ഒന്നു ശങ്കിച്ചെങ്കിലും അടുത്ത നിമിഷം തന്റെ ശുഷ്കിച്ച ശരീരം അവനാ സീറ്റിനടിയിലേയ്ക്ക് തള്ളിക്കയറ്റി വെച്ചു…

ദൈവം….

Story written by Jisha Raheesh

=============

അവൻ അടുക്കളയിലെ വക്ക് പൊട്ടിയ മൺചരുവത്തിൽ നിന്നും ഇത്തിരി വെള്ളമെടുത്തു കുടിച്ചു..

തലേന്ന് സന്ധ്യയ്ക്ക്, തോട്ടുവക്കിനപ്പുറത്തെ പറമ്പിലെ അതിരിൽ നിന്നുമവൻ മാന്തിയെടുത്ത രണ്ടു കഷ്ണം മരച്ചീനിക്കിഴങ്ങ് പുഴുങ്ങിയതായിരുന്നു അന്നത്തെ ഭക്ഷണം..

അമ്മയ്ക്ക്, പനി പിടിച്ചു കിടപ്പിലായിട്ട് മൂന്നാല് ദിവസമായിരുന്നു..ഇന്നും കൂടെ കിടന്നാൽ അടുപ്പ് പുകയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാവും, പാവം രാവിലെ എഴുന്നേറ്റു ദീനം മാറിയെന്നും പറഞ്ഞു, വേച്ച് വേച്ചാണെങ്കിലും പണിയ്ക്ക് പോയത്..

വയറു കത്തിക്കാളുന്നുണ്ട്..വയറു നിറയെ എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായി..അവൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു..

ചെളിവെള്ളം കെട്ടികിടക്കുന്ന ഇടവഴിയിൽ നിന്നും പാടവരമ്പിലേക്ക് കയറിയപ്പോഴാണ് ചിരപരിചിതമായ വിശപ്പിന്റെ വിളി വീണ്ടുമെത്തിയത്..മുഴുത്തൊരു തവളയെ കണ്ടതും കയ്യൊന്നിളകി..

വേലപ്പണ്ണൻ പിടിക്കുന്നത് കണ്ടിട്ടുണ്ട്..എന്നാലുമവന്റെ മനസ്സവനെ പിറകോട്ടു വലിച്ചു…

എന്തെങ്കിലും കഴിക്കണം.,

റെയിൽവേ പാളം കടന്നു റോഡിലേക്കിറങ്ങിയതും റോഡരികിൽ നിർത്തിയിട്ട രണ്ട് ബസ്സുകൾ അവന്റെ കണ്ണിൽപ്പെട്ടു..

കല്യാണബസ്സുകളാണ്..

പൊടുന്നനെ, കേട്ടറിവ് മാത്രമുള്ള കല്യാണസദ്യ അവന്റെ മനസ്സിൽ തെളിഞ്ഞു..നിർത്തിയിട്ട ബസ്സിലേക്ക് നോക്കിയ അവൻ പിന്നെ സ്വയമൊന്നു നോക്കി..

മൂട് കീറിയ ട്രൗസർ ചൂടിക്കയർ കൊണ്ട് കെട്ടിവെച്ചതാണ്..കുടുക്കുകളൊന്നും ബാക്കിയില്ലാത്ത കുപ്പായം നടുക്ക് ഒരു പിൻ വെച്ച് കുത്തിയതാണ്..

എന്നാലും വിശപ്പിന്റെ വിളിയ്ക്ക് ശക്തി കൂടുതലായിരുന്നു..അവനൊന്ന് ചുറ്റും നോക്കി..കല്യാണക്കാരാരും എത്തിയിട്ടില്ല..ബസ് ജീവനക്കാർ മുന്പിലെ ബസ്സിനരികിൽ നിന്ന് സംസാരിക്കുന്നുണ്ട്..

മിന്നൽ വേഗത്തിൽ ബസിൽ കയറിയ അവൻ, പതിയെ ഏറ്റവും പുറകിലെ സീറ്റിനരികിലേക്ക് നടന്നു..

ഒന്നു ശങ്കിച്ചെങ്കിലും അടുത്ത നിമിഷം തന്റെ ശുഷ്കിച്ച ശരീരം അവനാ സീറ്റിനടിയിലേയ്ക്ക് തള്ളിക്കയറ്റി വെച്ചു..

കുറച്ചു സമയം കഴിഞ്ഞപ്പോഴേയ്ക്കും ആരുടെയൊക്കെയോ സംസാരം കേട്ടു. ആളുകൾ വന്നു തുടങ്ങിയിട്ടുണ്ട്..പതിയെ വിശപ്പിനോടൊപ്പം ഭയവും അവനെ കീഴ്പ്പെടുത്തി തുടങ്ങിയിരുന്നു…

പിടിച്ചാൽ കള്ളനാണെന്ന് പറയും…ചിലപ്പോൾ..ചിലപ്പോൾ അടിയും കിട്ടും..വിറയലോടെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു..

തന്റെ സീറ്റിനു മുകളിലായി ഒരാൾ വന്നിരുന്നത് അറിഞ്ഞതും അവന്റെ ഉള്ളം കിടുകിടുത്തു..

വേണ്ടിയിരുന്നില്ല..ഭയം അവനെ ചുറ്റിവരിയാൻ തുടങ്ങിയതും അവൻ വീണ്ടും മിഴികൾ ഇറുകെ അടച്ചു പിടിച്ചു..

പക്ഷെ അടുത്ത നിമിഷം..

സീറ്റിൽ ഇരുന്നയാളുടെ കാലൊന്ന് അവന്റെ ദേഹത്തു തട്ടി…നെറ്റി ചുളിച്ചു കൊണ്ട് തലയൊന്ന് കുനിച്ച അയാൾ കണ്ടത് സീറ്റിനടിയിൽ നിന്നും തന്നെ ദയനീയ ഭാവത്തിൽ നോക്കുന്ന രണ്ടു കണ്ണുകളാണ്..

അവൻ പതിയെ എഴുന്നേറ്റു..

“ന്താടാ പരിപാടി, കക്കാൻ കേറീതാ..?”

പരുഷമായ ശബ്ദത്തിൽ അയാൾ ചോദിച്ചതും അവന്റെ മെല്ലിച്ച ദേഹമൊന്നാകെ വിറച്ചു…

“അ..അല്ല..സാറെ ഞാൻ വെശന്നിട്ട്..”

അയാൾ അവനെയാകെയൊന്ന് നോക്കി..

“അതിനു സീറ്റിന്റെ അടീല് ആരേലും തിന്നാൻ കൊണ്ടുവെച്ചിട്ടുണ്ടോടാ…?

പരിഹാസം നിറഞ്ഞ വാക്കുകൾ കേട്ടതും ഉള്ളം പുകഞ്ഞു..

ഇയാളിൽ നിന്നും ദയവ് പ്രതീക്ഷിക്കണ്ടാ..അറിയാതെ അവന്റെ കൈകൾ കൂപ്പിപ്പോയി..

“സാറെ..ഞാ..ഞാൻ കല്യാണവീട്ടീപ്പോയാ തിന്നാൻ വല്ലോം കിട്ടിയാലോന്ന് വെച്ചിട്ടാ, ഞാൻ ക..കള്ളനൊന്നല്ല..”

പറയുന്നതിനിടെയവൻ ചുറ്റുമൊന്ന് പാളി നോക്കി..ആളുകൾ കയറി തുടങ്ങുന്നതേയുള്ളൂ..വേറെ ആരും കണ്ടിട്ടില്ല…

“ന്നിട്ട് നീയ്യെന്തിനാ ഇതിന്റെ അടീലിരുന്നേ..?”

“അ…അത് ഞാൻ…”

അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..കൈകൂപ്പികൊണ്ട് നിസ്സഹായതയോടെ അവൻ അയാളെ നോക്കി…

“അത്..ന്റെ കുപ്പായൊക്കെ കണ്ടാൽ…”

അവൻ പൂർത്തിയാക്കാതെ തല താഴ്ത്തി..പിന്നെ പതിയെ പറഞ്ഞു..

“ഞാ..ഞാമ്പോയ്ക്കോളാം സാറെ..ന്നെ തല്ലല്ലേ..”

അയാളെ നോക്കാതെ തിരിയാൻ തുടങ്ങിയതും അയാൾ അവന്റെ കയിൽ കയറി പിടിച്ചു..അവൻ ഭീതിയോടെ അയാളെ നോക്കി.

“ഏതായാലും നിയ്യ് കല്യാണത്തിന് പോവാൻ വന്നതല്ലേ, ഇവിടിരി..”

തന്റെ അടുത്ത സീറ്റിലേക്ക് നോക്കികൊണ്ട് അയാൾ പറഞ്ഞതും, അവൻ അമ്പരപ്പോടെ അയാളെ നോക്കി..

“ഇവിടിരിക്കെടാ…”

അയാളുടെ ആജ്ഞാസ്വരം കേട്ടതും അവൻ ഒന്നുമോർക്കാതെ അയാൾക്കരികെ ഇരുന്നു..അയാൾ പിന്നൊന്നും പറഞ്ഞില്ല..ബസ്സിൽ ആളുകൾ കയറിക്കൊണ്ടിരുന്നു..പലരും അവനെ നോക്കി നെറ്റി ചുളിച്ചു..പിന്നെ അയാളെയും അവനെയും മാറിമാറി നോക്കി..അയാളുടെ മുഖത്ത് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല..

തലകുനിച്ചിരിക്കുന്നതിനിടയിലും അവൻ ഭയത്തോടെ അയാളെ ഇടയ്ക്കിടെ പാളി നോക്കി..

“നെന്റെ വീട്ടിലാരൂല്ല്യേ…?”

“അമ്മ..അമ്മണ്ട്…”

“പിന്നെ…?”

“പിന്നെ..പിന്നാരൂല്ല്യ, അച്ഛൻ ഞങ്ങളെ ഇട്ടേച്ച് പോയതാ..ഒരു…ഒരു..”

പറയാൻ വന്നെങ്കിലും അവൻ തുടരാനാവാതെ നിർത്തി..അവന്റെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു..അയാൾ ചോദ്യഭാവത്തിൽ അവനെ നോക്കി

“ഇയ്ക്കൊരു അനിയന് ണ്ടായിരുന്നു സാറെ..ഒരു..ഒരു രാത്രീല് ദീനം വന്നു ചത്തു..ആസ്പത്രീല് കൊണ്ടോകാൻ അമ്മേന്റടുത്ത് പൈസ ല്ല്യായിനും..ഓൻ ചത്തു പോയി..’

അനിയന്റെ ഓർമ്മയിലാവാം അവന്റെ ദേഹം വല്ലാതൊന്ന് ഉലഞ്ഞത്..പുറംകയ്യ് കൊണ്ടവൻ കവിളിലേക്ക് ഇറ്റ് വീണ കണ്ണുനീർത്തുള്ളികൾ തുടച്ചു..

“അമ്മയ്ക്ക് ഇടയ്ക്കെടക്ക് ദീനം വരും, പണിയ്ക്കൊന്നും പോകാൻ കയ്യൂല..അപ്പോ ഞാനും അമ്മേം…പ..പട്ടിണിയാ സാറെ..”

അയാൾ ഒന്നും പറയാതെ അവന്റെ ശോഷിച്ച മുഖത്തെ വലിയ കണ്ണുകളിലേക്ക് നോക്കി..

“ബസ് കണ്ടപ്പോ, കല്യാണത്തിന് പോയാ വല്ലോം തിന്നാൻ കിട്ടൂന്ന് വെച്ചിട്ടാ ഞാൻ..ല്ലാണ്ട് സാറ് കരുതിയ പോലെ കക്കാനൊന്നും ല്ല..”

അയാൾ ചിരിച്ചു, പക്ഷെ ഒന്നും പറഞ്ഞില്ല..അവനു തെല്ലൊരു ജാള്യത തോന്നി..അറിയാതെ പറഞ്ഞു പോയതാണ് എല്ലാം..അവൻ വീണ്ടും തല കുനിച്ചിരുന്നു. പിന്നെ അയാൾ ഒന്നും ചോദിച്ചില്ല..

കുറച്ചു നേരം കഴിഞ്ഞപ്പോൾ മറ്റൊരു റോഡരികിൽ ബസ്സ് നിർത്തി..ആളുകൾ ഇറങ്ങുന്നതും നോക്കി അയാൾ ക്ഷമയോടെ ഇരുന്നു…അവനു വീണ്ടും ഭയം തോന്നി…

“വാ…”

എഴുന്നേൽക്കുമ്പോൾ അയാൾ വിളിച്ചെങ്കിലും അവൻ എഴുന്നേറ്റില്ല..അയാൾ ഒന്നും പറയാതെ അവന്റെ കയ്യിൽ പിടിച്ചു..ബസ്സിൽ നിന്നും ഇറങ്ങി കല്യാണവീട്ടിൽ എത്തുമ്പോഴും അയാൾ അവന്റെ കയ്യിൽ പിടിച്ചിരുന്നു..

അവൻ മുഖമുയർത്തിയതേയില്ല..എന്തെങ്കിലും ചോദിക്കുന്നവരോട് അയാൾ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയുന്നതും കേട്ടു.

കല്യാണപന്തലിൽ നിൽക്കുമ്പോഴും, തൊട്ടപ്പുറത്ത് തയ്യാറായിക്കൊണ്ടിരിക്കുന്ന സദ്യവട്ടത്തിന്റെ ഗന്ധം അവന്റെ നാസാദ്വാരങ്ങളിൽ എത്തിക്കൊണ്ടിരുന്നു…

ആദ്യപന്തിയിൽ തന്നെ അയാൾ അവനെയും കൊണ്ടിരുന്നു..അയാൾ പറഞ്ഞതനുസരിച്ച് കൈകഴുകി അയാൾക്കരികെ ഇരിക്കുമ്പോഴും പലതവണ അവൻ അവിശ്വസനീയതയോടെ അയാളെ നോക്കി..വിഭവങ്ങൾ ഓരോന്നും വിളമ്പുമ്പോൾ അയാൾ അവനു കൂടുതൽ വിളമ്പിച്ചു..

വിഭവങ്ങൾ നിറഞ്ഞ ഇലയ്ക്ക് മുൻപിൽ അവന്റെ കണ്ണുകൾ വീണ്ടും നിറയുന്നത് കണ്ടാണ് അയാൾ ചോദിച്ചത്..

“ന്താടാ നെനക്ക് വേണ്ടേ..?”

“അ..അമ്മ..അമ്മ ഒന്നും കഴിച്ചിണ്ടാവില്ല്യ..”

അയാൾ ഒരു നിമിഷം അവനെ നോക്കി..പിന്നെ പതിയെ പറഞ്ഞു…

“അതിനൊക്കെ വഴീണ്ടാക്കാ, ആദ്യം നീയ്യത് കഴിക്ക്…”

അയാളുടെ പരുക്കൻ മുഖത്തേയ്ക്ക് നോക്കിയപ്പോൾ കിട്ടിയ ഉറപ്പിലാണ് അവൻ ആദ്യ ഉരുള കുഴച്ചത്..

അയാൾ പേരിനേ കഴിച്ചിരുന്നുള്ളൂ, അവൻ കഴിക്കുന്നത് നോക്കിക്കാണുകയായിരുന്നു അയാൾ..ഇടയ്ക്കെപ്പോഴോ അയാളുടെ മുഖത്തൊരു നേർത്ത ചിരി തെളിഞ്ഞത് പോലെ…കൈ കഴുകി കഴിഞ്ഞാണ്, അയാൾ പറഞ്ഞത്..

“നീയ്യിവിടെ നിക്ക്, ഞാനിപ്പോ വരാം, എങ്ങോട്ടും മാറിക്കളയരുത്…”

പതിയെ അവൻ തലയാട്ടി..അയാൾ ആൾക്കൂട്ടത്തിനിടയിൽ മറഞ്ഞതും അവന്റെ ഉള്ളിൽ വീണ്ടും ഭയം നാമ്പിട്ടു..പലരും ശ്രെദ്ധിക്കുന്നുണ്ട്..

“പോവാം…”

തലയുയർത്താതെ നിന്നിരുന്ന അവന്റെ അരികിലായി എത്തി അയാൾ പറഞ്ഞപ്പോൾ അതുവരെ അടക്കിപ്പിടിച്ച ശ്വാസം വലിച്ചു വിട്ടവൻ അയാളെ നോക്കി…

അയാൾ കയ്യിലെ പൊതി അവന്റെ നേരെ നീട്ടി, ചെറുചൂടുള്ള ആ വലിയ പൊതിയിൽ ചോറാണെന്ന് അവനു മനസ്സിലായിരുന്നു..സന്തോഷം കൊണ്ട് വിടർന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി അയാൾ പുഞ്ചിരിച്ചു…ആ പരുക്കൻ മുഖത്തിന്‌ ചേരാത്തതാണെങ്കിലും അവനതിനൊരു ഭംഗി തോന്നിയിരുന്നു..

തിരിച്ചുള്ള യാത്രയിലും അയാൾക്ക് അരികെ തന്നെയായിരുന്നു അവൻ..അയാൾ ഒന്നും സംസാരിച്ചില്ല..പക്ഷെ ഭക്ഷണ പൊതി മാറോട് ചേർത്ത് തെളിഞ്ഞ മുഖത്തോടെയിരുന്ന അവനെ അയാൾ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു..

ബസ് റെയിൽവേപാളത്തിനപ്പുറത്തെ റോഡിൽ നിർത്തിയപ്പോൾ ആദ്യം അവനായിരുന്നു ഇറങ്ങിയത്..വശത്തേയ്ക്ക് മാറി അയാൾ ഇറങ്ങുന്നത് വരെ അവൻ കാത്തു നിന്നു….

“വാ..”

റോഡരികിൽ,മുൻപിൽ നടന്നു കൊണ്ട് അയാൾ പറഞ്ഞപ്പോൾ ആദ്യമൊന്ന് പകച്ചെങ്കിലും അവൻ ധൃതിയിൽ അയാൾക്കൊപ്പം നടന്നു..

“പാളത്തിനപ്പുറത്തെ ഇടവഴീലൂടെ പോയാ ന്റെ വീടാ  “

അവൻ റയിൽവേ പാളം മുറിച്ചു കടക്കാൻ തുടങ്ങുന്നതിനു മുൻപേ അയാളോടായി പറഞ്ഞു. അയാൾ തലയാട്ടി…

“ഞാ..ഞാമ്പോട്ടെ സാറെ..”

അവൻ ചോദിച്ചു..അയാളോടുള്ള നന്ദി അവന്റെ കണ്ണുകളിലായിരുന്നു …

“ഉം..”

അയാളൊന്ന് മൂളി..

അവൻ റെയിൽവേപാളത്തിലേക്ക് കാലെടുത്തു വെയ്ക്കാൻ തുടങ്ങിയതും അയാൾ വിളിച്ചു..

“ടാ..?”

അവൻ തിരിഞ്ഞു നോക്കി..അയാൾ പോക്കറ്റിൽ നിന്നും എന്തോ എടുത്തു അവനരികിലെത്തി..

അയാളുടെ നീട്ടിപ്പിടിച്ച കയ്യിലെ നോട്ടുകൾ കണ്ടതും അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി…

“വാങ്ങിക്ക്…നീയ്യ് കുപ്പായം വാങ്ങിക്കോ..”

അയാളുടെ മുഖത്ത് വീണ്ടും, ആ ഭംഗിയില്ലാത്ത ചിരി തെളിഞ്ഞു..

“ഇനീം നെനക്ക് കല്യാണസദ്യ കഴിക്കാൻ  തോന്നുമ്പോ സീറ്റിന്റെ അടീല് പോയി കെടക്കണ്ടാലോ..”

ഒരു നിമിഷം അയാളെ നോക്കി, അവൻ ചിരിയോടെ ആ പണം വാങ്ങി..പിന്നെ ഒരിക്കൽ കൂടെ യാത്ര പറഞ്ഞു..

റെയിൽവേ പാലത്തിനപ്പുറത്തെ ഇടവഴിയിലേക്ക് കയറുമ്പോൾ, അവൻ തിരിഞ്ഞു നോക്കി. അയാൾ അവിടെ തന്നെ നിൽപ്പുണ്ട്..അവനെ തന്നെ നോക്കി..അവൻ കൈ വീശി കാണിച്ചു.. അയാളും…

ആരെന്നോ ഏതെന്നോ അറിയാത്ത, പേരും പോലും ചോദിക്കാത്ത ഒരാൾ..

കുടിലിൽ ഒരമ്മ ആവലാതിയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു..

അവൻ ജീവിതത്തിൽ ആദ്യമായി മനസ്സ് നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തോടെ ആ ഇടവഴിയിലൂടെ വീട്ടിലേക്ക് ഓടി..ആ ചോറ് പൊതിയുമായി…

അവനന്ന് ദൈവത്തെ കണ്ടിരുന്നു..പേരില്ലാത്ത ദൈവത്തെ….

~സൂര്യകാന്തി (ജിഷ രഹീഷ്)?