നിലത്തു കിടക്കുന്ന ചോറ് കണ്ടപ്പോൾ മനസ്സിലായി. ചോറും കറിയും അപ്പന് ബോധിച്ചു കാണില്ല…

അഹങ്കാരി

Story written by Suja Anup

===========

“എടീ എര-ണംകെട്ടവ-ളേ, എഴുന്നേൽക്കടീ..”

ശബ്ദം കേട്ട് മുറിയിൽ നിന്നിറങ്ങി നോക്കുമ്പോൾ കണ്ടൂ. അമ്മയുടെ മുടിക്കുത്തിനു പിടിച്ചു നിലത്തിട്ട് ഇടിക്കുന്ന അപ്പൻ. പിടിച്ചു മാറ്റുവാൻ ചെന്ന എനിക്കും കിട്ടി രണ്ടെണ്ണം.

കുടിച്ചു കയറി വന്നിരിക്കുന്നൂ. എന്താണാവോ ഇന്നത്തെ പ്രശ്‌നം.

നിലത്തു കിടക്കുന്ന ചോറ് കണ്ടപ്പോൾ മനസ്സിലായി. ചോറും കറിയും അപ്പന് ബോധിച്ചു കാണില്ല.

അമ്മയ്ക്ക് സുഖമില്ലായിരുന്നൂ

“പാവം കുക്കറിലാണ് ചോറ് വച്ചതു. അത് അപ്പന് ഇഷ്ടമല്ല.”

ഓർമ്മ വച്ച നാൾ മുതൽ കാണുന്നതാണ് അപ്പൻ്റെ ഈ പേക്കൂത്തു. ഉള്ളത് മുഴുവൻ കുടിച്ചു കളയും. പറമ്പിൽ നിന്നുള്ള ആദായമാണ് ആകെ ഉള്ള വരുമാനം.

പുറമേ നിന്ന് നോക്കുമ്പോൾ എല്ലാവർക്കും എന്താ..

വലിയ വീട്, തറവാട്ടുകാർ. അപ്പൻ ഒരു പ്രമാണിയും.

പക്ഷേ ആ വലിയ വീടിനുള്ളിൽ എരിഞ്ഞു തീരുന്ന ജന്മം ആയിരുന്നൂ അമ്മ. അപ്പനെ എതിർക്കുവാൻ അവർക്ക് ഭയം ആയിരുന്നൂ, എനിക്കും. കുട്ടിക്കാലത്തൊക്കെ വഴക്കു തുടങ്ങുമ്പോൾ മേശയുടെ അടിയിൽ കയറി ഞാൻ ഒളിച്ചിരിക്കുമായിരുന്നൂ. ആ ഭയം വളർന്നപ്പോഴും മനസ്സിൽ അങ്ങനെ നിന്നൂ. അന്നൊക്കെ വീട്ടിലെ തല്ലുപിടുത്തമൊന്നും നാണക്കേടായി തോന്നിയിരുന്നില്ല.

എല്ലാവീട്ടിലും ഇങ്ങനെ ഒക്കെ ആവുമെന്ന് തോന്നി. വളർന്നപ്പോൾ നാണക്കേട് തോന്നി തുടങ്ങിയിരിന്നൂ. ജീവിതം മടുത്തു തുടങ്ങിയിരുന്നൂ.

ഇനി എന്ത് എന്നറിയില്ല.

കൂട്ടുകാരുടെ വീടുകളിലെ സന്തോഷം കാണുമ്പോൾ പലപ്പോഴും ദൈവത്തെ ശപിച്ചു പോയിട്ടുണ്ട്. എന്തിനാണ് ഈ നരകത്തിൽ ജനിച്ചത് എന്നോർത്ത്.

അമ്മയുടെ കഷ്ടപ്പാട് കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്. എന്തിനാണ് ആ പാവം ഈ ഇടിയെല്ലാം മേടിച്ചു അയാൾക്ക്‌ വച്ചുണ്ടാക്കി കൊടുക്കുന്നത്. അപ്പനെന്നു മനസ്സ് തുറന്നൊന്നു വിളിക്കുവാൻ വലുതായതിൽ പിന്നെ എനിക്ക് തോന്നിയിട്ടില്ല.

നിലത്തു കിടന്ന ചോറെല്ലാം ചവിട്ടി അരച്ച് അയാൾ മുന്നോട്ടു പോയിരിക്കുന്നൂ. അമ്മയെ താങ്ങി എടുത്തു.

ആ കണ്ണീരു തുടച്ചു കളയുമ്പോൾ ആദ്യമായി ഒരു പുരുഷനായി ജനിച്ചതിൽ മാനക്കേട് തോന്നി. ഒന്നും ചെയ്യുവാൻ കഴിയുന്നില്ല. അതിനുള്ള കരുത്തു എനിക്കില്ല.

അമ്മ എന്നെ നോക്കി

“മോൻ വിഷമിക്കരുത്.  നന്നായി പഠിച്ചു മോൻ ഈ നരകത്തിൽ നിന്നും രക്ഷപെടണം. അമ്മയുടെ വിധി ഇതാണ്.”

എനിക്ക് അപ്പോഴും ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ആരാണ് അമ്മയോട് ഈ വിധി അനുഭവിക്കുവാൻ പറഞ്ഞത്. എന്തേ ശബ്ദമുയർത്തുവാൻ എനിക്ക് ആവുന്നില്ല.

മുറിയിൽ കയറി വാതിൽ അടച്ചു. ആദ്യമായി തോന്നി, ഞാൻ ഒരു പരാജയം ആണ്. പഠിക്കുവാൻ വലിയ ബുദ്ധിയില്ല. കാര്യസാമർഥ്യം ഇല്ല.

എങ്ങനെയും മരിച്ചാൽ മതി എന്നായി. ബിരുദം കഴിയുവാൻ ഇനി ഒരു വർഷം കൂടെ ഉണ്ട്.

അഴയിൽ കിടന്ന മുണ്ടു എടുത്തു ഫാനിൽ കുടുക്കിട്ടു.

ഇനി വയ്യ, ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിക്കുവാൻ ഇതേ വഴിയുള്ളൂ.

പെട്ടെന്ന് അമ്മ വിളിച്ചു.

വാതിൽ അറിയാതെ തുറന്നു പോയി.

ഫാനിലെ കുടുക്ക് അമ്മ കണ്ടു. അമ്മ എന്നെ കെട്ടിപ്പിടിച്ചു.

“എന്നാലും എൻ്റെ മോനെ, നീ ഈ ചതി എന്നോട് ചെയ്യാമോ. നിനക്ക് വേണ്ടി മാത്രമല്ലെ അമ്മ ഈ കഷ്ടപ്പാട് ഒക്കെ സഹിക്കുന്നത്. എന്നിട്ടും എന്നെ തനിച്ചാക്കണം എന്ന് നിനക്ക് തോന്നിയില്ലേ.”

എനിക്ക് ആ സമയത്തു അങ്ങനെയാണ് തോന്നിയത്.

അമ്മ എന്നെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു.

*************

“മോളെ, അപ്പനുള്ള ചോറ് മാറ്റി വച്ചേക്കണേ. അവനു മോള് വിളമ്പി കൊടുക്കൂ. ഞാൻ പിന്നെ കഴിച്ചോളാം.”

“അതൊന്നും വേണ്ട. അമ്മ ഇരിക്ക്. അപ്പനുള്ളത് ഞാൻ കൊടുത്തോളാം”

മനസ്സില്ലാമനസ്സോടെ അമ്മ ഇരുന്നു. അമ്മയ്ക്ക് അവൾ വിളമ്പി കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.

അവൾ ഈ വീട്ടിൽ വന്നു കയറിയിട്ടു രണ്ടാഴ്ച ആകുന്നേയുള്ളൂ. കൂടെ ജോലി ചെയ്തിരുന്ന കുട്ടിയാണ്. എപ്പോഴോ അവളുമായി ഞാൻ അടുത്തു. അപ്പൻ ഈ വിവാഹത്തിന് ആദ്യം എതിര് നിന്നെങ്കിലും എൻ്റെ നിർബന്ധത്തിനു വഴങ്ങുകയായിരുന്നൂ.

പാതിരാത്രി ആയപ്പോൾ അപ്പൻ കയറി വന്നൂ. ബെല്ലടിച്ചു.

അമ്മ വാതിൽ തുറന്നു.

ഊണ് കഴിക്കുവാൻ അപ്പൻ ഇരുന്നു. അടുക്കളയിൽ കയറിയ അമ്മ കണ്ടു.

എല്ലാ പത്രങ്ങളും കാലിയായിരിക്കുന്നൂ. ബാക്കി വന്ന ചോറിൽ വെള്ളമൊഴിച്ചു വച്ചിരിക്കുന്നു.

പേടിച്ചാണ് അമ്മ അനിതയെ വിളിച്ചത്.

“മോളെ, അപ്പനുള്ള ഭക്ഷണം എവിടെ.”

“അതമ്മേ, നേരത്തും കാലത്തും വരുന്നവർക്കേ ഇവിടെ ഭക്ഷണം ഉണ്ടാകൂ. കുടിച്ചു കൂത്താടി നടക്കുന്നവർക്ക് അത് ഇവിടെ വച്ചുണ്ടാക്കുവാൻ എന്നെ കിട്ടില്ല.”

അവൾ തെല്ലുറക്കെ തന്നെ പറഞ്ഞു. അപ്പൻ ദേഷ്യത്തോടെ ചാടി എഴുന്നേറ്റൂ. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നൂ.

അനിതയുടെ നേരെ കൈ ഓങ്ങി കൊണ്ടായിരുന്നൂ വരവ്.

“ദേ മനുഷ്യാ, അമ്മയേ തല്ലുന്ന പോലെ എന്നെ തല്ലിയാൽ താൻ വിവരം അറിയും. രണ്ടെണ്ണം ഞാൻ തിരിച്ചു തരും. വേണ്ടി വന്നാൽ കേസും കൊടുക്കും.”

“എടീ, നീ എന്ത് കണ്ടിട്ടാ ഈ തുള്ളുന്നത്. കാൽകാശിനു ഗതിയില്ലാത്തവൾ. എന്നെ ഉപദേശിക്കുവാൻ വന്നിരിക്കുന്നൂ.” അപ്പൻ ആക്രോശിച്ചു.

“പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം. ഈ വീട്ടിലെ കാര്യങ്ങൾ എല്ലാം അറിഞ്ഞു തന്നെയാ ഞാൻ കെട്ടി വന്നത്. രണ്ടാഴ്ച ഞാൻ കാര്യങ്ങൾ നന്നായി പോകുമോ എന്ന് നോക്കി. പാവപെട്ട വീടാണ് എൻ്റെ എന്നേ ഉള്ളൂ, അഭിമാനത്തോടെയാണ് ഞാൻ ഇതുവരെ ജീവിച്ചത്. ഈ മാതിരി അമ്മയെ തല്ലലും കള്ളുകുടിയും ബഹളവും അവിടെ ഇല്ല. ഉള്ളതുകൊണ്ട് ഓണം പോലെയാണ് ഞങ്ങൾ അവിടെ കഴിഞ്ഞത്.”

“പിന്നെ പീ-ഢനത്തിനു തൻ്റെ പേരിൽ ഒരു കേസ് കൊടുക്കുവാൻ ഞാൻ മടിക്കില്ല. കുടിച്ചു കൂ-ത്താടുവാൻ സ്ത്രീധനം ചോദിക്കുന്നൂ എന്ന പരാതി മതി, താൻ അകത്തു കിടക്കുവാൻ.”

പിന്നെ അപ്പൻ ഒന്നും മിണ്ടിയില്ല.

നേരെ അമ്മയുടെ നേരെ ആജ്ഞാപിച്ചു.

“പോയി ചോറ് വക്കെടി “

അതിനും അനിതയാണ് മറുപടി പറഞ്ഞത്.

“അമ്മയ്ക്ക് വയസ്സായി. ഇനി ഈ മാതിരി പോക്രിത്തരം ഒന്നും ഇവിടെ നടക്കില്ല. അമ്മ പോയി കിടന്നുറങ്ങിക്കോ. അപ്പൻ എന്താ ചെയ്യുവാൻ പോകുന്നത് എന്ന് ഞാൻ ഒന്ന് നോക്കട്ടെ.”

അമ്മ എന്നെ നോക്കി

ഞാൻ തലയാട്ടി.

“അപ്പനോട് ഞാൻ ഒന്ന് പറഞ്ഞേക്കാം. വീട്ടിൽ ഇരുന്നു ഒന്നോ രണ്ടോ പെഗ്ഗ് കുടിച്ചോ. എനിക്ക് അതിൽ പ്രശ്‌നമൊന്നും ഇല്ല. കൂടുതൽ അടിക്കുവാൻ പറ്റില്ല. പിന്നെ അമ്മയെ തല്ലുന്ന കലാപരിപാടി ഒരു പഴഞ്ചൻ ഏർപ്പാടാണ് അതിനി വേണ്ട. ഞങ്ങൾക്കു ഉണ്ടാകുന്ന കുട്ടികൾക്ക് അഭിമാനത്തോടെ ഈ നാട്ടിൽ ജീവിക്കണം.”

“അഹങ്കാരി നീ അനുഭവിക്കും” അത്രയും പറഞ്ഞു അപ്പൻ മുറിയിലേക്ക് പോയി.

ആദ്യമായി വർഷങ്ങൾക്കു ശേഷം ഞാൻ സമാധാനമായി ഉറങ്ങി. ഒരു പക്ഷേ, ഞാൻ ഒരു പരാജയം ആയിരിക്കും. എന്നാലും സാരമില്ല, ചിലർ അങ്ങനെയാണ്.

പിറ്റേന്ന് അപ്പൻ പുറത്തു പോയില്ല. വീട്ടിലിരുന്ന് കുറച്ചു കുടിച്ചു.

പതിയെ പതിയെ വീട്ടിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.

അല്ലെങ്കിലും ആ അഹങ്കാരി എൻ്റെ ജീവിതത്തിൽ വന്നതിൽ പിന്നെ ഞാൻ ജീവിതം ആസ്വദിച്ചു തുടങ്ങിയിരുന്നൂ.

……………..സുജ അനൂപ്