അല്ലെങ്കിലും കൊണ്ടുപോകാൻ പറ്റിയ ഒരു സാധനം…അവർ ശബ്ദം താഴ്ത്തിയാണത് പറഞ്ഞതെങ്കിലും വീണയതു കേട്ടു…

സഹനം…

Story written by Megha Mayuri

===========

അമ്പലത്തിൽ പോവാനായി ഡ്രസ്സുമാറി  വീണ താഴെയെത്തിയപ്പോഴേക്കും ശരതും അമ്മയും ചേച്ചിയും നിഷയും കാറിൽ കയറിയിരുന്നു കഴിഞ്ഞിരുന്നു..ഒരുങ്ങിയിറങ്ങി വന്ന അവളെ കണ്ട് ദേവകിയമ്മയുടെ മുഖം ചുളിഞ്ഞു…

“നീയെവിടേക്കാ ഒരുങ്ങിക്കെട്ടി?”

“ഞാനും……അമ്പലത്തിലേക്ക്…ഉത്സവമല്ലേ…..”

“നീ കൂടെ വന്നാലെങ്ങനെയാ?വീട്ടിലാരെങ്കിലും വേണ്ടേ…നീ പിന്നെ പോയാൽ മതി….. “

“അല്ലെങ്കിലും കൊണ്ടുപോകാൻ പറ്റിയ ഒരു സാധനം……” അവർ ശബ്ദം താഴ്ത്തിയാണത് പറഞ്ഞതെങ്കിലും വീണയതു കേട്ടു…

വാടിയ മുഖത്തോടെ അവൾ ശരതിനെ നോക്കി…നിങ്ങൾ പറഞ്ഞിട്ടല്ലേ…ഞാൻ റെഡിയായതെന്നുള്ള ധ്വനിയിൽ..എന്നാൽ അവളെയൊന്നു നോക്കുക പോലും ചെയ്യാതെ അയാൾ അമ്മയുടെ വാക്കുകളെ ശരി വച്ചു കൊണ്ട്  കാറെടുത്ത് പോയി…

ഇറങ്ങി വന്നപ്പോഴുള്ള ഉത്സാഹം മുഴുവൻ പൊയ്പ്പോയി..ഇനി പോകലൊന്നുമുണ്ടാവില്ല. ആരു കൊണ്ടുപോവാൻ?ഇനിയെന്തിന് ഒരുങ്ങിക്കെട്ടിയിരിക്കുന്നു? പോയി ഡ്രസ്സു മാറ്റാം…

എന്നും ഇങ്ങനെ തന്നെ…ഒരിടത്തും തന്നെ കൊണ്ടു പോവില്ല..അവളുടെ ആവശ്യങ്ങൾക്ക് എല്ലാം അവൾ തനിയെ തന്നെ പോകണം..കല്യാണം കഴിഞ്ഞതു മുതൽ അങ്ങനെ തന്നെ..നീണ്ട ആറു വർഷമായി…എന്നിട്ടും ഒരു മാറ്റവുമില്ല…

“ശരത്തേട്ടനുമായി എങ്ങോട്ടെങ്കിലും ഒന്നിറങ്ങാൻ ശ്രമിച്ചാൽ ഒന്നുകിൽ നിഷയ്ക്ക് അപ്പോൾ തന്നെ അത്യാവശ്യമുണ്ടാകും..അല്ലെങ്കിൽ ചേച്ചിക്ക് പോകണം…അതുമല്ലെങ്കിൽ കർക്കശമായി അമ്മ പറയും പോകണ്ട എന്ന്…..ശരത്തേട്ടനുമായി മനസു തുറന്നൊന്നു സംസാരിക്കാൻ പോലും ഇവർ സമ്മതിക്കില്ല…..ശരത്തേട്ടനാണെങ്കിൽ ഒന്നും മനസിലാവാത്ത പോലെ അഭിനയിക്കുന്നു….” അവളോർത്തു.

ഒരു കാര്യത്തിലും ആ വീട്ടിൽ വീണക്ക് അഭിപ്രായമില്ല….അവൾക്കിഷ്ടപ്പെട്ട ഡ്രസ്സുകളെടുക്കാനോ എന്തെങ്കിലും സാധനങ്ങൾ  വാങ്ങാനോ അനുവാദമില്ല..വീണയുടെ വീട്ടുകാർ കല്യാണത്തിന് അവൾക്ക് ഇട്ടു കൊടുത്ത ആഭരണങ്ങളൊക്കെ  അവളുടെ അനുവാദം പോലും ചോദിക്കാതെ അവർ വിറ്റു….ആ സ്വർണ്ണമൊക്കെ എന്തു ചെയ്യണമെന്നുള്ളത് അവർ തീരുമാനിക്കുമത്രേ…അതിന് വീണയുടെ അനുവാദമൊന്നും ആവശ്യമില്ല എന്നാണ് ശരതിൻ്റെയും വീട്ടുകാരുടെയും പക്ഷം…അതേ സമയം മാസാമാസം അവൾക്ക് കിട്ടുന്ന ശമ്പളം ഒരു ചില്ലിക്കാശു പോലുമെടുക്കാതെ ശരത്തിന്റെ അമ്മയുടെ കയ്യിൽ കൊണ്ടു കൊടുക്കണം..അതു അയാളുടെ നിർബന്ധമാണ്…എന്നിട്ട് വീണയുടെ ആവശ്യങ്ങൾക്കായി പണം വേണ്ടി വരുമ്പോൾ അമ്മായിയമ്മയോടു കെഞ്ചണം…ഒരിക്കൽ അമ്മയുടെ കയ്യിൽ കൊടുക്കില്ല..

നിങ്ങളുടെ കയ്യിൽ തരാമെന്ന് പറഞ്ഞതിന് എന്തൊക്കെ പുകിലുകളാണവർ ഉണ്ടാക്കിയത്? വീണയുടെ അച്ഛനെ വിളിച്ചു പറയുന്നു…ബന്ധുക്കളെ വിളിച്ച് പറയുന്നു…എന്തെങ്കിലും എതിർത്തു പറഞ്ഞാൽ പിന്നെ പറയണ്ട….ഒടുവിൽ സഹികെട്ട് അച്ഛനുമമ്മയും പറഞ്ഞു..അവരു പറയുന്നത് പോലെ അനുസരിക്ക്..വെറുതെ പ്രശ്നമൊന്നുമുണ്ടാക്കേണ്ട എന്ന്..അച്ഛനമ്മമാരുടെ ഇത്തരം നിസ്സംഗഭാവമായിരിക്കും പല പെൺകുട്ടികൾക്കും ശാപമായി മാറുന്നത്..വേണ്ട സമയത്ത് ഒന്നു സംസാരിച്ചു മാറ്റിയെടുക്കാൻ പോലും ആരും തയ്യാറല്ല…

വീട്ടുപണികളിൽ ആരും ഒരു കൈ അവളെ സഹായിക്കില്ല….അമ്മ എഴുന്നേൽക്കുന്ന സമയത്തു തന്നെ എഴുന്നേറ്റില്ലെങ്കിൽ പിന്നെ അന്നത്തെ ദിവസം മുഴുവൻ അമ്മ പിറുപിറുത്തു കൊണ്ടിരിക്കും..പക്ഷേ ശരത്തിന്റെ ചേച്ചിയ്ക്കും നിഷയ്ക്കും പത്തു മണി വരെ വേണമെങ്കിലും കിടന്നുറങ്ങാം…ഓഫീസിലെ ജോലി കഴിഞ്ഞ് എത്ര വൈകി വന്നാലും വീട്ടിലെ എല്ലാ പണികളും അവൾക്കായി മാറ്റി വച്ചിട്ടുണ്ടാവും…ആരോഗ്യത്തിനു യാതൊരു തകരാറുമില്ലാത്ത അമ്മായിയമ്മയും ഭർത്താവിൻ്റെ സഹോദരിയും അവരുടെ മുതിർന്ന വിവാഹപ്രായമെത്തിയ മകളും അടക്കം മൂന്ന് സ്ത്രീകളും അവിടെ ഉണ്ടെങ്കിലും….

വല്ലാത്ത ശ്വാസം മുട്ടലാണ് ഇവിടെ..തന്റെ കാര്യങ്ങളിൽ യാതൊരു ശ്രദ്ധയും കാണിക്കാത്ത ശരത്തേട്ടൻ ചേച്ചിയുടെയും അവരുടെ മകളുടെയും കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധ കാണുമ്പോൾ സങ്കടം വരും…തനിക്കും ആഗ്രഹങ്ങളുണ്ടെന്ന് മറന്നു പോകുന്നുവോ? വീണയുടെ വീട്ടിലെ എന്തെങ്കിലും ചടങ്ങുകൾക്ക് മനസില്ലാമനസോടെ ശരത് പോയാലും അധിക സമയം അവിടെ നിൽക്കാൻ സമ്മതിക്കില്ല..കുറച്ചു കഴിയുമ്പോഴേക്കും അമ്മയുടെയോ നിഷയുടെയോ ഫോൺ വിളി വരും..അപ്പോൾ തന്നെ അവർക്ക് അത്യാവശ്യങ്ങളുണ്ടാവും. വീണയെയും വീട്ടിൽ നിൽക്കാൻ സമ്മതിക്കില്ല..

ഏക മകൻ കൈവിട്ടു പോകുമോ എന്ന വിഭ്രാന്തിയിൽ അമ്മയും സഹോദരനെ വിടാതെ പിടിച്ചു വക്കുന്ന ഭർത്താവു മരിച്ച സഹോദരിയും മകളും എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു? ഭാര്യയെയും അമ്മയെയും സഹോദരിയെയും വേണ്ട രീതിയിൽ പരിപാലിക്കാനറിയാതെ അയാളും…അമ്മയോ ചേച്ചിയോ എന്തു പറയുന്നു അതേപടി അനുസരിക്കുന്ന മകൻ…തിരുവായ്ക്ക് എതിർ വായില്ല…വീണയെയും ശരതിനെയും തമ്മിൽ അകറ്റാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു ആ വീട്ടുകാർ…അയാളാണെങ്കിൽ  കല്യാണം കഴിക്കണമല്ലോ എന്നു വിചാരിച്ച് കല്യാണം കഴിച്ചു എന്നു മാത്രമേയുള്ളൂ…എന്തിനാണ്  ഇയാൾ കല്യാണം കഴിച്ചത് എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്….നാട്ടുകാരുടെ മുമ്പിൽ പറയാൻ ഒരു ഭാര്യ….എന്നാൽ ഭാര്യയോടൊപ്പം സമയം ചിലവഴിക്കാനോ  ഭാര്യയോടൊപ്പം യാത്ര ചെയ്യാനോ സംസാരിക്കാനോ ഒന്നിനും അയാൾക്ക് താൽപര്യമില്ല…അപൂർവമായി അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ തന്നെ വീട്ടിലുള്ളവർ അതിന് ഇടങ്കോലിടുകയാണ് ചെയ്യുക…

പുറത്തിറങ്ങിയാൽ മരുമകളുടെ കുറ്റം പറയാൻ  ദേവകിയമ്മയ്ക്ക് നൂറു നാവാണ്…കൊണ്ടു വന്ന സ്ത്രീധനം കുറവാണ്..വീട്ടിൽ സഹോദരന്മാരില്ല…വീണ തിരിച്ച് എന്തെങ്കിലും പറഞ്ഞാൽ വിദ്യാഭ്യാസമുള്ളതിന്റെയും ജോലിയുള്ളതിന്റെയും അഹങ്കാരമാണെന്നും പറഞ്ഞു കുറ്റപ്പെടുത്തും…ജോലിക്കു പോകാൻ അനുവദിക്കുന്നത് തന്നെ അവരുടെ ഔദാര്യമെന്നാണ് പറച്ചിൽ…എന്തു കേട്ടാലും ഒന്നും കേൾക്കാത്ത മട്ടിലിരിക്കണം…പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് മകൻ്റെ കാതിലെത്തിച്ച് മകൻ അതിൻ്റെ ദേഷ്യം മരുമകളോട് തീർത്താൽ അവർക്ക് അത്രയും സന്തോഷം…സഹികെട്ട് വല്ലതും മറുപടി പറഞ്ഞു പോയാൽ നിന്റെ വീട്ടിൽ നിന്നെന്തു കപ്പലു കൊണ്ടുവന്നിട്ടാണെന്നു ചോദിച്ചു അരയും തലയും മുറുക്കി വരും…ഒരുങ്ങിയിറങ്ങി പോയാൽ അതും കുറ്റം…

ആറു വർഷമായിട്ടും കുട്ടികളുണ്ടാവാത്തതിന്റെ പേരിൽ എല്ലാ ചടങ്ങുകളുടെ ഇടയിൽ വച്ചും വീണയെ കളിയാക്കുക അവരുടെ ഹോബിയാണ്…എല്ലാ നല്ല ദിവസങ്ങളിലും അവളെ കരയിക്കുമായിരുന്നു അവർ…മകന് കുട്ടികളുണ്ടാവില്ല എന്ന കുഴപ്പം മറച്ചു വച്ച്   വിദഗ്ധമായി അതിന്റെ കുറ്റം  വീണയുടെ തലയിൽ കെട്ടിവയ്ക്കാൻ അവർക്കൊരു മടിയുമുണ്ടായില്ല…കുട്ടികളില്ലാത്തവർ വൃത്തിക്ക് വേഷം ധരിച്ച് നടക്കാൻ പാടില്ല, ചിരിച്ചു കളിച്ച് ആരോടും സംസാരിക്കാൻ പാടില്ല…എപ്പോഴും മുഖത്ത് ദു:ഖം വേണം…എന്നൊക്കെയാണ് ഭർതൃവീട്ടുകാരുടെ വിലയേറിയ അഭിപ്രായങ്ങൾ….

സ്വന്തം വീട്ടിൽ പോയാലും എങ്ങനെയെങ്കിലും അവിടെ തന്നെ പിടിച്ചു നിൽക്കാനും താഴെയുള്ള രണ്ടു പെൺപിള്ളേരുടെ കാര്യം കൂടെ ചിന്തിക്കണ്ടേ എന്ന വീട്ടുകാരുടെ സൗജന്യമായ ഉപദേശവും….

ഒടുവിൽ അവളുടെ സ്ത്രീത്വത്തെ വരെ അപമാനിക്കുന്ന രീതിയിൽ അവർ നാലു പേരും  അപഹസിച്ചപ്പോൾ എന്നെന്നേക്കുമായി വീണ അവിടുന്നിറങ്ങി..രണ്ടു വർഷത്തിനുള്ളിൽ  വിവാഹമോചനം ലഭിച്ചു….

************

“നാളെ നമുക്കൊരിടം വരെ പോകണം…മോളെയും കൊണ്ട് ” സുധീഷിനോട് വീണ പറഞ്ഞു…

“എങ്ങോട്ട്?”

“എന്റെ ആദ്യ ഭർത്താവിന്റെ വീട്ടിലേക്ക് “

“ഓകെ “

പടി കയറി വരുന്ന വീണയെ കണ്ട് ദേവകിയമ്മയുടെയും ശരതിന്റെയും മുഖം വിളറി വെളുത്തു..

“നിങ്ങൾക്കല്ലായിരുന്നോ ഞാനൊരു പെണ്ണാണോ എന്ന സംശയം..ഇതാ അതിന്റെ തെളിവ്..ഞാനാണൊരുത്തന്റെ കൂടെയാ ജീവിക്കുന്നത് എന്നറിയിക്കാനാ ഞാൻ വന്നത്…..” അവൾ മോളെ എടുത്തുയർത്തി പറഞ്ഞു.

“നിങ്ങൾ കള്ളം പറഞ്ഞ് വീണ്ടും പെണ്ണു കെട്ടിയതും  നിങ്ങളുടെ കഴിവുകേട് കൊണ്ട് ഇപ്പോഴത്തെ ഭാര്യ നിങ്ങളെ വേണ്ടെന്നു വച്ചു പോയതും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനുമെതിരെ ഗാർഹിക പീ-ഡനത്തിന് കേസുകൊടുത്തതും എല്ലാം ഞാനറിഞ്ഞു…കള്ളത്തരം പറഞ്ഞു മറ്റുള്ളവരെ പറ്റിച്ചു ജീവിച്ച ശീലമല്ലേ നിങ്ങൾക്കുള്ളൂ….നന്നായി…അവരു ചെയ്തത് കുറഞ്ഞു പോയെങ്കിലേ ഉള്ളൂ….നിങ്ങളെ പോലെയുള്ള ഒരു നെറികെട്ട കുടുംബത്തിന് ഇത്രയെങ്കിലും കിട്ടിയല്ലോ…കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നല്ലേ പറയാറുള്ളത്..” പകയോടെ വീണ ശരതിനെയും ദേവകിയമ്മയെയും നോക്കി….

“എന്തായാലും നിങ്ങളോടു നന്ദിയുണ്ട്..എന്നെ ജീവിക്കാൻ പഠിപ്പിച്ചതിന്….ജീവിതത്തിന്റെ സന്തോഷം ഞാനറിയുന്നത് ഇപ്പോഴാണ്..നിങ്ങളെപ്പോലെ അമ്മക്കുട്ടിയായ ഒരുത്തൻ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയതും ഭാര്യയെ പൂർണ്ണമായും മനസിലാക്കുന്ന ഒരു പുരുഷൻ എന്റെ ജീവിതത്തിലേക്കു വന്നതും നിങ്ങൾ കാരണമാണല്ലോ..അല്ലെങ്കിൽ ഇപ്പോഴും ഈ സെൻട്രൽ ജയിലിന്റെ ഉള്ളിൽ കിടന്നു കരയാനായിരിക്കുമായിരുന്നല്ലോ എന്റെ യോഗം…അതിൽ നിന്നും രക്ഷപ്പെട്ടതിനു താങ്ക്സ്…”

അവൾ തിരിഞ്ഞു സുധീഷിനെ നോക്കി..നിറഞ്ഞ പുഞ്ചിരിയായിരുന്നു സുധീഷിന്റെ മുഖത്ത്..തന്നെ അഭിനന്ദിക്കുന്ന ഭാവം സുധീഷിന്റെ കണ്ണുകളിൽ അവൾ കണ്ടു..

“പോകാം സുധിയേട്ടാ…” വീണ സുധീഷിന്റെ കൈയും പിടിച്ച് തലയുയർത്തി തന്നെ തിരിഞ്ഞു നടന്നു..ഒരക്ഷരം മിണ്ടാതെ അവൾ പോകുന്നതും നോക്കി തറഞ്ഞു നിൽക്കാനേ ശരതിനും ദേവകിയമ്മയ്ക്കും കഴിഞ്ഞുള്ളൂ..

~മേഘ മയൂരി