ഗന്ധർവ്വൻ…
Story written by Jisha Raheesh
=============
ഡ്രൈവിംഗിനിടയിൽ മിററിലേയ്ക്ക് നോക്കിയ ഋഷിയുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു. നീണ്ട താടിരോമങ്ങൾക്കിടയിൽ അവിടവിടെയായി വെള്ളിരേഖകൾ. തൊട്ട് മുൻപ് കഴിഞ്ഞു പോയ രംഗങ്ങളിലായിരുന്നു മനസ്സ്..
“എന്റേട്ടാ, ഏട്ടനിതൊക്കെയൊന്നു ഡൈ ചെയ്തിട്ട് പൊയ്ക്കൂടേ..ഒന്നുല്ലേലും ഒരു പെണ്ണ് കാണലിനു പോവല്ലേ..”
ചന്തുവിന്റെ ചോദ്യത്തിന് കണ്ണിറുക്കി വെറുതെ ഒന്ന് ചിരിച്ചു കാട്ടിയതേയുള്ളൂ…മറുപടി പറഞ്ഞത് നിമ്മിയായിരുന്നു..
“ചന്തൂസേ, ഡോണ്ട് ബി സില്ലി..ഈ സാൾട്ട് ആൻഡ് പെപ്പർ ലുക്കുണ്ടല്ലോ..കിടിലനാ..ഇത് കണ്ടാൽ ഏത് പെണ്ണും മൂക്കും കുത്തി വീഴും ഇപ്പഴും..എന്നാ ഒരു ഗ്ലാമറാ..നിന്നെയൊന്നും ഇപ്പോഴും ഋഷിയേട്ടന്റെ ഏഴയലത്ത് നിർത്താൻ പറ്റൂല..”
“ആടി..ഇനി കെട്ട്യോന്റെ നെഞ്ചിനിട്ട് കുത്ത്”
ചന്തു നിമ്മിയെ നോക്കി മുഖം വീർപ്പിച്ചതും ഋഷി പൊട്ടിച്ചിരിച്ചു..
“കള്ളകിളവൻ..ഇപ്പോഴും മുടിഞ്ഞ ഗ്ലാമറുമായി നടക്കുവാ, ചുമ്മാ മനുഷ്യന് പേരുദോഷം കേൾപ്പിക്കാൻ..”
ചന്തു പിറുപിറുത്തു..
“ഡാ..”
ഋഷി കയ്യോങ്ങാൻ തുടങ്ങിയതും ചന്തു അയാളെ കെട്ടിപ്പിടിച്ചിരുന്നു..
“അതേയ്, ഇനി ഏട്ടനും അനിയനും പുന്നാരിച്ച് നിക്കാണ്ട് ചെല്ലാൻ നോക്ക്..ആ ടീച്ചറവിടെ കാത്തിരിപ്പുണ്ടാവും..”
നിമ്മി പറഞ്ഞത് കേട്ടിട്ടും ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ഋഷിയെ ചന്തു ഉന്തിത്തള്ളിയാണ് പുറത്തേക്കിറക്കിയത്..
“ദേണ്ടെ,കഴിഞ്ഞാ ഉടനെ വിവരം വിളിച്ചു പറഞ്ഞേക്കണം, ഒരുത്തി അവിടെ അമേരിക്കയിൽ കെടന്ന് കയറ് പൊട്ടിച്ചോ ണ്ടിരിക്കുവാ, ഏട്ടൻ പോയോ, കണ്ടോന്നൊക്കെ ചോദിച്ചു ഇപ്പോ തന്നെ മൂന്നാല് തവണ വിളിച്ചു..”
ആ ഓർമ്മയിൽ വീണ്ടും ഋഷിയുടെ ചുണ്ടുകളൊന്നു വിടർന്നു..
പക്ഷെ…
“ഇനിയിപ്പോ ഈ വയസ്സാം കാലത്താണോ ഏട്ടന് പെണ്ണ് കെട്ടാൻ പൂതി..അതൊക്കെ നേരത്തിനും കാലത്തിനും ആലോചിക്കണ മായിരുന്നു”
ചന്തു സ്പീക്കർ ഫോൺ ഓഫ് ചെയ്യുന്നതിന് മുൻപേ തന്നെ, ബാലുവിന്റെ വാക്കുകൾ തന്റെ കാതുകളിൽ പതിച്ചു കഴിഞ്ഞിരുന്നു…
ദീപ..നേരെ ഇളയവൾ. അവളുടെ പ്രതികരണവും ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു…
“ഏട്ടന് ഇനിയൊരു കല്യാണമോ..വേണ്ടാ വേണ്ടാന്ന് പറഞ്ഞിട്ട് ഇപ്പോഴാണോ ബോധം തെളിഞ്ഞത്..?”
അവളുടെ ശബ്ദത്തിലെ പരിഹാസം മനസ്സിലായെങ്കിലും ഒന്നും തിരിച്ചു പറഞ്ഞില്ല..
എല്ലാം ചന്തുവിന്റേയും നിമ്മിയുടെയും പ്ലാനാ ണ്..ഭർത്താവിനോടൊപ്പം അമേരിക്കയിലാണെങ്കിലും കൂട്ടിനു കൃഷ്ണയുമുണ്ട്..ഏറ്റവും ഇളയവൾ…
ഈ വേഷം കെട്ടലിന് ഒട്ടും താല്പര്യമില്ലെങ്കിലും അവരുടെ നിർബന്ധത്തിന് വഴങ്ങിയെന്നേയുള്ളൂ..വെറുതെ..
അല്ലെങ്കിലും എല്ലാം അവർക്ക് വേണ്ടിയായിരുന്നല്ലോ. ഒരു സുപ്രഭാതത്തിൽ അച്ഛന്മമാരെ നഷ്ടപെട്ട ഒരു ഇരുപത്തിരണ്ടുകാരനും കൂടപ്പിറപ്പുകളും. പിന്നെയങ്ങോട്ട് കെട്ടിയാടിയ വേഷങ്ങളൊക്കെ അവർക്ക് വേണ്ടിയായി രുന്നു..ഇപ്പോഴും…
ആരൊക്കെ നിർബന്ധിച്ചാലും ഇനിയൊരാൾ ജീവിതത്തിലേക്ക് കടന്നു വരില്ലെന്ന് ഉറപ്പിച്ചതാണ്…പക്ഷെ…
ഇത്തവണത്തെ ഈ യാത്രയ്ക്കുള്ള കാരണം..?
അയാൾ മനസ്സിലേക്കൊന്നെത്തിനോക്കി…
ഹേയ്..വെറും കൗതുകം..അതിലപ്പുറം..? ഒന്നുമില്ല..മായ…ആ പേര്..വെറുമൊരു പേരിനോടുള്ള ആ കൗതുകം..അതുമാത്രമാണോ ഈ കൂടിക്കാഴ്ചയ്ക്കുള്ള കാരണം…?
അയാൾ സ്വയം ചോദിച്ചു കൊണ്ടേയിരുന്നു..
വിടർന്ന മിഴികളുള്ള ഒരു മുഖം മനസ്സിൽ തെളിഞ്ഞു..
ആ മുഖം ഓർക്കാതിരിക്കാൻ ഒത്തിരി ശ്രെമിച്ചിട്ടുണ്ട്..എങ്കിലും ദിവസം ഒരുനേരമെ ങ്കിലും മനസ്സിൽ തെളിയാതിരുന്നിട്ടുമില്ല..ഉറക്കം കൺപോളകളെ തഴുകുന്ന നിമിഷങ്ങളിലെങ്കിലും…
അത്രമേൽ പ്രിയമായത് കൊണ്ടാവാം…പ്രണയിച്ചു പോയത് കൊണ്ടുമാവാം…
എവിടെയായിരുന്നാലും സുഖമായിരിക്കട്ടെ..ആ മനസ്സിൽ ഒരു ചതിയന്റെ മുഖമായിരിക്കും തനിക്കെന്നും..
നെഞ്ചിൽ ഉളവായ നീറ്റൽ അറിഞ്ഞില്ലെന്നു നടിച്ചു അയാൾ ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു..
“ദേവാംഗണങ്ങൾ കയ്യൊഴിഞ്ഞ താരകം സായാഹ്നസാനുവിൽ വിലോലമേകമായ്..”
സ്റ്റീരിയോയിൽ നിന്നും പൊടുന്നനെ ഉയർന്ന സ്വരവീചികളാണ് അയാളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്..
മായ..മായാദേവി..
ഗന്ധർവ്വനെയും യക്ഷിയെയും കാവും പാലപ്പൂക്കളും കൊണ്ടു കഥകൾ മെനയാൻ ഇഷ്ടപ്പെട്ടിരുന്നവൾ..മുത്തശ്ശിയുടെ കഥക്കൂട്ടുകളാൽ സങ്കല്പലോകം മെനഞ്ഞിരു ന്നവൾ…
“ഋഷി ആലോചിച്ചു നോക്കിയേ ആ ഗന്ധർവ്വൻ ഇവിടം വിട്ടു പോവുമ്പോഴുള്ള ആ സീൻ..ഗന്ധർവ്വനെയോർത്തു മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട പെണ്ണിന്റെ വേദന…”
“ഓ പിന്നേ..എന്റെ പെണ്ണേ, നീയിങ്ങനെ ഗന്ധർവ്വനെയും യക്ഷിയെയുമൊക്കെ വെച്ച് കഥയുണ്ടാക്കിക്കൊണ്ടിരുന്നോ..എടി കാലം മാറി..”
“ഈ പൊട്ട സഖാവിനോട് അവരുടെ പ്രണയത്തെ പറ്റി പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ..”
അപ്പോഴേക്കും അവൾ മുഖം വീർപ്പിച്ചു കഴിഞ്ഞിരുന്നു..
എണ്ണിയാലൊടുങ്ങാത്ത തവണ കണ്ടിട്ടുണ്ടെങ്കിലും ‘ഞാൻ ഗന്ധർവനിലെ’ അവസാനരംഗം കാണുമ്പോൾ ഇപ്പോഴും കണ്ണുകൾ നിറയ്ക്കുന്നവൾ പിണങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ…
അവൾ ഇത്തിരിയല്ല, ഒത്തിരിയേറെ പൈങ്കിളിയായിരുന്നു..അവളുടെ ഭാഷയിൽ താനൊരു മൂരാച്ചിയും..
ഒരു ദിനം നഗരത്തിലെ കോളേജിലേക്ക്, ദാവണിയും, ഇരുവശത്തേക്കുമായി പിന്നിയിട്ട നീണ്ടിടതൂർന്ന മുടിയിൽ മുല്ലപ്പൂവും ചൂടി വന്നവളുടെ, വിടർന്ന കണ്ണുകൾ നിറയുന്നത് കണ്ടുകൊണ്ടാണ് അവർക്ക് ചുറ്റും നിന്നിരുന്ന പിള്ളേരുടെ ഇടയിലേക്ക് കയറി ചെന്നത്…
റാഗിംഗ്…അവർക്കിടയിൽ നിന്ന് രക്ഷിച്ചതിലുള്ള നന്ദിയാവാം പിന്നീട് തന്നെ കാണുമ്പോഴൊക്കെ ആ വിടർന്ന കണ്ണുകളിൽ കണ്ടിരുന്നത്..പിന്നീടെപ്പോഴൊക്കെയോ ആ കണ്ണുകൾ തന്നെ തേടി വരുന്നത് കണ്ടെങ്കിലും അറിയാതെ മട്ടിൽ നടന്നതേയുള്ളൂ…
ഒരിക്കൽ കയ്യിൽ കയറി പിടിച്ചവനിട്ടൊന്ന് പൊട്ടിച്ചത് കണ്ടപ്പോഴാണ് പട്ടത്തി പെണ്ണ് പുലിയാണെന്ന് മനസ്സിലാക്കിയത്..വിപ്ലവവീര്യം തിളച്ചു നിന്ന സിരകളിൽ, എപ്പോഴൊക്കെയോ പ്രണയത്തിന്റെ രേണുക്കളും ചേർന്നപ്പോഴാവാം വല്ലപ്പോഴുമൊക്കെ പിന്തിരിഞ്ഞൊരു നോട്ടവും ചിലപ്പോഴെങ്കിലും നേർത്തൊരു പുഞ്ചിരിയും തന്നിലും ഉണ്ടായത്.. ആരുമറിയാതെ..
ഒരു വൈകുന്നേരമായിരുന്നു കോളേജിലെ ആളൊഴിഞ്ഞ ഇടനാഴിയിൽ കാത്തുനിന്ന വൾ പിറകിൽ നിന്നും വിളിച്ചത്…
“അതേയ് സഖാവെ….”
“ഉം…?”
ഉള്ളിലൊരു ചിരി തെളിഞ്ഞിരുന്നെങ്കിലും ഗൗരവത്തോടെയാണ് തിരിഞ്ഞു നിന്ന് മൂളിയത്..
“സഖാവ് ‘ഞാൻ ഗന്ധർവ്വൻ’ കണ്ടിട്ടുണ്ടോ..”?
“ങേ..?”
“ഞാൻ ഗന്ധർവ്വൻ..സിനിമ..പത്മരാജൻ സാറിന്റെ..?”
അവളുടെ കണ്ണുകളിലേക്ക് നോക്കിയാണ് പറഞ്ഞത്..
“ഉണ്ടെങ്കിൽ..?”
“എന്റെ സ്വപ്നങ്ങളിലെ ഗന്ധർവ്വന് ഇപ്പോൾ സഖാവിന്റെ മുഖമാണ്..”
തെല്ല് നാണത്തോടെ അവളത് പറഞ്ഞതും താൻ പൊട്ടിച്ചിരിച്ചുപോയിരുന്നു..
“അയ്യേ..”
ഗന്ധർവ്വന്റെ ആടയാഭരണങ്ങളുമായി, എന്നെ ഞാനൊന്നു സങ്കൽപ്പിച്ചു പോയിരുന്നു..അറിയാതെ..മീശയും താടിയുമായൊരു വെറൈറ്റി ഗന്ധർവ്വൻ..
“ന്നെ കളിയാക്കീതാ ല്ലെ…?”
ആ ചുണ്ടുകൾ കൂർത്തിരുന്നു..പിണങ്ങിയെന്നോണം തിരിഞ്ഞു നടക്കുന്നത് കണ്ടപ്പോൾ വീണ്ടും ചിരിച്ചു പോയിരുന്നു..
“ബെസ്റ്റ് കോമ്പിനേഷനാ, യുക്തിവാദിയായ സഖാവും അഗ്രഹാരത്തിലെ പട്ടത്തിപ്പെണ്ണും പോരാത്തേന് കക്ഷി ഗന്ധർവന്റെ ഫാനും..നിനക്കിത് തന്നെ വേണെടാ..”
ആർത്തലച്ചു ചിരിച്ചു കൊണ്ടു, ആത്മമിത്രം സുധി അത് പറഞ്ഞപ്പോൾ ചമ്മൽ മറയ്ക്കാനായി അവന്റെ ചുമലിൽ ആഞ്ഞിടിച്ചു..
പിന്നെ രണ്ടു ദിവസത്തേക്കവൾ മുഖം വീർപ്പിച്ചു തന്നെ നടന്നു..ആ നോട്ടം തന്നിലേക്ക് എത്താതിരുന്നത് മനസ്സിലൊരു അസ്വസ്ഥതയുണർത്തുന്നറിഞ്ഞപ്പോഴാണ് ആ രാവിലെ ലൈബ്രറിയിലേയ്ക്കുള്ള സ്റ്റെപ്പുകൾ കയറുന്നവളുടെ മുന്നിലെത്തിയത്..
“തന്റെയാ ഗന്ധർവ്വൻ ഇപ്പോഴും സ്വപ്നത്തിൽ വരാറുണ്ടോ..?”
ചുണ്ടുകൾ കൂർപ്പിച്ചു നിന്നവളുടെ കണ്ണിലേ യ്ക്ക് നോക്കിയാണ് ചോദിച്ചത്..തന്റെ മുഖത്തെ കള്ളച്ചിരി കണ്ടാവും ആ കണ്ണുക ളൊന്ന് തെല്ല് വിടർന്നിരുന്നു..
“മറ്റേ..ആ..എന്റെ മുഖമാണെന്ന് പറഞ്ഞില്ലേ..? അങ്ങേര്..”
പതിയെ ആ ചൊടികളിലൊരു പുഞ്ചിരി തെളിഞ്ഞു വന്നു..നാണത്തിന്റെ അകമ്പടിയോടെ..
വശത്തേക്ക് മാറി സ്റ്റെപ്പുകൾ ഓടിക്കയറു മ്പോൾ അവൾ ചിരിക്കുന്നുണ്ടായിരുന്നു.. മുകളിലെത്തിയപ്പോളവളൊന്നു തിരിഞ്ഞു നോക്കിയിരുന്നു..ആ ചിരി കാണാനായി താനവിടെ അപ്പോഴും നിൽപ്പുണ്ടായിരുന്നു…
ഗന്ധർവ്വനും യക്ഷിയമ്മയും സർപ്പക്കാവുമൊക്കെ തനിക്ക് വെറും അന്ധവിശ്വാസങ്ങളായിരുന്നുവെങ്കിൽ മായയ്ക്ക് അതൊക്കെ രക്തത്തിൽ അലിഞ്ഞു ചേർന്ന വിശ്വാസങ്ങളായിരുന്നു..
ഏറെയും വഴക്ക് കൂടിയിട്ടുള്ളതും അതിന്റെ പേരിലായിരുന്നു..ആ കൂർത്ത നഖങ്ങളാൽ തന്റെ കൈത്തണ്ടയിലവൾ ചിത്രങ്ങൾ വരഞ്ഞു ചേർത്തതും…
ഡ്രൈവിംഗിനിടയിലും ഋഷിയുടെ കണ്ണുകൾ കൈത്തണ്ടയിൽ എത്തി നിന്നു. മുഖത്തൊരു ചിരിയുണ്ടായിരുന്നു. ഓർമ്മകൾ ഉണർത്തിയ പുഞ്ചിരി…
ഗന്ധർവ്വനാദത്തിൽ അപ്പോഴും ആ ഗന്ധർവ്വസംഗീതം കാറിനുള്ളിൽ അലയടിക്കുന്നുണ്ടായിരുന്നു..
“ആലാപമായി സ്വരരാഗ ഭാവുകങ്ങൾ ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ…”
നീതീഷ് ഭരദ്വാജിന്റെ ചിരിയെ വെല്ലുന്ന മറ്റൊന്നില്ലെന്ന് അവൾ സമർത്ഥിക്കുമ്പോൾ അയാളെ മാത്രമല്ലസാക്ഷാൽ ഗന്ധർവ്വനെ പോലും താൻ വെറുത്തു പോയിരുന്നു..
പകരം ക്ലാരയെയും സുമലതയെയും ചിലപ്പോഴൊക്കെ മഴയെയും, അവളും…
പക്ഷെ…പതിയെ ഋഷിയുടെ ചിരി മാഞ്ഞു..അപ്പോഴേക്കും ആ ഗന്ധർവ്വനാദവും നിലച്ചിരുന്നു..
അന്ന്..രണ്ടുമൂന്നു ദിവസങ്ങളായി അവൾ കോളേജിൽ വന്നിരുന്നില്ല..വിവരമൊന്നുമറിയാതെ ടെൻഷനിലായിരുന്നു താനും. പക്ഷെ ജീവിതം അടിമേൽ മറിഞ്ഞത് പിറ്റേന്നായിരുന്നു..ആരുടെയൊക്കെയോ ചതി പ്രയോഗത്താൽ ബിസിനസ്സൊക്കെ തകർന്നു കടക്കെണിയിലായ അച്ഛൻ ആത്മഹത്യയിൽ അഭയം കണ്ടെത്തി. കൗമാരക്കാരായ കൂടപ്പിറപ്പുകളെ തന്നെയേൽപ്പിച്ചായിരുന്നു അച്ഛൻ അമ്മയെയും കൂടെ കൂട്ടിയത്…
പെട്ടെന്നൊരു നാൾ കാൽക്കീഴിലെ മണ്ണൊലിച്ചു പോകുന്നതറിഞ്ഞു പകച്ചു നിന്നുപോയിരുന്നു. കിടപ്പാടം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് കൂടപ്പിറപ്പുകളുമായി ഇറങ്ങിയത്..
മറന്നിരുന്നില്ല അവളെ, അതിനാവില്ലായിരു ന്നു..പക്ഷെ മുന്നോട്ടുള്ള ജീവിതം പ്രണയത്തെ തടഞ്ഞു..ആ മുന്നിൽ നിന്നു പറയാനുള്ള ചങ്കുറപ്പില്ലാതിരുന്നത് കൊണ്ടു ഒരു കുറിപ്പെഴുതി വെച്ചു തിരിഞ്ഞു പോലും നോക്കാതെ നടന്നകന്നു..ആ ജീവിതത്തിൽ നിന്നും..അവളിൽ നിന്നും..എന്നെന്നേക്കുമായി…
ജീവിതം നിലനിർത്താനുള്ള നെട്ടോട്ടമായിരുന്നു പിന്നെ. ചെയ്യാത്ത ജോലികളില്ല..കൊണ്ടും കൊടുത്തും വളർന്നു..എന്തും നേരിടാനുള്ള ചങ്കൂറ്റം നേടിയെടുത്തു..എല്ലാം അവർക്ക് വേണ്ടി..അവരുടെ കണ്ണുകളൊന്ന് നനഞ്ഞാൽ പോലും ഉള്ളിലൊരു പിടപ്പാണ് ഇപ്പോഴും…
എല്ലാവർക്കും സ്വന്തം കുടുംബമായി…എന്നാലും തനിക്കിപ്പോഴും, തനിക്ക് ചുറ്റുമായി പകച്ചു നിൽക്കുന്ന ആ കൗമാരക്കാരാണവർ …
ചന്തുവും കൃഷ്ണയുമാണ് ഏറ്റവും താഴെയുള്ളവർ..ഇരട്ടകൾ..അവർക്ക് താൻ വെറുമൊരു ചേട്ടൻ മാത്രമായിരുന്നില്ലല്ലോ..
ബാലുവാണ് നേരെ ഇളയവൻ, തൊട്ട് താഴെ ദീപയും..രണ്ടു പേരും സ്വന്തം ജീവിതത്തിനു അപ്പുറത്തേയ്ക്കും ഇപ്പുറത്തേയ്ക്കും കണ്ണെത്താത്തവരാണ്…അന്നും ഇന്നും…
ഋഷിയുടെ ചുണ്ടിലൊരു വരണ്ട ചിരി തെളിഞ്ഞു..ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല..ഒന്നും…
സുധിയുടെ അനിയത്തിയാണ് നിമ്മി..ചെറുപ്പം മുതലേ അറിയാവുന്നവൾ..ചന്തുവിനൊപ്പം പഠിച്ചവൾ..അവർ തമ്മിൽ ഇഷ്ടത്തിലാണെന്ന് അവരെക്കാൾ മുൻപേ തനിക്കറിയാമായിരുന്നു..
കൃഷ്ണയ്ക്ക് മാത്രമേ ഒരു പങ്കാളിയെ കണ്ടെത്തി കൊടുക്കേണ്ട ആവശ്യം വന്നിട്ടുള്ളൂ..ബാലുവും ദീപയും ജീവിതം തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ചിട്ടപ്പെടുത്തുന്നവരായിരുന്നല്ലോ..?
ഇന്നിപ്പോൾ..തനിച്ചായത് പോലെ തോന്നുന്നുണ്ടോ..?
ഋഷി വീണ്ടും ചിരിച്ചു…
മനസ്സ് ഉത്തരമൊന്നും തന്നില്ല..
ലക്ഷ്യങ്ങളൊക്കെ പൂർത്തിയായി കഴിഞ്ഞു..ഇപ്പോൾ വിശ്രമകാലമാണ്..അച്ഛനും അമ്മയും ഉറങ്ങുന്ന തറവാട് വീട് തിരിച്ചു പിടിച്ചു..അതൊഴികെ മറ്റെല്ലാം എല്ലാർക്കും വീതിച്ചു കൊടുത്തു..
അല്ലറചില്ലറ കൃഷിപ്പണികളും എഴുത്തുകുത്തുകളുമായി അവിടങ്ങനെ കൂടുന്നതിടെയായിരുന്നു ആ ആക്സിഡന്റ്…
ചന്തുവും നിമ്മിയും ഒരു യാത്രയിലായിരുന്നു..എന്തിനും ഏതിനും ഓടിയെത്തുന്നത് അവരായിരുന്നല്ലോ..ദീപയ്ക്ക് അവളുടെ കുഞ്ഞുങ്ങളുടെ കാര്യം പോലും നോക്കാനുള്ള സമയമില്ല പോലും..കരിയറിനപ്പുറം മറ്റൊന്നുമില്ലവൾക്ക്..ബന്ധങ്ങൾ പോലും…
ബാലുവിന് ബിസിനസ് തിരക്കുകൾ..താൻ ഒഴിഞ്ഞ സ്ഥാനത്തിരിക്കുന്നതിനോടൊപ്പം ഭാര്യയുടെ അച്ഛനോടൊപ്പവും ബാലു തിരക്കിലാണ്..രമ്യ ഒറ്റ മോളാണ്..കോടീശ്വരി..
സുധിയുണ്ടായിരുന്നു ഒപ്പം..അവന്റെ തിരക്കുകൾ അറിയാവുന്നത് കൊണ്ടു നിർബന്ധിച്ചു പറഞ്ഞു വിട്ടു…ചന്തുവിനെയും നിമ്മിയെയും ഒന്നുമറിയിക്കേണ്ടെന്നത് പറഞ്ഞത് താൻ തന്നെയായിരുന്നു…
അന്നും സുധി ഒരുപാട് ബഹളം വെച്ചിരുന്നു..പണ്ടുമവൻ വിവാഹത്തിന് നിർബന്ധിക്കാൻ തുടങ്ങിയപ്പോഴൊക്കെ ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നിരുന്നു താൻ..
“എടാ നീയിപ്പോഴും അവളെ ഓർത്തോണ്ടി രിക്കുവാണോ, ഒരു നഷ്ടപ്രണയമൊക്കെ ഉണ്ടാകാത്ത മനുഷ്യരുണ്ടാവുമോ..അതും കോളേജ് ലൈഫിൽ..”
വെറുതെ ചിരിക്കാറേയുണ്ടായിരുന്നുള്ളൂ..
പണ്ടൊരിക്കൽ, മായ വിവാഹം കഴിഞ്ഞു ഭർത്താവുമായി മുംബൈയിലാണെന്നു പറഞ്ഞതും സുധിയായിരുന്നു..അധികം പ്രാധാന്യമില്ലാത്തൊരു വാർത്ത കേട്ടത് പോലെ ഇരുന്നെങ്കിലും ഉള്ളൊന്ന് പിടച്ചതും അവനറിഞ്ഞിരിക്കണം…
എവിടെയായിരുന്നാലും സന്തോഷത്തോടെയിരിക്കട്ടെ…
വേദനിച്ചിരുന്നുവോ മനസ്സ്…അറിയില്ല..കൂടുതൽ ആലോചിച്ചില്ല..വിവാഹിതയായ മായാദേവിയെ സങ്കല്പിച്ചിട്ടേയില്ല ഒരിക്കലും..അന്നെഴുതി വെച്ച ആ കുറിപ്പ് വായിച്ചത് സങ്കല്പിച്ചു, ആ നിറഞ്ഞ കണ്ണുകൾ പല വട്ടം ഉറക്കം കെടുത്തിയിട്ടുണ്ട്…
വെറുമൊരു ക്യാമ്പസ് ലവ്..?
അല്ല…അതിനപ്പുറം മറ്റെന്തൊക്കെയോ കൂടെ ഉണ്ടായിരുന്നുവെന്ന് മനസ്സിലായത് വർഷങ്ങൾ കഴിഞ്ഞിട്ടും പിന്നെയൊരു മുഖവും മനസ്സിൽ പതിയാതിരുന്നതിൽ പിന്നെയാണ്..നിർബന്ധങ്ങളേറിയിട്ടും പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ ശ്രമിക്കുക പോലും ചെയ്യാതിരുന്നതിൽ പിന്നെയാണ്…
നിമ്മിയുടെ ഫ്രണ്ടിന്റെ ചേച്ചിയാണ് കാണാൻ പോകുന്നയാൾ..കോളേജ് അദ്ധ്യാപിക..മായ..
കുറച്ചായി നിർബന്ധം തുടങ്ങിയിട്ട്..വെറുതെ ഒന്ന് കണ്ടാൽ മതിയെന്ന് പറഞ്ഞു തുടങ്ങിയതാണ് ചന്തുവും നിമ്മിയും..കൃഷ്ണയും അതേറ്റു പിടിച്ചു..
പക്ഷെ മായയെന്ന പേരിനോടുള്ള കൗതുക ത്തിനപ്പുറം ഈ കൂടിക്കാഴ്ചയ്ക്ക് കാരണം മെനയാന്ന് ക്ലബ്ബിൽ വെച്ച് രാജീവിനെ കണ്ടത് കൂടെയാണ്..
ചന്തുവിന്റെയും നിമ്മിയുടെയും സീനിയർ മാനേജർ എന്നതിനപ്പുറം തന്റെ പരിചയക്കാരൻ കൂടെയായിരുന്നല്ലോ രാജീവ്..
ചന്തുവിനും നിമ്മിയ്ക്കും കിട്ടിയ യുഎസിലെ ജോബ് ഓഫർ..തന്നോടവർ മറച്ചു വെച്ചത്..
ഒരുപാട് തവണ തിരിച്ചും മറിച്ചും ചോദിച്ചതിന് ശേഷമാണു തന്നെ ഒറ്റയ്ക്കാക്കിയിട്ട് പോവാനുള്ള മടി കൊണ്ടു കൂടിയാണ് അവരത് സ്വീകരിക്കാൻ മടിക്കുന്നതെന്ന് സുധി തുറന്നു പറഞ്ഞതും…
അവർ പോവട്ടെ..അവരുടെ ജീവിതം, സ്വപ്നങ്ങൾ, കരിയർ ഇതൊന്നും താൻ കാരണം ഇവിടെ തളച്ചിടപ്പെടാൻ പാടില്ല…
മായ..അവരെ കാണണം..പറഞ്ഞാൽ ഒരു പക്ഷെ അവർക്കും മനസ്സിലായേക്കും..ആൾക്ക് ഒരനിയനും അനിയത്തിയും..രണ്ടു പേരും സെറ്റിൽഡാണത്രേ…
ചന്തുവിനും നിമ്മിയ്ക്കും യുഎസിലേക്ക് പോവേണ്ട സമയമാവുന്നത് വരെയുള്ള ഒരൊളിച്ചു കളി..തന്നെ ഒറ്റയ്ക്കാക്കിയിട്ട് പോവുന്നുവെന്നുള്ള കുറ്റബോധമില്ലാതെ അവർ പോവട്ടെ..
ഈ വൈകിയ വേളയിൽ കെട്ടുപാടുകളില്ലാതെ ജീവിതം ജീവിച്ചു തീർക്കണം..തനിയെ…
വീണ്ടുമാ വിടർന്ന കണ്ണുകൾ മനസ്സിൽ തെളിഞ്ഞു..ആ ഓർമ്മകൾ..മരിക്കുവോളം കൂട്ടുണ്ടാകും..മറ്റൊരാളുടെ ഭാര്യയായ, ഒരു പക്ഷെ അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയായ മായയെ പറ്റി ഒരിക്കലും ആലോചിച്ചി ട്ടില്ല..തന്റെ മനസ്സിലുള്ള മായ ദേവി..അവളെ ന്നും തന്റെ പ്രണയിനി മാത്രമായിരുന്നു…
റെസ്റ്റോറന്റിനു മുന്നിലെത്തി കാർ പാർക്ക് ചെയ്തു ഋഷി ഉള്ളിലേക്ക് കയറി. മുകളിലെ ഓപ്പൺ ടെറസ്സിൽ ഉണ്ടാവുമെന്നാണ് പറഞ്ഞിരിക്കുന്നത്. നിമ്മി നമ്പർ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്.
ആ..ആദ്യം ഒന്ന് നോക്കാം..കണ്ടില്ലെങ്കിൽ വിളിക്കാം..സ്റ്റെപ്പ്സ് കയറുന്നതിനിടയിൽ ഋഷി മനസ്സിലോർത്തു..അപ്പുറം കടലാണ്..തിരകളുടെ അലയടി കേൾക്കാം..
തിരക്ക് കുറവാണ്. വലത് ഭാഗത്തു കടലിന് അഭിമുഖമായുള്ള കസേരയിൽ വെള്ളയിൽ റോസ് നിറത്തിലുള്ള പൂക്കളുള്ള സാരിയുടുത്ത ഒരു സ്ത്രീ ഇരിപ്പുണ്ട്..അങ്ങോട്ട് തിരിഞ്ഞായത് കൊണ്ടു മുഖം കാണില്ല..സ്റ്റെപ്പ് കട്ട് ചെയ്തിട്ട മുടി ചുമലും കഴിഞ്ഞു ഒഴുകി പരന്നു കിടപ്പുണ്ട്..
“എസ്ക്യൂസ് മി…മിസ്സ്..”
ഫോണിലേക്ക് നോക്കിയിരിക്കുന്ന അവരു ടെ വശത്ത് നിന്നാണ് വിളിച്ചത്. അപ്പോഴേക്കുമവർ മുഖമുയർത്തിയിരുന്നു…
“മാ..മായാ..”
ഋഷിയുടെ ചുണ്ടുകൾ ശബ്ദിച്ചു..അവർ ശബ്ദിക്കാനാവാതെ അയാളെ തന്നെ നോക്കിയിരിക്കുവായിരുന്നു..
“ഋഷി…നിമ്മി പറഞ്ഞിട്ട്…?”
“യെസ്…”
മായ മുൻപിലെ കസേരയിലേക്ക് കൈ കാണിച്ചു. ഋഷി തളർച്ചയോടെ അതിലേ യ്ക്കിരുന്നു..രണ്ടുപേരും പരസ്പരം നോക്കിയില്ല…
“ഞാൻ..ഞാൻ പ്രതീക്ഷിച്ചില്ല…പേര് അതായിരുന്നിട്ടും…”
ഋഷി മെല്ലെ പറഞ്ഞു..
“ഞാനും..ഋഷി ഇവിടെയുണ്ടെന്ന് ഞാനും അറിഞ്ഞിരുന്നില്ല..ചെന്നൈയിലാണെന്ന് ആരോ ഒരിക്കൽ പറഞ്ഞതോർക്കുന്നു..”
“ആയിരുന്നു..ഇപ്പോൾ ഇവിടെ തന്നെയാണ്..പക്ഷെ മായ..മായ മുംബൈയിൽ…”
അയാൾ പൂർത്തിയാക്കാനാവാതെ നിർത്തി..അവളുടെ മുഖത്തേയ്ക്ക് നോക്കി..ചമയങ്ങളൊന്നുമില്ലാത്ത മുഖത്ത് ആ വെള്ളക്കൽ മൂക്കുത്തി മാത്രമേയുള്ളൂ..പഴയ തിളക്കമില്ലെങ്കിലും ആ വിടർന്ന കണ്ണുകളുടെ ഭംഗി കുറഞ്ഞിട്ടില്ല ഇപ്പോഴും. കാലം അവളുടെ രൂപഭംഗിയിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് അയാളോർത്തു. പക്ഷെ ആളിന്റെ ഔട്ട്ലുക്ക് അപ്പാടെ മാറിയിട്ടുണ്ട്..അഗ്രഹാരത്തിലെ ആ പട്ടത്തി പെണ്ണിൽ നിന്നും ഒത്തിരി മാറ്റമുണ്ട് തന്റെ മുന്നിലിരിക്കുന്ന മായയ്ക്ക്..പക്ഷെ മായയുടെ വിവാഹം കഴിഞ്ഞതും ഭർത്താവിനോടൊപ്പം മുബൈയിൽ ആണെന്നുമൊക്കെ സുധി ഒരിക്കൽ പറഞ്ഞതാണല്ലോ…
“ഡിവോഴ്സിയാണ്..അത് പറഞ്ഞില്ലായിരുന്നോ നിമ്മി..?”
അയാളുടെ മുഖത്തെ കൺഫ്യൂഷൻ കണ്ടാണ് മായയത് പറഞ്ഞത്…
“ഇല്ല..ഞാൻ..ആക്ച്വലി എനിക്കൊന്നും അറിയില്ലായിരുന്നു..എന്നല്ല ഞാൻ അന്വേഷിച്ചിട്ടില്ല..”
അയാൾ തെല്ലു പരുങ്ങലോടെ പറഞ്ഞു. മായ ചിരിച്ചു…
“അതെന്താ ഋഷി..ഒരു പെണ്ണ് കാണാൻ പോവുമ്പോൾ ബേസിക് ആയ കാര്യങ്ങളെ ങ്കിലും അന്വേഷിക്കണ്ടേ..?”
ഋഷി അവളെ നോക്കി, ചിരിയോടെ തന്നെ..
“അതല്ല മായാ, നിമ്മിയും ചന്തുവും ഒത്തിരി നിർബന്ധിച്ചിട്ടാണ് ഞാനിങ്ങനെ…”
അയാൾ തുടർന്നില്ല…
“അതെനിക്ക് മനസ്സിലായി, നിമ്മി, ഋഷിയുടെ സിസ്റ്റർ ഇൻ ലോ, ആളെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അത് ഋഷിയാണെന്ന് മനസ്സിലായതേ യില്ല..കരുതിയിരുന്നില്ല..”
പിന്നെന്താണ് പറയേണ്ടതെന്ന അങ്കലാപ്പിലായിരുന്നു രണ്ടുപേരും..ഒരിക്കൽ പ്രണയിച്ചവർ..അപരിചിതരെ പോലെ..വാക്കുകൾ കിട്ടാതെ…
“ഋഷിയോടാവുമ്പോൾ കാര്യം തുറന്നു പറയാല്ലോ..ഗായത്രി..എന്റെ അനിയത്തി..അവൾക്ക് വേണ്ടിയാണ് ഞാനിങ്ങനെയൊ രു സാഹസത്തിനിറങ്ങി പുറപ്പെട്ടത്..പക്ഷെ ഇനിയൊരു വിവാഹമൊന്നും എന്റെ അജണ്ടയിലില്ല..”
മായയാണ് സംസാരിച്ചു തുടങ്ങിയത്…
“കാരണം..?”
ഋഷിയുടെ ശബ്ദത്തിൽ തെല്ലു ഗൗരവം കലർന്നിരുന്നു..ഒരു മാത്ര ആ കണ്ണുകളിലേക്ക് നോക്കിയെങ്കിലും മായ പെട്ടെന്ന് തന്നെ നോട്ടം മാറ്റി..
“ഋഷി ഇത്രയും കാലം വിവാഹം കഴിക്കാതിരുന്നതെന്താ..?”
പ്രതീക്ഷിക്കാത്ത മറുചോദ്യത്തിൽ ഒന്ന് പതറിയെങ്കിലും ഋഷി മായയെ നോക്കി..
“പ്രാരബ്ധങ്ങൾ..കൂടപ്പിറപ്പുകൾക്ക് ഞാനേ ഉണ്ടായിരുന്നുള്ളൂ..അവരെയല്ലാം കൈ പിടിച്ചു കയറ്റിയപ്പോഴേക്കും വൈകി..പിന്നൊരു വിവാഹത്തെ പറ്റിയൊന്നും ആലോചിച്ചില്ല..”
മായ മെല്ലെ ചിരിച്ചു..ഋഷി അവളെ നോക്കി..
“എന്തേ..?”
“ഹേയ് ഒന്നുമില്ല..എന്നിട്ടിപ്പോൾ ഋഷി സാറ്റിസ്ഫൈഡാണോ ലൈഫിൽ..?”
ഒരു നിമിഷം വൈകിയാണ് ഋഷി മറുപടി പറഞ്ഞത്..അവളുടെ മിഴികളിൽ നോക്കാതെ..
“വൈ നോട്ട്…? കടങ്ങൾക്ക് മേലേ കടങ്ങൾ മാത്രം ബാക്കി വെച്ചായിരുന്നു അച്ഛൻ അമ്മയെയും കൂട്ടി പോയത്..അവിടെ നിന്നും ഇവിടെ വരെ എത്തിയില്ലേ…?”
മായ വീണ്ടും ചിരിച്ചു..ഋഷിയുടെ മുഖം ചുളിഞ്ഞു…
“ഋഷി മനോഹരമായി കള്ളം പറയാൻ പഠിച്ചിരിക്കുന്നു…”
അയാളൊന്ന് പകച്ചു..പിന്നെ ചിരിച്ചു..
“ബിസിനസ്സുകാരനായിരുന്നില്ലേ മായാ..”
ഓർഡർ എടുക്കാൻ വെയ്റ്റർഎത്തിയിരുന്നു
അയാൾ പോയിട്ടും,ഏറെ നേരം അവർക്കിടയിൽ നിശബ്ദത നിറഞ്ഞു നിന്നു..മനസ്സുകൾ പഴയ കലാലയത്തിന്റെ മുറ്റത്തും ഇടനാഴികളിലും, ഓഡിറ്റോറിയത്തിന്റെ പിറകിലുള്ള വാകമരച്ചോട്ടിലുമൊക്കെ അലഞ്ഞു തിരിയുകയായിരുന്നു…
പറഞ്ഞ വാക്കുകൾ, ഒന്നിച്ചു കണ്ട കാഴ്ച്ചകൾ, പങ്കുവെക്കാനാഗ്രഹിച്ച ജീവിതം, സ്വപ്നങ്ങൾ അവയൊക്കെ ഓർത്തെടുക്കു വാൻ ശ്രെമിക്കുകയായിരുന്നിരിക്കണം…
“മായ ഇപ്പോഴും സ്വപ്നം കാണാറുണ്ടോ..?”
മനസ്സ് പിടിച്ചു നിർത്തുന്നതിനു മുൻപേ വാക്കുകൾ ഋഷിയിൽ നിന്നും പുറത്തേക്ക് വന്നിരുന്നു…ഒരു നിമിഷം കഴിഞ്ഞു ചിരിയോടെയാണ് മായ പറഞ്ഞത്..
“ഞാനിപ്പോഴും നിതീഷ് ഭരദ്വാജിന്റെ ചിരിയോളം ഭംഗിയുള്ള മറ്റൊരു ചിരി കണ്ടിട്ടില്ല ഋഷി..ഗന്ധർവ്വനോളം ഇഷ്ടം തോന്നിയ പുരുഷനെയും..”
മായയുടെ ആ വിടർന്ന മിഴികളിൽ കുസൃതി തെളിയുന്നത് ഋഷി കണ്ടിരുന്നു..അയാളും ചിരിച്ചു…
“എനിക്കിപ്പോഴും ആ ചിരി ഇഷ്ടമല്ല.. ഗന്ധർവ്വന്മാരെയും..”
മായ പൊട്ടിച്ചിരിച്ചു…
“എനിക്ക് ക്ലാരയെയും സുമലതയെയും ഇഷ്ടപ്പെടാൻ ഇത് വരെ കഴിഞ്ഞിട്ടില്ലെങ്കിലും മഴയെ പൂർണ്ണമായും വെറുക്കാൻ കഴിഞ്ഞിട്ടുമില്ല…”
ഋഷിയും ചിരിച്ചു..വീണ്ടും പടർന്ന നിശബ്ദ തയ്ക്കൊടുവിലാണ് മായ പറഞ്ഞത്…
“നമ്മൾ തീർത്തും അപരിചിതരായിപ്പോയി അല്ലേ ഋഷി..?”
വളരെ നേർത്ത ശബ്ദത്തിലുള്ള വാക്കുകൾ കേട്ടപ്പോൾ, തെളിഞ്ഞ മന്ദഹാസത്തോടെ അയാൾ കോഫി കപ്പിലേക്ക് നോക്കി…
“ഇങ്ങനെയൊരു കൂടിക്കാഴ്ച്ച ഞാനെപ്പോഴൊക്കെയോ സങ്കൽപ്പിച്ചിട്ടുണ്ട് ഋഷി…”
ഋഷി കൗതുകത്തോടെ അവളെ നോക്കി..
“വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു..നമ്മൾ നമ്മളല്ലാതായി പോയത് പോലെ..”
ഋഷി അപ്പോഴും മറുപടിയൊന്നും പറഞ്ഞില്ല..
“ഋഷി എന്നെ ഉപേക്ഷിക്കുന്നതിനു മുൻപേ ഞാൻ ഋഷിയെ ഉപേക്ഷിച്ചിരുന്നു.. “
ഋഷി ഞെട്ടലോടെ മുഖമുയർത്തി..മായയു ടെ മിഴികൾ കടലിലെ തിരകളിലായിരുന്നു..എണ്ണിയാലൊടുങ്ങാതെയവ തീരത്തെ പുൽകിക്കൊണ്ടിരുന്നു..
“ഋഷിയുടെ ഒരു കത്ത് അച്ഛന് മുൻപിലെത്തി, ചേച്ചിയെ ഒറ്റു കൊടുത്തത് അനിയനും അനിയത്തിയും…”
ഋഷി അവളെ തന്നെ നോക്കി നിന്നു..
“പിന്നെ സ്ഥിരം ബ്ലാക്ക് മെയിലിംഗ്, അച്ഛന്റെ അസുഖങ്ങൾ, സാമ്പത്തിക പരാധീനതകൾ , അമ്മയില്ലാത്ത മക്കളെ പോറ്റി വളർത്തിയ അച്ഛനോടുള്ള കടപ്പാട്, സഹോദരങ്ങളുടെ ഭാവി…അങ്ങനെയങ്ങനെ..ഒടുവിൽ അച്ഛൻ തളർന്നു വീണപ്പോൾ എനിക്ക് സ്വന്തമായാ കെയുണ്ടായിരുന്ന ഋഷിയോടുള്ള സ്നേഹത്തെ ഞാൻ ബലി കൊടുത്തു…”
ഋഷി അപ്പോഴും സംസാരിക്കാനാകാതെയി രിക്കുകയായിരുന്നു..
“അന്ന് ഋഷി എഴുതിയ കുറിപ്പ് കയ്യിൽ കിട്ടി യപ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നുവെങ്കിലും ഉള്ളിൽ ആശ്വാസവും തോന്നിയിരുന്നു എന്റെ സ്വാർത്ഥത..ഞാൻ ചതിക്കാൻ പോവുകയാണെന്ന് പറയേണ്ടി വന്നില്ലല്ലോ..”
മായയുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു ആത്മനിന്ദയിലെന്നോണം..
“അച്ഛന്റെ സുഹൃത്തിന്റെ മകനായിരുന്നു പവൻ..ഒറ്റ മകൻ, ആവോളം സമ്പത്തും. അഗ്രഹാരത്തിലെ അന്തസ്സും ആഭിജാത്യവും നിലനിർത്തികൊണ്ടുള്ള കല്യാണം..ഒരാളിലൂടെ എല്ലാവരുടെയും ഭാവി സുരക്ഷിതമാക്കാൻ അച്ഛൻ കണ്ടെത്തിയ വഴി..”
മായ സ്വയമെന്നോണം പറഞ്ഞു കൊണ്ടിരു ന്നു..
“പവൻ വില്ലനൊന്നും ആയിരുന്നില്ലാട്ടോ..നല്ലൊരു ഭർത്താവായിരുന്നു, സുഹൃത്തും..കുഴപ്പം എന്റേതായിരുന്നു..പവൻ ആഗ്രഹിച്ച ഒരു ഭാര്യയായിരുന്നില്ല ഞാൻ..ശ്രെമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്ന താണ് സത്യം..ഒടുവിൽ ഞാൻ തന്നെയാണ് പിരിയാനുള്ള തീരുമാനം സജസ്റ്റ് ചെയ്തത്..അല്ലായിരുന്നുവെങ്കിൽ പവന് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ലായിരുന്നു..എന്നെ തനിച്ചാക്കിപ്പോവാൻ പവന് കഴിയില്ലായിരു ന്നു..”
മായ മുഖം തിരിച്ചു ഋഷിയെ നോക്കി..
“ഹി ഈസ് സ്റ്റിൽ മൈ ഫ്രണ്ട്, ആളു വേറെ കല്യാണമൊക്കെ കഴിച്ചു ട്ടോ..അവരുടെ ജീവിതം കാണുമ്പോഴാണ് എന്റെ തീരുമാനം എത്ര ശരിയായിരുന്നുവെന്ന് തോന്നാറുള്ളത്”
മായ ചിരിച്ചു..തെല്ലും വേദന കലരാതെ..ഋഷിയുടെ ഉള്ളിൽ അപ്പോഴും ചോദ്യങ്ങൾ ഉയർന്നുകൊണ്ടേയിരുന്നു…
“ഋഷിയുടെ മൗനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്..”
അവൾ പതിയെ പറഞ്ഞു..ഋഷി ആ കണ്ണുകളിലേക്ക് നോക്കി…
“ഇത്രയും അടുത്തിരിക്കുമ്പോളും കടലോളം അകലം പാലിക്കുന്നുണ്ട് ഋഷി എന്നിൽ നിന്നും…”
ഋഷി മനസ്സിലാവാതെന്നോണം അവളെ നോക്കി…അവൾ വീണ്ടും ചിരിച്ചു..
“ഋഷിയുടെ മനസ്സിലെ എന്നോട് ചോദിക്കാ തെ വെച്ചിരിക്കുന്ന ചോദ്യങ്ങൾ..”
അയാളും ചിരിച്ചു.. എന്ത് ഭംഗിയായാണ് മായ തന്റെ മനസ്സ് വായിക്കുന്നത്..പണ്ടും ഇങ്ങനെയൊക്കെ തന്നെയായിരുന്നു..
“വിവാഹശേഷം ഋഷിയെ ഓർത്തുന്നുവെ ന്നോയെന്ന ചോദ്യത്തിനുള്ള മറുപടി..ഓർക്കാൻ ശ്രെമിച്ചിരുന്നില്ലെന്നത് തന്നെയായിരുന്നു…ഭർത്താവിനൊപ്പം താമസിക്കുമ്പോ ൾ പൂർവ്വകാമുകനെ ഓർക്കുന്നത് പാപമാണെന്ന് പാട്ടി പറഞ്ഞു പഠിപ്പിച്ചിരുന്നു..മനസ്സ് കൊണ്ടു പോലും അന്യപുരുഷനെ ഓർക്കാത്തവൾ..അതായിരുന്നു പാട്ടിയുടെ സങ്കല്പം..”
മായ പൊട്ടിച്ചിരിച്ചു…
“ഞങ്ങൾക്കിടയിൽ ഒരിക്കലും ഋഷി ഉണ്ടായി രുന്നില്ല ട്ടോ..ഋഷിയെ എന്റെ മനസ്സിലെ ഇരുട്ടിലെവിടെയോ എനിക്ക് പോലും കാണാനാവാത്ത വിധം ഞാൻ ഒളിപ്പിച്ചിരുന്നുഋഷിയുടെ ഓർമ്മകളോ പ്രണയമോ ഒന്നും ഞങ്ങളുടെ ദാമ്പത്യത്തെ ബാധിച്ചിട്ടുമില്ല…പവന്റെ രീതികളുമായി ഒത്തു പോവാൻ എനിക്കാവുമായിരുന്നില്ല..പക്ഷെ പവൻ ഒരിക്കലും എന്നെ ഒന്നിനും നിർബന്ധിച്ചതുമില്ല..തുടർന്ന് പഠിക്കാൻ പറഞ്ഞതും ഒരു ജോലി നേടാൻ ധൈര്യം തന്നതുമൊക്കെ പവൻ തന്നെയായിരുന്നു..ഋഷിയ്ക്ക് മനസ്സിലാവുമോയെന്നറിയില്ല വർഷങ്ങൾ കൂടെ കഴിഞ്ഞെങ്കിലും ഞങ്ങൾക്ക് വെറും സുഹൃത്തുക്കൾ മാത്രമാവാനെ കഴിയുമായിരുന്നുള്ളൂ…”
ഋഷി വെറുതെ കപ്പിലേക്ക് നോക്കിയിരിക്കുകയായിരുന്നു…ഒന്നും പറയാതെ…
“ഋഷിയ്ക്ക് വിഘ്നേഷിനെ ഓർമ്മയുണ്ടോ.?”
ഋഷി മുഖമുയർത്തി അവളെ നോക്കി..
വിഘ്നേഷ്..മായയുടെ മുറച്ചെറുക്കൻ..അവളെന്നാൽ ഭ്രാന്തായിരുന്നവൻ…
“വിഘ്നേഷാണ് എന്റെ അനിയത്തി ഗായത്രിയെ വിവാഹം ചെയ്തത്..”
ഋഷി ഒന്നും പറഞ്ഞില്ല..
“ഞാൻ എതിർത്തെങ്കിലും ഗായത്രിയും അനൂപും കേട്ടില്ല..അസൂയ മൂത്ത, അവൾക്ക് വരുന്ന ഭാഗ്യം തട്ടിത്തെറിപ്പിക്കാൻ നടന്നിരുന്ന ചേച്ചിയായിരുന്നു ഞാനപ്പോൾ അവർക്ക്..എല്ലാം കൊണ്ടു യോഗ്യനായ വിഘ്നേഷ് ഗായത്രിയെ വിവാഹം ചെയ്തു..അവർ തമ്മിൽ സ്നേഹത്തിലുമായിരുന്നു..”
മായ ഒന്നു നിർത്തി, തുടർന്നു…
“ഞാനും പവനും പിരിയുന്നത് വരെ..ഒറ്റത്തടിയായ ചേച്ചിയെ കണ്ടപ്പോൾ ഭർത്താവിന് പഴയ പ്രേമം വീണ്ടും തല പൊക്കിയെന്നാണ് അനിയത്തിയുടെ കണ്ടെത്തൽ..അതിനുള്ള പരിഹാരമാണ് ചേച്ചി എത്രയും പെട്ടെന്ന് വേറൊരാളെ കണ്ടെത്തൽ..”
മായയുടെ സ്വരത്തിലെ നേർത്ത പരിഹാസം പതിയെ മാഞ്ഞു..
“ഒന്നോർക്കുമ്പോൾ പാവം തോന്നും ഋഷി..അവളുടെ കണ്ണീരു കണ്ടിട്ടാണ് ഞാൻ ഇന്നിവിടെ എത്തിയതും..പിന്നെ…”
അവൾ പെട്ടെന്ന് നോട്ടം മാറ്റി..
“ഋഷിയെന്ന പേര് കേട്ടപ്പോൾ ഒരു കൗതുകം..പക്ഷെ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…”
പിന്നെയും ഞങ്ങൾക്കിടയിൽ നിശബ്ദത പരന്നു…
“തങ്ങൾക്ക് വേണ്ടി ജീവിക്കാൻ മറന്നുപോയ രണ്ടുപേരായിപ്പോയി നമ്മൾ, അല്ലേ ഋഷി ..?”
യാത്ര പറഞ്ഞു പിരിയുന്നതിനിടയിലെപ്പോഴോ മായ പറഞ്ഞ വാക്കുകൾ തിരികെ ഡ്രൈവ് ചെയ്യുമ്പോഴും ഋഷിയുടെ മനസ്സിൽ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു…
ചന്തുവിന്റെയും നിമ്മിയുടെയും ചോദ്യങ്ങൾക്ക് കൃത്യമായൊരുത്തരം കൊടുത്തില്ല..എന്ത് പറയണമെന്നറിയില്ലായിരുന്നുവെന്നതാണ് സത്യം..തല്കാലം ഒരു നാടകത്തിനു കൂട്ട് നിൽക്കണമെന്ന് അപേക്ഷിക്കാനാണ് പോയതെങ്കിലും യഥാർത്ഥ മായയെ കണ്ടപ്പോൾ അതെല്ലാം മറന്നിരുന്നു..
രാത്രി മട്ടുപ്പാവിൽ, ഇരുട്ടിലേക്ക് നോക്കിയിരിക്കുമ്പോഴാണ് മെസ്സേജ് വന്നത്..
“ഗുഡ് നൈറ്റ് ഋഷി..”
“ഗുഡ് നൈറ്റ് മായ..”
പിന്നൊരു രാത്രിയിലായിരുന്നു വിളിച്ചത്..
“ഉറങ്ങിയില്ലെ ഇതു വരെ..?”
“ഇല്ലെടോ, ഇവിടെ കാവിൽ പാല പൂത്തിട്ടുണ്ട്.. തന്നെയോർത്തു ..”
“ആഹാ..വന്നാൽ എനിക്ക് ഗന്ധർവ്വനെ കാണാൻ പറ്റോ..?”
“വന്നു നോക്കിക്കോ..”
അപ്പുറം മൗനമായിരുന്നു ഉത്തരം..
പിന്നൊരിക്കൽ രണ്ടും കല്പ്പിച്ചു ചോദിച്ചു..
“മായ വരുന്നോ ഇങ്ങോട്ട്…? ഈ മട്ടുപ്പാവിലിരുന്നാൽ കാവിലെ പാല പൂത്തതിന്റെ സുഗന്ധമറിയാം..ചിലപ്പോൾ..ചിലപ്പോൾ തന്റെയാ ഗന്ധർവ്വനെയും കാണാനായേക്കും..”
“ഋഷി…ഞാൻ..”
പിന്നെയും മൗനം..
പിന്നെയും മാസങ്ങൾക്ക് ശേഷം അന്നാ രാത്രിയിൽ മട്ടുപ്പാവിൽ തൂണും ചാരിയിരുന്ന ഋഷിയുടെ നെഞ്ചിൽ ചേർന്നു അവളുമുണ്ടായിരുന്നു..മായാദേവി..കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകളിൽ നിന്നുമുള്ള ഷാമ്പുവിന്റെ നേർത്ത സുഗന്ധം പാലപ്പൂവിന്റെ ഗന്ധത്തിനിടയിലും ഋഷിയ്ക്ക് തിരിച്ചറിയാനാവുന്നുണ്ടായിരുന്നു..
പാല പൂത്തിരുന്നു…ഗന്ധർവ്വയാമത്തിലും ആ മായിക സുഗന്ധം അവരെ തഴുകുന്നുണ്ടായിരുന്നു…
ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിമിഷാർദ്ധം പോലുമാവശ്യമില്ലാത്ത ഗഗനചാരി…അരൂപിയായ വർണ്ണശലഭമായി ഒരുപക്ഷെ അവരുടെ തൊട്ടരികെയും എത്തിയിരിക്കാം…
~സൂര്യകാന്തി (ജിഷ രഹീഷ് )?