ബിനു അവളെ ചുഴിഞ്ഞു നോക്കി. ഇവള് പറയുന്നത് സത്യമാണോ, വല്ലോ കള്ളത്തരവും അവൾ  മുഖത്ത് ഒളിപ്പിക്കുന്നുണ്ടോ…

നമ്പർ ബിസ്സി

Story written by Jolly Varghese

=========

നിന്റെയൊരു നമ്പർ ബിസ്സി..എപ്പോ വിളിച്ചാലും നമ്പർ ബിസ്സി. ബിനു ദേഷ്യത്തിൽ നീതുവിനെ നോക്കി.

ഞാൻ ആരെ ഫോൺ വിളിച്ചൂന്നാ ഏട്ടൻ പറയുന്നേ..?

ഞാനിവിടുന്നു ജോലിക്ക് പോയി കഴിഞ്ഞാൽ നീ ആരെയാ വിളിക്കുന്നേ..?അത് തന്നെ. ! ഇന്നലെ ഞാൻ വിളിച്ചപ്പോഴും നീ നമ്പർ ബിസ്സി. കഴിഞ്ഞ ദിവസം വിളിച്ചപ്പോ  നീ മറ്റൊരു കോളിൽ..പലപ്പോഴും  നിന്നെ വിളിച്ചാൽ കിട്ടില്ല. എന്താ കാരണം.? ബിനു രൂക്ഷമായി നോക്കി.

എന്റെ ബിനുവേട്ടാ..ഞാൻ ആരെ വിളിക്കാനാ..അമ്മയോ ചേച്ചിയോ വിളിക്കും, ഇല്ലങ്കിൽ ആങ്ങളയോ നാത്തൂനോ അങ്ങനെ ആരേലുമൊക്കെ വിളിക്കും. പിന്നെ വിളിക്കുന്നത്‌…നീതു ഒന്ന് നിർത്തി.

ബിനു ആകാംഷ കലർന്ന ചൂട്ടനോട്ടം  നോക്കി. പിന്നെ പറയെടീ..?

പിന്നൊന്നുമില്ല…എന്റെ രണ്ടുമൂന്നു കൂട്ടുകാരികൾ വിളിക്കും അത്രയേ ഉള്ളൂ..!അവൾക്ക് ശുണ്ഠി വന്നു. 

കൂട്ടുകാരോ..????

എന്താ കൂട്ടുകാർ എന്ന് കേട്ടിട്ടില്ലേ..നിങ്ങക്ക്  അറിയാല്ലോ എന്റെ കൂട്ടുകാരെയെല്ലാം അവരിൽ ആരേലും വിളിക്കും, അപ്പോ കുറെ നേരം സംസാരിക്കാറുണ്ട്. ആ സമയത്തു കൃത്യമായി ഏട്ടൻ വിളിക്കുവേം ചെയ്യും. നിങ്ങളുടെ കോള് കേറിവരുമ്പോ തന്നെ അവരെ കട്ടാക്കി നിങ്ങളെ തിരിച്ചു വിളിക്കാറുണ്ടല്ലോ  പിന്നെന്താ..?

എന്താ…കൂട്ടുകാരോട് ഇത്രമാത്രം പറയാനുള്ളത്. അതും മണിക്കൂറുകളോളം…

ബിനുവേട്ടാ..ഞങ്ങൾ  ഓരോരോ വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളുമൊക്കെ സംസാരിക്കും.

ബിനു അവളെ ചുഴിഞ്ഞു നോക്കി. ഇവള് പറയുന്നത് സത്യമാണോ, വല്ലോ കള്ളത്തരവും അവൾ  മുഖത്ത് ഒളിപ്പിക്കുന്നുണ്ടോ.? ചെറിയൊരു നിഗൂഢത അവളുടെ മുഖത്തില്ലേ.?

അല്ല..നീതു..പിന്നെ വേറെയാരും നിന്നെ  വിളിക്കാറില്ലല്ലോ അല്ലേ..?

വേറെ ആരു വിളിക്കാൻ.?

ആരേലും…ചുമ്മാ..?

എന്താ ബിനുവേട്ടാ നിങ്ങക്ക് എന്നെ സംശയം ഉണ്ടോ.? കുത്തികുത്തി ചോദിക്കുന്നത് കൊണ്ട് ചോദിച്ചതാ.

ബിനുവിന് ചെറിയൊരു ചമ്മൽ തോന്നിയെങ്കിലും മുഖഭാവത്തിൽ കാണിച്ചില്ല.

അങ്ങനൊന്നുമില്ല..എന്നാലും ഇന്നത്തെ ഓൺലൈൻ കാലമല്ലേ.. അതാ..?

കുന്തം..എന്റെ ബിനുവേട്ടാ..നിങ്ങളെ ഞാൻ വിളിക്കുമ്പോ നിങ്ങളും മിക്കവാറും നമ്പർ ബിസ്സിയാ.. എന്നിട്ട് ഞാൻ വല്ലോം ചോദിക്കാറുണ്ടോ..? ഇല്ലല്ലോ..?

അത് പിന്നെ അതൊക്ക ബിസിനസ് കാര്യത്തിന് ഓരോരുത്തര് വിളിക്കുന്നതല്ലേ.. !

ആണെല്ലോ..?

ഉം.. ! ബിനു മൂളി.

അപ്പോ..ആണെന്ന് നിങ്ങള് പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ലേ..?

മ്മ്.. !

ഞാൻ വിശ്വസിക്കാതെ നിങ്ങളെ സംശയിച്ചാലോ..?

എന്തിന്..?

ചുമ്മാ മനസ്സമാധാനം കളയാൻ….

അതായത് ആണുങ്ങൾക്ക് നമ്പർ ബിസ്സി ആവാം,.പെണ്ണുങ്ങൾ നമ്പർ ബിസ്സി ആയാൽ അപ്പോ അവിഹിതം. കഷ്ടം തന്നെ.

അതേയ്..എനിക്കൊരു സംശയം. ഈ നമ്പർ ബിസ്സി എന്ന് പറഞ്ഞാൽ..കാമുകൻ (കാമുകി )എന്നോ ജാരൻ എന്നോ മറ്റോ അർത്ഥം കൂടിയുണ്ടോ.???

കാരണം മിക്കവാറും പുരുഷന്മാർക്കും (സ്ത്രീകൾക്കും ) ഫോണിൽ ഇങ്ങനൊരു വാക്ക് കേട്ടാൽ അപ്പോ ഹാലിളകും. അതുകൊണ്ട് ചോദിച്ചതാ.. !

ബിനു നീതുവിനെ നോക്കി ഒരു ഇളിഭ്യചിരി പാസാക്കി..!

എന്തായാലും ഞാൻ നിങ്ങളുടെ പൊക കാണുന്ന വരെ കൂടെ ഉണ്ടാവും പോരേ..?

~ജോളി വർഗീസ്