മീര ദേഷ്യത്തോടെ അവനെ നോക്കുന്നത് കണ്ടപ്പോൾ അവളോട് തനിച്ചു സംസാരിക്കണം എന്നെനിക്ക് തോന്നി….

മഴമേഘം…

Story written by Jisha Raheesh

==============

ഞാൻ അവരെ മൂന്നു പേരെയും അലസമായെന്നോണം, എന്നാൽ അവർക്ക് മനസ്സിലാകാത്തവിധത്തിൽ വിശദമായി തന്നെ,ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..

അവൾ വല്ലാതെ അസ്വസ്ഥയായി കാണപ്പെട്ടു. ഇടയ്ക്കിടെ ശ്വാസം വലിച്ചു വിടാൻ ശ്രമിക്കുന്നത് പോലെ… ദേഷ്യമായിരുന്നു ആ മുഖത്ത് ഞാൻ കണ്ട സ്ഥായി ഭാവം… ഈ ലോകത്തോട് മുഴുവൻ ഉള്ള വെറുപ്പ് അവളുടെ മുഖത്ത് പ്രകടമായിരുന്നു..

ഇട്ടിരിക്കുന്ന ചുരിദാറിന്റെ ദുപ്പട്ട അവൾ ഇടയ്ക്കിടെ കൈവിരലിൽ ചുറ്റുകയും അഴിക്കുകയും ചെയ്തു… നീട്ടി വളർത്തിയ നഖങ്ങളിൽ നെയിൽ പോളിഷ് പുരട്ടി മനോഹരമാക്കിയിരിക്കുന്നു.. വലിയ കണ്ണുകൾ.. ഐലൈനർ ചെറുതായി പടർന്നിരിക്കുന്നു. ഇങ്ങോട്ട് കേറുന്നതിന് തൊട്ട് മുൻപെപ്പോഴോ കണ്ണുകൾ അമർത്തി തിരുമിയിരിക്കണം… ലിപ്സ്റ്റിക് ഇട്ട ചുണ്ടുകൾ വിറ കൊള്ളുന്നത് പോലെ എനിക്ക് തോന്നി… കൈയിൽ കരുതിയിരുന്ന വെറ്റ് ടിഷ്യു കൊണ്ട് അവൾ ഇടയ്ക്കിടെ മുഖം അമർത്തി തുടച്ചു.

വലതു വശത്തു കസേരയിൽ ഇരിക്കുന്നത് അവളുടെ ഭർത്താവാണ്…ചീകിയൊതുക്കിയ മുടി. അങ്ങിങ്ങ് നരച്ച താടിരോമങ്ങൾ ഭംഗിയായി വെട്ടി നിർത്തിയിരിക്കുന്നു. ജീൻസും ഷർട്ടുമാണ് വേഷം. വല്ലാത്ത ഒരു സങ്കടഭാവം ആ മുഖത്ത് നിഴലിച്ചിരുന്നു. ഇടയ്ക്കിടെ അവളെ പാളി നോക്കുന്നുണ്ട്…

അയാളുടെ അടുത്ത് ഇരുന്നത് അയാളുടെ അമ്മ ആയിരുന്നു. മുഖം കാണുമ്പോൾ അറിയാം… ഐശ്വര്യം നിറഞ്ഞ,ഒരു സാധു സ്ത്രീ. ഇത്രയും മുതിർന്ന മകൻ ഉണ്ടെന്ന് പറയില്ല. വലിഞ്ഞു മുറുകിയ മുഖഭാവത്തിൽ നിന്ന് അവരുടെ സങ്കടം വായിച്ചെടുക്കാം..

ഞാനൊന്ന് മുന്നോട്ടാഞ്ഞിരുന്നു. ആ യുവതിയാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്…

“എനിക്ക് ഡിവോഴ്സ് വേണം. യാതൊരു വിധ കോംപ്രമൈസിനും ഞാൻ തയ്യാറല്ല.. എന്റെ മേൽ ഇയാളും ഫാമിലിയും എന്ത് കുറ്റമാരോപിച്ചാലും ഞാനത് ഏൽക്കുന്നു… ഡിവോഴ്സ് അല്ലാതെ എന്റെ മുന്നിൽ വേറൊരു ഓപ്ഷൻ ഇല്ല.. “

ഞാൻ അയാളെയും അമ്മയെയും നോക്കി. അവരുടെ മുഖങ്ങൾ വിളറിയിരുന്നു.

“നിങ്ങൾക്ക് എന്താണ് പറയാൻ ഉള്ളത്? “

അയാളോടായിരുന്നു എന്റെ ചോദ്യം.

മറുപടി പറഞ്ഞത് അയാളുടെ അമ്മ ആയിരുന്നു.

“ഒരു മോളുണ്ട് മാഡം ഇവർക്ക്. അത് വളർന്നു വരുവല്ലേ. അതിന് വേണ്ടിയെങ്കിലും ഇവർ ഒരുമിച്ചു ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇവനാണെങ്കിൽ ഇവളെക്കാൾ വലുതായൊന്നുമില്ല. ഭയങ്കര സ്നേഹമാണ്. മാഡം,ശരിക്ക് ഒന്ന് ചോദിച്ചു നോക്കിയാൽ മനസ്സിലാകും, ഇവർ തമ്മിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല..എല്ലാ കുടുംബത്തിലും ഉണ്ടാകുന്ന പോലെ ചില ചില്ലറ സൗന്ദര്യപ്പിണക്കങ്ങൾ മാത്രം”

അവർ പറഞ്ഞു നിർത്തുന്നതിന് മുൻപ് അവൾ ഇടയ്ക്ക് കയറിയിരുന്നു…

“ഞങ്ങൾക്കിടയിലുള്ള ഏറ്റവും പ്രധാന പ്രശ്നം നിങ്ങളാണ്.. “

മുഖത്ത് അടിയേറ്റത് പോലെ അവരിരുവരും എന്നെ നോക്കി. എനിക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നി. എന്റെ മുന്നിൽ പോലും ഇങ്ങനെ പറയണമെങ്കിൽ അവൾ മറ്റു സന്ദർഭങ്ങളിൽ എങ്ങനെയായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. പന്ത്രണ്ടു വർഷം അവളെ സഹിച്ച അവരോട് എനിക്ക് ആ നിമിഷം സഹതാപം തോന്നി തുടങ്ങിയിരുന്നു എന്നതാണ് സത്യം..

“ഇവൾ ഇങ്ങനെയൊന്നുമായിരുന്നില്ല. എല്ലാവരോടും വലിയ സ്നേഹമായിരുന്നു. എല്ലാവർക്കും ഇവളെയും ഇഷ്ടമായിരുന്നു. ആർക്കും എന്ത് സഹായം ചെയ്യാനും ഒരു മടിയുമില്ലായിരുന്നു.എല്ലാവരോടും നല്ല പെരുമാറ്റം..കുറച്ചു നാളുകളായതേയുള്ളൂ ഇങ്ങനെയായിട്ട്. കൂടിയാൽ ഒരു വർഷം.. എപ്പോഴും ഫോണിലാണ് ഇപ്പോൾ… ഒരിയ്ക്കൽ ആത്മഹത്യ ചെയ്യാനും ശ്രമിച്ചു “

ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കി. അവൾ ഒരു പുച്ഛഭാവത്തിൽ അമ്മായിഅമ്മയുടെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു..

“എനിക്ക് ഇവരോട് രണ്ടു പേരോടും തനിച്ചൊന്നു സംസാരിക്കണം. അമ്മ ഒന്ന് പുറത്ത് നിൽക്കുമോ..?”

അവർ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു, വളരെ വിഷമത്തോടെ മകനെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് നടന്നു.

ആ നിമിഷം അവൾ ഒന്ന് ചിരിച്ചു.

“എന്താണ് മീര ചിരിച്ചത്?”

“മാഡം ആ ഡോർ ലോക്ക് ചെയ്യണ്ട..അവർ ആ ഡോറിൽ ചെവി വച്ച് നിൽക്കും “

പറഞ്ഞിട്ട് അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു.

അവൻ അപമാനഭാരത്തോടെ മുഖം കുനിച്ചു. എനിക്ക് അവളോടുള്ള വെറുപ്പ് വർദ്ധിച്ചു. അവരെ കൂടുതൽ അറിയണമെന്നു തോന്നി.

“നിങ്ങളുടേത് പ്രണയവിവാഹമായിരുന്നോ? “

“അതേ “

പിന്നീടുള്ള എന്റെ ചോദ്യങ്ങൾക്ക് വിനോദാണ് മറുപടി നൽകിയത്.. മീര മൗനമായിരിക്കുകയായിരുന്നു..

“എത്ര വർഷം പ്രണയിച്ചു? “

“നാല് വർഷം.. അഞ്ചാം വർഷം വിവാഹം കഴിച്ചു. “

അവന്റെ സ്വരം ചിലമ്പിച്ചിരുന്നു. അവളുടെ മുഖത്ത് നിർവികാരതയായിരുന്നു അപ്പോഴുണ്ടായിരുന്നത്…

“ഇപ്പോൾ സദാ സമയവും മുറിയിൽ തന്നെ ഇരിക്കും. ഭക്ഷണം എടുത്തു മുറിയിൽ കൊണ്ടു പോയി കഴിക്കും. മുൻപ് ഇങ്ങനെയൊന്നും ആയിരുന്നില്ല. എല്ലാവരോടും വളരെ സ്നേഹത്തോടെയായിരുന്നു ഇടപെട്ടിരുന്നത്. അമ്മ പറഞ്ഞില്ലേ ആ ആത്മഹത്യാ ശ്രമത്തിന്റെ കാര്യം… അതിന്റെ ശരിയായ കാരണം പോലും എനിക്കറിയില്ല. ഞാൻ ജോലിക്ക് പോയ ശേഷമാണ് അങ്ങനെ ചെയ്തത്. ഒരുപാട് കൂട്ടുകാരുണ്ട്. അവരിൽ നിന്ന് പണം കടം വാങ്ങിയിട്ടുണ്ട്. എന്തിനാണെന്നോ എന്താണെന്നോ എനിക്കറിയില്ല. ഇപ്പോൾ ദേഷ്യം വന്നാൽ എല്ലാം എറിഞ്ഞുടയ്ക്കും. ഫോണിൽ നിന്ന് മുഖം ഉയർത്തുന്നത് തന്നെ അപൂർവം. എനിക്കിവളോട് ഒരു ഇഷ്ടക്കേടുമില്ല. ബന്ധം വേർപെടുത്താൻ ഒട്ടും താല്പര്യവും ഇല്ല. ഇവളുടെ ബന്ധുക്കൾ പോലും എന്റെ ഭാഗത്താണ്. അവരുമിവളെയാണ് കുറ്റപ്പെടുത്തുന്നത് “

ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു. വലിയ ഭാവമാറ്റമൊന്നും അവളുടെ മുഖത്ത് കണ്ടില്ല. അവളുടെ തീരുമാനം ഉറച്ചതാണെന്ന് ആ ഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു..

എനിക്ക് ആ യുവാവിനോട് വല്ലാത്ത അനുകമ്പ തോന്നി…

“മീരയ്ക്ക്, വിനോദിനെ ഇഷ്ടമല്ലേ? “

ആ ചോദ്യം അവൾ പ്രതീക്ഷിച്ചില്ല എന്ന് തോന്നി. ഒരു അങ്കലാപ്പ് അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു..

“എനിക്ക് ഡിവോഴ്സ് വേണം “

പിറുപിറുക്കുന്നത് പോലെ അവൾ പറഞ്ഞു

എനിക്ക് ദേഷ്യം തോന്നി.

“ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല?”

ഇത്തവണ എന്റെ ചോദ്യം അല്പം ഉറക്കെ ആയിരുന്നു..

അവൾ അവനെ ഒന്നു നോക്കി.

“ഇഷ്ടമാണ് “

“മീരയ്ക്ക് വേറെ പ്രണയം വല്ലതും ഉണ്ടോ? “

അവൾ അമ്പരപ്പോടെ മുഖം ഉയർത്തി.

“ഇല്ല “

“വിനോദ് മ-ദ്യപിക്കാറുണ്ടോ? “

“ഇടയ്ക്ക്.. പക്ഷേ അതിന്റെ പേരിൽ ഞങ്ങൾടെ ഇടയിൽ പ്രശ്നങ്ങൾ ഒന്നുമില്ല മാഡം “

വിനോദിന്റെ ശബ്ദത്തിൽ ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു.

“പിന്നെ എന്താണ് നിങ്ങൾ തമ്മിൽ പ്രശ്നം? “

എനിക്ക് മുഷിച്ചിൽ തോന്നി തുടങ്ങിയിരുന്നു.

“അത് ഇവൾക്ക് മാത്രമേ പറയാൻ പറ്റൂ “

വിനോദ് പറഞ്ഞവസാനിപ്പിച്ചത് പോലെ മീരയുടെ മുഖത്തേക്ക് നോക്കി.

മീര ദേഷ്യത്തോടെ അവനെ നോക്കുന്നത് കണ്ടപ്പോൾ അവളോട് തനിച്ചു സംസാരിക്കണം എന്നെനിക്ക് തോന്നി.

“വിനോദ് ഒന്നു പുറത്ത് ഇരിക്കു.ഞാൻ മീരയോട് ഒന്നു സംസാരിക്കട്ടെ “

എന്നാൽ മീരയുടെ പ്രതികരണം ഞാൻ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.

“വേണ്ട. എനിക്ക് പറയാൻ ഉള്ളതിൽ രഹസ്യങ്ങൾ ഒന്നുമില്ല. ഇയാളും കേൾക്കണം. “

ഞാൻ അമ്പരന്ന് വിനോദ്നെ നോക്കി.

“ഇങ്ങനെ ആണ് മാഡം ഇവൾ. ആരോടും എന്തും പറയാമെന്നുള്ള ധാർഷ്ട്യം. “

അവൾ വിനോദിനെ പുച്ഛത്തോടെ നോക്കിയിട്ട് തിരിഞ്ഞു എന്നോടായി ചോദിച്ചു.

“മാഡത്തിനു എത്ര കുട്ടികൾ ഉണ്ട്? “

“രണ്ടു കുട്ടികൾ. ഒരുമോനും ഒരു മോളും “

അവൾ പരിഹാസത്തോടെ വിനോദിനെ ഒന്നു നോക്കിയിട്ടാണ് അടുത്ത ചോദ്യം ചോദിച്ചത്.

“മാഡത്തിന്റെ അമ്മായിഅമ്മയുടെ സമ്മതത്തോടെ ആണോ മാഡത്തിന്റെ ഭർത്താവ് രണ്ടു കുട്ടികൾക്ക് ജന്മം കൊടുത്തത്? “

“വാട്ട് യൂ മീൻ? “

ഓഫിസ് ആണെന്ന് പോലും മറന്നു ഞാൻ അലറുകയായിരുന്നു.

“ഞാൻ ചോദിച്ച ഈ ഒരു ചോദ്യം മാഡത്തിന് ഇത്രയും ദേഷ്യം ഉണ്ടാക്കിയെങ്കിൽ വർഷങ്ങളായി ഇത് അനുഭവിക്കുന്ന എന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്ക് “

മീരയുടെ മുഖം ശാന്തമായിരുന്നു. കുറേ നേരം മുഖം കുനിച്ചു ഇരുന്നിട്ടാണ് അവൾ സംസാരിക്കാൻ തുടങ്ങിയത്.

“ഞാൻ സാമ്പത്തികമായി നല്ല നിലയിലുള്ള ഒരു ഫാമിലിയിലാണ് ജനിച്ചു വളർന്നത്. എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു തന്നെ.. എന്നിട്ട് പോലും പത്താം ക്ലാസ്സ്‌ മുതൽ കുട്ടികൾക്ക് ട്യൂഷനെടുത്തു ഞാൻ എന്റെ ആവശ്യങ്ങൾ സ്വയം നടത്തിയിരുന്നു. എന്റെ ഇഷ്ടങ്ങൾക്കൊന്നും എന്റെ അച്ഛനും എതിര് നിന്നിരുന്നില്ല. ഞങ്ങളുടെ വിവാഹത്തിന് എന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. എന്നിട്ടും ഞാൻ വാശി പിടിച്ചു. ഇവരുടെ അമ്മ,എന്റെ അമ്മയെ വിളിച്ചു ഒരു തരി പൊന്ന് പോലും വേണ്ട, ഞങ്ങൾക്ക് പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു. ഇത്രയും നല്ല ഫാമിലിയിൽ നിന്നുള്ള ആലോചനയിൽ എന്റെ അച്ഛനും തൃപ്തി തോന്നി. വിവാഹം നടന്നു. അവിടെ എനിക്ക് സുഖമായിരുന്നു “

അത്രയും പറഞ്ഞപ്പോൾ തന്നെ അവൾ ശക്തമായി കിതയ്ക്കുന്നത് പോലെ തോന്നി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നത് പോലെ തോന്നി. കുപ്പിയിൽ നിന്ന് വെള്ളമെടുത്തു കുടിച്ചിട്ടാണ് അവൾ തുടർന്നത്.

“എന്റെ വീട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ വീടായിരുന്നു അത്. എല്ലാവരും അവരുടെ മുറികളിൽ മാത്രം ജീവിച്ചു. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്ത് വരും. അവിടുത്തെ അമ്മ വെളുപ്പിന് ഉണർന്നു ഭക്ഷണമുണ്ടാക്കും. എട്ടു മണിക്ക് മുൻപ് എല്ലാ ജോലികളും കഴിയും. ആദ്യമൊക്കെ ഞാനും അവരുടെ കൂടെ ഉണർന്നു ജോലിയിൽ സഹായിക്കുമായിരുന്നു. എന്നാൽ അത് വളരെ സ്നേഹത്തോടെ തന്നെ അവർ വിലക്കി. അവർക്ക് ചെയ്യാവുന്ന ജോലികൾ മാത്രമേ ഉള്ളു എന്ന് പറയും. മിക്ക ദിവസങ്ങളിലും ഞാൻ ഉണർന്നു ചെല്ലുമ്പോൾ ഭക്ഷണം തയ്യാറായിരിക്കുന്നത് കാണാം. എത്ര മണിക്ക് അവർ ഉണർന്നു കാണുമെന്നു ഞാനും അന്നൊക്കെ അതിശയിക്കും. എന്റെ വീട്ടിൽ പറഞ്ഞപ്പോൾ,എല്ലാം എന്റെ ഭാഗ്യമാണെന്നും,ജോലി ഒന്നും ചെയ്തില്ലെങ്കിൽ പോലും അവരുടെ കൂടെ തന്നെ നിൽക്കണമെന്നും പറഞ്ഞു. “

അവളൊന്നു നിശ്വസിച്ചു.. പിന്നെ പതിയെ തുടർന്നു..

“എന്റെ സ്വർണം വെറുതെ ഉപയോഗിക്കാതെ ഇരിക്കുവല്ലേ അത് വിറ്റ് റബ്ബർ തോട്ടം വാങ്ങാമെന്നുള്ള നിർദേശം വന്നപ്പോഴും, എനിക്ക് എതിർപ്പില്ലായിരുന്നു. ആയിടയ്ക്ക് ആണ് എന്റെ അച്ഛന്റെ ബിസിനസ്‌ തകർന്നത്. വീടൊക്കെ വിറ്റ് ചെറിയൊരു വീട്ടിലേക്ക് മാറേണ്ട സാഹചര്യം ഉണ്ടായി. എന്റെ സ്വർണത്തിൽ നിന്ന് കുറച്ചു എടുത്തു അച്ഛനെ സഹായിക്കേണ്ടി വന്നു. അന്ന് വിനുവേട്ടന്റെ അമ്മ ചിരിച്ചു കൊണ്ട് എന്തോ തമാശ പറയും പോലെ ഒരു കാര്യം പറഞ്ഞു… വലിയ പണക്കാരി ആണെന്ന് പറഞ്ഞു കെട്ടിയിട്ടു ഇപ്പോൾ ഒന്നുമില്ല അല്ലെ.. എന്ന്. ആ തമാശ കേട്ട് എല്ലാവരും ചിരിച്ചു എങ്കിലും എനിക്ക് സങ്കടമാണ് വന്നത്. “

ഞാൻ വിനോദിന്റെ മുഖത്തേക്ക് ശ്രദ്ധിച്ചു ഇരിക്കുകയായിരുന്നു. മീര പറയുന്നതിനൊന്നും അവനും എതിർപ്പില്ലായിരുന്നു..

“പിന്നീട് അങ്ങോട്ട് കുത്തുവാക്കുകളുടെ പെരുമഴക്കാലമായിരുന്നു. ചിരിച്ചു കൊണ്ട് പറയുന്നതിനാൽ അതൊന്നും ആദ്യം ഞാൻ മുഖവിലയ്ക്കെടുത്തില്ല. പിന്നെ സഹോദരൻമാരുടെ ഭാര്യമാരുടെ വീട്ടിലെ സാമ്പത്തിക സ്ഥിതി വിവരിച്ചു കൊണ്ട് ആൾക്കൂട്ടത്തിനിടയിൽ പോലും അപമാനിച്ചു. ഉറക്കം നഷ്ടപ്പെട്ടു. ചുറ്റിനും വെളിച്ചം ഉള്ളപ്പോഴും ജീവിതം ഇരുട്ടിലായി മാറുന്നത് ക്രമേണ ഞാൻ മനസിലാക്കി. ഒരു പാഡ് വാങ്ങാൻ പോലും ഇരക്കേണ്ട അവസ്ഥ. ഭീകരമായിരുന്നു അത്. “

“ഏറ്റവും എന്നെ ആശങ്കപ്പെടുത്തിയത് വേറെ ചില കാര്യങ്ങൾ ആയിരുന്നു. കാണാൻ സുന്ദരി ആയിട്ടും ഇവരുടെ അമ്മയോട് എന്തോ താല്പര്യക്കുറവ് അവിടുത്തെ അച്ഛനുണ്ടായിരുന്നു. അത് കൊണ്ട് മക്കൾ ഭാര്യമാരെ സ്‌നേഹിക്കുമ്പോൾ ആ അമ്മയ്ക്ക് വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു.മക്കൾക്ക് വേണ്ടി ഒരു കാര്യവും ചെയ്യാൻ മരുമക്കളെ സമ്മതിച്ചിരുന്നില്ല. ജോലി ഭാരം ഇല്ലല്ലോ എന്ന് കരുതി അത് ആസ്വദിച്ചിരുന്ന ഞാൻ വളരെ വൈകിയാണ് അതിലെ അപകടം മനസിലാക്കിയത്. ബെഡ്‌റൂമിൽ അല്ലാതെ വേറെ ഒരിടത്തും ഭാര്യ ആവശ്യമുണ്ടെന്ന് മക്കൾക്ക് തോന്നിയതുമില്ല, എന്നാൽ അതേ സമയം അവർ സർവ്വം സഹയായ അമ്മായിഅമ്മ ആകുകയും ചെയ്തു. വെളുപ്പിന് മൂന്ന് മണിക്കൊക്കെ പാചകം ചെയ്യുന്ന അവരോടു എനിക്ക് ഇപ്പോൾ സഹതാപം ആണ്..”

അവളൊന്നു നിർത്തി വിനോദിനെ നോക്കി. പിന്നെയും പറഞ്ഞു തുടങ്ങി..

“പിന്നീട് എന്റെ ഭർത്താവിന്റെ ഇഷ്ടങ്ങൾ മനസിലാക്കി ഞാൻ ചെയ്തു കൊടുക്കാൻ തുടങ്ങിയത് അമ്മയ്ക്ക് ദേഷ്യമായി. ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം എന്റെ ഭർത്താവ് വളരെ ഇഷ്ടത്തോടെ കഴിക്കുന്നത് അവരിൽ ആശങ്ക ഉണ്ടാക്കി. അതോടെ ഞാൻ ഇന്ന് അഞ്ചു മണിക്ക് ചെയ്യുന്ന ജോലി, പിറ്റേന്ന് അവർ നാല് മണിക്ക് തന്നെ തീർത്തു വെക്കുന്നതും ഞാൻ കണ്ടു. മറ്റുള്ളവരോട് ഇതെങ്ങനെ പറഞ്ഞു മനസിലാക്കും എന്നെനിക്ക് അറിയില്ലായിരുന്നു. എന്നാൽ സഹോദരന്മാരുടെ ഭാര്യമാർ അവരെ ആദ്യം മുതലേ മനസിലാക്കിയിരുന്നു. അവർ അമ്മയോട് നിർബന്ധമായി തന്നെ പറയുമായിരുന്നു “അത് എന്റെ ജോലി ആണ്.. ഞാൻ ചെയ്തോളാം “എന്ന്. എനിക്ക് ആദ്യമേ അങ്ങനെ പറയാൻ കഴിയാത്തത് എന്റെ പരാജയമായി തോന്നുന്നു ഇപ്പോൾ.”..

അവൾ കുറച്ചു സമയം ആലോചിച്ചിരുന്നു.

“എന്നെ ഏറ്റവും വിഷമപ്പെടുത്തിയ തീരുമാനം.. “ഉള്ളത് ഒരു പെൺകുട്ടിയാണ്. അതിനെ നന്നായി വളർത്തുക. ഇനിയൊരു കുഞ്ഞു വേണ്ട. അതും പെണ്ണായാൽ എന്ത് ചെയ്യും “..എന്നുള്ള സ്നേഹത്തോടെയുള്ള ആജ്ഞ ആയിരുന്നു. അമ്മയുമായി സംസാരിച്ചതിൽ നിന്നും അവർ എന്താണ് അങ്ങനെ പറയാൻ കാരണമെന്ന് എനിക്ക് മനസ്സിലായി.. അവരുടെ മൂന്നു പ്രസവസമയത്തും പെൺകുട്ടികൾ വേണ്ട എന്ന് അവർ ആഗ്രഹിച്ചിരുന്നുവത്രേ. പെൺകുട്ടികൾ അധികചെലവ് ആണെന്ന്. അമ്മയുടെ നിർദേശം ശിരസ്സാവഹിക്കുന്ന മകൻ ഇതും അനുസരിച്ചു. “

ഞാൻ അയാളെ ഒന്ന് നോക്കി. അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടുന്നുണ്ടായിരുന്നു. പക്ഷേ അത് ദുർബലമായിരുന്നു.

“ഭാര്യയെ സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിച്ചാൽ, ഒന്ന് ഉറക്കെ ചിരിച്ചാൽ ഒന്ന് സംസാരിച്ചാൽ വാതിലിൽ നിന്ന് ചുമയ്ക്കുന്ന അവരുടെ അനുസരണയുള്ള മകനായിരുന്നു എന്റെ ഭർത്താവ്. “

അയാൾ മുഖം കുനിച്ചിരുന്നതേയുള്ളൂ..

“എനിക്ക് വയറു വേദന സ്ഥിരമായി ഉണ്ടായിരുന്നു. അപ്പോൾ എന്തെങ്കിലും പച്ചമരുന്ന് തരും. അല്ലെങ്കിൽ തോന്നൽ ആണെന്ന് പറയും. സ്വന്തമായി ആശുപത്രിയിൽ പോകാൻ പറ്റാത്തത് കൊണ്ട് സഹിച്ചു നിന്നു. അനിയന്റെ ഭാര്യയുടെ കൂടെ കൂട്ട് പോയപ്പോൾ, അവളുടെ നിർബന്ധപ്രകാരം ആണ് ആദ്യമായി ഒരു ഡോക്ടറിനേ കാണിക്കുന്നത്. വളർന്നു കൊണ്ടിരിക്കുന്ന ഒരു മുഴ ഓവറിയിൽ ഉണ്ടായിരുന്നു. അന്ന് വീട്ടിൽ വന്നു അവൾ എല്ലാരോടും ദേഷ്യപ്പെട്ടു. അങ്ങനെ എനിക്ക് വേണ്ടി എന്റെ ഭർത്താവിന്റെ കാശ് മുടക്കി എന്നെ ചികിത്സിപ്പിച്ചു. സർജറി കഴിഞ്ഞപ്പോൾ ആറു മാസം കൂടുമ്പോൾ ചെക്കപ്പും, ഉടനെ തന്നെ ഒരു ഗർഭധാരണവും ആയിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്. ഇതൊരു മോശം അസുഖം ആണ് എപ്പോൾ വേണമെങ്കിൽ തിരിച്ചു വരാം. അതിന് മുൻപ് ഒരു കുഞ്ഞു കൂടി ആകണം “

പെട്ടെന്ന് അവൾ മുഖം പൊത്തി ആർത്തു കരയാൻ തുടങ്ങി.

“ഒന്നും സംഭവിച്ചില്ല. ഒരു തവണ ചെക്കപ്പ്നു പോയി . കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോൾ ഡോക്ടർമാർക്ക് അങ്ങനെയൊക്കെ പറയാം.. വളർത്താനുള്ള പണം അവർ തരുമോ എന്ന് ചോദിച്ചു “..

“പക്ഷേ എന്റെ മകളുടെ കാര്യത്തിൽ യാതൊരു വിധ അഡ്ജസ്റ്റ്മെന്റുകൾക്കും ഞാൻ തയ്യാറല്ലായിരുന്നു. അവൾ ഒരു ചെരിപ്പ് ആവശ്യപ്പെട്ടാൽ, എന്റെ മക്കൾ പണ്ട് ചെരുപ്പില്ലാതെ ആയിരുന്നു സ്കൂളിൽ പോയത് എന്ന് പറയുമ്പോൾ ഞാൻ അത് അംഗീകരിച്ചു കൊടുക്കില്ല. അവൾക്ക് ഡ്രസ്സ്‌ വാങ്ങുമ്പോൾ പണ്ട് എന്റെ കുട്ടികൾ രണ്ടു ജോഡി കൊണ്ടു ഒരു വർഷം തള്ളി നീക്കുമായിരുന്നു എന്ന് പറഞ്ഞപ്പോൾ എന്റെ മോൾടെ കാര്യത്തിൽ ഞാൻ തീരുമാനങ്ങൾ എടുത്തോളാം എന്ന് പറഞ്ഞത് എന്നെ അഹങ്കാരി ആക്കി. ഓണത്തിനും വിഷുവിനും പിറന്നാളിനും മാത്രമേ ഡ്രസ്സ്‌ എടുക്കാൻ പാടുള്ളു എന്ന ആ വീട്ടിലെ അലിഖിത നിയമം ഞാൻ പൊളിച്ചെഴുതി. എന്റെ മോൾക്ക് വേണ്ടി. അവിടെ ഞാൻ നിഷേധി ആയി. “

അത് വരെ തോന്നാത്ത അലിവോടെ ഞാൻ അവളെ നോക്കി… അവളെയൊന്നു ആശ്വസിപ്പിക്കാൻ പോലും എനിക്ക് വാക്കുകൾ ഇല്ലായിരുന്നു. ഇങ്ങനെയും ജീവിതങ്ങളുണ്ട്. പുറമെ നിന്ന് നോക്കുന്നവർക്ക് ഒരക്ഷരം പോലും മനസിലാകാത്ത സമസ്യകൾ.

“ഞാൻ എതിർക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷമായതേ ഉള്ളൂ. ഞാൻ പ്രതികരിക്കാൻ തുടങ്ങി. എന്റെ അവകാശത്തിന് വേണ്ടി വാദിച്ചു. അതെന്നെ ഇവിടെ എത്തിച്ചു. സ്നേഹം മാത്രമുള്ള വീട്ടിലെ നിഷേധിയായ മരുമകൾ ആയി. അഹങ്കാരി ആയി… “

വിനോദ് ഒന്നും പറയാനാവാതെ തല കുനിച്ചു.. അയാൾക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്.. അമ്മയ്ക്ക് വേണ്ടി വാദിക്കണമെന്നുണ്ട്.. ഒരു പക്ഷെ തന്റെ ശബ്ദം ദുർബലമായിപ്പോവുമോയെന്ന് അയാൾ പേടിച്ചിരിക്കണം..

മീര അപ്പോഴും കരയുകയായിരുന്നു..

“മീര..പ്ലീസ് കാം ഡൌൺ…”

ഞാനത് പറഞ്ഞതും അവൾ മുഖമുയർത്തി..

“ഇല്ല മാഡം.. എനിക്ക് പറയണം… എല്ലാം പറയണം..ഇത്രയും കാലം ഞാൻ ആരോടും ഒന്നും പറഞ്ഞില്ല… അമ്മയെ പറ്റി വിനുവേട്ടനോട് എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേ പൊട്ടിത്തെറിയാണ്.. എനിക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ പോലും നിക്കില്ല..”

അവൾ അടക്കിപ്പിടിച്ചതെല്ലാം കൂടെ ഒരു പൊട്ടിത്തെറിയുടെ വക്കിൽ എത്തിയിരുന്നു..വിനോദ് അപ്പോഴും ഒന്നും പറഞ്ഞില്ല…

“ആർക്കും എന്നേ മനസ്സിലാവില്ല.. ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആ വീട്ടിൽ അനുഭവിക്കുന്ന ശ്വാസംമുട്ടൽ ഞങ്ങൾക്ക് മാത്രമേ മനസിലാവൂ..”

അവൾ കിതപ്പോടെ പറഞ്ഞു നിർത്തി..

“ഞങ്ങൾ മൂന്നുപേരും അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒന്നാണ്.. പക്ഷെ മൂന്നുപേരും അത് നേരിടുന്നത് മൂന്ന് രീതിയിലും.. ഏട്ടത്തി അമ്മയെ എതിർക്കും.. അനിയത്തി ആവശ്യത്തിൽ കൂടുതൽ വില കല്പിക്കില്ല.. അവൾക്കിഷ്ടമുള്ളത് പോലൊക്കെ ചെയ്യും പക്ഷെ ഞാൻ.. ഞാൻ ഇതിനിടയിൽ കിടന്നു വീർപ്പു മുട്ടുന്നു..”

ഒന്നു നിർത്തി അവൾ വിനോദിനെ നോക്കി വീണ്ടും തുടർന്ന്..

“ഏട്ടത്തി,ഇനി ഇത് സഹിക്കാൻ പറ്റില്ലെന്ന് പറഞ്ഞു കുഞ്ഞിനേയും എടുത്ത് അവരുടെ വീട്ടിലേക്ക് പോയി.. ഡിവോഴ്സ് ആണ് അവരുടെ തീരുമാനം.. അവരുടെ പേരെന്റസിന്റെ സപ്പോർട്ട് ഉണ്ട് അവർക്ക്.. ഏട്ടനാണെങ്കിൽ അവരെ മതിയെന്നും പറയുന്നു..”

ഞാൻ വിനോദിനെ നോക്കി. അവൾ പറയുന്നതൊന്നും അയാൾ എതിർക്കുന്നില്ല..

“മക്കൾ ഭാര്യമാരോട് സ്നേഹം കാണിക്കുമ്പോൾ അപ്പോൾ അമ്മയ്ക്ക് സങ്കടം വരും.. ഒരിക്കൽ എനിക്ക് നല്ല കാലുവേദന വന്നു.. വിനുവേട്ടൻ വെള്ളം ചൂടാക്കി കൊണ്ട് വന്നു.. ചൂട് പിടിക്കാനായി..ആ സമയം അമ്മയും ഏട്ടത്തിയും ഹാളിലിരുന്നു ടീവീ കാണുന്നുണ്ടായിരുന്നു.. ഏട്ടൻ വെള്ളവുമായി മുറിയിൽ കയറി വാതിലടച്ചതും അമ്മ ഒറ്റക്കരച്ചിൽ.. പെട്ടെന്ന് പൊട്ടിക്കരയുന്ന അമ്മയെ കണ്ട് ഏട്ടത്തി പേടിച്ചു.. ഞങ്ങളും പുറത്തേക്ക് വന്നു.. അപ്പോൾ അമ്മ പറയാ..

‘എന്റെ മക്കൾ ഭാര്യമാരോട് സ്നേഹം കാണിക്കുമ്പോൾ ഞാൻ എന്റെ ജീവിതം ഓർത്തു പോവും.. ഇത് പോലെ എന്റെ ഭർത്താവ് എന്നെ സ്നേഹിച്ചിട്ടില്ല ‘..

ഞങ്ങൾ എന്താ പറയേണ്ടതെന്നറിയാതെ നിന്ന് പോയി..പിന്നെ വിനുവേട്ടൻ അമ്മയുടെ അടുത്തിരുന്നു സംസാരിച്ചു .. ആശ്വസിപ്പിച്ചു.. ഇങ്ങനെ ഒരുപാടുണ്ട് മാഡം..”

ഒരു നിമിഷം ആരും ഒന്നും പറഞ്ഞില്ല.. എന്തോ പറയാൻ തുടങ്ങിയെങ്കിലും പറയണോ വേണ്ടയോയെന്ന് ഒരു ശങ്ക അവളുടെ മുഖത്ത് കണ്ടു..

“എന്തായാലും മീര തുറന്നു പറയൂ..”

ഞാൻ പറഞ്ഞു..

“അനിയനും ഭാര്യയ്ക്കും ഒരു കുഞ്ഞുണ്ട്.. അടുത്തയാൾ ഉടനെ വേണ്ടെന്ന തീരുമാനത്തിൽ അവർ പ്രിക്കോഷൻ എടുക്കുന്നുമുണ്ട്.. ഒരു തവണ അവർ ഉപയോഗിച്ച കോണ്ടം,അതിരാവിലെ എടുത്ത് കളയാൻ അവർ മറന്നുപോയി ..രാവിലത്തെ തിരക്കിനിടയിൽ പെട്ടന്നത് ഓർമ്മ വന്നപ്പോൾ അനിയത്തി അവരുടെ ബെഡ്‌റൂമിലെത്തി..അതവിടെ ഇല്ലായിരുന്നു.. റൂമിൽ മുഴുവനും തിരഞ്ഞു കഴിഞ്ഞു,മടിയോടെ അവളെന്നോട് കാര്യം പറഞ്ഞു.. കുഞ്ഞുങ്ങൾ ഉള്ളതാണ് വീട്ടിൽ… അതായിരുന്നു അവൾക്ക് ടെൻഷൻ.. അമ്മ രാവിലെ തന്നെ മുറികളൊക്കെ വൃത്തിയാക്കുന്നത് കണ്ടത് കൊണ്ട്, വേറെ വഴിയില്ലാതെ ഞാൻ അമ്മയോട് സംഭവം പറഞ്ഞു.. അമ്മ മുറി വൃത്തിയാക്കി അലക്കാനുള്ളതൊക്കെ എടുക്കുന്നതിനിടെ അത് കണ്ടപ്പോൾ എടുത്ത് കൊണ്ടുപോയി കളഞ്ഞുവത്രെ.. അനിയനും ഭാര്യയും ആകെ വല്ലാതായി.. അനിയൻ അന്ന് വീട്ടിൽ വന്നില്ല…”

അവളത് പറയുമെന്ന് വിനോദ് പ്രതീക്ഷിച്ചില്ലെന്ന് എനിക്ക് മനസ്സിലായി..

“ഈ പ്രശ്നങ്ങളിൽ നിന്നുള്ളൊരു രക്ഷപ്പെടലാണ് എനിക്ക് ഫോൺ..കൂട്ടുകാരിൽ നിന്നും കടം വാങ്ങേണ്ടി വരുന്നത് എന്റെ അത്യാവശ്യങ്ങൾക്ക് പോലും അമ്മയുടെ സമ്മതമില്ലാതെ വിനുവേട്ടൻ കാശ് തരാത്തത് കൊണ്ടാണ്.. എന്റെ വീട്ടിൽ ഇതൊന്നും തന്നെ ഞാൻ പറഞ്ഞിട്ടില്ല.. എന്റെ വാശി കൊണ്ട് നടത്തിയ കല്യാണമല്ലേ..”

വിനോദിന്റെ മുഖം വിവർണ്ണമായിരുന്നു.. അത് വരെ മീരയുടെ പ്രശ്നങ്ങളെ പറ്റി എന്നിലുണ്ടായിരുന്ന നേരിയ സംശയം പോലും ഇല്ലാതായിരുന്നു..

“ഞാൻ പറയുന്നതൊക്കെ ചിലപ്പോൾ കേൾക്കുന്നവർക്ക് നിസ്സാരമായി തോന്നാം.. പക്ഷെ ഞാൻ അനുഭവിക്കുന്നത്..”

“എനിക്കിതൊന്നും നിസ്സാരമായി തോന്നുന്നില്ല മീരാ…എന്തും അധികമായാൽ പ്രശ്നകാരണമാവും “

എന്റെ വാക്കുകൾ മീര ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. വിനോദും…

“പക്ഷെ ഇവള്.. ഇവൾ പറയുന്നത് കേട്ട് എനിക്കെന്റെ അമ്മയെ ഉപേക്ഷിക്കാനൊന്നും പറ്റില്ല..”

അയാളുടെ ശബ്ദം തെല്ലു പരുഷമായിരുന്നു..

“ഉപേക്ഷിക്കാനൊന്നും ഞാൻ പറയുന്നില്ല മാഡം.. അവരോട് എനിക്ക് വൈരാഗ്യം ഒന്നുമില്ല..സ്നേഹക്കൂടുതൽ കൊണ്ടാവാം.. പക്ഷെ ഭർത്താവുമൊത്ത് തനിച്ചൊന്ന് പുറത്ത് പോവാൻ പോലും പറ്റാതെ.. എങ്ങാനും അങ്ങനെ പോയാൽ പിന്നെ രണ്ടുമൂന്നു ദിവസത്തേയ്ക്ക് അമ്മ മിണ്ടില്ല..എനിക്ക് ശ്വാസം മുട്ടുന്നു…ഭാര്യയുടെ നിസ്സാരആവശ്യങ്ങൾ പോലും നിറവേറ്റാൻ അമ്മയുടെ സമ്മതവും റെക്കമെന്റെഷനും വേണമെന്ന് പറയുമ്പോൾ…”

മീര വീണ്ടു കിതച്ചു..

“എനിക്ക് വിനോദിനോട് ഒന്നു സംസാരിക്കണം…തനിച്ച് ..”

എന്റെ വാക്കുകൾ കേട്ട് എഴുന്നേറ്റ് പോവുന്നതിനിടെ മീര അയാളെ ഒന്നു നോക്കിയിരുന്നു..

“വിനോദിന് എന്താണ് പറയാനുള്ളത്?”

“അവള് പറയുന്നത് കുറെയൊക്കെ ശരിയാണ് മാഡം.. പക്ഷെ അമ്മ.. സ്നേഹം കൊണ്ടാണ്.. ഞങ്ങളെ ജീവനാണ് അമ്മയ്ക്ക്.. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞങ്ങളെ വളർത്തിയെടുക്കാൻ.. അച്ഛൻ.. അയാൾക്ക് വേറൊരു ബന്ധം ഉണ്ടായിരുന്നു.. അതിൽ കുട്ടികളും.. അയാളുടെ സ്വഭാവം ശരിയല്ലായിരുന്നു.. അമ്മ..”

അയാൾ തുടരാനാവാതെ നിർത്തി…

“ശരിയാണ്..അമ്മ പാവമായിരിക്കും, സ്നേഹക്കൂടുതൽ കൊണ്ടാവാം..ഒരു പക്ഷെ ഇതെല്ലാം സഹിക്കാനും ഉൾക്കൊള്ളാനും അമ്മയുടെ മക്കളെന്ന നിലയിൽ നിങ്ങൾക്കും കഴിയുമായിരിക്കും.. പക്ഷെ അതിന്റെ പേരിൽ ഇതെല്ലാം മരുമക്കളും സഹിക്കണമെന്ന് പറയുന്നത് ശരിയാണോ വിനോദ്.. ശാരീരികബന്ധവും കുഞ്ഞുങ്ങളും മാത്രമാണോ ദാമ്പത്യം..? നിങ്ങളുടെ ഭാര്യമാർക്ക് അവരുടേതായ സ്വകാര്യതയും അഭിപ്രായങ്ങളും വ്യക്തിത്വവുമില്ലേ..?”

അയാൾ നിസ്സഹായനായിരുന്നു.. അമ്മയ്ക്കും ഭാര്യയ്ക്കുമിടയിൽ…

“മീരയുടെ അവസ്ഥയും മോശമാണ്.. ഒരു നേർവസ് ബ്രേക്ക്‌ ഡൗണിന്റെ വക്കിലാണവൾ.. പറയുന്നുണ്ടെങ്കിലും ഒരു ഡിവോഴ്സ് നേരിടാനുള്ള മാനസികാവസ്ഥയൊന്നും അവൾക്കില്ല..”

ഭാര്യയോടുള്ള സ്നേഹം അയാളുടെ ഭാവങ്ങളിൽ പ്രകടമായിരുന്നു..

വിനോദ് പുറത്തേക്കിറങ്ങി.. പറഞ്ഞതനുസരിച്ച്,അമ്മ അകത്തേക്ക് വന്നു..അമ്മ തെല്ലൊരു അന്താളിപ്പോടെയാണ് എന്റെ മുൻപിൽ ഇരുന്നത്.

“അവൾ , അവളെന്തൊക്കെയാ പറഞ്ഞത് മാഡം?”

അടുത്ത നിമിഷമവർ സ്വയമെന്നോണം പറഞ്ഞു..

“മറ്റു രണ്ടുപേരെയും പോലെ ആയിരുന്നില്ല ഇവള്..പാവമായിരുന്നു.. പക്ഷെ ഇപ്പൊ..”

“മൂത്തയാളുടെ ദാമ്പത്യവും ഡിവോഴ്സിന്റെ വാക്കിലാണല്ലേ..?”

എന്റെ ചോദ്യം കേട്ട് അവരുടെ മുഖമൊന്നു വിളറി..

“ഉം.. അവളുടെ വാശി.. അല്ലാണ്ടെന്താ..?”

“ഇപ്പോഴിതാ രണ്ടാമത്തെയാളും അതിനെപ്പറ്റി ചിന്തിക്കുന്നു.. കാരണം..? അമ്മ ആലോചിച്ചിട്ടുണ്ടോ..?”

അവരുടെ മുഖം മങ്ങി…

“അമ്മയുടെ മക്കൾ ഡിവോഴ്സ് കഴിഞ്ഞാൽ സന്തോഷത്തോടെയിരിക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ?”

അവർ പതർച്ചയോടെ എന്നെ നോക്കി..

“ഇല്ല.. മറ്റൊരു വിവാഹം കഴിച്ചാൽ പോലും അവരുടെ ജീവിതം തകരും. കാരണം അവർ അമ്മയെ സ്നേഹിക്കുന്നതോടൊപ്പം ഭാര്യയെയും സ്നേഹിക്കുന്നവരാണ്..”

“അതിന്.. ഞാൻ… ഞാൻ..”

“അവർക്കിടയിലെ പ്രശ്നം അമ്മയാണ്..”

അലിവോടെ ഞാൻ പറഞ്ഞു.. അവരുടെ മുഖത്തെ ആ ഞെട്ടൽ ഞാൻ പ്രതീക്ഷിച്ചിരുന്നു..അവർ ആദ്യമൊന്ന് പകച്ചു, പിന്നെ ദേഷ്യപ്പെട്ടു, പൊട്ടിത്തെറിച്ചു, പിന്നെ പൊട്ടിക്കരഞ്ഞു.. ഒടുവിൽ നിസ്സഹായതയോടെ എന്നെ നോക്കി..

“അമ്മ ഭാഗ്യവതിയാണ്,ഇത്രയും സ്നേഹമുള്ള മക്കളില്ലേ.. മരുമക്കൾക്കും അമ്മയോട് ദേഷ്യമൊന്നുമില്ല.. പക്ഷെ അമ്മ അവരുടെ ജീവിതം അവർക്ക് വിട്ടു കൊടുക്കണം.. ഇപ്പോൾ ഒരു പക്ഷെ അമ്മ പറയുന്നതെല്ലാം അവർ അനുസരിച്ചേക്കും.. പക്ഷെ ജീവിതം നഷ്ടപ്പെട്ടെന്ന് തോന്നുമ്പോൾ, നാളെ അവർ അമ്മയ്ക്ക് നേരെ വിരൽ ചൂണ്ടിയേക്കാം.. മനസ്സിലെങ്കിലും പറഞ്ഞേക്കാം,അവരുടെ അവസ്ഥക്ക് കാരണം അമ്മയാണെന്ന്.. അവരുടെ സന്തോഷത്തോടെയുള്ള ജീവിതമല്ലേ അമ്മ ആഗ്രഹിക്കുന്നത്…?”

അവർക്ക് അതൊന്നും ഉൾക്കൊള്ളാൻ ആവുന്നുണ്ടായിരുന്നില്ല..

“ഒന്നും വേണ്ട, ഞാൻ ഈ പറഞ്ഞതൊക്കെ മനസ്സിൽ വെച്ചൊന്ന് അമ്മ സ്വയം വിലയിരുത്തി നോക്കൂ… “

അവരെ പറഞ്ഞു മനസ്സിലാക്കുന്നത് എളുപ്പമായിരുന്നില്ല.. ദാമ്പത്യസുഖം അനുഭവിക്കാത്ത സ്ത്രീ, മക്കൾക്ക് വേണ്ടി ജീവിച്ചവൾ, മക്കളുടെ കാര്യത്തിൽ അവർ സ്വാർത്ഥയായിരുന്നു.. അവർ എപ്പോഴും തന്നെ മാത്രം കൂടുതൽ സ്നേഹിക്കണമെന്ന് അവർ ആഗ്രഹിച്ചു.. അങ്ങനെയെല്ലെന്ന് തോന്നുമ്പോൾ അസ്വസ്ഥയായി.. എല്ലാം തന്റെ നിയന്ത്രണത്തിൽ ഒതുക്കാൻ ശ്രെമിച്ചു…

അവരെ തിരുത്താനാവുമെന്ന് എനിക്കൊട്ടും പ്രതീക്ഷയില്ലായിരുന്നു.. അവരോട് സംസാരിച്ചു തിരിച്ചയക്കുമ്പോൾ മീരയോട് സഹതപിക്കാനേ എനിക്കാവുമായിരുന്നുള്ളൂ…

പക്ഷെ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ആ അമ്മ വീണ്ടും എന്നെ തേടി വന്നു.. കാരണം അവരുടെ സ്വാർത്ഥതയ്ക്കും മേലെയാണ് മക്കളുടെ ജീവിതമെന്ന് അവർക്ക് തിരിച്ചറിയാനായിരുന്നു..

ഇതെഴുതി അവസാനിപ്പിക്കുമ്പോൾ ഞാൻ കാണുന്നത് മീര ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ഒരോണച്ചിത്രമായിരുന്നു.. ഭർത്താവിനോടും കുടുംബത്തിനോടുമൊപ്പം.. അതിൽ വിനോദിന്റെ ഏട്ടനെയും ഭാര്യയെയും ഞാൻ കണ്ടു.. എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ ചിരി തെളിഞ്ഞിരുന്നു…

വിനോദിന്റെ അമ്മ,ഭർത്താവിൽ നിന്നും അവഗണന മാത്രം നേരിട്ട സ്ത്രീയിൽ നിന്നും അമ്മയിലേക്കും,അമ്മായിഅമ്മയിൽ നിന്നും മുത്തശ്ശിയിലേക്കും മാറിക്കഴിഞ്ഞിരുന്നു…ഒരു സമയമാവുമ്പോൾ മക്കളുടെ ജീവിതം അവർക്ക് വിട്ടുകൊടുക്കണമെന്നും അവർ മനസ്സിലാക്കിക്കഴിഞ്ഞിരിക്കണം…

============

ഒരു സുഹൃത്തിന്റെ ജീവിതമാണ്.. പ്രധാന ഭാഗം എഴുതിയതും അവൾ തന്നെ.. പക്ഷെ അവളുടെ ജീവിതത്തിൽ ഇങ്ങനെയൊരു ക്ലൈമാക്സ്‌ എത്തിയിട്ടില്ല.. ഇപ്പോഴും പ്രശ്നങ്ങൾക്ക് നടുവിൽ ഒരു തീരുമാനം എടുക്കാനാവാതെ..ഞാൻ അനുഭവിച്ചതിന്റെ ഒരു ശതമാനം പോലുമില്ല ഇതെന്ന് പറയുമ്പോൾ അവളുടെ ശബ്ദം വിറച്ചിരുന്നു.. വാക്കുകൾക്കിടയിൽ കരച്ചിൽ അടക്കിപ്പിടിച്ചിരുന്നു.. ഉചിതമായ ഒരു തീരുമാനം എടുക്കാനാവട്ടെയെന്ന് പ്രത്യാശിക്കാം..

സൂര്യകാന്തി (ജിഷ രഹീഷ് )?