അതുകൊണ്ട് തന്നെ ആ കുട്ടിയോട് കൂടുതൽ മിണ്ടുവാൻ എനിക്ക് താല്പര്യം ആയിരുന്നു…

Story written by Anandhu Raghavan

===========

ഹായ്…

മെസ്സഞ്ചറിൽ വന്ന മെസ്സേജിലേക്ക് ഞാൻ ആകാംക്ഷയോടെ നോക്കി…പ്രൊഫൈൽ ആകെ ഒന്നു പരിശോധിച്ചു. എപ്പോഴോ ഫ്രണ്ട് ആയതാണ്…

ഹലോ എന്നു ഞാൻ റിപ്ലൈ കൊടുത്ത് ഒന്നൂടി ആ പേരിലേക്ക് നോക്കി ..

‘ശരണ്യ’  നല്ല പേര് എന്നു ഞാൻ മനസ്സിൽ ഓർത്തപ്പോഴേക്കും അടുത്ത മെസ്സേജ് വന്നു…

മിഥുൻ ചേട്ടന്റെ കഥകൾ ഒക്കെ നന്നാവുന്നുണ്ട്..എനിക്ക് ഒത്തിരി ഇഷ്ടമാണ്…

എന്റെ മുഖം നന്നായൊന്നു പ്രകാശിച്ചു…മനസ്സിൽ ഒരുപാട് സന്തോഷം തോന്നി..അതുകൊണ്ട് തന്നെ ആ കുട്ടിയോട് കൂടുതൽ മിണ്ടുവാൻ എനിക്ക് താല്പര്യം ആയിരുന്നു…

ചേട്ടന്റെ കഥകളിലെ ഏട്ടനെപ്പോലെ അനിയത്തിക്കുട്ടിയോട് ഒരുപാട് സ്നേഹവും കുശുമ്പും കുസൃതിയും ഒക്കെയുള്ള ഏട്ടൻ ആണോ ജീവിതത്തിലും…

ആ ഒരു ചോദ്യം ഞാൻ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു…ശരണ്യ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് ചെറുതായി ഒരു വിഷമം തോന്നാതിരുന്നില്ല…

എനിക്ക് സ്നേഹിക്കാനും വഴക്കിട്ട് മുഖം വീർപ്പിച്ചിരിക്കാനുമൊന്നും ഒരനിയത്തിക്കുട്ടി ഇല്ലാതെ പോയെടോ…

ഒരനിയത്തിക്കുട്ടി ഉണ്ടായിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു..കഥകളിലേതു പോലെ അവൾക്ക് പ്രിയപ്പെട്ട ഒരേട്ടനായി മാറാൻ ഒരുപാട് കൊതിച്ചിരുന്നു…

എനിക്കും ഇഷ്ടമാ ഒരേട്ടന്റെ അനിയത്തിക്കുട്ടിയായ് ചെത്തി നടക്കുവാൻ , ഒരേട്ടൻ ഇല്ലാതെ പോയതാണ് എന്റെ ഏറ്റവും വല്യ സങ്കടം…

ഞാൻ എന്റെ ഏട്ടനെപ്പോലെ കണ്ടോട്ടെ ചേട്ടനെ…ഏട്ടാ എന്നു വിളിച്ചോട്ടെ ഇനിമുതൽ അങ്ങനെ വിളിക്കുവാനുള്ള കൊതി കൊണ്ടാണ്…

ശരണ്യ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു…രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന് എന്നു പറഞ്ഞതുപോലെ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് അതുപോലെ പറയുകയായിരുന്നു ശരണ്യ…

ശരണ്യ അങ്ങനെ സ്നേഹ സമ്പന്നയായ എന്റെ അനിയത്തിക്കുട്ടി ശാരു ആയി…അതെ വഴക്കിടനും ഇണങ്ങാനും പിണങ്ങാനുമെല്ലാം ഒരനിയത്തിക്കുട്ടി…

അവൾ ആദ്യമായ് എന്നെ ഏട്ടാ എന്നു വിളിച്ചപ്പോൾ ഞാനാകെ രോമാഞ്ചം കൊണ്ടു പോയ്…അങ്ങനൊരു വിളി കേൾക്കാൻ കൊതിക്കാത്ത ഏത് ഏട്ടനുണ്ട് ഭൂമിയിൽ…

അകലെയാണെങ്കിലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും വാക്കുകളിലൂടെ ഒരേട്ടന്റെ സ്നേഹം കൊടുക്കണം വാത്സല്യം കൊടുക്കണം..ഫേസ്ബുക്ക് പൂവലന്മാർ അവളെ ശല്യപ്പെടുത്തുമ്പോൾ ഒരേട്ടന്റെ അധികാരം കാണിച്ചു കൊടുക്കണം…

വാ തോരാതെ സംസാരിക്കുന്ന എന്റെ അനിയത്തിക്കുട്ടിക്ക് മുൻപിൽ ഏട്ടനായ ഞാൻ പലപ്പോഴും തോറ്റു പോകാറുണ്ട്..തോറ്റു കൊടുക്കാറുണ്ട്…അവിടെയാണ് ഒരേട്ടന്റെ സ്നേഹം

ശാരൂന്റെ തള്ള് കഥകൾ കേട്ട് പലപ്പോഴും ഞാൻ പൊട്ടിച്ചിരിക്കാറുണ്ട്

എത്ര വേഗമാണ് ഞാൻ ശാരൂമായി അടുത്തത്..ഇപ്പോൾ അവൾ ഒന്നു മിണ്ടിയില്ലെങ്കിൽ അത് എനിക്ക് ഒരുപാട് വിഷമം ആണ്..അതുപോലെ തന്നെയാണ് ശാരൂനും..പതിയെ പതിയെ ഞങ്ങൾ തമ്മിൽ രക്ത ബന്ധത്തിനും അപ്പുറം പേരിട്ടു വിളിക്കാനാവാത്ത ഒരു ഹൃദയ ബന്ധം വളർന്നു വരുകയായിരുന്നു…

ഇതിനടയിൽ ശാരു എന്നെ വീട്ടുകാരുമായി പരിചയപ്പെടുത്താനും മറന്നിരുന്നില്ല…അച്ഛനും അമ്മയ്ക്കും കൂട്ടിനായ് ആകെയുള്ള കുറുമ്പിയായ ഒരു മോൾ , അവളുടെ ഇഷ്ടങ്ങൾക്കൊന്നും എതിരായിരുന്നില്ല അവർ..അവൾ ചെയ്യുന്നതിൽ ഒരു ശരി കാണും എന്നവർക്കറിയാം…

ഇപ്പോൾ ഫോൺ വിളിക്കുമ്പോൾ അനിയത്തിക്കുട്ടിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അച്ഛനും അമ്മയും എന്നോട് സംസാരിക്കാറുണ്ട്. അവർക്ക് പിറക്കാതെ പോയ ഒരു മകനോടുള്ള സ്നേഹത്തോടെ വാത്സല്യത്തോടെ…

എല്ലാം ചോർത്തി എടുക്കുന്നതിനിടയിൽ എനിക്ക് ഒരു പ്രണയം ഉള്ള കാര്യവും അവൾ അങ്ങ് മനസ്സിലാക്കി കളഞ്ഞു…

ഒരാഴ്ചത്തേക്ക് ആള് കട്ട കലിപ്പിൽ ആയിരുന്നു..കലിപ്പൊക്കെ കുറഞ്ഞു വന്നപ്പോൾ ഏടത്തിയമ്മ ആകാൻ പോകുന്ന ദേവപ്രിയ എന്ന എന്റെ ദേവൂനോട് സംസാരിക്കണം എന്നായി…

ദേവൂം ശാരും ഇപ്പോൾ നല്ല കമ്പനിയാണ്…ഇടക്കിടെ രണ്ടാളും ചേർന്ന് എന്നെ കളിയാക്കുന്നത് ഒരു വിനോദം ആയി ഏറ്റെടുത്തിരിക്കുകയാണ്…

ദിവസങ്ങൾ കഴിയുംതോറും അനിയത്തിക്കുട്ടിയോടുള്ള സ്നേഹം കൂടിക്കൊണ്ടേയിരുന്നു…

അങ്ങനെ ഇരിക്കുമ്പോഴാണ് ദേവൂമായുള്ള എന്റെ വിവാഹം നിശ്ചയിക്കുന്നത്…

വിവാഹത്തിന് ശാരൂനേം കൂട്ടി നേരത്തെ തന്നെ എത്തണമെന്ന് ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞ് സമ്മതിപ്പിച്ചു…

വിവാഹ ദിവസം നേരത്തെ തന്നെ അവർ എത്തിയിരുന്നു…എന്റെ അച്ഛനും അമ്മയും അനിയനും നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്റെ വാക്കുകളിലൂടെ അവർക്ക് പ്രിയങ്കരമായിരുന്നു ശാരൂനേം അച്ഛനെയും അമ്മയെയും…

തിരക്കുകൾക്കിടയിലും ഞാൻ അവരെ സ്വീകരിച്ചപ്പോൾ എനിക്കൊപ്പം അനിയനും അവരെ സ്വീകരിക്കാൻ കൂടി…

ശാരു ഞങ്ങൾക്ക് വിവാഹ സമ്മാനം തരുമ്പോൾ അത് എന്തായിരിക്കും എന്ന ആകാംഷ ആയിരുന്നു എന്റെയും ദേവൂന്റെയും മനസ്സിൽ…

വിവാഹത്തിരക്കുകൾ ഒക്കെയും കഴിഞ്ഞ് വൈകുന്നേരം എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്ന വേളയിൽ ഞങ്ങൾ ആദ്യം പൊട്ടിച്ച് നോക്കിയത് ശാരൂന്റെ വിവാഹ സമ്മാനമായിരുന്നു…

സന്തോഷത്താൽ എന്റെ കണ്ണുകൾ നിറഞ്ഞുവന്നു..കൂടെപ്പിറപ്പായി ജനിച്ചില്ലെങ്കിലും ഒരേട്ടന്റെ സ്ഥാനം തന്ന് സ്നേഹിച്ച ആ മനസ്സിന്റെ ആഴം ഒരിക്കൽ കൂടി തിരിച്ചറിയുകയായിരുന്നു ഞാൻ…

ഞാനും ദേവൂം ഒന്നിച്ചിരിക്കുന്ന ഒരു ചിത്രം. അവളുടെ ഭാവനയിൽ എത്ര മനോഹരമായിട്ടാണ് അത് വരച്ചിരിക്കുന്നത്..ഇതിലും വലിയ ഒരു വിവാഹ സമ്മാനം ഇനി ഞങ്ങൾക്ക് കിട്ടുവാനെ ഇല്ല…

*************
സന്തോഷകരമായ ജീവിതത്തിൽ വർഷങ്ങൾ രണ്ടു മൂന്ന് കഴിഞ്ഞു പോയത് അറിഞ്ഞതേയില്ല..അനിയത്തിക്കുട്ടി എത്ര പെട്ടെന്നാണ് വലുതായിപ്പോയത്..വരുന്ന ആലോചനകൾ ഒക്കെയും അവൾ ഓരോ തരികിട ന്യായങ്ങൾ പറഞ്ഞ് ഒഴുവാക്കി വിടും..

പക്ഷെ നാളുകൾ ഇത്രയും കഴിഞ്ഞിട്ടും അവൾക്ക് ഏട്ടനോടും ഏടത്തിയോടും പിണങ്ങി ഇരിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല…ഒരു ദിവസം സംസാരിച്ചില്ലെങ്കിൽ അന്നത്തെ ദിവസം അവൾക്ക് ഉറക്കം കിട്ടില്ല…

ഫോൺ ശബ്‌ദിക്കുന്നത് കേട്ടപ്പോഴേ എനിക്ക് തോന്നി ശാരുവായിരിക്കും എന്ന്…ദേവൂം എന്റെ അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു…ദേവൂന്റെ കയ്യിൽ അപ്പോൾ പുതിയൊരഥിതി കൂടി ഉണ്ടായിരുന്നു…ഞങ്ങളുടെ ഓമൽക്കൺമണി ‘ആദിത്യൻ’ അവനിപ്പോൾ ഏഴ് മാസം പ്രായമായി…

പുതിയ ആളെ ഇഷ്ടമായോ ശാരൂ…

എന്റെ ഏട്ടാ..പുള്ളിക്കാരൻ ഒന്നു ചിരിച്ചു കാണണമെങ്കിൽ ടിന്റു മോന്റെ കോമഡി വല്ലതും പറയേണ്ടി വരും…പെണ്ണുകാണാൻ വരുമ്പോഴെങ്കിലും മുഖത്ത് ഒരല്പം ചിരി വരുത്തിക്കൂടെ…പുള്ളിക്കാരന്റെ കൂടെ കൂടിയാൽ ഞാൻ വരെ ചിരിക്കാൻ മറന്നു പോകും…

അപ്പൊ ഇതും നടക്കില്ല അല്ലെ…

ശാരുവിന്റെ ചിരി ഫോണിൽ കൂടി കേട്ടപ്പോൾ എനിക്കും ചിരി വന്നു…

ഏട്ടൻ സീരിയസ് ആയി ഒരു കാര്യം പറയട്ടെ ശാരു…

അത്ര സീരിയസ് ആയ കാര്യം എന്താ ഏട്ടാ…പറ…

ഏട്ടന്റെ അനിയൻ അനന്ദു ഇല്ലേ..? അന്ന് ഏട്ടന്റെ കല്യാണത്തിന് വന്നപ്പോൾ നിങ്ങൾ കണ്ണും കണ്ണും നോക്കിയിരിക്കുന്നത് ഏട്ടൻ കണ്ടായിരുന്നു…?  അവനെ അങ്ങട് ആലോചിച്ചാലോ ശാരൂന്…

ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അവൾ തെല്ലു സംശയത്തോടെ ചോദിച്ചു..ഏട്ടൻ തമാശ പറയുകയാണോ..

അല്ലന്നെ..ഏട്ടൻ പറഞ്ഞില്ലേ സീരിയസ് ആയി പറഞ്ഞതാന്ന്…

ശാരൂന് അതിൽപരമൊരു സന്തോഷം കിട്ടുവാനില്ലെന്ന് എനിക്ക് അറിയാവുന്നതുകൊണ്ടു തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത്…ശാരൂന്റെ ഇഷ്ടം തന്നെയാണ് അവളുടെ അച്ഛനും അമ്മയ്ക്കും…അവർക്കും ഇത് കേൾക്കുമ്പോൾ നിറഞ്ഞ സന്തോഷം മാത്രമായിരിക്കും…

അച്ഛനും അമ്മയ്ക്കും ഇഷ്ടമാണെങ്കിൽ എനിക്ക് മറ്റൊന്നും ചിന്തിക്കുവാനില്ല ഏട്ടാ..

അങ്ങാനാണെങ്കിൽ ഏട്ടനും ഏടത്തിയും കൂടി നാളെ അവനെയും കൂട്ടി അങ്ങട് വരാം , അച്ഛനോടും അമ്മയോടും പറഞ്ഞേരേട്ടോ…

ശാരു അന്ന് കല്യാണത്തിന് വന്ന് കണ്ടപ്പോൾ തൊട്ട് അവന്  അവളോടൊരിഷ്ടമുണ്ടന്ന്  എനിക്ക് തോന്നിയതാണ് ദേവൂ…ഇടയ്ക്കിടെ അവൻ പറയാറും ഉണ്ട് ആ കുട്ടി കൊള്ളാം എന്ന്…

ശരിയാ അവർ തമ്മിൽ നല്ല ചേർച്ചയുണ്ട് മിഥുനേട്ടാ…ദേവൂന്റേം കൂടി അഭിപ്രായം വന്നപ്പോൾ ഞാൻ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു…

അനന്ദൂന് ഒരു സർപ്രൈസ് ആയിക്കോട്ടേന്നു കരുതി നാളെ ഒരിടം വരെ പോകണം രാവിലെ റെഡി ആകണം എന്നു മാത്രേ പറഞ്ഞുള്ളു…

ശാരൂന്റെ വീട്ടിൽ എത്തിയപ്പോൾ അനന്ദൂന്റെ മുഖം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു…ചെക്കനെ ഇത്രയും സന്തോഷത്തിൽ ഇതു വരെ ഞാൻ കണ്ടിട്ടില്ല…

അച്ഛന്റെയും അമ്മയുടെയും ഒക്കെ മുഖങ്ങളിൽ സന്തോഷമായിരുന്നു…അവളെ തന്റെ അനിയത്തിയായ് അനിയന്റെ ഭാര്യ ആയി ആ  വീട്ടിലേക്ക് വിവാഹം കഴിപ്പിച്ചയക്കുവാൻ നിറഞ്ഞ ഇഷ്ടമായിരുന്നു…

അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ പൂമുഖപ്പടിയിൽ നിന്നും പൂർണ ചന്ദ്രൻ ഉദിച്ചപോൽ അവൾ ഞങ്ങൾ പോകുന്ന കാറും നോക്കി നിൽപ്പുണ്ടായിരുന്നു…

അങ്ങനെ ആ ദിവസം വന്നെത്തി…ഇന്ന് അവരുടെ കല്യാണമാണ്…വിവാഹ വേഷത്തിൽ ശാരു പന്തലിൽ നിൽക്കുമ്പോൾ എന്റെ കണ്ണുകളിൽ സ്നേഹത്തിന്റെ ഒരു നനവ് പടർന്നിരുന്നു…

അപ്പോഴും മനസ്സിന്റെ ആശ്വാസം അനിയന്റെ ഭാര്യ ആയി തന്റെ അനിയത്തിക്കുട്ടിയായ് സ്വന്തം വീട്ടിലേക്ക് തന്നെയാണ് അവൾ വലതു കാൽ വച്ച് വരുന്നത് എന്നുള്ളതായിരുന്നു…

രക്തബന്ധം കൊണ്ട് അവൾ എനിക്ക് പെങ്ങൾ അല്ലെങ്കിലും , അതിനും എത്രയോ മുകളിൽ ഒരേട്ടനുള്ള സ്നേഹം തന്നു, അംഗീകാരം തന്നു…അതിലും വല്യ എന്ത് ഭാഗ്യമാണ് ഈ ജീവിതം കൊണ്ട് നേടുവാനുള്ളത്…

വിവാഹ പന്തലിൽ നിന്നും വീട്ടിലേക്ക് മടങ്ങുവാൻ നേരം അച്ഛനെയും അമ്മയെയും വിട്ടു പിരിയുന്നതിന്റെ  ഒരു വേദന മാത്രമായിരുന്നു അവളിൽ നിറഞ്ഞു നിന്നത്…

നിറഞ്ഞ മിഴികളുമായ് നിൽക്കുന്ന അച്ഛന്റെ അടുത്തെത്തി ആ മുഖത്തേക്കൊന്നു നോക്കിയിട്ട് ആ നെഞ്ചിലേക്ക് ചാഞ്ഞ് പൊട്ടിക്കരയുമ്പോൾ…നിറഞ്ഞ മിഴികളിൽ നിന്നും മിഴിനീർ ഇറ്റു വീഴുമ്പോഴും അച്ഛൻ പറഞ്ഞു…

എന്തിനാ മോൾ കരയുന്നത് അവിടെ സ്നേഹിക്കാൻ മാത്രം അറിയുന്നൊരേട്ടനില്ലേ..ഏടത്തിയമ്മയില്ലേ..പൊന്നു പോലെ നോക്കുന്നൊരച്ഛനും അമ്മയും ഇല്ലേ…ഞങ്ങൾക്ക് ഒന്നു കാണണം എന്നു തോന്നിയാൽ എന്റെ മരുമോൻ അല്ല , എന്റെ ഇളയ മോൻ തന്നെയാണ് അനന്ദു…അവൻ നിന്നെയും കൊണ്ട് ഇങ്ങു പറന്നെത്തില്ലേ…മോൾ സന്തോഷമായിട്ട് പോ…

എല്ലാം കണ്ട് കണ്ണീരൊഴുക്കി നിന്ന അമ്മയ്ക്ക് ഒരുമ്മ നൽകി അവൾ കാറിൽ കയറുമ്പോൾ ഒരേട്ടനായ എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു…ഇതായിരുന്നു ശരി..ഇതു മാത്രമായിരുന്നു ശരി…!!

സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും രക്തബന്ധമാവണമെന്നില്ല…കണ്ണുകളാൽ കാണുന്നതിനും അപ്പുറം..വാക്കുകളാൽ കേൾക്കുന്നതിനും അപ്പുറം പേരിട്ടു വിളിക്കുവാൻ കഴിയാത്ത ചില ബന്ധങ്ങൾ ഉണ്ട് നമുക്കോരോത്തർക്കും ഇടയിൽ…അതുപോലെയുള്ള എല്ലാ സഹോദരങ്ങൾക്കുമായി ഈ കഥ സമർപ്പിക്കുന്നു….

~Anandhu Raghavan