ഞാൻ തേപ്പുകാരി…ഇതെന്റെ കഥ…
Story written by Aswathy Raj
===========
ഞാൻ ഹിമ, ഇന്നാ പേരിനു യാതൊരു പ്രസക്തിയും ഇല്ല…കാരണം എന്നെ ആ പേര് ഇപ്പോ ആരും വിളിക്കാറില്ല..
ആദ്യം ഒക്കെ ഒളിഞ്ഞുo തിരിഞ്ഞും എല്ലാരും എന്നെ തേപ്പുകാരി എന്ന് വിളിച്ചു…ഇപ്പോ പിന്നെ ഹിമ എന്ന പേര് മാറ്റി തേപ്പുകാരി എന്ന ഓമനപ്പേര് എല്ലാവരും കൂടെ അങ്ങ് ചാർത്തി തന്നു.
ഇപ്പോ ഇതൊക്കെ ഇവിടെ പറയുന്നതിന് കാരണം ഉണ്ട്…എന്റെ കഥ എന്നിൽ മാത്രം ഒതുങ്ങരുത്. എന്നെ തേപ്പുകാരി ആക്കിയവരും അല്ലാത്തവരും ഒക്കെ അറിയണം…
എന്നെ അറിയുന്നവരും അല്ലാത്തവരും നേരിട്ടും സാമൂഹ്യമാധ്യമങ്ങളിലൂടെയും എന്നെ മാത്രം കുറ്റക്കാരി ആക്കിയപ്പോൾ ആരും എന്നെ അറിയാൻ ശ്രമിച്ചില്ല…ഏതൊരു കാര്യത്തിനും രണ്ടു വശങ്ങൾ ഉണ്ടാകും എന്ന് നിങ്ങൾ മറന്നതോ അതോ മനപ്പൂർവം ഒഴിഞ്ഞു മാറിയതോ.????
എന്നെ അറിയാത്തവർക്കായി ഞാൻ എന്റെ കഥ പറയാം..
അച്ഛന്റെയും അമ്മയുടെയും ഒറ്റ മോളായിരുന്നു ഞാൻ..വലിയ സാമ്പത്തികം ഒന്നും ഇല്ലെങ്കിലും അത്യവശ്യം നല്ല കുടുംബം ആയിരുന്നു ഞങ്ങളുടേത്. അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലേക്ക് വൈകി വന്ന ഞാൻ അവരുടെ എല്ലാം ആയിരുന്നു. എന്നെ ഒരു അധ്യപിക ആക്കണം എന്നായിരുന്നു എന്റെ അമ്മയുടെ വലിയ ആഗ്രഹം..വലിയ തരക്കേടില്ലാതെ പഠിക്കുമായിരുന്ന എനിക്കും അതെ ആഗ്രഹം തന്നെ ആയിരുന്നു.
പ്ലസ് ടു നല്ല മാർക്കോടെ ജയിച്ച എനിക്ക് നല്ല കോളേജിൽ തന്നെ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി..നല്ല കുറച്ച് സുഹൃത്തുക്കളും കോളേജ് ജീവിതവും ഒക്കെ എനിക്ക് ഒത്തിരി സന്തോഷം നിറഞ്ഞതായിരുന്നു..
ഇതിനിടയിൽ ആണ് അവൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. എന്റെ സീനിയർ ആയിരുന്ന അവൻ ഒന്നിലധികം തവണ അവന്റെ ഇഷ്ടം തുറന്നു പറഞ്ഞു എങ്കിലും അതെനിക്ക് അംഗീകരിക്കാനായില്ല. വീട്ടുകാരുടെ പ്രതീക്ഷ തല്ലിക്കെടുത്താൻ എനിക്ക് കഴിയില്ലായിരുന്നു..ഞാൻ ഒന്നാം വർഷം പകുതി ആയപ്പോൾ ഒരു അപകടത്തിന്റെ രൂപത്തിൽ ഈശ്വരൻ എന്റെ അമ്മയെ തിരികെ വിളിച്ചു.
അമ്മയുടെ മരണം എന്നെ മൊത്തത്തിൽ തളർത്തി കളഞ്ഞു. സന്തോഷം മാത്രം നിറഞ്ഞു നിന്ന ഞങ്ങളുടെ വീട്ടിൽ മൂകത മാത്രം ആയിരുന്നു പിന്നെ അങ്ങോട്ട്. അമ്മയുടെ മരണം കഴിഞ്ഞു ഒരു മാസത്തിനു ശേഷം ഞാൻ വീണ്ടും കോളേജിൽ പോകാൻ തുടങ്ങി. പക്ഷേ ഞാൻ ആളാകെ മാറി പോയിരുന്നു. പണ്ടത്തെ പോലെ കൂട്ടുകാരോട് മിണ്ടാനൊന്നും പോകാതെ ഞാൻ എന്നിൽ മാത്രം ഒതുങ്ങി കൂടി.
പക്ഷേ എത്രയൊക്കെ അവഗണിച്ചിട്ടും അവൻ മാത്രം എന്നിലേക്ക് അടുക്കുകയായിരുന്നു..ആദ്യമൊക്കെ ഒരു ശത്രുവിനെ പോലെ കണ്ട അവൻ പിന്നെ എന്റെ നല്ല സുഹൃത്തായ് മാറി..അവനിലൂടെ പഴയ എന്നെ ഞാൻ വീണ്ടെടുക്കുവായിരുന്നു.
ഞാനില്ലാതെ ജീവിക്കാനാകില്ല എന്നവന്റെ വാക്കുകളിൽ ഞാൻ അവന്റെ പ്രണയിനി ആയി. അവൻ പഠനം കഴിഞ്ഞു വിദേശത്തു ജോലിക്ക് പോയപ്പോഴും ഞങ്ങൾ ഞങ്ങളുടെ ബന്ധം തുടർന്നു.
ഡിഗ്രി കഴിഞ്ഞു ഉപരി പഠനത്തിന് ഞാൻ ചേർന്നത് അല്പം അകലെ ഉള്ള കോളേജിൽ ആയിരുന്നു. ഒരുപാട് നേരത്തെ യാത്ര ഉണ്ടായിട്ടും ഞാൻ ഹോസ്റ്റലിൽ നിൽക്കാതിരുന്നത് എന്റെ അച്ഛൻ ഒറ്റക്കായി പോകും എന്ന് കരുതി മാത്രം ആണ്.
എല്ലാം നല്ല രീതിയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോൾആണ് അച്ഛന് പെട്ടെന്ന് അറ്റാക്ക് വന്നത്. സമയത്തു ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് മാത്രമാണ് എന്റെ അച്ഛനെ എനിക്ക് തിരിച്ചു കിട്ടിയത്. ആ സംഭവത്തോടെ അച്ഛൻ വല്ലാതെ തളർന്നു. എങ്ങനെ എങ്കിലും എന്റെ വിവാഹം നടന്നാൽ മതി എന്നായി.
വിവാഹ ആലോചനകൾ തുടങ്ങിയപ്പോൾ മുതൽ ഞാൻ അവനോട് എന്റെ അച്ഛനോട് വിവരം പറയാൻ പറഞ്ഞു. പക്ഷേ അവനെന്തോ ഒരു താല്പര്യം ഇല്ലായ്മ. അവസാനം മറ്റൊരു വിവാഹം ഉറക്കും എന്ന അവസ്ഥ വന്നപ്പോൾ ഞാൻ തന്നെ എല്ലാം അച്ഛനോട് പറഞ്ഞു.
ഒറ്റ മോളായതു കൊണ്ടാകും അച്ഛൻ എന്നെ വേദനിപ്പിക്കാതിരുന്നത്, ഞങ്ങളുടെ വിവാഹം നടത്താൻ അച്ഛന് പൂർണ സമ്മതം ആയിരുന്നു. അച്ഛൻ തന്നെ അവന്റെ വീട്ടിൽ കാര്യം അവതരിപ്പിക്കാം എന്ന് പറഞ്ഞപ്പോൾ…എന്തോ എന്റെ അച്ഛനോട് അച്ഛനോട് ഉള്ള സ്നേഹം കൂടുകയായിരുന്നു.
അന്ന് രാത്രി തന്നെ ഞാൻ എല്ലാം അവനോടു വിളിച്ചു പറഞ്ഞു. അവനും സന്തോഷം തന്നെ ആയിരുന്നു, അപ്പോൾ തന്നെ എല്ലാം വീട്ടിൽ പറയാം എന്നും നാളെ തന്നെ അച്ഛനെ അവന്റെ വീട്ടിലോട്ടു പറഞ്ഞു വിട്ടോളു എന്നും പറഞ്ഞാണ് അവൻ അന്ന് ഫോൺ വച്ചത്.
പക്ഷേ പിറ്റേന്ന് അവന്റെ വീട്ടിൽ പോയിട്ട് വന്ന അച്ഛന്റെ മുഖം കാർമേഘം മൂടിയ ആകാശം പോലെ ആയിരുന്നു. ഇത് നടക്കില്ല എന്നും അവർക്കു താല്പര്യം ഇല്ലെന്നും അച്ഛൻ പറഞ്ഞപ്പോൾ തകർന്നു പോയത് എന്റെ നെഞ്ചായിരുന്നു.
കരഞ്ഞു കരഞ്ഞു ഇടക്കെപ്പോഴോ ഞാൻ ഉറങ്ങി പോയി. ഫോണിന്റെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. അതവന്റെ കാൾ ആയിരുന്നു. എന്റെ അച്ഛൻ അവന്റെ വീട്ടുകാരെ ആക്ഷേപിച്ചെന്നും അതുകൊണ്ടു ഇനി ഈ ബന്ധത്തിന് താല്പര്യം ഇല്ലെന്നും പറഞ്ഞു അവൻ കാൾ കട്ട് ആക്കി.
അവന്റെ വാക്ക് വിശ്വസിച്ചു ഞാൻ എന്റെ അച്ഛനെ വരെ തള്ളി പറഞ്ഞു. അച്ഛൻ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. പക്ഷേ നടന്നത് എല്ലാം അവന്റെ നാടകം ആയിരുന്നു എന്നറിയാൻ എനിക്ക് അവന്റെ അനിയത്തി വേണ്ടി വന്നു. എന്റെ അച്ഛൻ വളരെ മാന്യമായി ആണ് അവരോടു പെരുമാറിയത് എന്നും ഈ ബന്ധത്തിന് അവനാണ് താല്പര്യം ഇല്ലാത്തത് എന്നും കേട്ടപ്പോൾ ഞാൻ തകർന്നു പോയി. അവൻ എന്നെ വേണ്ട എന്ന് വച്ചതിലുപരി അവന്റെ വാക്ക് കേട്ടു എന്റെ അച്ഛനെ ഞാൻ തള്ളിപ്പറഞ്ഞത് ഓർത്തായിരുന്നു എന്റെ വേദന…
ഒരു മകളെ മനസ്സിലാക്കാൻ അച്ഛനെ കഴിയു..എന്ന് പറഞ്ഞു അച്ഛൻ എന്നെ ചേർത്ത് പിടിച്ചപ്പോൾ ഇനി ഈ ജീവിതം അച്ഛന് വേണ്ടി ആണെന്ന് ഞാൻ ഉറപ്പിച്ചു. ഇനി അച്ഛന്റെ ഒരിഷ്ടത്തിനും ഞാൻ എതിരല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി ആ ദുഷ്ടനെ ഇത്രയും നാൾ സ്നേഹിച്ചതിനു…
പക്ഷേ എന്റെ വിവാഹം ഉറപ്പിച്ചു എന്നറിഞ്ഞു അവൻ പല കഥകളും പറഞ്ഞു ഉണ്ടാക്കി. ഞാൻ അവനെ ചതിച്ചു വേറെ വിവാഹം കഴിക്കുന്നു എന്ന് അവൻ എല്ലാവരെയും വിശ്വസിപ്പിച്ചു. സോഷ്യൽ മീഡിയ വഴി അവൻ എന്റെ ഫോട്ടോസും തേപ്പുകാരി എന്ന ക്യാപ്ഷനും അടിച്ചിറക്കിയപ്പോൾ നിങ്ങളിൽ പലരും സത്യം എന്തെന്നറിയാതെ ലൈക്കും ഷെയറും കമന്റ്സും വാരി കോരി നൽകി അവനു പിന്തുണ നൽകി.
അവനെ അറിഞ്ഞു നിങ്ങൾ ഓരോരുത്തരും പിന്തുണച്ചപ്പോൾ എനിക്ക് നഷ്ടമായത് എന്തെന്ന് ആരും അറിഞ്ഞില്ല. എന്റെ വിവാഹം മുടങ്ങി..ആ വേദനയിൽ അച്ഛന് വീണ്ടും അറ്റാക്ക് വന്നു. ഇത്തവണ ദൈവം തുണച്ചില്ല. ഈ നാണക്കേടിൽ നിന്നും അച്ഛനെ ദൈവം അങ്ങ് കൊണ്ട് പോയി.
അച്ഛനെ കൊന്നവൾ എന്ന പേര് കൂടി എല്ലാവരും എനിക്ക് ചാർത്തി തന്നു. ഇനിയും വയ്യ മടുത്തു ഞാൻ. എനിക്ക് എല്ലാം നഷ്ടമായി..എന്റെ നഷ്ടത്തിനൊക്കെയും അറിഞ്ഞോ അറിയാതെയോ നിങ്ങളും കാരണക്കാരാണ്.
സോഷ്യൽ മീഡിയയിൽ വരുന്ന ഓരോന്നും ഷെയർ ചെയ്തും ലൈക്ക് അടിച്ചും ആഘോഷമാക്കുമ്പോൾ നിങ്ങൾ അറിയാതെ പോകുന്ന ഒരുപാട് ജീവിതങ്ങൾ ഉണ്ട് അതിനിടയിൽ….
എന്റെ കഥ നിങ്ങളിൽ എത്തുമ്പോൾ ഞാൻ ഈ ലോകത്തോട് എന്നന്നേക്കുമായി യാത്ര പറഞ്ഞിരിക്കും. ഇനി ഒരു ഹിമയും അല്ല ഇനി ഒരു തേപ്പുകാരിയും ഉണ്ടാകാതെ ഇരിക്കട്ടെ.
അവസാനമായി ഒരപേക്ഷ…സഹോദരി മാപ്പ് എന്നടിക്കുറിപ്പോടെ എന്റെ ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുത്…മാപ്പ് ചോദിക്കാനുള്ള അർഹത പോലും നിങ്ങൾക്കില്ല..
എന്ന്, ഒരു പാവം തേപ്പുകാരി
NB: കഥയും കഥാകാരിയും ആയി ബന്ധമില്ല
~ അശ്വതി രാജ്