പറയാതറിയുന്നവർ…
Story written by AMMU SANTHOSH
===========
“അച്ഛെ ഈ മുടി ഒന്ന് കെട്ടിക്കേ…”
അച്ചൂ മുന്നിൽ വന്നു നിൽക്കുമ്പോൾ അയാൾ ഒരു വണ്ടിയുടെ ചില്ലറ തകരാറുകൾ പരിഹരിക്കുന്ന തിരക്കിൽ വർക്ക് ഷോപ്പിലായിരുന്നു.
“അച്ചുവേ വയസ്സിരുപത്തിയൊന്നായി. ഇപ്പോഴും അച്ഛ തന്നെ മുടി കെട്ടിത്തരണമെന്ന് വാശി പിടിക്കുന്നത് അത്ര നന്നല്ല ട്ട…”
മെക്കാനിക് അജിത് പറയുന്നത് കെട്ട് അവൾ ചിരിച്ചു
“അച്ഛ കെട്ടിത്തന്ന മുടിക്ക് നല്ല ഭംഗിയാണെന്നേ..കൂട്ടുകാരൊക്ക പറയും ഓരോ ദിവസം ഓരോ സ്റ്റൈൽ ആണ് അച്ഛയ്ക്ക്ന്ന് “
അവളുട അച്ഛ അത് കെട്ട് ചിരിച്ചു
“വെറുതെ എന്നെ സോപ്പിടാനാ അജി..ഈ മടിച്ചി പെണ്ണിന് അത് വയ്യ. അത്രേം ഉള്ളു ” അയാൾ കൈ കഴുകി അടുത്തേക്ക് ചെന്നു
“അങ്ങനെ ആണെങ്കിൽ കെട്ടണ്ട..ഞാൻ അഴിച്ചിട്ട് പൊയ്ക്കോളാം..”
അവൾ മുഖം കൂർപ്പിച്ചു.
“അച്ചോടാ പിണങ്ങല്ലേ അച്ഛയുടെ മുത്തല്ലേ..ഇങ്ങോട്ട് നീങ്ങി നിൽക്ക് “
അവളുടെ മുടി ചീകി ഉയർത്തി കെട്ടി കൊടുത്തു അയാൾ
“നല്ല ഭംഗിയുണ്ട്..” അജിത് സമ്മതിച്ചു
“ഞാൻ അച്ഛയുടെ വണ്ടി എടുക്കുവാണേ ” അവൾ ചുമരിൽ തൂക്കിയിട്ടിരുന്ന താക്കോൽ എടുത്തു ഒറ്റ ഓട്ടം
അയാൾ വാത്സല്യത്തോടെ ആ പോക്ക് നോക്കി നിന്നു
“മഹിയേട്ടാ “
“ഉം?”
“ചേച്ചി ഇപ്പൊ വരാറില്ലേ?”
“അവൾക്ക് ജോലി തിരക്കല്ലേടാ.”
“എന്നാലും മാസത്തിൽ ഒരു ദിവസം പോലും വരാൻ പറ്റാത്ത എത്ര തിരക്കാണ് മഹിയേട്ടാ? അച്ചുവിനെ കാണാണെങ്കിലും വന്നൂടെ?”
“ഗൾഫിൽ ജോലിയുള്ള ഭർത്താക്കന്മാർക്ക് നാട്ടിൽ വരാൻ പറ്റാറില്ലല്ലോ. അത് കൊണ്ട് അവർക്ക് സ്നേഹമില്ലായ്‌മ ഉണ്ടൊ? അവളൊരു ഡോക്ടർ അല്ലെ അജി? അത് ഒരു പ്രൈവറ്റ് ആശുപത്രിയും. ഓടി വരാൻ പറ്റുമോ?”
“ചേച്ചിയേ ഡോക്ടർ ആക്കിയത് ചേട്ടൻ തന്നെ അല്ലെ?”
മഹി ചിരിച്ചു
“അതെങ്ങനെയാ നമുക്ക് ഒരാളെ എന്തെങ്കിലും ആക്കാൻ പറ്റുക? അങ്ങനെ അവകാശപ്പെടാൻ പാടില്ല. അവൾ മിടുക്കിയായിരുന്നു പഠിച്ചു. ഡോക്ടർ ആയി അത്ര തന്നെ. ഞാൻ അല്ലെങ്കിൽ മറ്റൊരാൾ അതിന് ഒരു നിമിത്തം ആകും.. “
അജിത് അതിശയത്തോടെ ആ മുഖത്തേക്ക് നോക്കിയിരുന്നു. ആരോടും പരാതിയില്ല, പരിഭവമില്ല, അവകാശവാദങ്ങളില്ല, കുറ്റപ്പെടുത്തലുകളില്ല, അത് കൊണ്ട് തന്നെ ശാന്തനാണ്..എന്തൊരു മനുഷ്യനാണ്! ഇങ്ങനെ ഉണ്ടാകുമോ ആൾക്കാർ?
“നീ സ്വപ്നം കണ്ടിരിക്കാതെ പണി തീർക്ക് “
മഹി ആ തോളിൽ തട്ടി
“അല്ല മഹിയേട്ടാ അച്ചൂട്ടി ഇപ്പൊ മെഡിസിന് അല്ലെ പഠിക്കുന്നെ? ഒരിക്കൽ അവളും ഇത് പോലെ പോവോ?”
അയാൾ ആത്മാർത്ഥമായി ചോദിച്ചതായിരുന്നു
“അവളെ കല്യാണം കഴിച്ചു വിടുമ്പോൾ പിന്നെ പോവൂലെ?”
മഹി സ്പാനർ കൊണ്ട് ഒരു നട്ട് മുറുക്കി
“അതല്ല ഇത് പോലെ..അങ്ങ് അകന്ന് പോയാലോ..കുട്ടികൾ അല്ലെ?വളരുമ്പോൾ..ചിലപ്പോൾ. നമ്മളൊക്കെ വണ്ടിപ്പണിക്കാരല്ലേ ഏട്ടാ? അവർക്ക് കുറച്ചിൽ തോന്നില്ലേ? എന്റെ മോൻ കൂട്ടുകാരോട് പറയുന്നത് അവന്റെ അച്ഛന് ബിസിനസ് ആണെന്നാ നാണക്കേട് കൊണ്ട…”
മഹി കുറച്ചു നേരം മിണ്ടാതെ ഇരുന്നു
എന്നിട്ട് വണ്ടി സ്റ്റാൻഡിൽ വെച്ച് സ്റ്റാർട്ട് ചെയ്തു
“കണ്ടിഷൻ ആയി..നീ ഇതിന്റെ ആളെ വിളിച്ചു കൊണ്ട് പൊയ്ക്കോളാൻ പറ “
“അല്ല മഹിയേട്ടാ ഞാൻ ചോദിച്ചത് വിഷമം ആയെങ്കിൽ..പോട്ടെ കേട്ടോ “
മഹി അവന്റെ തോളിൽ ഒന്ന് തട്ടി
“അവൾ എന്റെ മോളാ..ഭൂമിയിൽ മറ്റാരെയും അത്ര ഉറപ്പിൽ ഞാൻ പറയില്ല എന്റെയാണെന്ന്..പക്ഷെ അച്ചൂട്ടി…അവളെന്റെയാ….എന്റെ മോൾ എന്നെ മറക്കില്ല. വിട്ടു പോവില്ല..അതൊരു ഉറപ്പാ..ജീവിതം തന്ന ഉറപ്പ്…നീ നോക്കിക്കോ എന്റെ കുഞ്ഞ് കല്യാണം കഴിഞ്ഞാലും അവൾക്ക് മക്കൾ ഉണ്ടായാലും ഈ ഭൂമിയിൽ ഏറ്റവും ഇഷ്ടം ആരെയാണെന്നു ചോദിച്ചാ അവളെന്നെ ആവും പറയുക എന്റെ അച്ഛയേ ആണെന്ന് ” അയാളുടെ ശബ്ദം ഇടറി
“കാരണം എന്തെന്നോ അജി..എന്നെ പോലെ ഇനിയാർക്കും ഇത് പോലെ എന്റെ കുഞ്ഞിനെ സ്നേഹിക്കാൻ പറ്റില്ലടോ..”
അയാൾ വേഗം മുഖം തുടച്ച് ചിരിക്കാൻ ശ്രമിച്ചു
“നീ ഈ വണ്ടിയുടെ ആളെ വിളിക്ക്. ഇന്ന് നല്ല ജോലിയുള്ള ദിവസമാ…”
വേറെ ഒരു നഗരം…
ഡോക്ടർ അനിതയ്ക്ക് ഒപിയിൽ നല്ല തിരക്കായിരുന്നു. അവസാനത്തെ ആളും പൊയ്ക്കഴിഞ്ഞപ്പോ അവർ ആശ്വാസത്തോടെ കസേരയിൽ ചാരി ഇരുന്നു ഒരു കോഫി മൊത്തി
“കുറച്ചു ദിവസമായി എന്റെ കാൾ എടുക്കുന്നില്ലല്ലോ “
ഡോക്ടർ നകുലൻ പെട്ടെന്ന് അകത്തേക്ക് വന്നപ്പോൾ അവർ ഒന്ന് പതറി
“കുറച്ചു ബിസി ” അവർ പറഞ്ഞു
“എന്തായി ഞാൻ പറഞ്ഞ കാര്യം?”
“അത് നടക്കില്ല നകുലേട്ടാ..മോളിപ്പോ മെഡിസിൻ ലാസ്റ്റ് വർഷം അല്ലെ? ഇപ്പൊ ഒരു കല്യാണം ഒന്നും ആലോചിക്കാൻ അവളുടെ അച്ഛൻ സമ്മതിക്കില്ല. എംഡി കൂടി ചെയ്തിട്ടേയുള്ളു. പിന്നെ അദ്ദേഹം ആലോചിച്ചു തീരുമാനിക്കുന്നത് ആവും അവളും സമ്മതിക്കുക..”
“എന്റെ മോനും ഡോക്ടർ ആണെടോ..ഈ ഹോസ്പിറ്റലിൽ തനിക്കും തന്റെ മോൾക്കും ഒന്നിച്ചു വർക്ക് ചെയ്യാം. നമ്മൾ എന്നും ഒരുമിച്ചു ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം.”
അയാൾ മെല്ലെ ചിരിച്ചു
അനിത ഒന്ന് വിളറി
“താൻ ആരെയാ പേടിക്കുന്നത്? ആ വർക്ക്‌ഷോപ്പുകാരനെയോ? തന്റെ സ്റ്റാറ്റസ് എന്താ? അയാളുടെ എന്താ? തന്റെ മകൾ ഡോക്ടറുടെ മോളായി അറിയപ്പെടണോ..അതോ വണ്ടിപ്പണിക്കാരന്റെ മോളായിട്ടോ ? താൻ ഈ നഗരത്തിലെ ഏറ്റവും മിടുക്കിയായ ഗൈനക്കോളജിസ്റ് ആണ്..അത് മറക്കണ്ട. മോളെ ഇങ്ങോട്ട് കൊണ്ട് വരൂ..ഈ വർഷം കഴിഞ്ഞാൽ..ബാക്കി നമുക്ക് നോക്കാം “
“എനിക്ക് ഉറപ്പില്ല, അവൾ എന്നും അച്ഛയുടെ മകളാണ്…ഞാൻ ശ്രമിക്കാം “
ദിവസങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. പതിവില്ലാതെ മിക്കവാറും എല്ലാ മാസങ്ങളിലും അനിത വീട്ടിലെത്തുന്നത് കണ്ടു മഹിക്കും സന്തോഷം ആയി..അച്ചു പക്ഷെ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ പൊയ്ക്കൊണ്ടിരുന്നു
“ആരാ അമ്മേ ഡോക്ടർ നകുലൻ ?”
മഹി വീട്ടിൽ ഇല്ലാത്ത ഒരു ദിവസം അവൾ അനിത യോട് ചോദിച്ചു
“എന്റെ കൂടെ വർക്ക് ചെയ്യുന്ന ഡോക്ടർ. ഹോസ്പിറ്റലിന്റെ ഓണർ കൂടിയാണ്. എന്താ?”
“എന്നെ ഒരു ദിവസം വിളിച്ചു. അമ്മ എന്തിന അയാൾക്ക് എന്റെ നമ്പർ കൊടുത്തത്?”
അനിത ചിരിച്ചു
“അയാൾക്ക് നിന്നെക്കാൾ വലിയ മോനുണ്ട്. നിന്നേ അവനെ കൊണ്ട് കല്യാണം കഴിപ്പിച്ചാൽ കൊള്ളാം എന്നുണ്ട്. അതിനാവും. ഒന്ന് പരിചയപ്പെട്ടു വെയ്ക്കാൻ…”
“ഓ..പക്ഷെ എനിക്കിഷ്ടമല്ല. രണ്ടു പേരും ഡോക്ടർ ആയാ ഒരു രസവുമില്ല. എനിക്ക് വേറെ ഏതെങ്കിലും ജോലിയുള്ള ആൾ മതി. ടീച്ചർമാരെ മതി..”
അവളൊരു ക്യാരറ്റ് എടുത്തു കടിച്ചു
“പിന്നെ അമ്മേ..ഞാൻ മിക്കവാറും ഈ ചുറ്റുവട്ടത് തന്നെ ഉള്ള ആരെയെങ്കിലുമെ കല്യാണം കഴിക്കുവുള്ളു..അതാകുമ്പോൾ അച്ഛ ഒറ്റയ്ക്ക് ആവില്ല..അമ്മ പോയ പോലെ എനിക്ക് പറ്റില്ലല്ലോ..”
അവൾ ഒന്ന് നിർത്തി
“ഇതിനു വേണ്ടി അമ്മ ഇടയ്ക്കിടെ അവധി എടുത്തു വന്ന് ഞങ്ങളെ പറ്റിക്കണ്ട. പാവം അച്ഛയ്ക്ക് മനസ്സിൽ ആവില്ല. പക്ഷെ എനിക്ക് മനസിലാകും. കാരണം ഞാൻ പാതി അമ്മയുടെ ബ്ലഡ് കൂടി ആണല്ലോ..”
അവൾ ചിരിച്ചു
“ഇപ്പൊ ഇടയ്ക്ക് ഫ്രീ ആകുമ്പോൾ ഞാനും വർക്ക് ഷോപ്പിൽ പോകും. അച്ഛയ്ക്ക് ഹെല്പ് എന്നൊക്കെ പറഞ്ഞാ പോയിരിക്കുന്നെ..സത്യത്തിൽ അച്ഛയേ കാണാനാ, ഒപ്പം ഇരിക്കാനാ പോവുന്നെ..അച്ഛ ഒറ്റയ്ക്കല്ലേ..എന്റെ അച്ഛയേ ഒറ്റയ്ക്കാക്കി ഞാനെങ്ങും വരില്ല..അത് ചെയ്താ ദൈവം ക്ഷമിക്കില്ല..പോട്ടെ..പിന്നേയ് അച്ഛ ഇതറിയണ്ട..എന്റച്ഛ പാവാ “
അവൾ ഒരു കുടുന്ന തീക്കനൽ അവരുടെ നെഞ്ചിലേക്ക് കോരിയിട്ട് നടന്നു പോയി. ആ ചൂടിൽ അനിത നിന്നുരുകി.
“അച്ചോയ്..”
അവൾ പിന്നിൽ നിന്ന് അയാളെ കെട്ടിപിടിച്ചു
“മുഴുവൻ കരിയും നിന്റെ ദേഹത്താകും കേട്ടോ “
“ആയിക്കോട്ടെ..എനിക്കുള്ള വണ്ടി ഏതാ?”
“എന്തിനാ മോളെ എന്റെ വയറ്റത്തടിക്കുന്നെ..നല്ലൊരു പണി പഠിക്കുന്നുണ്ടല്ലോ അത് ചെയ്താ പോരെ..ഡോക്ടർ പണി “
അജിത് ചോദിച്ചു
“ഇതും ഡോക്ടർ പണിയാ, വണ്ടികളുടെ രോഗം മാറ്റുന്നവൻ വണ്ടിയുടെ ഡോക്ടർ. എന്റെ അച്ഛയും ഡോക്ടറാ അല്ലിയോ അച്ഛേ “
മഹി ചിരിച്ചു
“പിന്നെ ഈ പണി ഒക്കെ ചെയ്താ ഫേസ്ബുക്കിലൊക്കെ വയറൽ ആകും. അച്ഛനെ സഹായിക്കാൻ വർക്ഷോപ്പിൽ പണി ചെയ്യുന്ന ഡോക്ടർ..” അവൾ ഗമയിൽ പറഞ്ഞു
“എന്റെ പൊന്നേ ഞാൻ തോറ്റു..” അജിത് കൈ കൂപ്പി
അച്ചു നേർത്ത ചിരിയോടെ തന്നെ ഇമ വെട്ടാതെ തന്നെ നോക്കിയിരിക്കുന്ന അച്ഛനെ നോക്കി..അവളുടെ കണ്ണ് ഒന്ന് നിറഞ്ഞു..
അത് ഒളിപ്പിക്കാൻ അവളയാളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു..
പിന്നെ സ്റ്റാൻഡിൽ വെച്ചിരിക്കുന്ന ഒരു ബൈക്കിനരികിലേക്ക് നീങ്ങി…