Story written by Saji Thaiparambu
============
ചാണകം മെഴുകിയ ഇളം തിണ്ണയിലേക്ക് കയറുമ്പോൾ അടഞ്ഞ് കിടന്ന കിടപ്പുമുറിയുടെ പടിയിൽ ചാരി വച്ചിരിക്കുന്ന ഒരു ജോഡി റബ്ബർ ചെരുപ്പുകൾ കണ്ട് അയാൾക്ക് നിരാശ തോന്നി.
അനുജൻ സുധാകരനാണ് അകത്ത് ലളിതയോടൊപ്പമെന്ന് അയാൾക്ക് മനസ്സിലായിരുന്നു
മേലേക്കാവിലെ പൂരത്തിന് ബലൂണും കുപ്പിവളയും വില്ക്കാനായി ഒരു മാസം മുമ്പ് പോയതായിരുന്നു സുധാകരൻ. സാധാരണ അവിടുത്തെ പൂരം കഴിഞ്ഞാൽ അടുത്ത ഉത്സവപറമ്പ് തേടിപ്പോകുന്നൊരു പതിവുണ്ടായിരുന്നതാണ്. പിന്നെന്തിനാണ് അനുജൻ ധൃതി പിടിച്ച് വന്നത്? തൻ്റെ സ്വസ്ഥതകളയാനോ?
അയാൾ സ്വയം ചോദിച്ചു
ലളിതയ്ക്കിനി തൻ്റെ കാര്യങ്ങളൊന്നും നോക്കാൻ താല്പര്യം കാണില്ല. അവനുള്ളപ്പോൾ കിടപ്പറയിൽ തനിക്കല്ല അവനാണ് മുൻഗണന. അവൻ ഉത്സവ സീസണിൽ കച്ചവടത്തിനായി പോകുന്നത് വരെ തൻ്റെ കിടപ്പും വിശ്രമവുമൊക്കെ ചായ്പിലെ കയറ് കട്ടിലിലായിരിക്കും. അവനില്ലാത്തപ്പോൾ മാത്രമാണ് താൻ ലളിതയോടൊപ്പം അന്തിയുറങ്ങുന്നതെന്ന് അയാൾ നിരാശയോടെ ഓർത്തു
ഇന്ന് കാവിലേക്ക് പണിത് കൊടുത്ത ഏഴ് നിലവിളക്കിൻ്റെ കാശ് കിട്ടിയപ്പോൾ തട്ടാനോട് മുമ്പ് പണിത് വയ്ക്കണമെന്ന് പറഞ്ഞേല്പിച്ചിരുന്ന നാഗപട താലി, വരുന്ന വഴി വാങ്ങിച്ചോണ്ടാണ് വന്നത്
മുൻപൊരിക്കലവൻ വേലകളിക്ക് പോകുമ്പോൾ വേലയും പൂരവും കഴിഞ്ഞ് വരുമ്പോൾ എനിക്കൊരു നാഗപട താലി കൊണ്ട് വരണമെന് ലളിത സുധാകരനോട് പറയുന്നത് അയാൾ കേട്ടിരുന്നു
പക്ഷേ പ്രതീക്ഷിച്ച കച്ചവടം നടക്കാതിരുന്നത് കൊണ്ട് സുധാകരൻ അത് വാങ്ങാതെയാണ് വന്നത്
അന്ന് ലളിത സുധാകരനുമായി വഴക്കിടുകയും കുറച്ച് ദിവസം അവനോട് ചായ്പിൽ കിടന്നാൽ മതിയെന്ന് ആക്രോശിക്കുകയും ചെയ്തിരുന്നു.
ആ ദിവസങ്ങളിൽ അവളെ തൻ്റേത് മാത്രമായി കിട്ടിയപ്പോൾ അയാളൊരു തീരുമാനമെടുത്തിരുന്നു എങ്ങനെയെങ്കിലും ലളിതയ്ക്ക് നാഗപട താലി വാങ്ങി കൊടുക്കണമെന്ന്, അങ്ങനെ ചെയ്താൽ അവൾ തൻ്റെ മാത്രമായി തീരുമെന്നും അനുജൻ സുധാകരനെ അവൾ വെറുക്കുമെന്നും അയാൾ മനസ്സിൽ കണക്ക് കൂട്ടി
അങ്ങനെയാണ് അടുത്ത ഗ്രാമത്തിലെ പേര് കേട്ട മുത്തശ്ശി കാവിലേക്ക് ഏഴ് നിലവിളക്കിൻ്റെ പണി അയാളേറ്റെടുത്തത്. പറഞ്ഞ സമയത്തിന് മുമ്പ് നിലവിളക്ക് ഏല്പിച്ചത് കൊണ്ട് കാവ് നടത്തിപ്പുകാർ പറഞ്ഞതിലും കൂടുതൽ പ്രതിഫലം അയാൾക്ക് കൊടുത്തിരുന്നു
ആ കാശ് കൊടുത്ത് വാങ്ങിയ നാഗപടത്താലിയുമായി ഭാര്യയുടെ അടുത്തേയ്ക്ക് വരുമ്പോൾ അയാൾ ആവേശത്തിലായിരുന്നു
നിനച്ചിരിക്കാതെ ഒരു സൂചന പോലും കൊടുക്കാതെ താനത് ലളിതയ്ക്ക് കൊടുക്കുമ്പോൾ അവൾക്ക് തന്നോടുള്ള സ്നേഹം പതിന്മടങ്ങാകുമെന്നായിരുന്നു അയാളുടെ വിശ്വാസം.
പക്ഷേ അനുജൻ അകത്തുണ്ടെന്നറിഞ്ഞപ്പോൾ നിരാശയോടൊപ്പം സുധാകരനോടയാൾക്ക് വൈരാഗ്യവും തോന്നി
വർഷങ്ങൾക്ക് മുമ്പ് മംഗലം കഴിച്ചപ്പോൾ ലളിത തൻ്റേത് മാത്രമായിരുന്നു .
എന്നാൽ നാളുകൾ കഴിയുന്തോറും അവൾക്ക് വിശേഷമൊന്നുമാകാതെ വന്നപ്പോൾ അമ്മയാണ് പറഞ്ഞത് സുധാകരനിനി വേറെ മംഗലമൊന്നും നോക്കണ്ട ലളിതയെ രണ്ടാളും തുല്യമായി സ്നേഹിച്ചോളാൻ
അയാളതിനെ നഖശിഖാന്തമെതിർത്തെങ്കിലും ഒരിക്കൽ വടക്കൻ മലബാറിലെ ക്ഷേത്രത്തിൻ്റെ മേൽക്കൂരയ്ക്ക് നാഗത്തകിട് മേയാൻ പോയിട്ട് ഒരു മാസം കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണറിയുന്നത് സുധാകരനുമായി ലളിത അവളുടെ വീട്ടിലേക്ക് പോയിരിക്കുകയാണെന്നും മടങ്ങി വരാൻ ഒരാഴ്ച കൂടി കഴിയുമെന്ന്…
എല്ലാവരും കൂടി തന്നെ ചതിച്ചെന്ന് മനസ്സിലാക്കിയ അയാൾ, സുധാകരനും ലളിതയും തിരിച്ച് വരുമ്പോൾ അവരെ വകവരുത്തണമെന്ന് മനസ്സിൽ കുറിച്ചിട്ടു
പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് സുധാകരൻ മാത്രം തിരിച്ച് വന്നത് കണ്ട് അയാളോട് ലളിതയെക്കുറിച്ചന്വേഷിച്ച അമ്മയോട് അനുജൻ പറഞ്ഞ വാർത്ത കേട്ട് അയാൾ സ്തബ്ധനായി
ലളിത ഗർഭിണിയാണെന്ന്
അപ്പോൾ താനൊരച്ഛനായിരിക്കുന്നു. തന്നെക്കൊണ്ടതിന് കഴിയില്ലെന്ന് പറഞ്ഞല്ലേ എല്ലാവരും ചേർന്ന് സുധാകരനെ കൊണ്ടവളെ മംഗലം കഴിപ്പിച്ചത് ഇപ്പോഴെങ്ങനെയിരിക്കുന്നു
അയാൾ അമ്മയുടെ നേരെ അട്ടഹസിച്ചു
എന്ന് ഉറപ്പിക്കാൻ കഴിയില്ലല്ലോ ദിവാകരാ…കൊച്ചാരുടേതെന്ന് ഇനിയിപ്പോ ലളിതയ്ക്കേ പറയാനാവു
അന്ന് അമ്മ പറഞ്ഞ മറുപടിക്ക് കാരമുള്ളിൻ്റെ മൂർച്ചയും കഴക്കലുമുണ്ടായിരുന്നു
അത് കേട്ട താൻ, ലളിതയുടെ വീട് ലക്ഷ്യമാക്കി നടന്നു
നിങ്ങള് സുധാകരനോട് പറയരുത്, ഇത് നിങ്ങടെ കുഞ്ഞ് തന്നെയാണ്, പക്ഷേ നിങ്ങളീ സത്യം അനുജനോട് പറഞ്ഞാൽ പിന്നെ ഞാനുമെൻ്റെ കുഞ്ഞും ജീവനോടെയുണ്ടാവില്ല
അന്ന് അവള് തന്നോട് അങ്ങനെ പറഞ്ഞത് കൊണ്ടാണ് താനന്ന് നിസ്സഹായനായി പോയത്
പിന്നീടുള്ള ദിവസങ്ങൾ ലളിത തന്നെയും സുധാകരനെയും ഒരു പോലെ സ്നേഹിച്ചു
മോള് ജനിച്ച് കഴിഞ്ഞപ്പോൾ അവൾക്ക് സ്നേഹം സുധാകരനോട് മാത്രമായി. ആ സ്നേഹം തിരിച്ച് പിടിക്കാനുള്ള തൻ്റെ അവസാന കച്ചിത്തുരുമ്പായിരുന്നു ഈ നാഗപടത്തലി…അതും വൃഥാവിലായി
ഇല്ല, തന്നെ അങ്ങനെ ഒരു മണ്ടനാക്കാൻ ആരെയും താൻ അനുവദിക്കില്ല
തൻ്റെ ജീവിതം വഴിയാധാരമാക്കിയിട്ട് അവളും അവനും അങ്ങനെ ജീവിക്കണ്ടാ…
ചായ്പിലെ കട്ടിലിനടിയിൽ പണി തീർത്ത് വച്ചിരുന്ന കു ത്ത് വിളക്കെടുത്ത് കൊണ്ട് ലളിതയുടെ കിടപ്പ് മുറിയുടെ മുന്നിലെത്തി
അടഞ്ഞ് കിടന്ന കതകിൽ ആഞ്ഞ് തൊഴിക്കാനൊരുങ്ങിയ, അയാളുടെ വലത് കാൽ, അകത്ത് നിന്ന് ലളിതയുടെ ശബ്ദം കേട്ടപ്പോൾ നിശ്ചലമായി.
കാഞ്ചി മോള് നിങ്ങടെ തന്നെയാണ് സമ്മതിച്ചു, പക്ഷേ എൻ്റെ പള്ളേലുളളത് ദിവാകരേട്ടൻ്റെ കുഞ്ഞ് തന്നെയാണ്, എനിക്കുറപ്പാണ്
അത് കേട്ട് കിടപ്പ് മുറിയുടെ വാതില്ക്കൽ നിന്ന് തിരിഞ്ഞ് നടക്കുമ്പോൾ ദിവാകരൻ്റെ മുഖത്ത് ഒരു ആത്മവിശ്വാസമുണ്ടായിരുന്നു
ഒരമ്മയ്ക്കേ അറിയു, തൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിൻ്റെ പിതാവാരാണെന്ന്…ലളിത പറഞ്ഞത് തന്നെയാണ് സത്യം, അത് തൻ്റെ കുഞ്ഞ് തന്നെയാണ്…
ചായ്പിലെ കയറ് കട്ടിലിൽ കിടക്കുമ്പോഴും അയാളുടെ ചുണ്ടുകൾ അത് തന്നെ മന്ത്രിച്ച് കൊണ്ടിരുന്നു….
~സജി തൈപ്പറമ്പ്