ഗർഭം
Story written by Keerthi S Kunjumon
===========
അടുക്കളയിൽ നിന്നും, മുളകിട്ട് വെച്ച നല്ല മീൻകറിയുടെ മണം മൂക്കിൽ അടിച്ചപ്പോഴേക്കും പെട്ടന്ന് മനംപുരട്ടി വന്നു….അപ്പോ തന്നെ പടിഞ്ഞാറ് വശത്തെ ചായിപ്പിന്റെ തിണ്ണയിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു….രാവിലെ കഴിച്ചതെല്ലാം ഛർദിച്ചു കളഞ്ഞപ്പോൾ പെട്ടന്നൊരു ആശ്വാസം തോന്നി…
“വീണ്ടും ഛർദിച്ചൊ, കുറച്ചീസം ആയി കഴിക്കുന്നെ ഒന്നും വയറ്റിൽ പിടിക്കുന്നില്ലല്ലോ കുട്ട്യേ… ” അമ്മക്ക് ആകെ പരിഭ്രമം ആയി..
“ഏയ്…ഇതങ്ങു മാറിക്കോളും…ഇടക്ക് പുറത്തൂന്ന് ഫുഡ് കഴിച്ചേന്റെയാവും.. ” പറഞ്ഞുതീരും മുന്നേ തലയിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു…
തൂണിൽ കൈകൾ ചേർത്ത് പിടിക്കാൻ ഒരുങ്ങുമ്പോഴേക്കും തലകറങ്ങി ഞാൻ ആ തിണ്ണയുടെ പടികളിലേക്ക് വീണിരുന്നു….
പിന്നെ കണ്ണുതുറക്കുമ്പോൾ, അമ്മ ആകെ പരിഭ്രമച്ചു എനിക്ക് അരികിൽ ഉണ്ടാർന്നു….പിടിച്ചു എഴുന്നേൽപ്പിച്ചു കുടിക്കാൻ കുറച്ചു ചൂടുവെള്ളം എടുത്ത് തന്നിട്ട്, അമ്മ എന്റെ തലയിലും കൈകളിലും ഒന്ന് തലോടി…
“എന്തായാലും ഇനി വെച്ചോണ്ട് ഇരിക്കേണ്ട….ആസ്പത്രിയിൽ പോകാം..മോൻ വേഗം പോയി റെഡി ആക്…അമ്മയും വരാം “
ഒറ്റക്ക് പൊയ്ക്കോളാം എന്ന എന്റെ വാക്കിനെ വക വയ്ക്കാതെ അമ്മയും കൂടെ വന്നു…ചങ്കിനെയും കൂടെ കൂട്ടി….
“മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല, നിങ്ങൾ ഡോക്ടർ മീരയെ ഒന്ന് ചെന്ന് കാണു… ”
കൺസൽട്ട് ചെയ്യാൻ ചെന്ന ഡോക്ടർ പറഞ്ഞതനുസരിച്ചു, ഞാൻ ഡോക്ടർ മീരയെ കാണാൻ ചെന്നു…ഗൈനെക്കോളജിസ്റ്റ് എന്ന ബോർഡ് കണ്ട് ഞങ്ങൾ മൂന്ന് പേരും ഒരുപോലെ പകച്ചു…
പരിശോധനകൾക്ക് ശേഷം ഡോക്ടർ വീണ്ടും വിളിപ്പിച്ചു…
“കൺഗ്രാറ്റ്‌സ് മിസ്റ്റർ ശ്രീനാഥ്, യൂ ആർ പ്രെഗ്നന്റ്…” ഒന്നും വിശ്വസിക്കാൻ കഴിയാതെ കസേരയിൽ നിന്നും ചാടി എഴുന്നേറ്റപ്പോൾ, ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു….
” ഓവർ എക്സൈറ്റെഡ് ആവണ്ടടോ….പറഞ്ഞത് സത്യം ആണ്..പിന്നെ നല്ല ക്ഷീണം ഉണ്ട്…നന്നായി കെയർ ചെയ്യണം..വൈഫ് വന്നിട്ടില്ല..അല്ലെ.. “
ഡോക്ടർ പറഞ്ഞത് കേട്ട് നിന്ന നിൽപ്പിൽ ഭൂമി പിളർന്ന് പോയാൽ മതി എന്ന് തോന്നിപ്പോയി…ഡോക്ടറെ കണ്ട് തിരികെ ഇറങ്ങുമ്പോൾ അമ്മയുടെ മുഖം ചുവന്ന് വീർത്തിരുന്നു….ഒരു വാക്ക് പോലും മിണ്ടാതെ, നടക്കാൻ തുടങ്ങിയപ്പോ അമ്മെ…എന്ന് ഞാൻ പിറകിൽ നിന്ന് വിളിച്ചു…പെട്ടന്ന് തിരിഞ്ഞപ്പോൾ ഞാൻ കണ്ടു, ആ കണ്ണുകളിലെ കോപം…രൂക്ഷമായൊന്ന് നോക്കി അമ്മ വീണ്ടും നടന്നു…
ചങ്കിന്റെ കണ്ണിൽ ആകെ ദേഷ്യവും , പുച്ഛവും നിറഞ്ഞിരുന്നു….
“നിനക്ക് കുറച്ചു ബോധം ഇണ്ടാവും എന്നാ ഞാൻ കരുതിയത്….ഓരോന്ന് ഒപ്പിച്ചു വെച്ചേക്കുന്നു… ഇനി നാട്ടുകാരുടെ മുഖത്തു എങ്ങനെ നോക്കും നീയും നിന്റെ വീട്ടുകാരും…അല്ല ഇതിന് ഉത്തരവാദി ആരാടാ… ” അവൻ അടക്കാനാവാത്ത അരിശത്തോടെ അത് ചോദിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞുവന്നു….
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്തു തന്നെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു…ആ മുഖത്തു ആകെ വിഷാദം നിഴലിച്ചിരുന്നു….അച്ഛനഭിമുഖമായി തലകുനിച്ചു നിന്നപ്പോൾ , പതിയെ ആ കസേരയിൽ നിന്ന് എഴുന്നേറ്റ അച്ഛന്റെ കൈകളിൽ ഞാൻ മുറുകെ പിടിച്ചു….
“ഇതിലും ഭേദം ഞങ്ങൾക്ക് കുറച്ചു വിഷം തന്ന് കൊല്ലാർന്നില്ലേ നിനക്ക്… “
എന്റെ കൈകൾ തട്ടിമാറ്റിക്കൊണ്ട് അച്ഛൻ അത് പറഞ്ഞു അകത്തേക്ക് പോയി….ആദ്യമായിട്ടാണ് അച്ഛൻ ഇങ്ങനെ മുഖം കറുപ്പിക്കുന്നത് എന്നോർത്തു എന്റെ മനസ്സ് പിടഞ്ഞു…
അമ്മ ആകെ കരഞ്ഞു തളർന്നു പോയിരുന്നു എന്ന് ആ മുഖത്തു നിന്നും വ്യക്തമാണ്….ഏട്ടാ എന്ന് വിളിച്ചു ഓടിവരുന്ന അനിയത്തി എനിക്ക് നേരെ വാതിൽ കൊട്ടിയടച്ചു…
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ശരിക്കും ഒറ്റപ്പെടുകയായിരുന്നു…ഒപ്പം ശരീരാസ്വാസ്ഥ്യങ്ങളും….ഇടക്കൊക്കെ കലശലായ ഛർദിയും ഉണ്ടായി….മധുരവും പുളിയും കാണുമ്പോൾ വായിൽ കപ്പലോടും, പക്ഷെ ഒരൽപം രുചിക്കുമ്പോഴേക്കും ഛർദിയുടെ രൂപത്തിൽ എല്ലാ കൊതിയും ഇല്ലാതാകും…വല്ലാത്ത ക്ഷീണവും നെഞ്ചേരിച്ചിലുമൊക്കെ ഇടക്ക് അനുഭവപ്പെട്ടു…
വീർത്തു വരുന്ന വയറ് കണ്ട് അമ്മയുടെയും അച്ഛന്റെയും ഉള്ള് പിടഞ്ഞപ്പോൾ ഞാൻ സ്വയം ശപിച്ചു….മുറിയിൽ നിന്ന് പുറത്തിറങ്ങാതെ ആയി…അപ്പോഴും നാട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകളേക്കാൾ എന്നെ വേദനിപ്പിച്ചത് അച്ഛന്റെയും അമ്മയുടെയും മൗനമാണ്, എന്റെ പെങ്ങളൂട്ടിയുടെ അവഗണനയാണ്…
കൺതടങ്ങളിലും കഴുത്തിലുമൊക്കെ കറുത്ത കലകൾ വീണ് തുടങ്ങി…രണ്ട് കാലുകളും നീര് വെച്ച് വീർത്തു…രാത്രി ഞാൻ ഉറങ്ങി എന്ന് കരുതി അമ്മ എന്നും എനിക്കരികിൽ വന്ന് കുറെ നേരം നോക്കി ഇരിന്ന് കണ്ണീർ വാർക്കും….
പതിയെ ആ കുഞ്ഞിക്കാലുകൾ എന്റെ വയറ്റിൽ ചവിട്ടാൻ തുടങ്ങി…നിറവയറിന് മുകളിലൂടെ ഞാൻ ആ കാലുകളിൽ തൊടുമ്പോൾ, ഉള്ളിലെ തീമഴക്ക് ചെറിയൊരു ശമനം ഉണ്ടായി….
പെട്ടന്നൊരു ദിവസം, കലശലായ വേദന ആരംഭിച്ചു…അമ്മേ എന്ന് ഉറക്കെ വിളിച്ചു കരഞ്ഞപ്പോഴേക്കും, അമ്മ ഓടിയെത്തി….കാലുകൾക്കിടയിലും വസ്ത്രങ്ങളിലും പടർന്ന നനവ് എല്ലാവരെയും പരിഭ്രാന്തിയിലാഴ്ത്തി…
“വേഗം, ആസ്പത്രിയിൽ കൊണ്ടോവാം” എന്ന് പറഞ്ഞു ആരൊക്കെയോ ചേർന്ന് താങ്ങി എടുക്കുമ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു…
“കുറച്ചു ക്രിട്ടിക്കലാണ്…സിസ്സേറിയൻ വേണ്ടി വരും ” ഡോക്ടറുടെ വാക്കുകൾ കാതിൽ മുഴങ്ങി….
ചുറ്റും മാസ്ക് ധരിച്ച ഡോക്ടർമാരും നേഴ്സ്മാരും…പെട്ടന്നവർ എനിക്ക് ചുറ്റും നിന്ന് അട്ടഹസിച്ചു….സർജിക്കൽ ബ്ലേഡും, കത്തിയും കത്രികകളും വായുവിൽ എന്റെ കണ്ണുകൾക്ക് മുന്നിൽ ഉയർന്നു താന്നു…
“പാപത്തിന്റെ ഈ സന്തതിക്ക് പുറം ലോകം കാണാൻ അർഹത ഇല്ല…ഇതിന് ജന്മം നൽകാൻ ഒരുങ്ങിയ നീയും പാപിയാണ്…നിനക്കുള്ള ശിക്ഷ മരണം… “
ക്രോധത്തോടെ അവരിൽ ഒരാൾ ഇതും പറഞ്ഞു, എന്റെ വയറ്റിലേക്ക് ആഴത്തിൽ കത്തി കുത്തി ഇറക്കി…അമ്മേ……….
****************
” എന്താടാ….എന്താ ശ്രീകുട്ടാ, എന്തിനാ നീ നിലവിളിച്ചേ….. “
“ടാ…ഞാൻ…ഞാൻ പ്രെഗ്നന്റ് ആയി…പക്ഷെ അവരെന്നെ കൊ ന്നു…ആ കുഞ്ഞിനേയും… “
“അടിപൊളി…ടാ പുല്ലേ…നിന്റെ പേര് ശ്രീനാഥ്…ഞാൻ കണ്ണൻ….ഇതെന്റെ ഫാം ഹൌസ്…ഇവന്മാരൊക്കെ നമ്മടെ ചങ്ക്‌സ്…ഇന്നലെ നമ്മളൊന്ന് കൂടി… വല്ലതും ഓർമ്മയുണ്ടോ… ” കണ്ണൻ അത്രേം പറഞ്ഞപ്പോളാണ് എനിക്ക് സ്ഥലകാല ബോധം വന്നത്…
“അപ്പൊ, ഇതുവരെ കണ്ടതൊക്കെ വെറും സ്വപ്നം ആയിരുന്നല്ലേ…” ഞാൻ പിറുപിറുത്തതാണെങ്കിലും കണ്ണൻ അത് കേട്ടു…..
“അവന്റെ ഒരു ഒടുക്കത്തെ സ്വപ്നം…കാറിവിളിച്ചു ബാക്കി ഉള്ളവരുടെ നല്ല ജീവൻ കളഞ്ഞു….ഒരു ദൂസം ബ്രാൻഡ് മാറി അടിച്ചാ ഇമ്മാതിരി ബോധം പോകുമോ….ദുരന്തം…. “
എല്ലാവന്മാരുടെയും മുഖത്തു ഉറക്കം കളഞ്ഞതിന്റെ ദേഷ്യം ഉണ്ടായിരുന്നു….എല്ലാരേയും നോക്കി വെടിപ്പായുന്നു ഇളിച്ചു കാണിച്ചിട്ട്, ഞാൻ അവിടെ നിന്നും സ്ഥലം കാലിയാക്കി…തിരികെ വരുമ്പോൾ മനസ്സ് നിറയെ ഞാൻ കണ്ട സ്വപ്നം ആയിരുന്നു…
“ഗർഭം ധരിക്കുന്ന പുരുഷൻ…അതിന്റെ പേരിൽ സമൂഹവും കുടുംബവും എന്നെ പഴിചാരുന്നു…ഒറ്റപ്പെടുത്തുന്നു….എന്ത് വിഢിത്തമാണ് കണ്ടത്…. ” ഉള്ളിൽ ഒരു പുച്ഛം തോന്നി….
വീട്ടിൽ വന്നുകയറിയപ്പോഴേ അമ്മയുടെ ശകാരവർഷം ആരംഭിച്ചു…അതിനൊന്നും ചെവികൊടുക്കാതെ മുകളിലെ മുറിയിൽ കയറി വാതിൽ അടച്ചു….
പെട്ടന്ന് ഫോൺ റിങ് ചെയ്തു, കട്ട് ആയി…അറുപത്തിയെട്ട് മിസ്സ്ഡ് കാൾസ്….അമലയുടേത്…ഉള്ളിൽ ഒരു ആന്തൽ അനുഭപ്പെട്ടു….പതിഞ്ഞ സ്വരത്തിലുള്ള അവളുടെ അപേക്ഷകൾ, അടക്കിപ്പിടിച്ച തേങ്ങലുകൾ…എല്ലാം കാതിനു ചുറ്റും മുഴങ്ങിക്കേട്ടു…മനസ്സിൽ ഓർമകളുടെ തിരയിളക്കം…..
മൂന്ന് വർഷത്തെ പ്രണയത്തിന് ഒടുവിൽ, മനസ്സിൽ വല്ലാത്തൊരു മോഹം ഉദിച്ചു, അവളെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കാൻ…കാരണം അതൊരു വാശിയായിരുന്നു…കൂട്ടുകാരോട് എന്റെ പ്രണയിനിക്ക് എന്നോടുള്ള വിശ്വാസത്തെ കുറിച്ച് പന്തയം വെച്ചതിന്റെ പേരിലുള്ള വാശി…അവൾ ഒരുപാട് എതിർത്തു, പക്ഷെ എന്റെ വാശി ഞാൻ വിട്ടുകൊടുത്തില്ല…..
“നിന്റെ മനസ്സിൽ ഇപ്പോഴും എന്നെ പൂർണ വിശ്വാസം ഇല്ല അല്ലേ…ഞാൻ നിന്നെ വഞ്ചിക്കും എന്ന് നിനക്കു സംശയമാണല്ലേ…അപ്പൊ എനിക്കും എന്റെ സ്നേഹത്തിനും അത്ര വിലയെ നീ നൽകുന്നുള്ളൂ…തൃപ്തിയായി…”
എന്റെ അവസാനത്തെ അടവ് ഫലം കണ്ടു…. വിമുഖതയോടെ എങ്കിലും അവൾ എന്റെ വാശിക്ക് സമ്മതം മൂളി….ഒടുവിൽ ആ ദിവസം, അവൾ ശരീരം കൊണ്ടും മനസ്സ്കൊണ്ടും എല്ലാ അർത്ഥത്തിലും എന്റേതായി…
ആ കഥകളൊക്കെ കൂട്ടുകാരെ അറിയിച്ചു വീമ്പ് പറയുമ്പോൾ എന്റെ വാശി ജയിക്കുകയായിരുന്നു….എന്നാൽ അവരിൽ ചിലർ തന്നെ അമലയുടെ സ്വഭാവത്തെ ദുഷിച്ചപ്പോൾ ആദ്യം കുറെ കയർത്തുവെങ്കിലും, പിന്നെ ഉള്ളിൽ സംശയങ്ങൾ കുമിഞ്ഞു കൂടാൻ തുടങ്ങി….
മ-ദ്യലഹരി പലപ്പോഴും ആ സംശയങ്ങൾക്ക് ആക്കം കൂട്ടി…പതിയെ ഞാൻ അവളോട് അകലാൻ തുടങ്ങി….
കുറച്ചു ദിവസങ്ങൾക്ക് മുൻപ് താൻ ഗർഭിണി ആണെന്ന സംശയവും, അതിന്റെ ലക്ഷണങ്ങളും അവൾ പറയുമ്പോൾ ആദ്യം ഒന്ന് പകച്ചുവെങ്കിലും, ഞാനത് ലാഘവത്തിൽ പറഞ്ഞ് അവസാനിപ്പിച്ചു….
പക്ഷെ ആ സത്യം തിരിച്ചറിഞ്ഞ ദിവസം, കേണപേക്ഷിച്ചുകൊണ്ട് അവൾ എനിക്ക് മുന്നിൽ നിന്നു…കുടുംബത്തിന്റെ മാനം, അവളുടെ ഭാവി, ജീവിതം, അങ്ങനെ ഓരോന്ന് ഓരോന്നായി എണ്ണി പറഞ്ഞുകൊണ്ട് ഒന്ന് മാത്രം ആവശ്യപ്പെട്ടു , ഉടനെ ഒരു വിവാഹം….
പക്ഷെ അവളുടെ വയറ്റിലെ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം പ്രകടിപ്പിച്ച എന്റെ വാക്കുകൾ മാത്രം മതിയാരുന്നു, ആ ആവശ്യത്തെയും അവളെയും ഒരുപോലെ കൊല്ലാതെ കൊല്ലാൻ…….
“ശ്രീനാഥ്…. ” പെട്ടന്നൊരു വിളികേട്ട് ഞാൻ ഓർമകളിൽ നിന്ന് ഉണരുമ്പോൾ പക്ഷെ അവിടെ ആരെയും കണ്ടില്ല…വീണ്ടും വിളി കേട്ട് നോക്കിയപ്പോൾ , കണ്ണാടിയിൽ എനിക്കെന്റെ പ്രതിബിംബം കാണാൻ കഴിഞ്ഞു…ആ വിളറി വെളുത്ത മുഖം…ചുവന്ന് കലങ്ങിയ കണ്ണുകൾ..ഞാൻ വയറിൽ മെല്ലെ തലോടി…പെട്ടന്ന് പ്രതിബിംബം എന്നെ നോക്കി ചിരിച്ചു…അത് പിന്നെ അട്ടഹാസമായി മാറി…
“നിർത്തു…. ” ഞാൻ അലറി…
“എന്താ ശ്രീനാഥ് വയറ് വലുതായോ എന്നാണോ നോക്കിയത് … ” അത് വീണ്ടും എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചു …
“നീ ചിന്തിച്ചല്ലോ…ഗർഭം ധരിക്കുന്ന പുരുഷൻ…സമൂഹത്തിലും കുടുംബത്തിലും അവൻ ഒറ്റപ്പെടുന്നു…അപഹാസ്യനാകുന്നു…എന്ത് വിഢിത്തം അല്ലേ…”
“അപ്പോൾ അവിഹിത ഗർഭം ധരിച്ച ഒരു സ്ത്രീയുടെ അവസ്ഥയോ….ചതിക്കപ്പെട്ടവൾ ആണെങ്കിലും സമൂഹത്തിൽ അവൾ വഴിപി-ഴച്ചവൾ അല്ലേ….അവൾ ഇനിയുള്ള കാലമത്രയും ആ വേദനകൾ എല്ലാം ഒറ്റക്ക് അനുഭവിക്കേണ്ടേ…ഏറെ സന്തോഷിക്കേണ്ടനാളുകളിൽ അവൾ സ്വയം വെറുത്തു ജീവിക്കേണ്ടി വരും “
ഞാൻ തലകുനിച്ചു നിന്നു….
“അവളുടെ ഉദരത്തിലെ കുഞ്ഞിന്റെ പിതൃത്വത്തിൽ നിനക്കു സംശയമോ….നിന്റെ ഇങ്കിതങ്ങൾക്കു വഴങ്ങി തന്നവളുടെ വിശ്വാസത്തെ ചോദ്യം ചെയ്ത് നീ നിന്നെ തന്നെ വഞ്ചിക്കുന്നു…അമ്മ ഉദരത്തിൽ ചുമക്കുന്ന ജീവനെ അച്ഛൻ നെഞ്ചിലാണ് ചുമക്കേണ്ടത്…ആ സ്ഥാനത്തു നീയോ, ആ ജീവനെ ചോദ്യം ചെയ്യുന്നു…. “
ആ രൂപം പെട്ടന്ന് കണ്ണാടിയിൽ നിന്നും അപ്രത്യക്ഷമായി…ആ ശബ്ദം വായുവിൽ അലിഞ്ഞു ചേർന്നു….
പിന്നീട് കൂടുതലൊന്നും ചിന്തിക്കാതെ ബൈക്കുമായി അമലയുടെ അടുത്തേക്ക് പായുമ്പോൾ ഉള്ളിൽ തിരിച്ചറിവുകളുടെ കാഹളം മുഴങ്ങി….മറ്റൊന്നും, ചിന്തിക്കാതെ ആ വീടിനുള്ളിലേക്ക് കയറി ചെല്ലുമ്പോൾ, ടേബിളിൽ തല ചായ്ച്ചു കിടക്കുന്ന അവളെ കണ്ടതും എന്റെ മനസ്സൊന്ന് നീറി….
“അമലേ….” ഞാൻ പതിയെ വിളിച്ചു….
പെട്ടന്ന് അവൾ പിടഞ്ഞെണീറ്റപ്പോൾ, കൈകൾ തട്ടി ആ കുപ്പിയും കത്തും നിലത്തു വീണു…ആ കത്തിലെ ഓരോ വരികളും വായിക്കുമ്പോൾ എന്റെ ഉള്ളു പിടച്ചു…ഒരു നിമിഷമെങ്കിൽ, ഒരു നിമിഷം നേരുത്തെ ഇവിടെ എത്തിച്ച ദൈവത്തോട് പ്രാർത്ഥിച്ചു പോയി..ഇല്ലെങ്കിൽ ഒരു പക്ഷെ എന്റെ അമലയെ എനിക്ക് നഷ്ടമായേനെ……
ആ കത്ത് ചീന്തി ദൂരെയെറിഞ്ഞു ഞാൻ അവളെ ബലമായി എന്റെ നെഞ്ചോട് ചേർത്തണച്ചു….
“എന്നോട് ക്ഷമിക്ക് മോളെ…ഒരു നശിച്ച നിമിഷത്തെ എന്റെ അവിവേകം…ഉള്ളിലെ ല-ഹരി….അതൊക്കെയാണ് കാര്യങ്ങൾ ഇതുവരെ എത്തിച്ചത്…ഇനിയൊരിക്കലും നിന്നെ തനിച്ചാക്കില്ല….ഒരിക്കലും..”
പെട്ടന്നവൾ എന്നിൽ നിന്ന് അടർന്ന് മാറി, പിന്നെ കാതടപ്പിക്കുന്ന ശബ്ദത്തിൽ കരണം പുകച്ചു കൊണ്ട് ഒരു അടിയായിരുന്നു…..അപ്രതീക്ഷിതമായ അവളുടെ ആ അടിയിൽ പെട്ടന്ന് ഞാൻ ഒന്ന് നില തെറ്റി…. പക്ഷെ അടികൊണ്ട കവിൾ പൊത്തി ഞാൻ എണീക്കുമ്പോൾ, അവൾ കോപത്താൽ ജ്വലിക്കുകയായിരുന്നു….
“ഒരുനിമിഷം കൂടി ഏട്ടന് ഈ തിരിച്ചറിവുണ്ടാകാൻ വൈകിയിരുന്നെങ്കിൽ, എന്നെ ജീവനോടെ കാണേണ്ടി വരില്ലായിരുന്നു”……അത് പറഞ്ഞവൾ എന്റെ നെഞ്ചോട് ചേർന്ന് എന്നെ വാരിപ്പുണർന്നപ്പോൾ മനസ്സൊന്ന് കുളിർത്തു…
“ഇനി നിന്നെ ഞാൻ ഒരികലും കൈവിടില്ല, എനിക്ക് വേണം നിന്നെയും നമ്മുടെ കുഞ്ഞിനേയും…ഞാൻ വരും നാളെ തന്നെ, എന്റെ അമ്മയെം കൂട്ടി….പെട്ടന്ന് കൂടെ പോന്നേക്കണം… “
“ഞാൻ ഇപ്പൊ തന്നെ കൂടെ പോന്നോട്ടെ…” എന്ന് പറഞ്ഞവൾ വീണ്ടും എന്നോട് ചേർന്ന് നിന്നപ്പോൾ ഞാൻ പതിയെ അവളുടെ കയ്യെടുത്തു എന്റെ കവിളിൽ ചേർത്തു വെച്ചു…..
“എന്തൊരു അടിയാ പെണ്ണെ നീ അടിച്ചേ, വല്ലാതെ നീറുന്നു” അവളുടെ വിരലുകൾ എന്റെ കവിളിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു….
“ആണോ….കണക്കായി പോയി…ഏട്ടനത് കിട്ടേണ്ടതാണ് “
“ആ ഒരടിയുടെ കുറവെനിക്കുണ്ടായിരുന്നു, അതുകൊണ്ട് ഞാൻ ക്ഷമിച്ചു…… ” എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾക്ക് ചിരിയടക്കാനായില്ല..എനിക്കും…
“ഈ അടിക്ക് എനിക്ക് നിന്നോട് പ്രതികാരം ചെയ്യണം….” അത് കേട്ട് തെല്ലൊരു ആകാംഷയോടെ അവളെന്നെ നോക്കി…
അവളുടെ കാതോരം ചേർന്ന് നിന്ന് ഞാൻ പറഞ്ഞു, ” നിന്നെ ഞാൻ കൊല്ലാൻ പോകുവാ…..സ്നേഹിച്ചു കൊല്ലാൻ…”
അപ്പോൾ ആ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി നുകരാൻ തുനിയവെ, എന്റെ കവിളിൽ അമർത്തി ചുംബിച്ചവൾ എന്നിൽ നിന്നും കുതറി ഓടുമ്പോൾ ആ കളിചിരികൾ പിന്നീട് എന്റെ ല-ഹരിയായി മാറുകയായിരുന്നു…
~ കീർത്തി എസ് കുഞ്ഞുമോൻ