അവരുടെ കണ്ണീർ കുഴച്ച ചോറ് തൂത്തുവാരി വീടെല്ലാം വൃത്തിയാക്കി കിടക്കാൻ ചെന്നപ്പോഴേക്കും അയാൾ ഉറക്കം പിടിച്ചിരുന്നു..

കരിമ്പൂതം

Story written by Arya Krishnan

==========

“ഡീ…ഒരുമ്പെട്ടോളേ..നീ എവിടെപ്പോയ് കിടക്കുവാടീ..ഇച്ചിരി തണുത്ത വെള്ളമെടുക്കാൻ പറഞ്ഞിട്ട്, ഈ കരിമ്പൂതം എങ്ങോട്ട് പോയി..” അയാളുടെ ശബ്ദമുയർന്നു..

“കൊണ്ടുവരുമെടോ..താനൊന്നടങ്ങ്..ശ്രീധരാ..”

ഒരു കുപ്പിയിൽ തണുത്ത വെള്ളവുമായി അവർ പൂമുഖത്തെത്തി..

“ആർക്ക് വായ്ക്കരിയിടാൻ പോയേക്കുവാരുന്നെടീ നീ..??”

മ-ദ്യ സേവയ്ക്കെത്തിയ അയാളുടെ സുഹൃത്ത് അവരെ അവജ്ഞയോടെ നോക്കി..വെള്ളം തറയിൽ വച്ചിട്ട് അവർ അകത്തേക്ക് പോയി..

“അല്ല ശ്രീധരാ..താൻ ഇവരെ ഇഷ്ടപ്പെട്ട് കെട്ടിയതു തന്നാണോ..?”

“അവളുടെ അച്ഛൻ കുറച്ച് പൊന്നും പണവും കൂടുതൽ തരാന്നു പറഞ്ഞപ്പോ കെട്ടിയതാടോ..താഴെയുള്ള പെങ്ങളെ അതിട്ടാ കെട്ടിച്ചത്..”

“എന്നാലും കണ്ണുകണ്ടൂടാരുന്നോ? താൻ ആ സാറാമ്മയുടെ വീട്ടിൽ ചുറ്റിത്തിരിയുന്നതിൻ്റെ കാരണം ഇപ്പോ മനസ്സിലായി..”

“അന്ന് കറുത്ത് മെലിഞ്ഞിട്ടൊരു സാധനമാരുന്നു..രണ്ട് പെറ്റപ്പോ വീർത്ത് ഭൂ-തം പോലെയായി..”

“ഉം..”

രാത്രി അയാൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോൾ സ്വീകരണ മുറിയിലെ ലാൻഡ് ഫോൺ ഉച്ചത്തിൽ  മുഴങ്ങി..മകളോട് സംസാരിക്കുന്നതിനിടയിൽ, പാത്രങ്ങൾ വീണുടയുന്ന ശബ്ദം കേട്ടവർ ഓടി വന്നു..ഊണുമേശയിലിരുന്ന ഭക്ഷണമെല്ലാം തറയിൽ ചിതറിക്കിടക്കുന്നു..അയാളുടെ എച്ചിൽ പുരണ്ട വലതുകരം അവരുടെ കരണത്തു പതിച്ചു..

“മുടിയിട്ടാണോടീ പെ-ഴച്ചവളെ ചോറുവച്ചത്..?”

തറയിൽ നിന്നും, അവരുടെ കണ്ണീർ കുഴച്ച ചോറ് തൂത്തുവാരി വീടെല്ലാം വൃത്തിയാക്കി കിടക്കാൻ ചെന്നപ്പോഴേക്കും അയാൾ ഉറക്കം പിടിച്ചിരുന്നു..

അവർ താഴെ പായ വിരിച്ചു കിടന്നു..അയാൾക്ക് അവരോട് ഏറെക്കാലമായി വെറുപ്പാണ്..വിവാഹം കഴിഞ്ഞ നാൾ മുതലേ ഒരു അവഗണനയാണ്..ശരീരത്തിൻ്റെ ഘടന മാറി തടിച്ചിയായപ്പോൾ അവഗണന വെറുപ്പായിമാറി..ഏതു നേരവും കരിമ്പൂതമെന്നു വിളിക്കാൻ തുടങ്ങി..കാരണമില്ലാതെ ചീത്തപറയാനും തല്ലാനും തുടങ്ങി..ജോലിസ്ഥലത്തെ ഒരു സ്ത്രീയുമായി അയാൾക്ക് ബന്ധമുണ്ടെന്ന് പലരും അവരോട് പറഞ്ഞു..അയാളെ ചോദ്യം ചെയ്യാനോ അയാളോടു തർക്കുത്തരം പറയാനോ അവർ മുതിർന്നില്ല..തൻ്റെ വികൃതമായ രൂപമാണ് അയാളുടെ ദേഷ്യത്തിനും വഴിവിട്ട ബന്ധങ്ങൾക്കും കാരണമെന്ന് അവർക്കറിയാമായിരുന്നു..

“മൂന്നു നേരത്തിനു അഞ്ചു നേരം വെട്ടിവിഴുങ്ങാനുണ്ടല്ലോ..എവിടേലും പോവാനിറങ്ങിയാൽ വീപ്പക്കുറ്റിപോലെ നടയ്ക്കൽ വന്നു നിന്നോളും ശവം..” പുശ്ചത്തോടെ നീട്ടിത്തുപ്പി അയാൾ പടികടന്നു പോയി..

ഉച്ചയ്ക്ക് ശേഷം ആരോ ഫോണിൽ വിളിച്ചു..റിസീവർ വലിച്ചെറിഞ്ഞവർ പുറത്തേക്കു പാഞ്ഞു പോയി..

“ഒരു സ്ട്രോക്ക് പോലെ വന്നതാ..ആ സാറാമ്മയുടെ വീടിനടുത്ത് വഴിയിൽ വീണുകിടക്കുവാരുന്നു..ആട്ടോക്കാരാ ഇവിടെ എത്തിച്ചത്..”

വീട്ടുമുറ്റത്ത് വന്നുനിന്ന ആംബുലൻസിൽ നിന്നും അവരും മകനും ചേർന്ന് അയാളെ വീൽചെയറിലേക്ക് താങ്ങിയിരുത്തി..മകനും മകളും വൈകുന്നേരം തന്നെ മടങ്ങിപ്പോയി..

അയാൾക്ക് ചൂടുകഞ്ഞി കോരിക്കൊടുക്കുമ്പോൾ അവരുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.അവരുടെ കണ്ണീർത്തുള്ളികൾ വീണ കഞ്ഞി അയാൾ ആർത്തിയോടെ കുടിച്ചു..

“എപ്പഴും കാശെടുത്ത് തരാൻ ഇവിടെ പണം കായ്ക്കണ മരവൊന്നൂല്ലമ്മേ..പിള്ളാരെ പഠിപ്പിക്കാൻ തന്നെ കഷ്ടപ്പെടുവാ..അപ്പഴാ മരുന്നും മന്ത്രോം..സർക്കാർ ആശുപത്രീന്ന് കിട്ടുന്ന മരുന്നൊക്കെ കൊടുത്താമതി..” മകൾ കൂടുതൽ പറയുന്നതിനു മുൻപ് അവർ ഫോൺ വച്ചു..

“കിട്ടിയ ശമ്പളമൊക്കെ കുടിച്ചുംപെടുത്തും കളഞ്ഞതല്ലേ..മക്കൾക്കൊന്നും സമ്പാദിച്ചതല്ലല്ലോ..ഞാൻ കടംകൊണ്ട് പൊറുതി മുട്ടി നടക്കുവാ..അമ്മ ഫോൺ വച്ചിട്ട് പോയേ..”

“സാറാമ്മയ്ക്ക് ഞാൻ കുറച്ച് കാശ് വായ്പ്പ കൊടുത്താരുന്നു..നീ ഒന്നു പോയി ചോദിക്ക്..” വ്യക്തമല്ലാത്ത ഭാഷയിൽ അയാൾ പറഞ്ഞൊപ്പിച്ചു..

“പ്ഫ…!! എനിക്കാരുടേം കാശുവാങ്ങി ജീവിക്കേണ്ട ഗതികേടില്ലടീ..കെട്ടിയോൻ തലയ്ക്കു വെളിവില്ലാതെ ഓരോന്നു പറയുന്ന കേട്ടിറങ്ങിയേക്കുന്നു പണംപിരിയ്ക്കാൻ…”

മെഡിക്കൽ ഷോപ്പിൽ കടംപറഞ്ഞ് അയാൾക്കുള്ള മരുന്നൊക്കെ വാങ്ങി അവർ വേഗം തിരിച്ചു വന്നു..രാവിലെ അയാളെ കുളിപ്പിച്ച്, ഭക്ഷണം നൽകി  പൂമുഖത്ത് കൊണ്ടിരുത്തിയിട്ട് ഒരു കൊച്ചു തൂമ്പയും പിടിച്ച് അവർ അടുത്ത വീട്ടിലെ പറമ്പിലേക്ക് നടന്നു..തൻ്റെ ആഹാരത്തിനും മരുന്നിനും വേണ്ടി അന്യൻ്റെ പറമ്പിലെ പുല്ലു ചെത്തുന്ന, തൻ്റെ കരിമ്പൂതത്തെ അയാൾ നിറകണ്ണുകളോടെ നോക്കിയിരുന്നു..ഒരുവശം കോടിയ അയാളുടെ മുഖം കുറ്റബോധത്താൽ വീണ്ടും വികൃതമായി..

************

നിങ്ങളുടെ പ്രിയപ്പെട്ടവരെ ഏത് സാഹചര്യത്തിലും ചേർത്ത് പിടിക്കുക..അവരുടെ സ്നേഹവും കരുതലുമാണ് ദൈവം സൃഷ്ടിച്ച ഏറ്റവും വലിയ സൗന്ദര്യം…

~ആര്യ എസ്സ് കൃഷ്ണൻ