സ്വർണചെയിൻ
Story written by Arun Karthik
=============
നാളെ നമുക്കൊന്നിച്ചു നിന്റെ വീട്ടിലേക്കു പോകാമെന്നു ഹരിയേട്ടൻ പറഞ്ഞത് കേട്ട് ആതിര സന്തോഷം കൊണ്ടു തുള്ളിച്ചാടി.
വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ട് ആകെ ഒരുവട്ടം മാത്രമേ ആതിരയ്ക്ക് വീട്ടിൽ പോകാൻ സാധിച്ചിരുന്നുള്ളു..
വിരുന്ന് വരവെന്ന ചടങ്ങിന് വേണ്ടിമാത്രം അവിടെനിന്ന് കഴിച്ചുകൂട്ടിയ ഹരിയേട്ടൻ പിന്നൊരു വാക്ക് പോലും വീട്ടിൽ പോകുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നില്ല.
എപ്പോഴും ബിസിനസ് തിരക്കുകൾ പറഞ്ഞു കൊണ്ടിരുന്ന ഹരിയേട്ടനോട് പിന്നീടങ്ങോട്ട് ആതിരയും വീട്ടിൽപോകുന്നതിനെ കുറിച്ച് സംസാരിക്കാതെയായി.
ഇത്തവണ ഏതായാലും രണ്ടുദിവസമെങ്കിലും ഹരിയേട്ടനെ അവിടെ പിടിച്ചു നിർത്തണം, സിറ്റിയിലെ ബോറൻ സ്വഭാവമെല്ലാം എന്റെ ഗ്രാമത്തിന്റെ ഭംഗിയിലും പച്ചപ്പിലും മാറ്റിയെടുക്കണം.
അമ്മയ്ക്ക് കാലിലെ നീര് വീണ്ടും കൂടിയിട്ടുണ്ടെന്നാണ് ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നത്, പോകുമ്പോൾ പുരട്ടാൻ ബാമോ ഓയിൽമെന്റോ മേടിച്ചു കൊണ്ടു പോവണം. അനിയൻ ഒരുത്തൻ ഉള്ളത് ഇപ്പോഴും കാള കളിച്ചു നടക്കുകയാണ്. പിന്നെ, ഇത്തവണ സിന്ധുവാന്റിയും വന്നിട്ടുണ്ട്. സിറ്റിയിലെ ചൂട്…. നാട്ടിൽ ചെന്നിട്ടു വേണം ഒന്ന് കുളത്തിൽ പോയി നീരാടാൻ…
ഓരോന്ന് ആലോചിച്ചു കൂട്ടുന്നതിനിടയിൽ ആതിര എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
വെളുപ്പിനെ അഞ്ചുമണിയുടെ അലാറത്തിന്റെ ബീബ് ബീബ് ശബ്ദം കേട്ട് കൊണ്ടാണ് ആതിര ചാടിയെഴുന്നേറ്റത്.. രാവിലെ ഹരിയേട്ടന് ചായ കൊടുത്തതിനു ശേഷം വീടുപണികളും ചെയ്തു തീർത്തു കുളിക്കാനായി ബാത്റൂമിൽ കയറി.
കുളികഴിഞ്ഞു വന്നു തന്റെ ഇഷ്ടനിറമായ മെറൂൺ നിറത്തിലുള്ള സാരിയെടുത്തു കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ ആതിരയുടെ മനസ്സിൽ അവളുടെ കണ്ണാടിഗ്രാമവും അമ്മയും അനിയനും ആയിരുന്നു.
മനസ്സിലെ വെപ്രാളം കൊണ്ടാവാം സാരിയുടെ ഞൊറി തിരിച്ചും മറിച്ചും ഉടുത്തിട്ടും ശരിയാവാതെ വന്നപ്പോൾ സേഫ്റ്റിപിന്നും വായിൽ കടിച്ചുപിടിച്ചു കൊണ്ട് ആതിര വരാന്തയിലേക്ക് ചെന്നത്.
വീട്ടിൽ പോകുവാണോന്നുള്ള അയൽവക്കത്തെ ലക്ഷ്മിയേടത്തിയുടെ ചോദ്യം കേട്ടപ്പോൾ സന്തോഷം കൊണ്ടാണോ മറുപടി പറയാൻ തുടങ്ങിയാത് കൊണ്ടാണോ എന്നറിയില്ല, ആതിര കടിച്ചു പിടിച്ചിരുന്ന സേഫ്റ്റിപിൻ തെറിച്ചു താഴേക്കു വീഴുന്നുണ്ടായിരുന്നു.
“അതേ ഞങ്ങൾ എന്റെ വീട്ടിൽ പോകുവാ”ണെന്നു മറുപടി പറയുന്ന ആതിരയുടെ മുഖത്തേക്ക് വേഷം മാറിവന്ന ഹരി നോക്കിയപ്പോൾ ഓണംബമ്പറിന്റെ ഒന്നാം സമ്മാനം അടിച്ചവളുടെ തിളക്കമായിരുന്നു ആതിരയ്ക്ക്….
വീട് പൂട്ടി കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് വിരുന്നിനു പോയപ്പോൾ കൊണ്ടു വച്ച തൈവാഴയുടെ മുകളിലേക്ക് ആതിരയുടെ കണ്ണ് ചെന്നെത്തുന്നത്. അതിൽ കായ്ച്ചു മൂത്തു കിടക്കുന്ന വാഴക്കുല അവളെ നോക്കി മാടി വിളിക്കുന്നത് പോലെ ആതിരയ്ക്ക് തോന്നി.
ലക്ഷ്മിയേടത്തിയുടെ കയ്യിൽ നിന്നും വെട്ടുകത്തി മേടിച്ചു ആ വാഴകുല വെട്ടി ഉയർത്തി പിടിച്ചു കാറിന്റെ ഡിക്കിയിലേക്കു ആതിര വയ്ക്കുന്ന കാഴ്ച ബാഹുബലി സിനിമയിൽ ശിവലിംഗം ഉയർത്തികൊണ്ടു വരുന്ന പ്രഭാസിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു….
ഇതിന്റെയൊക്കെ ആവശ്യമുണ്ടോന്നുള്ള ഹരിയുടെ ചോദ്യത്തിന് “എന്നാ ബേക്കറി എണ്ണപലഹാരങ്ങൾ മേടിച്ചാലും ഇവന്റെ ഏഴയലത്തു വരില്ല എന്റെ ഹരിയേട്ടാ” എന്നായിരുന്നു അവളുടെ മറുപടി.
ലക്ഷ്മിയേടത്തിയോട് വീട് നോക്കണെന്ന് പറഞ്ഞു യാത്ര ചോദിക്കുമ്പോഴും ജനലുകളും വാതിലുകളും അടച്ചെന്ന് ഉറപ്പുവരുത്താനും അവൾ മറന്നിരുന്നില്ല.
കാറിനുള്ളിലെ പാട്ടു മാറ്റിയിടാൻ ബോക്സ് തുറന്നു ഡിസ്ക് തിരയുമ്പോഴാണ് അതിനുള്ളിൽ ഹരിയേട്ടന്റെ സ്വർണചെയിൻ ഇട്ടിരിക്കുന്ന കാഴ്ച അവൾ കണ്ടത്..
വീട്ടിലേക്ക് പോകാൻ വലിയ ആർഭാടം ഒന്നും വേണ്ടെന്നു ഹരി പറയുമ്പോഴും കാർ നിർത്തിച്ചു സ്വർണചെയിൻ എടുത്തു ഹരിയുടെ കയ്യിൽ കെട്ടിച്ചപ്പോഴാണ് അവൾക്ക് സമാധാനമായത്.
വീട്ടിലെത്തി ഹരിയേട്ടന്റെ ചെയിനുള്ള കൈഉയർത്തി പിടിച്ചു ആതിര സിന്ധുവാന്റിയോട് സംസാരിക്കുമ്പോൾ അത് കുറച്ചു പൊങ്ങച്ചം കാണിക്കാനുള്ള നീക്കമാണെന്ന് ഹരിക്കും തോന്നിതുടങ്ങിയിരുന്നു..
വീടിനു മുറ്റത്തെ മൂവാണ്ടൻ മാവിൽ നിന്നും അനിയനെ കൂട്ടി മാങ്ങാ പറിച്ചു ഉപ്പുംകൂട്ടി കഴിക്കുമ്പോഴും അമ്മയുടെ കാലിൽ ബാം പുരട്ടി അമ്മയോട് കൊഞ്ചുമ്പോഴും ആ പഴയ കുട്ടിയായി മാറുകയായിരുന്നു ആതിര.
അടുത്ത ദിവസം കുളത്തിൽ കുളിക്കാൻ പോകാൻ ഹരിയെ നിർബന്ധിച്ചു വിളിക്കുമ്പോൾ ആതിരയുടെ അനിയനും സിന്ധുവാന്റിയും മകൾ സീതയും പോകാൻ തയ്യാറായി നില്പുണ്ടായിരുന്നു.
വസ്ത്രങ്ങളെല്ലാം തിരുമ്മിയിട്ടതിനു ശേഷം പുറകിലൂടെ ചെന്ന് തലേക്കെട്ട് കെട്ടി നടയിലിരുന്ന ഹരിയെ അവൾ കുളത്തിലേക്ക് തള്ളിയിട്ടുകൊണ്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു..
അപ്രതീക്ഷിതമായ തള്ളലിൽ കുളത്തിലെ രണ്ടുകവിൾ വെള്ളം ഹരി കുടിച്ചെങ്കിലും സിന്ധുവാന്റിയുള്ളതുകൊണ്ട് മാത്രം ഹരിയുടെ വായിലെ ഭരണിപാട്ട് അവൾ കേട്ടില്ല.
കുറച്ചു കഴിഞ്ഞു നോക്കിയപ്പോഴാണ് ഹരിയുടെ കയ്യിലെ ചെയിൻ കാണാതെ പോയെന്ന വിവരം എല്ലാവരും അറിയുന്നത്. ആതിര ഹരിയെ തള്ളിയിടുന്നതിനു മുൻപ് വരെ ഹരിയുടെ കയ്യിൽ ചെയിൻ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞതോടെ ആതിരയുടെ ഉള്ളം പിടഞ്ഞു. എല്ലാവരും കുളത്തിൽ ഇറങ്ങി ചെയിൻ തപ്പാൻ തുടങ്ങി. വെള്ളത്തിൽ ചെളിനിറഞ്ഞതു കൊണ്ടു ഒന്നും നേരാവണ്ണം കാണാനും സാധിക്കുമായിരുന്നില്ല.
എല്ലാവരും ഊർജിതമായി തിരഞ്ഞുകൊണ്ടിരുന്നെങ്കിലും നേരം ഇരുട്ടാൻ തുടങ്ങിയത് കൊണ്ടു എല്ലാവരും തിരിച്ചു വീട്ടിലേക്കു പോയി..
എല്ലാവരുടെയും സങ്കടം കണ്ടപ്പോൾ ഹരി പറയുന്നുണ്ടായിരുന്നു ആരും നിരാശപ്പെടേണ്ട. അതു പോട്ടെന്ന്.. സാരമില്ല….
ആതിരയുടെ ഭാഗത്ത് തെറ്റ് മൂലം ആണെന്ന് ഓർത്തപ്പോൾ അവൾക്കു പൊട്ടികരയാൻ തോന്നി. അവളെ ഹരി സമാധാനിപ്പിച്ചെങ്കിലും അവളുടെ നീറ്റൽ മാറിയിരുന്നില്ല.
പിറ്റേ ദിവസം പുറപ്പെട്ടു പോകേണ്ടത് കൊണ്ടു ആതിര സിന്ധുവാന്റിയെയും മകളെയും കൂട്ടി വെളുപ്പിനെ ടോർച് കയ്യിൽ പിടിച്ചു ഒരു മണിക്കൂർ തിരഞ്ഞു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം..
ആ ചെയിൻ തിരിച്ചു തന്നാൽ നേർച്ച നടത്തി തരാമെന്ന് ആതിരയും സിന്ധുവാന്റിയും നേർന്നെങ്കിലും നിരാശ തന്നെയായിരുന്നു ഫലം..
അവരോടു യാത്ര പറഞ്ഞു കാറിൽ സഞ്ചരിക്കുമ്പോഴും ഹരിക്ക് ഒരു വിഷമം പോലും ഇല്ലാത്തതു ആതിരയെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു..
അതെന്താ ഹരിയേട്ടന് ഒരു വിഷമം പോലും ഇല്ലാത്തതെന്ന് അവൾ ചോദിക്കുമ്പോൾ ഹരി പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു..
കാര്യമെന്താണെന്നറിയാതെ കണ്ണും മിഴിച്ചിരിക്കുന്ന അവളോട് ഹരി പറയുന്നുണ്ടായിരുന്നു… പിന്നെ ചിരിക്കാതെ എന്തു ചെയ്യും… മുക്കുപണ്ടം കളഞ്ഞു പോയാൽ ആരെങ്കിലും കരയുമോ… ആ ചെയിൻ വെള്ളത്തിൽ കിടന്നു കിട്ടരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന.. അതെങ്ങാനം കിട്ടിയാൽ കളറിളകി മൊത്തം അവരുടെ മുന്നിൽ നാണം കെട്ടു പോയേനെ…
നേർന്ന നേർച്ചയെല്ലാം തിരിച്ചെടുത്തിട്ട് അത് ഒരു കാലത്തും പൊങ്ങി വരരുതേ എന്നായി പിന്നീട് ആതിരയുടെ പ്രാർത്ഥന…
~ കാർത്തിക്