ഒരിക്കൽ അമ്മ അച്ഛനോട് ചോദിക്കുന്നത്, ഇളംതിണ്ണയിലിരുന്നു പാട്ടവിളക്കിൻ്റെ വെളിച്ചത്തിൽ പഠിച്ച് കൊണ്ടിരുന്ന ഞാൻ കേട്ടു…

ഹൗസ് വൈഫ്

Story written by Saji Thaiparambu

===========

ദേ , എനിക്ക് രണ്ട് കോട്ടൺ സാരി വാങ്ങണം, ഉള്ളത് രണ്ടെണ്ണം കഴുകിയും ഉണക്കിയും ആകെ പിഞ്ചി തുടങ്ങിയിരിക്കുന്നു, പിന്നെ പിള്ളേരുടെ നിക്കറും ഉടുപ്പുമൊക്കെ ഒരു പാട് പഴകിയതാ, അവർക്കും വാങ്ങണം ഓരോ ജോഡി , നിങ്ങടെ കൈയ്യിൽ കാശ് വല്ലതുമുണ്ടോ…?

ഒരിക്കൽ അമ്മ അച്ഛനോട് ചോദിക്കുന്നത്, ഇളംതിണ്ണയിലിരുന്നു പാട്ടവിളക്കിൻ്റെ വെളിച്ചത്തിൽ പഠിച്ച് കൊണ്ടിരുന്ന ഞാൻ കേട്ടു

രണ്ട് ദിവസത്തിനുള്ളിൽ കമ്പനിയിൽ നിന്ന് ബോണസ്സ് കിട്ടും, അത് കിട്ടിയാൽ പലരുടെയും കൈയ്യിൽ നിന്ന് വാങ്ങിയ കടം തീർക്കാനേ ഉള്ളു, എന്നാലും സാരമില്ല , അതിൽ നിന്ന് കുറച്ച് കാശ് തരാം, തത്ക്കാലം നിൻ്റെയും പിള്ളേരുടെയും കാര്യം നടക്കട്ടെ

അച്ഛൻ മറുപടി പറഞ്ഞു.

കയർ ഫാക്ടറിയിലെ ജോലിക്കാരനായിരുന്ന അച്ഛന് വർഷത്തിലൊരിക്കൽ  ബോണസ്സ്  കിട്ടുമ്പോൾ മാത്രമായിരുന്നു , അന്നൊക്കെ ഞങ്ങൾക്ക് പുതിയ ഡ്രെസ്സ് എടുത്തിരുന്നത്

അമ്മ, വീട് വിട്ട് കുറച്ച് ദൂരെ എവിടെയെങ്കിലും പോകുന്നെങ്കിൽ, ആ ഒരു ദിവസം, കവലയിലെ സേവ്യറ് മുതലാളിയുടെ തുണിക്കടയിലും ,പിന്നെ സ്കൂള് തുറക്കുന്നതിന് മുമ്പ് പുസ്തകങ്ങൾ വാങ്ങിക്കാൻ ഞങ്ങൾ പഠിക്കുന്ന പള്ളിവക സ്കൂളിലും മാത്രമായിരിക്കും.

രണ്ട് ദിവസത്തിന് ശേഷം ബോണസ്സിൽ നിന്നും മിച്ചം പിടിച്ച പൈസയുമായി , അമ്മ കടയിൽ പോയിട്ട് , അച്ഛനും ഞങ്ങൾക്കും ആവശ്യമുള്ള വസ്ത്രങ്ങളുമെടുത്ത് കൊണ്ട് വന്നപ്പോൾ, ഞാനമ്മയോട് ചോദിച്ചു,

ഇതെന്താമ്മേ… ഇതില് അമ്മയുടെ സാരിയില്ലല്ലോ?

പൈസ തികയാത്തത് കൊണ്ട് ഞാനെടുത്തില്ല മോനേ…അത് സാരമില്ല, ഞാൻ പുറത്തോട്ടൊന്നും പോകുന്നില്ലല്ലോ? നിങ്ങള് അച്ഛനും മക്കളുമല്ലേ എന്നും പഠിക്കാനും ജോലിക്കുമായി പുറത്ത് നാലാൾടെ മുന്നിൽ പോകുന്നത്, ഈ അടുക്കളേടെ നാല് ചുവരിന്നുള്ളിൽ കഴിയുന്ന എന്നെ ആര് കാണാനാ ,ആഹ് , ഒരു വർഷം കൂടെ ഇങ്ങനെ തന്നെ അങ്ങ് പോകട്ടെ , അടുത്ത വർഷം ബോണസ്സ് കിട്ടുമ്പോൾ വാങ്ങാം

അതായിരുന്നു അമ്മ…

അച്ഛൻ പറയാഞ്ഞിട്ടും അച്ഛനെന്നും കമ്പനിയിൽ പോകേണ്ടതാണെന്ന് കരുതി അമ്മ സാരിയെടുക്കാതെ പകരം അച്ഛന് ഷർട്ടുമെടുത്തു കൊണ്ട് വന്നു

എനിക്ക് വല്ലാതെ സങ്കടം വന്നു, ഞാൻ വലുതായി ഒരു ജോലി കിട്ടിയിട്ട് , അമ്മയ്ക്ക് ഇഷ്ടം പോലെ സാരി വാങ്ങി കൊടുക്കണം, എന്ന് ഞാൻ അന്ന് ശപഥം ചെയ്തു.

പക്ഷേ വൈകുന്നേരമായപ്പോൾ ഞങ്ങളെ ഞെട്ടിച്ച് കൊണ്ടാണ് അച്ഛൻ ജോലി കഴിഞ്ഞ് വന്നത്, കൈയ്യിലൊരു പൊതിയിരുന്നത്, അച്ഛൻ അമ്മയുടെ നേർക്ക് നീട്ടി.

ഇതെവിടുന്നാ ഈ സാരി?

നീയിന്നലെ കൊണ്ട് വന്ന ഷർട്ട് കൊടുത്തിട്ട്, അതിൻ്റെ പൈസയ്ക്ക് ഞാൻ നിനക്ക് രണ്ട് കോട്ടൺ സാരി വാങ്ങി , എനിക്കിപ്പോ പുതിയ ഷർട്ടിൻ്റെ ആവശ്യമൊന്നുമില്ല, കാരണം, ഞാൻ കമ്പനിയിൽ ചെന്നാൽ, ചായങ്ങള് പറ്റി പിടിച്ച മുഷിഞ്ഞ ഷർട്ടുമിട്ടു കൊണ്ടാണ്, വൈകുന്നേരം വരെ ജോലി ചെയ്യുന്നത്,  പിന്നെ എനിക്ക് കമ്പനിയിൽ പോകാനും വരാനും, ഇപ്പോഴുള്ള രണ്ട് ഷർട്ടുകൾ തന്നെ ധാരാളം, നീയിന്നലെ പറഞ്ഞുവല്ലോ? വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത നിനക്കിപ്പോൾ പുതിയ സാരിയുടെ ആവശ്യമില്ലെന്ന്, നീ പുറത്ത് ഇറങ്ങാറില്ലെങ്കിലും നമ്മുടെ മക്കളുടെ കൂട്ടുകാരൊക്കെ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടല്ലോ? അവരുടെ മുന്നിൽ നീ പഴകിപിഞ്ചിയ സാരിയുടുത്ത് നിന്നാൽ, അതിൻ്റെ കുറച്ചില് നമ്മുടെ മക്കൾക്കല്ലേ? അതുണ്ടാവാൻ പാടില്ല,

അത് കേട്ട് എനിക്ക് അച്ഛനോട് വല്ലാത്ത ബഹുമാനം തോന്നി.

ഒരു കുടുംബം മുന്നോട്ട് പോകുന്നത്, അമ്മയുടെ ത്യാഗത്തിനൊപ്പം അച്ഛൻ്റെ കരുതലും കൂടെയുള്ളത് കൊണ്ടാണെന്ന് ഞാനന്ന് മനസ്സിലാക്കി

വർഷങ്ങൾക്കിപ്പുറം കോവിഡിൻ്റെ പിടിയിൽ നിന്നും മോചനം കിട്ടിയപ്പോൾ, ഞാൻ വീണ്ടും പെയിൻ്റിങ്ങ് പണിക്ക് പോയി തുടങ്ങി

ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ എൻ്റെ ഭാര്യ എനിക്കും കുട്ടികൾക്കും പിന്നെ അമ്മയ്ക്കുമൊക്കെ ഡ്രെസ്സെടുത്ത് വച്ചിരിക്കുന്നു

ഇതൊക്കെയെടുക്കാൻ നിനക്കെവിടുന്നാ പൈസ ?

ഞാൻ അത്ഭുതത്തോടെ അവളോട് ചോദിച്ചു

ഇന്ന് അമ്മയ്ക്ക് പെൻഷൻ കിട്ടിയിരുന്നു , രണ്ട് വർഷമായില്ലേ ചേട്ടാ..നമ്മള് കുട്ടികൾക്ക് പോലും എന്തെങ്കിലുമെടുത്തിട്ട്. രണ്ട് ഓണം വന്ന് പോയിട്ട് പോലും നമ്മളാരും ഒന്നുമെടുത്തില്ലല്ലോ? അപ്പോൾ അമ്മയാ പറഞ്ഞത്, പെൻഷൻ കിട്ടിയ കാശ് കൊണ്ട് പോയി, നിങ്ങൾക്കാവശ്യമുള്ള  ഡ്രെസ്സെടുക്കാൻ

എന്നിട്ട് നിനക്കൊന്നുമെടുത്തില്ലേ?

ഇല്ല പൈസ തികഞ്ഞില്ല, അത് സാരമില്ല , എനിക്കിപ്പോൾ എവിടെയും പോകാനില്ലല്ലോ

പണ്ട് അമ്മ പറഞ്ഞ അതേ വാക്കുകൾ അവൾ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു.

അത് ശരി ,അപ്പോൾ മറ്റുള്ളവരെ കാണിക്കാനാണോ നീ നല്ല വേഷം ധരിക്കുന്നത്? എടീ…പുറത്ത് പോകുമ്പോൾ മാത്രമല്ല, വീട്ടിലാണെങ്കിലും വൃത്തിയുള്ള വസ്ത്രം ധരിച്ച് നില്ക്കുന്ന ഭാര്യയെ കാണാനാണ്, ഞാനുൾപ്പെടെ എല്ലാ ഭർത്താക്കൻമാരും ആഗ്രഹിക്കുന്നത്, പിന്നെ, ഞാനിപ്പോൾ പെയിൻറ് ചെയ്തോണ്ടിരിക്കുന്ന വീടിൻ്റെ ഹൗസ് വാമിങ്ങിന് അതിൻ്റെ ഓണറ് ഞങ്ങൾക്കെല്ലാവർക്കും പുതിയ ഡ്രെസ്സ് എടുത്ത് തരുമെന്ന് പറഞ്ഞിട്ടുണ്ട് , അപ്പോൾ പിന്നെ ഈ ഷർട്ടിൻ്റെയൊന്നും ആവശ്യമില്ല , അത് കൊണ്ട് നാളെ തന്നെ, നീയെൻ്റെ ഷർട്ട് കൊണ്ട് മാറിയിട്ട് , നിനക്ക് നല്ല രണ്ട് നൈറ്റിയെടുക്കണം, കേട്ടല്ലോ?

കുറച്ച് കർക്കശമായി തന്നെയാണ് ഞാനവളോട് പറഞ്ഞത്, ഇല്ലെങ്കിൽ അവള് അലംഭാവം കാണിക്കുമെന്നെനിക്കറിയാം

ഇന്നിപ്പോൾ ഹൗസ് വാമിങ്ങ് നടക്കുന്ന വീട്ടിലാണ് ഞാൻ നില്ക്കുന്നത് ,ഇവിടുന്ന് ബിരിയാണി മാത്രമേ കിട്ടുകയുള്ളുവെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്, കാരണം അന്നവളോട് പറഞ്ഞത് കല്ല് വച്ച നുണയാണെന്ന് എനിക്കല്ലേ അറിയു ?

ശുഭം.

~സജി തൈപ്പറമ്പ്.