പ്രാകുകയായിരുന്നു അവൾ.

അയാൾക്കൊപ്പം നനഞ്ഞൊട്ടി കരയിലേക്ക് കയറുമ്പോഴും അയാൾ കയ്യിലെ പിടി വീട്ടില്ലായിരുന്നു.

“ഇവിടെ ആരും ഇല്ലെന്ന് കരുതിയാണോ കൊച്ചേ നീ ചവാൻ ഇറങ്ങിയത്. ഇപ്പോൾ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ…?ഇവിടെ സെക്യൂരിറ്റിപണിക്ക് നിൽക്കുന്ന ഞങ്ങൾക്ക് പണിയുണ്ടാക്കാൻ ഇറങ്ങിക്കോളൂം ഓരോന്ന്…”

അയാൾ ദേഷ്യത്തോടെ അവളെ നോക്കി ശകാരിക്കുമ്പോൾ അവൾക്കും അയാളോട് ദേഷ്യമാണ് തോന്നിയത്.

“മനുഷ്യനെ ഒന്ന് ചാവാനും സമ്മതിക്കില്ലേ നിങ്ങൾ. ജീവിതത്തിൽ ഒരു ഗതിയും ഇല്ലാത്തവരാ ചവാൻ വരുന്നത്. അതിനും സമ്മതിക്കില്ലെന്ന് വെച്ചാൽ…ഞാൻ ചത്തത് കൊണ്ട് നിങ്ങളുടെ ജോലി ഒന്നും പോകില്ലല്ലോ. എത്രയോ പേര് ആത്മഹത്യ ചെയ്യുന്നു. അതിൽ ഒരാളായി ഞാനും അങ്ങ് പോകുമായിരുന്നല്ലോ. “

അവൾ ദേഷ്യപ്പെടുമ്പോൾ അതോടൊപ്പം കണ്ണുകളും നിറയുന്നുണ്ടായിരുന്നു.

“ഇപ്പോൾ താൻ അയച്ച മെസ്സേജ് കൂട്ടുകാർക്ക് കിട്ടിയിട്ടുണ്ടാകും. അവർ ചിലപ്പോൾ അന്വേഷണവും തുടങ്ങിയിട്ടുണ്ടാകും. മെസ്സേജ് കണ്ടെങ്കിൽ പോലീസിൽ അറിയിക്കാനും സാധ്യതയുണ്ട്. അവർ ആ മെസ്സേജ് വായിക്കുമ്പോഴേക്കും ഈ ഭൂമിയിൽ നിന്ന് പോണം എന്നാണ് കരുതിയത്,  പക്ഷേ ഇയാൾ…”

അവൾ പല്ലുകൾ ഞെരിച്ചുകൊണ്ട് ഈർഷ്യത്തോടെ അയാളെ നോക്കി.

“കുട്ടി…മരിക്കാൻ അത്ര താല്പര്യം ആണെങ്കിൽ ഞാൻ തടയില്ല. പക്ഷേ, തന്റെ കാരണങ്ങൾ മരിക്കാൻ ഉള്ളത് ഉണ്ടോ എന്ന് അറിയാലോ. ഇല്ലെങ്കിൽ എന്തിനാണ് വെറുതെ. അതുകൊണ്ട്  കുട്ടിയുടെ ഇപ്പോഴത്തെ പ്രശ്നം എന്താണെന്ന് ആദ്യം പറ..എന്നിട്ട് മരിച്ചോ…എനിക്കും ഉണ്ട്‌ ഇതുപോലെ ഒരു മകൾ. അതുകൊണ്ട് മുന്നിൽ നിന്ന് ഒരാളെ വെറുതെ മരണത്തിലേക്ക് തള്ളിവിടാൻ തോന്നുന്നില്ല. നീ ഇപ്പോൾ എന്റെ കൂടെ വാ.”

എന്നും പറഞ്ഞ് അവളുടെ കയ്യും പിടിച്ച് അയാൾക്കായിലുള്ള മുറിയിലേക്ക് നടക്കുമ്പോൾ അവൾക്ക് മനസ്സിൽ നിരാശയായിരുന്നു.

“ഇനി മരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇയാൾ പോലീസിൽ അറിയിച്ചാൽ….ഈ ശ്രമവും അതോടെ പരാജയപ്പെടും.”

എന്നെല്ലാം ഓർത്തുകൊണ്ട് അയാൾക്കൊപ്പം നടന്ന് ആ കുടുസുമുറിയിൽ എത്തുമ്പോൾ അവിടെ കസേരയിൽ കിടന്ന തോർതെടുത്ത്‌ അവൾക്ക് നേരെ നീട്ടി അയാൾ,

“ആദ്യം ആ തലയും ശരീരവും തുടക്ക്. നല്ല തണുപ്പ് ഉണ്ടാകും. പിന്നെ മരിക്കണമെന്ന് അത്ര നിർബന്ധം ആണേൽ കുറച്ചു കഴിഞ്ഞു മരിക്കാം. അതിന് മുന്നേ എന്താണ് ഇതിനൊക്കെ ഉളള കാരണം എന്ന് പറയൂ. അല്ലെങ്കിൽ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും. “

അയാൾ അത് കൂടി പറഞ്ഞപ്പോൾ പിന്നെ അവൾക്ക് നിവർത്തിയില്ലായിരുന്നു. ഈ തീരുമാനത്തിലേക്ക് എത്തിയ സംഭവങ്ങളെ കുറിച്ച് പറയാതിരിക്കാൻ.

ഓരോന്നും മൂളികേൾക്കുമ്പോൾ അയാളുടെ മുഖത്തു ആശ്ചര്യവും വിഷമവുമെല്ലാം മാറിമാറി പ്രതിഫലിക്കുന്നുണ്ടായിരുന്നു.

എല്ലാം പറഞ്ഞ് കഴിഞ്ഞ് പൊട്ടിക്കരയുന്ന അവളുടെ മുടിയിഴകളിലൂടെ അയാൾ കൈ കൊണ്ട് തലോടുമ്പോൾ പറയുന്നുണ്ടായിരുന്നു “സാരമില്ല മോളെ.. ജീവിതം അങ്ങനെ ആണ്. നമ്മൾ കൊതിക്കുന്നതല്ല പലതും നമ്മെ തേടി വരുന്നത്. ഇപ്പോൾ നിനക്ക് മുന്നിൽ ശത്രുക്കളായി ഒരുപാട് പേരുണ്ട്. അച്ഛൻ, അമ്മ കാമുകൻ, ഭർത്താവ്, ഭർത്താവിന്റെ കൂട്ടുകാർ… അങ്ങനെ ഒരുപാട് പേർ. പലർക്കു മുന്നിലും നിന്റെ മാനം വെച്ചു വിലപേശിയ ഭർത്താവ്. കാര്യം കഴിഞ്ഞപ്പോൾ കൊയ്യോഴിഞ്ഞ കാമുകൻ. വയസ്സിനെക്കാൾ വളർച്ച എത്തിയ മകളുടെ ശരീരം മോഹിച്ച അച്ഛൻ. പെറ്റിട്ടു മു ലയൂട്ടാൻ പോലും നിൽക്കാതെ മറ്റൊരുത്തന്റെ കൂടെ സ്വന്തം സുഖം തേടി പോയ അമ്മ. ഇത്രയേറെ അനുഭവിച്ച നിനക്ക് മരിക്കാൻ അവകാശമുണ്ട്. പക്ഷേ….”

അവൾക്ക് അപ്പഴേ ഉറപ്പായിരുന്നു അയാൾ മരിക്കാൻ സമ്മതിക്കില്ലെന്ന്. അയാളുടെ മകളുടെ പ്രായമല്ലേ തനിക്കും എന്ന്. ഏത് നിമിഷവും അയാൾ പോലീസിനെ വിളിക്കാമെന്ന്…..

ആ രാത്രി പതിയെ പുലരിയിലേക്ക് ചേക്കേറുമ്പോൾ അയാൾ പതിയെ ബൈക്കുമെടുത്തു വീട്ടിലെത്തിയിരുന്നു.

ഇന്നലത്തെ ഉറക്കക്ഷീണം ഉറങ്ങിതീർത്ത്‌ എഴുന്നേൽക്കുമ്പോൾ അയാൾക്ക് മുന്നിൽ മകൾ ഉണ്ടായിരുന്നു ഒരു ഞെട്ടലോടെ, “അച്ഛൻ ഒന്ന് വന്ന് നോക്കിയേ…” എന്നും പറഞ്ഞുകൊണ്ട് അവൾ അയാളെ റൂമിൽ നിന്നും ഹാളിലേക്ക് വിളിക്കുമ്പോൾ അവൾ ആകാംഷയോടെ ടീവിയിലേക്ക് നോക്കി നിൽക്കുകയായിരുന്നു, അതിൽ ബ്രെക്കിങ്ന്യൂസ്‌ ആയി ആ വാർത്തയും ഉണ്ടായിരുന്നു.

“കടൽത്തീരത്ത് ഒരു പെൺകുട്ടിയുടെ ജ ഡം. ആ ത്മഹത്യ ആകാമെന്ന് പോലീസ്. പെണ്കുട്ടിയുടേതെന്ന് സംശയിക്കുന്ന ഒരു മൊബൈലും സംഭവസ്ഥലത്തു നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്……. “

അങ്ങനെ ഒരു നീണ്ട ഫ്ലാഷ് ന്യൂസ് ടീവി യിൽ ചാനലുകാർക്ക് ചാകയാകുമ്പോൾ അത് നോക്കി ഒരു നിമിഷം നിന്ന് അയാൾ പതിയെ കുളിമുറിയിലേക്ക് നടക്കുമ്പോൾ പറയുന്നുണ്ടായിരുന്നു “മോളെ, അച്ഛൻ കുളിക്കുമ്പോഴേക്കും കഴിക്കാൻ എന്തേലും എടുത്തുവെക്ക് ” എന്ന്.

കുളിമുറിയിൽ കേറി ഡ്രസ്സ്‌ മാറി ഷവറിന്റ ചോട്ടിൽ നിൽക്കുമ്പോൾ അയാൾക്ക് ശരീരത്തിൽ പലയിടത്തും നീറ്റൽ അനുഭവപ്പെട്ടു.  ആ സുഖമുള്ള നീറ്റലിൽ ചുണ്ടിൽ ചിരി വിടരുമ്പോൾ ഇന്നലെ അവളുടെ നഖങ്ങൾകൊണ്ട് പോറിയ മുറിവിലൂടെ അയാൾ കൈ ചേർത്തു വെച്ചു. അപ്പോൾ അയാൾക്ക് മുന്നിൽ അവൾ ഉണ്ടായിരുന്നു. അവളുടെ യാചനയുണ്ടായിരുന്നു…കണ്ണുനീർ ഉണ്ടായിരുന്നു. അതൊക്കെ ആയിരുന്നു ആ നിമിഷങ്ങളെ സുന്ദരമാക്കിയതും…

ഇന്നലത്തെ രാത്രി അവളുടെ അവസാന പിടച്ചിൽ വരെ ഉളള ആ  നിമിഷങ്ങൾ കണ്മുന്നിൽ തെളിയുമ്പോൾ അയാൾ ചിരിക്കുകയായിരുന്നു…

അപ്പോഴും ടീവി യിൽ ഫ്ലാഷ് ന്യൂസ്‌ അവളുടെ ആ ത്മഹത്യ ആയിരുന്നു.

അയാൾക്കത്  അവളോടൊത്തുള്ള സുഖം നിറഞ്ഞ നിമിഷങ്ങളും…

~ ദേവൻ (23-07-2020)