പക അത് വീട്ടാനുള്ളതാണ്
Story written by Shimitha Ravi
==========
“എന്തേ പട്ടി മോങ്ങുന്ന പോലെ മോങ്ങുന്നത്?”
ഒരാശ്വാസത്തിനു വേണ്ടി ഉറ്റുനോക്കിയ മുഖത്തിൽ നിന്നാണ് ആ ചോദ്യം വന്നതെന്ന് ഒരു നിമിഷം വിശ്വസിക്കാനായില്ല…
“എ…എന്താ?”
“എന്താ പട്ടി മോങ്ങുന്ന പോലെ മോങ്ങുന്നത് എന്ന്…..” അവൾ ഒന്നുകൂടെ ഇരുത്തി ചോദിച്ചു…
ആ വാക്കുകളിലെ ഭാവം എനിക്ക് മനസ്സിലാകുന്നേ ഇല്ലായിരുന്നു….അവളുടെ കരഞ്ഞുചുവന്ന കണ്ണുകൾക്കും തേങ്ങലമർത്തി ഇടറുന്ന ശബ്ദത്തിനും ഒട്ടും ചേരാത്തൊരു ഭാവമായിരുന്നു ആ വാക്കുകൾക്ക്…
“മോള്….എന്റെ മോള്…..”
പറഞ്ഞു മുഴുമിക്കും മുൻപേ പൊട്ടിയടർന്ന ഒരു കരച്ചിൽ ചീള് എന്നെ ശ്വാസം മുട്ടിക്കാൻ തുടങ്ങിയിരുന്നു..
“അതേ….നിങ്ങടെ മോള് തന്നെ…എന്താ സംശയം…”
അവൾ എന്നെ കൂർപ്പിച്ചു നോക്കി..
“നീ എന്താ കളിയാക്കുകയാണോ…?”
വല്ലാത്തൊരു മനസികാവസ്ഥയിൽ ആ വാക്കുകൾ എന്നെ ചൊടിപ്പിച്ചു..അതിനുമറുപടിയായി അവളെന്നെ നോക്കി പുച്ഛഭാവത്തിൽ ഒന്നു മുഖം കോട്ടി..പിന്നെ തിരിഞ്ഞുകിടന്നു…രംഗം ശാന്തമായി…
ഇടക്കിടെ കുലുങ്ങുന്ന അവളുടെ ചുമലുകളിലൂടെ അവൾ കരയുക തന്നെയാണ് എന്നെനിക്ക് മനസ്സിലായി..എന്തോ ഒരു വീർപ്പുമുട്ടൽ എന്നെ വന്നു പൊതിഞ്ഞു…
“അച്ഛാ…..”
ഓര്മകളിലെവിടെയോ കുഞ്ഞു പാദസരം കൊഞ്ചി…ഉള്ളിൽ എന്തോ കൊളുത്തിവലിക്കുന്ന പോലെ..
എന്റെ മോള്…പെട്ടെന്നെഴുന്നേറ്റു ബാത്റൂമിലേക്ക് കയറി…പൈപ്പ് തുറന്നിട്ടു ആവോളം കരഞ്ഞു…
നെഞ്ചിൽ നീറിപിടിക്കുന്ന ദുഃഖം ഒന്ന് കുറയ്ക്കാനാണ് തിരക്കുകളെല്ലാം ഒഴിവാക്കി മുറിയിലേക്ക് വന്നത്…പകുതി തളർന്നു കിടക്കുന്ന ലക്ഷ്മിയെ കണ്ടതും നെഞ്ചിലെ ഭാരം കൂടുകയാണ് ചെയ്തത്. ഒരേ ദുഃഖം…രണ്ടുപേർക്കും..ഒരാശ്വാസത്തിനു അവളുടെ മുന്നിൽ നിന്നപ്പോഴേക്കും അമർത്തിവച്ചതെല്ലാം പിടിവിട്ടു പുറത്തേക്ക് വന്നിരുന്നു. കണ്ണുകൾ സജലങ്ങളായി..പതിയെ ആ തോളിൽ കൈവച്ചു വിളിച്ചു…
“ലക്ഷ്മീ….” തിരിഞ്ഞുനോക്കിയവളുടെ കണ്ണിൽ വിവേചിച്ചറിയാനാവാത്ത എന്തൊക്കെയോ ഭാവം…ആ ചോദ്യം..അത് തന്നെ പാടെ തകർത്തുകളഞ്ഞ പോലെ.
അവൾ ഇങ്ങനെയൊന്നും ആയിരുന്നില്ല. ദുഃഖത്തിലും സന്തോഷത്തിലും കൂടെ നിന്നവൾ ആണ്. ഒരിക്കലും തള്ളിപറയാത്ത, എല്ലാ പരിമിതികളെയും അറിഞ്ഞു കൂടെ നിന്നവൾ…എന്റെ ഭാരം പകുതി സ്വന്തം ചുമലിൽ ഏറ്റിയവൾ..എന്നിട്ടിപ്പോൾ…ഇതെന്താ ഇങ്ങനെ?
വെറുതെ വന്നു കിടന്നു..അവളുടെ തേങ്ങലുകൾ അടങ്ങിയിട്ടില്ല…എപ്പോഴോ ഉറക്കം പിടിച്ചു..അങ്ങനെ പറയാൻ പറ്റില്ല..കുറെ ദിവസങ്ങളുടെ അലച്ചിൽ ആണ്..ഉറക്കം നഷ്ടപെട്ട എത്രയോ ദിനരാത്രങ്ങൾ..ആ ക്ഷീണത്തിൽ മയങ്ങി പോയതായിരിക്കാം.
ഉറക്കത്തിലും എപ്പോഴോ ഒരു കുഞ്ഞുമുഖം മനസ്സിൽ തെളിഞ്ഞു തെളിഞ്ഞു വന്നു…ആ ചിരി, കൊഞ്ചൽ, ഇടക്കിടക്ക് ലക്ഷ്മിയുടെ ശബ്ദം..അച്ഛന്റെ വാവ ചെന്നേ, അച്ഛന്റെ പൊന്നു പാപ്പം തിന്നെ…അച്ഛന്റെ മോളെവിടെയാ…പിന്നെ പിന്നെ ആ ശബ്ദം മാറി…
ഞാനെയ് അച്ഛന്റെ മോളാ, അച്ഛന് അമ്മയെക്കാളും എന്നെയാ ഇഷ്ടം, ഞാനും അച്ഛനും സെറ്റ്, അച്ഛൻ, അച്ഛൻ, അച്ഛൻ…..ഒരായിരം അച്ഛൻ വിളികൾ..
തലയിൽ മൂളക്കം പെരുകിയപ്പോൾ ഞെട്ടിയുണർന്നു….നേരം പുലരുന്നേ ഉള്ളു..പുറത്ത് ആളെല്ലാം ഒഴിഞ്ഞുപോയിരിക്കുന്നു.വല്ലാത്തൊരു നിശബ്ദത…എന്നും ശാന്തത ഇഷ്ടപെട്ട എനിക്ക് അന്നെന്തോ അത് അരോചകമായി തോന്നി.
ഫ്രഷ് ആയി പുറത്തേക്കിറങ്ങി…പന്തലും സ്റ്റേജും ആളൊഴിഞ്ഞ കസേരകളും..വെറുതെ അങ്ങനെ ഉമ്മറത്തിരുന്നപ്പോൾ വീണ്ടും ഗേറ്റിനരികിൽ അതേ രംഗം തെളിഞ്ഞു….അലങ്കരിച്ച കാറിലേക്ക് കേറാൻ നിർബന്ധിച്ചപ്പോൾ എന്റെ ഷർട്ട് സ്ലീവ് കൂട്ടിപിടിച്ചു നെഞ്ചിലേക്ക് വീണു കരയുന്ന എന്റെ പൊന്നുമോൾ…കണ്ണുകൾ വീണ്ടും നിറയുന്നതറിഞ്ഞപ്പോൾ വാശിയോടെ കണ്ണുതുടച്ചു അകത്തേക്ക് കയറി.
അടുക്കളയിൽ എന്തൊക്കെയോ തട്ടും മുട്ടലും കേൾക്കാം…ലക്ഷ്മി ഉണർന്നുകാണണം..എന്തോ അങ്ങോട്ടു പോകാൻ തോന്നിയില്ല..മനസ്സിൽ ആ വാക്കുകൾ തികട്ടിവരുന്നു..
“എന്താ പട്ടിയെ പോലെ മോങ്ങുന്നത്?”
******************
ഇന്ന് മോള് വന്നിരുന്നു. നാലാം വിരുന്ന്..വൈകിട്ട് തിരിച്ചുപോയി. അവളുടെ മുഖം കണ്ടപ്പോൾ കാറൊഴിഞ്ഞ മാനം പോലെ മനസ്സ് ശാന്തമായി. സന്തോഷത്തിൽ ആണ്….ചിരിയുണ്ട്..കളിയുണ്ട്..ആശ്വാസം…മനസ്സിൽ മഞ്ഞു വീണ പോലെ കുളിർന്നു…
പ്രാണവായു തിരിച്ചു കിട്ടിയപോലെ ലക്ഷ്മിയുടെ പ്രസരിപ്പ് തിരിച്ചു വരുന്നതറിഞ്ഞു. എല്ലായിടവും ഉത്സാഹം, ആഹ്ലാദം..മനുവും നല്ല പയ്യൻ.
കൂടിയിരിക്കുന്നു..ചിരിക്കുന്നു..
“അച്ഛനെപോലെയാ…അച്ഛന്റെ കട്ട് ഉണ്ട് എവിടെയൊക്കെയോ…” മനുവിനെ നോക്കി പതിഞ്ഞ ശബ്ദത്തിൽ കീർത്തി പറഞ്ഞതോർക്കെ എനിക്ക് ചിരി വന്നു. ഒപ്പം ആർക്കും കേൾക്കാനാവാത്ത അത്ര പതുക്കെ അവൾ പറഞ്ഞു.. “പക്ഷെ അച്ഛന് പകരമാവില്ല..”
ആത്മഗതം ആയിരിക്കണം..പക്ഷെ എന്റെ അച്ഛൻകുട്ടിയുടെ ആത്മഗതം ഈ അച്ഛനു മനസ്സിലാവാതെ ഇരിക്കുമോ?
“സന്തോഷമായി ഇരുന്നെക്കണം…” ഒന്നു ചേർത്തു പിടിച്ചു പറഞ്ഞുവിടുമ്പോൾ പ്രസരിപ്പോടെ “പിന്നല്ലാതെ..” എന്നും പറഞ്ഞു കവിളിൽ ഒരുമ്മ തന്നു കാറിൽ കയറി.
എനിക്കറിയാം നാലു ദിവസമല്ല നാലു വർഷം കഴിഞ്ഞാലും അവൾക്ക് ഞങ്ങൾ നോവോർമ്മയാണെന്ന്. ഈ കാർ കൺ വെട്ടത്തിൽ നിന്ന് മറയുമ്പോൾ ആ മിഴികൾ നിറയുമെന്ന്…എങ്കിലും ആശ്വാസം തോന്നി..ദൂരെ ആണെങ്കിലും സന്തോഷത്തിൽ ആണല്ലോ…സുരക്ഷിതമായ കൈകളിൽ ആണല്ലോ…മനു കയ്യിലമർത്തി കണ്ണുകളടച്ചു ചിരിച്ചിട്ടു പറഞ്ഞതോർത്തു..
“അച്ഛൻ പുരാണം മാത്രമേ പറയാനുള്ളൂ..അച്ഛനോളം അവില്ലെങ്കിലും അച്ഛന് വിശ്വസിക്കാം..അച്ഛന്റെ പൊന്നൂ ട്ടിയെ പൊന്നു പോലെ തന്നെ നോക്കിക്കോളാം..അങ്ങനെ പറ്റിയില്ലെങ്കിലും കരയിപ്പിക്കില്ല ഒരിക്കലും…വാക്ക്…”
മതി..വേറെന്ത് വേണം ഈ അച്ഛന്…മനസ്സ് നിറഞ്ഞു..പൊയ്ക്കോട്ടെ അവൾ…അവന്റെ കൂടെ അല്ലെ…സന്തോഷമായിരിക്കും…
*************
വിവാഹം കഴിഞ്ഞിട്ടിപ്പൊ രണ്ടാഴ്ചയോളമായി. പൊന്നൂട്ടിയില്ലാത്ത അകത്തളങ്ങളോടും അടുക്കളയോടും പൂന്തോട്ടത്തിനോടും ഒക്കെ വിരസതയാർന്ന ഒരു സൗഹൃദം സ്ഥാപിച്ചെടുത്തു..അവളില്ലായ്മ ഒരു വലിയ ശൂന്യതയായി കീഴ്പെടുത്തുന്നുണ്ടെങ്കിലും അതിനോട് പൊരുത്തപ്പെടാൻ ശ്രമിച്ചു. ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ദിവസത്തിൽ മൂന്നോ നാലോ പ്രാവശ്യം വിളിക്കും പെണ്ണ്…അവൾക്കറിയാം അവളില്ലാത്ത ലോകം ഞങ്ങൾക്ക് മാലാഖയില്ലാത്ത സ്വർഗ്ഗം ആണെന്ന്..
എല്ലാം പഴയപടി ആയിട്ടും ലക്ഷ്മിയോട് മാത്രം എന്തോ ഒരു വിമുഖത..പഴയപോലെ മിണ്ടാൻ കഴിയുന്നില്ല..അവളും അതേപോലെ തന്നെ…ഒന്നു മിണ്ടിയാലോ എന്ന്ചിന്തിക്കുമ്പോൽ ആ വാക്കുകൾ മനസ്സിലിരുന്നു കയ്ച്ചു.
***************
“പേടിക്കാനൊന്നുമില്ല.ബോഡി വീക് ആയിട്ടാ..ഭക്ഷണം ഒന്നും നേരെ ചൊവ്വേ കഴിക്കുന്നില്ല അല്ലെ…” ഡോക്ടർ ആദി ചിരിയോടെ ചോദിച്ചു. ലക്ഷ്മി ഒരു ചമ്മലോടെ തലയനക്കി.
“അവളൊരു വണ് അവർ അപ്പുറത്തില്ലേ…എപ്പൊ വേണമെങ്കിലും പോയി കാണാമല്ലോ…ഇനി വെറുതെ ഈ ഉണ്ണാവ്രതം ഒന്നും വേണ്ട കേട്ടോ…” കൂട്ടുകാരനാണ് പൊന്നൂട്ടിയുടെ..അല്ല അവർക്കവൾ കീർത്തിയാണ്..ഞങ്ങൾക്കേ ഉള്ളു പൊന്നുട്ടി..ഇപ്പൊ മനുവിനും..
ആദി പ്രെസ്ക്രിപ്ഷൻ എന്റെ നേരെ നീട്ടി അവളെ നോക്കി കളിയോടെ ചിരിച്ചു. പുറത്തേക്കിറങ്ങുമ്പോൾ വല്ലായ്മ തോന്നി. ലക്ഷ്മി തലചുറ്റി വീണു. ഭയന്നാണ് ഓടി വന്നത്..ആ നിമിഷം മനസ്സ് വല്ലാതെ ഇടറി..ലക്ഷ്മിക്ക് വല്ലതും സംഭവിച്ചാൽ എന്നൊരു ചിന്ത ബോധമണ്ഡലത്തെ ശൂന്യമാക്കി എന്ന് വേണം പറയാൻ.
കഴിഞ്ഞ കുറേ ദിവസങ്ങളായി അവളെ തീരെ ശ്രദ്ധിച്ചില്ല. പിണക്കമായിരുന്നോ?അല്ല…എന്തോ ഒരു അകൽച്ച..ഒരു ആശ്വാസവാക്ക് പറയാതെ അവളെന്നെ കുത്തി നോവിച്ചതിലുള്ള പരിഭവം..അവൾക്കറിയാവുന്നതല്ലേ ഞാനും പൊന്നുട്ടിയും തമ്മിലുള്ള ആത്മബന്ധം…ഇത്ര ദിവസവും മനസ്സ് ആ വിധം ആണ് പ്രതികരിച്ചതെങ്കിലും ഇപ്പോൾ കുറ്റബോധംതോന്നുന്നു..ശ്രദ്ധികേണ്ടതായിരുന്നു അവളെ..പാവം.എന്നെക്കാളും ദുഃഖം ഉണ്ടാവും അവൾക്ക്…
ഒരിക്കലും തട്ടിപറിക്കാൻ വന്നിട്ടില്ല മോളെ അവൾ. സാദാരണ അമ്മമാരെ പോലെ അച്ഛന്റെ മോളെ അമ്മയുടെ മോളാക്കാൻ ഒരു വാക്ക് കൊണ്ടു പോലും ശ്രമിച്ചിട്ടില്ല. എപ്പോഴും മാറി തരും..ഞങ്ങൾക്കിടയിലേക്ക് ഞങ്ങൾ വലിച്ചിടണം അവളെ..അല്ലാത്തപ്പോൾ എല്ലാം വെറും ഒരു കാഴ്ചക്കാരിയായി ഒരു പുഞ്ചിരിയോടെ അവളങ്ങനെ ഇരിക്കും…അതിലായിരുന്നു അവളുടെ സന്തോഷം..എന്നിട്ടും അവഗണിച്ചല്ലോ ഞാനവളെ…വെറുമൊരു വാക്കിന്റെ പേരിൽ…. “വെറും ഒരു വാക്ക്” എന്ന ചിന്ത ഒരു നിമിഷം എന്റെ നെറ്റി ചുളിപ്പിച്ചു. എത്ര പറഞ്ഞു മനസിലാക്കിയാലും അതങ്ങോട്ടു ദഹിക്കുന്നില്ല..പോട്ടെ,സാരമില്ല….
മിണ്ടാൻ നല്ല മടി തോന്നി. എങ്കിലും മിണ്ടി..ഞാനൊന്നു മിണ്ടാൻ കാത്തിരുന്ന പോലെ ലക്ഷ്മി പഴയ ലക്ഷ്മി ആയി….കീർത്തി പോയതിൽ പിന്നെ എനിക്കുണ്ടായ ശൂന്യത ലക്ഷ്മി മാറ്റിയെടുത്തു എന്നു വേണം പറയാൻ…പാട്ടു കേൾക്കാൻ, കളി പറയാൻ, പുസ്തക ചർച്ച നടത്താൻ…പലപ്പോഴും അവൾക്കുള്ള അറിവിനെ ഞാൻ ആശ്ചര്യത്തോടെ നോക്കി….ഇതെല്ലാം ഇത്ര നാളും എവിടെയായിരുന്നു എന്ന ഭാവത്തിൽ…
മോളുടെ അഭാവം എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത് ഞാനറിഞ്ഞു..വീണ്ടും ചെറുപ്പം ആയത് പോലെ…പ്രസരിപ്പ്, ഉത്സാഹം…
ഒരിക്കൽ ഒരു വൈകുന്നേരം മഴ കണ്ട് ബാൽക്കണിയിൽ ഇരിക്കുമ്പോൾ ഞാൻ വെറുതെ അവളോട് അതിനെപ്പറ്റി പറഞ്ഞു..അവൾ നല്ല മൂഡിൽ ആയിരുന്നു എന്ന് തോന്നിയത്കൊണ്ട് മാത്രം.. “എന്നാലും നീയെന്നോട് അങ്ങനെ പറഞ്ഞില്ലേ… ?”
“എങ്ങനെ?” അവൾ ആശ്ചര്യത്തോടെ നോക്കി
“ഞാൻ പട്ടിയെപോലെ ആണെന്ന്…” അവൾ കണ്ണു തള്ളി നോക്കി…
“പട്ടിയോ?” അവൾക്ക് മനസ്സിലായില്ലെന്ന് തോന്നിയ നിമിഷം ഞാനത് മുഴുവനാക്കി..
“ആ ഞാൻ പട്ടിയെ പോലെ മോങ്ങിയെന്ന്…പൊന്നുട്ടി പോയപ്പോ..” അവൾ പെട്ടെന്ന് മാറി…മുഖം കറുത്തു..
“നിങ്ങൾക്ക് വിഷമം ആയോ..?”
“മ്മ്..ചെറുതായി…പക്ഷ സാരമില്ല..” ഞാനത് നിസ്സാരവത്കരിച്ചു…
പെട്ടെന്നവൾ ചാടിയെഴുന്നേറ്റു എന്റെ മുഖത്തിനു നേരെ കുനിഞ്ഞു കണ്ണുകളിലേക്ക് നോക്കി…
“ചെറുതായിയെ ഉള്ളു? സത്യം പറയ്..”
ഞാൻ അന്താളിച്ചു..അവളുടെ മുഖത്തു വീണ്ടും അതേ ഭാവങ്ങൾ..മാടമ്പള്ളിയിലെ ആ ചിത്തരോഗി…???ഞാൻ വിജൃംഭിച്ചു പോയി
“മ്മ്…”
ഞാൻ ഉമിനീരിറക്കി. അവൾ പെട്ടെന്ന് പൊട്ടിച്ചിരിച്ചു.
“പിന്നേ…ഇത്തിരി…നിങ്ങൾക്ക് നന്നായിട്ട് നൊന്തു. എനിക്കറിയാം…നോവിക്കാൻ തന്നെയാ….മനപൂർവ്വം ചെയ്തതാ..” ഞാൻ അവിശ്വസനീയതയോടെ അവളെ നോക്കി…അവൾ തുടർന്നു..
“നിങ്ങൾ മറന്നുകാണും. പക്ഷെ ഞാൻ മറക്കില്ല. കാരണം കൃത്യം 26 വർഷങ്ങൾക്ക് മുൻപ് ഒരു സെപ്തംബര് 21നു നിങ്ങളെന്നോട് ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്…എന്റെ നാലാം വിരുന്നിന് ഇങ്ങോട്ടു പോരാൻ റെഡി ആയി നിന്ന ഞാൻ എവിടെയോ ഒഴിഞ്ഞു മാറി നിന്ന അമ്മയുടെ അടുത്തുപോയതും ആ പാവം നിയന്ത്രണം വിട്ടു കരഞ്ഞുപോയതും നിങ്ങൾക്ക് മറക്കാം…മരിക്കുന്ന വരെ എനിക്ക് മറക്കാൻ പറ്റില്ല”
അവളുടെ കണ്ണു നിറഞ്ഞു..എനിക്ക് ശ്വാസം വിലങ്ങി..ശരിയാണ്..അവളെ കൂട്ടിക്കൊണ്ടു വരുന്ന അന്ന് ആ അമ്മ കരഞ്ഞത് ഞാനിപ്പഴും ഓർക്കുന്നു..വലിയ കരച്ചിൽ കേട്ട് ചെന്നു നോക്കിയതാണ്..അപ്പോഴാണ് അവർ അമ്മയും മകളും കെട്ടിപിടിച്ചു നിന്നു കരയുന്ന കണ്ടത്..അപ്പോൾ തന്നെ തിരിഞ്ഞുപോരുകയും ചെയ്തു.
“എന്റെ വീട്ടുകാർ എന്നെ നിങ്ങടെ പൊന്നുനേക്കാൾ നന്നായാ നോക്കിയത്. നിങ്ങൾക്കും എനിക്കും അവൾ ഒരുവളെ ഉണ്ടായിരുന്നുള്ളു..ഞാൻ എന്റെ വീട്ടിലെ ഇളയ കുട്ടിയായിരുന്നു..എന്നിട്ടും അവരെന്നെ മറ്റാരേക്കാളും സ്നേഹിച്ചു. എന്റച്ഛനും ഏട്ടനും എന്നെ മോളെ പോലെയാ നോക്കിയത്. എന്റമ്മക്ക് കൂട്ടുകാരിയും മോളും ചേച്ചിയും അമ്മയും ഒക്കെ ഞാനായിരുന്നു..എന്റമ്മേടെ ലോകം തന്നെ ഞാനായിരുന്നു…” ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ വേദനയോടെ കണ്ടു..
“അതു കഴിഞ്ഞു നിങ്ങടെ വീട്ടിൽ വന്നതിനുശേഷം നമ്മളിതിനെ കുറിച്ചു സംസാരിച്ചത് ഓർക്കുന്നുണ്ടോ…അന്ന് നിങ്ങള് പറഞ്ഞതെന്താ…എന്റമ്മ പട്ടിയെ പോലെ മോങ്ങിയെന്നോ?ഓർക്കുന്നുണ്ടോ നിങ്ങളത്…”
അവളുടെ കണ്ണിൽ പിന്നെയും ദേഷ്യം കലർന്നു…
“എടി..അത്…ഞാൻ…തമാശക്ക്…”
“നിങ്ങടെ ഒരു തമാശ…”
അവൾ മേശമേൽ ആഞ്ഞൊരു തട്ടു കൊടുത്തു..അവളുടെ കൈ നൊന്തില്ലെങ്കിലും എന്റെ മനസ്സ് നൊന്തുപോയി.
“മറ്റുള്ളവരെ മനസ്സിലാക്കണം മനുഷ്യാ…ഒരമ്മേടെ വേദന..ഒരു മോൾടെ വേദന, എല്ലാ വേരുകളും മറ്റൊരു വീട്ടിലേക്ക് പറിച്ചു നടുമ്പോൾ പരിപാലിച്ചവർക്കും പറിച്ചുനടപെട്ടവൾക്കും ഉണ്ടാകുന്ന വിഷമങ്ങൾ, ഒറ്റപ്പെടൽ, നഷ്ടബോധം…ഇതിനെല്ലാം ഇടയിൽ അവരെക്കുറിച്ചു ഒരു വാക്കെങ്കിലും മോശമായി സംസാരിക്കുമ്പോൾ ഉണ്ടാകുന്ന മുറിവ്..അതിന്റെ ആഴം…” അവൾ കിതച്ചു…
“നിങ്ങളെയെ ഞാൻ ഉപമിച്ചുള്ളൂ..നിങ്ങടെ മോളെ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക്കിനിയും നോന്തെനെ…നോവിക്കാൻ അറിയാഞ്ഞിട്ടല്ല. പക്ഷെ അവളെന്റെകൂടെ ചോര ആയിപോയില്ലേ….പറിച്ചുമാറ്റിയത് എന്റെ പൊന്നുമോളെയല്ലേ…ഒരു വാക്ക് കൊണ്ടുപോലും അവളെ ദുഷിക്കാണെനിക്ക് വയ്യ..പക്ഷെ നിങ്ങൾ അറിയണമായിരുന്നു. സ്വന്തം മോളെ പടിയിറക്കി വിടുമ്പോഴുള്ള വേദന..ആ അവസരത്തിൽ ഒരാൾ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന്…നിയന്ത്രണം നഷ്ടമാകുന്നതും മനസ്സ് നോവുന്നതും നിങ്ങളെ അറിയിക്കണമെന്നത് എന്റെ 26 കൊല്ലത്തെ വാശിയായിരുന്നു…തമാശ എന്നു പറഞ്ഞു നിങ്ങൾ വിട്ടു കളഞ്ഞത്. ഇത്രയും കാലം എന്റെ മനസ്സിൽ ഉണങ്ങാതെ കിടന്ന മുറിവാണെന്നു അറിയിക്കണമായിരുന്നു എനിക്ക്. അതിനു വേണ്ടി തന്നെയാ നിങ്ങടെ മോളെ ഞാൻ അച്ഛൻകുട്ടി ആക്കിയത്..ഹൃദയത്തിലേക്ക് ഇത്രയും ചേർത്തുവച്ചത്…ആ ഹൃദയം പറിച്ചുമാറ്റുമ്പോൾഎന്നെക്കാളും നിങ്ങൾക്ക് നോവണം എന്നെനിക്ക് നിർബന്ധമായിരുന്നു….” അവൾ കണ്ണുകൾ വാശിയോടെ തുടച്ചു…
“ഡീ……” എനിക്കവളുടെ കണ്ണുനീർ സഹിക്കാനാവുന്നില്ലയിരുന്നു…കാരണം അന്നവളോടങ്ങനെ പറഞ്ഞ ചെറുപ്പക്കാരൻ അല്ലായിരുന്നു ഞാനിന്ന്….ഒരു മകളെ കൈപിടിച്ചുകൊടുത്ത അച്ഛനായിരുന്നു…എന്റെ പൊന്നുമോൾ..എന്റെ കൂട്ടുകാരിയായ് കളിച്ചും അമ്മയെപ്പോലെ തലോടിയും അധ്യാപികയെപോലെ ശാസിച്ചും മകളായ് കുറുമ്പുകാട്ടിയും നടന്ന എന്റെ പൈതലിനെ മറ്റൊരിടത്തേക്ക് പറിച്ചുമാറ്റിയപ്പോൾ എത്ര നല്ലതാണെന്നു പറഞ്ഞാലും നന്മക്ക് വേണ്ടിയെന്നു പറഞ്ഞാലും ഉള്ളു നീറിപ്പിടഞ്ഞ ഒരച്ഛനായിരുന്നു ഞാൻ..എന്റെ മുന്നിലിരുന്നു വാശിയോടെ ചുണ്ടു കൂർപ്പിച്ചും കണ്ണുകളിൽ ദേഷ്യം പുരണ്ട കണ്ണുനീരൊലിപ്പിച്ചും നെഞ്ചു നീറ്റുന്നത് എന്റെ കുഞ്ഞിന്റെ അമ്മ മാത്രമല്ല മറ്റൊരമ്മയുടെ മകളും മറ്റൊരു വീടിന്റെ വെളിച്ചവുമായിരുന്നവളാണെന്നു എനിക്കിന്ന് നന്നായി മനസ്സിക്കാൻ കഴിയുന്നുണ്ടായിരുന്നു…
“അറിഞ്ഞില്ല ഞാൻ…പണ്ടെപ്പോഴോ കളി പറഞ്ഞുപോയൊരു കാര്യം നിന്നെ ഇത്ര ആഴത്തിൽ മുറിവേൽപ്പിച്ചെന്ന്…അതൊരിക്കലും ആ അമ്മയെ പരിഹസിച്ചല്ലായിരുന്നു…ഉച്ചത്തിൽ കരഞ്ഞു എന്നെ ഉദ്ദേശിച്ചുള്ളൂ..പലപ്പോഴും ഉപയോഗിച്ച ഒരു പദപ്രയോഗം അസ്ഥാനത്തായി പോയി…ക്ഷമിക്ക് പെണ്ണേ…” നേരെ ചെന്നവളെ നെഞ്ചോട് ചേർത്തു…വാശിയോടെ ഒന്നു കുതറി മാറാൻ നോക്കിയവളുടെ നെറുകയിൽ മുത്തി..അവൾ ഒരു പൊട്ടികരച്ചിലോടെ എന്റെ നെഞ്ചോട് ചേർന്നു..അവളുടെ ഉള്ളിലെ നോവുകളെല്ലാം പെയ്തൊഴിയും വരെ ഞാനങ്ങനെ തന്നെ നിന്നു…മനസ്സുകൊണ്ട് ആ അമ്മയോടും അവരുടെ ഈ മകളോടും ഒരായിരം പ്രാവശ്യം മാപ്പ് ചോദിച്ചു..ഒപ്പം പുഞ്ചിരിയോടെ എന്റെ കുഞ്ഞുമോളെ ഓർത്തു…അവളെ എപ്പോഴും എന്നോട് ചേർത്തുവച്ച ലക്ഷ്മിയെ ഓർത്തു…അവളുടെ മധുരപ്രതികാരത്തെയും…അവളൊന്നു ശാന്തമായപ്പോൾ പതിയെ ചോദിച്ചു..
“ഭയങ്കരി, എന്റെ കൊച്ചിനെ നീ അച്ഛൻ കുട്ടിയാക്കിയത് ഈ ദുരുദ്ദേശം വച്ചാണല്ലേ…” അവൾ കണ്ണുകളുയർത്തി എന്നെ നോക്കി
“പക അത് വീട്ടാനുള്ളതാണ്…”
അവളിൽ ആ ഇരുപത്തൊന്നുകാരിയുടെ കുറുമ്പ് നിറയുന്നത് ഞാൻ ആശ്ചര്യത്തോടെ കണ്ടുനിന്നു..മെല്ലെ ഒരു പുഞ്ചിരി എന്റെ ചൊടിയിലേക്കും പടർന്നു..
ശുഭം
ചില വാക്കുകൾ ഏൽപ്പിക്കുന്ന മുറിവുകൾ ഉണങ്ങാൻ വലിയ പ്രയാസമാണ്..ഏത് ബന്ധത്തിനെയും തകർക്കാനും കൂട്ടിയിണക്കാനും കഴിയുന്ന വലിയ ഒരു അത്ഭുതം തന്നെയാണ് വാക്കുകൾ..ആരെയും മുറിവേല്പിക്കാതെ സംസാരിക്കാൻ ശ്രദ്ധിക്കുക..