കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഓടി ചെന്നൂ. അല്ലെങ്കിൽ പിന്നെ അതിനും കേൾക്കണം…

വരമ്പത്തു കൂലി…

Story written by Suja Anup

=========

“അവൾ അകത്തില്ലേടി..”

ആ സ്വരം കേട്ടപ്പോഴേ അമ്മ ഭയന്നൂ.

അപ്പൻ്റെ പെങ്ങളുടെ വീട്ടിൽ പോയിട്ടുള്ള വരവാണ്. എന്തെങ്കിലും പറഞ്ഞു കൊടുത്തു കാണും. എന്നും അങ്ങനെയാണ്.

ഇന്നത്തെ കാലത്തും പരദൂഷണം പറഞ്ഞു നടക്കുന്നവരെ എന്ത് പറയുവാനാണ്. ലോകം എത്ര വളർന്നാലും ചിലർ അങ്ങനെയാണ്, ജാത്യാൽ ഉള്ളത് തൂത്താൽ പോകില്ലല്ലോ.

അമ്മ ഉറക്കെ വിളിച്ചു.

“മോളെ, നിലീനെ…ദേ, അപ്പൻ വിളിക്കുന്നൂ.”

കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഓടി ചെന്നൂ. അല്ലെങ്കിൽ പിന്നെ അതിനും കേൾക്കണം.

ഇന്നിനി എന്താണാവോ പ്രശ്നം. പണ്ടേ അമ്മായിക്കെന്നെ കണ്ടു കൂടാ. അമ്മായിയുടെ മോളെക്കാളും നിറവും സൗന്ദര്യവും കൂടും. അതാണ് ആദ്യത്തെ പ്രശ്നം. പിന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്നൂ, അതവർക്കങ്ങു സഹിക്കുന്നില്ല.

ഇറങ്ങി വന്ന എൻ്റെ മോന്തയ്ക്കിട്ടു അപ്പൻ ഒന്ന് തന്നൂ.

ഞാൻ ഞെട്ടി പോയി. വഴക്കു പറയുമെങ്കിലും അപ്പൻ ഇതുവരെ എന്നെ തല്ലിയിട്ടില്ല. പിന്നെ ഒരു വെടിക്കെട്ടായിരുന്നൂ.

“നീ കോളേജിൽ പോകുന്നത് ആണുങ്ങളെ പിടിക്കുവാനാണോ. എന്തുവാടി നീയും ബസ്സ് കണ്ടക്ടറും തമ്മിലുള്ള ബന്ധം.”

എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നൂ. കോളേജിൽ പോകുന്നത് പഠിക്കുവാനല്ലേ. ആണുങ്ങളെ പിടിക്കുവാനാണോ. ബസ് കണ്ടക്ടർ ആരാണെന്ന് പോലും ഞാൻ ശ്രദ്ധിക്കാറില്ല. പഠനം മാത്രമേ എൻ്റെ മനസ്സിൽ ഉള്ളൂ. എങ്ങനെ എങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപ്പെടണം എന്നതിനപ്പുറം മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ല.

ദാമ്പത്യം എന്താണെന്നു പഠിച്ചത് അപ്പനെയും അമ്മയെയും കണ്ടിട്ടാണ്. അതുകൊണ്ടു തന്നെ അങ്ങനെ ഒരു റിസ്ക് ജീവിതത്തിൽ എടുക്കുവാൻ ഉദ്ദേശിച്ചിട്ടുമില്ല.

ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അപ്പന് ദേഷ്യം വന്നാൽ അങ്ങനെയാണ്.

ഞാൻ പറയുന്നത് കേൾക്കുവാൻ പോലും നിന്നില്ല. നിറയെ ചീത്ത വിളിച്ചു. അമ്മയ്ക്കും കിട്ടി രണ്ടെണ്ണം.

അത്രയ്ക്ക് അമ്മായി പറഞ്ഞു കൊടുത്തു കാണും.

അല്ലെങ്കിലും അമ്മ എന്നും ചെണ്ടയുടെ സ്ഥാനത്താണ്, അതിപ്പോൾ മാരാർക്കു ദേഷ്യം വന്നാലും സങ്കടം വന്നാലും അമ്മയ്ക്കുള്ളത് കൈ നിറയെ കിട്ടും.

“നാളെ മുതൽ നീ പഠിക്കുവാൻ പോകേണ്ട. ഞാൻ മൂന്നാനോട് വരുവാൻ പറഞ്ഞിട്ടുണ്ട്. കല്യാണം നോക്കാം. എല്ലാ പെണ്ണുങ്ങളും പഠിച്ചിട്ടല്ലല്ലോ ജീവിക്കുന്നത്. ടീ നാളെ മുതൽ അവളെ കൂട്ടാൻ വക്കുവാൻ പഠിപ്പിച്ചാൽ മതി.”

അമ്മ നിസ്സഹായയായി എന്നെ നോക്കി.

അമ്മയുടെ വാ തുറന്നു ഇന്നുവരെ ഞാൻ കണ്ടിട്ടില്ല. കല്യാണം കഴിഞ്ഞു വന്ന ആദ്യനാളുകളിലേ തന്നെ പെങ്ങമ്മാരും അമ്മായിയമ്മയും കൂടെ അത് അടപ്പിച്ചു. ആ പാവം ഒരു മൂലയിൽ എല്ലാം സഹിച്ചങ്ങനെ ജീവിക്കുന്നൂ. തിരിച്ചു സ്വന്തം വീട്ടിൽ ചെന്നിട്ടെന്തിനാണ്, ആകെ ഉള്ളത് കുടിയനായ ഒരു ആങ്ങളയും ഒരു പാവം നാത്തൂനും. അവർക്കും ജീവിക്കുവാൻ ഗതിയില്ല.

അപ്പൻ ചവിട്ടി കുലുക്കി അകത്തേക്ക് പോയി.

എന്തെങ്കിലും പറഞ്ഞു അപ്പൻ്റെ മനസ്സ് മാറ്റാം എന്നുള്ള എൻ്റെ ചിന്ത പിറ്റേന്ന് രാവിലെ മൂന്നാനെ കണ്ടതോടെ തീർന്നൂ.

അവർ എന്താണ് അപ്പനോട് ഓതി കൊടുത്തതു എന്ന് പോലും അറിയില്ല. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അപ്പൻ എല്ലാം തീരുമാനിച്ചു ഉറപ്പിച്ച മട്ടാണ്‌.

കോളേജിൽ പോകാതെ രണ്ടുദിവസ്സം കടന്നു പോയി. സങ്കടം കുമിഞ്ഞു കൂടി. ആരോട് പറയുവാൻ ആണ്.

ഇനി വയ്യ. എന്തെങ്കിലും ചെയ്യണം.

ആരുമില്ലാത്തവർക്കു തുണ ദൈവം തന്നെ.

കുഞ്ഞുനാളിൽ എപ്പോഴോ ആണ് അമ്മ ആ കൊന്ത കൈയ്യിൽ വച്ച് തന്നത്. സങ്കടം വരുമ്പോഴെല്ലാം അമ്മ മുട്ടിൽ നിന്ന് കൊന്ത ചെല്ലുന്നതു കണ്ടാണ് വളർന്നത്. ആ ശീലം അമ്മയിൽ നിന്നും എനിക്കും കിട്ടിയിരുന്നൂ.

നേരെ കൊന്ത എടുത്ത് മുറിയിൽ കയറി. വാതിൽ അടച്ചു മുട്ടുമ്മേൽ നിന്നൂ. ആ നിൽപ്പ് രാത്രി ആയിട്ടും നിറുത്തിയില്ല. അമ്മ ഭക്ഷണം കഴിക്കുവാൻ വിളിച്ചു.

വേണ്ടെന്നു പറഞ്ഞു.

മനസ്സ് നീറുന്നൂ. ഒരു തുള്ളി വെള്ളം പോലും ഇറങ്ങില്ല. കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നൂ.

തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നൂ. ചെയ്ത തെറ്റ് എന്താണെന്നു എനിക്കറിയണമായിരുന്നൂ.

സ്വപ്നങ്ങൾ മൊത്തം തകർന്നൂ.

രാത്രി ആയപ്പോൾ ഇടി വെട്ടി മഴ തുടങ്ങി. എൻ്റെ കണ്ണുനീരിനൊപ്പം മാലാഖമാരുടെ കണ്ണുനീർ ചേർന്നോ. അറിയില്ല.

എപ്പോഴോ കൊന്ത ചൊല്ലി തന്നെ ഉറങ്ങിപ്പോയി.

രാവിലെ അമ്മ വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്.

“മോളെ, അപ്പൻ രാവിലെ തന്നെ അമ്മായിയുടെ വീട്ടിലേക്കു പോയിട്ടുണ്ട്. എന്തോ പ്രശ്‌നം ഉണ്ടെന്നു തോന്നുന്നൂ. എന്തോ ആവട്ടെ, നീ വന്നു ഭക്ഷണം കഴിക്കൂ.”

ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഭക്ഷണം കഴിച്ചു.

വൈകുന്നേരമാണ് അപ്പൻ മടങ്ങി വന്നത്. വന്നതും അപ്പൻ അമ്മയോട് പറഞ്ഞു

“സുമിയുടെ എന്തോ ക്ലിപ്പ് ഇറങ്ങിയിട്ടുണ്ട് പോലും, അവൾ കോളേജിൽ പോയിരുന്ന ആ പ്രൈവറ്റ് ബസ്സിലെ കണ്ടക്ടർക്കൊപ്പം. ഇനി ആരും കാണുവാൻ ബാക്കിയില്ലത്രേ.”

അവൾ ആകെ വിഷമത്തിലാണ്.

അമ്മ ഒന്നും മിണ്ടിയില്ല. എന്നെ ഒന്ന് നോക്കി.

അപ്പൻ തല താഴ്ത്തി ഇരിക്കുവാരുന്നൂ. സുമി അമ്മായിയുടെ മൂത്ത മകൾ ആണ്.

എന്തോ അത് വരെ മനസ്സിൽ കരുതി വച്ചതൊക്കെ കൂടി പുറത്തേക്കു തികട്ടി വന്നൂ.

“അമ്മ കേട്ടിട്ടില്ലേ. പാടത്തു ജോലി, വരമ്പത്തു കൂലി എന്ന്…”

അമ്മ എന്നെ തറപ്പിച്ചൊന്നു നോക്കി.

ഞാൻ തുടർന്നൂ. മൂന്ന് ദിവസമായി ഞാൻ അനുഭവിച്ച സങ്കടം കാണുവാൻ ആരും ഉണ്ടായിട്ടില്ല. ആ ദേഷ്യം മൊത്തം പുറത്തേക്കു വന്നൂ.

“നാളെ മുതൽ ഞാൻ കോളേജിൽ പോയി തുടങ്ങും. എന്നെ ആരും തടയേണ്ട. ഇനി എങ്കിലും അമ്മായി താഴെ ഉള്ള രണ്ടെണ്ണത്തിനെ മര്യാദയ്ക്ക് വളർത്തുവാൻ പഠിക്കട്ടെ. എന്നെ നോക്കുവാൻ എനിക്കറിയാം. ആദ്യം സ്വന്തം കണ്ണിലെ തടി അവർ എടുത്തു കളയട്ടെ. പിന്നെ എൻ്റെ കണ്ണിലെ കരട് മാറ്റുവാൻ വന്നാൽ മതി.”

എനിക്കെല്ലാം മനസ്സിലായിരുന്നൂ.

“സ്വന്തം മോളുടെ കുറ്റം എൻ്റെ മേൽ ചുമത്തി രക്ഷപെടുവാൻ അമ്മായി നോക്കി. അതിനുള്ളത് അവർക്കു നല്ലോണം കിട്ടി.”

അപ്പൻ ഒന്നും മിണ്ടിയില്ല. അന്യൻ്റെ കുറ്റം മാത്രം കണ്ടുപിടിച്ചു നടക്കുന്നവർക്ക് ഇതൊരു പാഠം ആയിരിക്കണം.

……………സുജ അനൂപ്