സുലുവിന്റെ കണ്ണ് നിറഞ്ഞിരുന്നു.അലിയുടെ മുഖത്ത് സങ്കടത്തിന്റെ അലകൾ ഇടക്കിടെ മിന്നിമറഞ്ഞു…

അമിറ

Story written by Navas Amandoor

==============

“അമിറയെ കാണാൻ ഹോസ്റ്റലിൽ ഇടയ്ക്കിടെ ഒരു പയ്യൻ വരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. നിങ്ങളൊന്ന് ഇവിടെ വരെ വന്ന് കാര്യങ്ങൾ ചോദിച്ചറിയണം.”

നഗരത്തിലെ അറിയപ്പെടുന്ന കോളേജിലാണ് അലി അമിറയെ പഠിക്കാൻ വിട്ടത്.

എന്നും കോളേജിലേക്കുളള യാത്രയുടെ ബുദ്ധിമുട്ടുകൾ കാരണം, മകളുടെ പഠനകാര്യത്തിൽ അതീവ ശ്രദ്ധാലുവായ അലിയുടെ തീരുമാനമാണ് മകളെ കോളേജ്ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുക എന്നത്.

അലിയുടെ തീരുമാനങ്ങളുടെ മുകളിൽ കിട്ടിയ പ്രഹരമായിരുന്നു സിസ്റ്ററുടെ വാക്കുകൾ.

ഹോസ്റ്റലിലേക്ക് അവളെ കാണാനും മിണ്ടാനും ഒരു പയ്യൻ വരാറുണ്ടെന്ന് സിസ്റ്റർ വിളിച്ചു പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കാതെ സുലുവിനെയും കൂട്ടി മോളെ കാണാൻ യാത്രയായതും അവളോടുള്ള ഇഷ്ടവും കരുതലും കൊണ്ടാണ്.

‘നമ്മടെ മോൾ അങ്ങനെയൊക്കെ ചെയ്യോ ഇക്ക…?”

“നമുക്ക് അവളോടുതന്നെ ചോദിക്കാം. കൂലിപ്പണിയെടുത്ത് കിട്ടുന്ന കാശ് തികയാതെ വന്നിട്ടും വളരെ കഷ്ടപ്പെട്ടാ ഞാൻ അവളെ പഠിപ്പിക്കുന്നത്.. അവൾ പഠിക്കാൻ ആഗ്രഹിച്ചപ്പോൾ വേണ്ടെന്ന് പറയാൻ കഴിഞ്ഞില്ല.. പെൺകുട്ടികൾ പഠിക്കണം. ഒരു ജോലിയൊക്കെ ഉണ്ടായാൽ കെട്ടിച്ചു വിട്ടാലും ആരുടെ മുൻപിലും ആവശ്യങ്ങൾക്ക് വേണ്ടി തല കുനിച്ചു നിക്കണ്ടല്ലോന്നോർത്ത്… എന്നിട്ടിപ്പോ..”

“ഇക്ക വിഷമിക്കല്ലേ.. നമ്മടെ മോൾ അങ്ങനെയൊന്നും ചെയ്യില്ല.. ഇത് സിസ്റ്റർക്ക് ആള് മാറിയതാവും.”

സത്യമെന്താണെന്ന് അവളിൽ നിന്ന് അറിയണം.

ഇങ്ങനെയൊക്കെ കേട്ടിട്ടുണ്ട്. വാർത്തകളിൽ ഓരോന്ന് കാണുമ്പോൾ പടച്ചോനോട്‌ പ്രാർത്ഥിക്കാറുണ്ട്.എന്റെ മകൾക്ക് അങ്ങനെയൊന്നും തോന്നിക്കല്ലേന്ന്.എന്നിട്ടിപ്പോ ആ മോളെ പറ്റിയാ ഇങ്ങനെയൊക്കെ കേട്ടത്..

വണ്ടി ഹോസ്റ്റലിൽ എത്തും വരെ രണ്ടാളും ഒന്നും മിണ്ടിയില്ലെങ്കിലും ചിന്തകൾ അവർക്ക് മുൻപേ സഞ്ചരിച്ചു.

ഗേറ്റിന് മുൻപിൽ വണ്ടി നിർത്തി അലിയും സുലുവും ഇറങ്ങി.

“”ആരാണ്…?”

“ഞങ്ങടെ മോൾ ഇവിടുണ്ട്.. സിസ്റ്റർ വിളിച്ചിട്ടാ വന്നത്.”

വാച്ച്മാൻ ഗെയ്റ്റ് തുറന്നു കൊടുത്തു.

ഓഫീസിൽ ചെന്നപ്പോൾ സിസ്റ്റർ എന്തോ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്.

“സിസ്റ്ററെ അമിറയെ ഒന്ന് കാണണം.”

“നിങ്ങൾ അവളോട് ദേഷ്യപ്പെടരുത്.. ഒരു മയത്തിലൊക്കെ കാര്യങ്ങൾ ചോദിക്കണം.”

“കിടന്നാൽ ഉറക്കം വരില്ല.. അതാ ഇപ്പോൾ തന്നെ പോന്നത്.. ആകെ ഒരെണ്ണത്തിനെയാ പടച്ചോൻ തന്നത്.. അവൾക്ക് വേണ്ടുവോളം സ്‌നേഹം കൊടുത്ത് വളർത്തി.. ഇങ്ങനെയൊക്കെ കേട്ടാൽ സഹിക്കാൻ പറ്റില്ല സിസ്റ്ററെ.”

അപ്പോഴേക്കും അമിറ മുറിയിൽ നിന്നും ഇറങ്ങി ഗോവണിപ്പടിയിറങ്ങി പുറത്ത് വന്നു നിന്നു.

അലിയും സുലുവും മോളെ നോക്കി.

സുലുവിന്റെ കണ്ണ് നിറഞ്ഞിരുന്നു.അലിയുടെ മുഖത്ത് സങ്കടത്തിന്റെ അലകൾ ഇടക്കിടെ മിന്നിമറഞ്ഞു.

പുറത്ത് വരാന്തയിലിട്ട ബെഞ്ചിൽ നടുക്ക് മകളെ ഇരുത്തി രണ്ടുപേരും ഇരുന്നു.

“അറിയാലോ.. ഞങ്ങൾക്ക് നീയേ ഉള്ളൂ.. നീയാ ഞങ്ങളെ പ്രതീക്ഷയും സ്വപ്നവും.”

“വാപ്പിച്ചി… അങ്ങനെ നിങ്ങളെയൊക്കെ ഞാൻ വിഷമിപ്പിക്കോ..? എനിക്ക് ഈ ഭൂമിയിൽ ന്റെ ഉമ്മിച്ചിയെയും വാപ്പിച്ചിയെയും കഴിഞ്ഞല്ലേ വേറെ എന്തും ഉള്ളൂ..?”

മൂന്നു പേരുടെയും കണ്ണുകളിൽ ഒരേ സമയം കണ്ണീർ വന്നത് ആ മൂന്നുപേരും ഒന്നായത് കൊണ്ടാണ്.

“അപ്പൊ സിസ്റ്റർ പറഞ്ഞത്..?”

“അത് നേരാണ്.. നിസാം എന്നെ കാണാൻ ഇടക്കൊക്കെ വരാറുണ്ട്.. ഇഷ്ടമാണെന്ന് പറഞ്ഞു.ഞാൻ അവനോട് ന്റെ വാപ്പയോട് പറയൂ .. എന്നാ പറഞ്ഞത്.. വാപ്പിക്കും ഉമ്മിക്കും ഇഷ്ടമില്ലാത്തത്.. എനിക്ക് വേണ്ട.”

ഹോസ്റ്റലിൽ നിന്ന് തിരിച്ചു പോരുമ്പോൾ മനസ്സിൽ നിറയെ സന്തോഷമാണ്.

“നമ്മളെ മോൾ നമ്മൾ കരുതിയപോലെയല്ല ഇക്കാ..”

“അവൾ ന്റെ മോളല്ലേ.. അവൾക്ക് അങ്ങനല്ലേ പറ്റൂ..അവൾ നമ്മുടെ രാജകുമാരിയല്ലേ.”

പിറ്റേന്ന് അളിയനെയും കൂട്ടി അലി നിസാമിന്റെ വീട്ടിൽ പോയി.

നിസാം അവരെ സന്തോഷത്തോടെ സ്വീകരിച്ചു.

“നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാണെങ്കിൽ… ഞങ്ങൾക്കും സമ്മതമാണ്.. പക്ഷെ ഇപ്പൊ കല്യാണം നടത്താൻ പറ്റില്ല.. അവൾ പഠിക്കട്ടെ.. അതുമല്ല ന്റെ കയ്യിൽ ഒന്നൂല്ല ഇപ്പൊ അവൾക്ക് കൊടുക്കാൻ.”

“ഹേയ്.. ഞങ്ങൾക്ക് അമിറയെ ഇങ്ങോട്ടു തന്നാൽ മതി.. ഇവൻ പഠിപ്പിച്ചോളും.. വേറെയൊന്നും വേണ്ട.”

നിസാമിന്റെ ഉമ്മ പറഞ്ഞത് കേട്ടപ്പോൾ അലിയുടെ മനസ് പറഞ്ഞു.. ‘അവളെ പടച്ചോൻ എത്തിച്ചത് നല്ലൊരു വീട്ടിൽ തന്നെയാണ്’.

“ഇനിപ്പോ ഞാൻ എന്താ പറയാ…”

“ഇവന്റെ വാപ്പ മരിച്ചിട്ട് കുറേ കഷ്ടപ്പെട്ടാ ഞാൻ എന്റെ മോനെ വളർത്തിയത്.. ആ മോൻ ഒരിക്കലും പെണ്ണിന് വില പറയില്ല.മോളെ ഞാൻ കണ്ടിട്ടുണ്ട്.. അവളെ ഞാൻ നോക്കിക്കോളാം..”

അലിയുടെ കണ്ണ് നിറഞ്ഞു. ഈ സമയത്ത് സുലു കൂടി ഉണ്ടാവണമായിരുന്നെന്ന് അലിക്ക് തോന്നി.

പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല.കുറച്ചു ദിവസങ്ങൾക്കു ശേഷം പള്ളിയിൽ വെച്ച് നിസാമിന് അമിറയെ നിക്കാഹ് ചെയ്തു കൊടുത്തു.

കല്യാണപ്പന്തലോ ആർഭാടങ്ങളോ ഇല്ലാതെ ആളും ആരവങ്ങളും ഇല്ലാതെ അകലം പാലിച്ചു രണ്ട് മനസ്സുകൾ ന്നായി.

നിക്കാഹ് കഴിഞ്ഞു ഉച്ചക്ക് ബന്ധുക്കൾക്കും അയൽവാസികൾക്കും മാത്രമായി ഭക്ഷണമൊരുക്കി.

അതിന്റെ ഇടയിൽ അമിറയുടെ മൊബൈൽ ബെല്ലടിക്കുന്നത് കേട്ടപ്പോൾ അലി മൊബൈൽ എടുത്തു ചെവിയോട് ചേർത്തു.

“അമി ..നീ ഇങ്ങോട്ട് ഒന്നും പറയണ്ട.. ആരെങ്കിലും കേൾക്കും…നിക്കാഹൊക്കെ കഴിഞ്ഞ് സമാധാനമായല്ലോ ല്ലേ..എന്നാലും നിങ്ങൾ രണ്ടു മാസം മുൻപ് രജിസ്റ്റർ മാരേജ് കഴിഞ്ഞത് ആരോടും പറയണ്ട. ഇനിയെങ്ങാനും നിന്റെ വാപ്പച്ചിയോ ഉമ്മച്ചിയോ അറിഞ്ഞാൽ അവർക്ക് സഹിക്കില്ല. പിന്നെ സർട്ടിഫിക്കറ്റ് ആരും കാണാതെ നോക്കണം…”

ഫോൺ കട്ട്‌ ചെയ്തു അലി മൊബൈൽ അവിടെത്തന്നെ വെച്ചു.

“വാപ്പാക്ക് ഇഷ്ടമില്ലാത്തത് എനിക്ക് വേണ്ട.. നിങ്ങളെക്കാൾ വലുതായിട്ട് എനിക്ക് ഈ ഭൂമിയിൽ ഒന്നുമില്ല.”

മകളുടെ വാക്കുകൾ അലിയുടെ ചെവിയിൽ മുഴങ്ങി. ഹൃദയമിടിപ്പ് കൂടി കണ്ണുകൾ നിറഞ്ഞു. മകൾ അതിസമർത്ഥമായി പറ്റിച്ചിരിക്കുന്നു.

അലി സുലുവിനോട് ഒന്നും പറഞ്ഞില്ല.അല്ലെങ്കിലും എന്താണ് പറയുക…? അവൾ വാപ്പയെയും ഉമ്മയെയും പറ്റിച്ചെന്നോ..? അതോ നമ്മുടെ മോൾക്ക് നമ്മളെ വിശ്വസമില്ലെന്നോ..?

അന്ന് വൈകുന്നേരം നിസാമും അമിറയും നിസാമിന്റെ വീട്ടിലേക്ക് പോകാൻ വണ്ടിയിൽ കയറാൻ നേരം അമിറ ഉമ്മിച്ചിയെ കെട്ടിപിടിച്ചു കരഞ്ഞു.ജനിച്ചു വളർന്ന വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്ന പെണ്ണിന്റെ സങ്കടം.

അവൾ വാപ്പയുടെ മുന്നിലെത്തി.

വാപ്പയെ നോക്കി..

വാപ്പ മോളേയും…

ജീവന്റെ ജീവനായി നെഞ്ചിൽ കിടത്തി വളർത്തി വലുതാക്കിയ പൊന്നുമോൾ. ഇന്നലെവരെ അവളുടെ അവകാശി വാപ്പയായിരുന്നു.ഇന്നുമുതൽ എല്ലാത്തിനും മാറ്റം വരും.

അമിറ വാപ്പയെ കെട്ടിപ്പിടിച്ചു.. വാപ്പയും മോളും കരഞ്ഞു.ആ കരച്ചിലിനിടയിൽ പതുക്കെ ആരും കേൾക്കാതെ വാപ്പ അവളുടെ കാതിൽ പറഞ്ഞു.

“വാപ്പിച്ചിക്ക് ക്ഷമിക്കാൻ പറ്റും.. ന്റെ മോള് ഞങ്ങളെ പറ്റിച്ചാൽ.. പക്ഷെ ഉമ്മിച്ചിക്ക് അത് സങ്കടമാവും.. എന്തിനാ മോളേ..ഇങ്ങനെയൊക്കെ…? മോളുടെ ഏതെങ്കിലും ഇഷ്ടത്തിന് വാപ്പിച്ചി എതിര് നിന്നിട്ടുണ്ടോ..? എന്തായാലും എന്റെ മോൾ സന്തോഷമായി ജീവിക്കുക. വേറൊന്നും വാപ്പിച്ചിക്ക് പറയാനില്ല..”

അത് കേട്ടപ്പോൾ അവൾ ഞെട്ടി പെട്ടെന്ന് കൈയെടുത്തു വാപ്പിച്ചിയെ നോക്കി. കണ്ണൊക്കെ ചുമന്നിട്ടുണ്ട്…

ഇത്രയും സങ്കടത്തോടെ അവൾ വാപ്പിച്ചിയെ കണ്ടിട്ടില്ല.

കാറിൽ ഇരിക്കുമ്പോഴും അവളുടെ കണ്ണുകളിൽ വാപ്പിയുടെ മുഖം തന്നെയാണ്. മനസ്സ് കൊണ്ട് ഒരായിരം തവണ മാപ്പു പറഞ്ഞു.

“ഞാൻ പറഞ്ഞതല്ലേ എല്ലാരും സമ്മതിക്കും രജിസ്റ്റർ ചെയ്യണ്ടെന്ന്.. ന്റെ വാപ്പ.. ആ മുഖം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല..”

“സാരമില്ല മോളേ .. എന്റെ ഉമ്മ ആദ്യമൊന്നും സമ്മതിച്ചില്ല. അതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊരു തീരുമാനം എടുത്തത്. നമ്മൾ രജിസ്റ്റർ മേരേജ് ചെയ്തത് ഉമ്മയോട് പറഞ്ഞത് കൊണ്ട് മാത്രമാണ് നിന്റെ വാപ്പ വീട്ടിൽ വന്നപ്പോൾ ഉമ്മ അങ്ങനെ സ്വീകരിച്ചത്.. അല്ലെങ്കിൽ എല്ലാം അന്നു തന്നെ തീരുമായിരുന്നു.

അവർ പുതിയ ജീവിതത്തിലേക്കുള്ള യാത്രയിലാണ്.നമുക്ക് അവരെ ആശംസിക്കാം.. അമിറയുടെയും നിസാമിന്റെയും ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ.

~ നവാസ് ആമണ്ടൂർ