കുറച്ചു നീങ്ങി തല കുനിച്ചു നിൽക്കുന്ന സതീഷിനും, അമ്മയ്ക്കും നേരെ അവർ ചീറി അടുത്തു…

സ്ത്രീധനം…

Story written by Aswathy Joy Arakkal

==============

എന്റെ പൊന്നുമോളെ എന്നു വിളിച്ചു ഉറക്കെ കരഞ്ഞു കൊണ്ട് സാവിത്രിയമ്മ ആ ആശുപത്രി വരാന്തയിൽ വെറും നിലത്തു  തലയ്ക്കു കയ്യും കൊടുത്തിരുന്നു ആർത്തലച്ചു..

ഞങ്ങൾ ഒരുപാടു ശ്രമിച്ചു. പക്ഷെ ഇവിടെ എത്തുമ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു. ലക്ഷ്മിക്കും എൺപതു ശതമാനം പൊള്ളലേറ്റിരുന്നു….രക്ഷപെടുത്താനായില്ല..സോറി…

ഡോക്ടർ വാക്കുകൾ മുഴുവനാക്കും മുൻപേ അവർ ഒരു ഭ്രാന്തിയെ പോലെ ആർത്തലച്ചു  കരഞ്ഞു.

കുറച്ചു നീങ്ങി തല കുനിച്ചു നിൽക്കുന്ന സതീഷിനും, അമ്മയ്ക്കും നേരെ അവർ ചീറി അടുത്തു.

നീയാ..നീയാ എന്റെ കുഞ്ഞിനെ കൊലക്കു കൊടുത്തത്. നിന്നെ ഞാൻ വെറുതെ വിടില്ലടാ..അച്ഛനില്ലാതെ മുണ്ടുമുറുക്കി ഉടുത്തു വളർത്തിയെടുത്ത എന്റെ പൊന്നു മോളെയാ നീ..കലി അടങ്ങുവോളം അവർ അവനെ തല്ലി കൊണ്ടിരുന്നു.

അവസാനം ഇളയ മകൾ രേവതിയാണ് അവരെ പിടിച്ചു മാറ്റിയത്.

നീയെന്നെ വിട്..അവനെ, അവനെ എനിക്ക് കൊല്ലണം അവനാ എന്റെകുട്ടിയെ കൊലക്കു കൊടുത്തത്. അവർ കുതറി.

അമ്മേ..നിർത്തുന്നുണ്ടോ ഈ പ്രകടനം. അവരെ മാത്രം കുറ്റം പറയണ്ട. അമ്മയും കൂടിയാ ഇതിനൊക്കെ ഉത്തരവാദി..രേവതി വാശിയോടെ പറഞ്ഞു.

നീയെന്താടി പറഞ്ഞേ..എന്റെ മോളെ ഞാൻ..വിറച്ചു കൊണ്ടവർ ചോദിച്ചു..

അതെ അമ്മ തന്നെ..ഓർമ്മയുണ്ടോ..പതിനെട്ടു തികയും മുൻപേ കല്യാണം ആലോചിച്ചപ്പോൾ എനിക്കിനിയും പഠിക്കണം..ജോലിയൊക്കെ ആയിട്ട് മതി കല്യാണം എന്നൊക്കെ പറഞ്ഞു കരഞ്ഞു അമ്മയുടെ കാല് പിടിച്ച ചേച്ചിയുടെ മുഖം.. 

അന്ന് അച്ഛനില്ലാതെ ഞങ്ങളെ വളർത്തിയ കണക്കും, സർക്കാർ ജോലിക്കാരനായ പയ്യന്റെ കുടുംബ മഹിമയും തലയ്ക്കു പിടിച്ച അമ്മക്ക് സ്വന്തം മോളെ മനസിലാക്കാൻ സാധിച്ചില്ല. തന്നെക്കാൾ പന്ത്രണ്ടു വയസ്സ് കൂടുതലുള്ള പുരുഷനൊപ്പം ജീവിക്കാനുള്ള പക്വത അവൾക്കുണ്ടോ എന്നമ്മ ചിന്തിച്ചില്ല. കല്യാണത്തിന് തലേരാത്രി പുസ്തകങ്ങളും ചേർത്തു പിടിച്ചു കരഞ്ഞ ലച്ചുവേച്ചിയെ അമ്മ മറന്നാലും എനിക്ക് മറക്കാനാകില്ല..

ചെക്കൻ വീട്ടുകാരുടെ പവറിനൊപ്പം നിൽക്കാൻ അമ്മ ഏറ്റ സ്ത്രീധനം കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ ആ വീട്ടിൽ നരകിച്ചതു എന്റെ ചേച്ചിയാണ്.

സതീശേട്ടന്റെ മ-ദ്യപാനവും, അവിടത്തെ അമ്മയുടെ കുത്തുവാക്കുകളും പോരും എല്ലാം പറഞ്ഞു കരഞ്ഞപ്പോൾ പെണ്ണായാൽ അതൊക്കെ ഉള്ളതാ..എല്ലാം സഹിച്ചേ പറ്റു എന്നു പറഞ്ഞു ശാസിക്കുന്നതിന്  പകരം ഒന്ന് ചേർത്തു നിർത്തിയിരുന്നെങ്കിൽ, അവളുടെ മനസ്സറിയാൻ  ശ്രമിച്ചിരുന്നെങ്കിൽ  ഇങ്ങനൊക്കെ സംഭവിക്കുമായിരുന്നോ. അങ്ങനെ പെണ്ണ് എല്ലാം സഹിക്കണം ആയിരുന്നെങ്കിൽ പരസ്ത്രീ ബന്ധം പറഞ്ഞു അമ്മ എന്തിനു അച്ഛനെ ഉപേക്ഷിച്ചു പോന്നു..

പൊന്നൂട്ടി ഉണ്ടായ ശേഷം ദേഹോപദ്രവം സഹിക്കാനാകാതെ കുഞ്ഞുമായി വീട്ടിലെത്തിയ ചേച്ചിക്ക് എന്താണ് പറയാനുള്ളതെന്നു പോലും കേൾക്കാതെ നിന്ന നിൽപ്പിൽ അമ്മ തിരിച്ചു കൊണ്ടാക്കി..

ചേച്ചിയുടെ വിഷമം കേൾക്കാൻ എന്നെങ്കിലും അമ്മ തയാറായിരുന്നോ…പാവം ഈ ചെറിയ പ്രായത്തിൽ എന്തൊക്കെ അനുഭവിച്ചു പഠിക്കാൻ ആഗ്രഹിച്ചു പറന്നു നടന്നവളുടെ ചിറകരിഞ്ഞത് അമ്മയാണ്..പക്വതയാകും മുൻപേ കുടുംബം, ഉത്തരവാദിത്വങ്ങൾ..അയാളുടെയും വീട്ടുകാരുടെയും ഉപദ്രവം, കുത്തു വാക്കുകൾ…ഒരു കുഞ്ഞു…അവളെയൊന്നു കേൾക്കാണെങ്കിലും അമ്മ തയ്യാറയിരുന്നുന്നെങ്കിൽ…അവളീ കടും കൈ ചെയ്യില്ലായിരുന്നു…

മോളെ…വിറയാർന്ന ശബ്ദത്തോടെ സാവിത്രിയമ്മ വിളിച്ചു..

ഒരു പെൺകുട്ടിയെ വളർത്തുന്നത് കല്യാണംകഴിപ്പിക്കാൻ മാത്രമാകരുതമ്മേ…അവളെ പഠിക്കാനും, പറക്കാനും അനുവദിക്കണം. അതുപോലെ വിവാഹം കഴിഞ്ഞതോടെ പിന്നെ അവരുടെ മേൽ ഒരു ഉത്തരവാദിത്വവും ഇല്ലെന്നു പറഞ്ഞു അവരെ ഒഴിവാക്കരുത്. എത്ര വയസ്സായാലും അവരെ കേൾക്കാനും, ഉൾകൊള്ളാനും തയ്യാറാകണം. അല്ലാതെ അവരൊരു ബാധ്യതയായി മാറുമെന്നു കരുതി അകറ്റി നിർത്തുകയല്ല വേണ്ടത്..

നല്ലൊരു ഭാവിക്കായി അവർക്കു മാതാപിതാക്കൾ കരുതേണ്ട സ്ത്രീധനം സ്വർണ്ണവും, പണവുമല്ല..അവർക്കു നല്ല വിദ്യാഭ്യാസം കൊടുക്കുക..അവരെ കാര്യശേഷി ഉള്ളവരായി വളർത്തുക..എന്തു വന്നാലും അവർക്കൊപ്പം നമ്മളുണ്ടെന്നുള്ള ധൈര്യം കൊടുക്കുക…

അമ്മയതിനു തയ്യാറായിരുന്നെങ്കിൽ നമ്മുടെ പൊന്നുവും, ലച്ചുവെച്ചിയും..വിതുമ്പി കരഞ്ഞു കൊണ്ടവൾ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു…

കുറ്റബോധം കൊണ്ട് നിറഞ്ഞു ഒന്ന് കരയാൻ പോകുമാകാതെ സാവിത്രിയമ്മ അതെ നിൽപ്പു തുടർന്നു. വൈകി വരുന്ന തിരിച്ചറിവുകൾ തട്ടിയെടുത്ത രണ്ടു ജീവനുകൾക്കുത്തരം പറയാനാകാതെ..

അപ്പോഴേക്കും തുണികെട്ടുകളിലായി രണ്ടു പെൺ ശരീരങ്ങൾ മോർച്ചറിയുടെ വാതിലും കടന്നു പുറത്തെത്തിയിരുന്നു..

~Aswathy Joy Arakkal