കുറേ സമയം കഴിഞ്ഞിട്ടും  ആദിയെ കാണത്തതിനെ തുടർ രശ്മി കടയിലേക്ക് നോക്കുമ്പോൾ….

അനാഥ

Story written by Swaraj Raj

===========

“സാറേ കുറച്ച് കാശ് തരുമോ?”

കാറിന്റെ ഡോറിൽ മുട്ടും ചോദ്യവും കേട്ട് ആദിത്യൻ ഡോറിന്റെ ഗ്ലാസ് താഴ്തി നോക്കി. എട്ട് ഒൻപത് വയസ് തോനിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു അത്. വേഷം കണ്ടാൽ പിച്ചക്കാരിയാണെന്നെ തോന്നു കീറിയ പാവാടയും കുപ്പായവുമായിരുന്നു അവളുടെ വേഷം

“സാറേ കാശ് തരുമോ ” അവൾ പിന്നെയും ചോദിച്ചു

“മോൾക്ക് എത്രയാ കാശ് വേണ്ടത് “

“സാറിന് ഇഷ്ടമുള്ളത്ര തന്നോ”

ആദിത്യൻ മുന്നിലുള്ള തുണിക്കടയിലേക്ക് നോക്കി അവിടെ തന്റെ ഭാര്യ രശ്മി സാരി സെലക്ട് ചെയ്യുന്നത് കണ്ടു. അവൾക്കാണെങ്കിൽ പിച്ചക്കാരെ കണ്ടുകൂടാ, വീട്ടിൽ വരുന്ന പിച്ചക്കാരെ ആട്ടിയൊടിക്കുക പതിവാണ്. അവൾ വരുന്നതിനു മുന്നേ എന്തെങ്കിലും കൊടുക്കുവാൻ ആദി തീരുമാനിച്ചു. ആദി ഉടൻ തന്നെ പേഴ്സ് എടുത്ത് അതിൽ നിന്നും രണ്ട് നൂറിന്റെ നോട്ടെടുത്ത് അവളുടെ കൈയിൽ കൊടുത്തു. അത് കണ്ട് അവളുടെ കുഞ്ഞിക്കണ്ണുകൾ വിടർന്നു. അവൾ ആ കാശ് എടുത്ത് തന്റെ കൈയിലുള്ള കവറിൽ വച്ചു തിരിച്ചു പോകാൻ തുടങ്ങവെ ആദി അവളൊട് ചോദിച്ചു

“എന്താ മോളുടെ പേര് “

മീനാക്ഷി. മീനൂട്ടി എന്ന അമ്മ വിളിക്കാറ്

മോളുടെ വീടെവിടെയാ

“ദാ അവിടെ” കുറച്ചപ്പുറത്ത് ഒരു താർപായ കൊണ്ട് വലിച്ചു കെട്ടിയ ഷെഡ് കാണിച്ചു കൊണ്ടവൾ പറഞ്ഞു . ഒരു കാറ്റടിച്ചാൽ അത് നിലംപൊത്തുമെന്ന് ആദിക്ക് തോന്നി

“മോളുടെ അമ്മയൊ ” ആദിയുടെ ചോദ്യം കേട്ട് അവൾ തേങ്ങലോടെ പറഞ്ഞു

അമ്മ വീട്ടിൽ കിടപ്പിലാ..അമ്മയ്ക്ക് എന്തൊ അസുഖമാണെന്നാ ഡോക്ടർ പറഞ്ഞത്. അമ്മയക് വേണ്ടിയാ ഞാൻ സാറിനോട് കാശ് ചോദിച്ചത് എന്നും പറഞ്ഞ് അവൾ കവറിൽ നിന്നും ഒരു പേപ്പർ എടുത്ത് ആദിക്ക് നേരെ നീട്ടി . ആദി അത് തുറന്ന് നോക്കിയപ്പോൾ ഞെട്ടിപ്പോയ്…

അവളുടെ അമ്മയ്ക്ക് തലയിൽ ട്യൂമർ ആണ്. ഒരു ഓപറേഷൻ വേണം ഇന്ന് വൈകുന്നേരമാണ് ഓപറേഷൻ സമയം അത് നടന്നില്ലങ്കിൽ പിന്നെ ഒന്നും പറയാനാകില്ല. ഓപറേഷനാണെങ്കിൽ പത്ത് ലക്ഷം രൂപ വേണം

മോളൂടെ കൈയിൽ ഇപ്പോൾ എത്ര രൂപയുണ്ട്

ഇന്നലെ ഞാനും അമ്മയും എണ്ണിയപ്പോൾ പതിനായിരം രൂപയായി എന്ന് അമ്മ പറഞ്ഞു പത്ത് ലക്ഷമാവാൻ കുറച്ചു കാശ് കൂടി പോരെ സാറേ?

അവളുടെ ചോദ്യം കേട്ടപ്പോൾ ആദിക്ക് മനസിലായി വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടിയാണന്ന്…

സാരി വാങ്ങി തിരികെ വരുമ്പോൾ ആദി പിച്ചക്കാരിയൊട് സംസാരിക്കുന്നത് കണ്ട രശ്മി വേഗം അവരുടെ അടുത്തേക്ക് നടന്നു. രശ്മി വരുന്നത് കണ്ട ആദി അവളൊട് പോയിക്കൊള്ളാൻ പറഞ്ഞു

കാറിനടുത്തെത്തിയ രശ്മി ആദിയോട് ചോദിച്ചു, അല്ല മോൻ ഇപ്പൊ പിച്ചക്കാരൊടു കമ്പനി കൂടി തുടങ്ങിയൊ

അവൾ പിച്ചക്കാരിയൊന്നുമല്ല

പിന്നെ…

നിന്നൊട് തർക്കിക്കാൻ ഞാൻ ഇല്ല. വണ്ടിയിൽ കയറ് ആദി ദേഷ്യത്തോടെ പറഞ്ഞു

രശ്മി കാറിൽ കയറി ആദി കാർ മുന്നോട്ടെടുത്തു. മീനാക്ഷിയുടെ വീടിനടുത്തെത്തിയപ്പോൾ എന്തൊ ആലോചിച്ച പോലെ കാർ നിർത്തി. എന്നിട്ട് രശ്മിയൊടായി പറഞ്ഞു, ഞാൻ ആ കടവരെ പോയിട്ടു വരാം എന്നും പറഞ്ഞ് കടയിലേക്ക് നടന്നു

കുറേ സമയം കഴിഞ്ഞിട്ടും  ആദിയെ കാണത്തതിനെ തുടർ രശ്മി കടയിലേക്ക് നോക്കുമ്പോൾ കടക്കാരനുമായി സംസാരിച്ചിരിക്കുന്ന ആദിയെയാണ് കണ്ടത്. സഹിക്കെട്ട രശ്മി കാറിന്റെ ഹോൺ നിർത്താതെ അടിച്ചു ഹോണടി കേട്ട ആദി കടക്കാരനുമായി സംസാരം നിർത്തി തിരികെ കാറിൽ വന്നു കയറി

എന്താ കടക്കാരനുമായി രഹസ്യ ചർച്ച രശ്മി ദേഷ്യത്തോടെ ചോദിച്ചു

അതെ ഞാൻ മീനാക്ഷിയെ കുറിച്ച്  കടക്കാരനോട് ചോദിച്ചതാ

മീനാക്ഷിയൊ അതാരാ…രശ്മി ചോദിച്ചു

നേരത്തെ കണ്ട പെൺകുട്ടിയില്ലേ അവൾ

ഓ പിച്ചക്കാരിയുടെ പേരുവരെ അറിയാമോ

നിന്നോട് ഞാൻ എത്ര തവണ പറഞ്ഞതാ അവൾ പിച്ചക്കാരിയല്ലന്ന് ആദി ദേഷ്യത്തോടെ അവളെ നോക്കി

പിന്നെ….

അവളുടെ അച്ഛനും അമ്മയും വലിയ തറവാട്ടുകാരാ, ഇരുവരും പ്രണയത്തിലായിരുന്നു. പക്ഷേ ഇവരുടെ പ്രണയം ഇരു വീട്ടുകാർക്കും ഇഷ്ടമായിരുന്നില്ല. വീട്ടുകാരുടെ എതിർപ്പിനെ മാറിക്കടന്ന് ഇരുവരും വിവാഹം കഴിച്ചു. അതൊടെ രണ്ട് പേരും വീട്ടിൽ നിന്നും പുറത്തായി. അവർക്ക് സ്വന്തമായി ബിസിനസ് ഉള്ളത് കൊണ്ട് കഷ്ടപ്പെടെണ്ടി വന്നില്ല. അവർ സ്വന്തമായി സ്ഥലവും വീടും വാങ്ങി ഇരുവർക്കും കൂട്ടായി മീനാക്ഷിയും എത്തിയതോടെ ഇവരുടെ വീട് സ്വർഗമായി. പക്ഷേ വിധി ഇവരെ അധികകാലം ഒന്നിപ്പിച്ചില്ല. മീനാക്ഷിക്ക് മൂന്ന് വയസുള്ളപ്പോൾ അവളുടെ അച്ഛൻ ഒരപകടത്തിൽ മരിച്ചു. അച്ഛന്റെ മരണത്തോടെ മീനാക്ഷിയെയും അവളുടെ അമ്മയെയും അച്ഛന്റെ വീട്ടുകാർ പുറത്താക്കി സ്വത്തുകൾ തട്ടിയെടുത്തു. മകളുമായി സ്വന്തം വീട്ടിലെത്തിയ ആ അമ്മയെ അവിടെയും കയറ്റിയില്ല. ഒടുവിൽ അവർ കൂലിപ്പണിയെടുത്ത് മീനാക്ഷിയെ വളർത്തുകയായിരുന്നു. കഴുകൻ കണ്ണുകളെ പേടിച്ച് മീനാക്ഷിക്ക് വിദ്യാഭ്യാസം പോലും നൽകാനായില്ല. ഇപ്പോൾ ആ അമ്മ ട്യൂ മർ എന്ന വില്ലന്റെ പിടിയിലാണ്. ഓപറേഷനായി പത്ത് ലക്ഷം രൂപ വേണം. ഇന്നാണ് ഓപറേഷൻ ഒന്ന് നിർത്തിയിട്ട് ആദി തുടർന്നു…നമ്മളും ഇങ്ങനെ പ്രണയിച്ചല്ലേ വിവാഹം കഴിച്ചത്. ഒരു നാൾ ഞാനും മരിച്ചു പോയാൽ നമ്മുടെ മക്കളായ അർജുവിനെയും ആരവിനെയും കൊണ്ട് നീയെങ്ങനെ ജീവിക്കും.

രശ്മി ഒന്നു മിണ്ടിയില്ല വീട്ടിലെത്തുംവരെ ഇരുവരും പിന്നെ സംസാരിച്ചില്ല.

വീട്ടിലെത്തുമ്പോൾ കുട്ടികൾ കളിക്കുകയായിരുന്നു അർജുവിന് എട്ടും ആരവിന് നാലും വയസായിരുന്നു

കുട്ടികളുടെ കളി കണ്ടിരുന്നിട്ടും ആദിയുടെ മനസിനു ഒരു മാറ്റവുമുണ്ടായില്ല. മനസ് നിറയെ മീനാക്ഷിയായിരുന്നു

അകത്ത് പോയ രശ്മി ഉടൻ തന്നെ തിരിച്ചു വന്നു കുട്ടികളെ രണ്ടു പേരെയും അപ്പുറത്തെ വീട്ടിലാക്കി തിരികെ വന്നു ആദിയൊടായി ചോദിച്ചു, മീനാക്ഷിയുടെ അമ്മയക്ക് ഏത് ഹോസ്പിറ്റലിൽ നിന്നാണ്‌ ഓപറേഷൻ.

ജനതാ ഹോസ്പിറ്റൽ…ആദി മറുപടി പറഞ്ഞു

എന്നാൽ അവിടെയ്ക്ക് പോവാം ഇത് കൈയിൽ വച്ചോ ചെക്ക് ബുക്ക് ആദിക്കു നേരെ നീട്ടി പറഞ്ഞു

അവർ ഹോസ്പിറ്റലിലെത്തുമ്പോൾ അഞ്ച് മണിയായിരുന്നു. ഹോസ്പിറ്റലിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ കേട്ട് ആദിയും രശ്മിയും ഞെട്ടിപ്പോയി. അങ്ങനെ ഒരു ഓപറേഷൻ ഇന്ന് ഉണ്ടെന്നു, പക്ഷേ രോഗി ഇതുവരെ അവിടെ എത്തിയില്ല എന്നുമാണ് ഹോസ്പിറ്റലിലുള്ളവർ പറഞ്ഞത്.

ആദിയും രശ്മിയും മീനാഷിയുടെ വീട് ലക്ഷ്യമാക്കി കാറോടിച്ചു വീട്ടിലെത്തുമ്പോൾ ആളനക്കം ഉണ്ടായിരുന്നില്ല.

മീനാക്ഷി ആദി നീട്ടി വിളിച്ചു നിമിഷങ്ങൾക്കകം മീനാക്ഷി ചെറിയൊരു വിളക്കുമായി വേച്ചു വേച്ചു പുറത്തു വന്നു

എന്തു പറ്റി മോളെ രശ്മി ചോദിച്ചു

വീട്ടിലേക്ക് വരുന്ന വഴി വീണു കാല് മുറിഞ്ഞു മീനാക്ഷി തന്റെ കീറിയ പാവാട ഉയർത്തിക്കാണിച്ചു കൊണ്ട് പറഞ്ഞു

രശ്മി നോക്കുമ്പോളുണ്ട് മീനാക്ഷിയുടെ കാലിൽ രക്തം കട്ടപിടിച്ചു കിടക്കുന്നു

അയ്യോ ഡോക്ടറെ കാണിച്ചില്ലേ രശ്മി ചോദിച്ചു

ഇല്ല ഉപ്പുവെള്ളം ഒഴിച്ചു. മുറിവുണ്ടായാൽ അമ്മ അങ്ങനെയാണ് ചെയ്യാറ് മീനാക്ഷി പറഞ്ഞു

അമ്മ എവിടെ പോയി മോള് എന്തെ അമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ പോകാതിരുന്നത് ആദി ചോദിച്ചു

ഞാൻ വന്നപ്പോൾ തന്നെ അമ്മയെ വിളിച്ചിരുന്നു. പക്ഷേ അമ്മ ഉറങ്ങുകയായിരുന്നു. അമ്മ ഇപ്പോളും ഉറങ്ങുകയാ ചെറിയൊരു കട്ടിലിൽ ഉറങ്ങികിടക്കുന്ന അമ്മയെ ചൂണ്ടി കാണിച്ചിട്ടു മീനാക്ഷി പറഞ്ഞു

സംശയം തോന്നിയ ആദി അവരെ കുലുക്കി വിളിച്ചു നോക്കി അനകമില്ല. കൈത്തണ്ടയിൽ പിടിച്ചു നോക്കി ആ ശരീരം നിശ്ചലമായിരുന്നു. അതു കണ്ട് രശ്മി വാ പൊത്തിക്കരഞ്ഞു. ഒന്നുമറിയാതെ മീനാക്ഷി ഇരുവരെയും മാറി മാറി നോക്കി.

നാല് പേർ ചേർന്ന് കുഴിവെട്ടുന്നത് നോക്കി നിൽക്കുകയാണ് മീനാക്ഷി. തന്റെ അമ്മയ്ക്ക് വേണ്ടിയാണ് കുഴിവെട്ടുന്നതെന്ന് ആ കുഞ്ഞു മനസിന് മനസിലായി. അവളുടെ കാതിൽ രശ്മിയുടെ വാക്കുകൾ മുഴുകി കൊണ്ടിരുന്നു

“മോളുടെ അമ്മ മരിച്ചു പോയി ഇനി ഒരിക്കലും മോളെ കാണാൻ വരില്ല ” അതേ അമ്മ മരിച്ചു പോയി ഇനി ഞാൻ തനിച്ചാണ് അവളുടെ മനസ് പറഞ്ഞു കൊണ്ടിരുന്നു

അടക്കം ചെയ്യാൻ സമയമായി…ആരോ വിളിച്ചു പറഞ്ഞു. രശ്മി മീനാക്ഷിയുമായി അവളുടെ അമ്മയുടെ അടുത്തേക്ക് നടന്നു, അവസാനമായി ഒരു നോക്ക് കാണാൻ

ആദിയും മൂന്ന് പേരും കൂടി ശവ ശരീരം കുഴിയിൽ വച്ചു. അപ്പോൾ മീനാക്ഷി ആദിയുടെ അടുത്ത് ചെന്ന് തന്റെ കൈയിലുള്ള കവർ കൊടുത്തിട്ടു പറഞ്ഞു

“സാറേ ഞാൻ ഭക്ഷണം കഴിക്കാത്തപ്പോൾ അമ്മ പറയാറുണ്ടായിരുന്നു. മോളെ മോൾക്ക് വേണ്ടിയാണ് അമ്മ സമ്പാദിക്കുന്നത് മോൾ ഇതൊന്നു കഴിച്ചില്ലങ്കിൽ എന്തിനാ അമ്മ സമ്പാദിക്കുന്നത് അത് കൊണ്ട് മോൾ ഇത് കഴിക്കണം”

ഒന്നു നിർത്തിയിട്ടു മീനാക്ഷി തുടർന്നു…

“സാറേ എനിക്കൊരാഗ്രഹമുണ്ടായിരുന്നു വലുതായിട്ടു എന്തെങ്കിലും ജോലിയെടുത്ത് അമ്മയെ പൊന്നു പോലെ നോക്കാൻ…പക്ഷേ ഇപ്പൊ അമ്മയില്ല. കവർ ചൂണ്ടി കൊണ്ട് മീനാക്ഷി പറഞ്ഞു…ഇത് അമ്മയ്ക്ക് വേണ്ടി ഞാൻ നേടിയെടുത്ത പണമാണ് ജീവിച്ചിരിക്കുമ്പോൾ അമ്മയ്ക്ക് ഒന്നു കൊടുക്കാൻ കഴിഞ്ഞില്ലങ്കിലും പോകുമ്പോൾ ഇതെങ്കിലും കൊടുക്കാൻ ആവട്ടെ…അതു കൊണ്ട് സാറ് ഇത് അമ്മയുടെ അരികിൽ വെയക്കണം”

മീനാക്ഷി വിതുമ്പി കൊണ്ട് പറഞ്ഞു

ആദി ഒന്നു മിണ്ടാതെ ആ കവർ ശരീരത്തിനടുത്ത് വച്ചു.

അടക്കം കഴിഞ്ഞു  മൂന്ന് പേർ ഒഴികെ എല്ലാവരും പിരിഞ്ഞു പോയി

ആദി എന്തു ചെയ്യണമെന്നറിയാതെ കാറിനടുത്തേക്ക് നടന്നു

ആദിയേട്ടാ രശ്മിയുടെ വിളി കേട്ട് ആദി തിരിഞ്ഞു നോക്കി

മീനാക്ഷിയെ ഒറ്റക്ക് വിട്ടാൽ അവളെ നാ യ് ക്കൾ വലിച്ചു കീറും. അതുകൊണ്ട് അർജുവിനും ആരവിനും ചേച്ചിയായി ഇവളെ നമുക്ക് കൂട്ടാം. കുറച്ചു നാൾ കഴിഞ്ഞു നമുക്ക് നിയമപരമായി ദത്തെടുക്കാം. അതുകൊണ്ടങ്കിലും ആ അമ്മയുടെ ആത്മാവ് സന്തോഷിച്ചോട്ടെ…

ഇത് കേട്ടതും ആദി രശ്മിയെ കെട്ടിപിടിച്ചു

അവർ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ കൂടെ അർജുവിനും ആരവിനും ചേച്ചിയായി മീനാക്ഷിയുമുണ്ടായിരുന്നു

(NB: ആദി തന്നെയാണ് ആദിത്യൻ) ഞാൻ എഴുതിയതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ ഞാൻ ഇവിടെ ഒന്നുകൂടി പോസ്റ്റുന്നു

~സ്വരാജ് രാജ് എസ്