പ്രായം തികഞ്ഞ ഒരു പെണ്ണിനെ ഈ നാലഞ്ച് ആണ്പിള്ളേരുടെ കൂടെ ചുറ്റാൻ വിടുന്നതിനു, ഹോ എനിക്കാണെങ്കിൽ ഓർക്കാൻ കൂടി വയ്യ….

ആകാശത്തോളം പറക്കാൻ കഴിയുമ്പോൾ…

Story written by Ammu Santhosh

============

“എന്താ നിമ്മി ഇന്നലെ കുറെ കുട്ടികൾ ഒക്കെ വരുന്നത് കണ്ടല്ലോ. അപർണയുടെ കൂട്ടുകാരായിരിക്കുമല്ലേ?”

ചെടി നനച്ചു കൊണ്ട് നിൽക്കവേ അയല്പക്കത്തെ അനിത മതിലിനരികിൽ വന്നെത്തി നോക്കുന്നത് കണ്ടപ്പോഴേ നിമ്മിക്ക് തോന്നിയിരുന്നു ഇത് ചോദിക്കാൻ തന്നെ ആണ് വരവെന്നു

“അതെ അവർ ഇന്നല്ലേ ഹിമാലയത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്? ഇവിടെ നിന്നാണ് പോകുക”

“എന്നാലും നിങ്ങൾ അച്ഛനെയും അമ്മയെയും സമ്മതിക്കണം കേട്ടോ. പ്രായം തികഞ്ഞ ഒരു പെണ്ണിനെ ഈ നാലഞ്ച് ആണ്പിള്ളേരുടെ കൂടെ ചുറ്റാൻ വിടുന്നതിനു..ഹോ എനിക്കാണെങ്കിൽ ഓർക്കാൻ കൂടി വയ്യ. എനിക്കുമുണ്ടല്ലോ രണ്ടു പെൺകുട്ടികൾ. ഞാൻ വളർത്തുന്നത് നീ കാണുന്നുണ്ടാവുമല്ലോ. പിള്ളേരുടെ അച്ഛൻ എന്നേക്കാൾ സ്ട്രിക്ട് ആണ്. ഒറ്റ ആണ്പിള്ളേർ വീട്ടിൽ വരുന്നത്, ആവശ്യത്തിൽ കൂടുതലുള്ള സംസാരം എന്തിന് ഈ മൊബൈൽ ഫോണിന് പോലും സമയം വെച്ചിട്ടുണ്ട്..ഉപയോഗിച്ച് കഴിഞ്ഞു പുള്ളിക്കാരന്റെ കയ്യിൽ കൊടുത്തു മുറിയിൽ പോയിരുന്നു പഠിച്ചോണം. മക്കൾ ഒക്കെ ശരിയാ പക്ഷെ ഇവരെയൊന്നും അത്രയ്ക്ക് അങ്ങോട്ട് കണ്ണുമടച്ചു വിശ്വസിക്കേണ്ടന്നെ. ഭയങ്കര കള്ളികളാ ഈ പെണ്ണുങ്ങൾ. പിന്നെ പുള്ളി പോലീസിൽ ആയകൊണ് ഇവളുമാരുടെ വിളച്ചിൽ ഒന്നും അവിടെ നടക്കുകേല..”

“പെണ്ണുങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നു പെണ്ണുങ്ങൾ തന്നെ പറഞ്ഞു നടന്നാ പിന്നെ എന്ത് ചെയ്യാനാ? നമ്മളും അതിൽ പെടില്ലേ അനിതെ? സ്വന്തം മക്കൾക്ക് സ്വാതന്ത്ര്യം കൊടുത്തു നോക്ക്. ഈ അഭിപ്രായം ചിലപ്പോൾ അങ്ങ് മാറും. നമ്മൾ അവരെ വിശ്വസിക്കുന്നു എന്ന് അറിയുമ്പോൾ ആ വിശ്വാസം തെറ്റിക്കാതിരിക്കാൻ കുഞ്ഞുങ്ങൾ അവരെ കൊണ്ട് സാധ്യമാകുന്നത് എല്ലാം ചെയ്യും. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സംഭവങ്ങൾ ഒക്കെ ഉണ്ടാവും. പക്ഷെ ജനെറലൈസ് ചെയ്യരുത് “

“ആന്റിയെ ഗോതമ്പു മാവ് എവിടെയാ വെച്ചേക്കുന്നേ? ഞങ്ങൾ ഉണ്ടാക്കാൻ പോവാ ബ്രേക്ക്‌ ഫാസ്റ്റ്”

വൈഷ്ണവും അമലും.

“ദിയയുടെ കൂട്ടുകാരാ..ഇന്നലെ വന്നില്ലേ?” നിമ്മി അനിത യോടായി പറഞ്ഞു

“ഹായ് ആന്റി ” അവർ അനിത യെ നോക്കി കൈ വീശി അനിത ചെറുതായ് ഒന്ന് ചിരിച്ചു

“ഗോതമ്പു മാവ്  ദിയയ്ക്കറിയാം. ഷെൽഫ് നോക്കു ” നിമ്മി അവരോട് പറഞ്ഞു

“അവൾ ചിക്കൻ വാങ്ങാൻ പോയി..അങ്കിളെന്ത്യയെ? ആ മരങ്ങോടൻ ജിഷ്ണുവിനേം കാണുന്നില്ല  “

“അവർ നടക്കാൻ പോയി ഇപ്പൊ വരും നിങ്ങൾ തുടങ്ങി ക്കോ..”

“വോകെ.. കുറച്ചു കൂടുതൽ ഉണ്ടാക്കുമെ വൈകുന്നേരം പോകുമ്പോൾ കുറച്ചു പൊതിഞ്ഞെടുക്കാമല്ലോ “

നിമ്മി ചിരിച്ചു കൊണ്ട് തലയാട്ടി. അവർ പോയി

“ഇവന്മാർക്ക് പാചകം ഒക്കെ അറിയാമോ?”

“എല്ലാവർക്കും പാചകം അറിയാം. എന്റെ മോൾ അതിന്റ expert ആണ്..പിള്ളേർ എല്ലാം പഠിക്കണ്ടേ?”

“ഇതുങ്ങൾ മാത്രം ആയിട്ട് ഹിമാലയത്തിൽ ഒക്കെ പോകുക എന്ന് വെച്ചാൽ നിനക്ക് പേടിയില്ലേ എന്റെ നിമ്മി?”

“എന്തിന്? അവരുടെ ഇഷ്ടം ലോകം കാണുക എന്നതാണ് ധാരാളം യാത്രകൾ ചെയ്യുക. ദിയ ഒരു പെൺകുട്ടി ആയിപ്പോയത് കൊണ്ട് അവൾക്ക് യാത്ര ചെയ്യണ്ടേ? പോകട്ടെന്ന്..ഇത് കഴിഞ്ഞു ഉടനെ ആർമിയിലേക്ക് ജോയിൻ ചെയ്യാനുള്ളതാ..പെൺപിള്ളേർ നല്ല മിടുക്കികൾ ആയി വളരട്ടെ അല്ലാതെ ബ്രോയ്ലർ കോഴിയെ പോലെ അടച്ചിട്ടു തീറ്റയും കൊടുത്തു വളർത്തി ഏതെങ്കിലും ഒരുത്തൻ വന്നു ചോദിക്കുമ്പോൾ പിടിച്ചു കൊടുത്ത്..അവൻ കൊണ്ട് പോയി കൊല്ലുമോ വളർത്തുമോ നോക്കുമോ..സ്വയം തന്റേടം ഉണ്ടെങ്കിൽ അവരവരെ നോക്കിക്കൊള്ളും “

ചെടികൾ നനച്ചു തീർന്ന് നിമ്മി അടുക്കളയിലേക്ക് പോയി

അനിത കുറച്ചു നേരം കൂടി അങ്ങനേ നിന്ന് പിന്നെ വീട്ടിലേക്ക് നടന്നു

“അമ്മ വരുന്നു പിന്നെ വിളിക്കാമെ ” അടക്കി പറഞ്ഞു മകൾ ഫോൺ കട്ട്‌ ചെയ്തു ഒളിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടു അവര ഫോൺ പിടിച്ചു വാങ്ങി

“ഇതേതാ ഫോൺ?” കുനിഞ്ഞു നിൽക്കുന്നു

“അതവൾക്ക് അവളുട ഫ്രണ്ട് അശ്വിൻ കൊടുത്തതാ അമ്മേ..അവര് തമ്മിൽ ലൈനാ”

അനിയത്തി പെട്ടെന്ന് പറഞ്ഞപ്പോൾ മൂത്തവൾ അവളെ ഒറ്റ അടി കൊടുത്തു

“കണ്ടവന്മാരുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചതെന്തിനാടി ഞാൻ ഇപ്പൊ അച്ഛനോട് ചെന്ന് പറയട്ടെ “

“ബെസ്റ്റ്..അച്ഛൻ ഇത് മേടിച്ചു വെച്ചാൽ വേറെ കിട്ടും..അമ്മക്ക് വേറെ പണിയൊന്നുമില്ലേ?” ചേച്ചിക്ക് അഞ്ചാറ് ലൈൻ ഉണ്ട്..ആരെങ്കിലും കൊടുക്കും ” അനിയത്തി ചിരിക്കുന്നു

മൂത്തവൾ മുറിയിൽ കയറി വാതിൽ അടച്ചു

അവർ എന്ത് വേണമെന്ന് അറിയാതെ അങ്ങനേ നിന്ന് പോയി

ഭർത്താവിനോട് പറഞ്ഞാൽ ഇനിയും അവളെ അടിക്കുന്നത് കാണണം. എന്നാലും നന്നാകുമോ ഇതൊക്ക ഇനിയുമാവർത്തിക്കും. മറ്റുള്ളവരുടെ കുട്ടികളെ കുറ്റം പറയാൻ പോയ സമയം സ്വന്തം മക്കളിലേക്ക് നോക്കിയില്ല. അനുഭവിക്കുക തന്നെ.

“അഞ്ജു വാതിൽ തുറക്ക്. നമുക്ക് അപ്പുറത്തെ വീട്ടിൽ ഒന്ന് പോയിട്ട് വരാം ദിയയും ഫ്രണ്ട്സും ഒരു യാത്ര പോകുന്നുന്നു. നീ വരുന്നോ ദേവു?” ഇളയമകളോട് ചോദിച്ചു അനിത

“ഹായ് ആണോ അമ്മേ?ഞാനും വരുന്നു. “

അവൾ പറഞ്ഞു

കുറച്ചു കഴിഞ്ഞു വാതിൽ തുറന്നു അഞ്ജുവും വന്നു

അവരങ്ങോട്ടക്ക് ചെന്നു

നിമ്മി സന്തോഷത്തോടെ അവരെ സ്വീകരിച്ചു

ആ പകൽ മനോഹരമായിരുന്നു. അവരുട തമാശകൾ

സ്വതന്ത്രമായ ഇടപെടലുകൾ

കളിചിരികൾ

ഒടുവിൽ അവരെ യാത്ര അയച്ചിട്ടാണ്‌ അവരുടെ വീട്ടിലേക്ക് അവർ മടങ്ങിയത്

രാത്രി

“നമ്മൾ നമ്മുട കുട്ടികളെ സ്നേഹിക്കുന്നത് ശരിയായിട്ടല്ല ” അനിത ഭർത്താവിനോട് പറഞ്ഞു

“അതെന്താ അനിതെ നിനക്ക് അങ്ങനെ തോന്നാൻ?”

അവർ അന്ന് നടന്നത് എല്ലാം പറഞ്ഞു

“ആവേശം കയറി തല്ലിക്കൊല്ലാൻ നിൽക്കണ്ട. എത്രയും കെട്ടിപ്പൂട്ടി വെയ്ക്കുമോ അത്രയും പുറത്തേക്ക് പോകാനുള്ള ഒരു ആഗ്രഹം ഉണ്ടാകും വിലക്കുകൾ കൂടും തോറും അത് പൊട്ടിച്ചെറിയാൻ തോന്നും. കുറച്ചു സ്വാതന്ത്ര്യം എങ്കിലും കൊടുത്തില്ലെങ്കിൽ..ഒരു പക്ഷെ “

അയാൾ നിശബ്ദനായിരുന്നു കേട്ടു

ഹിമാലയത്തിന്റ ഗംഭീര്യം നിറഞ്ഞ ദൃശ്യങ്ങൾ പകർത്തി നടക്കുമ്പോൾ വൈഷ്ണവ് ദിയയെ നോക്കി

“ദിയ “

“ഉം?”

“പലപ്പോഴും പറയണം എന്ന് കരുതിയതാ..പിന്നെ ഒരു ചമ്മൽസ്.. Do you love me?”

ദിയ ചിരിച്ചു

“അമലിനെ പോലെ എനിക്ക് നിന്നെയും ഇഷ്ടമാണ്.. “

അവന്റ മുഖം ഒന്ന് വാടി

“എടാ ദേ നല്ലൊരു റിലേഷൻ റൊമാൻസ് പറഞ്ഞു ചളം ആക്കല്ലേ..?നമ്മൾ ഒക്കെ ഫ്രണ്ട്സ് അല്ലേടാ? അത് മതി. പോരെങ്കിൽ എനിക്ക് ആൾറെഡി ആളുണ്ട്..പട്ടാളത്തിൽ ഉള്ള എന്റെ വിഷ്ണുവേട്ടൻ. അച്ഛന്റ്റെ പെങ്ങളുടെ മോനാ..എപ്പോഴേ ഫിക്സ് ആയതാ “

“എന്നിട്ട് നീ ഇപ്പോഴാണോ പറയുന്നേ? ഞാൻ വെറുതെ എത്ര മഞ്ഞു കൊണ്ടു?”

അവൾ പൊട്ടിച്ചിരിച്ചു

“ഞാൻ അറിഞ്ഞോ?നീ മഞ്ഞും മഴയുമൊക്ക കൊള്ളുന്നത്? അമലിനും ജിഷ്ണുവിനും സഹീറിനും ഒക്കെ അറിയാം. നീ താമസിച്ചല്ലേ  ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്തേ? പറയാൻ ഒരു അവസരം കിട്ടിയില്ല അതല്ലേ പറയാഞ്ഞത്?”

അവളുടെ മൊബൈൽ ശബ്ദിച്ചു

“നൂറയുസ്സാ കക്ഷിയാ..”

അവൾ ഫോൺ എടുത്തു

“എന്റെ ഫുലൻദേവി ഇപ്പൊ എവിടെയാ മലയുടെ മണ്ടക്കോ അതോ താഴെ വന്നോ?”

“ഇറങ്ങി വണ്ടി കിടക്കുന്നിടത്തേക്ക് നടക്കുവാ “

“കൂട്ടുകാരോക്കെ ഓക്കേ അല്ലെ?സേഫ് അല്ലെ?”

“വൈഷ്ണവ് അടുത്തുണ്ട്” അവൾ ഫോൺ കൊടുത്തു ആംഗ്യം കാണിച്ചു

“ഹലോ വൈഷ്ണവ്…ഞാൻ ദിയയുടെ ചെക്കനാ ട്ടോ വിഷ്ണു.. ആർമിയിൽ ആണ് ..”

“ദിയ ഇപ്പൊ പറഞ്ഞേയുള്ളൂ..”

“അപ്പൊ ശരി  നടക്കട്ടെ വീട്ടിൽ എത്തിയിട്ട്  വിളിക്ക്..എൻജോയ്..”

അവൾ ഫോൺ കട്ട്‌ ചെയ്തു

“ശരിക്കും നീ ഭാഗ്യവതിയാ ദിയ. Lovely parents, understanding partner…”

അവൾ കൈകൾ ആകാശത്തേക്ക് വിടർത്തി

“വിശ്വാസമാണ് അവർക്കെന്നെ. അത് കാത്തു സൂക്ഷിച്ചു പോകുക എന്നതാണ് പ്രധാനം. നമ്മളെ ഇഷ്ടപ്പെടുന്നവരെ നോവിക്കാതിരിക്കലും. വിഷ്ണുവേട്ടന് എന്നെ അറിയാം എന്റെ അച്ഛൻ അമ്മ അവരും അതെ പോലെ തന്നെ…നമ്മൾ സത്യസന്ധരായാൽ മതി. ലൈഫിൽ ഏറ്റവും വേണ്ടതും അതാ…സത്യം..”

വൈഷ്ണവ് അവളോട് പ്രണയം പറയാൻ പോയ നിമിഷത്തെ സ്വയം ശപിച്ചു

“എടി സോറി ട്ടോ..ഞാൻ ഇച്ചിരി ചീപ് ആയോ? “

അവൾ പൊട്ടിച്ചിരിച്ചു

“ടേക്ക് ഇറ്റ് ഈസി മാൻ “

യാത്ര വീണ്ടും തുടങ്ങി

കാഴ്ചകളിലേക്ക് കണ്ണും നട്ട് ബുള്ളറ്റ് ഓടിക്കവേ . അവൾക്കപ്പോൾ അച്ഛനെയും അമ്മയെയും മിസ്സ്‌ ചെയ്തു തുടങ്ങി…

വേഗം വീട്ടിലെത്തി അവരെ കെട്ടിപ്പിടിച്ച് അവർക്കിടയിൽ കിടന്ന് ഉറങ്ങുന്ന നിമിഷത്തെ ഓർത്തു കൊണ്ട് അവൾ അങ്ങനെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു…

Image credit google