മേശപ്പുറത്തിരുന്ന പേഴ്സിൽ നിന്നും അയാൾ പറഞ്ഞ തുകയെടുത്ത് അവൾക്ക് കൊടുത്തു…

Story written by Saji Thaiparambu

===========

മോളെയുമൊരുക്കി, മുൻവാതിൽ ലോക്ക് ചെയ്തിറങ്ങുമ്പോഴാണ് മഞ്ജുവിന്റെ ഫോണിലേക്ക് അയാളുടെ കോള് വന്നത്.

“മോളേ നീയാ ഗേറ്റ് തുറക്ക്, അമ്മ വണ്ടിയെടുക്കട്ടെ”

തന്ത്രപൂർവ്വം, മകളെ അടുത്ത് നിന്ന് മാറ്റി നിർത്തിയിട്ട് , മഞ്ജു ഫോൺ അറ്റന്റ് ചെയ്തു.

“ഹലോ..ദേ ഞാനിറങ്ങുവാ, ഒരു പത്ത് മിനുട്ട് ,മോളെ സ്കൂളിന് മുന്നിലിറക്കിയിട്ട് ഞാനുടനെയെത്തും”

“ഓകെ, ഒട്ടും താമസിക്കരുത്, സ്ഥലമറിയാമല്ലോ? ബസ് സ്റ്റാന്റിന് പുറകിലുള്ള ആ പഴയ തറവാട് വീട്ടിലാണ് വരേണ്ടത്”

“ങ്ഹാ എനിക്കറിയാം, പിന്നേ, ഒരു മണിക്കൂർ കൊണ്ട് എന്നെ സെറ്റിൽ ചെയ്ത് വിട്ടേക്കണേ , ഒരുപാട് താമസിച്ചാൽ , അമ്മായി അമ്മേടെ കുത്തി കുത്തിയുളള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരും”

“അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് , അയാൾക്ക് ഇത് കഴിഞ്ഞ് മദ്രാസ്സിലേക്ക് പോകേണ്ടതാ , ആൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിൽ കൂടുതൽ എമൗണ്ട് അയാൾ തരും, മാത്രമല്ല കമ്പനിയുടെ അടുത്ത മീറ്റിങ്ങിന് വരുമ്പോഴും, നിങ്ങളെ തന്നെ വിളിക്കുകയും ചെയ്യും”

“ഉം അതൊക്കെ ഞാൻ മാനേജ്ചെയ്തോളാം, പിന്നേ…ഒരു കാര്യം , ഈ നാട്ടിലുള്ള കണ്ട അലവലാതികളോടൊന്നും എന്നെക്കുറിച്ച് വിളമ്പിയേക്കരുത്, ഞാൻ അത്തരക്കാരിയൊന്നുമല്ലന്ന് തനിക്കറിയാമല്ലോ? ഇത് പിന്നെ വിദേശിയാണെന്നും, ഒരു മണിക്കൂറ് കൊണ്ട് രണ്ടായിരത്തിയഞ്ഞൂറ് രൂപയും കിട്ടുമെന്ന് പറഞ്ഞത് കൊണ്ടാ, ഞാനിറങ്ങിത്തിരിച്ചത്, ഇതാകുമ്പോൾ കാക്കയുടെ വിശപ്പും തീരും , പശുവിന്റെ കടിയും തീരും”

“അത് പിന്നെ എനിക്കറിയില്ലേ , ചേച്ചി ഒരു സഹായം കൂടി എനിക്ക്‌ ചെയ്ത് തരേണം”

“എന്തുവാ, വേഗം പറ , ദേ മോള് ഗേറ്റിനടുത്ത് നിന്ന് ഇങ്ങോട്ട് ശ്രദ്ധിക്കുന്നുണ്ട്”

“ചേച്ചീടെ അറിവിൽ പൈസയ്ക്ക് ബുദ്ധിമുട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ , നമ്മുടയീ ചെറുകിട ബിസിനസ്സിനെ കുറിച്ചൊന്ന് പറഞ്ഞ് മനസ്സിലാക്ക്, തിങ്കൾ മുതൽ വെളളി വരെ, ആഴ്ച്ചയിൽ അഞ്ച് ദിവസം, കുട്ടികളെ സ്കൂളിൽ വിടാൻ വരുന്നതിനിടയിൽ, ഒരു മണിക്കൂർ നമുക്ക് ഒരു പരിചയവുമില്ലാത്ത ഏതെങ്കിലുമൊരു വിദേശിയുമായി, ടൈം സ്പെൻറ് ചെയ്താൽ, ഒരു മണിക്കൂർ രണ്ടായിരത്തി അഞ്ഞൂറ് രൂപ വച്ച് , ആഴ്ചയിൽ പന്തീരായിരത്തി അഞ്ഞൂറു രൂപയല്ലേ കിട്ടുന്നത്, സ്കൂളിൽ കുട്ടികളെ സ്ഥിരമാക്കാൻ പോകുന്നത് കൊണ്ട്, നാട്ടുകാരും വീട്ടുകാരും സംശയിക്കാനും പോകുന്നില്ല , എന്ത് പറയുന്നു.”

“ങ്ഹാ നോക്കാം”

“അമ്മേ..ഒന്ന് വേഗം വരുന്നുണ്ടോ? ചുമ്മാ ഫോണിൽ സംസാരിച്ചോണ്ടിരുന്നോളും”

മകളുടെ ക്ഷമ നശിച്ചെന്ന് മഞ്ജുവിന് മനസ്സിലായി.

“ദാ വരുന്നു മോളേ..ഗൾഫീന്ന് അച്ഛനായിരുന്നു വിളിച്ചത്”

മകളോട് കളവ് പറഞ്ഞിട്ട് അവൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.

മോളെ സ്കൂൾ ഗേറ്റിന് മുന്നിൽ വിട്ടിട്ട്, ചുരിദാറിന്റെ ഷാള് കൊണ്ട് കണ്ണ് മാത്രം കാണാവുന്ന രീതിയിൽ മുഖം മറച്ചിട്ട്, മഞ്ജു സ്കൂട്ടർ ബസ്സ്റ്റാന്റ് ലക്ഷ്യമാക്കി പറത്തി വിട്ടു.

മെയിൻ റോഡ് വിട്ട്, ജനവാസം കുറവുള്ള ഇടറോഡിലേക്ക് സ്കൂട്ടർ തിരിച്ച് വിടുമ്പോൾ, അവളുടെ ഉള്ളിൽ നേരിയ ഭയം തോന്നി.

ചെയ്യുന്നത് തെറ്റാണെന്നറിയാം,

പക്ഷേ , ഇപ്പോഴത്തെ ജീവിതച്ചിലവ് വച്ച് , അങ്ങേര് അയച്ച് തരുന്നത് കൊണ്ട് ഇന്നത്തെ സമൂഹത്തിൽ അന്തസ്സായി ജീവിക്കാൻ കഴിയില്ല, ഓരോ പെണ്ണുങ്ങൾ ദിവസവുo മാറി മാറി പുതിയ ചുരിദാറുകളിടുമ്പോഴും , ബ്യൂട്ടി പാർലറുകളിലും, ഫിറ്റ്നസ്സ് സെന്റെറുകളിലുമൊക്കെ പോയി, അണിഞ്ഞൊരുങ്ങി നടക്കുമ്പോഴും, താൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്, അത് പോലൊക്കെ തനിക്കും നടക്കണമെന്ന് , അതിന് കൈ നിറച്ച് കാശ് വേണമെന്ന് മനസ്സിലായപ്പോഴാണ്, ഈ നാട്ടിൽ പകൽ വെളിച്ചത്തിൽ അധികമാരുമറിയാത്ത ഇത്തരം ഏർപ്പാടുകളുണ്ടെന്നറിഞ്ഞത്.

അങ്ങനെയാണ്, ഇതിന്റെ ഏജന്റായ ഓട്ടോ ഡ്രൈവറെ പരിചപ്പെടുന്നതും.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും, മകളെ സ്കൂളിലാക്കിയിട്ട് മഞ്ജു , അയാൾ പറഞ്ഞ വീടുകളിലേക്ക് ചെന്നു .

രണ്ട് ദിവസങ്ങളിലും, ഓരോ മണിക്കൂർ ചിലവഴിച്ചപ്പോൾ, കയ്യിലേക്ക്, രൂപ അയ്യായിരമാണ് വന്ന് ചേർന്നത്.

പതിയെ പതിയെ , പണത്തിനോടുള്ള ആർത്തി അവളെ മത്ത് പിടിപ്പിച്ചിരുന്നു.

ചുറ്റിനും കാട്പിടിച്ച് , ആരും ശ്രദ്ധിക്കാതെ കിടക്കുന്ന, ഒരു പഴയ ഓടിട്ട വീടായിരുന്നു അത്.

അവളെ പ്രതീക്ഷിച്ച് ,ആ വീടിന്റെ അകത്തളത്തിൽ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

മ-ദ്യപിച്ച് മ-ദോന്മത്തനായിരുന്ന അയാൾ, അവളിലേക്ക് പടർന്ന് കയറുന്നതിന് മുമ്പേ, വാടി വീണിരുന്നു.

“ഞാൻ പോയ്ക്കോട്ടെ നേരം ഒരു പാടായി , വീട്ടിലന്വേഷിക്കും”

അയാളിൽ നിന്നും അകന്ന് മാറിക്കൊണ്ട് അവൾ ധൃതി വച്ചു.

“ഉം പൊയ്ക്കോ, ദാ നിന്റെ കൂലി”

മേശപ്പുറത്തിരുന്ന പേഴ്സിൽ നിന്നും അയാൾ പറഞ്ഞ തുകയെടുത്ത് അവൾക്ക് കൊടുത്തു.

“പെട്ടന്ന് തന്നെ, തന്റെ ജോലി തീർത്ത്, പറഞ്ഞ കാശുമായി തിരിച്ച് പോകാൻ കഴിഞ്ഞ സന്തോഷത്തിൽ , അവൾ വേഗം സ്കൂട്ടറിൽ കയറി അവിടെ നിന്നിറങ്ങി.

കുണ്ടും കുഴിയും നിറഞ്ഞ പൂഴി റോഡിലൂടെ സ്കൂട്ടർ ഓടിച്ച് മെയിൻ റോഡിലേക്ക് കയറുമ്പോൾ ഒരു ഓട്ടോറിക്ഷ, അവൾ കയറി വന്ന ഗട്ട് റോഡിലേക്ക്, വളവ് തിരിഞ്ഞിറങ്ങിയത് അവൾ ശ്രദ്ധിച്ചു.

അതിന്റെ പുറകിലിരിക്കുന്നത്, ഒരു യൂണിഫോം ധരിച്ച പെൺകുട്ടിയാണെന്ന് കണ്ട, മഞ്ജുവിന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.

അവൾ മെല്ലെ സ്കൂട്ടർ തിരിച്ച് ആ ഓട്ടോറിക്ഷയെ പിൻതുടർന്നു.

അത് ചെന്ന് നിന്നത്, ആ പഴയ ഓടിട്ട വീടിന് മുന്നിലായിരുന്നു, അത് മനസ്സിലാക്കിയ മഞ്ജു, കുറച്ച് ദൂരെ, സ്കൂട്ടർ ഒതുക്കി നിർത്തിയിട്ട്, ഒരു തെങ്ങിന് മറവിൽ നിന്ന് കൊണ്ട്, അവിടേക്ക് ഉത്ക്കണ്ഠയോടെ നോക്കി.

ഓട്ടോറിക്ഷയിൽ നിന്നിറങ്ങി ആ വീട്ടിലേക്ക് കയറി പോകുന്ന യൂണിഫോമിട്ട പെൺകുട്ടി, തന്റെ മകളാണെന്നറിഞ്ഞ മഞ്ജു , ഞെട്ടിത്തരിച്ചു പോയി.

ഓടിച്ചെന്ന് അവളെ തടയാൻ മുന്നോട്ടാഞ്ഞ അവളുടെ കാലുകൾ, പിടിച്ച് കെട്ടിയത് പോലെ നിന്നു.

അവളുടെ പിറകെ ഇറങ്ങി പോകുന്ന, ഓട്ടോ ഡ്രൈവറെ കണ്ടപ്പോൾ, അവളുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

രണ്ട് മൂന്ന് ദിവസമായി തനിക്ക് കൈനിറയെ പണം സമ്പാദിക്കാനുള്ള വഴി കാണിച്ച് തന്ന അയാൾ, തന്റെ മകളെയും കൊണ്ട് വന്നിരിക്കുന്നു, അവൾ തന്റെ മകളാണെന്ന് അയാൾക്കറിയില്ലല്ലോ , പക്ഷേ അയാളുടെ മുന്നിൽ ചെന്ന് മകളെ രക്ഷിക്കാൻ നോക്കുമ്പോൾ , അവളുടെ അമ്മയും പി-ഴച്ചവളാണെന്ന്, തന്റെ മകളും മനസ്സിലാക്കുമല്ലോ എന്ന ധർമ്മ സങ്കടത്തിൽ, എന്ത് ചെയ്യണമെന്നറിയാതെ മഞ്ജു മരവിച്ച് നിന്നു പോയി.

~ സജി തൈപ്പറമ്പ്.