സ്വാർത്ഥത….
Written by Aswathy Joy Arakkal
===============
വല്യച്ഛന്റെ മകൻ സൂരജിന്റെ വിവാഹപരസ്യം മാട്രിമോണിയലിൽ കൊടുത്തപ്പോൾ കോൺടാക്ട് നമ്പർ ആയി വെച്ചിരുന്നത് എന്റെ നമ്പർ ആണ്. അവൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഒരേയൊരു പെങ്ങളും കുടുംബമായി വിദേശത്ത് സ്ഥിരതാമസം ആണ്. പിന്നെ നാട്ടിലുള്ളത് വല്യച്ചനും, വല്യമ്മയും ആണ് അതുകൊണ്ട് ആലോചന വരുമ്പോൾ കാര്യങ്ങൾ എല്ലാം വിശദമായി ചോദിച്ചു മനസിലാക്കണം എന്നതുകൊണ്ടാണ് എന്റെ നമ്പർ വെച്ചത്.
അബുദാബിയിൽ അറിയപ്പെടുന്നൊരു കമ്പനിയിൽ ഉദ്യോഗസ്ഥനാണ് സൂരജ്. ഫാമിലി വിസ ഉണ്ട്.. അതുകൊണ്ട് കല്യാണം കഴിച്ചു കുട്ടിയെ ഒപ്പം കൊണ്ട് പോകണം എന്ന ഉദ്ദേശത്തിൽ ആണ്. അവിടെ ജോലി വാങ്ങിക്കൊടുക്കാം എന്നുള്ളത് കൊണ്ട് എഡ്യൂക്കേഷനലി ക്വാളിഫൈഡ് ആയ കുട്ടികൾ വേണെന്നേ അവനു ഡിമാൻഡ് ഉള്ളു.
പല ആലോചനകളും വരുന്നുണ്ട് എങ്കിലും ചിലതു അവർക്കു പിടിക്കുന്നില്ല, ചിലതു നമുക്ക് പിടിക്കുന്നില്ല എന്ന രീതിയിൽ നിൽക്കുകയാണ്.
അങ്ങനെയിരിക്കെ ആണ് ഒരാഴ്ച മുൻപ് നാട്ടിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന എംബിഎ ക്കാരിയായ കുട്ടിയുടെ ആലോചന വരുന്നത്.
കുട്ടിയുടെ അച്ഛന്റെ ഫോൺ നമ്പർ എടുത്തു വിളിച്ചപ്പോൾ, സൂരജിന്റെ മാട്രിമോണിയൽ id നമ്പർ തരു… ഒരുപാടു ആലോചന മോൾക്ക് വരുന്നത് കൊണ്ട് ആളെ ഓർമയില്ല. നോക്കിയിട്ട് വിളിക്കാം എന്നായി അദ്ദേഹം.
ഞാൻ നമ്പർ കൊടുത്തു.. വേറെ ചോദ്യവും, പറച്ചിലുമൊക്കെ അവര് നോക്കിയിട്ട് വിളിക്കുമ്പോൾ ആകാമെന്ന് വെച്ചു ആ സംസാരം അവിടെ അവസാനിപ്പിച്ചു.
ഇന്നലെ അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു. ഞാൻ പറയുന്നത് ശ്രദ്ധിക്കാനോ, കേൾക്കാനോ താല്പര്യമില്ലാതെ ഒരു ചോദ്യ പേപ്പർ തയ്യാറാക്കി ആയിരുന്നു വിളിച്ചത്..
പയ്യന്റെ വയസ്സ്, ക്വാളിഫിക്കേഷൻ, ഫാമിലി വിസ, താമസം, സാലറി തുടങ്ങി എല്ലാം വിശദമായി ചോദിച്ചു. അതുപിന്നെ മോളെ കെട്ടുന്നവനെപ്പറ്റി അന്വേഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്വം ആണല്ലോ.
അടുത്ത സെറ്റ് ചോദ്യങ്ങളാണ് സത്യത്തിൽ എന്നെ അമ്പരപ്പിച്ചത്.
അച്ഛന്റെയും അമ്മയുടെയും പ്രായം?
അവർക്കു bp, ഡയബെറ്റിക്സ് തുടങ്ങിയ വല്ല അസുഖങ്ങളുണ്ടോ?
എത്ര സ്ഥലമുണ്ട്?
അച്ഛൻ ജോലിക്ക് പോകുന്നുണ്ടോ? അതോ മോൻ ആണോ കുടുംബം നോക്കുന്നത്?
പെങ്ങൾക്ക് കൊടുക്കാനുള്ള വീതമൊക്കെ കൊടുത്തതാണോ? കുടുംബസ്വത്തിൽ ഇനി പെങ്ങൾക്ക് അവകാശമുണ്ടോ?
എനിക്ക് സത്യത്തിൽ ചിരിയും സഹതാപവും വന്നു. ചെക്കനും, പെണ്ണും കണ്ടിട്ട് പോലുമില്ല. പരസ്പരം ഇഷ്ടപ്പെട്ടിട്ടില്ല. ജസ്റ്റ് ഒരു ആലോചന. എന്നിട്ട് അവർക്കറിയേണ്ടത് കച്ചോടം പോലെ സ്വത്തു വിവരങ്ങളും, ബാധ്യതയുണ്ടോ എന്നതും.
അദ്ദേഹത്തിന്റെ ചോദ്യങ്ങൾ കേട്ടപ്പോഴേ ഞാൻ ഉറപ്പിച്ചിരുന്നു ഇതു മുന്നോട്ടു കൊണ്ട് പോകുന്നില്ല എന്നത്. കാരണം ഒരു കല്യാണം കഴിച്ചെന്നു കരുതി അവനവന്റെ മാതാപിതാക്കളെ കൊണ്ട് കളയാൻ പറ്റോ..
എല്ലാം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു..
നിങ്ങൾക്കെത്ര മക്കളാണ്?
രണ്ടുപേരാണ്. മോളാണ് മൂത്തത്. മോൻ പഠിക്കുന്നു.
മോൻ വലുതായി അവനു കല്യാണം ആലോചിക്കുമ്പോഴേക്കും നിങ്ങള്ക്ക് ഈ പറഞ്ഞ അസുഖങ്ങളൊന്നും വരില്ല എന്നു ഉറപ്പുണ്ടോ? അപ്പോൾ അവൻ കെട്ടിക്കൊണ്ടു വരുന്ന പെണ്ണിന് നിങ്ങളൊരു ബാധ്യത ആയി തോന്നിയാൽ എന്തു ചെയ്യും?
തപ്പി തടഞ്ഞു മറുപടി പറയാൻ ബുദ്ധിമുട്ടിയ അദ്ദേഹത്തോട് അധികമൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു. സഹതാപമല്ലാതെ വേറൊന്നും തോന്നിയതുമില്ല.
ഇതൊക്കെ സൂരജിനോട് പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് വിറക്കുക ആയിരുന്നു അവൻ.
സത്യത്തിൽ എന്തു മാതൃകയാണ് ഇതുപോലുള്ള മാതാപിതാക്കൾ മക്കൾക്ക് കൊടുക്കുന്നത്.
ശെരിയാണ് മോളെ /മോനെ കെട്ടിക്കുമ്പോൾ ഭാവി വരനെ /വധുവിനെ പറ്റി അന്വേഷിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വം തന്നെയാണ്. എല്ലാം അന്വേഷിക്കണം. പക്ഷെ അന്വേഷണത്തിന്റെ അവസാനം ഇതുപോലെ ആകാതിരുന്നാൽ നന്ന്.
ഭർത്താവിന്റെ മാതാപിതാക്കളെ ബാധ്യതയായി പറഞ്ഞു കൊടുത്തു പെണ്മക്കളെ ഒരു വീട്ടിലേക്കു മരുമകളായി വിടുമ്പോഴേ അവിടത്തെ സമാധാനം നശിക്കുകയാണ്. ഭാര്യക്ക് വേണ്ടി സ്വന്തം മാതാപിതാക്കളെ നിങ്ങളുടെ മകൻ തള്ളിപ്പറഞ്ഞാൽ എങ്ങനെ ഇരിക്കും എന്നു ആലോചിച്ചാൽ തീരുന്ന പ്രശ്നമേ പലർക്കും ഉള്ളു. പക്ഷെ ആലോചിക്കാൻ തയ്യാറാകുന്നില്ല എന്നുള്ളതാണ് പല പ്രശ്നങ്ങൾക്കും കാരണം.
വിവാഹം എന്നതൊരു കച്ചവടം അല്ല എന്നോർത്താൽ നന്ന്. സ്ത്രീധനത്തിനെതിരെ സംസാരിക്കുന്നതു പോലെ തന്നെ സംസാരിക്കേണ്ട ഒരു വിഷയമായിട്ടു തന്നെയാണ് ഇതും എനിക്ക് തോന്നിയിട്ടുള്ളത് . കാരണം ഇങ്ങനെ മാതാപിതാക്കൾ വിഷം കുത്തിനിറച്ഛ് വിടുന്ന മക്കളാണ് പല കുടുംബങ്ങളിലെയും സമാധാനം തകർക്കുന്നത്….
അതുപോലെ തന്നെ കേട്ടിട്ടുള്ള കാര്യമാണ് പെങ്ങന്മാരുള്ള വീട്ടിൽ കെട്ടിക്കില്ല. അതുപോലെ ഇളയമകനെ കൊണ്ട് കെട്ടിക്കില്ല. കാരണം മിക്കയിടത്തും തറവാടും, അച്ഛനെ നോക്കേണ്ടതും ഇളയ മക്കളാണല്ലോ. എത്ര സ്വാർത്ഥരാണ് മനുഷ്യർ.
വിവാഹം എന്ന പവിത്രബന്ധത്തിന്റെ കെട്ടുറപ്പ് ഇതുപോലുള്ള ചില സ്വാർത്ഥതകളിൽ തകരാതിരിക്കട്ടെ.
(എല്ലാവരെയും ഉദ്ദേശിച്ചല്ല കേട്ടോ. ഇതുപോലുള്ള ഒരു വിഭാഗത്തിന്റെ സ്വാർത്ഥത ഉദ്ദേശിച്ചു എഴുതിയെന്ന് ഉള്ളു. വിവാഹം കഴിച്ചു ചെല്ലുന്ന വീട് സ്വന്തം വീടായി കാണാൻ നമുക്കും, മരുമക്കളെ മക്കളെ പോലെ സ്നേഹിക്കാൻ മാതാപിതാക്കൾക്കും സാധിച്ചാൽ നല്ലത് )