താനും ഈ കാലമത്രയും നിശ്ചലയായിരുന്നു എന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക്…

കടലോളം

Story written by Ammu Santhosh

=========

“കാണാതിരിക്കുമ്പോ ഇഷ്ടം കൂടുമെന്നൊക്കെ പറയുന്നത് വെറുതെയാ എനിക്കിഷ്ടം കുറച്ചു കുറവുണ്ടിപ്പോ…”

അവളുടെ ശബ്ദത്തിലെ കുസൃതിയിൽ അയാൾക്ക് ചിരി വന്നു

“അതൊക്കെ നമുക്ക് മാറ്റിയെടുക്കാമെന്നെ..ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് തീർന്നോട്ടെ “

“അതൊക്കെ തീർന്നിട്ട് എന്നാണാവോ സമാധാനത്തോടെ ജീവിക്കുക? എനിക്ക് കല്യാണ ആലോചനകൾ ഒക്കെ വരുന്നുണ്ട് കേട്ടോ..വീട്ടിൽ തർക്കിച്ച് ഞാൻ മടുത്തു. ഒരു അഞ്ചു ദിവസത്തെ ലീവ് കിട്ടില്ലേ? ഒരു താലി കെട്ടിയിട്ട് പൊയ്ക്കോളൂ “

അയാൾ ദീർഘമായ് ഒന്ന് ശ്വസിച്ചു..

“ആഗ്രഹം ഇല്ലാഞ്ഞല്ല.അപേക്ഷിക്കാഞ്ഞതുമില്ല.അസമിലേക്ക് ട്രാൻസ്ഫർ ആയി..നിന്നേ വിഷമിക്കണ്ട എന്ന് കരുതി പറയാഞ്ഞത…അറിയാല്ലോ അവിടെ ഉള്ള പ്രശ്നങ്ങൾ..ന്യൂസ്‌ കാണുന്നില്ലേ?”

അവൾ സ്ത്ബ്ധയായി..ഉള്ളിൽ നിന്നു ഒരു കരച്ചിൽ ആർത്ത് വരുന്നുണ്ട്.

“പേടിക്കണ്ട നിന്റെ പ്രാർത്ഥന ഇല്ലേ എന്റെ ചുറ്റും. അത് മതി. ഇനി ഉടനെ വിളിക്കില്ല….പിന്നെ…അനു..?”

“ഉം…”

“വേറെ ഒരാളെ നീ കല്യാണം കഴിച്ചോ എന്ന് പറയാനുള്ള വിശാലമനസ്കത എനിക്കില്ല. നീ എന്റെയാ എന്നും. എന്റെ മാത്രം…അത് ഞാൻ ജീവിച്ചിരുന്നാലും മരിച്ചാലും..നീ മാത്രമായിരിക്കും അർജുന്റെ പെണ്ണ്.”

അവൾ കണ്ണീർ അമർത്തി തുടച്ചു ശബ്ദം ഒന്ന് ചുമച്ചു ശരിയാക്കി

“അങ്ങനെ വേറെ ഒരാളെ കല്യാണം കഴിച്ചു നിങ്ങളെ രക്ഷപ്പെടുത്താൻ എനിക്ക് മനസ്സുമില്ല..ഫോൺ വെച്ചേരെ. എനിക്ക് ഓഫീസിൽ പോകാൻ നേരമായി “

അവൻ ചിരിച്ചു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു

ഒരു ട്രെയിൻ യാത്രയിൽ കണ്ടതാണ് കാന്താരിയെ..കലപിലാന്ന് വർത്താനം പറഞ്ഞു കൊണ്ട് ചിരിച്ചും കളിച്ചും കൂട്ടുകാർക്കൊപ്പം ഒരു ടൂർ കഴിഞ്ഞു വരികയായിരുന്നു അവൾ. താൻ അവധിക്ക് നാട്ടിലേക്ക് വരുന്ന വഴിയും. യൂണിഫോം കണ്ടാകും വന്നു പരിചയപ്പെട്ടു

“എനിക്ക് പട്ടാളക്കാരെ വലിയ ഇഷ്ടാ…ശരിക്കും എത്ര ധൈര്യം വേണം ഈ ബോംബിന്റെ ഒക്കെ അടുത്ത് കൂടി നടക്കാൻ “

താൻ പൊട്ടിച്ചിരിച്ചു പോയി. അന്ന് താൻ കാശ്മീരിലായിരുന്നു. അത് പറഞ്ഞപ്പോൾ വന്ന ഡയലോഗ് ആണ്

“എല്ലാവരുടെ ഉള്ളിലും ധൈര്യം ഉണ്ട്. ഒരു പ ട്ടി കടിക്കാൻ വന്ന മരം കേറ്റം അറിയാത്തവൻ പോലും ചിലപ്പോൾ മരം കയറി പോകും അത് പോലെയുള്ളു “

അപ്പൊ ചിരിച്ചത് അവളാണ്

പോകാൻ നേരം തന്റെ മൊബൈൽ നമ്പർ വാങ്ങിച്ചു. വിളിക്കും ട്ടൊ എന്ന് പറയുകയും ചെയ്തു

വർഷം എത്ര കഴിഞ്ഞു..

അതേ വിളിയൊച്ച

അതേ കുസൃതി

അതേ സ്നേഹം

അവൾ മാറിയിട്ടില്ല

നന്നായി പഠിച്ചു ജോലി കിട്ടിയപ്പോഴും വീട്ടുകാർ കല്യാണം ആലോചിക്കുമ്പോഴും അർജുൻ മതി എന്നുറപ്പിച്ചു പറഞ്ഞു അവൾ.

ആരുമില്ലാത്ത ഒരു പട്ടാളക്കാരനെ ആർക്കും വേണ്ടായിരുന്നെങ്കിലും അവൾക്ക്‌ വേണമായിരുന്നു. അവൾ അവന് വേണ്ടി വാശി പിടിച്ചു, വാദിച്ചു, കരഞ്ഞു, പട്ടിണി കിടന്നു. ഒടുവിൽ വീട്ടുകാർക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു

തമ്മിൽ കണ്ടിട്ടുള്ളത്, ഒന്നിച്ചു ചിലവഴിച്ചിട്ടുള്ളത് കുറച്ചു സമയങ്ങൾ മാത്രം . പക്ഷെ കാണാതെ കാണുന്ന കാഴ്ചകൾ ഉണ്ട്..

ഞാൻ ഇന്നലെ ക്ഷേത്രത്തിൽ പോയി അർച്ചന നടത്തി ട്ടൊ എന്ന് പറയുമ്പോൾ, ഉലഞ്ഞ കോട്ടൺ സാരിയുടെ തുമ്പ് ഒന്ന് ചുറ്റി നെറ്റിയിലെ ചന്ദനവരയുടെ മുകളിൽ വിരൽ കൊണ്ട് തൊടുന്ന അവളെ കാണാം.

ഇന്ന് തൊടിയിലെ മുല്ല പൂത്തു എന്ന് പറയുമ്പോൾ മുല്ലപ്പൂവിന്റ മണം നിറയും

ഇന്ന് പുഴമീൻ കിട്ടി, വറുത്തു. നല്ല രുചി ഉണ്ടായിരുന്നു..അപ്പൊ പുഴമീന്റെ രുചി നാവിൽ നിറയും

കവിളിൽ ഒരു ചക്കരയുമ്മ എന്ന് കൊഞ്ചുമ്പോ കൈതപ്പൂവിന്റെ മണമുള്ള ചുണ്ടുകളുടെ തണുപ്പ് അറിയാം

“അർജുൻ ഡ്യൂട്ടി ടൈം കം “

വിവേക് വിളിക്കുന്നത് കേട്ട് അവൻ എഴുന്നേറ്റു.

“സ്വപ്നത്തിൽ അനു എന്താ പറയണേ ?”വിവേക് കളിയാക്കി ചോദിച്ചു. അവൻ അയാളെ നോക്കി ചിരിച്ചു. പിന്നെ ഒപ്പം നടന്നു

അനു ന്യൂസ്‌ കാണുകയായിരുന്നു

മാവോയിസ്റ് ആക്രമണത്തിൽ ഒരു ജവാൻ മരിച്ചു. മൂന്ന് പേരെ കാണാതായി. അവൾ ഒന്ന് കൂടി നോക്കി. പേര് പറയുന്നില്ല. കാണാതായവർ മാവോയിസ്റ്റ്കാരുടെ പിടിയിൽ അകപ്പെട്ടെന്ന് സംശയിക്കുന്നു എന്ന് പറയുമ്പോഴും പേരില്ല. അവളുടെ ഉടൽ വിറച്ചു കൊണ്ടിരുന്നു. അതിലവനുണ്ട് എന്നവളുടെ ഉള്ള് പറഞ്ഞു കൊണ്ടേയിരുന്നു..

ദിവസങ്ങൾ

മാസങ്ങൾ

ഒരു വർഷം കഴിഞ്ഞു

“മോളെ എന്ത് പ്രതീക്ഷിച്ചാണ് നീയിപ്പോഴുമിങ്ങനെ?  ഗവണ്മെന്റ് പോലും ഇത് മറന്നു കഴിഞ്ഞു..മാവോയിസ്റ്റുകാരുടെ വശമില്ലെന്ന് അവരും അറിയിച്ചിട്ടുണ്ട് അവരുടെ പക്കലുള്ളവരെ അവരും വിട്ടല്ലോ. ആക്കൂട്ടത്തിൽ ഇല്ല. ഒരു പക്ഷെ അവർ കൊന്നിട്ടുണ്ടെങ്കിൽ….” അവൾ നിറകണ്ണുകളോടെ അച്ഛനെ നോക്കി

“ജീവിച്ചിരിപ്പുണ്ട്..ഉറപ്പാ..എന്റെ അടുത്ത് വരും..വരും “

അവൾ ഇടർച്ചയോടെ പറഞ്ഞു കൊണ്ടിരുന്നു..വരും..

അപ്പോൾ അസമിലെ ഒരു വനത്തിലെ കുടിലിൽ നിശ്ചലമായി പോയിട്ടും, ശ്വാസം മാത്രം ബാക്കി വെച്ച, മരണത്തിന് പിടി കൊടുക്കാതെ ഒളിച്ചു കളിച്ച ആ ശരീരം ഒന്നനങ്ങി.

ഓർമ്മകളുടെ പുകമഞ്ഞു മാറി അവൻ മെല്ലെ കണ്ണ് തുറന്നു

“അനു…അനു…” ഇടറിയ ഒച്ചയിൽ അവനങ്ങനെ വിളിച്ചു കൊണ്ടേയിരുന്നു..

മനുഷ്യൻ എന്ന വാക്കിന്റെ പൂർണ അർത്ഥമായ കുറെ മനുഷ്യരുടെ ഇടയിൽ, അവരുടെ പരിചരണങ്ങൾക്ക് നടുവിലാണ് താൻ എന്ന് പതിയെ അവന് മനസിലായി. അവൻ കണ്ണ് തുറന്നപ്പോൾ ആഹ്ലാദാരവങ്ങളോടെ അവർ അവന് ചുറ്റും നിരന്നു.

പിന്നെയും സാധാരണ പോലെ ആകാൻ ദിവസങ്ങൾ വേണ്ടി വന്നു.

ഒരു ബോം ബാക്ര മണത്തിന്റെ മങ്ങിയ ഓർമ മാത്രം ശേഷിച്ചു. ചിതറിയ ട്രെക്കിൽ നിന്ന് എടുത്തെറിയപ്പെട്ട തന്നെ  ഇടയ്ക്കെപ്പോഴോ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു…

ഒടുവിൽ അവരുടെ സ്നേഹത്തിനു നന്ദി പറഞ്ഞു യാത്ര തുടങ്ങുമ്പോൾ അവന്റെ ഉള്ളിൽ ഒരു ശൂന്യത നിറഞ്ഞിരുന്നു.

ഒരു ഫോൺ കാളിന്റെ അങ്ങേ തലയ്ക്കൽ അവളങ്ങനെ വിങ്ങിപ്പൊട്ടി നിന്നു..

താനും ഈ കാലമത്രയും നിശ്ചലയായിരുന്നു എന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക്

കാത്തിരിക്കുകയായിരുന്നുവെന്ന് കരയണമെന്നുണ്ടായിരുന്നു.

കുറച്ചു നാൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഭ്രാന്ത് പിടിച്ചേനെ എന്ന് ആർത്തലയ്ക്കണമെന്നുണ്ടായിരുന്നു.

വേഗം വരൂ ഞാൻ ഉണ്ടാവും സ്റ്റേഷനിൽ എന്ന് മാത്രം പറഞ്ഞു.

ഔദ്യോഗിക നടപടി ക്രമങ്ങൾക്ക് ശേഷം കാതങ്ങൾ താണ്ടി അവനെത്തുമ്പോൾ റെയിൽ വെ സ്റ്റേഷനിൽ അവൾ കാത്തു നിന്നു

അവൾ അരികിൽ ചെന്ന് ബാഗ് വാങ്ങി തോളിലിട്ടു.

അവൻ പൊട്ടിയോഴുകുന്ന കണ്ണുകളോടെ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു..

“കാത്തിരുന്നു മടുത്തില്ലേ?”

അവൻ ഇടറി ചോദിച്ചു

അവൾ ആ മുഖത്തേക്ക് നോക്കി പിന്നെ അകന്ന് മാറി

“ഇത് കേരളമാണ്..റെയിൽവെ സ്റ്റേഷൻ റൊമാൻസ് ഒക്കെ ഷാരുഖിന്റെ സിനിമയിൽ മാത്രേ നടക്കുവുള്ളു..വേഗം നടന്നോളു..”

“നീ ഒട്ടും മാറിയിട്ടില്ല “അവൻ കണ്ണീരോടെ ചിരിച്ചു

“മാറാൻ പറ്റുമോ? “

“ഞാൻ കരുതി..വേറെ ജീവിതം..വേറെ..” അവൻ പാതിയിൽ നിർത്തി

“നീ എന്റെയാണ് എന്നല്ലേ പറഞ്ഞിട്ടുള്ളത്? പിന്നേ എങ്ങനെ വേറെ ആൾ വരും?”

അവൾ ചിരിച്ചു
പിന്നെ കയ്യിൽ കൈ ചേർത്ത് പിടിച്ചു നടന്നു തുടങ്ങി

“ഞാൻ ഒരിക്കലും വന്നില്ലായിരുന്നെങ്കിൽ?”

“കാത്തിരിക്കാൻ എന്ത് സുഖമാണെന്നോ? ഞാൻ കാത്തിരിക്കും. ആയുസ്സിന്റെ അറ്റത്തോളം..എന്നാലും ചിലപ്പോൾ…ചിലപ്പോൾ എനിക്ക് ഭ്രാന്ത് പിടിച്ചു പോയേനെ…ഈ മുഖം കാണാതെ, ശബ്ദം കേൾക്കാതെ…” അവൾ കണ്ണീരിനിടയിൽ കൂടി ചിരിക്കാൻ ശ്രമിച്ചു

ആ വഴിയരുകിൽ വെച്ച് അർജുൻ വീണ്ടും അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു..സങ്കടം വന്നു നെഞ്ചു പൊട്ടും പോലെ തോന്നിയപ്പോൾ ആ നിറുകയിൽ മുഖം അമർത്തി വെച്ചു..

പ്രണയകാലങ്ങൾക്ക് ജീവന്റെ വിലയുണ്ടെന്ന് അവനറിയുകയായിരുന്നു…