ഒരിക്കൽ പ്രാണനേക്കാൾ ഞാൻ സ്നേഹിച്ചിരുന്ന പുരുഷനെ ഒരു മുൻപരിചയവും കാണിക്കാതെ നോക്കി നിൽക്കുമ്പോൾ…

ഋതുഭേദങ്ങൾ

Story written by Lis Lona

============

മേഘാവൃതമായ ആകാശത്തെ കീറിമുറിച്ചു വെട്ടിയ വെള്ളിടിയുടെ തിളക്കം തീർന്നില്ല അതിനുമുൻപേ മഴ കൊച്ചൂട്ടന്റെ വീടിന്റെ ഓടിൻപുറത്തു നാണയവട്ടങ്ങൾ തീർത്തുകൊണ്ട് പെയ്തു തുടങ്ങുന്നത് ജാലകവാതിലിൽ കൂടി ഞാൻ കണ്ടു…

പകലോൻ കാവൽ നിൽക്കെ കാറ്റും മഴയും പ്രണയിച്ചു കൊണ്ട് ആകാശത്തു നിന്നും വെള്ളിനൂലുകൾ ഇറങ്ങി വരുന്നത് പോലെ ചെറിയ ചാറ്റൽമഴ ഭൂമിയേ പുൽകുന്നതു കണ്ടുനിൽക്കാനുള്ള മനസ്സ് ഇപ്പോളും ഞാനൊരു പ്രണയിനി തന്നെയെന്ന് ഓർമിപ്പിക്കുന്നു…മഴയെ പ്രണയിക്കുന്ന പ്രണയിനി….

തുള്ളികളായി തുടങ്ങിയ മഴയിപ്പോൾ വീടിനു മുകളിൽ കൂടി കുതിച്ചൊഴുകുന്ന വെള്ളച്ചാലുകൾ തീർത്തിരിക്കുന്നു…

ചന്നം പിന്നം പെയ്യുന്ന മഴത്തുള്ളികൾക്കൊപ്പം മുറ്റത്തെ വാകപ്പൂക്കളും ഉതിർന്നു വീഴുന്നുണ്ട്..നനഞ്ഞ ചുവപ്പ് പരവതാനി വിരിച്ച കണക്ക്…

ഇന്നലെയായിരുന്നു അനിയത്തിയുടെ കല്യാണം…ചെറിയച്ഛന്റെ മകൾ അനുഷ….ആ കല്യാണം കൂടാനാണ് ഞാൻ ജോലിസ്ഥലത്തു നിന്നുമെത്തിയത്…

ഒരിക്കൽ പ്രാണനേക്കാൾ ഞാൻ സ്നേഹിച്ചിരുന്ന പുരുഷനെ ഒരു മുൻപരിചയവും കാണിക്കാതെ നോക്കി നിൽക്കുമ്പോൾ പതർച്ചയോടെ എന്നെയും നോക്കി അനിയത്തിയുടെ കഴുത്തിൽ മിന്നു കെട്ടുന്ന അവന് കൈകളൽപ്പം വിറക്കുന്നുണ്ടായിരുന്നു.

അനുഷക്ക് ഇങ്ങനൊരു ചേച്ചിയെ അവൻ പ്രതീക്ഷിച്ചിരുന്നില്ലെന്നത് ആ കണ്ണുകളിൽ പ്രകടമായിരുന്നു.

ഭാവഭേദമേതുമില്ലാതെ കയ്യുംകെട്ടി നോക്കിനിന്ന എന്റെ കണ്ണുകളേ തെല്ലു പോലും തളർത്തിയില്ല മുന്നിൽ നടക്കുന്നത്..

ജീവിതം എനിക്കൊരു തിരിച്ചറിവ് നൽകിയിരിക്കുന്നു..എന്നെ വേണ്ടാത്തവരെയോർത്തു കളയാനുള്ളതല്ല ഈ ജന്മമെന്ന്…

ഹൃദയം കൊണ്ട് അലമുറയിട്ടാലും അറിയാതെ പോലും കണ്ണുകളിലേക്കത് ഒരിക്കലും എത്തരുതെന്ന് ചെയ്യുന്ന തൊഴിലും എന്നെ പഠിപ്പിച്ചിരിക്കുന്നു.

ഓർക്കാനിഷ്ടമുണ്ടായിട്ടല്ല…എങ്കിലും വിളിക്കാതെ വരുന്ന അതിഥികളെ പോലെ ഭൂതകാലം മനസ്സിൽ ചിലപ്പോഴെങ്കിലും നോവിന്റെ പെരുമഴ പെയ്യിക്കും…

പ്രണയിച്ച പെണ്ണിനെ വേദനയുടെ തീച്ചൂളയിലേക്ക് നിഷ്കരുണം വലിച്ചെറിഞ്ഞുപോയ നട്ടെല്ലില്ലാത്ത കാമുകന്  അവളെ വീണ്ടും മുന്നിലെത്തിച്ചു കൊടുത്ത കാലം തീരെ ചെറിയ നഷ്ടബോധത്തിലേക്കല്ല  അവനെയെത്തിച്ചിരിക്കുന്നത്….

മരണത്തോളമെത്തിയ  പ്രണയം പിരിഞ്ഞപ്പോൾ നിലക്കാറായത് എന്റെ മാത്രേം ശ്വാസമായിരുന്നു..ഉള്ളിൽ നിലയ്ക്കാത്ത തിരയിളക്കങ്ങൾ തീർത്തവൻ തനിച്ചാക്കി പോയപ്പോൾ ഓർമകളുടെ പെയ്ത്തിൽ നനഞ്ഞു ഞാനൊറ്റക്കായത് ആരുമറിഞ്ഞില്ല.

കോളേജിൽ പഠിക്കുന്ന കാലത്തു പരിചയപ്പെട്ടതാണ് അവനെ…വെറും പരിചയമെന്നത് പ്രണയമാക്കി മാറ്റാൻ അവനായിരുന്നു ഉത്സാഹം…പിന്നാലെ നടന്നു അതവൻ  നേടിയെടുത്തു.

മെല്ലെ മെല്ലെ കണ്ണിൽ കൊത്തിവലിക്കുന്ന കാതരമായ മിഴികൾ പിന്നീട് നെഞ്ചിലേക്കാണ് കൊളുത്തിട്ടത്. ബസിറങ്ങി കോളേജിലേക്കു വരുമ്പോളേ കാണാം കയ്യും കെട്ടി അവൻ നോക്കി നിൽക്കുന്നത്…

നെഞ്ചിലെ ഉടുക്ക്കൊട്ടിന്റെ താളം ക്രമമില്ലാതെ ഉയരുന്നതും  അവനൊപ്പം നടക്കാൻ മനസ്സ് തിടുക്കം കൂട്ടുന്നതും സ്വപ്നത്തിലെന്ന പോലെ ആയിരുന്നു…

കാവൽക്കാരെ പോലെ അവന്റെയും എന്റെയും  സുഹൃത്തുക്കൾ മുന്നിലും പിന്നിലുമായി നടന്ന് ഞങ്ങളെ കൊക്കുരുമ്മി പ്രണയിക്കാൻ വിട്ടത് വർഷം മൂന്നാണ്.

പലപ്പോഴും കോളേജ് ബ്യൂട്ടി അവന്റെ പെണ്ണാണെന്നത് അഹങ്കാരത്തോടെ പറയാൻ മാത്രമല്ല മറ്റുള്ളവരുടെ മുൻപിൽ ആ അധികാരത്തോടെ പെരുമാറാനും അവൻ ശ്രദ്ധിച്ചിരുന്നു.

കോളേജിലേക്കുള്ള കുന്നു കയറിയിറങ്ങുമ്പോൾ മാറിൽ ചേർത്ത് പിടിച്ച കൈകൾക്കുള്ളിൽ അവന്റെ പുസ്തകങ്ങൾ മാത്രമല്ല അവനോടൊത്തുള്ള‌ മഴവിൽനിറമുള്ള സ്വപ്‌നങ്ങൾ കൂടിഉണ്ടായിരുന്നൂ…..

ഡിഗ്രി തീരാറായപ്പോഴേക്കും അവനിത്തിരി അകൽച്ചയുണ്ടോ നിന്നോടെന്ന് കൂട്ടുകാർ ചോദിച്ചപ്പോഴും അതൊന്നും തിരിച്ചറിയാനുള്ള ഉള്ളറിവ് പ്രണയം മൂടിക്കെട്ടിയ കണ്ണിനോ മനസ്സിനോ ഇല്ലായിരുന്നു.

കാരണങ്ങളില്ലാത്ത അവന്റെ തിരക്കും…അതുവരെ കാണാത്ത പഠിപ്പും പിന്നെപ്പിന്നെ തെല്ലെരോശങ്ക തന്നിരുന്നു മനസിന്…എങ്കിലും അവനെന്റെ സ്വന്തമാണെന്നു കരുതാൻ തന്നെയായിരുന്നു ഇഷ്ടം..

ക്ലാസ്സ് തീരുന്ന അന്ന്  ലൈബ്രറിയുടെ ഭാഗത്തെ ആളൊഴിഞ്ഞ മൂലയിൽ അവൻ കാത്തു നില്പുണ്ടായിരുന്നു…

ആരുമില്ലെന്ന് പറഞ്ഞു ചേർത്തുപിടിച്ചു ചും ബിക്കാൻ ശ്രമിച്ച അവനെ അതെല്ലാം കെട്ടി കൂടെപൊറുപ്പിച്ചതിനു ശേഷം മതിയെന്ന മറുപടിയിൽ അന്നാദ്യമായി അവന്റെ കണ്ണിൽ പ്രണയത്തിനു പകരം അവജ്ഞ പടരുന്നതും ചുണ്ടിൽ ഒരു പുച്ഛച്ചിരി തെളിയുന്നതും നെഞ്ഞുരുക്കത്തോടെയാണ് കണ്ടത്…

കോളേജ് സുന്ദരിയെ സ്വന്തമാക്കി വച്ച മിടുക്കനെന്ന പദവിക്കപ്പുറം ഒരിഷ്ടവും അമ്മയും അച്ഛനുമില്ലാതെ ചെറിയച്ഛന്റെ കാരുണ്യത്തിൽ പഠിക്കുന്ന ദരിദ്രവാസി പെണ്ണിനോട്  അവനില്ലായിരുന്നെന്ന് ഞെട്ടലോടെയാണ് മനസിലാക്കിയത്…

ജീവിതം ഒരുക്കൂട്ടണമെങ്കിൽ അത്യാവശ്യം ഉള്ളിടത്തെ പെണ്ണിനെ കെട്ടണം , അതിനവൾക്കിത്തിരി ചന്തം കുറഞ്ഞാലും സാരമില്ലെന്ന അവന്റെ ന്യായം അന്ന് വരെ അവനോടു തോന്നിയ ഇഷ്ടത്തെ ഒഴുക്കിക്കളഞ്ഞിരുന്നു അവിടുന്നിറങ്ങുമ്പോൾ…

അവനോടൊന്നും മിണ്ടാതെ ഇറങ്ങി നടക്കുമ്പോൾ നിൽക്കാതെ പെയ്യുന്ന മഴ മനസ്സിലേക്കൊരു പഴയ മഴക്കാലചിത്രം കൊണ്ടുവന്നു….

ആ മഴയോർമ്മയിൽ ചെറിയച്ഛന്റെ വീട്ടിൽ വിരുന്നെത്തിയ എന്നെ ബാക്കി നിർത്തി മണ്ണിടിച്ചിലിൽ വീടടക്കം അച്ഛനെയും അമ്മയെയും കുഞ്ഞനിയനെയും കൊണ്ടുപോയതും അവരെ തിരിച്ചറിയാൻ പറ്റാത്ത വിധം നാലുനാൾ കഴിഞ്ഞു കിട്ടിയതും തെളിഞ്ഞു വന്നു…

അതിനു ശേഷം സ്വപ്നങ്ങളും വർണ്ണങ്ങളും പുഞ്ചിരിയും നിറഞ്ഞ എന്റെ തലയിലെഴുത്തു മാറി മറയുന്നത് നിസ്സഹായയായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു….

വീണ്ടും അതേ അനാഥത്വത്തിന്റെ  നിസ്സഹായാവസ്ഥയിലേക്കാണ് അന്നിവനെന്നെ   തള്ളിവിട്ടത്..

നിറഞ്ഞുതൂവുന്ന കണ്ണുകൾ തകർത്തുപെയ്യുന്ന മഴയിൽ ആരും കണ്ടില്ല…ഉറ്റ കൂട്ടുകാരി ആതിരയെ പോലും കൂട്ടാതെ മഴയിൽ കുളിച്ചു മടങ്ങി വരുമ്പോൾ അന്നാദ്യമായി മഴയോട് ഇഷ്ടം തോന്നി…

മതി…..തലകുടഞ്ഞവൾ അവനെപറ്റിയുള്ള ഓർമകളെ തട്ടിത്തെറിപ്പിച്ചു..

വിശ്രമമില്ലാത്ത വീട്ടുജോലിയെടുത്തു അനുഷയുടെയും സഹോദരങ്ങളുടെയും കുത്തുവാക്കുകൾക്കിടയിൽ…

അനാഥയായ തന്നെ എടുത്തു കൊണ്ട് വന്നതിന് ചെറിയമ്മ ചെറിയച്ഛനോടു നടത്തുന്ന യുദ്ധങ്ങൾക്കിടയിൽ…കോളേജിലെ തന്നെ ഏറ്റവും ഉയർന്ന മാർക്കോടെ ജയിച്ചെന്ന അറിവ് മനസ്സിനെ തെല്ലൊന്നുമല്ല ആശ്വാസം പകർന്നത്.

ഇനി ഇവളെ പഠിപ്പിക്കാൻ ഒരഞ്ചു പൈസ ചിലവാക്കാൻ എന്റെ കൊക്കിനു ജീവനുണ്ടെങ്കിൽ സമ്മതിക്കില്ലെന്ന ചെറിയമ്മയുടെ വാശിയിൽ ആദ്യം മനസ്സൊന്നു പതറിയെങ്കിലും വേണമെങ്കിൽ വല്ല ജോലിക്കും പൊക്കോട്ടെ  എന്ന അവസാനവാചകം മനസ്സിൽ പ്രതീക്ഷയുടെ തിരിനാളം തെളിയിച്ചു.

ആതിരയുടെ സഹായത്തോടെ അപേക്ഷിച്ച ഒരു ചെറിയ  ജോലിയിൽ കയറുമ്പോൾ ചെറിയച്ഛന്റെ മുഖത്തെ സങ്കടത്തെ സ്വന്തം കാലിൽ നിൽക്കാമല്ലോ എന്ന ആത്മവിശ്വാസം കാണിച്ചു മാറ്റികൊടുത്തു…

രാവിലെമുതൽ നിന്ന നില്പിൽ നിന്ന്, ഒന്നു മൂ ത്രമൊഴിക്കാൻ പോലും പോകാൻ പറ്റാതെ..ജോലി കഴിഞ്ഞു വരുമ്പോൾ അടുക്കളയിൽ കാത്തിരിക്കുന്ന പാത്രങ്ങൾക്കും പണികൾക്കും ഒരു കുറവുമില്ലാത്തത് ബുദ്ധിമുട്ടിക്കാതിരുന്നില്ല…എന്നാലും ഒരു പരാതിയും പരിഭവവും ആരോടും പറഞ്ഞില്ല…

ജോലിയിലെ സാമർഥ്യത്തിനു കിട്ടിയ പ്രൊമോഷനോടൊപ്പം വേറൊരു ജില്ലയിലുള്ള അവരുടെ സ്ഥാപനത്തിലേക്കുള്ള മാറ്റം ചെറിയമ്മയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു….

ഒരുങ്ങിപോക്ക് നിർത്തിക്കോളാൻ പറഞ്ഞ അവരോട് അന്നാദ്യമായി  ചെറിയച്ഛൻ തട്ടിക്കയറി….

പുതിയ ജോലിസ്ഥലവും താമസസ്ഥലവും മനസ്സിലെ പഴയ സ്വപ്നങ്ങളെ പൊടി തട്ടിയുണർത്തിയത് എപ്പോഴോ കൂടെ ജോലി ചെയ്യുന്ന അനിതേച്ചിയോടു പറഞ്ഞിരുന്നു…

അനിതേച്ചിയുടെ ശുപാർശയിൽ പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ജോലിക്കിടയിലും സമയം കണ്ടെത്തി പഠിപ്പ് തുടർന്നോളൂ, വേണ്ട സഹായം തങ്ങളാൽ കഴിയുന്നത് ചെയ്തു തരാമെന്നു മാനേജർ വിളിപ്പിച്ചു പറഞ്ഞപ്പോൾ നെഞ്ചിൽ സന്തോഷം തിങ്ങിനിറഞ്ഞു….

വാക്കുകൾക്ക് വേണ്ടി തപ്പി തടഞ്ഞയെന്നെ അനിതേച്ചി പുറത്തു തട്ടി ആശ്ലേഷിച്ചതോടെ നിയന്ത്രണം വിട്ട് ഇരുവരുടെയും മുൻപിൽ പൊട്ടിക്കരഞ്ഞതും ഇന്നും തെളിയുന്നു മനസ്സിൽ…

വിശ്രമമില്ലാത്ത പകൽ ജോലി കഴിഞ്ഞു വന്ന് തളർന്നുറങ്ങുന്ന എനിക്ക് , പുലർച്ചെ വിളിച്ചെഴുന്നേൽപ്പിച്ചു  അനിതേച്ചി ഉണ്ടാക്കി തരുന്ന കട്ടൻചായ പഠിക്കാനിരിക്കുമ്പോൾ  തരുന്ന ഉന്മേഷം ചെറുതൊന്നുമായിരുന്നില്ല…

ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതക്കൊപ്പം പഠിപ്പിലെ മികവ് സ്ഥാപനമുടമ ചെട്ടിയാരുസാറും ശ്രദ്ധിച്ചിരുന്നെന്ന്  മനസിലായത് അഭിനന്ദനങ്ങൾക്കൊപ്പം കൂട്ടിതരുന്ന ശമ്പളമായിരുന്നു…

“ഭദ്രേ”

പിൻവിളി കേട്ട് ഉള്ളുരുക്കത്തിന്റെ മഴയോർമ്മകളിൽ നിന്നും ഞാൻ തിരിഞ്ഞു നോക്കി…ചെറിയമ്മയാണ്..

“മോളെന്നോട് പൊറുക്കണം…രണ്ടു ദിവസമെങ്കിലും വീട്ടിൽ നിൽക്കണം മോള്….വിവരമില്ലാത്ത ഞാനെന്തൊക്കെയോ അന്ന് ചെയ്തുകൂട്ടി…നാട്ടിൻപുറത്തുകാരിയായ ഒരു പൊട്ടിയുടെ കുശുമ്പായി എന്റെ മോളത് മറന്നു കളയണം…എന്നെ വെറുക്കരുത് “

മറുപടിയിൽ തെളിഞ്ഞ എന്റെ പുഞ്ചിരിക്കൊപ്പം  കണ്ണുകളിൽ സ്നേഹത്തിന്റെ തിളക്കം കൂടിയുണ്ടായിരുന്നു…

“ഇല്ല ചെറിയമ്മേ എനിക്കൊരിക്കലും നിങ്ങളെയൊന്നും വെറുക്കാൻ കഴിയില്ല…എനിക്കീ ഭൂമിയിൽ രക്തബന്ധമെന്ന് പറയാൻ നിങ്ങളൊക്കെയേ ഉള്ളൂ…എന്നും ഞാൻ നിങ്ങളെ സ്നേഹിച്ചിട്ടേ ഉള്ളൂ..നിൽക്കാൻ ആഗ്രഹമുണ്ട് പക്ഷേ കഴിയില്ല അത്യാവശ്യമായി തീർക്കേണ്ട ജോലികൾ ബാക്കിയാണ് “

ഒന്നും മിണ്ടാതെ അവരെന്റെ  കണ്ണുകളിലേക്ക് നോക്കി നിന്നു…

“ഞാൻ ചെറിയച്ഛനോടു മോൾക്ക് പറ്റുന്ന ആലോചന നോക്കാൻ പറഞ്ഞിട്ടുണ്ട്..ഇനി വൈകിക്കരുത് നിനക്കു വയസ്സേറി വരുന്നു “

“ഇല്ല ചെറിയമ്മേ ഞാൻ പറയാം…എനിക്ക് മനസ്സിലിഷ്ടപെടുന്ന ഒരാളെ കണ്ടെത്തട്ടെ..അന്ന് നിങ്ങളെല്ലാരും കൂടി വേണം എന്നെ കൈപിടിച്ചേൽപ്പിക്കാൻ …”

എന്റെ വാക്കുകളിലെ സ്നേഹം ചെറിയമ്മയുടെ മനസ്സിൽ മൂർച്ചയേറിയ നാരായം പോലെ കോറിവരച്ചുവോ…കണ്ണ് നിറഞ്ഞു ഒന്നും മിണ്ടാതെ അവർ മുറിക്ക് പുറത്തേക്ക് നടന്നു.

മടങ്ങി പോകാനായ നേരത്തു മഴ പെയ്തു കുളിർന്നു കിടക്കുന്ന തൊടിയിലേക്ക് ഞാൻ മെല്ലെയിറങ്ങി ചെന്നു….

തല്ലിയലച്ചു പെയ്ത മഴയിൽ പൊഴിഞ്ഞ മുല്ലപ്പൂക്കളുടെ സൗരഭ്യം ആസ്വദിച്ച് നിന്ന എന്റെ  മൂക്കിൻതുമ്പിലേക്ക് തെങ്ങോലകളിൽ നിന്നുമുതിർന്നു വീണ മഴത്തുള്ളികൾ  മഴയെക്കാൾ തണുപ്പിൽ വന്ന് വീഴുന്നുണ്ട്.

മുറ്റത്തു എന്നെയും നോക്കി അവൻ നിന്നിരുന്നു… “അനുഷയുടെ ഭർത്താവ്” …അങ്ങനെയാണ് എന്റെ  മനസ്സപ്പോൾ പറഞ്ഞത്.

കാറിൽ കയറും മുൻപേ ഞാനവനെ നോക്കി ഒന്നു ചിരിച്ചു…പൊന്നും പണവും നോക്കി പെണ്ണിനെ തിരഞ്ഞെടുത്തപ്പോൾ കൈവശമുണ്ടായിരുന്ന പെണ്ണിന്റെ പൊന്നുംവില കണ്ണിൽ പെട്ടില്ലല്ലോ എന്ന നിരാശ കലർന്ന ചിരി അവനും നൽകി..

ഒന്നും മിണ്ടാതെ കണ്ണിലീറനണിയിച്ചു അവളെയും നോക്കി നിന്ന ചെറിയച്ഛന്റെ മനസ്സിൽ…അപ്രതീക്ഷിതമായി വിളിപ്പിച്ച ചെട്ടിയാരുസാറിന്റെ മുൻപിൽ വർഷങ്ങൾക്കു മുൻപേ തൊഴുകൈയ്യോടെ നിന്നതോർമ വന്നു …

ചെറിയൊരു ജോലിക്കിടയിലും പഠിച്ചു സിവിൽ സർവിസ് പരീക്ഷയിൽ ഒന്നാമതെത്തിയ അവളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനത്തിനു അളവുകളില്ല എന്നറിയിച്ചപ്പോൾ  അന്നും തന്റെ കണ്ണിലെ കാഴ്ചകളെ ഈറൻ മറയിച്ചിരുന്നെന്ന് നിറഞ്ഞ സന്തോഷത്തോടെ അയാളോർത്തു…

ഒന്ന് താങ്ങാനാളില്ലാതെ ഇരുന്നിട്ടും പറന്നുയർന്ന അവളേ ഒരുപാടിഷ്ടത്തോടെ ആ അച്ഛൻ നോക്കി…

ആ സമയം പിൻസീറ്റിലിരുന്നിരുന്ന അനിതേച്ചിയോട്.. “ഒന്നു നീങ്ങിയിരുന്നേ…” എന്നു പറഞ്ഞു കുറുമ്പോടെ  കയ്യിലൊന്നു തട്ടി..ശ്രീഭദ്ര IAS…ഔദ്യോഗിക വാഹനത്തിലേക്ക് കയറിയിരുന്നു .

തുറന്ന ഗേറ്റും കടന്ന് അകമ്പടി വാഹനത്തോടൊപ്പം ജില്ലാകളക്ടറുടെ വാഹനവും കടന്നു പോകുമ്പോൾ മഴ തെളിഞ്ഞ നീലാകാശം ശരദ്കാലത്തെ വരവേൽക്കാനുള്ള  ഋതുഭേദത്തിനായി  ഒരുക്കം തുടങ്ങിയിരുന്നു…

~ലിസ് ലോന (05-12-2018)