Written by Lis Lona
============
പണ്ട് പണ്ട് എൺപതുകളുടെ അവസാനത്തിൽ ഒരു സന്ധ്യക്കാണ് വീട്ടിലേക്കൊരു പുതിയ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയും പൊക്കിപ്പിടിച്ച് അപ്പ ഒരോട്ടോയിൽ വീട്ടിലേക്ക് കയറിവന്നത്..
ഇന്ന് വീടിന്റെ മൂക്കിനും മൂലയിലും സ്മാർട്ട് ടീവി ഫിറ്റ് ചെയ്ത് അത് ഒരു സൈഡിൽ ഓണാക്കി വച്ചിട്ടും ബുൾസൈ പോലുള്ള ഉണ്ടക്കണ്ണു മിഴിച്ച് കയ്യിലുള്ള ഫോണിൽ ചുണ്ണാമ്പ് തേമ്പിയും തോണ്ടിയും ഇരിക്കുന്ന കാലമൊന്നുമല്ല അന്ന്…
രണ്ട് കിലോമീറ്റർ ചുറ്റളവിൽ അന്ന് ആകെ രണ്ട് വീട്ടിലെ ടീവിയുള്ളൂ..റോഡിന്റെ ഇങ്ങേയറ്റത്തെ വീട്ടിൽ നിന്നും ടീവി ഓഫാക്കി അവർ കാഴ്ചക്കാരെ പറഞ്ഞുവിട്ടാൽ നാണമില്ലാതെ നേരെ അങ്ങേയറ്റത്തെ വീട്ടിലേക്ക് മാരത്തോൺ ആണ്..അങ്ങനെ പകുതി സിനിമ ഇവിടെയും പകുതി സിനിമ അവിടെയും മണ്ടിപ്പാഞ്ഞു കണ്ട് നടന്നിരുന്ന കാലം…
മധു കടാപ്പുറത്ത് മാനസമൈനേ പാടി നിൽക്കുമ്പോഴായിരിക്കും ആദ്യത്തെ വീട്ടിലെ പട്ടർക്ക് ചിലപ്പോൾ ISD ഫോൺ വരുന്നത് അതോടെ ടീവി ഓഫാക്കി ഞങ്ങളെ ഓടിപ്പിക്കും..ഒരു സെക്കന്റ് കളയാതെ ഇപ്പുറത്തെ മാഷിന്റെ വീട്ടിലെത്തുമ്പോഴേക്കും ഷീലയുടെ മാൻപേട മിഴികൾ കൊണ്ടുള്ള ബ്രേക്‌ഡാൻസും നെഞ്ചുന്തിനിന്നുള്ള കൊച്ചുമുതലാളി വിളിയും എണ്ണം പറഞ്ഞ് നാല് കഴിഞ്ഞിരിക്കും..ഞങ്ങളെ അങ്ങാട്ടും ഇങ്ങാട്ടും ഓടിപ്പിക്കുന്ന ടീവി മുതലാളിമാരുടെ വീട്ടിലേക്ക് നാണംകെട്ട് ഇനി പോകില്ലെന്ന് സധൈര്യം വിളിച്ചുപറഞ്ഞ് ഞാനും എനിക്ക് ജയ്‌വിളിക്കാനായി കൂടിയ അനിയന്മാരും ചേർന്ന് വീട്ടിൽ സമരം പ്രഖ്യാപിച്ചു..
ആദ്യമാദ്യം ഞങ്ങളുടെ സമരമുറകളെ പുച്ഛിച്ചു തള്ളിയ അമ്മക്ക് മനസ്സിലായി പുള്ളേര് കാര്യത്തിലാണ് , മാത്രമല്ല ടീവി കാണാൻ പോകുന്ന ഒന്നോരണ്ടോ മണിക്കൂർ കൂടി വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ ആ സമയം വേസ്റ്റ് ആക്കാതെ കുംഭകർണനെപ്പോലെ വാശിക്ക് ഇരുന്ന് തീറ്റയാണ്..
കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ അപ്പക്ക് മുൻപിൽ , കടം വാങ്ങിയാണെങ്കിലും ടിവിപെട്ടി എത്തിച്ചില്ലെങ്കിൽ വീട്ടിലെ റേഷന്റെ ചിലവ് പിടിച്ചാൽ കിട്ടില്ലെന്നും കളി കാര്യമാകുമെന്നും വ്യക്തമായതോടെ ടീവിയെത്തി വീട്ടിൽ..
ടിവി ഫിറ്റ് ചെയ്യാൻ നാട്ടുകാര് മൊത്തം സമ്മേളനത്തിന് കൂടിയതുപോലെ കൂടി..
എളിയിൽ കൈകുത്തി നിന്ന് നിർദ്ദേശങ്ങൾ നൽകിയും ,കൈകെട്ടി നിന്ന് അഭിപ്രായം അറിയിച്ചും , ഊന്നുകൊടുത്ത വാഴയെ താങ്ങിവച്ച പോലെ ,താടി താങ്ങി കൈകൊടുത്തും അയല്പക്കക്കാർ വീടിനു മുൻപിൽ നിൽപ്പാണ്..
പുതുപെണ്ണിന്റെ പൊന്നും പണ്ടവും കാണാനെത്തിയ മട്ടിൽ അകത്തേക്ക് വന്നവർക്ക് നാണം കലർത്തിയ ചിരിയോടെ അമ്മ വന്നവർക്ക് മുൻപിൽ സുന്നത്തു കഴിഞ്ഞ കുട്ടിയുടെ തുണി പൊക്കികാണിക്കുംപോലെ ടീവിയുടെ കാർഡ്ബോർഡ് തുറന്നു കാണിക്കുന്നു..
അപ്പ ഓടിൻപുറത്ത് കയറി നിന്ന് മീൻമുള്ള് പോലെയുള്ള ആന്റിന ഉറപ്പിച്ചു..
ഒരുതിരി…രണ്ട് തിരി.. മൂന്ന് തിരി..തിരികൾ ഒരുപാടായിട്ടും അകത്തിരിക്കുന്ന ടീവിയിൽ വാരിയിട്ട മണല് പോലെ ഗ്രൈൻസ് കിടന്ന് നുരക്കുകയാണ്..
‘വന്നോ’ എന്ന് മുകളിൽ നിന്നും ‘വന്നില്ല’ എന്ന് അകത്ത് നിന്നും ശരണം വിളി മുഴങ്ങുന്നുണ്ട്..
അകത്ത് അന്നത്തെ ടീവികളുടെ വൈദ്യനെന്ന് പേരുകേട്ട അമ്മയുടെ വകയിലെ ആങ്ങള, ഏതോ ബട്ടണിൽ പിടിച്ചു ഞെക്കിയതും മാന്ത്രിക വിദ്യ ഫലിച്ച കണക്ക് ആണ്ടെടാ ശരപഞ്ജരത്തിലെ ജയൻ ഞങ്ങടെ അകത്തുനിന്ന് കുതിരയെ ഉഴിയുന്നു..അന്നേരമൊരു കുളിര് കോരിയെന്റെ സാറേ…ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാത്തവിധമൊരു മേടകുളിര്…
ജയനെപോലെ എനിക്കും മറ്റുള്ളവരെ നോക്കി ചുമ്മാ ഒരു രസത്തിന് “വാട്ട് ഡിഡ് യൂ സെ ??..വി ആർ നോട്ട് ബഗേഴ്സ്സ് …” ന്ന് നീട്ടി വിളിച്ച് പറയാൻ തോന്നിയെങ്കിലും ഡയലോഗ് അടിക്കാൻ നിന്നാൽ അമ്മയുടെ വക കിട്ടാൻ പോകുന്ന ചവിട്ടും കുത്തും ഓർത്തപ്പോൾ ഡയലോഗ് പ്രസന്റേഷന് പകരം സത്യൻമാഷിന്റെ നെഞ്ചിൽ കൈകെട്ടി നിന്നുള്ള ഭാവാഭിനയത്തിൽ ഒതുക്കി..
വേറെ ലക്ഷ്വറിയൊന്നും ഇല്ല വീട്ടിൽ , റേഷനരിയാണ്..അതിന് കൂട്ട് ചമ്മന്തിയാണ് എന്നാലും ഉണ്ണുമ്പോൾ കാണാൻ ടിവി ഉണ്ട് വീട്ടിൽ..
അഭിമാനവും അല്പം ജാടയും ഇടകലർത്തിയാണ് മറ്റുള്ള കുട്ടികളോട് പിറ്റേന്ന് മുതലുള്ള സംസാരം..വെറുതെ ഒരു കാര്യവുമില്ലെങ്കിലും മുറ്റത്തിറങ്ങി കാലാവസ്ഥ നിരീക്ഷകരെ പോലെ ആന്റിനയൊന്ന് നോക്കും..മുള്ളുകളൊന്ന് എണ്ണി അതിലിരിക്കുന്ന കാക്കയെ ഓടിപ്പിക്കും..
ടീവി വന്ന് കൃത്യം ഒരാഴ്ച്ച ആയതേയുള്ളൂ തൊട്ടു മുൻപിലുള്ള വീട്ടിലെ അച്ഛാച്ചൻ മരിച്ചു..
അന്നൊക്കെ അയല്പക്കത്തു മരണം നടന്നാൽ നമ്മുടെ വീട്ടിൽ നടന്നത്പോലെയാണ്..വരുന്നവർക്ക് മുഴുവൻ ചുറ്റുവട്ടമുള്ള വീടുകളിലായിരിക്കും ചായ്..പാനി ഏർപ്പാട്. കല്യാണമാണെങ്കിൽ രണ്ട് ദിവസം മുൻപേ സ്വന്തം വീട്ടിലെ അടുക്കള അടച്ച് അവിടെ കല്യാണവീട്ടിൽ ചേക്കേറും..അതൊരു നാട്ടുനടപ്പാ അന്ന്..
അച്ഛാച്ചന്റെ പോക്കിൽ ഞങ്ങൾ കുട്ടികൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടം ടീവി തൊടാൻ പോലും സമ്മതിക്കാതെ ഓടിപ്പിച്ചുവെന്നതാണ്..
മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് അസ്ഥി പെറുക്കലും കഴിഞ്ഞതോടെ ശബ്ദം കുറച്ച് ടീവി കണ്ടുകൊള്ളാൻ അനുവാദം കിട്ടി..
അന്ന് ക്രിക്കറ്റ് കളി തരംഗം തലക്ക് പിടിച്ചുതുടങ്ങിയ സമയമാണ്.. കളി കാണാനിരിക്കുന്ന ചേട്ടന്മാരോട് സച്ചിൻ ‘ഗോളെത്രെ ‘ അടിച്ചുവെന്ന് ചോദിച്ചതിന് ഇനി മേലാക്കം മിണ്ടിപ്പോകരുതെന്നാണ് വാണിംഗ്..
അവർ സിക്സീനും ഫോറിനും കൂക്കിവിളിച്ച് കയ്യടിച്ചത് കണ്ട് ഞാനൊരു ഔട്ടിന് വിസിലടിച്ചു കയ്യടിച്ചതെ ഓർമയുള്ളൂ വല്യപ്പന്റെ മോന്റെ വക മണ്ടക്കൊരു കിഴുക്ക് കിട്ടി..
ടീവി വാങ്ങുന്ന കാലം മുൻകൂട്ടികണ്ട് അകത്തുവച്ചിരിക്കുന്ന ടീവി റോഡിൽ കൂടി പോകുന്നവർക്ക് കൂടി ആസ്വദിക്കാൻ പറ്റുന്ന വിധത്തിലാണ് അപ്പാപ്പൻ ഞങ്ങളുടെ വീട് പണിത് വച്ചിട്ടുള്ളത്..റോഡിൽ നിന്നാൽ അടുക്കളയിലെ പാതകത്തിൽ ഇരുന്ന് തിളക്കുന്ന മീൻകൂട്ടാൻ വരെ കാണാം..
നട്ടപാതിരാക്ക് ക്രിക്കറ്റ് കണ്ടോട്ടേയെന്ന് അപ്പയോട് കെഞ്ചിയും കേണും അനിയന്മാർ സമ്മതം വാങ്ങിയെടുത്തതിനാൽ രാത്രി ഉമ്മറത്തും മുറ്റത്തും റോഡിലും വരെ കാഴ്ചക്കാരെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉറക്കം കളഞ്ഞ് വല്ലോന്റേം കളി കാണണമെന്ന് ശുഷ്കാന്തിയില്ലാതിരുന്നവർ വന്നില്ല..വന്നത് നാലഞ്ചുപേരാണ്..
അതിനിടക്ക് അയല്പക്കത്തെല്ലാം അടക്കിപ്പിടിച്ച സംസാരമുണ്ട് അച്ഛാച്ചന്റെ പോക്കുവരവുണ്ടെന്നും നേരം കെട്ട നേരത്ത് ആരും ആ ഭാഗത്തേക്ക് പോകുകയോ നോക്കുകയോ ചെയ്യേണ്ടെന്നും..
അവർക്കെല്ലാം അടക്കിപ്പിടിച്ച് സംസാരിച്ചാൽ മതി..ഈ അച്ഛാച്ചനെ ദഹിപ്പിച്ചത് കാര്യം റോഡിനപ്പുറത്ത് അവരുടെ സ്ഥലത്താണെങ്കിലും നമ്മുടെ വീടിന്റെ നേരെയാണ്..വാതിൽ തുറന്നാലോ ഉമ്മറത്ത് ഒന്ന് വന്നിരുന്നാലോ കണ്ണ് ആദ്യമെത്തുന്നതും അങ്ങോട്ടേക്കാണ്..
പതിനൊന്നരയോ പന്ത്രണ്ടോ ആണ് സമയം ഉമ്മറത്തെ തിണ്ടിലിരുന്ന് കളി കാണുന്ന ചേട്ടനോട് എന്തോ സംശയം ചോദിക്കാൻ തിരിഞ്ഞ എന്റെ കാഴ്ചയെത്തിയത് ദൂരെ അച്ഛാച്ചനെ അടക്കിയ പൂള മരത്തിന് താഴെ നിന്ന് കൈ മാടി വിളിക്കുന്ന ഒരു രൂപത്തിലാണ് ..
പൊടുന്നനെ കണ്ണുകൾ താഴ്ത്തിയെങ്കിലും നട്ടെല്ലിനിടയിലൂടെ ഒരു തരിപ്പ് അരിച്ചുകയറുന്നതും താടിക്കൊരു തണുപ്പ് അനുഭവപ്പെടുന്നതും അറിയാനുണ്ട്..ഹൃദയം നാവിൻ തുമ്പിലാണ് പെരുമ്പറ കൊട്ടുന്നത്..
ഒന്നുകൂടി നോക്കാനുള്ള ശക്തിയില്ല പക്ഷേ പിന്നിലോട്ട് തിരിഞ്ഞ എനിക്ക് മുൻപിലോട്ട് തിരിയാനുള്ള ധൈര്യമില്ല..ഇരുന്നിടത്ത് ഫെവിക്കോൾ ഒട്ടിച്ചിട്ട പോലെ ഇരുപ്പാണ്..
തലക്കടികൊണ്ട മട്ടിലുള്ള എന്റെ ഇരുപ്പിലും നോട്ടത്തിലും എന്തോ ഒരു പന്തികേട് മണത്ത ചേട്ടൻ കളിയിൽ നിന്നും ശ്രദ്ധ മാറ്റി എന്താണെന്ന് ചോദിച്ചു..
ആ നിമിഷമാണ് നാവും സ്വരവും നഷ്ടപെട്ടത് ഞാനറിഞ്ഞത്.. നെറ്റിയിൽ കിനിഞ്ഞ വിയർപ്പുതുള്ളികളെ തുടച്ചു കളയാൻ പോലും സാധിക്കാതിരുന്ന കൈകളെ സകല ശക്തിയും ഉപയോഗിച്ച് വലിച്ച് പൊക്കി ചേട്ടന്റെ തല പിടിച്ച് ഒറ്റയൊരു തിരി..
ഞാൻ കണ്ട അതേ കാഴ്ച്ച ചേട്ടനും!
എന്റെ നിമിഷാർദ്ധത്തിലുള്ള ചലനവും പിന്നിലെ കാഴ്ചയും…ചേട്ടന്റെ നെഞ്ചോന്ന് ശക്തിയിൽ ഉയർന്നു താണത് ഞാൻ കണ്ടു.. പുറത്തേക്കുന്തിയ കണ്ണുകൾ അകത്തേക്ക് തള്ളിക്കയറ്റാൻ ചേട്ടന് നേരം കിട്ടും മുൻപേ.. ‘പൊതക്കോ’… എന്നൊരു ഒച്ച കേട്ടു..
വെട്ടിയിട്ട തെങ്ങ് വീണതിനെക്കാൾ ഒച്ചയിൽ ചേട്ടനതാ ഉമ്മറത്തിണ്ടിൽ നിന്നും താഴേക്ക്..
ചേട്ടൻ വീണതോ വീണു !എന്നെയാര് പൊക്കി അകത്തേക്ക് കൊണ്ടുപോകുമെന്നാണ് അപ്പോഴുമെന്റെ തലയിൽ..കാരണം കൂറ്റാകൂറ്റിരുട്ടിൽ നിന്ന് കൈവീശി ആ രൂപം എന്നെയപ്പോഴും മാടിവിളിക്കുന്നുണ്ട്..
ഉമ്മറത്തെ പെട്ടെന്നുള്ള നിശബ്ദതയും അതിനുശേഷമുള്ള വീഴ്ചയുടെ ശബ്ദവും ഞങ്ങൾക്ക് മുൻപിലിട്ട ബെഞ്ചിൽ ഇരുന്നിരുന്നവർ തിരിഞ്ഞ് കാരണം തിരക്കി..
അപ്പോഴേക്കും ഉരുണ്ട് പിരണ്ട്‍ താഴെ നിന്ന് എഴുന്നേറ്റ ചേട്ടൻ എന്നെയും വലിച്ച് അകത്തേക്ക് ഒറ്റയോട്ടം..
വിവരമറിഞ്ഞ് ആർക്കുമാർക്കും അങ്ങോട്ടേക്ക് നോക്കാനുള്ള ധൈര്യമില്ലാതെ ഞങ്ങളെല്ലാം അകത്തേക്ക് കടന്ന് വാതിൽ ചാരി..
ആർക്കോ വേണ്ടി ക്രിക്കറ്റ് കളിച്ച് , കളിക്കാർ ടീവിക്കകത്ത് റൺസെടുക്കാൻ ഓടി നടക്കുമ്പോൾ തിരികെ റൺഔട്ട് ആകാതെ വീടുകളിലേക്ക് പോകാൻ ആര് തുണ വരുമെന്നാണ് ഞങ്ങളൊഴികെ അവിടെയുള്ള ഓരോരുത്തരുടെയും മനസ്സിൽ..
അതിനിടയിലാണ് ജോലികളെല്ലാം കഴിഞ്ഞ് അമ്മ അടുക്കളയിൽ നിന്നും അകത്തേക്ക് കയറിവന്നത്..പോപ്‌കോൺ പൊട്ടിത്തെറിക്കും വിധം ഒച്ചയും ബഹളവും ഉണ്ടായിരുന്ന അകത്ത് വസന്ത പിടിച്ച കോഴികൾ കൂടിന്റെ മൂലയിൽ മൗനപ്രാർത്ഥനക്ക് ഒതുങ്ങി നിൽക്കുന്നത് പോലെ ഒരൊച്ചയും ഇല്ലാതെ നിൽക്കുന്ന ഞങ്ങൾ..
ഏത് അച്ഛാച്ഛനായാലും വാതില് ഞങ്ങള് തുറക്കൂലയെന്ന് ഉറപ്പിച്ച് , നഖം കടിച്ച് കളിയിലേക്ക് നോക്കി കമെന്ററിക്കാരനോട് ഒച്ചയിടല്ലെടാ മോനെയെന്ന് മനസ്സിൽ പറയുന്നതല്ലാതെ പുറത്തിരിക്കുന്ന റിമോട്ട് എടുക്കാനുള്ള ധൈര്യം ആർക്കുമില്ല..
നീ കണ്ടോ ?ഞാൻ കണ്ടില്ല..അവള് കണ്ടു..അവൻ പേടിച്ചു വീണു എന്നെല്ലാം മുറുമുറുക്കുന്നുണ്ട് ചുറ്റിനും.. അതിനിടയിൽ പേടിത്തൂ-റിയായ ഞാൻ ശ്വാസംവിടാതെ വിവരങ്ങൾ അമ്മയെ അറിയിക്കുമ്പോഴും ഞങ്ങളുടെയെല്ലാം സൂപ്പർമാനായ ചേട്ടനപ്പോഴും പറന്ന് പോയ കിളിയെ തപ്പി നിൽക്കുകയാണ്..
ജീവിച്ചിരുന്നപ്പോൾ അച്ഛച്ചനും അമ്മയും നല്ല ടെംസിൽ ആയിരുന്നെന്ന ധൈര്യമാകാം ദേ ഇപ്പ ശരിയാക്കിത്തരാമെന്ന ഭാവത്തോടെ അമ്മ വാതിൽ വലിച്ചുതുറന്നു..
ഇരുട്ടിലേക്ക് നോക്കും മുൻപേ ആരോ അപ്പക്ക് കൊടുത്ത ആറ് ബാറ്റെറിയിടുന്ന വലിയൊരു ടോർച്ചെടുത്ത് അങ്ങോട്ടേക്ക് മിന്നിച്ചതിന് ശേഷം കണ്ണ് തുറക്കുന്നത് കണ്ടപ്പോഴാണ് അമ്മയും മകളെപ്പോലെ പേടിത്തൊണ്ടിയാണെന്ന നഗ്നസത്യം എനിക്ക് മനസിലായത്..
അത്ഭുതം!! ആ രൂപമവിടെയില്ല…കൈ നീട്ടി ഞങ്ങളെ മാടിവിളിച്ചിരുന്ന ആൾ അപ്രത്യക്ഷമായിരിക്കുന്നു..
അച്ഛാച്ചനെ ദഹിപ്പിച്ചതിന് ശേഷം വിശ്വാസപ്രകാരം അവിടൊരു വാഴ നട്ടിരുന്നു..താനറിയാതെ താനൊരു ഭീകരരൂപിയായ ബ്രഹ്മരക്ഷസ്സായി മാറിയതറിയാതെ മേടക്കാറ്റിൽ വിശാലമായി ഇലകൾ വീശി ഉല്ലസിച്ച് കുഞ്ഞനൊരു വാഴ!.
“ടപ്പേ…”
പേടിക്കണ്ട !!ശബ്ദം വേറൊന്നുമല്ല…
“കാണാനുള്ളത് നീ കണ്ടു…ഇത് എന്നെക്കൂടി വിളിച്ചുകാണിച്ച് പേടിപ്പിച്ചതിന് നീ വച്ചോ..”
സംഹാരത്തിന്റെ മൂർത്തീഭാവമായി മാറിയ ചേട്ടന്റെ വക നടും പുറത്തൊരു നാടൻ പ്രയോഗം പലിശയും കൂട്ടുപലിശയും ചേർത്ത് എനിക്ക് കിട്ടിയതോടെ ക്രിക്കറ്റിന് തിരശീലയിട്ട് ജനം പിരിഞ്ഞു..
ലിസ് ലോന ✍️