അവൾ അമ്മയുടെ ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാതെ പറയുമ്പോൾ ഇവൾക്ക് ഇതെന്താ സംഭവിച്ചത് എന്ന ചിന്തയിൽ ആയിരുന്നു…

വൈറൽ…

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

==========

” നീ ഇത് വായുടെ അടുത്തേക്ക് അടുപ്പിച്ചാൽ മാത്രം മതി….”

ഞാനത് പറയുമ്പോൾ അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി…

” എന്നാൽ ഇതൊന്ന് എടുത്ത് പൊക്കി പിടിച്ചാലും മതി….”

” എനിക്കൊന്നും വയ്യ ഒന്ന് പോയേ മനുഷ്യാ, അതിന്റെ നാറ്റം അടിച്ചിട്ട് ചർദ്ധിക്കാൻ തോനുന്നു അപ്പോഴ…”

അവൾ അത് പറഞ്ഞ് മുഖം തിരിച്ച് ടീവിയിൽ നോക്കിയിരുന്നപ്പോൾ ഞാൻ ഒന്നും മിണ്ടാതെ മൊബൈലിൽ തോണ്ടി ഇരുന്നു…

” അതൊക്കെ ആ സുഷമയും മനോജും, ഇന്നലെ സുഷമയുടെ ഫോട്ടോയ്ക്ക് എന്തോരം ലൈക്കും കമന്റും ഷെയറും ആണ് കിട്ടിയത്.. അതോടെ അവർ വൈറൽ ആയി,, ഇവിടെയും ഉണ്ട് ഒന്ന്…”

അവരുടെ വൈറലായ ഫോട്ടോയും നോക്കി ആരോടെന്നില്ലാതെ അതും പറഞ്ഞ് ഇടങ്കണ്ണിട്ട് പ്രീയ പത്നിയെ നോക്കുമ്പോൾ അവൾ അപ്പോഴും ഒരു മൈന്റും ഇല്ലാതെ ടിവിയും നോക്കി ഇരിക്കുക തന്നെയാണ്…

” ഒന്ന് ചുണ്ടോട് ചേർത്തു വച്ചാൽ മതി ഒറ്റ ക്ലിക് ഒറ്റ പോസ്റ്റ് പിന്നെ ലൈക്കിന്റെയും കമന്റിന്റെയും ചാകര ആയിരിക്കും നമ്മളും വൈറൽ ആകും…”

മിണ്ടാതെ ഇരിക്കുന്ന അവൾ കേൾക്കാൻ തന്നെയാണ് വീണ്ടും അത് ഒന്ന് കൂടി പറഞ്ഞത്…

” നിങ്ങൾക്ക് എന്താ ഞാൻ ചുണ്ടോട് വയ്ക്കണം അത്രയല്ലേ ഉള്ളൂ. ഒരൊറ്റ തവണ ചെയ്യും അപ്പോ മര്യാദയ്ക്ക് ഫോട്ടോ എടുത്തെക്കണം പിന്നെ അത് ശരിയായില്ല, ഇത് ശരിയായില്ല എന്നും പറഞ്ഞ് വന്നേക്കരുത്…”

അവൾ പകുതി സമ്മതത്തോടെ പറഞ്ഞപ്പോൾ ഞാൻ മുന്നിൽ ഒഴിച്ചു വച്ചിരുന്ന രണ്ട് ഗ്ലാസ് മ ദ്യത്തിൽ ഒന്ന് അവൾക്ക് അടുത്തേക്ക് നീക്കി വച്ചു, എന്നിട്ട് സെൽഫി എടുക്കാനായി മൊബൈൽ ക്യാമറ ഓൺ ആക്കി അവളെ നോക്കി. അവൾ അറപ്പോടെ ഗ്ലാസ് പിടിച്ച് ക്യാമറയിലേക്ക് നോക്കുമ്പോൾ അവളുടെ അടുത്ത് ചേർന്ന് ഇരുന്ന് ഒരു ഗ്ലാസ് ഞാനും എടുത്ത് വായോട് അടുപ്പിച്ചു വച്ചു…

” എടി ചെകുത്താൻ കുരിശ് കണ്ടപോലെ പേടിച്ച് ഇരിക്കാതെ മുഖത്ത് ഒരു ചിരി വരുത്തിക്കേ…”

അറപ്പോടെ ഇരിക്കുന്ന അവളോട് പറയുമ്പോൾ അവൾ ബുദ്ധിമുട്ടി ആണെങ്കിലും ഒരു ചിരി വരുത്തി, മെല്ലെ ഗ്ലാസ് വായോട് അടുപ്പിച്ചു ഒപ്പം ഞാനും വായോടെ അടുപ്പിച്ച് ചറ പറ ക്ലിക്ക് ചെയ്തു. അത് കഴിഞ്ഞു മൊബൈൽ താഴ്ത്തുമ്പോൾ അവളും കയ്യിൽ ഇരുന്ന മ ദ്യ ഗ്ലാസ് താഴെ വച്ചു. എടുത്ത ഫോട്ടോ ഞാൻ നോക്കുമ്പോൾ എന്റെ മൈബൈലിലേക്ക് അവളും തലയെത്തി നോക്കി….

” ഇവിടെ റേഞ്ച് ഒന്നും ഇല്ല നിങ്ങൾ പുറത്ത് എങ്ങാനും പോയി നിന്ന് ഫോട്ടോ ഇടാൻ നോക്ക്…”

അവൾ അത് പറഞ്ഞ് വീണ്ടും ടിവിയിലേക്ക് നോക്കുമ്പോൾ ഞാൻ മൊബൈലും കൊണ്ട് പുറത്തേക്ക് ഇറങ്ങി. എടുത്തതിൽ നല്ല ഫോട്ടോ സെലെക്റ്റ് ചെയ്ത് ” ഇന്നത്തെ വെള്ളമടി ചങ്ക് കെട്ടിയോൾക്ക് ഒപ്പം…” എന്ന തലകെട്ടോടെ പോസ്റ്റ് ചെയ്ത ശേഷം തിരികെ കെട്ടിയോളുടെ അടുക്കലേക്ക് നടന്നു….

അകത്ത് ചെല്ലുമ്പോൾ അവൾ കസേരയും ചാരി ഭിത്തിയിലേക്ക് നോക്കി ഇരിക്കുകയാണ്. അവളുടെ അടുത്ത് ചെന്ന് ഇരിക്കുമ്പോൾ ആണ് മുന്നിൽ ഒഴിഞ്ഞ ഗ്ലാസ് കാണുന്നത്. ശെടാ ഇതിപ്പോ ഞാൻ ഒന്ന് അടിച്ചിട്ടാണോ പോയതെന്ന സംശയത്തിൽ അവളെ നോക്കുമ്പോഴാണ് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടത്…

” നി എന്തിനടി ഇരുന്ന് കരയുന്നത്…”

അത് ചോദിച്ച് അവളുടെ മുന്നിൽ ഇരിക്കുന്ന ഗ്ലാസ് തിരിച്ചും മറിച്ചും നോക്കുമ്പോഴും ഇതിപ്പോ ഞാൻ എപ്പഴാ അടിച്ചതെന്ന സംശയം ആയിരുന്നു. ഞാൻ അത് ചോദിച്ചു കഴിയുമ്പോൾ നിശബ്ദമായി കരഞ്ഞിരുന്ന അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി…

” നി ഇത് എന്ത് തേങ്ങായ്ക്കാ ഇരുന്ന് മോങ്ങുന്നത്…”

എന്റെ ശബ്ദം അൽപ്പം ഉച്ചത്തിൽ ആയിരുന്നു…

” ആ ഇരിക്കുന്നത് ആരെന്ന് നിങ്ങൾക്ക് അറിയോ…”

ഭിത്തിയിൽ തൂക്കി ഇട്ടേക്കുന്ന അമ്മയുടെ ഫോട്ടോ നോക്കി അവൾ ചോദിച്ചു…

” അത് എന്റെ അമ്മയല്ലേ….”

ഞാൻ വീണ്ടും അവളെ സംശയത്തോടെ നോക്കി..

” അത് എന്റെ അമ്മയാണ്, എന്റെ കൂട്ടുകാരി ആണ്…”

അവൾ അമ്മയുടെ ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാതെ പറയുമ്പോൾ ഇവൾക്ക് ഇതെന്താ സംഭവിച്ചത് എന്ന ചിന്തയിൽ ആയിരുന്നു…

” എനിക്ക് ആകെയുള്ള കൂട്ടുകാരി ആയിരുന്നു അമ്മ, എല്ലാ കാര്യങ്ങളും പരസ്പരം പറയാനും സംസാരിക്കാനും ഉണ്ടായിരുന്ന ഏക കൂട്ടുകാരി…..നിങ്ങൾക്ക് എന്തെങ്കിലും അറിയണോ രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുക, രാത്രി തിരിച്ച് വരുക, വന്ന് കഴിഞ്ഞാൽ പിന്നെ ഫുൾ ടൈം മൊബൈലിൽ അങ്ങേരുടെ കുറെ ഗ്രൂപ്പും….”

അവൾ ഒഴുകി വരുന്ന കണ്ണീർ തുടച്ച് അത് പറയുമ്പോൾ ആ ഗ്ലാസ്സിലെ മദ്യം കുടിച്ചത് ആരെന്ന സത്യം ഞാൻ മനസ്സിലാക്കുക ആയിരുന്നു..

” നിങ്ങൾ എത്ര നാളായി എന്നോട് അൽപ്പനേരം മനസ്സ് തുറന്ന് സംസരിച്ചിട്ട്, എത്ര നാളായി ഒന്ന് പുറത്ത് പോയിട്ട് നിങ്ങക്ക് നിങ്ങടെ കാര്യം മാത്രം നിങ്ങളുടെ മാത്രം സന്തോഷം. വീട്ടിൽ ഒരുത്തി ഉള്ളതിനെ കുറിച്ച് ഒരു ചിന്തയും ഇല്ലല്ലോ…..”

അവൾ അത് പറഞ്ഞ് മറ്റേ ഗ്ലാസ്സിൽ ഉണ്ടായിരുന്ന മദ്യം കണ്ണും അടച്ച് ഒറ്റ വലിക്ക് കുടിച്ച് ചിറിയും തുടച്ച് ഗ്ലാസ് താഴെ വച്ചിട്ടാണ് ഫോട്ടോ എടുക്കുമ്പോൾ ഒരു പ്ളേറ്റിൽ കൊണ്ട് വച്ച ബീഫ്‌ റോസ്റ്റിൽ നിന്ന് ഒരു പീസ് എടുത്ത് വായിൽ വച്ച് തിന്നത്….

ഒന്നും മനസ്സിലാകാതെ വായും പൊളിച്ച് അവളെയും നോക്കി ഇരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കി അവൾ വീണ്ടും കരഞ്ഞു തുടങ്ങി…..

” ഇനി നീ എന്തിനാ ഇരുന്ന് മോങ്ങുന്നത്…”

ഞാൻ അത് പറയുമ്പോൾ അവൾ കസേരയിലേക്ക് മലർന്ന് ഇരുന്നു…

” സത്യം പറ നി നേരത്തേ മദ്യപിച്ചിട്ടുണ്ടോ…”

അവൾ കുടിക്കുന്നത് കണ്ടപ്പോൾ എനിക്ക് അങ്ങനെയൊരു സംശയം തോന്നാതെയുരുന്നില്ല അതാണ് അങ്ങനെ ചോദിച്ചത്, മറുപടി പറയാതെ അവൾ മലർന്നിരുന്ന് തലയാട്ടിയതെ ഉള്ളൂ..

” അപ്പൊ… അപ്പൊ നി കുടിക്കുമോ…”

ഞാനത് ഉറപ്പിക്കാനായി വീണ്ടും ചോദിച്ചു…

“ആ പറഞ്ഞില്ലേ കുടിക്കും ന്ന്,, കുടിക്കുകയും ചെയ്യും വലിക്കുകയും ചെയ്യും… “

അവൾ മ ദ്യത്തിന്റെ ആലസ്യത്തിൽ അത് പറഞ്ഞു കൊണ്ട് മേശയുടെ മുകളിലേക്ക് തല ചായ്ച്ച് കിടന്നു. വീണ്ടും അവൾ ഒന്ന് തല ഉയർത്തി ഓക്കാനിച്ചു കൊണ്ട് പഴയത് പോലെ തല മേശമേൽ വച്ച് കിടന്നു..

അവൾ മിക്കവാറും വാള് വയ്ക്കുമെന്ന് തോന്നിയത് കൊണ്ടാണ് ബക്കറ്റ് എടുക്കാൻ വേണ്ടി ബാത്റൂമിലേക്ക് ഓടിയത്. ഓടിപ്പോയി ബക്കറ്റും ആയി വരുമ്പോഴേക്കും അവൾ ഒരു റൌണ്ട് വാള് വെപ്പ് കഴിഞ്ഞിരുന്നു. മേശമേലും, തറയിലും, ഇട്ടിരുന്ന ഡ്രെസ്സിലുമായി വാള് വച്ച് അവൾ കണ്ണും അടച്ച് കസേരയിൽ മലർന്ന് ഇരിക്കുകയായിരുന്നു….

അവൾ കഴിച്ച ബീഫിന്റെ ഒരു കക്ഷണം മേശപ്പുറത്ത് ഇരുന്ന് എന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത അറപ്പ് തോന്നി, വെറുതെയല്ല കഴിഞ്ഞ ആഴ്ച്ച ഞാൻ വാള് വച്ചപ്പോൾ അവൾ എന്നെക്കൊണ്ട് തന്നെ വീട് മൊത്തം വൃത്തിയാക്കിപ്പിച്ചത്, അതും ഓർത്ത് നിൽക്കുമ്പോൾ ദേ വരുന്നു അടുത്ത വാൾ, അത് താഴെ വീഴാതെ ബക്കറ്റ് അവൾക്ക് മുന്നേ എത്തിക്കാൻ കഴിഞ്ഞതിൽ ഉള്ള ആശ്വാസത്തിൽ അവളുടെ പുറം തിരുമി കൊടുത്തു….

അവൾ മൂക്ക് ഒന്ന് ചീറ്റി പിഴിഞ്ഞ് കൈ അവളുടെ ഡ്രെസ്സിൽ തന്നെ തുടച്ച് തളർന്ന് മേശമേൽ തലയും വച്ച് ഇരുന്നപ്പോൾ എനിക്ക് ആകെ വിഷമം ആയി…

” എടി എഴുന്നേറ്റേ ഈ ഡ്രെസ്സ് ഒക്കെ മാറ്റിയെ…”

അവളെ പിടിച്ച് എഴുന്നേല്പിക്കാൻ ശ്രമിച്ചു കൊണ്ട് പറയുമ്പോൾ അവൾ മൂളിക്കൊണ്ട് തളർന്ന് ഇരുന്നതെയുള്ളു. ഒരുവിധം അവളെ ഉയർത്തി മെല്ലെ ബെഡ് റൂമിലേക്ക് നടക്കുമ്പോൾ അവൾ വീണ്ടും അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….

” നി ഈ ഡ്രെസ്സ് ഒന്ന് മാറിയെ അതും കൊണ്ട് ബെഡിൽ കിടന്നാൽ നാളെ എല്ലാം നീ തന്നെ കഴുകേണ്ടി വരും…”

ബെഡിലേക്ക് കിടക്കാൻ പോയ അവളെ പിടിച്ച് കസേരയിൽ ഇരുത്തി പറയുമ്പോൾ അവൾ വീണ്ടും മൂളിക്കൊണ്ട് കസേരയിൽ തളർന്ന് ഇരുന്നതെയുള്ളൂ..

വേണ്ടും അവളെ ഒരു വിധം എഴുന്നേൽപ്പിച്ച് ഇട്ടിരുന്ന ഡ്രെസ്സ് ഊരി മാറ്റി അലമാരയിൽ നിന്ന് അടുത്ത ഡ്രെസ്സ് എടുക്കുമ്പോഴേക്കും അവൾ കട്ടിലിലേക്ക് മറിഞ്ഞിരുന്നു, എന്നാൽ ഇനി അവിടെ കിടക്കട്ടെ എന്ന് കരുതി അവളുടെ മേൽ ഒരു ബെഡ്ഷീറ്റും മൂടിക്കൊണ്ടാണ് ഹാളിലേക്ക് നടന്നത്…

മൂക്കും പൊത്തിയാണ് മേശപ്പുറത്തും തറയിയിലുമായി അവൾ വീശിയ വാള് കോരി കളഞ്ഞത്, അവിടെയാകെ തുടച്ച് വൃത്തിയാക്കി സ്‌പ്രേയും അടിച്ചപ്പോൾ സമയം ഏതാണ്ട് പന്ത്രണ്ടിനോട് അടുത്തിരുന്നു. മേശപ്പുറത്ത് എന്നെ നോക്കി ചിരിക്കുന്ന ബാക്കി മ ദ്യകുപ്പി കണ്ടപ്പോൾ എനിക്ക് സങ്കടം ആണ് വന്നത്…

അടിക്കാനുള്ള മൂഡ് പോയത് കൊണ്ട് അത് എടുത്ത് അലമാരയിൽ വയ്ക്കാൻ പോയപ്പോഴാണ്, അവൾ ഇനി ഇതെങ്ങാനും അടിച്ച് വീണ്ടും വാളും വച്ച് കിടക്കുമോ എന്ന സംശയം മനസ്സിൽ ഉദിച്ചത്. അൽപ്പനേരം ആലോചിച്ച ശേഷം വേദനയോടെ ഞാൻ ആ മ ദ്യം വാഷ് ബെയിസനിൽ ഒഴിച്ചു കളഞ്ഞ്, കാലി കുപ്പി അടുക്കളയ്‌ക്ക്‌ പുറത്തുള്ള ചായ്പ്പിൽ കൊണ്ട് വച്ച ശേഷമാണ് ബെഡ് റൂമിലേക്ക് നടന്നത്…

ഞാൻ ചെല്ലുമ്പോൾ അവൾ നല്ല കൂർഖം വലിച്ചുറങ്ങുകയാണ്, മനുഷ്യനാണേൽ ഉള്ള ഉറക്കവും പോയി, തിരിഞ്ഞും മറിഞ്ഞും ഏറെ നേരം കിടന്നിട്ടും ഉറങ്ങാൻ കഴിയാത്തത് കൊണ്ടാണ് എഴുന്നേറ്റ് ബെഡ് റൂമിലെ ചാരു കസേരയിൽ കണ്ണടച്ച് മലർന്ന് ഇരുന്നത്….

” ഇതെപ്പോ എഴുന്നേറ്റു, സമയം എന്തായി ഏട്ടാ…”

ഉറക്കച്ചവയോടെ അവൾ കട്ടിലിൽ കിടന്ന് ചോദിക്കുമ്പോഴാണ് ഞാൻ കണ്ണ് തുറന്ന് മൈബൈൽ എടുത്ത് നോക്കുന്നത്, എട്ട് കഴിഞ്ഞു അത് പറഞ്ഞ് ഞാൻ വീണ്ടും കണ്ണടച്ച് ഇരുന്നു…

” ശോ അത്രയും ആയോ, നേരത്തെ എഴുന്നേറ്റെങ്കിൽ എന്നെ കൂടി ഒന്ന് വിളിച്ചൂടെ.. ഇനിയിപ്പോ ഉച്ചയ്ക്ക് പുറത്ത് നിന്നെങ്ങാനും വാങ്ങി കഴിക്കേണ്ടി വരും….”

അവൾ അതും പറഞ്ഞ് എഴുന്നെറ്റ് അലമാരയിൽ നിന്ന് ഡ്രെസ്സും എടുത്തിട്ട് കഴിഞ്ഞ ദിവസം ഒന്നും സംഭവിക്കാത്ത പോലെ അടുക്കളയിലേക്ക് നടക്കുമ്പോൾ, ഇവളുടെ ബോധം പോയത് ആണോ, അതോ പോയ ബോധം തിരികെ വരാത്തത് ആണോ എന്ന സംശയം ആയിരുന്നു എനിക്ക്…

ആ ആലോചനയുമായി അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവൾ വായും മുഖവും കഴുകി ചായയ്ക്കുള്ള വെള്ളം അടുപ്പിൽ വച്ച് കഴിഞ്ഞിരുന്നു…

” നീ ഇതൊന്ന് നോക്കിയേ…”

അവൾക്ക് നേരെ മൊബൈൽ നീട്ടി അത് പറയുമ്പോൾ അവൾ അതിലേക് നോക്കി…

” ഏട്ടൻ ഇന്നലെ ഇട്ട ഫോട്ടോ അല്ലെ, നമ്മൾ വൈറൽ ആയോ ഏട്ടാ….”

” എടി പുല്ലേ ഇത് ഞാൻ ഇട്ട ഫോട്ടോ അല്ല നി അപ്‌ലോഡ് ചെയ്‌ത വീഡിയോ ആണ്….”

പല്ലും കടിച്ചു പിടിച്ച് അതും പറഞ്ഞ് ഞാൻ വിഡിയോ ഓൺ ആക്കി…

” ഹായ് ഗൈസ്, കെട്ടിയൊൻ ഒഴിച്ചു വയ്ക്കുന്ന മ ദ്യം പുള്ളി കാണാതെ ഇങ്ങനെ ഒറ്റ വലിക്ക് കുടിക്കാൻ കഴിയുമോ സക്കീർ ഭായിയ്ക്ക്…..”

അവൾ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കുന്ന വിഡിയോയ്ക്കൊപ്പം അവളുടെ മധുര ശബ്ദം മൊബൈലിൽ കൂടി പുറത്തേക്ക് വന്നപ്പോൾ അവൾ ഒന്നും അറിയാത്ത പോലെ എന്റെ മുഖത്തേക്ക് നോക്കി…

” നിങ്ങളല്ലേ പറഞ്ഞത് വൈറൽ ആകണം ന്ന്….”

അവൾ ഒരു കൂസലും ഇല്ലാതെ അത് പറയുമ്പോൾ എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ ഒരുമിച്ചു വന്നു….

” എടി നിന്നോട് ഞാൻ കുടിക്കാൻ പറഞ്ഞോ, ഇതിപ്പോ …..”

ഞാൻ മുഴുകിക്കാതെ തലയും ചൊറിഞ്ഞ് പറഞ്ഞപ്പോൾ അവൾ എന്നെ രൂക്ഷമായി നോക്കി….

” നിങ്ങളിന്നല്ലേ ഇവിടെ ഇരുന്ന് ആ സുഷമയെ പുകഴ്ത്തിയലോ, അപ്പൊ എനിക്ക് ആയിരുന്നു കുറ്റം, ഇപ്പോൾ എല്ലാം ചെയ്തിട്ടും കുറ്റം എനിക്ക് അല്ലെ…”

രണ്ട് ഗ്ലാസ്സിലേക്ക് ചായ പകർന്നിട്ട് ചായ പാത്രം വാഷ് ബെയിസനിലേക്ക് ഇട്ടു കൊണ്ട് അവൾ പറയുമ്പോൾ ആ മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു…

” നിനക്ക് ഓരോന്ന് കാട്ടി കൂട്ടിയാൽ മതി, വടിവാൾ തുടച്ച് തുടച്ച് മനുഷ്യന്റെ നടു ഒടിഞ്ഞു….”

” ആ വൈറൽ ആകണമെങ്കിൽ അൽപ്പം കഷ്ടപാട് ഒക്കെ വേണ്ടി വരും…”

ഒരു ഗ്ലാസ് ചായ എനിക്ക് നേരെ നീട്ടി ഒരു ഗ്ലാസ് അവളും എടുത്ത് അടുക്കളയിലെ സ്ലാബിൽ ചാരി നിന്ന് കുടിച്ചു….

” അതൊക്കെ പോട്ടെ നി എപ്പോഴ ആ വീഡിയോ എടുത്തത് ഞാൻ കണ്ടില്ലല്ലോ…”

അവൾക്കരികിൽ ചേർന്ന് നിന്ന് ചോദിച്ചു..

” അത് ഏട്ടൻ റേഞ്ച് ഇല്ലെന്നും പറഞ്ഞ് പുറത്തേക്ക് പോയില്ലേ അപ്പോൾ…”

” എടി ദുഷ്‌ടെ അപ്പോൾ നി എന്നെ മനപൂർവം പുറത്തേക്ക് ഓടിച്ചത് ആണല്ലേ…”

” ഹോ എനിക്ക് ഭയങ്കര തലവേദന എടുക്കുന്നു, ഞാൻ ഒന്ന് കിടക്കട്ടെ, ഇങ്ങള് ഇന്നിനി ജോലിക്ക് ഒന്നും പോകേണ്ട….”

അത് പറഞ്ഞവൾ കുടിച്ച ചായ ഗ്ലാസ് അവിടെ വച്ച് രണ്ട് കയ്യും കൊണ്ട് തലയും അമർത്തി പിടിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു..

” എടി,,എടി അവനവന് പറ്റുന്ന കാര്യം ചെയ്യണം, അല്ലാത്ത ഓസ് ആണെന്ന് കരുതി എല്ലാം കൂടി മോന്തുമ്പോൾ ഓർക്കണം ഇതൊക്കെ ഉണ്ടാകും എന്ന്…”

” നിന്ന് വാചകം അടിക്കാതെ തലവേദന കുറയാനുള്ള മാർഗ്ഗം എന്തേലും പറഞ്ഞു താ മനുഷ്യാ….”

” വെറും വയറ്റിൽ ഒരു ചെറുത് കൂടി അടിച്ചാൽ മതി, ഒന്ന് ഒഴിക്കട്ടെ കള്ളുകുടിച്ചി…..”

അടുക്കളയിൽ നിന്ന് ഞാൻ അത് വിളിച്ചു പറയുമ്പോൾ അവൾ മുറിയിൽ നിന്ന് എന്തൊക്കെയോ മുറുമുറുക്കുന്നുണ്ടായിരുന്നു….

മര്യാദയ്ക്ക് രണ്ടെണ്ണം വീശി കിടന്ന് ഉറങ്ങിയാൽ മതിയായിരുന്നു ഇതിപ്പോ എനിക്ക് വൈറൽ അകനും പറ്റിയില്ല, ഇന്നുള്ള ജോലിയെല്ലാം ഞാൻ തന്നെ എടുക്കേണ്ടിയും വരും , അവളാണെങ്കിൽ വൈറൽ ആകുകയും ചെയ്തു……

✍️ശ്യാം….