അന്ന് രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ഒരു  കാര്യം സംസാരിക്കാനുണ്ടെന്ന…

നിനക്കായ്‌ മാത്രം…

എഴുത്ത്: മിഥിലാത്മജ മൈഥിലി

============

“മോളെ ഗൗരി കഴിഞ്ഞില്ലേ നിന്റെ ഒരുക്കം ദെ നിന്റെ കൂട്ടുകാരി ‘ശ്രുതി’ വന്നു, ഒന്ന് വാ മോളെ ”

“ദെ വന്നു അമ്മേ ആദ്യമായിട്ടല്ലേ സാരി ഉടുത്തു അമ്പലത്തിലേക്ക് പോകുന്നത് അതുകൊണ്ട് വൈകിയതാ, ശരി എന്നാൽ ഞങ്ങൾ ഇറങ്ങുവാ അമ്മാ…”

വീട്ടിൽ നിന്നും ഇറങ്ങിയ അവർ രണ്ടുപേരും നടന്ന് അടുത്തുള്ള ശിവക്ഷേത്രത്തിൽ എത്തി.അവിടെ ആൽമരത്തിന് ചുവട്ടിലായി അവരെ കാത്ത് ഒരല്പം പരിഭവഭാവത്തോടെ ഒരാൾ നിൽപ്പുണ്ടായിരുന്നു, “ശിവ ദക്ഷ്”.ഗൗരി ഒരു പുഞ്ചിരിയോടെ അവനരികിലേക്ക് നടന്നു.

“എത്ര നേരം ആയെന്നോ ഞാൻ ഇവിടെ വന്ന് കാത്തുനിൽക്കാൻ തുടങ്ങിയിട്ട്.”

ഒരല്പം ദേഷ്യത്തോടെ അവൻ പറഞ്ഞു.

“ഒന്ന് ക്ഷമിക്കെന്റെ പട്ടാളക്കാര, നേരത്തെ ഇറങ്ങണമെന്ന് വിചാരിച്ചതാ പക്ഷെ സാരിയൊക്ക ഉടുത്തു ഒരുങ്ങുമ്പോഴേക്കും വൈകി. വല്ലപ്പോഴുമേ  ഇതുപോലെ തമ്മിൽ കാണാൻ പറ്റു, ദേഷ്യമൊക്കേ മാറ്റിവെച്ചു വാ നമുക്കൊരുമിച്ചു നിന്ന് ഉമാമഹേശ്വരന്മാരെ തൊഴണം.”

അവളുടെ വാക്കുകൾ കേട്ട് പ്രസന്നമായ മുഖത്തോടെ അവൻ അവൾക്കൊപ്പം ശ്രീകോവിലിനകത്തേക്ക് നടന്നു. പൂജയും വഴിപാടും നടത്തി പ്രാർത്ഥിച്ചു. ഇലച്ചാർത്തിൽ നിന്നും ചന്ദനം എടുത്ത് അവൾ അവന്റെ നെറ്റിയിൽ  ചാർത്തിയ ശേഷം പുറത്തേക്കിറങ്ങി.

“നമുക്കൊന്ന് നടന്നാലോ?”

“അതിനെന്താ ഏട്ടാ നടക്കാം.”

ശ്രുതിയോടെ പൊയ്ക്കൊള്ളാൻ പറഞ്ഞു ശിവയും ഗൗരിയും നടന്ന് അടുത്തുള്ള കുളത്തിനരികിലെത്തി, പടവുകളിലൊന്നിലിരുന്നു.കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന താമരപ്പൂക്കളാൽ കുളത്തിന് വല്ലാത്തൊരു സൗന്ദര്യം ഉണ്ടായിരുന്നു. അൽപനേരം കഴിഞ്ഞിട്ടും അവനൊന്നും സംസാരിച്ചതേയില്ല. അതുകണ്ടു അവളുടെ നെഞ്ചോന്ന് വിങ്ങിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ ചുണ്ടിലൊരു പുഞ്ചിരി വരുത്തികൊണ്ട് അവനോട് ചോദിച്ചു,

“അതേയ് എന്താ ഉദ്ദേശം ഇവിടെ വെറുതെ വന്നിരിക്കാനാണോ നടക്കാമെന്നു പറഞ്ഞത്, ഇന്നെന്റെ പിറന്നാൾ ആണെന്ന് പോലും ഓർമയില്ലേ ?”

അതുകേട്ട് അവൻ അവളെ ചേർത്തുപിടിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകളമർത്തി.

“ഈ ദിവസം ഞാൻ മറക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? നിനക്ക് ഞാൻ ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്, കണ്ണടച്ചു പിടിക്ക് എന്നിട്ട് കൈകൾ നീട്ട്.”

അവൾ കണ്ണുകളടച്ചെന്നുറപ്പാക്കിയ ശേഷം പോക്കറ്റിൽ നിന്നും ഒരു ചെറിയ പെട്ടി എടുത്ത് അവളുടെ കൈകളിൽ വെച്ചു. അത് തുറന്നു നോക്കിയ അവളുടെ മുഖം സന്തോഷത്താൽ വിടർന്നു. മനോഹരമായി കല്ലുകൾ പതിപ്പിച്ച ഒരു മോതിരമായിരുന്നു അതിൽ. അതെടുത്തു അവളുടെ മോതിരവിരലിൽ അവൻ അണിഞ്ഞു കൊടുത്തു. പിന്നെയും കുറെ സമയം സംസാരിച്ച ശേഷമാണ് അവർ വീടുകളിലേക്ക് മടങ്ങിയത്.

അന്ന് രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ഒരു  കാര്യം സംസാരിക്കാനുണ്ടെന്ന അച്ഛന്റെ വാക്ക് കേട്ട് അവിടെ തന്നെ നിന്നു.

“നാളെ രാവിലെ നിന്നെ പെണ്ണ്കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്, നിന്നെ നേരത്തെ കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. എന്തായാലും അവർ വന്നിട്ട് കാര്യങ്ങൾ തീരുമാനിക്കാം ”

അച്ഛന്റെ വാക്കുകൾ കേട്ട് അവൾ ഒരു ശിലാകണക്കെ തറഞ്ഞു നിന്നു. പെട്ടെന്ന് തന്നെ ആത്മസംയമനം വീണ്ടെടുത്തു കൊണ്ട് എന്ത് മറുപടി പറയണമെന്ന് ആലോചിച്ചു. എന്തുവന്നാലും ശിവയുടെ കാര്യം പറയണമെന്നവൾ തീരുമാനിച്ചു.

“അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്.”

വിക്കി വിക്കി കൊണ്ടവൾ പറഞ്ഞു അതു കേട്ട് എന്തെന്ന ഭാവത്തിൽ അവർ അവളെ നോക്കി. അവൾ പറഞ്ഞു തുടങ്ങി ,

“എനിക്കൊരാളെ ഇഷ്ടമാണ്, അയാളെ അല്ലാതെ ഞാൻ മറ്റാരെയും വിവാഹം കഴിക്കില്ല. അച്ഛനും അമ്മയ്ക്കും ആളെ അറിയാം ശിവദക്ഷ് . ഉദയൻ അങ്കിളിന്റെയും പ്രമീള ആന്റിയുടെയും മകൻ.”

“അതുശരി അപ്പോൾ സ്വയം തീരുമാനം എടുക്കാനൊക്ക എന്റെ മകൾ വളർന്നു അല്ലെ?ഞാൻ ഇത് സമ്മതിക്കില്ലെങ്കിൽ നീയെന്ത് ചെയ്യും?”

അച്ഛന്റെയും അമ്മയുടെയും ഭാഗത്തു നിന്ന് ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല എന്നത് അവളെ അത്ഭുതപ്പെടുത്തി. എങ്കിലും അച്ഛന്റെ വാക്കുകൾ ഒരു ശരം കണക്കെ നെഞ്ചിൽ ആഴ്ന്നിറങ്ങി, കണ്ണുകളിൽ നീർക്കണങ്ങൾ ഒഴുകിയിറങ്ങി. അതൊന്നും വകവെയ്ക്കാതെ അയാൾ വീണ്ടും പറയാൻ തുടങ്ങി ,

“നിന്റെ ഈ ആഗ്രഹം നടക്കില്ല അതു മറന്നേക്ക്. നീയെന്റെ മകളാണ് നിനക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്കറിയാം .”

“അച്ഛാ പ്ലീസ് എന്നെയൊന്നു മനസിലാക്കാൻ ശ്രമിക്ക്, ഞങ്ങൾ ഒരുപാട് നാളായി ഇഷ്ടത്തിലാണ് ശിവേട്ടനെ മറന്ന് മറ്റൊരാൾക്ക്‌ ഭാര്യയായി ജീവിക്കാൻ എനിക്കാവില്ല.”

“ഞാൻ പറഞ്ഞല്ലോ നിന്നോട് നിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആണെന്ന്. അതുകൊണ്ട് തന്നെ എന്റെ ഇഷ്ടമേ നടക്കൂ, ഒളിച്ചോടാനോ മറ്റോ തീരുമാനമുണ്ടെങ്കിൽ അതുവേണ്ട.”

“ഇല്ല അച്ഛാ ഒളിച്ചോടി പോകാൻ ആണെങ്കിൽ എനിക്കിപ്പോ ഇത് പറയേണ്ട ആവശ്യമില്ല, എല്ലാവരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. നിങ്ങൾ സമ്മതിച്ചാൽ അത് നടക്കും ഇല്ലെങ്കിൽ മരണം വരെയും ശിവേട്ടന്റെ പെണ്ണായി ഞാൻ ഇവിടെത്തന്നെ ജീവിക്കും.”

തന്റെ മകളുടെ ഉറച്ച തീരുമാനം കേട്ട് ഒരു അച്ഛനെന്ന നിലയിൽ അയാൾക്കേറെ സന്തോഷം തോന്നി. അവളെ ചേർത്തുപിടിച്ചു കൊണ്ട് അയാൾ പറഞ്ഞു തുടങ്ങി…

“നിന്റെ ഇഷ്ടങ്ങൾക്കപ്പുറം ഞങ്ങൾക്ക് മറ്റൊരു ഇഷ്ടമുണ്ടെന്ന് നീ കരുതിയോ? എല്ലാകാര്യങ്ങളും തുറന്നു സംസാരിക്കാറുള്ള നീ ഞങ്ങളിൽ നിന്നും ഇതൊളിച്ചു വെച്ചപ്പോൾ നിന്നെക്കൊണ്ട് സത്യം പറയിക്കാൻ വേണ്ടി ചെയ്തതല്ലേ ഇത്.”

അതുകേട്ട് സംശയത്തോടെ  ,

“അച്ഛനെങ്ങനെ അറിഞ്ഞു?”

“ഇന്ന് രാവിലെ അമ്പലത്തിനടുത്തുകൂടെ ഒരു സുഹൃത്തിനൊപ്പം പോകുമ്പോൾ അപ്രതീക്ഷിതമായാണ് നീ അവനോട് സംസാരിച്ചു നിൽക്കുന്നത് ഞാൻ കണ്ടത്. സംശയം തോന്നിയ ഞാൻ പിന്നെയൊട്ടും സമയം കളയാതെ നിന്റെ കൂട്ടുകാരി ശ്രുതിയെ വിളിച്ചു കാര്യം ചോദിച്ചു, ആദ്യമൊക്കെ അറിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവസാനം എല്ലാം എന്നോടവൾ പറഞ്ഞു. അപ്പോഴേ ഉറപ്പിച്ചതാ ഞാൻ നിന്നെക്കൊണ്ട് തന്നെ എല്ലാം പറയിക്കുമെന്ന്.”

ഇതുപറഞ്ഞു അയാൾ പൊട്ടിച്ചിരിച്ചു. അപ്പോഴും അവളുടെ സംശയം മാറിയിരുന്നില്ല. അതു മനസിലാക്കിയെന്നോണം

“നാളെ ആരും പെണ്ണുകാണാനൊന്നും വരുന്നില്ല, നിന്നെക്കൊണ്ട് സത്യം പറയിക്കാൻ ഞങ്ങൾ കണ്ടെത്തിയ വഴിയല്ലേ അതൊക്കെ.”

അതുപറഞ്ഞു അമ്മയും അച്ഛനൊപ്പം ചേർന്ന് ചിരിക്കാൻ തുടങ്ങി. ഒരുപാട് സന്തോഷം തോന്നിയെങ്കിലും അച്ഛനോട് അങ്ങനെയൊക്കെ പറഞ്ഞതിൽ അവൾക്ക് വിഷമം തോന്നി.

“ക്ഷമിക്കണം അച്ഛാ എന്നോട് ശിവേട്ടനെ ഞാൻ അത്രയും സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടാണ് അത്രയൊക്കെ ഞാൻ സംസാരിച്ചത്. ഞാൻ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു.”

“മോൾ അച്ഛനോട് ക്ഷമപറയേണ്ട ആവശ്യമൊന്നുമില്ല. നിനക്ക് ശരിയെന്ന കാര്യങ്ങൾ കൃത്യമായി വ്യക്തതയോടെ ആരോടും പറയാൻ എന്റെ മോൾ വളർന്നു എന്നതിൽ അച്ഛൻ അമ്മ നിലയിൽ ഞങ്ങൾക്കിപ്പോൾ അഭിമാനം തോന്നുന്നുണ്ട്. അവനെ വിളിച്ച് എത്രയും പെട്ടെന്ന് എല്ലാവരെയും വിളിച്ചു ഇങ്ങോട്ട് വരാൻ പറയണം, കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആക്കാം.”

അച്ഛന്റെ വാക്കുകൾ കേട്ട് സന്തോഷത്തോടെ മുറിയിലേക്ക് ചെന്ന്  ഫോണെടുത്ത് അവനെ വിളിച്ച് സംഭവിച്ച കാര്യങ്ങളൊക്കെയും അറിയിച്ചു, എല്ലാം കേട്ട് അവനും സന്തോഷമായി.

വളരെ അടുത്ത ദിവസംതന്നെ അച്ഛനെയും അമ്മയെയും വിളിച്ച് ശിവദക്ഷ് ഗൗരിയുടെ വീട്ടിലേക്കെത്തി. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ഇപ്പോൾ നിശ്ചയം നടത്തിയ ശേഷം അടുത്ത ലീവിന് വരുമ്പോൾ വിവാഹം നടത്താം എന്ന് തീരുമാനമായി. അധികം വൈകാതെ തന്നെ ലളിതമായ ചടങ്ങിൽ ചുരുക്കം ചില ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഗൗരിയുടെയും ശിവദക്ഷ്ന്റെയും വിവാഹനിശ്ചയം നടന്നു. പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തിന്റെതായിരുന്നു.

ലീവ് കഴിഞ്ഞു ജമ്മുവിലെ ക്യാമ്പിലേക്ക് തിരിച്ചു പോകുന്ന ദിവസം അവരെല്ലാം വിഷമത്തിലായിരുന്നു. എയർപോർട്ടിലേക്ക് അവളും ചെന്നു അവനെ യാത്രയാക്കാൻ. യാത്രയിലുടനീളം പരസ്പരം ഒരക്ഷരം പോലും സംസാരിക്കാതെ കൈകൾ പരസ്പരം ചേർത്തുപിടിച്ചിരുന്നു. അവിടെയെത്തി എല്ലാവരോടും യാത്രപറഞ്ഞു. അവളോട് പെട്ടെന്ന് തന്നെ തിരികെവരാമെന്നു വാക്ക് കൊടുത്തു ചുംബനവും നൽകി പോകാൻ തുടങ്ങിയെങ്കിലും അവളുടെ കൈകൾ അവനെ ചുറ്റിപ്പിടിച്ചിരുന്നു. ഇതുകണ്ട് അവളുടെ അച്ഛൻ ഒരല്പം ബലമായി തന്നെ അവളെ പിടിച്ചു മാറ്റി. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലും അവൾ മൗനത്തെ കൂട്ടുപിടിച്ചു. അവിടെയെത്തിയെന്ന് പറഞ്ഞു കൊണ്ട് അവൻ വിളിച്ചപ്പോഴാണ് അവൾ ചെറുതായിട്ടെങ്കിലും ഒന്ന് ചിരിച്ചത്. ദിവസവും സമയം കിട്ടുമ്പോഴെല്ലാം അവൻ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നതോടെ അവൾ വീണ്ടും ഉന്മേഷവതിയായി മാറി.

“ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ, നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ ശിവദക്ഷ് ഉൾപ്പെടെ 7സൈനികർ ആണ് വീരമൃത്യു വരിച്ചത്.”

വാർത്ത കണ്ട് ഗൗരി ബോധരഹിതയായി നിലംപതിച്ചു. ആരോടും മിണ്ടാതെ ഉറങ്ങാതെ അവൾ മുറിക്കുള്ളിൽ തന്നെ കഴിച്ചു കൂട്ടി തുടങ്ങി. അവസാനമായൊന്ന് അവനെ കാണാൻ പോലും കൂട്ടാക്കിയില്ല. അവളുടെ അവസ്ഥ കണ്ട് മനസ് കൈവിട്ടു പോകുമോ എന്ന് പോലും എല്ലാവരും ഭയപ്പെട്ടു. അത്രമേൽ മൂകമായിരുന്നു അവൾ. എന്നും കുസൃതി നിറഞ്ഞ കണ്ണുകൾക്ക് ചുറ്റും കറുപ്പ്‌നിറം ബാധിച്ചു നിർജീവമായി.

ദിവസങ്ങൾക്കു ശേഷം അന്നവൾ മുറിക്ക് പുറത്തേക്കിറങ്ങി. കുളിച്ച് അമ്പലത്തിലേക്ക് പോയ അവൾ അവിടെ നിന്നും നേരെ പോയത് ശിവയുടെ വീട്ടിലേക്കായിരുന്നു. ശിവയുടെ കൈപിടിച്ചു വലതുകാല് വെച്ച് കയറി വരേണ്ടിയിരുന്ന വീടാണെന്ന ഓർമയിൽ അവൾ പൊള്ളിപിടഞ്ഞു. വേദനകളെല്ലാം കണ്ണുനീർതുള്ളികളായി കവിളുകളെ തലോടികൊണ്ടിരുന്നു. അവന്റെ മുറിയിൽ ചെന്ന്  ക്യാമ്പിൽ നിന്നും എത്തിച്ച അവന്റെ വസ്തുക്കൾ അടങ്ങിയ പെട്ടി തുറന്നു അതിൽ നിന്നും അവന്റെ ഡയറി എടുത്ത് താളുകൾ മറിക്കാൻ തുടങ്ങി അതിലെ ഓരോ വരിയിലും അവരുടെ പ്രണയവും നിറഞ്ഞു നിന്നിരുന്നു ഒപ്പം പ്രിയപ്പെട്ടവളെ സ്വന്തമാക്കുന്ന ദിവസത്തിനയുള്ള കാത്തിരിപ്പും…കുറച്ച് സമയത്തിന് ശേഷം അവനെ അടക്കിയ സ്ഥലത്ത് ചെന്നിരുന്നു. അപ്പോഴും അവളുടെ കണ്ണീർ നിലച്ചിരുന്നില്ല. അവിടെ നിന്ന് ഡയറിയുമായി തിരിച്ചു വീട്ടിലെത്തിയ അവൾ സന്തോഷത്തോടെ പെരുമാറാൻ ശ്രമിച്ചെങ്കിലും പരാജയപെട്ടു. അത് മനസിലായെങ്കിലും മകൾ മുറിയിൽ നിന്നും പുറത്തിറങ്ങി എന്ന ആശ്വാസമായിരുന്നു ആ അച്ഛനും അമ്മയ്ക്കും. പതിയെ പഴയ ഗൗരിയായി മാറുമെന്നവർ ആശിച്ചു.

അന്ന് രാത്രി അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷം അവൾ മുറിയിലേക്ക് പോയി.

അടുത്ത ദിവസം മകളുടെ മുറിയിൽ നിന്നും ആ അമ്മയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് അയാൾ മുറിയിലേക്ക്  ഓടിയെത്തിയത്.

കൈഞരമ്പ് മുറിച്ചു രക്തം വാർന്ന് മരിച്ചു കിടക്കുന്ന ഗൗരിയെയാണ് അയാൾക്കവിടെ കാണാനായത്, അപ്പോഴും അവളുടെ നെഞ്ചോരം ചേർത്തുവെച്ചിരുന്നു അവന്റെ ഡയറി.

പൂർത്തിയാക്കാതെ പോയ അവന്റെ ഡയറിയിലെ അവസാന താളിൽ അവൾ ഇങ്ങനെ കുറിച്ചിരുന്നു ,

“നിന്നോളം ആരെയും ഇത്രമേൽ ഭ്രാന്തമായി സ്നേഹിച്ചില്ല ഞാൻ , ഒന്നിനെയും ഇത്രമേൽ ആഗ്രഹിച്ചിട്ടുമില്ല. നീയില്ലായ്മയിൽ ഞാൻ അപൂർണയാണ് എന്നിരിക്കെ  മരണത്തിന്റെ ചിറകിലേറി നിനക്കരികിലെത്തും ഞാൻ.”

അവസാനിച്ചു

അവസാനം sad ആണെന്ന് വിചാരിക്കല്ലേ ആരും. ചില യാഥാർഥ്യങ്ങളെ അങ്ങനെതന്നെ അവതരിപ്പിക്കാൻ ശ്രമിച്ചു എന്നേയുള്ളു.

സ്നേഹപൂർവ്വം ✍️