അയാൾ ശബ്ദം താഴ്ത്തി ഭാര്യയുടെ ചെവിയിൽ എന്തോ മൊഴിഞ്ഞു, അത് കേട്ട് അവരുടെ കണ്ണുകൾ വികസിച്ചു…

Story written by Saji Thaiparambu

==============

ദേ ഞാൻ പറയണത് നിങ്ങള് കേൾക്കണുണ്ടോ?

നീ പറയാണ്ടെങ്ങനാ, ഞാൻ കേൾക്കണേ?

നിങ്ങടെ മരുമോളെ കൊണ്ട് ഞാൻ തോറ്റു ,ഞാനും അവളും ഒന്നിച്ച് ഈ വീട്ടിൽ വാഴൂല്ല

നീയെന്താ ശാരദേ ഈ പറയണേ ?എനിക്കൊന്നും മനസ്സിലാകുന്നില്ല

നമുക്കിവിടുന്ന് മാറണം, അവളുടെ ആട്ടും തുപ്പും കേട്ട് എനിക്കിവിടെ കഴിയേണ്ട ഗതികേടൊന്നുമില്ല, നമുക്ക് രണ്ട് പേർക്കും പെൻഷനുണ്ടല്ലോ ,വേറൊരു വാടകവീടെടുത്തിട്ട് നമുക്ക് നല്ല അന്തസ്സായിട്ട് ജീവിക്കാം

അതിന്, ഇത് നമ്മുടെ വീടല്ലേ ?അപ്പോൾ പിന്നെ നമ്മളെന്തിനാ മാറുന്നത്, മാറേണ്ടത് അവരല്ലേ? എടീ നീയിത്ര മണ്ടിയായി പോയല്ലോ ,നിന്നെ പുകച്ച് പുറത്ത് ചാടിച്ചിട്ട് നിൻ്റെ പേരിലുള്ള ഈ വീടും പറമ്പും തട്ടിയെടുക്കാനുള്ള അടവല്ലേയിത്, അവളുടെ ചതിക്കുഴിയിൽ നീ വീണ് പോകരുത്,ഞാൻ പറഞ്ഞേക്കാം

പിന്നെ ഞാൻ എന്ത് ചെയ്യണമെന്നാ നിങ്ങള് പറയണത്?

എടീ.. അതിനൊരറ്റ ഐഡിയയേ ഉള്ളു ,നീയാ ചെവിയിങ്ങോട്ട് കൊണ്ട് വാ

അയാൾ ശബ്ദം താഴ്ത്തി ഭാര്യയുടെ ചെവിയിൽ എന്തോ മൊഴിഞ്ഞു, അത് കേട്ട് അവരുടെ കണ്ണുകൾ വികസിച്ചു.

പിറ്റേന്ന് തൻ്റെ ഭർത്താവ് ചെവിയിൽ പറഞ്ഞ ഐഡിയ പ്രയോഗിക്കാൻ ഒരവസരത്തിനായി ശാരദ കാത്തിരുന്നു

തൻ്റെ ഭർത്താവും , മകനും പുറത്ത് പോയപ്പോൾ , മരുമകൾ ഉടനെ പോര് തുടങ്ങുമെന്നും ആ സമയം തനിക്കദ്ദേഹം പറഞ്ഞ് തന്ന ടിപ്സ് പ്രയോഗിക്കാമെന്നും കണക്ക് കൂട്ടിയിരുന്ന ശാരദയ്ക്ക് നിരാശയായിരുന്നു ഫലം, അവൾ ഒരു പരാതിയുമില്ലാതെ വീട്ടുജോലികളെല്ലാം ഒരോന്നായി ചെയ്ത് തീർക്കുന്നത് കണ്ട ശാരദയ്ക്ക് ആശ്ചര്യം തോന്നി

ഇവൾക്കിതെന്ത് പറ്റി ? ഇന്നലെ വരെ തന്നെ കൊണ്ട് ചെയ്യിച്ചിരുന്ന മുറ്റമടിച്ച് വാരലും പാത്രം കഴുകലും മീൻ മുറിക്കലുമൊക്കെ തനിച്ച് ചെയ്യുന്നു

താനാണെങ്കിൽ അവളെ പ്രകോപിപ്പിക്കാനായി ഉമ്മറക്കോലായിലെ ചാര് കസേരയിൽ കാലും പൊക്കിയിരുന്നു പത്രം വായിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി

ഇനി കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണോ? അവളുടെയീ മൗനം, എന്ന് പോലും ആ വയോധിക സംശയിച്ചു

അപ്പോഴാണ് അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റൊരു സംഭവമുണ്ടായത്

ഇന്നാ അമ്മേ ചായ, ആ പയ്യൻ ഇപ്പോഴാണ് പാല് കൊണ്ട് തന്നത് ,ഞാനവനെ രണ്ട് പറഞ്ഞു ,അതിരാവിലെ കൊണ്ട് തരാൻ പറ്റില്ലെങ്കിൽ ഞങ്ങള് കവറ് പാല് വാങ്ങിച്ചോളാമെന്ന് പറഞ്ഞ് ഞാനവനെയൊന്ന് വെരട്ടി, അല്ല പിന്നെ? അമ്മ രാവിലെയെഴുന്നേറ്റിട്ട് ,ഇത്രയും നേരം , ചായ കുടിക്കാതിരിക്കുവല്യോ?

എൻ്റീശ്വരാ.. കാക്കമലർന്ന് പറക്കുന്നുണ്ടോ ?

ആത്മഗതം പറഞ്ഞിട്ട് , ശാരദ ,തല പുറത്തേയ്ക്കിട്ട് നോക്കി .

ഗ്യാസ് കയറി, നെറുകം തലയ്ക്കടിച്ചിരിക്കുമ്പോൾ ഇത്തിരി ചൂട് വെള്ളം ചോദിച്ചാൽ, വേണമെങ്കിൽ തിളപ്പിച്ച് കുടിക്ക് തള്ളേന്ന് പറയുന്നവളാ ,ഇവക്കിത് എന്നാ പറ്റി എൻ്റെ കാവിലമ്മേ…

മരുമോളുടെ സ്നേഹം കണ്ട് ശാരദയുടെ കണ്ണ് തള്ളിപ്പോയി.

പിറ്റേ ദിവസം വൈകുന്നേരം ഓഫീസിൽ നിന്ന് മടങ്ങി വരുന്നവഴി, ശാരദയുടെ മകൻ പ്രകാശൻ ബിവറേജിൻ്റെ മുന്നിൽ വണ്ടി നിർത്തി ,

ഒരു പൈൻ്റ് വാങ്ങാമെന്ന് കരുതി, നീണ്ട ക്യൂവിൽ നില്ക്കുമ്പോഴാണ്, കുറച്ച് മുന്നിലായി, തൻ്റെ അച്ഛൻ നില്ക്കുന്നത് അയാൾ കണ്ടത്.

ആശ്വാസത്തോടെ അയാൾ അച്ഛൻ്റെയടുത്തേക്ക് വേഗം ചെന്നു

അച്ഛനിവിടെ നില്പുണ്ടായിരുന്നോ?എന്നാൽ പിന്നെ എനിക്കും കൂടി, ഒരു പൈൻ്റ് വാങ്ങിച്ചോ? ഇന്നാ കാശ്,

പോക്കറ്റിൽ നിന്ന് പൈസയെടുത്ത് പ്രകാശൻ അച്ഛൻ്റെ നേർക്ക് നീട്ടി .

പൈസയൊന്നും വേണ്ടടാ..ഇന്ന് നിനക്കുള്ള പൈൻ്റ് ,അച്ഛൻ വാങ്ങി തരും, കാരണം ,ഇന്നെനിക്ക് സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ദിവസമാണ്

ങ്ങ്ഹേ, അതെന്താ അച്ഛാ ..അത്ര വലിയ സന്തോഷം ?

പറയാമെടാ, നീ പോയി വണ്ടിയിലിരുന്നോ? ഞാൻ കുപ്പിയും വാങ്ങി അവിടെ വന്നിട്ട് പറയാം

തിരിച്ച് വന്ന് കാറിൻ്റെ ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്ന പ്രകാശന്, ജിജ്ഞാസ അടക്കാനായില്ല

ഉം, ഇനി വണ്ടിയെടുത്തോ ?

അല്പം കഴിഞ്ഞ്, മ ദ്യക്കുപ്പികളുമായി വന്ന ഭാസ്കരൻ, മകനോട് പറഞ്ഞു.

അച്ഛാ.. ഒന്ന് പറയ്, ഇന്നെന്താ ഇത്ര സന്തോഷം ?

അക്ഷമയോടെ അയാൾ ചോദിച്ചു.

എടാ മകനേ.. നിൻ്റെ ഭാര്യയും അമ്മയും തമ്മിൽ എന്നും പോരായിരുന്നില്ലേ? ഇന്നലെ ശാരദ വന്നിട്ട് എന്നോട് പറയുവാ ,നമുക്ക് വേറൊരു വീട്ടിലേക്ക് താമസം മാറാമെന്ന് ,അതിന് ഞാൻ സമ്മതിക്കുമോ ?, ഞാനവളോട് പറഞ്ഞു , എടീ ശാരദേ.. ഞാനും നീയും ഇവിടുന്ന് മാറിയാലുടനെ, നിൻ്റെ പേരിലുള്ള ഈ വീടും പറമ്പും, നമ്മുടെ മരുമോള് തട്ടിയെടുത്ത് , അവളുടെ പേരിലാക്കും, അത് കൊണ്ട് ,ഇനിയവൾ പോരിന് വന്നാൽ, ഇത് നിൻ്റെ പേരിലുള്ള വീടാണെന്നും, അധികം വിളഞ്ഞാൽ, ഞാനെല്ലാം കൂടി എൻ്റെ സ്വന്തം മകൾക്ക് എഴുതിക്കൊടുത്തിട്ട്, അവളോടൊപ്പം പോയി സുഖമായി ജീവിക്കുമെന്നും, നീ അവളോട് പറയണമെന്ന് ഞാൻ നിൻ്റെ അമ്മയോടൊരു ഐഡിയ പറഞ്ഞ് കൊടുത്തു, അത് ഫലിച്ചെടാ മോനേ.. ഇന്നലെ രാവിലെ മുതൽ ഈ നേരം വരെ ,അവര് തമ്മിൽ ഭയങ്കര സ്നേഹത്തിലാടാ…

സത്യമാണോ അച്ഛാ… അമ്മയങ്ങനെ പറഞ്ഞായിരുന്നോ?

എടാ അതല്ലേ രസം ,നിൻ്റെ അമ്മയ്ക്കത് പറയേണ്ടിവന്നില്ല, അല്ലാതെ തന്നെ, നിൻ്റെ ഭാര്യ പോര് നിർത്തിയെന്ന്

ഉം … എൻ്റെ അച്ഛാ … അവള് പോര് നിർത്തിയതും, അമ്മയെ സ്നേഹിച്ച് തുടങ്ങിയതും അത് കൊണ്ടൊന്നുമല്ല

പിന്നെ?

അമ്മ അച്ഛനോട് പറഞ്ഞത് പോലെ, മിനിഞ്ഞാന്ന് രാത്രിയിൽ സ്നേഹയും എന്നോട് താമസം മാറുന്ന കാര്യം പറഞ്ഞിരുന്നു

എന്നിട്ട് ?

അയാൾക്ക് ആശങ്കയായി

അപ്പോൾ ഞാനവളോട് പറഞ്ഞു ,എടീ മണ്ടീ… നമ്മളിവിടുന്നിറങ്ങിയാലുടനെ, സ്വന്തം വീട് വിറ്റിട്ട് വാടകയ്ക്ക് താമസിക്കുന്ന ചേച്ചിയും അളിയനും കൂടി, ഇവിടെ വന്നങ്ങ് പൊറുതി തുടങ്ങും, ഒടുവിൽ കിട്ടിയ തക്കത്തിന് ചേച്ചി, അമ്മയെ സോപ്പിട്ട് തറവാട് സ്വന്തം പേരിലാക്കുകയും ചെയ്യും, അത് വേണോ ?

ആ ഒരൊറ്റ ചോദ്യമാണച്ഛാ …എൻ്റെ ഭാര്യ യുദ്ധമവസാനിപ്പിച്ച് ആയുധം വച്ച് കീഴടങ്ങിയത്,

എടാ മകനേ.. നിന്നെക്കുറിച്ച് എനിക്കഭിമാനം തോന്നുന്നു, ഈ ബുദ്ധി പണ്ട് എനിക്കുണ്ടായിരുന്നെങ്കിൽ എൻ്റെ തറവാട്ടിൽ നിന്നും ഞാൻ നിൻ്റെ അമ്മയേയും കൊണ്ട് മാറേണ്ടി വരില്ലായിരുന്നു

അത് സാരമില്ലച്ഛാ… വിധിയെ തോല്പിക്കാൻ വില്ലേജോഫീസർക്കുമാവില്ലല്ലോ

ഡാ ഡാ …

അയാൾ ചിരിയോടെ മകൻ്റെ നേരെ കൈയ്യോങ്ങി

ശുഭം

~സജി തൈപ്പറമ്പ്.