കൂലി
Story written by Arya Krishnan
============
ഒന്നുരണ്ട് പേരുള്ള ആ വീട്ടിൽ തന്റെ മകളെ വിട്ടിട്ട് തിരിച്ചു പോവുമ്പോൾ ആ അമ്മയുടെ കണ്ണുകളിൽ വല്ലാത്തൊരു ഭീതിയുണ്ടായിരുന്നു. അഞ്ജലി മാഡത്തിന്റെ കൈയ്യിൽ പിടിച്ചു ‘നോക്കിക്കോണേ മോളേ’ എന്ന് അവർ പലവട്ടം പറഞ്ഞു.
“ഞങ്ങളൊക്കെ ഇല്ലേ ഇവിടെ ആന്റി പേടിക്കേണ്ട..കുറച്ചു ദിവസം ട്രെയിനിങ് ഉണ്ടാകും അത് കഴിഞ്ഞു ജോയിൻ ചെയ്യാം.. ” അഞ്ജലി മാഡം ചെറുചിരിയോടെ പറഞ്ഞു.
“നന്നായി പഠിക്കുന്ന കൊച്ചാ..എന്റെ നിവൃത്തികേടുകൊണ്ടാണ്..” സംസാരിക്കുമ്പോൾ സങ്കടംകൊണ്ട് അവരുടെ തൊണ്ടയിടറി.
“അതിനെന്താ ഇവൾ ഇവിടെ നല്ലൊരു പോസ്റ്റിൽ എത്തും..ഒരു ഹോംസിക്ക്നെസ്സ് ഉണ്ടാകും രണ്ട് ദിവസം കഴിയുമ്പോൾ ശെരിയാവും ആന്റി വിഷമിക്കാതെ പൊയ്ക്കോളൂ..”
ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും ബസ്സിൽ യാത്രചെയ്യുമ്പോഴും ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പന്ത്രണ്ടാം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങി ജയിച്ച മകളെ തുടർന്നു പഠിപ്പിക്കാതെ ജോലിക്ക് കൊണ്ടാക്കിയ അമ്മയുടെ ഗതികേട് ഓർത്തപ്പോൾ അവർക്ക് കടുത്ത നിരാശ തോന്നി.
“ഗീതു വരൂ..അഞ്ജലി മാഡം അവളുടെ കൈയ്യിൽ പിടിച്ചു അകത്തേക്ക് ക്ഷണിച്ചു. കുറേ മുറികളുള്ള പഴയൊരു വീടാണ്. ഹാളിൽ നിരത്തിയിട്ടിരുന്ന കസേരയിൽ ഇരിക്കുമ്പോൾ അടുക്കളയിൽ പാചകം ചെയ്യുന്ന രണ്ട് പെൺകുട്ടികളെ ഗീതു കണ്ടു. അവരിലൊരാൾ വന്ന് വീട്ടുവിശേഷങ്ങൾ തിരക്കി. മുറിക്കകത്തേക്കു പോയ അഞ്ജലി മാഡം തിരികെ വന്ന് ഗീതുവിന് അഭിമുഖമായി ഇരുന്നു.
“നാളെ മുതൽ ഗീതുവിന് ഒരു ട്രെയ്നർ ഉണ്ടാകും. അവരുടെ കൂടെ നടന്ന് എല്ലാം ഒന്നു പഠിക്കൂ..മൊബൈൽ ഫോൺ ഇവിടെ അനുവദിക്കില്ല. എല്ലാവർക്കും രാത്രി എട്ടുമണിക്ക് വീട്ടിലേക്ക് വിളിക്കാൻ സൗകര്യമൊരുക്കും. ഗീതുവിന് എന്ത് ബുദ്ധിമുട്ടുണ്ടായാലും എന്നോട് പറയാൻ മടിക്കരുത്.” അവൾ തലയാട്ടി.
കുറേ നേരം ബിനു എന്ന് പേരുള്ള ഒരാൾ, അധ്വാനത്തിന്റെയും വിജയത്തിന്റെയും ആവശ്യകതയെപ്പറ്റി അവളോട് സംസാരിച്ചു. സന്ധ്യയായി തുടങ്ങിയപ്പോൾ ഓരോ ആൾക്കാർ ഹാളിലേക്ക് വരാൻ തുടങ്ങി. വിയർപ്പിന്റെ ദുർഗന്ധം അവരിലൊക്കെ ഉണ്ടെങ്കിലും മുഖത്ത് നിറഞ്ഞ ചിരിയുണ്ടായിരുന്നു. ചിലരൊക്കെ ചിരിച്ചെന്നു വരുത്തി തളർന്നിരുന്നു.
രാത്രി എട്ടുമണിയായപ്പോഴേക്കും എല്ലാവരും ഹാളിലെ തറയിൽ വട്ടത്തിലിരുന്നു. പത്തുപേരോളം ആൾകുട്ടികളും ബാക്കി പെൺകുട്ടികളും ആണ്. കഥയും പാട്ടും ഒക്കെയായി നല്ല ബഹളമായി. അതുവരെ മ്ലാനമായിരുന്ന ഗീതുവിന്റെ മുഖം ഒന്നു തെളിഞ്ഞു. കസേരയിൽ ഇരുന്നു അവൾ അവരുടെ കളികളും പാട്ടുമൊക്കെ ആസ്വദിച്ചു. ഒൻപതുമണിയോടടുത്തപ്പോൾ അഞ്ജലി മാഡം അവളെ അടുത്ത മുറിയിലേക്ക് കൂട്ടികൊണ്ട് പോയി. അവരുടെ ഫോൺ അവൾക്കു നൽകിയിട്ട് വീട്ടിലേക്ക് വിളിക്കാൻ പറഞ്ഞു.
ചോറ് കഴിച്ചോ, അവിടെ കുഴപ്പമൊന്നുമില്ലല്ലോ, എന്നിങ്ങനെ അമ്മയുടെ ചോദ്യങ്ങൾ ഒന്നിനുപുറകെ ഒന്നായി ഇടമുറിയാതെ വന്നുകൊണ്ടിരുന്നു. അച്ഛൻ അതേ അവസ്ഥയിൽ തന്നെയാണെന്ന് പറയുമ്പോൾ അവരുടെ സ്വരം താഴ്ന്നു. മതിയെന്ന് അഞ്ജലി മാഡം ആംഗ്യം കാണിച്ചപ്പോൾ അവൾ അമ്മയോട് ഫോൺ വയ്ക്കുവാണെന്ന് പറഞ്ഞു.
ഒന്നും അറിയാൻ ആഗ്രഹമില്ലെങ്കിലും വെറുതെ സമയം പോകാൻ വേണ്ടി അഞ്ജലി മാഡം അവളോട് ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. ഹാളിൽ നിന്നും കയ്യടിശബ്ദവും ബഹളവും കേൾക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചിട്ട് കുറേ ആൾക്കാരെ മറ്റൊരു വീട്ടിലേക്ക് വിട്ടു. അവരുടെ കൂടെ ഗീതുവിനെയും വിട്ടു.
ബാഗും തൂക്കിപ്പിടിച്ചു കുറേ പെൺകുട്ടികളുടെ കൂടെ അവൾ എത്തിയത് ഒരു മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആണ്. കുറേപ്പേർ ഡ്രസ്സ് പോലും മാറ്റാൻ നിൽക്കാതെ നിലത്തു പായവിരിച്ചു കിടന്നു. ഷേർളി ഗീതുവിന് കുളിക്കാൻ കുളിമുറി കാണിച്ചുകൊടുത്തു. കുളി കഴിഞ്ഞു വന്നപ്പോഴേക്കും പലരും ഉറക്കം പിടിച്ചു. ചിലരൊക്കെ സൗഹൃദസംഭാഷണവുമായി വട്ടം കൂടിയിരുന്നു.
ഹാളിൽ, ഒന്നിനോടൊന്നു ചേർത്ത് നീട്ടിവിരിച്ച പായയുടെ അറ്റത്ത് കിടക്കുമ്പോൾ, അച്ഛൻ ഉറങ്ങിക്കാണുമോ എന്നവൾ ചിന്തിച്ചു. അച്ഛനും അമ്മയും താനും മാത്രമുള്ള ആ കുഞ്ഞുവീട് അവളോർത്തു. സന്തോഷത്തിന്റെ പൊട്ടിച്ചിരികൾ മാത്രം കേട്ടിരുന്ന ചുവരുകൾ, ഇന്ന് വേദനയുടെ ഞരക്കങ്ങളും അടക്കിപ്പിടിച്ച തേങ്ങലും കേട്ട് തളർന്നു. ഒരു വർഷമായി അമ്മ രാത്രിയിൽ ഉറങ്ങാറേയില്ല. അച്ഛന്റെ പുറം തടവിയും ആവി പിടിപ്പിച്ചും ഇടയ്ക്കിടെ ചൂടുവെള്ളം കൊടുത്തും ഒക്കെ കൂട്ടിരിക്കും. നീണ്ട യാത്രയുടെ ക്ഷീണം കൊണ്ടാകാം അവൾ പെട്ടെന്ന് ഉറങ്ങി.
അതിരാവിലെ എല്ലാവരും കുളിക്കാനും തുണിയലക്കാനുമുള്ള ബഹളം കേട്ടാണ് ഗീതു ഉണർന്നത്. ഉണർന്നയുടനെ കൂട്ടത്തിലുള്ള തടിച്ച പെൺകുട്ടി അവളെ മുറ്റത്തേക്ക് കൊണ്ടുപോയി മുറ്റമടിക്കുന്ന ചൂലെടുത്തു കൊടുത്തു. പ്രത്യേകിച്ചൊന്നും പറയാതെ അവർ അകത്തേക്ക് പോയി. വിശാലമായ മുറ്റം വൃത്തിയാക്കി കഴിഞ്ഞു ക്ഷീണിച്ചിരുന്നപ്പോൾ ഒരു ചായ കിട്ടിയിരുന്നെങ്കിൽ എന്നു ഗീതു ആഗ്രഹിച്ചു.
“പെട്ടെന്നു കുളിക്ക് നമുക്ക് എട്ടുമണിക്ക് പോണം.”
ഷേർളി ജനലിൽ കൂടി തലയിട്ടു പറഞ്ഞു. കുളി കഴിഞ്ഞ് എല്ലാവരും ‘ഓഫീസ്’ എന്നു വിളിക്കുന്ന ആ പഴയ വീടിലേക്ക് പോയി. ഒൻപതുമണി വരെ എല്ലാവർക്കും മോട്ടിവേഷൻ ക്ലാസ്സ് ആണ്. എന്തിനെപ്പറ്റിയാണ് പറയുന്നതെന്ന് പോലും മനസ്സിലാകാതെ ഗീതു ഇരുന്നു.
ഷേർളി വലിയൊരു ബാഗും തൂക്കി അവൾക്കരികിൽ വന്നു..
“വാ പോകാം..രണ്ട് ദിവസം ഡയറക്റ്റ് മാർക്കറ്റിംഗ് ട്രെയിനിങ് ആണ്. ” ഷേർളിയുടെ കൂടെ ബസ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഗീതുവിന് ദേഷ്യം തോന്നി. എഴുന്നേറ്റിട്ട് ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. ഇവർക്കൊന്നും വിശപ്പും ദാഹവും ഇല്ലേ. അവളെക്കാൾ ഭാരമുള്ള ബാഗ് ഇടയ്ക്കിടയ്ക്ക് തോളിലേക്ക് വലിച്ചുകേറ്റിയിട്ട് നടക്കുന്ന ഷേർളി അവളെ ശ്രദ്ധിച്ചതേയില്ല.
“ചേച്ചീ.. എനിക്ക് വിശക്കുന്നു.. ” വയറിന്റെ അസഹ്യത അവളിൽ നിന്നും വാക്കുകളായി പുറത്തേക്കു വന്നു.
ഷേർളി ചെറിയ ഒരു ചിരി ചുണ്ടിൽ വരുത്തിയിട്ട് മൗനമായി നടന്നു. ബസ്റ്റോപ്പിനടുത്തുള്ള ഒരു ഹോട്ടലിൽ അവർ കയറി.
“രണ്ട് സെറ്റ് പൊറോട്ട” രണ്ട് ദോശ എന്നു ഗീതു പറയാൻ തുടങ്ങിയപ്പോൾ ഷേർളി ഇടയ്ക്കുകയറി പറഞ്ഞു.
“എനിക്കൊരു ചായ വേണം” കൊച്ചുകുട്ടിയെപ്പോലുള്ള ചിണുങ്ങി സംസാരം കേട്ടപ്പോൾ ഷേർളിക്ക് ചിരി വന്നു.
“പൈസയുണ്ടെങ്കിൽ എന്തുവേണേലും വാങ്ങി കഴിച്ചോ.. ” ഷേർളി പുച്ഛത്തോടെ പറഞ്ഞു. അമ്മ തന്ന അഞ്ഞൂറുരൂപ നോട്ട് കൈയ്യിലുണ്ട്. അതിന്റെ ബലത്തിലാകണം, അടുത്ത മേശയിൽ ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന ആളിനോട് അവളൊരു ചായയും പറഞ്ഞു.
അരമണിക്കൂറിൽ കൂടുതലുള്ള ബസ് യാത്ര കഴിഞ്ഞു ചെന്നെത്തിയത് ഒരു ഗ്രാമപ്രദേശത്താണ്. ആദ്യം കണ്ട ഇടവഴിയിലൂടെ ഷേർളി നടന്നു. ആദ്യം കയറിയ വീട്ടിൽ ബാഗ് തുറന്നപ്പോഴാണ് അതിലെ സാധനങ്ങൾ ഗീതു കണ്ടത്. ചായപ്പൊടിയും പ്ലാസ്റ്റിക് പാത്രങ്ങളും കറി പൗഡറുകളുമാണ് ബാഗിൽ. ഉച്ചയായപ്പോഴേക്കും നടന്നുനടന്ന് ഗീതു അവശയായി. ഷേർളി ഓരോ വീട്ടുകാരെയും സാധനങ്ങളുടെ ഗുണങ്ങൾ പറഞ്ഞുകേൾപ്പിച്ചുകൊണ്ടിരുന്നു. ഇത്രയും വായിട്ടലച്ചതല്ലേ എന്നു കരുതി പലരും ഒരു ചായപ്പൊടി വാങ്ങി.
മൂന്നുമണിയായപ്പോഴും ബാഗിലെ സാധനങ്ങൾ പകുതിപോലും തീർന്നില്ല. ആഹാരം കഴിക്കുന്നതിനെപ്പറ്റി ഷേർളി ഒന്നും പറയുന്നില്ലല്ലോ എന്ന് ഗീതു ഓർത്തു. സന്ധ്യയായപ്പോഴേക്കും ഗീതുവിന്റെ കാലുകൾ വേദനകൊണ്ട് പുളഞ്ഞു.
ഷേർളി അപ്പോഴും അവസാന ഓട്ടംപോലെ ഒരു വീട്ടിൽ നിന്ന് അടുത്തതിലേക്ക് ഓടിക്കൊണ്ടിരുന്നു…
ഹാളിലെ വട്ടത്തിലുള്ള കൂട്ടത്തിൽ ഇരിക്കുമ്പോൾ, അടുക്കളയിൽ നിന്ന് സാമ്പാറിന്റെ മണം വന്നപ്പോൾ ഗീതുവിന്റെ വായിൽ വെള്ളം നിറഞ്ഞു. രാവിലെ കഴിച്ച രണ്ട് പൊറോട്ടയും പിന്നെ കയറിയ വീടുകളിൽ നിന്നും വാങ്ങിക്കുടിച്ച വെള്ളവുമല്ലാതെ വേറൊന്നും കഴിച്ചിട്ടില്ല. എല്ലാവരും പാട്ടും കടങ്കഥയും ഒക്കെ നടത്തിയപ്പോൾ തലേദിവസം തോന്നിയ രസമൊന്നും അവൾക്ക് തോന്നിയില്ല. വയറിന്റെ കത്തൽ കാരണം അവൾക്ക് വല്ലാത്ത സങ്കടവും ദേഷ്യവും തോന്നി…
അച്ഛന് അസുഖമാകുന്നതുവരെ പട്ടിണി അറിഞ്ഞിട്ടേയില്ല. അച്ഛൻ കിടപ്പിലായപ്പോൾ, പശുവിനു കൊടുക്കാനെന്നും പറഞ്ഞ് അമ്മ അയലത്തുവീട്ടിലെ പ്ലാവിലെ പൊട്ടുചക്കയിട്ട് വേവിച്ചു തന്ന കുറേ ദിവസങ്ങളവളോർത്തു.
അമ്മയെ വിളിച്ചപ്പോൾ ചോറ് കഴിച്ചെന്ന് അവൾ കള്ളം പറഞ്ഞു. ഒൻപതുമണിയായപ്പോൾ അഞ്ജലി മാഡവും ബിനുവും ഹാളിലെ കസേരയിൽ വന്നിരുന്നു. ഓരോ ആൾക്കാരും അന്ന് വിറ്റഴിച്ച സാധനങ്ങളുടെ കണക്ക് കൊടുക്കണം. കൂടുതൽ വിറ്റഴിച്ച ആൾക്ക് കയ്യടിയും പ്രശംസയുമുണ്ട്.
പിറ്റേദിവസം രാവിലെ ഗീതുവിന്റെ തോളിലും ഒരു ബാഗ് തൂങ്ങി. ബസ്സിറങ്ങിയിടത്ത് എതിരെ കിടന്ന വഴിയിലൂടെ പൊയ്ക്കോളാൻ ഷേർളി പറഞ്ഞു. ചെറിയ പേടിയോടെയും ചമ്മലോടെയും അവൾ നടന്നു. പല വീടുകളിലും കയറിയിറങ്ങിയിട്ടും ആരും ഒന്നും വാങ്ങിയില്ല. അവൾക്ക് നിരാശയൊന്നും തോന്നിയില്ല. ഒരു പ്രായമായ അമ്മച്ചി മാത്രം ഒരു കവർ തേയിലപ്പൊടി വാങ്ങി.
വൈകുന്നേരം ബസ്സിറങ്ങി നടക്കുമ്പോൾ ഇന്നത്തെ കച്ചവടത്തെ പറ്റി ഷേർളി തിരക്കി. ഒരു തേയിലപ്പൊടി വിറ്റെന്ന് ലാഘവത്തോടെ പറഞ്ഞപ്പോൾ ഷേർളി പുച്ഛത്തോടെ ചിരിച്ചു.
“കൊച്ചേ..ജീവിക്കാൻ വന്നതാണേൽ കഷ്ടപ്പെടണം. ഇതൊക്കെ വിൽക്കുന്നതിന്റെ കമ്മീഷൻ ആണ് നിന്റെ ശമ്പളം. ആറു മാസം കൊണ്ട് അവർ പറയുന്ന ടാർഗറ്റ് എത്തിയാൽ പ്രമോഷൻ ഉണ്ടാകും. പിന്നെ വീടുകൾ തോറും പോകേണ്ട. കോർഡിനേറ്റർ ആകാം. “
ഷേർളിയുടെ വാക്കുകൾ കേട്ട് ഗീതു പകച്ചുനോക്കി.
“ആറുമാസമോ…രണ്ട് ദിവസമെന്നാണല്ലോ അഞ്ജലി മാഡം പറഞ്ഞത്.. “
“ആ..അതൊക്കെ പറയും. വരുന്നവർ പെട്ടെന്ന് നിർത്തിപ്പോകാതിരിക്കാനാ…ഞാൻ ഇതൊന്നും പറഞ്ഞെന്ന് അവിടെ ആരോടും പറയേണ്ട കേട്ടോ. “
ആറുമാസം ഇങ്ങനെ ബാഗും തൂക്കി നടക്കുന്ന കാര്യം അവൾക്കാലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. ഓഫീസ് സ്റ്റാഫിനെ ആവശ്യം ഉണ്ടെന്ന പരസ്യം കണ്ടാണ് വന്നത്. ഒരു അമർഷം ഉള്ളിലുണ്ടായെങ്കിലും അത് പുറത്തു കാണിക്കാതെ അവൾ നടന്നു.
രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം സ്വന്തം ചിലവിൽ ആയതിനാൽ ഒരാഴ്ച്ച കൊണ്ട് അമ്മ കൊടുത്ത അഞ്ഞൂറ് രൂപ തീർന്നു. അച്ഛന്റെ ഗുരുതരാവസ്ഥയും ദാരിദ്ര്യവും പറഞ്ഞു കരയുന്ന അമ്മയോട്, നാടുമുഴുവൻ നടന്നു തളരുന്നതിനെപ്പറ്റിയോ പട്ടിണിയെപ്പറ്റിയോ ഒന്നും തുറന്നു പറയാനും കഴിഞ്ഞില്ല.
പകൽസമയം വെള്ളവും രാത്രിയിൽ ഒരുനേരം ചോറും കഴിച്ചു നാളുകൾ കടന്നുപോയി. പല ബോർഡുവച്ച ബസ്സുകളിൽ ബാഗുമായി കയറി പരിചയമില്ലാത്ത പലയിടത്തും നടന്നു നടന്നു അവളുടെ കാലുകൾ തളർന്നു. മുഖത്തെ അവശത കണ്ടിട്ട് ചില അമ്മൂമ്മമാർ ചായയും പലഹാരവും ഒക്കെ അവൾക്ക് നൽകി. ബാഗും തൂക്കിയുള്ള വരവ് കണ്ട് പലരും കതകുകൾ വലിച്ചടച്ചു.
“ഇവിടെ എന്റെ കാര്യങ്ങൾ നോക്കി നിന്നാൽ ഇപ്പൊ കിട്ടുന്നതിന്റെ പത്തിരട്ടി ശമ്പളം തരാം” ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നയാളുടെ പറച്ചിലിലും മുഖഭാവത്തിലും കണ്ട വഷളത്തരം അവളിൽ വെറുപ്പും വിഷമവും ഉണ്ടാക്കി.
വേറെ പണിക്കുവല്ലോം പൊയ്ക്കൂടേ കൊച്ചേ ഈ ബാഗും തൂക്കി നാടുമൊത്തം നടക്കാൻ വട്ടാണോ എന്നൊക്കെ ചോദിച്ചു പലരും കളിയാക്കി.
മൂന്നുമാസം സാധനങ്ങൾ വിറ്റതിന്റെ കമ്മീഷൻ കിട്ടിയപ്പോൾ അവൾക്ക് ശെരിക്കും സങ്കടമായി. രണ്ടായിരം രൂപ..എങ്കിലും ഒരു പതിനെട്ടുവയസ്സുകാരിക്ക് ആദ്യം കിട്ടിയ ശമ്പളം എന്ന രീതിയിൽ അവളത് സന്തോഷത്തോടെ വാങ്ങി വീട്ടിലേക്ക് പോയി. എഴുന്നേറ്റിരിക്കാൻ പോലും ആവാത്ത രീതിയിൽ അച്ഛൻ അവശനായിരിക്കുന്നു. എങ്കിലും അവൾ അച്ഛനെ അവളുടെ തോളിലേക്ക് താങ്ങിയിരുത്തി. രണ്ടായിരം രൂപ അച്ഛന്റെ കൈക്കുള്ളിൽ വച്ചുകൊടുക്കുമ്പോൾ, അടുക്കളയിലെ കനലൂതുന്ന കണ്ണുകൾ നിറഞ്ഞൊഴുകി.
“എന്റെ മോൾക്ക് പഠിക്കാൻ പോണേൽ ഞാൻ ഇവിടം വിറ്റായാലും പഠിപ്പിക്കും. ജോലിക്കിനി പോവേണ്ട..വിളറി മെലിഞ്ഞു വല്ലാണ്ടായി. “
വ്യക്തമല്ലെങ്കിലും അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ഗീതു അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“ജോലി ചെയ്തും പഠിക്കുന്ന കുറേയധികം ആൾക്കാരില്ലേ അച്ഛാ..ഞാനും അങ്ങനെ പഠിച്ചോളാം. ” അച്ഛന്റെ ശോഷിച്ച കൈകൾ അവളുടെ മുടിയിൽ തലോടി.
അച്ഛനെ ഇനി ചെക്കപ്പിനൊന്നും കൊണ്ടുചെല്ലേണ്ട ഇനി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർ പറഞ്ഞെന്ന് പറയുമ്പോഴുള്ള അമ്മയുടെ മുഖം കണ്ടപ്പോൾ ഗീതു അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. നല്ലൊരു പ്രൈവറ്റ് ആശുപത്രിയിൽ അച്ഛനെ കൊണ്ടുപോയാൽ ചിലപ്പോൾ കുറെനാളുംകൂടി കാണാൻ പറ്റുവാരിക്കും എന്ന് അവളുടെ അമ്മ പറഞ്ഞു.
വീട്ടിൽ പോയി വന്നതിനുശേഷം അവൾ ബാഗിലും പിന്നെയൊരു സഞ്ചിയിലും സാധനങ്ങൾ കൊണ്ടുപോകാൻ തുടങ്ങി. വിശപ്പും ക്ഷീണവും തളർത്തിയപ്പോൾ അമ്മയുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി. അച്ഛന് നല്ല ചികിത്സ നൽകുക. പഴുത്തു വീഴാറായ ഇലയ്ക്ക് കാറ്റ് വരുന്നതിനുമുൻപുള്ള പ്രതീക്ഷപോലെയാണെങ്കിലും, ആ പ്രതീക്ഷയിൽ അവളുടെ കാലുകൾ ഓടി.
രാത്രി എട്ടുമണിയായാലും തിരികെ എത്താറില്ല. കൂടുതൽ വിറ്റതിന്റെ കൈയ്യടിയും പ്രശംസയും ഒന്നും അവളെ സന്തോഷിപ്പിച്ചില്ല.
ഒരു വലിയ വീട്ടിൽ സാധങ്ങളുമായി ചെന്നപ്പോൾ അകത്തേക്ക് കൊണ്ടുവരാൻ അയാൾ പറഞ്ഞു. ആവശ്യക്കാരി അവളായതുകൊണ്ട് അവൾ ബാഗുമായി ഹാളിലേക്ക് ചെന്നു. അയാൾ ഓരോ സാധനങ്ങൾ എടുത്തു നോക്കികൊണ്ടിരുന്നപ്പോൾ നോട്ടം അവളുടെ ചുണ്ടിലും കഴുത്തിലും ഒക്കെയായി മാറിയെന്നു അവൾക്ക് തോന്നി. പെട്ടെന്ന് സാധനങ്ങളും എടുത്ത് ഓടാൻ തുടങ്ങിയപ്പോൾ ചുരിദാറിൽ അയാളുടെ ബലിഷ്ഠമായ കൈകൾ പിടി മുറുക്കി. കയ്യിലിരുന്ന കുടയെടുത്ത് അയാളുടെ മൂക്കിൽ ഇടിച്ചിട്ട് അവളോടി.
“എടീ..” അയാൾ അസഭ്യം പറഞ്ഞലറിക്കൊണ്ട് പിന്നാലെ വരുന്നതറിഞ്ഞപ്പോൾ അവൾ ബാഗും കളഞ്ഞിട്ടോടി. അമ്മ തന്ന നൂറുരൂപയുംകൊണ്ട് ഒരു വിധം ജോലി സ്ഥലത്ത് എത്തിപ്പെട്ടു. അഞ്ജലി മാഡം അവളെ കണ്ടതും അകത്തുപോയി മൂവായിരത്തഞ്ഞൂറു രൂപ എടുത്തു കൈയ്യിൽ കൊടുത്തു. “വീട്ടിലേക്ക് പൊയ്ക്കോ. കസിൻ രാവിലെ വിളിച്ചിരുന്നു. ഗീതുവിനോട് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. “
വഴിയിൽ ഉണ്ടായ സംഭവങ്ങളും കൊണ്ടുപോയ സാധനങ്ങൾ നഷ്ടപ്പെട്ടതും ഗീതു പറഞ്ഞപ്പോൾ അവരുടെ മുഖം മങ്ങി. ഗീതുവിന്റെ കൈയിലെ അഞ്ഞൂറ് രൂപ നോട്ടുകളിൽ നിന്ന് രണ്ടെണ്ണം അവർ തിരിച്ചെടുത്തു.
വീട്ടിലേക്ക് ചെല്ലുമ്പോൾ വഴിയിലും മുറ്റത്തുമുള്ള ആൾക്കൂട്ടം കണ്ടപ്പോൾ അവളുടെ നെഞ്ചു പിടഞ്ഞു. കണ്ണിൽ ഇരുട്ടുകയറി വീഴുമെന്നായപ്പോൾ ആരോ അവളെ താങ്ങിപിടിച്ചു വീട്ടിലാക്കി. അന്നു വരെ ദൈവങ്ങളുടെ മുൻപിൽ എരിഞ്ഞ നിലവിളക്ക് നിലം തറയിലെരിയുന്നു..
~ ആര്യ. എസ്സ്. കൃഷ്ണൻ