വിശപ്പ്
Story written by Kannan Saju
===========
“സാറേ…സാറിനെ എന്താ എല്ലാരും പട്ടാളം എന്ന് വിളിക്കുന്നെ?”
തൻസീർ എന്ന നാലാം ക്ലാസുകാരന്റെ ചോദ്യം കേട്ടു കുര്യൻ സാറ് അവനെ ഇരുത്തി ഒന്നു നോക്കി
“നിനക്കറിയണമല്ലേ എന്നെ എല്ലാരും എന്നെ എന്തിനാ പട്ടാളം എന്ന് വിളിക്കുന്നെന്നു…”
അവൻ ഭയത്തോടെ തല താഴ്ത്തി…
ഉച്ചക്കത്തെ വെയിലിൽ കൊടി മരത്തിനു താഴെ പട്ടാളം കുര്യൻ അവനെ മുട്ട് കുത്തി കൈകൾ നീട്ടി പിടിച്ചു അര മണിക്കൂർ ഇരുത്തിച്ചു…
പട്ടാളം കുര്യൻ അത്ര കർക്കഷക്കാരൻ ആയിരുന്നു…എങ്ങനെ എങ്കിലും മക്കള് പഠിച്ചു മാർക്ക് മേടിച്ചാൽ മതി എന്ന് ചിന്തിച്ചിരുന്ന അന്നത്തെ മാതാപിതാക്കൾ പട്ടാളത്തിന്റെ ചെയ്തികൾ കണ്ണടച്ച് വിട്ടും പ്രോത്സാഹിപ്പിച്ചും പോന്നു. പട്ടാളത്തിന്റെ ചൂരലിനു ച-ന്തിക്കു അടികൊണ്ട രണ്ട് ദിവസം ഇരിക്കുമ്പോൾ നീറ്റലായിരിക്കും. അതോടെ അടി കിട്ടിയവർ പിന്നീട് എന്ത് ചെയ്യുമ്പോഴും രണ്ടാമതൊന്നു ചിന്തിക്കും.
അവധി മുൻകൂട്ടി പറയാതെ ലീവ്ടുക്കുന്ന ടീച്ചർ മാരെ പട്ടാളം ഒരു ദിവസം മുഴുവൻ സ്റ്റാഫ് റൂമിനു വെളിയിൽ നിർത്തും എന്ന് പറയുമ്പോ ഊഹിക്കാലോ കുട്ടികളുടേ കാര്യം.
ശക്തമായി ഇടി വെട്ടി മഴ പെയ്ത ആ ദിവസം…മഴത്തുള്ളികൾ ഓടിന്മേൽ സംഹാര താണ്ഡവമാടിയ നിമിഷങ്ങൾ…ബെല്ലിൽ കൂട്ട മണി അടിക്കുന്ന പ്യൂണിന്റെ കൈകൾ…സ്കൂൾ മുറ്റം നിറയുന്ന കുടകൾ…
കുര്യൻ മാഷേ…എന്നുള്ള പ്യൂണിന്റെ നീട്ടിയുള്ള വിളി…
ആ വിളി ഉച്ചത്തിൽ മുഴങ്ങവേ സ്റ്റേജിലെ കസേരയിൽ ആ പഴയ നിമിഷങ്ങൾ ഓർത്തിരുന്ന കുര്യൻ മാഷ് സദസ്സിൽ ഉള്ളവരുടെ കൈയ്യടി കേട്ടു ഞെട്ടി എണീറ്റു.
സദസ്സിൽ മാറി മാറി പ്രസംഗിക്കുന്നവർ കുര്യൻ മാഷിനെ പൊക്കി പറയുമ്പോൾ കിട്ടുന്ന കയ്യടികൾ ആയിരുന്നു അത്…
“സാറിനെ കാണുന്നതേ അന്ന് ഞങ്ങൾക്ക് പേടി ആയിരുന്നു…പക്ഷെ ആ പേടിയിൽ ഞങ്ങൾ പഠിച്ചു…ഇന്ന് ഈ നിലയിൽ ആയി. ഞങ്ങളുടെ നല്ലതിന് വേണ്ടി ആയിരുന്നു സാർ അത് ചെയ്തത് എന്ന് ഇപ്പോ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് “
അങ്ങനെ പൂർവ്വ വിദ്യാർഥികൾ ഓരോരുത്തരായി സാറിന്റെ മഹത്വം വിളമ്പുമ്പോഴും മാഷിന്റെ മനസ്സ് ആ മഴയുള്ള ദിവസത്തിൽ തന്നെ ആയിരുന്നു….മാഷ് വീണ്ടും കണ്ണുകൾ അടച്ചു…
ആ ദിവസത്തിന്റെ തലേന്ന് മാഷ് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നാളെ കേട്ടെഴുത്തു ഉണ്ടാവും പഠിച്ചിട്ടു വരണം എന്ന്…കുട്ടികളെ സ്കൂളിൽ അല്ലാതെ അവരുടെ കുടുംബ പശ്ചാത്തലങ്ങളെ കുറിച്ച് സാറിനു ഒന്നും അറിയില്ലായിരുന്നു…അല്ലെങ്കിൽ അറിയാൻ ശ്രമിച്ചില്ലായിരുന്നു.
ഉപ്പയും ഉമ്മയും ഇല്ലാതിരുന്ന തൻസീർ കൊച്ചപ്പക്കൊപ്പം ആയിരുന്നു താമസിച്ചിരുന്നത്…അയ്യാൾ അവനെ പൊന്നു പോലെ നോക്കിയിരുന്നു. എന്നാൽ അദ്ദേഹം വിവാഹം കഴിച്ചതോടെ കാര്യങ്ങൾ മാറി. ഒരു കുഞ്ഞും കൂടി ആയപ്പോ ഇളയമ്മക്ക് അവനെ കണ്ണിനു കാണാതായി. കട ബാധ്യത മൂലം കൊച്ചാപ്പ ഗൾഫിലും കൂടി പോയപ്പോ ഭരണം ഇളയമ്മയുടെ കയ്യിൽ ആയി. മുഴുവൻ പണികളും എടുപ്പിക്കും…തോന്നിയാൽ ഭക്ഷണം കൊടുക്കും. തൻസീറിനു സ്കൂളിൽ പോകാൻ ഏറ്റവും ഇഷ്ടം അതായിരുന്നു. ഉച്ച കഞ്ഞി കിട്ടും. വയറു നിറയെ കഴിക്കാം…
കുര്യൻ മാഷ് പരീക്ഷക്ക് പഠിക്കാൻ പറഞ്ഞ അന്ന് രാത്രി,
“ഇളയുമ്മ വിശക്കണ്…ഞാൻ ഇച്ചിരി ചോറുണ്ടോട്ടെ? “
“എപ്പോ നോക്കിയാലും ഈ ഒരു വിചാരം മതിയല്ലോ…നീ ആദ്യം ഞങ്ങള് കഴിച്ച പാത്രങ്ങൾ മുഴുവൻ കഴുകി വെക്ക്…എന്നിട്ടു ആ തുണി എല്ലാം മടക്കി വെക്ക് “
“എനിക്ക് നാളെ പരീക്ഷയുണ്ട് ഇളയുമ്മ.. “
അവർ കട്ടലിൽ നിന്നും ചാടി എണീറ്റു…
“പിന്നെ നീ പഠിച്ചങ്ങു കളക്ടർ ആവാൻ പോവാണല്ലോ…പണി ചെയ്യാൻ പറ്റില്ലെങ്കിൽ നീ തിന്വോം വേണ്ട…”
കലി കയറി അടുക്കളയിലേക്കു ഓടിയ അവർ കലത്തിൽ ഉണ്ടായിരുന്ന ചോറെടുത്തു പറമ്പിലേക്ക് എറിഞ്ഞു.
ഒന്നും മിണ്ടാനാവാതെ അവൻ നോക്കി നിന്നു..പഠിക്കാൻ പുസ്തകം എടുത്തു..അടി വയറിൽ നിന്നും ഒരു ആളൽ…കിണറ്റിൻ കരയിൽ പോയി വെള്ളം കോരി തൊട്ടിയിൽ നിന്നും മതി വരുവോളം കുടിച്ചു. ഉറങ്ങാത നേരം വെളുപ്പിച്ചു.
സ്കൂളിൽ പേപ്പർ നോക്കിയ കുര്യൻ മാഷ് അവനെ വിളിപ്പിച്ചു.
“എന്താ ഇത്? “
അപ്പോഴും അവന്റെ കണ്ണുകൾ ബെല്ലിലേക്കായിരുന്നു..
ചൂരല് കൊണ്ടു ചന്തിക്കു ആഞ്ഞടിച്ചു..തുള്ളിചാടി കൊണ്ടു കണ്ണുകൾ നിറഞ്ഞു തൻസീർ നിന്നു. മാഷ് അവന്റെ കൈകളിൽ പിടിച്ചു വലിച്ചു അടുത്ത ഒഴിഞ്ഞ ക്ലാസ് മുറിയിൽ കൊണ്ടു നിർത്തി..
“ഇത് മുഴുവൻ ഇവിടെ ഇരുന്നു പഠിച്ചോണം.ഞാൻ വരും..എന്നെ മുഴുവൻ എഴുതി കാണിക്കാതെ ഈ മുറിക്കു പുറത്തേക്ക് ഞാൻ വിടില്ല”
അപ്പോഴേക്കും ഉച്ചക്കഞ്ഞിക്കുള്ള മണി മുഴങ്ങിയിരുന്നു.
“സാറെ…ഞാൻ കഴിച്ചിട്ട് പഠിച്ചോളാം..എനിക്ക് വിശക്കണു “
“മിണ്ടരുത് നീ..നീയൊക്കെ ഉച്ചക്കഞ്ഞിക്കു വേണ്ടി മാത്രമാണോ സ്കൂളിൽ വരുന്നതെന്ന് എനിക്ക് സംശയം ഉണ്ട്..ഞാൻ ഇതങ്ങു പൂട്ടുവാ..ഇനി എനിക്ക് സമയം കിട്ടുമ്പോ ഞാൻ വരും…എന്നിട്ടു എന്നെ എഴുതി കാണിച്ചിട്ട് നീ തിന്നാ മതി “
സാർ പൂട്ടി താക്കോൽ സ്റ്റാഫ് റൂമിൽ വെച്ചു..സമയം കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു….മഴ ശക്തിയായി പെയ്യാൻ തുടങ്ങി…മാഷിന്റെ മകന് വയ്യെന്ന് പറഞ്ഞു വിളി വന്നു. മാഷ് ധൃതിയിൽ ഓട്ടോ പിടിച്ചു വീട്ടിലേക്കു പോയി..വിശന്നു തളർന്ന തൻസീർ ബോധ രഹിതനായി. മഴ ശക്തിയാർജിച്ചു. മണി മുഴങ്ങി..കുട്ടികൾ കുടയും ചൂടി വീട്ടിലേക്കു ഓടി…പൂട്ടി കിടന്നതിനാൽ പയൂണും മുറിയിലേക്ക് ശ്രദ്ധിച്ചില്ല.
ആറു മണി ആയിട്ടും അവനെ കാണാതായപ്പോ ഇളയുമ്മക്ക് പേടി തോന്നി തുടങ്ങി…അയൽക്കാരോട് പറഞ്ഞു..ഫലം ഉണ്ടായില്ല..അവർ തിരഞ്ഞു മടുത്തു പോലീസിൽ അറിയിച്ചു..പോലീസുകാർ അവന്റെ ക്ലാസ് റൂം തുറന്നു നോക്കി..എന്നാൽ തൊട്ടടുത്തതും കൂടി തുറന്നു നോക്കാൻ അവർക്കു തോന്നിയില്ല. മകനുമായി ആശുപത്രിയിൽ ആയതിനാൽ അവർക്കു കുര്യൻ മാഷിനെ ശല്യം ചെയ്യാനും തോന്നിയില്ല. ക്ലാസ്സിലെ കുട്ടികൾക്ക് മാർക്ക് കുറഞ്ഞതിന് കുര്യൻ മാഷ് ക്ലാസ്സിന് ഇറക്കി വിട്ടതല്ലാതെ ഒന്നും അറിയില്ല. പിന്നെ അവൻ ക്ലാസ്സിൽ വന്നിട്ടില്ല.
പിറ്റേന്ന് റൂം തുറന്ന പ്യൂണിന്റെ നിലവിളി കുര്യൻ മാഷിന്റെ കാതുകളിൽ ഉയർന്നു.
അയ്യാൾ ഞെട്ടി എഴുന്നേറ്റു.
അപ്പോഴേക്കും അദ്ദേഹത്തിന് സംസാരിക്കാൻ സമയമായിരുന്നു. മൈക്കിന് മുന്നിൽ എത്തിയ മാഷ് ആദ്യമായി കുട്ടികളെ നോക്കി ഒന്നു പതറി.
“ഇന്നിവിടെ നിന്നും പടി ഇറങ്ങുമ്പോൾ എല്ലാവരോടും എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്…നിങ്ങളെന്ന സ്നേഹം കൊണ്ടു മൂടുമ്പോൾ ചിലതൊക്കെ എന്റെ നെഞ്ചിൽ കിടന്നു പിടയുവാണ്..നിങ്ങൾ എന്നെ ഒരു മാതൃക അദ്ധ്യാപകനായി.. “
അത്രയും പറഞ്ഞപ്പോഴേക്കും മാഷിന്റെ നെഞ്ചിൽ എന്തോ പിടിച്ചു വലിക്കുന്ന പോലെ അദ്ദേഹത്തിന് തോന്നി..മാഷ് നിലത്തേക്ക് വീണു സ്റ്റെജിൽ ഉള്ളവർ അദ്ദേഹത്തെ താങ്ങി…
ജീവന് വേണ്ടി പിടയുമ്പോൾ തൻസീർ ആ ആൾ കൂട്ടത്തിൽ നിന്നു അദ്ദേഹത്തെ നോക്കുന്നത് പോലെ മാഷിന് തോന്നി..
“ഇനി എങ്കിലും ഞാനാ സത്യം പറയട്ടെടാ മോനേ..നീ മരിച്ചതല്ല ഞാൻ കൊന്നതാണെന്ന്…അന്ന് നിന്നെ പൂട്ടിയിടാതിരുന്നെങ്കിൽ..നീ പട്ടിണി ആണെന്ന് എനിക്കറിയില്ലായിരുന്നെടാ…വിശന്നു മരിക്കുന്നവന്റെ വേദന. എത്ര പ്രാകി കാണും നീ എന്നെ “
“ഇല്ല മാഷേ..എല്ലാരേം സ്നേഹിക്കാനെ എന്റെ കൊച്ചാപ്പ എന്നെ പഠിപ്പിച്ചിട്ടുള്ളു…ഈ രഹസ്യം നമ്മൾ രണ്ടാളും അറിഞ്ഞാൽ മതി…”
തൻസീർ മാഷിനെ ആലിംഗനം ചെയ്യാൻ ഇരു കൈകളും നീട്ടി…മാഷിന്റെ ദേഹി ദേഹം വെടിഞ്ഞു അവനെ ലക്ഷ്യമാക്കി നീങ്ങി.