സാറാമ്മ
Written by Rinila Abhilash
============
….പേര് കേൾക്കുമ്പോൾ തന്നെ ചില നാട്ടുകാർക്കെങ്കിലും പേടിയാണ് സാറാമ്മയെ….
സാറാമ്മ എന്റെ അമ്മായിയമ്മ ആണ്…ആന്റോ ചേട്ടന്റെയും ആന്റണി ( അനിയനാണ് )യുടെയും അമ്മച്ചി….
മക്കൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾ അപ്പച്ചൻ മരിച്ചു. തന്റേടത്തോടെ മക്കളെ വളർത്തിയ അമ്മച്ചി….
അമ്മച്ചി എപ്പോളും പറയും ആന്റോ അപ്പച്ചനെ പോലെ ആണെന്ന്…തൊട്ടാവാടിയാണ്…പക്ഷെ നമ്മുടെ അനിയൻ ആന്റണി അമ്മച്ചിയുടെ തനി പകർപ്പാണ്…
പറഞ്ഞു വന്നത്…നമ്മുടെ സാറാമ്മച്ചിയെ പറ്റിയാണല്ലോ….
ഞാനും ആന്റോ യും തമ്മിൽ പ്രണയിച്ചു വിവാഹം ചെയ്തതാണ്…അങ്ങനെ പറയാനും പറ്റില്ല…ഒളിച്ചോടി കല്യാണം കഴിച്ചത് എന്ന് പറഞ്ഞാലേ ശരിയാവൂ…
ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഞങ്ങൾ രാത്രി ഒളിച്ചോടുന്ന ചില ദൃശ്യങ്ങൾ രൂപപ്പെട്ട് കാണും. ആന്റോ പതുങ്ങി നിൽക്കവേ…ആരും കാണാതെ…രാത്രിയിൽ….
ഇവിടെയാണ് ഒരു പ്രശ്നം…സത്യത്തിൽ ഞാൻ ഒളിച്ചോടിയത് രാത്രിയിലാണെങ്കിലും സാറാമ്മച്ചിയുടെ കൂടെ ആയിരുന്നു..ആ ഒളിച്ചോട്ടം..
അക്കാര്യത്തിലേക് വരാം
ഞങ്ങളുടെ പ്രണയം വീട്ടിലറിഞ്ഞു…എനിക്ക് എന്റെ ഇച്ചായന്മാർ വേറെ കാല്യാണം ഉറപ്പിച്ചു…പാരമ്പര്യ മായി ഉയർന്ന ആളുകളെന്നു പറയുന്ന എന്റെ വീട്ടുകാർ പക്ഷെ അന്റോയെക്കൊണ്ട് എന്നെ കെട്ടിക്കുന്നതിനെ എതിർത്തു…അതിനു പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല…സാറാമ്മച്ചി മകന് വേണ്ടി എന്നെ ആലോചിക്കാൻ വീട്ടിലേക് ഒരു ദിവസം എത്തിയതും ആണ്…പക്ഷെ ഇച്ചായന്മാരും അപ്പനും…സാറാമ്മച്ചിയെ ആട്ടിപ്പുറത്താക്കി….
അങ്ങനെ…ഇരു വീടുകളിലും ഞങ്ങൾ സങ്കടപ്പെട്ട ദിവസങ്ങൾ…..
എന്റെ മനസ്സമ്മതം ഉറപ്പിച്ച ദിവസം രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുന്ന നേരത്ത്…ജനലരികിലായി ഒരു ശബ്ദം…ആന്റോയെ പ്രതീക്ഷിച്ചിരിക്കുന്ന ഞാൻ ജനൽ തുറന്നു…നോക്കിയപ്പോൾ സാറാമ്മച്ചി…പെട്ടെന്ന് ഇറങ്ങാൻ പറഞ്ഞു…ഇറങ്ങി…അടുക്കളവാതിലിൽ എത്തിയപ്പോൾ…ഒരു നിമിഷം നിശ്ചലമായി…ഇച്ചായന്റെ ഭാര്യ….
“”….ഞാനാ സാറാമ്മച്ചിയെ അറിയിച്ചത്…പേടിക്കണ്ട…ഞാനും അമ്മച്ചിയും മാത്രേ ഇതറിയൂ…പെട്ടെന്ന് പൊക്കോ…””
ഇതും പറഞ്ഞു പെട്ടെന്ന് എന്നെ തള്ളി പുറത്താക്കി ഇച്ചേച്ചി വാതിലടച്ചു…പിന്നെ സാറാമ്മച്ചിയുടെ കയ്യും പിടിച്ചു…ഞാൻ ഓടി…വഴിയിൽ ആന്റണി ബൈക്ക് ആയി നിൽപ്പുണ്ട്…മൂന്നു പേരും കേറി…വണ്ടി സ്റ്റാർട്ട്…അങ്ങനെ ആദ്യമായി ഒരു പെണ്ണ്…അമ്മായിഅമ്മയുടെ കൂടെയും അനിയന്റെ കൂടെയും ഒളിച്ചോടി………
പിന്നെ രജിസ്റ്റർ മാരിയേജ്…ഒളിവിൽ താമസം…അങ്ങനെ മാസങ്ങൾ…ആന്റണി എല്ലാത്തിനും കൂടെ തന്നെ…കാരണം നിങ്ങൾക്കറിയാമല്ലോ..ആന്റോ ഒരു തൊട്ടാവാടിയാണ്…..
അങ്ങനെ എല്ലാം ഒന്ന് ആറി തണുത്തപ്പോൾ മുതൽ സാറാമ്മച്ചിയുടെ കൂടെ നാട്ടിൽ താമസമാക്കി…..
കാണുന്നവർക് സാറാമ്മച്ചി ദേഷ്യക്കാരിയാണ്…കയർത്തു സംസാരിക്കുന്നവളാണ്…തന്റെടിയാണ്……..
പക്ഷെ…ഞങ്ങളുടെ സാറാമ്മച്ചി ഞങ്ങളുടെ എല്ലാം എല്ലാം ആണ്….
വർഷങ്ങൾ കഴിഞ്ഞു…ആന്റണി വിവാഹിതനായി..അവര്ക് 2 കുഞ്ഞുങ്ങളുണ്ടായി…….
ഞങ്ങള്ക്ക് ഒരു കുഞ്ഞുണ്ടായില്ല…..
ഒളിഞ്ഞും തെളിഞ്ഞും എന്നെ കുറ്റം പറയുന്നവർ…അപ്പനെ അമ്മനേം ധിക്കരിച്ചിറങ്ങിയ എനിക്ക് ഈ ഗതി വരുമെന്ന്…….
ആദ്യമൊക്കെ ഒരുപാട് കരഞ്ഞു…..
അപ്പോളൊക്കെ സാറാമ്മച്ചി പറയും “… ഡീ. പെണ്ണെ…കരയാൻ ആർക്കും പറ്റും…ഈ പറഞ്ഞു കളിയാക്കുന്നവർക്കും പറ്റും..ഒരിറ്റു കണ്ണീർ വീഴ്ത്തില്ല എന്ന് ഉറപ്പികാന…പാട്….ഈ അമ്മച്ചി…അതിൽ ജയിച്ചവളാ…എന്റെ മോൾക്കും അത് കഴിയണം..മനസ് ഉരുകുകയല്ല വേണ്ടത്…മനസ്സിനെ ഉരുക്കാക്കണം…….”
എന്നെ കരയാൻ അനുവദിക്കാതെ…സാറാമ്മച്ചി
പറമ്പിൽ തേങ്ങ ഇടീക്കാൻ പോകുമ്പോൾ എന്നെ കൂടെ കൂട്ടും. ചന്തയിൽ പോകുമ്പോളും പള്ളിയിൽ പോകുമ്പോളും..എന്തിനു…..എവിടെയും പോകില്ല എന്ന് ഉറപ്പിച്ച എന്നെ എല്ലാവർക്കും മുന്നിലെത്തിച്ചു…..
പച്ചമാങ്ങാ മേടിച്ചാൽ അപ്പോ ചോദ്യം….
ഒന്ന് ഹോസ്പിറ്റലിൽ പോയാൽ വീണ്ടും….
വിശേഷായോ…സാറാമ്മേ….ന്ന്…..
സാറാമ്മച്ചി എല്ലാവരെയും വഴക് പറയും…എന്നെ കളിയാക്കുന്നവരെ…എന്നെവേദനിപ്പിക്കുന്നവരെ…എന്നെ കുത്തുവാക്ക് പറയുന്നവരെ………
ആയിടക്ക്…പറമ്പിലെ ഒരു മാവ് നിറയെ പൂത്തു..നിറയെ കായ്ച്ചു…സാറാമ്മച്ചി എപ്പോളും ആ മരത്തിന്റെ അടുത്തായി..അതിനോട് സംസാരിച്…ചിരിച്…
മാവിലെ പൂക്കളെല്ലാം കായകളായി…
കണ്ണിമാങ്ങാ കൊറെയേറെ പറിച് അമ്മച്ചി അച്ചാറുണ്ടാക്കി. കൊറേ ഉപ്പിലിട്ടു..എന്നിട്ട് ഞാൻ കിടക്കുന്ന കാട്ടിലിന് അടിയിൽ ആ ഭരണി കൾ കൊണ്ട് വച്ചു…..
അന്തിച്ചു നിന്ന എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു…
“ആവശ്യം തോന്നുമ്പോ…മാവ് കായ് ക്കില്ലല്ലോ……”
എനിക്ക് ഒന്നും മനസ്സിലായില്ല……
ഒരു ദിവസം രാവിലെ എണീറ്റപ്പോൾ സാറാമ്മച്ചിയെ കാണുന്നില്ല. തൊടിയിൽ നടന്ന് പല്ല് തേക്കുന്നത് അമ്മച്ചിയുടെ ശീലമാണ്. പോയി നോക്കിയപ്പോൾ വീണു കിടക്കുന്നു. ആർത്തു വിളിച്ചപ്പോൾ ആന്റണി യും ആ ന്റോയും ഓടിയെത്തി. ഹോസ്പിറ്റലിൽ എത്തിച്ചു. പക്ഷെ…..
സാറാമ്മച്ചി പോയി..ഞാൻ കരഞ്ഞില്ല..സാറാമ്മക് സഹിക്കില്ല..അതുകൊണ്ട് ഞങ്ങളാരും കരഞ്ഞില്ല…
വീട് ഉറങ്ങിപ്പോയി….
വഴിയിലൂടെ പോകുന്ന ആർക്കും ധൈര്യമായി..സാറാമ്മച്ചി വഴക്കു പറയില്ലല്ലോ……..
രണ്ടു മാസം കഴിഞ്ഞപ്പോൾ ഞാൻ ഒരു സത്യം കൂടെ മനസ്സിലാക്കി. ഞാൻ ഒരു അമ്മയാകാൻ പോകുന്നു എന്ന്…
സാറാമ്മച്ചി ഉണ്ടായിരുന്നേൽ…വെറുതെ ഓരോന്നും ആലോചിച് കണ്ണ് നിറയുമ്പോൾ..ഓർമ വരും…മനസ്സ് ഉരുക്കല്ലേ…മനസ്സിനെ ഉരുക്കാക്കണം……
കട്ടിലിനടിയിൽ നിന്നും രാത്രിയിൽ വാതിലടക്കുമ്പോൾ നിറയുന്ന അച്ചാറിന്റെയും ഉപ്പിലിട്ടത്തിന്റെയും മണം….സാറാമ്മച്ചിയുടെ ചിരിച്ചുകൊണ്ടുള്ള നോട്ടം ഓർമയിൽ വരും….
ഒന്നും കഴിക്കാൻ പറ്റാതെ വയറു പണിമുടക്കുന്ന ഗർഭവസ്ഥയിൽ..സാറാമ്മച്ചിയുടെ അച്ചാർ..ഉപ്പിലിട്ടതു…മാത്രം കൂട്ടി..ചോറുണ്ണുന്ന ദിനങ്ങൾ..അങ്ങനെ 10 മാസം ആവാറായി……
ഞാൻ പ്രസവിച്ചു. ഒരു പെൺകുഞ്ഞിനെ…എന്റെ സാറാമ്മയുടെ അതെ മുഖം…
എന്റെ അപ്പനും അമ്മയും ഇച്ചായന്മാരും വന്നു……
ആന്റോ…കരയുന്നുണ്ടോ..ആന്റണി കുഞ്ഞിനെ നെഞ്ചിലേക് ചേർത്ത് പിടിച്ചു പറഞ്ഞു…ഇതെന്റെ ഉശിരുള്ള സാറാമ്മച്ചി തന്നെയാ…എന്ന്…ആന്റണിയുടെ ഭാര്യ ലിനി സന്തോഷത്തിലാണ്…ഒരു പെൺകുഞ്ഞിനെ അവൾ ഏറെ ആഗ്രഹിച്ചെങ്കിലും മൂന്നാമത്തെത്തും അവൾക് ആൺകുഞ്ഞായിരിന്നു……
അതെ…ഞങ്ങൾ അവൾക് സാറാമ്മ എന്ന് തന്നെ പേരിട്ടു….
അവൾ സാറാമ്മച്ചിയെപ്പോലെ ഉശിരുള്ള പെണ്ണാവണം…
കളിയാക്കുന്നവരുടെ…കുറ്റപ്പെടുത്തുന്നവരുടെ..സങ്കടപെടുത്തുന്നവരുടെ…നാവിനെ എതിർക്കാൻ കഴിയണം…പടവെട്ടി തന്നെ മുന്നേറാൻ കഴിയണം..അതോടൊപ്പം സ്നേഹിക്കുന്നവരുടെ ഉള്ളിൽ കനൽ ആവണം….
ഉശിരുള്ള സാറാമ്മയെ പോലെ…….