ലഹരി…..
Story written by Aswathy Joy Arakkal
===========
പൊന്നൂ…മോളെ പൊന്നു…
ഉറക്കെ അലറി വിളിച്ചു കൊണ്ട് ഉറക്കത്തിൽ നിന്നുണർന്ന രേവതി ഒരു ഭ്രാന്തിയെ പോലെ കട്ടിലിൽ നിന്നെണീറ്റു ഓടാൻ ശ്രമിച്ചു..
പക്ഷെ അതു മുൻകൂട്ടി കണ്ടിട്ടെന്ന വണ്ണം അവളുടെ കാലിലും, കട്ടിലുമായി ബന്ധിച്ചിരുന്ന തുണികെട്ടു ഓടാൻ സമ്മതിക്കാതെ അവളെ അവിടെ വീഴ്ത്തി..
അപ്പോഴേക്കും അശോക് വന്നു അവളെ ചുറ്റിപിടിച്ചു എണീപ്പിക്കാൻ ശ്രമിച്ചു…
തന്നെ തൊട്ട അശോകിന്റെ കൈകൾ വെറുപ്പോടെ അവൾ തട്ടി മാറ്റി…
എന്നെ തൊട്ടു പോകരുത് നീ…..രേവതി അലറി
അഗ്നിയെരിയുന്ന കണ്ണുകളുമായി നിൽക്കുന്ന അവളുടെ നോട്ടം തടുക്കാനാകാതെ അയാൾ തല കുനിച്ചു നിന്നു..
എന്റെ പൊന്നുന്റെ ചോര…ദേ നോക്ക്..എന്റെ മുഖം നിറയെ എന്റെ കുഞ്ഞിന്റെ ചോര…രേവതി വിഭ്രാന്തിയോടെ മുഖം തുടക്കാൻ തുടങ്ങി.
എന്റെ കുഞ്ഞിനെ കൊന്ന നീചനാ നീ..രേവതി വീണ്ടും അമർഷം പൂണ്ടു..
കേൾക്കുന്നില്ലേ നീ…എന്റെ മോളുടെ പ്രാണൻ പിടഞ്ഞു പിടഞ്ഞു ഇല്ലാതാകുന്ന ശബ്ദം..മുറിവേറ്റ പ്രാവ് ചിറകടിച്ചു ശ്വാസം കിട്ടാതെ പിടയുന്ന പോലെ അവൾ പിടഞ്ഞു പിടഞ്ഞു ഇല്ലാതാവുന്ന ശബ്ദം..
നിന്റെ മൂക്കിലേക്ക് അരിച്ചു വരുന്നില്ലേ ആ ഇളം ചോരയുടെ ഗന്ധം…..
അറ്റുപോയ ആ കുഞ്ഞി കൈ…അതു ഇറുക്കി പിടിച്ചിരുന്നത് ഈ മാലയിലാ..ദേ നോക്ക് ഈ മാലയിലാ…
എന്റെ പൊന്നു…എന്റെ മോളു..
ഒരു ഭ്രാന്തിയെ പോലെ രേവതി സ്വയം ഉപദ്രവിക്കാൻ തുടങ്ങി..തലതല്ലി കരയാൻ തുടങ്ങി..
രേവു….അശോക് ഉറക്കെ വിളിച്ചു…
അശോക്..എന്റെ മോളു…പുലമ്പി കൊണ്ട് രേവതി അശോകന്റെ കോളറിൽ പിടിച്ചു..
ടേബിളിലിൽ നിന്നൊരു സ്ലീപ്പിങ് പിൽ എടുത്തു അശോക് നിർബന്ധിച്ചവളെ കഴിപ്പിച്ചു……
കട്ടിലിൽ ഒരറ്റത്ത് കിടന്ന പാവ കൈയിൽ കൊടുത്തപ്പോൾ…അതിനെ ഉമ്മ കൊണ്ട് പൊതിഞ്ഞു, അതിനെ ഇറുകെ കെട്ടിപിടിച്ചു അവൾ ഉറക്കത്തിലേക്കു വീണു…
ഒന്നു പൊട്ടിക്കരയണമെന്നു അയാൾക്ക് തോന്നി. പക്ഷെ അതിനു പോലും അർഹതയില്ലാത്തവൻ അല്ലേ താൻ..മഹാപാപി…സ്വന്തം കുഞ്ഞിനെ കൊന്ന ദ്രോഹി..ഭ്രാന്തു പിടിക്കാൻ തുടങ്ങിയപ്പോൾ അതിൽ ഒരു ഉറക്ക ഗുളിക എടുത്തു ഞാനും കഴിച്ചു …
മൂന്നു വർഷത്തിലധികമായി എന്നെ ഉപേക്ഷിച്ചു പോയ ഉറക്കം ഒരു സ്ലീപ്പിങ് പില്ലിനും തരാൻ സാധിക്കില്ലെന്ന ഉത്തമബോധ്യം ഉണ്ടെങ്കിലും ഒരു ആശ്രയത്തിനെന്നോണം കഴിച്ചു….
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാൻ സാധിക്കാതെ വന്നപ്പോൾ എണിറ്റു ലൈറ്റ് ഇട്ടു…
ഒരിഞ്ചു ഗ്യാപ് ഇല്ലാതെ റൂമിലെ ചുമരുകളിൽ ഒട്ടിച്ചിരിക്കുന്ന എന്റെ പൊന്നുവിന്റെ ചിരിച്ച മുഖമുള്ള പടങ്ങൾ…ഹൃദയം കീറിമുറിക്കുന്ന പോലെ തോന്നിയെനിക്ക്..
ബാത്റൂമിലേക്കു കയറി ഒന്നു പൊട്ടിക്കരഞ്ഞപ്പോൾ, ഒന്നു പെയ്തു തീർന്നപ്പോൾ ചെറിയൊരു ആശ്വാസം..
റൂമിൽ തിരിച്ചെത്തി കട്ടിലിൽ ഇരുന്നിട്ടും കിടക്കാൻ തോന്നിയില്ല..മനസ്സു മുഴുവൻ ന്റെ പൊന്നുവായിരുന്നു..
കല്യാണം കഴിഞ്ഞു ഏഴു വർഷങ്ങൾക്കു ശേഷം ഒരു വസന്തം തീർത്തു എന്റെയും, രേവതിയുടെയും ജീവിതത്തിലേക്ക് വന്ന പൊന്നോമന…
ആർക്കിടെക്ട് ആയ അശോക് നാരായൺ എന്ന എന്റെയും, SBI യിൽ ഉദ്യോഗസ്ഥയായ രേവതിയുടെയും ഏഴുവർഷത്തെ പ്രാർഥനക്കും കാത്തിരിപ്പിനുമൊടുവിൽ സന്തോഷത്തിന്റെ സപ്ത വർണങ്ങൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വാരി വിതറി കൊണ്ടാണ് നക്ഷത്ര എന്ന ഞങ്ങളുടെ പൊന്നു കടന്നു വന്നത്…പേര് പോലെ തന്നെയൊരു നക്ഷത്രം തന്നെയായിരിന്നു അവൾ..രേവതിയെ പോലൊരു തങ്കക്കുടം…പൊന്നു എന്നു നീട്ടി വിളിച്ചാൽ മോണ കാട്ടി ചിരിക്കുന്ന ദേവത..
മോളെ പിരിഞ്ഞിരിക്കാൻ വയ്യാത്തത് കൊണ്ട് രേവു ജോലി വരെ രാജി വെച്ചു…കളിയും, ചിരിയും, മേളവും….ഉത്സവമായിരുന്നു ഞങ്ങൾക്ക്..
ആകെ ഞാനും, രേവുവും തമ്മിലൊരു അഭിപ്രായ വ്യത്യാസം ഇടക്കു പാർട്ടികളിൽ ഉള്ള എന്റെ മ-ദ്യപാനത്തെ ചൊല്ലിയായിരുന്നു…
അവൾ വല്ലാതെ ചൂടാകുമ്പോൾ, വല്ലപ്പോഴും അല്ലേ ഒള്ളു രേവു..ക്ഷമിച്ചു കള എന്നു പറഞ്ഞു അവളുടെ വായടപ്പിക്കും..
ചെറുതായാണ് തുടങ്ങിയതെങ്കിലും പതുക്കെ ഞാനറിയാതെ തന്നെ മ-ദ്യം എന്നെ കീഴടക്കി കൊണ്ടിരുന്നു…
അങ്ങനെയിരിക്കെ അന്ന് ആ നശിച്ചദിവസം…
പുതിയ ഒരു കോൺട്രാകട് കിട്ടിയതിന്റെ സെലിബ്രേഷൻ നടന്ന ദിവസം…ഞാൻ ഒരുവിധം നന്നായി തന്നെ കുടിച്ചു..രേവുവും, മോളും കൂടെയുണ്ട് എന്നുപോലും ചിന്തിക്കാതെ ആഘോഷിച്ചു..
മ-ദ്യം ഉള്ളിൽ ചെന്നാൽ പിന്നെ നമ്മളെ ഭരിക്കുന്നത് നമ്മുടെ തലച്ചോറല്ലല്ലോ..ആ ഭരണം മ-ദ്യം അങ്ങു ഏറ്റെടുക്കുകയല്ലേ..പിന്നെ നമ്മൾ പറയുന്നതും, പ്രവർത്തിക്കുന്നതും എല്ലാം ല-ഹരിയുടെ ബലത്തിലല്ലേ..
ഇടയ്ക്കിടെ രേവു മതി എന്നു പറഞ്ഞു കണ്ണുരുട്ടിയിട്ടും ഞാൻ ഒരു രാസത്തിനെന്ന പോലെ കുടിച്ചുകൊണ്ടിരുന്നു…അവൾ വേണ്ടെന്നു പറയും തോറും വാശി കൂടി..വീണ്ടും കുടിച്ചു…ഇടയ്ക്കു ആരോടൊക്കെയോ വഴക്കുണ്ടാക്കി വായിൽ തോന്നിയതൊക്കെ വിളിച്ചു കൂവി..
ഒരുവിധം പാർട്ടി തീർന്നു പോരാൻ ഇറങ്ങിയപ്പോൾ കാലു പിടിച്ചവൾ പറഞ്ഞതാണ് കാർ ഇവിടെ കിടക്കട്ടെ തല്ക്കാലം നമുക്ക് ടാക്സിയിൽ പോകാം എന്നു…
ഉള്ളിലെ മ-ദ്യം എന്നെ വാശിക്കാരനാക്കി…അവൾ എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായാണ് ആ ല-ഹരിയിൽ എനിക്ക് തോന്നിയത്…എത്ര കുടിച്ചാലും വണ്ടി ഓടിക്കാൻ എനിക്ക് സാധിക്കുമെന്ന് അവളെ കാണിച്ചു കൊടുക്കണമെന്ന് തോന്നി…
വാശിക്ക് മാക്സിമം സ്പീഡിൽ കാർ ഓടിച്ചു..
പക്ഷെ എന്റെ വാശി അവസാനിച്ചത് നിയന്ത്രണം വിട്ടു കാർ ഒരു ലോറിക്കു പിന്നിൽച്ചെന്നു ഇടിച്ചു കയറിയപ്പോഴാണ്…
കാർ തകർന്നു തരിപ്പണമായി…ഞങ്ങൾ രണ്ടുപേർക്കും സാരമായി തന്നെ പരിക്ക് പറ്റി.
പക്ഷെ….ഞങ്ങടെ പൊന്നു ..ഒന്നുമറിയാതെ രേവുവിന്റെ മടിയിൽ ഉറങ്ങി കൊണ്ടിരുന്ന..രണ്ടു ദിവസം കഴിഞ്ഞാൽ മൂന്നാം പിറന്നാൾ ആഘോഷിക്കേണ്ടിയിരുന്ന എന്റെ തങ്കക്കുടം…
അറ്റുപോയ എന്റെ മോളുടെ കൈ രേവുവിന്റെ താലിമാലയിൽ ഇറുക്കി പിടിച്ചിരുന്നു…ഒരു അഭയത്തിനെന്ന പോലെ..
ലോറിയുടെ ഇടയിൽ ഞെരിഞ്ഞു തീർന്ന എന്റെ മോളുടെ രക്തമായിരുന്നു രേവുവിന്റ മുഖമാകെ…
ബോധം പോകുന്നതിനു മുന്നേ ഞങ്ങൾ രണ്ടാളും തിരിച്ചറിഞ്ഞിരുന്നു ഞങ്ങളുടെ പൊന്നോമന ഞങ്ങളെ വിട്ടു പോയിരുന്നെന്നു..
മൂന്ന് ദിവസത്തിന് ശേഷം…ഞങ്ങൾക്ക് ബോധം തെളിഞ്ഞു icu വിൽ നിന്നു മാറ്റിയപ്പോഴാണ് മോളുടെ സംസ്കാര ചടങ്ങുകൾ നടന്നത്..
അതുവരെ തണത്തു വിറങ്ങലിച്ചു ഒറ്റയ്ക്ക് ഞങ്ങടെ പൊന്നു മോർച്ചറിയിൽ….
റോസാപൂ പോലെ തുടുത്ത മുഖം വിളറി വെളുത്തു നിറയെ മുറിപ്പാടുകളുമായി…അറ്റുപോയ കൈകൾ തുന്നിക്കൂട്ടി…
ആഘോഷമായി നടത്താനുദ്ദേശിച്ച പിറന്നാളിന് ഇടാനെടുത്ത പുത്തനുടുപ്പും ഇടുവിച്ചു ഞങ്ങടെ പൊന്നിനെ നടുത്തളത്തിൽ മൊബൈൽ മോർച്ചറിയിൽ കടത്തിയപ്പോൾ നാടും, വീടും അലമുറയിട്ടു കരഞ്ഞു…കൊത്തികിളച്ചു കുഞ്ഞുപെട്ടിയിൽ കിടത്തി പച്ചമണ്ണിട്ടു എന്റെ മുത്തിനെ മൂടിയപ്പോൾ ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു…
പക്ഷെ എന്റെ രേവുവിന്റെ കണ്ണിൽ ഒരിറ്റു കണ്ണീർ പൊടിഞ്ഞില്ല..അപ്പോഴേക്കും തിരിച്ചറിയാനാകാത്ത വിധം ആ മനസ്സു താളം തെറ്റി പോയിരുന്നു..
അവിടിന്നിങ്ങോട്ടു പിന്നിങ്ങനെയാണ്…ഒരുപാടു ചികിത്സകൾ ചെയ്തു…എന്നിട്ടുമിടക്കിടെ താളം തെറ്റി പോകുന്ന മനസ്സുമായെന്റെ രേവു..അവളെങ്ങനെ സഹിക്കും…അമ്മയല്ലേ അവള്…
എല്ലാത്തിനും കാരണം എന്റെ നശിച്ച കുടിയാണ്..
ഒന്നെനിക്കറിയാം..എനിക്ക് മാപ്പില്ലെന്നു…ഇതെന്നല്ല വരാനിരിക്കുന്ന ഒരു ജന്മങ്ങളിലും മോക്ഷം കിട്ടാതെ അലയുകയേ ഉള്ളു ഞാൻ…അത്രയ്ക്ക് പാപിയാണ് ഞാൻ
എന്റെ മ-ദ്യപാനം…നശിച്ച മ-ദ്യപാനം..ഞാനൊന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ…അന്നാ വണ്ടി ഓടിക്കാതെ അവൾ പറഞ്ഞപോലെ ടാക്സിയിൽ…പക്ഷെ ഉള്ളിലെ മ-ദ്യം നമ്മളെ കൊണ്ടെന്തൊക്കെ ചെയ്യിക്കുമെന്നു തിരിച്ചറിയാൻ…എനിക്ക് പകരം കൊടുക്കേണ്ടി വന്നതെന്റെ മോളെയാണ്..എന്റെ ജീവിതമാണ്…
പാവയെയും ഇറുക്കി പുണർന്നു ശാന്തമായി ഉറങ്ങുന്ന രേവുവിനെ ഞാൻ കണ്ണീരോടെ നോക്കി…അതെപ്പോൾ പൊട്ടിത്തെറിയായി എന്നിലേക്ക് പതിക്കുമെന്ന പേടിയോടെ…കുറ്റബോധത്തോടെ..
അല്ലെങ്കിലും വൈകിയുള്ള കുറ്റബോധവും, തിരിച്ചറിവും കൊണ്ടൊക്കെ എന്തുകാര്യം അല്ലേ…..
~Aswathy Joy Arakkal