ഭര്‍ത്താവ് അച്ഛനാകുമ്പോൾ…
Story written by Shaan Kabeer
===========
“ഞാന്‍ നിന്നെ കല്യാണം കഴിച്ച് എന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നതേ, എന്റെ അച്ഛനേയും അമ്മയേയും നോക്കാനാണ്. അല്ലാതെ എല്ലാ മാസവും നിന്റെ വീട്ടില്‍ പോയി പെറ്റു കിടക്കാനല്ല”
ഹരി പൊട്ടിത്തെറിക്കുന്നത് കണ്ട സുമ ദയനീയമായി ഹരിയെ നോക്കി
“അതിനിപ്പം എന്താ ഇവിടെ ഉണ്ടായേ ഹരിയേട്ടാ. മാസത്തില്‍ മൂന്നോ നാലോ ദിവസം എന്റെ വീട്ടില്‍ പോയി നില്‍ക്കുന്നതാണോ ഇത്ര വലിയ തെറ്റ്”
“അങ്ങനെ മാസാമാസമൊന്നും നിന്റെ വീട്ടില്‍ പോയി നില്‍ക്കാന്‍ പറ്റില്ല. എന്റെ വീട്ടിലെ കാര്യം കഴിഞ്ഞിട്ടു മതി നിന്റെ വീട്ടിലെ കാര്യം”
“ആണ്‍കുട്ടികളില്ലാത്ത എന്റെ അച്ഛനും അമ്മക്കും ഞാനല്ലാതെ വേറെ ആരാ ഉള്ളത് ഹരിയേട്ടാ. വയസ്സ് ആയവരല്ലേ”
തന്റെ കയ്യിലുള്ള മൊബൈല്‍ താഴോട്ട് വലിച്ചെറിഞ്ഞ് ഹരി ഗർജിച്ചു
“നീ കൂടുതല്‍ ചിലക്കൊന്നും വേണ്ട.ഒന്നുകില്‍ ഇവിടെ അല്ലെങ്കില്‍ അവിടെ…അത് നിനക്ക് തീരുമാനിക്കാം”
ഇത്രയും പറഞ്ഞ് ഹരി കാറുമെടുത്ത് പുറത്തേക്ക് പോയി. സുമ പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയില്‍ കയറി വാതിലടച്ചു.
ഹരിയും സുമയും വിവാഹിതരായിട്ട് രണ്ട് വര്‍ഷമായി. രണ്ടുപേരും പരസ്പരം ജീവനുതുല്യം സ്നേഹിച്ചിരുന്നു. പക്ഷെ ചില കാര്യങ്ങളില്‍ ഹരി ഭയങ്കര പിടിവാശിക്കാരനാണ്. അതില്‍ ഒന്നാണ് തന്റെ ഭാര്യയെ സ്വന്തം വീട്ടില്‍ അവള്‍ ആഗ്രഹിക്കുന്ന സമയത്ത് പറഞ്ഞയക്കില്ല എന്ന വാശി. അത് ഇനി ആകാശം തന്നെ ഇടിഞ്ഞു വീണാലും ശരി അയാള്‍ സമ്മതിക്കില്ല.
ഹരി പിന്നെ ഭാര്യയുടെ വീട്ടിലേക്കേ തിരിഞ്ഞു നോക്കാറില്ല. ഭാര്യവീട്ടിൽ പോവുക, അവിടെ താമസിക്കുക എന്നൊക്കെ പറഞ്ഞാല്‍ എന്തോ കുറച്ചിൽ പോലെയാണ് അയാള്‍ക്ക്. അതൊന്നും ആണുങ്ങൾക്ക് ചേര്‍ന്ന പരിപാടിയല്ല എന്നാണ് അവന്‍ എപ്പോഴും പറയാറുള്ളത്.
പരസ്പരം കലഹിച്ചും, പിണങ്ങിയും, സ്നേഹിച്ചും അവരുടെ ജീവിതം മുന്നോട്ട് പോയി. അവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു. അവര്‍ അവളെ പൊന്നുപോലെ വളര്‍ത്തി.
അവളുടെ കല്യാണ ദിവസമാണ് ഹരി ജീവിതത്തില്‍ ആദ്യമായി കരയുന്നത്. അവളെ പിരിഞ്ഞ് ഒരു ദിവസം പോലും ഇരിക്കാന്‍ അവന് സാധിക്കില്ലായിരുന്നു. അന്ന് രാത്രി അവന് ഉറങ്ങാന്‍ സാധിച്ചില്ല. ഒരുപാട് തവണ അവളുമായി ഫോണില്‍ സംസാരിച്ചു. പിറ്റേ ദിവസം നേരം വെളുത്തപ്പോൾ തന്നെ അവന്‍ മോളുടെ വീട്ടില്‍ പോയി അവളെ കണ്ടു സംസാരിച്ചു.
മകളും ഭര്‍ത്താവും വല്ലപ്പോഴും അവരുടെ വീട്ടില്‍ വന്നു താമസിച്ചു. അത് അവര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു.
വരുന്ന മകളുടെ പിറന്നാള്‍ തന്റെ വീട്ടില്‍ വെച്ച് ഗംഭീരമായി ആഘോഷിക്കാൻ ഹരി തീരുമാനിച്ചു. ആ കാര്യം ഹരി മകളെ വിളിച്ച് പറയുകയും ചെയ്തു. മകള്‍ക്ക് ഒരുപാട് സന്തോഷമായി. അവള്‍ ഭര്‍ത്താവിനേയും കൂട്ടി വരാം എന്ന് ഹരിക്ക് വാക്ക് കൊടുത്തു.
ഹരി ഓടിച്ചാടി നടന്ന് പരിപാടിക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തു. മകള്‍ക്കും ഭര്‍ത്താവിനും ഒരു സർപ്രൈസ് ഗിഫ്റ്റും ഒരുക്കിയിരുന്നു അവന്‍. പക്ഷെ പരിപാടിയുടെ തലേ ദിവസം രാത്രി മകള്‍ വിളിച്ചു പറഞ്ഞു തങ്ങള്‍ക്ക് വരാന്‍ സാധിക്കില്ല എന്ന്. അത് കേട്ടപ്പോള്‍ ഹരിയുടെ നെഞ്ചൊന്ന് പിടഞ്ഞു. ഹരി മകളെ വീണ്ടും ഒരുപാട് നിര്‍ബന്ധിച്ചു. തന്റെ ഭര്‍ത്താവ് സമ്മതിക്കുന്നില്ല എന്ന് സങ്കടത്തോടെ അവള്‍ പറഞ്ഞു. ഉടന്‍ ഹരി മരുമകനെ വിളിച്ചു
“മോനേ, നിങ്ങള്‍ വരും എന്ന ഉറപ്പിലാണ് ഞാനും അമ്മയും ഇവിടെ കാത്തിരിക്കുന്നത്. നിങ്ങള്‍ വരാതിരിക്കരുത്”
“ആരോട് ചോദിച്ചിട്ടാണ് അച്ഛന്‍ ഞങ്ങള്‍ വരും എന്ന് ഉറപ്പിച്ചത്. ഇതിനെ കുറിച്ച് ഒരു വാക്ക് പോലും അച്ഛനോ അമ്മയോ എന്നോട് സംസാരിച്ചില്ലല്ലോ”
“മോനേ, ഞാന്‍ മോളെ വിളിച്ച് പറഞ്ഞിരുന്നു”
“മോളെ അല്ല അച്ഛാ വിളിച്ചു പറയേണ്ടത്. അവളുടെ ഭര്‍ത്താവായ എന്നെയാണ്. എന്തായാലും ഞങ്ങള്‍ക്ക് വരാന്‍ സാധിക്കില്ല. നാളെ വേറെ ചില പ്രോഗ്രാം ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. കുറച്ച് ദിവസം കഴിഞ്ഞ് ഞങ്ങള്‍ വരാം”
ഹരി വീണ്ടും അവനെ ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷെ അവന്‍ പറഞ്ഞ വാക്കിൽ തന്നെ ഉറച്ചു നിന്നു. ഫോണ്‍ വെച്ച ഉടന്‍ ഹരി റൂമിലേക്ക് പോകുന്നത് സുമ കണ്ടു. ഹരി പൊട്ടിക്കരയുകയായിരുന്നു അപ്പോള്‍. അവള്‍ അവനെ ആശ്വസിപ്പിച്ചു
“എന്റെ ഹരിയേട്ടൻ എന്തിനാ കരയണേ. ജീവിതം ആരംഭിച്ചപ്പോൾ നമ്മള്‍ രണ്ടു പേരും തനിച്ചായിരുന്നില്ലേ, ഇപ്പോഴും നമ്മള്‍ തനിച്ചാണ്. എനിക്ക് എന്റെ ഹരിയേട്ടനും ഹരിയേട്ടന് ഈ ഞാനും ഇല്ലേ കൂട്ടായിട്ട്…അത് മതി ഹരിയേട്ടാ നമുക്ക്”
ഹരി സുമയുടെ കണ്ണിലേക്കു നോക്കി
“ഇത് തന്നെയായിരിക്കും അല്ലേ പണ്ട് നിന്റെ അമ്മ അച്ഛനോട് പറഞ്ഞിട്ടുണ്ടാവുക”
~ഷാൻ കബീർ