അത് കേട്ട് സ്നേഹയുടെ മുഖം ചുവന്നു, സ്വന്തം കാര്യം സിന്ദാബാദ്, അല്ലേലും ഈ മനുഷ്യൻ ഇങ്ങനെ തന്നെയാ…

Story written by Saji Thaiparambu

===========

ഡീ സ്നേഹേ….എൻ്റമ്മയും സുനിതയുമൊക്കെ ടൗണിൽ ജൗളിയെടുക്കാൻ വന്നിട്ടുണ്ട്, അവിടെ വന്ന സ്ഥിതിക്ക് അവര് നമ്മുടെ വീട്ടിൽ കയറിയിട്ടേ പോകു

ഈശ്വരാ..അപ്പോൾ അവര് ഊണ് കഴിക്കാനുണ്ടാവുമോ?

പിന്നില്ലാതെ? ഉച്ച സമയത്ത് അവര് കയറി വരുന്നത് ഊണ് കൂടി കഴിക്കാമെന്ന പ്രതീക്ഷയിലായിരിക്കുമല്ലോ? നീയെല്ലാം കാലമാക്കിയില്ലേ?

എല്ലാം റെഡിയാണേട്ടാ..പക്ഷേ കറികളുടെ കാര്യമാണ്?അവർക്ക് സ്പെഷ്യലായിട്ട് എന്തേലും വയ്ക്കണ്ടെ?

ഓഹ് ഇനിയിപ്പോ അതിനുള്ള സമയമൊന്നുമില്ല, ഇപ്പോൾ തന്നെ മണി പന്ത്രണ്ടരയായി, വേറാരുമല്ലല്ലോ? എൻ്റെ വീട്ടുകാരല്ലേ?

അതാണേട്ടാ..എനിക്ക് പേടി, അറിയാമല്ലോ? നിങ്ങടെ അമ്മയും പെങ്ങളും എൻ്റെ എന്തെങ്കിലും കുറ്റം കണ്ട് പിടിക്കാൻ കാത്തിരിക്കുവാ നിങ്ങള് വരുമ്പോൾ ഹോട്ടലിൽ നിന്ന് എന്തേലും നല്ല കറികൾ വാങ്ങിക്കൊണ്ട് വാ

എൻ്റെ സ്നേഹേ..അവർക്ക് സ്പെഷ്യലായിട്ട് എന്തേലും വാങ്ങാമെന്ന് വച്ചാൽ എൻ്റെ കയ്യിൽ പത്തിൻ്റെ പൈസയെടുക്കാനില്ല. പോക്കറ്റിലുണ്ടായിരുന്ന ഇരുനൂറ്റിയമ്പത് രൂപയ്ക്ക് ഡീസലുമടിച്ചോണ്ട് സ്റ്റാൻ്റിൽ വന്ന് കിടന്നിട്ട് കൈനീട്ടം പോലും ഓടീട്ടുമില്ല, പിന്നെ ഞാനെന്ത് ചെയ്യാനാ?നീയവിടെ ഉള്ളതൊക്കെ വിളമ്പിവച്ചാൽ മതി, ശരി ഞാൻ ഫോൺവയ്ക്കുവാ, അവര് വരുന്നതിന് മുമ്പ് ഞാനങ്ങെത്താം

ദിനേശൻ ഫോൺ വച്ച് കഴിഞ്ഞപ്പോൾ സ്നേഹ എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരുന്നു

മുക്കാൽ മണിക്കൂറ് കഴിഞ്ഞപ്പോൾ ദിനേശൻ ഓട്ടോറിക്ഷയുമായി സ്റ്റാൻ്റിൽ നിന്ന് തിരിച്ച് വന്നു.

നീയെന്താ സ്നേഹേ ചെയ്യുന്നത്?

അടുക്കളയിലേക്ക് വന്ന ദിനേശൻ ചോദിച്ചു

ഞാൻ കുറച്ച് ചിക്കൻ കറി വയ്ക്കുവാ

ചിക്കൻ കറിയോ ? അതിന് നിനക്ക് ചിക്കൻ വാങ്ങാനുള്ള പൈസ എവിടുന്ന് കിട്ടി?

വാങ്ങിയതല്ല, നമ്മുടെ പൂവനെ ഞാനങ്ങ് ക-ശാപ്പ് ചെയ്തു. കാശ് കിട്ടുമ്പോൾ വേറൊരെണ്ണം വാങ്ങിയാൽ മതിയല്ലോ?ദേ നിങ്ങളീ കഷ്ണം വായിൽ വച്ചൊന്ന് ടേസ്റ്റ് ചെയ്ത് നോക്കിക്കേ?

സ്നേഹ, കോഴിക്കറിയിൽ നിന്നും ഒരു കഷ്ണമെടുത്ത് അയാളുടെ നേർക്ക് നീട്ടി

ഓ…ഹ്, എന്തൊരുപ്പാടീ ഇത്? മല്ലിപ്പൊടീടെ കുത്തല് കൊണ്ടാണേൽ വായിൽ വയ്ക്കാൻ കൊള്ളില്ല

അത് കേട്ട് സ്നേഹയ്ക്ക് അരിശം വന്നു

അല്ലേലും ഞാൻ ഇറച്ചിക്കറി വച്ചാൽ എപ്പോഴാ നിങ്ങള് ഒരു നല്ല വാക്ക് പറഞ്ഞിട്ടുള്ളത് എന്ത് ചെയ്താലും കുറ്റം. നിങ്ങള് നോക്കിക്കോ ? നിങ്ങടെ അമ്മയ്ക്കും പെങ്ങൾക്കും പെരുത്തിഷ്ടമാകും

ഉം കാണാം…

ശരി കാണാം…

അവരുടെ തർക്കത്തിനിടയിൽ പുറത്ത് ഒരു ഓട്ടോറിക്ഷ വന്നു നിന്നു. അതിൽ നിന്നും ദിനേശൻ്റെ അമ്മയും സഹോദരിയും അളിയനും കൂടി ഇറങ്ങി വന്നു.

ങ്ഹാ വരു അമ്മേ..നാത്തൂനെ, എത്ര നാളായി ഒന്ന് കണ്ടിട്ട് ?

സ്നേഹ, ആദിത്യ മര്യാദയോടെ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു, അപ്പോഴേക്കും ദിനേശൻ ഇറങ്ങി വന്ന് അളിയന് ഷെയ്ക് ഹാൻ്റ് കൊടുത്തു സ്വീകരിച്ചു

എല്ലാവർക്കും നല്ല വിശപ്പ് കാണും, ഒരു കാര്യം ചെയ്യ്, കൈ കഴുകിക്കോ? ബാക്കി വിശേഷങ്ങളൊക്കെ  ഊണ് കഴിച്ചിട്ടാവാം

അതും പറഞ്ഞ് സ്നേഹ, അടുക്കളയിലേക്ക് കയറി

എല്ലാവരും കൈ കഴുകി ഡൈനിങ്ങ് ടേബിളിൽ ഇരുന്നപ്പോഴേക്കും സ്നേഹ, ചോറും കറികളുമൊക്കെ കൊണ്ട് വച്ചു

ദിനേശാ…നീ കൂടെയിരിക്ക്

അളിയൻ പറഞ്ഞു

വേണ്ടളിയാ..ഞാൻ കുറച്ച് മുൻപേ വിശന്നപ്പോൾ ടൗണീന്ന് നെയ്ച്ചോറും ഇറച്ചിക്കറിയും കഴിച്ചായിരുന്നു നിങ്ങള് കഴിക്ക്

അത് കേട്ട് സ്നേഹയുടെ മുഖം ചുവന്നു, സ്വന്തം കാര്യം സിന്ദാബാദ്, അല്ലേലും ഈ മനുഷ്യൻ ഇങ്ങനെ തന്നെയാ

അവൾ,ദിനേശനെ മനസ്സിൽ പ്രാകി…

നാത്തൂനെ..കറികളൊക്കെ ഇഷ്ടപ്പെട്ടോ? നിങ്ങള് വരുമെന്ന് കുറച്ച് നേരത്തെ അറിഞ്ഞിരുന്നേൽ എന്തേലും കൂടെ കരുതാമായിരുന്നു,

കറികൾ വിളമ്പുന്നതിനിടയിൽ സ്നേഹ ചോദിച്ചു.

എൻ്റെ സ്നേഹേ…ഞങ്ങൾക്കങ്ങനെ ഒരു പാട് കറികളൊന്നും വേണമെന്നില്ല. എന്തെങ്കിലുമൊന്നുമതി, പക്ഷേ ഇപ്പോഴും നീയൊരു ചിക്കൻ കറി വയ്ക്കാൻ പോലും പഠിച്ചില്ലെന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു

നേരാ…സ്നേഹേ…ഇങ്ങനാണോ ചിക്കൻ കറി വയ്ക്കുന്നത്?

അമ്മയും കൂടി നാത്തൂനോടൊപ്പം തന്നെ കുറ്റപ്പെടുത്തിയപ്പോൾ സ്നേഹയുടെ മുഖം മ്ളാനമായി

ചിക്കൻ കറി പോട്ടമ്മേ…ബാക്കി അവിയലും തോരനുമൊക്കെ എങ്ങനുണ്ട് ?

ദിനേശൻ ഇടയ്ക്ക് കയറി ചോദിച്ചു

ങ്ഹാ അതൊന്നും തരക്കേടില്ല, അത് നീ കടയിൽ നിന്നും വാങ്ങിയതാവുമല്ലേ?

അല്ലമ്മേ…ഇനി ഞാനൊരു സത്യം പറയട്ടെ, അതെല്ലാം സ്നേഹയുടെ പ്രിപറേഷനാണ്, ചിക്കൻ കറി മാത്രം, അവൾക്ക് സമയമില്ലാത്തത് കൊണ്ട് ഞാൻ വെച്ചതാണ്, രുചിച്ച് നോക്കിയപ്പോഴെ അവള് പറഞ്ഞായിരുന്നു നിങ്ങൾക്ക് ഇഷ്ടപ്പെടില്ലെന്ന്

ങ്ഹാ ചുമ്മാതല്ലാ…എടാ ഇതൊക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്, നീ ക്ഷമിക്ക് മോളെ അമ്മ നിന്നെ വെറുതെ കുറ്റപ്പെടുത്തി

ആഹ് സാരമില്ലമ്മേ…കുറച്ച് കൂടി അവിയല് വയ്ക്കട്ടെ?

ദിനേശേട്ടൻ തന്നെ സപ്പോർട്ട് ചെയ്ത് സംസാരിച്ച സന്തോഷത്തിൽ സ്നേഹ, അവർക്ക് അവിയല് വിളമ്പി കൊടുത്തു.

ഊണ് കഴിഞ്ഞ് കുറച്ച് നേരമിരുന്ന് കുശലം പറച്ചിലും കഴിഞ്ഞാണ് അവർ തിരിച്ച് പോകാനൊരുങ്ങിയത്

സ്നേഹേ…ഞാനിവരെ ബസ് സ്റ്റാൻ്റിൽ കൊണ്ട് വിട്ടിട്ട് വരാം

ദിനേശൻ അവരെയും കൊണ്ട് പോയപ്പോൾ സ്നേഹ അടുക്കളയിലേക്ക് പോയി

************

അല്ല ദിനേശേട്ടാ…നിങ്ങളെന്തിനാ അങ്ങനെ പറഞ്ഞത് ?

ടൗണിൽ പോയി തിരിച്ച് വന്ന ഭർത്താവിനോട് സ്നേഹചോദിച്ചു.

എങ്ങനെ ?

ചിക്കൻ കറി നിങ്ങള് വച്ചതാണെന്ന് ? അവർ വരുന്നതിന് മുമ്പ് നിങ്ങളല്ലേ എന്നെ ആദ്യം കുറ്റം പറഞ്ഞത് ?

അതേ..അത് സത്യം തന്നെയായിരുന്നുവെന്ന് അവര് കൂടി പറഞ്ഞപ്പോൾ നിനക്ക് ബോധ്യമായില്ലേ?എന്ന് വച്ച് എൻ്റെ ഭാര്യയെ മറ്റുള്ളവർ കുറ്റം പറയുന്നത് എനിക്കിഷ്ടമല്ല, അതിപ്പോൾ എൻ്റെ അമ്മയായാലും പെങ്ങളായാലും

ഓഹ്, എൻ്റെ ദിനേശേട്ടാ..അപ്പോൾ നിങ്ങൾക്കെന്നോട് സ്നേഹമൊക്കെയുണ്ടല്ലേ?

പിന്നില്ലാണ്ട് ? അത് കൊണ്ടല്ലേ? ചോറ് തികയാതിരുന്നാൽ അതിനും അവരുടെ മുന്നിൽ നീ ചെറുതാവേണ്ടെന്ന് കരുതി ഞാൻ പുറത്ത് നിന്ന് കഴിച്ചെന്ന് അവരോട് കളവ് പറഞ്ഞത്

അപ്പോൾ അത് കളവായിരുന്നോ? ഈശ്വരാ…നിങ്ങള് കഴിച്ചതാണെന്ന് കരുതി, വിശപ്പ് സഹിക്കാനാവാതെ ബാക്കിയുണ്ടായിരുന്ന ചോറും കറികളും ഞാൻ കഴിച്ച് തീർത്തല്ലോ?ഇനിയെന്ത് ചെയ്യും ?

പശ്ചാതാപത്തോടെ അവൾ ചോദിച്ചു

ഓഹ് അത് സാരമില്ലെടോ ? നീ ഉണ്ടില്ലെങ്കിലും നിൻ്റെ ഇണയെ ഊട്ടണമെന്നല്ലേ പ്രമാണം? ഞാൻ സ്റ്റാൻറിലേക്ക് പോകുമ്പോൾ വല്ലതും കഴിച്ച് കൊള്ളാം, അതോർത്ത് നീ വിഷമിക്കേണ്ട,

എൻ്റെ ദിനേശേട്ടാ..നിങ്ങളോട് ഇതിനൊക്കെ ഞാൻ എങ്ങനെയാ നന്ദി കാണിക്കേണ്ടത്?

എൻ്റെ സ്നേഹേ….ഭാര്യാഭർത്താക്കൻമാർക്കിടയിൽ നന്ദിയും കടപ്പാടുമൊന്നുമില്ല അവിടെ കലർപ്പില്ലാത്ത സ്നേഹം മാത്രമേയുള്ളു, പിന്നെ ഇടയ്ക്കിടെ ഞാൻ കുറ്റപ്പെടുത്തുന്നത് നീ കാര്യമാക്കേണ്ട, ഒരു ഭാര്യയെന്ന് പറയുന്നത്, ഭർത്താവിൻ്റെ സ്നേഹം മാത്രം പ്രതീക്ഷിച്ച് ജീവിക്കേണ്ടവളല്ല, ചിലപ്പോൾ, ഒരു നൂറ് കൂട്ടം പ്രശ്നങ്ങളുമായിട്ടായിരിക്കും, എന്നെപ്പോലെയുള്ള ഭർത്താക്കൻമാർ വീട്ടിലേക്ക് കയറി വരുന്നത്, ആ സമയത്ത്, ഉള്ളിലെ വികാരങ്ങളൊക്കെ ഇറക്കി വയ്ക്കുന്നത്, ഭാര്യയോട് ദേഷ്യം പ്രകടിപ്പിച്ചും, അവളെ കുറ്റപ്പെടുത്തിയുമൊക്കെ ആയിരിക്കും, സ്വന്തം ഭാര്യയുടെ മുന്നിലേ, അയാൾക്ക് അതിനുള്ള സ്വാതന്ത്ര്യമുള്ളു , എന്ന വിശ്വാസമാണ്, ഒരു ഭർത്താവിനെ അതിന് പ്രേരിപ്പിക്കുന്നത് , അതിനിയങ്കിലും നീ മനസ്സിലാക്കുക

അതിന് മറുപടിയൊന്നും പറയാതെ അവൾ അയാളുടെ നെഞ്ചിലേക്ക് മെല്ലെ ചാഞ്ഞു.

~സജി തൈപ്പറമ്പ്.