അങ്ങനെ ഒക്കെ പറയുമെങ്കിലും ബുക്ക്‌ വായിച്ചു കൊണ്ടിരിക്കുമ്പോൾ വന്നു മടിയിൽ കിടക്കും…

ഒറ്റയ്ക്കാക്കാത്തവർ

Story written by Ammu Santhosh

===========

“ഒരു സാധനം വെച്ചാൽ വെച്ചിടത്ത് കാണില്ല. എന്റെ വാല്ലറ്റ് എവിടെ..?”

നിഖിൽ ചുവന്ന മുഖത്തോടെ മേശപ്പുറത്ത് തിരഞ്ഞു കൊണ്ട് ഉറക്കെ ചോദിച്ചു

“അത് നിഖിൽ എവിടെയാ വെച്ചത്?” ആഗ ചോദിച്ചു

“ഇവിടെ തന്നെ.. നീ എവിടെയെങ്കിലും എടുത്തു മാറ്റിവെച്ചിട്ടുണ്ടാകും. നിന്റെ ഈ വൃത്തിയാക്കൽ കാരണം എന്റെ ടൈം എത്രയാ പോകുന്നതെന്ന് നോക്ക്..”

“ശ്ശോ ഞാൻ ഇന്നീ മുറിയിൽ വന്നില്ലല്ലോ നിഖിൽ.. ഞാൻ നോക്കാം..ഓഫീസിൽ പോകാനുള്ള ഒരുക്കങ്ങൾ ചെയ്യ്. പോയി കുളിക്ക് “

അവൻ അതേ നീരസത്തോടെ ബാത്‌റൂമിലേക്ക് പോയി

തിരിച്ചു വരുമ്പോൾ കയ്യിൽ വാലറ്റ് വെച്ചു കൊടുത്തു ആഗ

“ഇന്നലെത്തെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഇവനെ എടുത്തിട്ടില്ലായിരുന്നു. എന്നിട്ടാണോ ഈ ബഹളം എല്ലാം ഉണ്ടാക്കിയെ?”

“റിയലി?”

“അല്ലാതെ പിന്നെ?”അവൾ ചിരിച്ചു

“നീ ഫുഡ് എടുത്തു വെയ്ക്ക്.. ആ പിന്നെ നിന്റെ ഇഡലി സാമ്പാർ, ദോശ ചട്ണി മുതലായ ഐറ്റം ഒന്നും വേണ്ട. രണ്ടു പീസ് ബ്രെഡ് വിത്ത്‌ ബട്ടർ.. ജ്യൂസ്‌.. ഓക്കേ?”

അവൾ മുഖം കൂർപ്പിച്ചു

“എന്റെ ഫുഡ് ആണ് ലോകത്തു തന്നെ ഏറ്റവും ന്യൂട്രിഷ്യസ് ആയത്.. ബ്രെഡ് പോലും ബ്രെഡ്. നിഖി… നിന്റെ ഈ സ്വഭാവം എനിക്കിഷ്ടമല്ല കേട്ടോ “

“ഓ.. സമ്മതിച്ചു.. നീ പോയെ.. എനിക്കിന്നു ക്ലയന്റ്‌സ് മീറ്റിംഗ് ഉണ്ട്. പിന്നെ കമ്പനി മാനേജർസ് മീറ്റിംഗ്..”

അവൾ അടുത്ത് ചെന്നു. കടും നീല ഷർട്ടിന്റ ബട്ടണുകൾ ഇട്ടു കൊടുത്തു

“എത്ര ദേഷ്യം വന്നാലും അവിടെ കാണിക്കല്ലേ.. ഇവിടെ വന്നു എന്നോടായിക്കോ.. ഉം?”

നിഖിൽ പിശുക്കി ഒന്ന് ചിരിച്ചു

“കേട്ടോടാ മോനു ” അവൾ ആ മൂക്കിന് തുമ്പിൽ മൃദുവായി ചുംബിച്ചു.

“ഓക്കേ will try ” അവൻ ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു കാറിൽ പോകുന്ന വരെ അവൾ ഒപ്പം നിന്നു

“ഷോപ്പിങ് ഉണ്ടെങ്കിൽ ജസ്റ്റ്‌ മെസ്സേജ് മി.. നീ വന്നിട്ടെ ഞാൻ വരൂ..”

“ഇല്ല ഇന്നില്ല.. പക്ഷെ അമ്മ വിളിച്ചിരുന്നു. ഒരു രണ്ടു ദിവസം..”

“No way…വേണേൽ പോയി ഈവെനിംഗ് തിരിച്ചു പോര്.. എന്തായാലും മെസ്സേജ് ഇടണം.ഓക്കേ ബൈ “

അവൾ പിന്നെ ഒന്നും പറഞ്ഞില്ല. മുഖത്ത് ഒരു ചിരി വരുത്തി അവനെ യാത്രയാക്കി

കല്യാണം കഴിഞ്ഞു വീട്ടിൽ പോയി നിന്നിട്ടേയില്ല ആഗ. നിഖിൽ സമ്മതിക്കാറില്ല അത്. വേണെങ്കിൽ അവർ ഇവിടെ വന്നു നിന്നോട്ടെ എന്ന മട്ടാണ്. സ്വന്തം വീട്ടിലും പോയി നിൽക്കില്ല. പോയാലും വൈകുന്നേരം തന്നെ തിരിച്ചു വരും. ആകെ അപ്പയോടാണ് കുറച്ചു എങ്കിലും സോഫ്റ്റ്‌ ആയി സംസാരിക്കുക. ഒരു ഏട്ടനുള്ളതിനോട് സംസാരിക്കുന്നത് ബിസിനസ് കാര്യങ്ങൾ മാത്രം.നിഖിൽ അമ്മയെ കണ്ടിട്ടില്ലത്രേ. ഒരിക്കൽ അപ്പ പറഞ്ഞതാണ്. അതിന്റ ഒരു നേർത്ത വിഷാദം അവന്റ കണ്ണുകളിൽ എപ്പോഴും മയങ്ങിക്കിടപ്പുണ്ടെന്ന് അവൾക്ക് തോന്നാറുണ്ട്. എന്നാലും കക്ഷി അതൊന്നും ഭാവിക്കാറില്ല. ഒരു rough and tough man.

“നീയൊരു മെഷിൻ പോലെയാണ്. രാവിലെ അലാറം വെയ്ക്കുന്നു ഉണരുന്നു ഓഫീസിൽ പോകുന്നു വരുന്നു. പിന്നെ ലാപ്ടോപിന്റ മുന്നിൽ തന്നെ “

അവൾ ഇടയ്ക്ക് പറയും

അവൻ കേട്ടതായി നടിക്കാറില്ല

പക്ഷെ അവൾക്ക് ഒന്നറിയാം. അവളെയവന് ജീവനാണ്. അവൾ എവിടെ പോയാലും അവൻ വരും മുന്നേ വരണമെന്നവന് നിർബന്ധം ഉണ്ട്

“അതെന്താ ഈ വാശി? ഞാൻ വരുമ്പോൾ ഒരു ചായ ഒക്കെ ഇട്ട് എന്നെ കാത്തിരുന്നാൽ എന്താ നിനക്ക്?”

“അതൊക്കെ വേറെ ഭർത്താക്കന്മാർ ചെയ്യും. നിഖിൽ ചെയ്യില്ല. ഞാൻ വരുമ്പോൾ നീ ഇവിടെ ഉണ്ടാകണം..”

“ലൈക്‌ സർവന്റ്?”

ഒരിക്കൽ അങ്ങനെ ചോദിച്ചു പോയതിന് പിണങ്ങിയത് ഒരാഴ്ച ആണ്. ഈശ്വര ആ ദിവസങ്ങളിൽ താൻ അനുഭവിച്ച വേദന.. നിഖിൽ പഴയ പോലെ തന്നെ… താൻ തന്നെ അങ്ങോട്ട് പോയി മിണ്ടി സോറി പറഞ്ഞു

“നിഖിലിന് ഒരു വിഷമോം ഇല്ല എന്നോട് മിണ്ടിയില്ലെങ്കിൽ.. ഭയങ്കര rude ആണ് ട്ടൊ “

“ഞാൻ നിന്നേ പോലെ പൈങ്കിളി അല്ല.. നീയി കണ്ണിൽ കണ്ട books ഒക്കെ വായിച്ചു അതാണ് ലൈഫ് എന്ന് വിചാരിച്ചു വെച്ചേക്കുവാ..”

“ഓ ഭാര്യയോട് സ്നേഹം കാണിക്കുന്നത് പൈങ്കിളി ആണല്ലോ..”

“നീ വായിച്ചു കൊണ്ടിരിക്കുന്ന ബുക്ക്‌ കംപ്ലീറ്റ് ചെയ്യ്. എന്നിട്ട് ഗാർഡനിൽ പൊയ്ക്കോ എനിക്ക് ഇച്ചിരി പണി കൂടി തീർക്കാനുണ്ട് “

അങ്ങനെ ഒക്കെ പറയുമെങ്കിലും ബുക്ക്‌ വായിച്ചു കൊണ്ടിരിക്കുമ്പോൾ വന്നു മടിയിൽ കിടക്കും

“ഒന്ന് മസാജ് ചെയ്യ് “

കൈ എടുത്തു ശിരസിൽ വെയ്ക്കും

“എനിക്ക് വായിക്കണ്ടേ?”

“ഞാൻ ഓഫീസിൽ പോകുമ്പോൾ വായിക്ക് “

ആ ശബ്ദം, നോട്ടം, ചിരി.. ഓക്കേ അടിമയാക്കിക്കളയും തന്നെ.. നോക്കിയിരുന്നാൽ സമയം പോകുന്നതറിയുകേയില്ല. നിഖിലിനോട് തനിക്ക് ഭ്രാന്ത് പിടിച്ച പോലെയുള്ള ഒരു ഇഷ്ടമാണ് എന്നവൾക്ക് തോന്നാറുണ്ട്.

നിഖിൽ സമ്മതിച്ച സ്ഥിതിക്ക് അമ്മയെ പോയി കണ്ടിട്ട് വരാം എന്നവൾ തീരുമാനിച്ചു

വീട്ടിൽ ചെല്ലുമ്പോൾ അവർക്കെല്ലാം അതിശയം . നിഖിൽ സമ്മതിച്ചു തന്നെയാണോ വന്നതെന്ന് അനിയത്തി എടുത്തു ചോദിച്ചു. സംസാരിച്ചിരുന്നു തിരിച്ചു പോരാൻ വൈകി. ആ ടെൻഷനോട്‌ തന്നെ ആണ് കാർ ഡ്രൈവ് ചെയ്തതും.

നിഖിൽ മീറ്റിംഗിലായിരുന്ന സമയത്താണ് ഫോൺ വന്നത്. ആഗയ്ക്ക് ആക്‌സിഡന്റ്.

ഹോസ്പിറ്റലിൽ ഡോക്ടർ കുര്യൻ ജേക്കബിന്റെ മുന്നിൽ അവൻ നിന്നു

“സർജറി കൊണ്ട് എന്തെങ്കിലും ഹോപ്‌ ഉണ്ടോ എന്ന് ചോദിച്ചാൽ സത്യത്തിൽ എനിക്കറിയില്ല നിഖിൽ. അത്രയ്ക്കും വഷളാണ് കണ്ടിഷൻ. ഒരു കണ്ടെയ്നർ ലോറി ആഗയുടെ കാറിനു മുകളിൽ കൂടി കയറി ഇറങ്ങുകയായിരുന്നു. കാർ ബാക്കിയില്ല. അവൾ രക്ഷപ്പെട്ടത് ഞങ്ങൾക്ക് അതിശയം ആണ്. പക്ഷെ രക്ഷപെട്ടു എന്ന് പറയാനും വയ്യ.. നിനക്ക് നിന്റെ അപ്പയെ പോലെ തന്നെ ആണ് ഞാൻ. എന്നെനിക്കറിയാം.സത്യം നീ അറിഞ്ഞേ പറ്റു.. ഒരു പക്ഷെ ജീവിതത്തിലേക്ക് തിരിച്ചു വന്നാലും she will be in bed.. ഇതൊക്ക മനസിലുണ്ടാകണം. Prepared ആയി ഇരിക്കണം “

“അവൾക്ക് ബോധമുണ്ടോ?” ഡോക്ടർ അതിശയത്തോട് അവനെ നോക്കി

അവന്റെ കണ്ണ് നിറഞ്ഞിട്ട് കൂടിയില്ല. Very bold

“ഇപ്പൊ കുറച്ചു ടൈം ഉണ്ട്.. എപ്പോഴാണ് മാറുന്നത് എന്നറിയില്ല “

“കാണണം.. I want to see her “

ആഗ കഠിന വേദനയ്ക്കിടെ ആ മുഖം കണ്ടു.. അവളുട കണ്ണുകളിൽ നീർ നിറഞ്ഞു

നിഖിൽ കുനിഞ്ഞു ആ മുഖത്തേക്ക് മുഖം അടുപ്പിച്ചു

“Come fast.. I will be waiting for you “

“നിഖി… ഞാൻ.. എനിക്ക്..”

“ഒറ്റയ്ക്കാവുന്നത് എനിക്ക് ഇഷ്ടമല്ലെന്നു മറ്റാരെക്കാൾ നിനക്കറിയാം.. Fight like a warrior.. Because I need you “

അവൻ ഡോക്ടറെ നോക്കി

“ഞാൻ പുറത്ത് ഉണ്ടാവും.she will be back.. She is my wife, my girl “

അപ്പൊ മാത്രം അവന്റെ ശബ്ദം ഒന്നടച്ചു. ഡോക്ടർക്ക് മുഖം കൊടുക്കാതെ അവൻ നടന്നു പോയി.

അതിശയങ്ങൾ നടക്കുമ്പോൾ ചിലപ്പോൾ നമ്മളോക്കെ പകച്ചു നിന്നു പോകും

ഡോക്ടർ കുര്യന്റെ അവസ്ഥയും ആദ്യം അങ്ങനെ ആയിരുന്നു. ആഗ യെയും വഹിച്ചുള്ള വീൽ ചെയർ ഉരുട്ടി നിഖിൽ ഡോക്ടർ കുര്യന്റെ മുന്നിലേക്ക് വരുമ്പോൾ അയാൾ അന്നത്തെ അവസാന രോഗിയെയും പറഞ്ഞയച്ച് ഒരു കോഫി കുടിക്കുകയായിരുന്നു

“എന്റെ മോളെ ദേ ഇവനുണ്ടല്ലോ എന്താ സംഭവം ന്ന് അറിയുമോ? ഒരു തുള്ളി കണ്ണീർ വരണമല്ലോ ഏ.. ഹേ.. മസിലും പിടിച്ചു ഒറ്റ നിൽപ്പാ.. ഞാൻ ആണെങ്കിൽ ചങ്ക് തകർന്ന അവസ്ഥയിലും..”ആഗ ചിരിച്ചു

“പക്ഷെ നിന്നെ ജീവനാ കേട്ടോ..”

അവളുട കണ്ണ് നിറഞ്ഞു

“നിങ്ങൾ ഡോക്ടർമാരും പൈങ്കിളി ആണോ? “അങ്കിൾ എങ്ങനെയാ ഇവളെ പോലെ ബുക്ക്‌ ഒക്കെ വായിക്കുന്ന കൂട്ടത്തിലാവുമല്ലേ? വാചകങ്ങളിൽ ഒക്കെ പൈങ്കിളി ടച് “

“പോടാ ചെക്കാ..മോൾ സൂക്ഷിക്കണം കുറച്ചു നാൾ കൂടി വീൽ ചെയർ മതിയാവും പിന്നെ ഫിസിയോ തെറാപ്പി മതി.”

അവൾ തലയാട്ടി

അമ്മയും അച്ഛനും നിഖിലിനോട് സംസാരിച്ചു. വീട്ടിലേക്ക് കൊണ്ട് പോകാമെന്നു പറഞ്ഞു. അവൾക്കറിയാം ആരു നിർബന്ധിച്ചാലും അതൊന്നും സമ്മതിക്കാൻ പോണില്ല. ഈ മുരടന്റെ അടുത്ത് വെറുതെ സംസാരിച്ചു സമയം കളയമെന്നേ ഉള്ളു.

നിഖിൽ ലീവ് കഴിഞ്ഞു ഓഫീസിൽ പോകുന്ന ദിവസം അവളെയും ഒരുക്കി.

“ഇതെന്തിനാ ഇപ്പൊ ഞാൻ റെഡി ആവുന്നേ?”

അവൻ ഒന്ന് ചിരിച്ചു

അവന്റെ ഓഫീസിലേക്ക് വീൽ ചെയർ ഉരുട്ടി അവൻ നടന്നു കയറുമ്പോൾ അവൾ അമ്പരപ്പോടെ ചുറ്റും നോക്കി

“Welcome.. Aaga “എന്നുള്ള ആരവം.. സ്റ്റാഫ്‌ മുഴുവൻ അവളെ സ്വീകരിക്കാനുണ്ടായിരുന്നു

“ഇതാണ് നിന്റെ ഓഫീസ് മുറി.. ദേ ഷെൽഫിൽ നിന്റെ ബുക്സ് ഉണ്ട്. അത്യാവശ്യം വായിക്കാം പക്ഷെ എപ്പോഴും പറ്റില്ല. നിന്നെ അസ്സിസ്റ്റ്‌ ചെയ്യാൻ ഒരാളുണ്ട്. ജോലി എല്ലാം പറഞ്ഞു തരും… You have to work..”

അവൻ മുറി കാണിച്ചു കൊടുത്തു പറഞ്ഞു

അവൾ കണ്ണു മിഴിച്ചു

“ഞാൻ…?”

“നല്ല രസമാടി… Do it “

അവൻ ചിരിച്ചു കൊണ്ട് അവളെ കടന്ന് പോയി. ആഗക്ക് അതെന്തിനാ എന്ന് അപ്പൊ മനസിലായി

അവളില്ലാതെ വയ്യ എന്ന് പറയാതെ പറയുകയാണവൻ

ഓരോ നിമിഷവും കണ്മുന്നിൽ ഉണ്ടാകണം എന്നോർമ്മിപ്പിക്കുകയാണ്

ഒറ്റയ്ക്കാവുന്നത് എനിക്കിഷ്ടമല്ല ആഗ എന്ന് വീണ്ടും വീണ്ടും പറയുകയാണ്

അവൾ അവന്റ നമ്പർ ഡയൽ ചെയ്തു

“നിഖി…. ലവ് യു മോനു “

നിഖിൽ ഒരു നിമിഷം നിശബ്ദനായി

പതിവ് പോലെ പൈങ്കിളി എന്ന് വിളിച്ചു കളിയാക്കിയില്ല..

“Be with me… Always be with me ” അവൻ മെല്ലെ പറഞ്ഞു

ഫോൺ കട്ട്‌ ആയി

ചിലരിങ്ങനെയാണ്

മധുരവാക്കുകളുടെ തേൻ മുട്ടായികളൊന്നും നൽകാതെ നമ്മെ നെഞ്ചിലടക്കുന്നവർ.

ജീവിതം മുഴുവൻ ആ പ്രണയ ദ്വീപിൽ ബന്ധനസ്ഥരാക്കുന്നവർ.

ഒറ്റയ്ക്കാക്കാത്തവർ..