നല്ല പൊക്കവും അതിനൊത്ത വണ്ണവും കുസൃതി ഒളിപ്പിച്ച തിളങ്ങുന്ന കണ്ണുകളും സന്തതസഹചാരിയായ ബുള്ളറ്റിലെ പറപ്പിച്ചുള്ള പോക്കും…

അവിചാരിതം…

Story written by Jisha Raheesh

===========

“ഡാ നമ്മടെ ഇല്ലിക്കലെ ജെയിംസ് തിരിച്ചു വന്നെന്ന്…”

“അവനല്ല്യോ ആ യുദ്ധത്തിനിടയ്ക്കെങ്ങാണ്ട്പെട്ട് ചത്തു പോയെന്ന് കേട്ടത്..”

“ആന്നെ, അവന്റെ പെണ്ണിനെ കൂട്ടുകാരൻ ബെന്നി കെട്ടുകേം ചെയ്തു..”

നാട്ടുകാർക്കതൊരു ചൂട് വാർത്തയായിരുന്നു..വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയെന്ന് കരുതിയവൻ തിരിച്ചു വന്നിരിക്കുന്നു…

ഹൈറേഞ്ചിലെ കിരീടം വെക്കാത്ത രാജാവ്..ഇല്ലിക്കൽ ആന്റണി..അഞ്ചു മക്കൾ..മൂന്നു ആണും രണ്ടു പെണ്ണും..നാലാമനായിരുന്നു ജെയിംസ്. ഏറ്റവും ഇളയവൾ ആനി…

ജെയിംസ് എന്ന ജയ്..നല്ല പൊക്കവും അതിനൊത്ത വണ്ണവും കുസൃതി ഒളിപ്പിച്ച തിളങ്ങുന്ന കണ്ണുകളും സന്തതസഹചാരിയായ ബുള്ളറ്റിലെ പറപ്പിച്ചുള്ള പോക്കും ഏതു പെണ്ണിന്റെയും മനസ്സിളക്കാൻ പോരുന്നതായിരുന്നു…

കോളേജിലും നാട്ടിലുമെല്ലാം ഒത്തിരി പെൺപിള്ളേർ പുറകെ നടന്നിട്ടും ജെയിംസ് ആന്റണിയുടെ മനസ്സിൽ കയറി കൂടിയവൾ അവളായിരുന്നു..

നാൻസി..ഇടവകയിലെ കപ്യാർ വർക്കിച്ചന്റെ  മകൾ..

ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമോ സമ്പത്തോ  ഒന്നുമില്ലാത്ത, ആരുടേയും മുഖത്ത് പോലും നോക്കാതെ എപ്പോഴും മുഖം കുനിച്ചു നടക്കുന്നവൾ..

നാൻസി എങ്ങിനെ അവന്റെ മനസ്സിൽ കയറിക്കൂടി എന്ന് ചോദിച്ചാൽ അവനും അറിയില്ലായിരുന്നു..പക്ഷെ അത്‌ പെട്ടെന്നൊരു ദിനം കൊണ്ടുണ്ടായതല്ലായിരുന്നു..സ്കൂളിൽ പഠിക്കുമ്പോൾ എപ്പോഴോ തോന്നിയ ഒരിഷ്ടം..

തുറന്നു പറഞ്ഞു നാൻസിയുടെ പുറകെ നടന്നിട്ടും അവൾ തിരിച്ചൊന്നും പറയുകയോ അവനെ നോക്കുകയോ ചെയ്തില്ല..

പോവുന്നിടത്തെല്ലാം എത്തുകയും വഴി തടയലും..ഒരിക്കൽ മാത്രം നാൻസി അവനോട് പറഞ്ഞു..

“ഇച്ചായൻ ഇനി ന്റെ പുറകെ നടക്കരുത്…നിക്ക് അങ്ങനെ ഒരിഷ്ടമില്ല…ആരോടും…മഠത്തിൽ ചേരാൻ പോവാണ്  ഞാൻ.. “

ജെയിംസ് ചിരിയോടെ നെഞ്ചിൽ കൈകൾ പിണച്ചു വെച്ചു അവളെ തന്നെ നോക്കി നിന്നു..പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

“അത്‌ കൊച്ച് മാത്രം തീരുമാനിച്ചാൽ  പോരല്ലോ..ഇച്ചായൻ കൂടെ സമ്മതിക്കണ്ടേ..”

നാൻസി അവനെ മിഴിച്ചു നോക്കി..

“മാറി നിക്ക്..എനിക്ക് പോണം.. “

“മാറാം..അതിന് മുൻപേ കൊച്ച് എനിക്ക് പറയാനുള്ളത് കേട്ടിട്ട് പോ…ഈ ജെയിംസ് ഇന്നോ ഇന്നലെയോ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിതല്ല നിന്നെ..എന്റെ പെണ്ണാണ് നീ..ഞാൻ വരും, നിന്റെ അപ്പനോട് നിന്നെ എനിക്ക് തരണമെന്ന് പറയാൻ..കൊച്ച് കാത്തിരുന്നോ.. “

നാൻസി അവനെ തറച്ചു നോക്കി..ജയിംസിന്റെ മുഖത്ത് ഒരു ഭാവ്യത്യാസവും ഉണ്ടായില്ല. കണ്ണുകളിൽ കള്ളച്ചിരിയുമായി അതേ നിൽപ്പ് തന്നെ..

പുറകിൽ നിന്നും ബൈക്കിന്റെ ശബ്ദം കേട്ട് നാൻസി വെപ്രാളത്തോടെ ജെയിംസിനെ നോക്കി..

“വഴി തടയലോ..എന്തോന്നെടെ…? “

ജെയിംസ് ഒരു ചമ്മിയ ചിരിയോടെ ബൈക്കിൽ ഉള്ളവരെ നോക്കിയതും നാൻസി അവന്റെ സൈഡിലൂടെ ധൃതിയിൽ നടന്നു പോയി..

“എന്തുവാടേ..ഇതിന് ഇനിയും ഒരു തീരുമാനം ആയില്ലേ.. “

“ഒരു തീരുമാനം ആക്കാൻ തുടങ്ങിയപ്പഴത്തേക്കും എല്ലാം നശിപ്പിച്ചേച്ചും ഇളിക്കാതെടാ.. “

ജെയിംസ് ബൈക്കിൽ ഇരുന്ന ബെന്നിച്ചന്റെ മുതുകിൽ ഇടിച്ചു..

“ഒന്ന് പയ്യെ ഇടിക്കെടാ.. “

ബെന്നി മുതുക് ഉഴിയുന്നത് കണ്ടു മുത്തു ചിരിച്ചു.

ജെയിംസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണു ബെന്നിച്ചൻ..സ്കൂളിൽ പോവാൻ തുടങ്ങിയത്  മുതൽ അവർ ഒരുമിച്ചാണ് എന്തിനും ഏതിനും..കട്ട ചങ്ക്സ്…

മുത്തുവിന്റെ അച്ഛൻ രാഘവൻ ഇല്ലിക്കൽകാരുടെ കാര്യസ്ഥനാണ്..കുഞ്ഞുന്നാള് മുതലേ മുത്തുവിന്റെ റോൾ മോഡലും ഹീറോയുമൊക്കെ ജെയിംസ് ആണ്..ജെയിംസിനും കൂടപ്പിറപ്പിനെ പോലെ തന്നെയായിരുന്നു മുത്തുവും..

പ്രായവ്യത്യാസം ഉണ്ടെങ്കിലും ബോബനും മോളിയിലെയും പട്ടിയെ പോലെ ജെയിംസിന്റെയും ബെന്നിച്ചന്റെയും എല്ലാ ഫ്രെയിമുകളിലും മുത്തുവും ഉണ്ടാകും…

ജയിംസിന്റെ നാൻസിയോടുള്ള പ്രണയവും അവളുടെ പിറകെയുള്ള നടപ്പും നാട്ടിലെ പരസ്യമായ രഹസ്യമാണ്..അത്‌ ഇല്ലിക്കൽ ആന്റണിയുടെ ചെവികളിൽ എത്തിയാൽ…

കുറച്ചു കഴിഞ്ഞു ജെയിംസിന്റെ റോയൽ എൻഫീൽഡ് ഇല്ലിക്കലെ വിശാലമായ മതിൽക്കെട്ടിനുള്ളിലേക്ക് കടക്കുമ്പോൾ മുറ്റത്തു പുതിയൊരു കാർ കിടക്കുന്നുണ്ടായിരുന്നു..

ബുള്ളറ്റിൽ നിന്നും ഇറങ്ങാതെ തിരിച്ചു പോയാലോ എന്നവൻ ആലോചിക്കുമ്പോഴേയ്ക്കും സണ്ണിച്ചായൻ പൂമുഖത്തേക്ക് വന്നിരുന്നു.

“ദേ അപ്പാ..അവൻ വന്നിട്ടുണ്ട്.. “

സണ്ണി അകത്തേക്ക് നോക്കി വിളിച്ചു പറയുന്നത് കേട്ടപ്പോൾ മനസ്സില്ലാമനസ്സോടെ ജെയിംസ് താഴെയിറങ്ങി..

കോലായിലേക്ക് കയറുന്നതിനു മുൻപേ കണ്ടു ചായം തേച്ച ചുണ്ടുകളിൽ പ്രണയം തുളുമ്പുന്ന പുഞ്ചിരിയുമായി ട്രീസ..

ഇല്ലിക്കൽ ആന്റണിയുടെ ഉറ്റ സുഹൃത്ത് ഡേവിഡിന്റെ മകൾ..ബാംഗ്ലൂരിലെ പഠനമൊക്കെ കഴിഞ്ഞു വന്നപ്പോൾ പണ്ടേ ജെയിംസിനോട് ഉണ്ടായിരുന്ന പ്രേമമൊക്കെ പൊടി തട്ടി എടുത്തു വന്നതാണവൾ..ഒരുപാട് തവണ നേരിട്ടും അല്ലാതെയും ജെയിംസ് തനിക്ക് ഒരു താല്പര്യവുമില്ലെന്ന് അറിയിച്ചിട്ടും തെല്ലും ചാഞ്ചല്യമില്ലാതെ ജയിംസിന്റെ പുറകെ തന്നെ ആണവൾ..പൂത്ത പണം അവളുടെ അപ്പന്റെ കൈവശം ഉള്ളത് കൊണ്ടു ജയിംസിന്റെ അമ്മച്ചിയായ മേരിയും ഇളയ സഹോദരി ആനിയും ഒഴികെ മറ്റെല്ലാവരും ഈ ബന്ധത്തിന് സപ്പോർട്ടാണ്…

തന്നോട് കൊഞ്ചാൻ വന്ന ട്രീസയെ ശ്രെദ്ധിക്കുക പോലും ചെയ്യാതെ ജെയിംസ് അകത്തേക്ക് നടന്നു.

അകത്തെ ഹാളിലെ സോഫയിൽ ആന്റണിയ്ക്ക് എതിർവശത്തായി ഇരിക്കുന്ന ഡേവിഡിനെയും ഭാര്യ ബീനയെയും മകൻ സാബുവിനെയും ജെയിംസ് കണ്ടു.

“ആഹാ..ജയ് മോൻ എത്തിയല്ലോ..?”

ബീനയുടെ മധുരം പുരട്ടിയ വാക്കുകൾ കേട്ടതേ എന്തോ കുരുക്കുണ്ടെന്ന് ജെയിംസ് ഉറപ്പിച്ചു.

അവരോട് ഒന്ന് ചിരിച്ചു കാണിച്ചു അവൻ പതിയെ അടുക്കളഭാഗത്തേക്ക് നടന്നു. അവിടെ വന്നവർക്കുള്ള ചായയും പലഹാരങ്ങളും എടുത്തു വെക്കാൻ ജോലിക്കാരിയെ സഹായിക്കുകയായിരുന്നു അമ്മച്ചിയും ആനിയും..അവന്റെ മനസ്സിൽ സംശയങ്ങൾ ഉണർന്നു…

“എന്നതാടി അവടെ ഒരു ഗൂഢാലോചന..? “

ആനി അവനെ ഒന്ന് നോക്കി..

“ജയ് ചാച്ചന്റെ കെട്ടു ഉറപ്പിക്കുവാണ് അപ്പനവിടെ..ട്രീസാ മോളുമായി.. “

അവളെ ഒന്ന് നോക്കിയിട്ട് ധൃതിയിൽ പുറത്തേക്ക് നടക്കാൻ തുനിഞ്ഞ ജെയിംസിനെ മേരി പുറകിൽ നിന്നും പിടിച്ചു..

“അമ്മച്ചീടെ പൊന്നു മോനല്ലേ..ഇപ്പൊ പോണ്ട…അമ്മച്ചി പറഞ്ഞോളാം അപ്പനോട് “

അവരുടെ കൈ തട്ടി മാറ്റുന്നതിനിടെ ജെയിംസ് പറഞ്ഞു.

“അമ്മച്ചിയ്ക്ക് എല്ലാം അറിയത്തില്ലേ…ഈ ജയിംസിന്റെ ജീവിതത്തിൽ ഒറ്റ പെണ്ണെയുള്ളൂ..നാൻസി..പിന്നെ എന്നാത്തിനാ ഈ നാടകം?”

“അപ്പന്റെ സ്വഭാവം നെനക്കറിയത്തില്ലേ..അമ്മച്ചിയെ ഓർത്ത് ഇപ്പോ നീ ഒന്നും പറഞ്ഞേക്കരുത്.. “

മേരിയെ ദേഷ്യത്തോടെ ഒന്നു നോക്കി ജെയിംസ് അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു. ജെയിംസ് ആരെയും നോക്കാതെ ഗോവണിപ്പടികൾ കയറിപ്പോയി

ഏറെ സമയം കഴിഞ്ഞു കാർ പോവുന്ന ശബ്ദം കേട്ടു..ജെയിംസ് പതിയെ വണ്ടിയുടെ താക്കോലുമെടുത്ത് പുറത്തേക്ക് നടന്നു..പൂമുഖവാതിൽ എത്തിയപ്പോഴാണ് പുറകിൽ നിന്നും കേട്ടത്..

“എങ്ങോട്ടാ..? “

അപ്പൻ..

“അത്‌..ഞാനൊന്ന് പുറത്തേക്ക്.. “

“ഹാ പിന്നെ..നിന്റെ കെട്ടു ഞാനങ്ങു ഉറപ്പിച്ചു. വരുന്ന മാസം പതിനാറാം തിയ്യതി..പെണ്ണാരെന്നു പ്രത്യേകിച്ചു പറേണ്ടല്ലോ..ട്രീസ മോളു തന്നെ.. “

“അപ്പൻ ആരോടു ചോദിച്ചിട്ടാ എന്റെ കെട്ട് ഉറപ്പിച്ചേക്കണത്…? “

“എടാ ജയിച്ചാ, അപ്പനെ ചോദ്യം ചെയ്യാൻ മാത്രം വളർന്നോ നീയ്യ് .. “

ആന്റോച്ചായാനാണ്..

“അവൻ ചോദിക്കട്ടടാ..ഇത്രേം വളർത്തി വലുതാക്കിതല്ലേ..തിന്നിട്ട് എല്ലിടയിൽ കുത്തുന്ന് ണ്ടാവും.. “

“ഞാൻ അപ്പനോടും ഇച്ചായന്മാരോടും പറഞ്ഞല്ലേ, എനിക്ക് ട്രീസയുമായുള്ള കല്യാണത്തിനു സമ്മതല്ലെന്ന്..അവള് ബാംഗ്ലൂരിൽ കാണിച്ച് കൂട്ടിയതെല്ലാം നിങ്ങക്കും അറിയാവണതല്ലേ.. “

“അതിനിപ്പോ എന്നാടാ..ആ കൊച്ചെന്തോ കുസൃതി കാണിച്ചൂന്ന് വെച്ചിട്ട്..അവൾക്ക് നീയെന്നു വെച്ചാൽ ജീവനാ… “

ജെയിംസ് സണ്ണിച്ഛന്റെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കി.

“ഡ്ര-ഗ്സുമടിച്ചു കണ്ണിൽ കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടി നടന്നതാണോ ഇച്ചായാ കുസൃതി..എനിക്കറിയാം ഡേവിഡ് അങ്കിളിന്റെ കാശ് കണ്ടിട്ടാണ് നിങ്ങക്കൊക്കെ ഈ ഇളക്കം.. “

“അതേടാ കാശ് കണ്ടിട്ട് തന്ന്യാ…ഒന്നും രണ്ടുമല്ല കോടികളുടെ അവകാശിയാ ആ കൊച്ച്..അതെല്ലാം നെനക്കുള്ളതാ “

“എനിക്ക് ആ കോടികൾ വേണ്ടങ്കിലോ “

“ദേ കൊച്ചനെ..കൊറേ നേരമായി ഞാൻ കേട്ട് നിക്കുന്നു..നിന്റെ ഉള്ളിരിപ്പ് എന്നതാന്നൊക്കെ എനിക്കറിയാം..ആ പരിപ്പ് ഇല്ലിക്കലെ അടുക്കളയിൽ വേവത്തില്ല..”

ജെയിംസ് അപ്പനെ ഒന്ന് നോക്കി ചവിട്ടി തുള്ളി പുറത്തേക്ക് നടന്നു. ആ പോക്ക് നോക്കി ഒന്നിരുത്തി മൂളിയിട്ട് ആന്റണി മറ്റു മക്കളെ നോക്കി..

രാത്രി ഏറെ വൈകിയാണ് ജെയിംസ് തിരികെ എത്തിയത്. ആനിയാണ് വാതിൽ തുറന്നത്.

“ജയ് ചാച്ചാ അപ്പനും ഇച്ചായന്മാരും രണ്ടും കല്പിച്ചാ..ഇച്ചായനു വേണ്ടി സംസാരിച്ചതിന് എല്ലാരും അമ്മച്ചിയോടു വഴക്കിട്ടു..നാൻസി ചേച്ചി… “

ഒരു നിമിഷം ഒന്നും മിണ്ടിയില്ലെങ്കിലും പതിയെ തിരിഞ്ഞു അവളെ നോക്കി ഒരു ചിരിയോടെ ജെയിംസ് പറഞ്ഞു.

“കൊച്ചിന് ഒരു പേടിയും വേണ്ടാ..നിന്റെ ഏടത്തിയമ്മ നാൻസി തന്നാരിക്കും.. “

“ന്നാലും എനിക്ക് പേടിയാവുന്നു ചാച്ചാ..ജെയിംസ് ആനിയെ ചേർത്ത് പിടിച്ചു.

“എന്റെ ആനിക്കൊച്ച് വേണ്ടാത്ത കാര്യങ്ങളൊന്നും ആലോചിച്ചു ടെൻഷനടിക്കാതെ പോയി കിടന്നുറങ്ങിയേ..എന്നതായാലും നിന്റെ ഏടത്തിയമ്മയായി ആ ട്രീസ പി ശാശിനെ ഇങ്ങോട്ട് കെട്ടിയെടുക്കത്തില്ല “

ആനി ചിരിച്ചെങ്കിലും അവളുടെ കണ്ണുകളിൽ പേടിയുണ്ടായിരുന്നു..

പിറ്റേന്ന് രാവിലെ അപ്പൻ പറഞ്ഞതനുസരിച്ച് എസ്റ്റേറ്റ്ലേക്ക് പോവുന്നതിനിടെ ജംഗ്ഷൻ കഴിഞ്ഞു ഇത്തിരി മുൻപോട്ട് എത്തിയപ്പോഴാണ് കപ്യാര് വർക്കിച്ചേട്ടൻ ജീപ്പിന് കൈ കാണിച്ചത്..സൈഡിലേക്ക് നിർത്തി പുറത്തേക്കിറങ്ങിയതും അയാൾ ജെയിംസ്ന്റെ കൈകളിൽ പിടിച്ചു.

“കുഞ്ഞെ..നിങ്ങളൊക്കെ വല്യ ആൾക്കാരാ..ഒരുപാട് തീ തിന്നാണ് മൂന്നിൽ രണ്ടെണ്ണത്തിനെ കെട്ടിച്ചയച്ചത്. എന്റെ പെടാപാട് കണ്ടിട്ടാണ് എന്റെ നാൻസിക്കൊച്ച് മഠത്തിൽ പോവാന്ന് പറേന്നത്..മോനിനി അവളുടെ പിന്നാലെ നടക്കരുത്..ഞങ്ങൾ ജീവിച്ചു പൊക്കോട്ടേ…”

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ജെയിംസ് വിളിച്ചു.

“വർക്കിച്ചേട്ടൻ ഒന്ന് നിന്നെ “

അയാൾ തിരിഞ്ഞു നോക്കി..ആ മുഖത്തെ ആശങ്ക ജെയിംസിന് കാണാമായിരുന്നു..

“ഞാൻ നാൻസിയെ സ്നേഹിച്ചത് മിന്നു കെട്ടി കൂടെ കൂട്ടാനാ..ആരെതിർത്താലും എനിക്ക് അതൊരു പ്രശ്നല്ല..കണ്ണു നിറയ്ക്കാതെ നോക്കിക്കോളാം ഞാൻ..തരത്തില്ലെന്ന് മാത്രം പറഞ്ഞേക്കരുത്.. “

അയാളുടെ കൈയിൽ പിടിച്ചുകൊണ്ടു തന്നെയാണ് ജെയിംസ് പറഞ്ഞത്. അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി,  ഒന്നും പറയാതെ അയാൾ തിരികെ നടന്നു..

“ഞാൻ വരും..അവളെ കൂടെ കൊണ്ടു പോവാൻ..ഒരു മഠത്തിലേക്കും ഞാൻ വിടത്തില്ല.. “

ജെയിംസ് വിളിച്ചു പറഞ്ഞു. വർക്കിച്ചൻ തിരിഞ്ഞു നോക്കിയില്ല..

പിറ്റേന്ന് പുലർച്ചെ ബെന്നിച്ചന്റെ ഫോൺ വന്നപ്പോൾ ജെയിംസ് വിറങ്ങലിച്ചു നിന്നു…

അവൻ എത്തുമ്പോഴേക്കും പള്ളിയിൽ കപ്യാര് വർക്കിച്ചന്റെ അടക്ക് കഴിഞ്ഞിരുന്നു..വീട്ടിൽ ചേച്ചിമാർക്കിടയിൽ കരഞ്ഞു തളർന്നു പ്രതിമ പോലെ ഇരിക്കുന്ന നാൻസിയെ അവൻ കണ്ടു. അവളുടെ നെറ്റിയിലെ ബാൻഡേജും..

“അവന്മാര് രണ്ടു മൂന്ന് പേരുണ്ടായിരുന്നു. നാൻസിയെ പിടിച്ചു കൊണ്ടു പോവുന്നത് തടഞ്ഞപ്പോഴാണ് വർക്കിച്ചേട്ടന്റെ തലയ്ക്കു അടിച്ചത്..നിലവിളി കേട്ട് എല്ലാവരും ഓടിക്കൂടുമ്പോൾ അവര് നാൻസിയെ വണ്ടിയിലേക്ക് പിടിച്ചു കേറ്റാൻ നോക്കുകയായിരുന്നു..ആള് കൂടിയപ്പോൾ അവന്മാര് വണ്ടിയേൽ കേറി രക്ഷപ്പെട്ടു.. “

ബെന്നി ചെവിയിൽ പറഞ്ഞത് കേട്ടപ്പോൾ ജയിംസിന്റെ മുഖം മുറുകി..

മൂന്ന് ദിവസം കഴിഞ്ഞു ജെയിംസ് ഇല്ലിക്കൽ തറവാടിന്റെ മുറ്റത്തു കാല് കുത്തിയപ്പോൾ അവന്റെ ഇടം കൈയിൽ നാൻസിയുടെ വലം കൈ ഉണ്ടായിരുന്നു..

“നിക്കെടാ അവിടെ..ആരോടു ചോദിച്ചിട്ടാ നീയിവളെയും കൊണ്ടു ഇവിടെ കാല് കുത്തിയത്..ഇവളെയും കൊണ്ടു ഈ കുടുംബത്തു കയറി പൊറുക്കാമെന്ന് എന്റെ മോൻ മോഹിച്ചിട്ടുണ്ടേൽ അതങ്ങ് മാറ്റി വെച്ചേരെ..നടക്കത്തില്ല.. “

പൂമുഖത്ത് നിന്ന് ഉറഞ്ഞു തുള്ളുന്ന ആന്റണിയ്ക്ക് മുൻപിൽ അവളുടെ കൈയും പിടിച്ചു നിവർന്നു നിന്നു കൊണ്ടു ജെയിംസ് പറഞ്ഞു.

“ഇല്ലിക്കൽ ആന്റണിയുടെ മുൻപിൽ കെട്ടിയ പെണ്ണിനേയും കൊണ്ടു ഇരക്കാൻ വന്നതല്ല ജെയിംസ്..ഇറങ്ങിയേക്കുവാ ഈ നിമിഷം..നിങ്ങളുടെതായ ഒന്നും ഞാനെടുക്കുന്നില്ല.. “

വണ്ടിയുടെ താക്കോൽ കോലായിലേക്ക് ഇട്ടു നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന അമ്മച്ചിയേയും ആനിയെയും ഒന്ന് നോക്കി ജെയിംസ് ഇല്ലിക്കൽ തറവാട്ടിൽ നിന്നും ഇറങ്ങി…

ബെന്നിച്ചന്റെ വീട്ടിലായിരുന്നു അവർ. ബെന്നിച്ചന് ഒരു ചേച്ചിയും അമ്മച്ചിയും മാത്രമേ ഉള്ളൂ. ചേച്ചിയെ കെട്ടിച്ചയച്ചതാണ്..

“നീ വിഷമിക്കണ്ടടാ…നമ്മളന്ന് പറഞ്ഞപോലെ ആ ദാസേട്ടന്റെ വീട് ഞാൻ ശരിയാക്കീണ്ട്..അവിടയാവുമ്പോ അത്യാവശ്യം സാധനങ്ങളുണ്ട്..എല്ലാം ശരിയാകും..ഒരു ജോലി ശരിയാകണ വരെ പിടിച്ചു നിക്കാൻ അത്യാവശ്യം കുറച്ചു കാശ് നിന്റേൽ ഇല്ലേ…പിന്നെ ഞങ്ങളെല്ലാരുല്ലേ..”

“അതൊന്നും പ്രശ്നല്ലെടാ..എന്നാ ജോലി ചെയ്തിട്ടാണേലും അവളെ പട്ടിണിക്കിടാതെ പോറ്റാൻ കഴിയുമെന്ന ചങ്കൂറ്റം എനിക്കുണ്ട്..എന്നാലും അപ്പനും ഇച്ചായന്മാരും.. “

“പോട്ടെടാ..ഇനി പറഞ്ഞിട്ടെന്നാ.. “

“ബെന്നിച്ചൻ പറഞ്ഞതാ ഇച്ചായാ ശരി..ഇനി ഇച്ചായൻ നാൻസി ചേച്ചിയുടെ കാര്യം മാത്രം ഓർത്താൽ മതി..ഞങ്ങളൊക്കെ ഇല്ലേ
കൂടെ  “

മുത്തു പറഞ്ഞത് കേട്ട് ജെയിംസ് അവനെ നോക്കി..അവന്റെ മിഴികളിലെവിടെയോ നനവൂറിയിരുന്നു..

ജെയിംസ് മുറിയിലേക്ക് ചെന്നപ്പോൾ കട്ടിലിൽ ഒരു കോണിൽ നിലത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു നാൻസി..

“എന്നതാ പെണ്ണെ ഇത്രേം വല്യ ആലോചന..ഇനിയും മഠത്തിൽ പോണെന്നു തോന്നുന്നുണ്ടോ നിനക്ക്..?”

അവളുടെ അടുത്തിരുന്നു ചുമലു കൊണ്ടൊന്നു തട്ടിയിട്ട് ജെയിംസ് ചോദിച്ചു.

അന്ന് ജെയിംസ് കയറി ചെല്ലുമ്പോൾ ചേച്ചിമാരുടെ കുറ്റപ്പെടുത്തലുകൾക്കിടയിലായിരുന്നു നാൻസി. ആര് കൂടെ കൊണ്ടു പോവും എന്ന വാഗ്വാദത്തിനിടെ അപ്പൻ മരിക്കാൻ കാരണം അവളാണെന്ന മട്ടിൽ സംസാരം എത്തിയപ്പോഴാണ് ജെയിംസ് കരയാൻ പോലും മറന്നു നിൽക്കുന്ന നാൻസിയുടെ കൈ പിടിച്ചത്. ഒരക്ഷരം മിണ്ടാതെ പാവയെ പോലെ അവന്റെ പിറകെ നടന്നു അവൾ..

ഇത് വരെ ഒന്നും സംസാരിച്ചിട്ടില്ല..

“എന്നോട് ഇപ്പഴും വെറുപ്പാണോ കൊച്ചെ..? “

പൊട്ടിക്കരച്ചിലോടെ,ഒട്ടും പ്രതീക്ഷിക്കാതെ അവൾ ജെയിംസിനെ കെട്ടിപ്പിടിച്ചു..നാൻസിയെ തന്നോട് ചേർത്ത് പിടിക്കുമ്പോൾ പണ്ട് അമ്മച്ചി പറഞ്ഞു തന്ന കഥയിലെ  യുദ്ധം ജയിച്ചു രാജകുമാരിയെ സ്വന്തമാക്കിയ യോദ്ധാവിനെ ഓർമ്മ വന്നു അവന്…

“കരയരുത്..ഒരു പാട് വല്യ വാഗ്ദാനങ്ങൾ ഒന്നും തരത്തില്ല..പക്ഷേങ്കി സന്തോഷങ്ങളിലും സങ്കടങ്ങളിലുമെല്ലാം കൂടെണ്ടാവും..ഒരിക്കലും ഇട്ടേച്ച് പോവത്തില്ല.. “

ജെയിംസ് അവളുടെ മുടിയിൽ പതിയെ തലോടിക്കൊണ്ടു പറഞ്ഞു..

പിറ്റേന്ന് തന്നെ ജെയിംസും നാൻസിയും ബെന്നിയുടെ വീടിന് കുറച്ചപ്പുറത്തുള്ള സഖാവ് ദാസൻ മാഷിന്റെ പഴയ വീട്ടിലേക്ക് മാറി..മാഷ് ടൗണിൽ വീട് വെച്ചതിനു ശേഷം നാട്ടിലെ വീട് അടച്ചിട്ടതായിരുന്നു..

അത്യാവശ്യം ഫർണ്ണീച്ചറും മറ്റു സാധനങ്ങളുമൊക്കെ അവിടെ ഉണ്ടായിരുന്നു. എല്ലാം അടുക്കിപെറുക്കി വെച്ചു കഴിഞ്ഞു കോലായിൽ സംസാരിച്ചു കൊണ്ടിരുന്ന ജെയിംസിനും കൂട്ടുകാർക്കും ചായയുമായി എത്തി നാൻസി..ജയിംസിന്റെ കൈയിൽ ഗ്ലാസ്സ് കൊടുക്കുമ്പോൾ അവൻ പതിയെ അവളുടെ വിരലുകളിൽ ഒന്ന് പിടിച്ചു..ഞെട്ടലോടെ കൈകൾ പിൻവലിച്ച അവളുടെ മുഖത്തേക്ക് നോക്കി അവനൊന്നു കണ്ണിറുക്കി..

കള്ളച്ചിരിയോടെ ചുറ്റും കണ്ണയച്ച ജയിംസിന്റെ നോട്ടം എത്തിയത് ഒരാക്കിച്ചിരിയോടെ അവനെ നോക്കുന്ന ബെന്നിച്ചനിലാണ്. ശബ്ദമില്ലാതെ പോടാ എന്ന് ജെയിംസ് ചുണ്ടനക്കിയതും ബെന്നിച്ചൻ പൊട്ടിച്ചിരിച്ചു..നാൻസി മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു..

രാത്രിഭക്ഷണവും കൂടെ കഴിഞ്ഞാണ് എല്ലാരും പോയത്.

അടുക്കളയിലെ ജോലിയൊക്കെ ഒതുക്കി നാൻസി റൂമിലേക്ക് ചെന്നപ്പോൾ ജെയിംസ് അവിടെ ഉണ്ടായിരുന്നു. അവൾ വാതിൽക്കൽ നിന്ന് പരുങ്ങുന്നത് കണ്ടതും ജെയിംസ് നാൻസിയ്ക്കരികിലെത്തി..

“ഇന്നലെ കൊച്ചിനിത്രേം പേടി ഇല്ലാരുന്നല്ലോ.. “

ജയിംസിന്റെ കുസൃതി നിറഞ്ഞ ചോദ്യം കേട്ടിട്ടും നാൻസി മുഖം താഴ്ത്തി നിന്നതേയുള്ളൂ. അവൻ ഒന്നും കൂടെ അടുത്തേയ്ക്ക് നിന്നതും നാൻസി ചുമരിലേക്ക് ചാരി നിന്നു. അവൻ ചുമലിൽ പിടിച്ചു തന്നോട് ചേർത്തതും ഒരു കിളിക്കുഞ്ഞിനെ പോലെ നാൻസി അവന്റെ നെഞ്ചിൽ മുഖം ചേർത്തു നിന്നു..

വലിയ ബഹളങ്ങളോ സ്നേഹപ്രകടനങ്ങളോ ഇല്ലാത്ത..ഇത്തിരി ഉൾവലിഞ്ഞ പ്രകൃതമുള്ള ഒരു ഒതുങ്ങിയ പെണ്ണായിരുന്നു നാൻസി..പെട്ടെന്ന് ദേഷ്യം വരുന്ന, വാശി പിടിക്കുന്ന, ഇത്തിരി സ്വാർത്ഥത കലർന്ന സ്നേഹമുള്ള ജയിംസിന്റെ സ്വഭാവത്തിന് നേരേ വിപരീതമായിരുന്നു നാൻസിയുടെ സ്വഭാവം..

പുറമെ നിന്ന് നോക്കുന്ന ആർക്കും അവർ തമ്മിൽ രൂപത്തിലോ സ്വഭാവത്തിലോ ഒരു ചേർച്ചയും ഇല്ലെന്നേ തോന്നുകയുള്ളൂ..പക്ഷെ ആ ജീവിതം സ്വർഗം തുല്യമായിരുന്നു..

പക്ഷെ ഇല്ലിക്കൽ ആന്റണിയും മക്കളും ജെയിംസിനെ പൂർണ്ണമായും മനസ്സിൽ നിന്നും ഇറക്കി വിട്ടു കഴിഞ്ഞിരുന്നു..വഴിയിൽ വെച്ചു കണ്ടാൽ പോലും അപ്പനോ ഇച്ചായന്മാരോ അവന്റെ മുഖത്ത് പോലും നോക്കാൻ കൂട്ടാക്കിയിരുന്നില്ല..

പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും അവന്റെ ഉള്ളിൽ അതൊരു നീറ്റലായി ഉണ്ടായിരുന്നു. ഒരിക്കൽ പോലും അതിനെ പറ്റി സംസാരിച്ചില്ലെങ്കിലും നാൻസിയ്ക്ക് അവന്റെ മനസ്സറിയാൻ കഴിഞ്ഞിരുന്നു..

പള്ളിയിൽ വെച്ചു കാണുമ്പോൾ അമ്മച്ചിയും ആനിയും മാത്രം ആരും കാണാതെ ഒരു പുഞ്ചിരി നാൻസിയ്ക്ക് നൽകുമായിരുന്നു..ഒരിക്കൽ വഴിയിൽ വെച്ചു ആനിയെ കണ്ടപ്പോൾ അവളാണ് പറഞ്ഞത് ഇല്ലിക്കലെ സ്വത്ത് ഭാഗം വെക്കുന്ന കാര്യം..അമ്മച്ചി കരഞ്ഞു കാല് പിടിച്ചിട്ടും ഒരു ചില്ലിക്കാശ് പോലും ജെയിംസിന് നൽകില്ല എന്ന തീരുമാനത്തിൽ ആന്റണി ഉറച്ചു നിന്നത്രേ..

ട്രീസ്സയുടെയും കുടുംബത്തിന്റെയും ഭാഗത്തു നിന്ന് ഒരു പ്രതികാരനടപടികളും ഉണ്ടാവാതിരുന്നത് ജെയിംസിന് അത്ഭുതമായിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോഴേക്കും അതിനും വിരാമമായി..

ബെന്നിച്ചൻ ആരുടെയോ കൈയും കാലും പിടിച്ചു ജെയിംസിന് ശരിയാക്കി കൊടുത്ത ഫാക്ടറിയിലെ സൂപ്പർ വൈസറുടെ ജോലി ആയിരുന്നു ആദ്യം പോയത്..പിന്നെ പിന്നെ ജെയിംസ് എവിടെ ജോലിയ്ക്ക് കയറിയാലും അവിടെ നിന്നൊക്കെ പറഞ്ഞു വിടാൻ തുടങ്ങി..

തോൽവി സമ്മതിക്കാതെ അവൻ കൂലിപ്പണിയ്ക്കിറങ്ങി..അവൻ ഒന്നും പറഞ്ഞില്ലെങ്കിലും താൻ കാരണം ആണ് ഇതൊക്കെ എന്ന സങ്കടം നാൻസിയെ അലട്ടിയിരുന്നു …

ഒരു ദിനം പണി കഴിഞ്ഞു തിരിച്ചെത്തിയ ജയിംസിന്റെ ചെവിയിൽ അവൾക്കൊരു രഹസ്യം പറയാനുണ്ടായിരുന്നു..ഒരു കുരുന്നു ജീവൻ തന്റെ ഉദരത്തിൽ നാമ്പെടുത്തെന്ന് ജെയിംസിനോട് വെളിപ്പെടുത്തുമ്പോൾ അവളുടെ മുഖം ചുവന്നിരുന്നു..

ഒരു ദിവസം ജോലിക്കിടെയാണ് ജയിംസിന്റെ ഫോൺ ശബ്ദിച്ചത്. ജോസുകുട്ടിയായിരുന്നു. ജയിംസിന്റെയും ബെന്നിച്ചന്റെയും കൂടെ പഠിച്ചതാണ് ജോസ് കുട്ടി..ആളിപ്പോൾ കുവൈറ്റിലെ ഏതോ വലിയ കമ്പനിയിലാണ് ജോലി ചെയ്യുന്നത്..ബെന്നിച്ചൻ വിളിച്ചു സംസാരിച്ചതനുസരിച്ച് ജയിംസിന്റെ ജോലിക്കാര്യം പറയാനായിരുന്നു ജോസുകുട്ടി വിളിച്ചത്..

നാൻസിയുടെ ഈ അവസ്ഥയിൽ അവളെ തനിച്ചാക്കി പോവാൻ പറ്റില്ലെന്ന നിലപാടിൽ ജെയിംസ് ഉറച്ചു നിന്നെങ്കിലും നല്ല ജോലിയാണെന്നും ആറു മാസം കഴിഞ്ഞാൽ ചിലപ്പോൾ നാൻസിയെ കൂടെ കൊണ്ടു പോവാൻ സാധിക്കുമെന്നുമൊക്കെ ബെന്നിച്ചൻ കൂടെ പറഞ്ഞപ്പോൾ  നാൻസിയും അവനെ നിർബന്ധിച്ചു..

“എന്നാലും എങ്ങനാ കൊച്ചേ നിന്നെ തനിച്ചാക്കി പോവുന്നേ…അതും നിനക്ക് മേലാത്ത ഈ അവസ്ഥേൽ.. “

അവനോട് ചേർന്നു കിടന്നു ആ കൈ എടുത്തു അടിവ യറ്റിലേക്ക് ചേർത്തു വെച്ചു കൊണ്ടു നാൻസി പറഞ്ഞു.

“അതിന് ഞാൻ ഒറ്റയ്ക്കാണെന്ന് ആരാ പറഞ്ഞേ..ഇതേ ഇവിടെയൊരാളില്ലെ എനിക്ക് കൂട്ടിന്.. “

ജയിംസിന്റെ മുഖം തെളിഞ്ഞില്ല..അവന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു നാൻസി പറഞ്ഞു.

“ഇച്ചായൻ പോണം..ഞങ്ങക്ക് വേണ്ടി..ആരുടെ മുന്നിലും ന്റെ ഇച്ചായൻ തോറ്റു പോവുന്നത് എനിക്ക് സഹിക്കത്തില്ല. എനിക്കും നമ്മടെ കൊച്ചിനും ഒരു കുഴപ്പവുമുണ്ടാവത്തില്ല..ഇവിടെ എനിക്കൊരു സഹായത്തിനു ബെന്നിച്ചനും അമ്മച്ചിയും മുത്തുവുമെല്ലാം ഇണ്ടല്ലോ.. “

നാൻസിയുടെയും ബെന്നിയുടേയുമെല്ലാം സമ്മർദ്ദത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെ  ജെയിംസ് പോവാൻ തയ്യാറായി..

നാൻസിയുടെ വീർത്തു വരുന്ന വയറ്റിൽ ചുംബിച്ചു യാത്ര പറയുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അവളെ ചേർത്തു പിടിച്ച ബെന്നിയുടെ അമ്മച്ചിയെ നോക്കിയപ്പോൾ അവർ അവനെ ആശ്വസിപ്പിച്ച് യാത്രയയച്ചു..

രണ്ടുമൂന്നു മാസങ്ങൾ കടന്നു പോയി..ജെയിംസ് പറ്റുമ്പോഴൊക്കെ വിളിക്കും…

കഷ്ടകാലമെന്നോ പറയേണ്ടത് ജെയിംസ് അങ്ങോട്ട് യാത്രയായ സമയം നല്ലതായിരുന്നില്ല…ഒരു ദിവസം രാവിലെയാണ് അവിടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടെന്ന വാർത്ത നാൻസി അറിയുന്നത്…ജെയിംസ് വിളിച്ചു അവനവിടെ സുരക്ഷിതനാണെന്ന് അറിയിക്കുന്നത് വരെ നാൻസി ഊണും ഉറക്കവുമില്ലാതെ കാത്തിരുന്നു..

പിന്നെയും മൂന്നാല് തവണ കൂടെ അവൻ വിളിച്ചു..തിരികെ വരാൻ നാൻസി കരഞ്ഞു പറഞ്ഞു..അവനും അതിന് ശ്രമിക്കുകയായിരുന്നു..പക്ഷെ അന്നായിരു ന്നു ആ ശബ്ദം അവൾ അവസാനമായി കേട്ടത്..പിന്നെ അവൻ വിളിച്ചില്ല…

ബെന്നിയും മുത്തുവും സുഹൃത്തുക്കളുമൊക്കെ പലവഴികളിലും അന്വേഷിച്ചെങ്കിലും ജെയിംസിനെ പറ്റി ഒരു വിവരവും കിട്ടിയില്ല…ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു…

ബെന്നിച്ചനും അമ്മച്ചിയും നിർബന്ധിച്ചാണ് അവളെ ചെക്കപ്പിനും മറ്റും കൊണ്ടു പോവാറുള്ളത്..നിറവയറുമായി കണ്ണുനീരൊഴിയാത്ത മുഖവുമായി നിൽക്കുന്ന നാൻസിയെ കാണുമ്പോഴൊക്കെ ആ അമ്മയുടെയും മകന്റെയും ഉള്ളിൽ തീയായിരുന്നു..

നാൻസി പ്രസവിച്ചു…

ആരോടും മിണ്ടാതെ, ഭക്ഷണം കഴിക്കാതെ, ജീവനുള്ള പ്രതിമ പോലെ ഇരുന്ന നാൻസിയെ ഒരുപാട് കഷ്ടപ്പെട്ടാണ് അവർ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വന്നത്. എന്നിരുന്നാലും ആ വീട് വിട്ടു ബെന്നിച്ചന്റെ വീട്ടിലേക്ക് പോവാൻ അവൾ തയ്യാറായില്ല. എന്നെങ്കിലും ജെയിംസ് തിരികെ വരുമെന്ന് അവൾ പ്രതീക്ഷിച്ചിരിക്കണം..

ഗതികെട്ട് ബെന്നിച്ചൻ ഇല്ലിക്കൽ തറവാടിന്റെ മുറ്റത്തു ചെന്നു..ജെയിംസ് എന്ന അവരുടെ മകൻ എന്നേ മരിച്ചു പോയതാണെന്ന് പറഞ്ഞു ആന്റണിയും, ആ കുഞ്ഞു ജെയിംസിന്റേതല്ല എന്ന് പറഞ്ഞു ജെയിംസിന്റെ ഇച്ചായന്മാരും ബെന്നിയെ കണക്കറ്റ് അധിക്ഷേപിച്ചു..കണ്ണീരോടെ എല്ലാം കണ്ടു നിൽക്കാനേ അമ്മച്ചിയ്ക്കും ആനിയ്ക്കും കഴിഞ്ഞുള്ളൂ..ഹൃദയം നുറുങ്ങിയാണ് അയാൾ ആ മതിൽക്കെട്ടിനുള്ളിൽ നിന്നും പുറത്തു കടന്നത്..

പതിയെ നാട്ടുകാർക്കിടയിൽ പല കഥകളും പരന്നു. നാൻസിയും ബെന്നിയും തമ്മിലുള്ള അവിഹി തബന്ധത്തിൽ മനം നൊന്തു ജെയിംസ് നാട് വിട്ടുവെന്ന് തുടങ്ങി, ആ കുഞ്ഞിന്റെ പിതൃത്വം ബെന്നിച്ചന്റേതാണെന്ന് വരെ നാട്ടുകാർ പറഞ്ഞു നടന്നു. നാൻസിയുടെ വീട്ടിൽ രാത്രിയിൽ വാതിലിൽ മുട്ടും അസഭ്യം പറച്ചിലും പതിവായി..

അമ്മച്ചി ബെന്നിയെ നാൻസിയുടെ വീട്ടിൽ പോകുന്നതിൽ നിന്നും വിലക്കി..പകരം അവരവിടെ പോവുകയും നാൻസിയെ സഹായിക്കുകയുമൊക്കെ ചെയ്തു. അമ്മച്ചിയ്ക്ക് വയ്യാതെ കിടന്ന ദിവങ്ങളിലൊന്നിൽ ബെന്നിച്ചൻ നാൻസിയുടെ അടുത്ത് ചെന്നപ്പോൾ വീടിന്റെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. എത്ര വിളിച്ചിട്ടും കതക് തുറന്നില്ല..പേടിയോടെ ബെന്നി വാതിലിൽ ചവിട്ടാനാഞ്ഞപ്പോൾ വാതിൽ മലർക്കെ തുറന്നു..

മുഖം കുനിച്ചു നിൽക്കുന്ന നാൻസിയെ സംശയത്തോടെ നോക്കി അകത്തു കടന്നപ്പോഴാണ് മേശപ്പുറത്ത് ഇരിക്കുന്ന ഫ്യൂരിഡാന്റെ കുപ്പി കണ്ടത്. ഉള്ളിൽ ഉയർന്ന ആന്തലോടെ അയാൾ കട്ടിലിൽ കിടന്നു ഉറങ്ങുന്ന കുഞ്ഞിനെ നോക്കി. നാൻസിയിൽ കണ്ണെത്തിയപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി. അവളോട് എന്തോ പറയാനാഞ്ഞപ്പോഴാണ് മുകളിൽ ഫാനിൽ കെട്ടിയ സാരി കൊണ്ടുള്ള കുരുക്ക് കണ്ടത്. പിന്നെ അവന് നിയന്ത്രിക്കാനായില്ല. വീശിയൊരടിയായിരുന്നു നാൻസിയുടെ മുഖത്ത്…

കുറച്ചു സമയം കഴിഞ്ഞു, പുറത്തു പലയിടത്തും പാത്തും പതുങ്ങിയും കാഴ്ച്ച കാണാൻ നിന്നിരുന്ന നാട്ടുകാരുടെ മുൻപിലൂടെ കുഞ്ഞിനെ എടുത്തു തലയുയർത്തി നടന്നു പോയ അവന്റെ പിറകിലായി നാൻസിയും ഉണ്ടായിരുന്നു..

വിവാഹം കഴിക്കാതെ ഒരു പെണ്ണിനെ വീട്ടിൽ കൊണ്ടു താമസിപ്പിക്കുന്നതിലെ അനൗചിത്യം ബോധ്യപ്പെടുത്താൻ നാട്ടുകാരിൽ നല്ലവരായ പലരും കിണഞ്ഞു ശ്രെമിച്ചപ്പോൾ ബെന്നിച്ചൻ ആ തീരുമാനം എടുത്തു..

എല്ലാം വിറ്റു പെറുക്കി ആ നാട്ടിൽ നിന്നും പോകുമ്പോൾ ബെന്നിച്ചനും അമ്മച്ചിയ്ക്കുമൊപ്പം നാൻസിയും കുഞ്ഞുമുണ്ടായിരുന്നു…ജയിംസിന്റെ കുഞ്ഞിന് അന്ന് ഒരു വയസ്സായിരുന്നു..

മുത്തുവിനോട് മാത്രമേ അവിടെ അവർക്ക് യാത്ര പറയാനുണ്ടായിരുന്നുള്ളൂ…

വർഷങ്ങൾ കടന്നു പോയി..ഇല്ലിക്കൽ ആന്റണിയുടെ ഗാംഭീര്യം കുറഞ്ഞു തുടങ്ങി..ഇളയവളായ ആനിയുടെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ അവിടുത്തെ ഭാഗം വെപ്പ് നടത്തിയിരുന്നു..

പതിയെ ജെയിംസും നാൻസിയും ബെന്നിച്ചനുമൊക്കെ ആളുകളുടെ മനസ്സിൽ നിന്നും മാഞ്ഞു തുടങ്ങി..

ഒരു ദിവസം രാത്രി അങ്ങാടിയിൽ പോയി തിരികെ വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് ദാസൻ മാഷിന്റെ വീട്ടു മുറ്റത്തു എന്തോ ഒരു അനക്കം മുത്തു ശ്രെദ്ധിച്ചത്..

ചെന്നു നോക്കിയപ്പോൾ നേർത്ത വെളിച്ചത്തിൽ ഇറയത്ത് ഇരിക്കുന്ന ആളെ കണ്ടു..ആരാ എന്ന് ചോദിച്ചപ്പോൾ അയാൾ അടുത്തേക്ക് വന്നു..

ജെയിംസ് ഇച്ചായൻ…

“മുത്തൂ…എന്റെ നാൻസിയും കുഞ്ഞും…അവരവിടെ..? “

“ഇച്ചായാ..എവിടെയായിരുന്നു ഇത്രയും കാലം..? “

“എടാ..നാൻസി എവിടെ…? “

മുത്തു അയാളെ ഒന്ന് നോക്കി..പിന്നെ ചേർത്ത് പിടിച്ചു..

“ഇച്ചായൻ വാ ഞാൻ എല്ലാം പറയാം.. “

മുത്തു അയാളെ വീട്ടിലേക്ക് കൊണ്ടു പോയി..

പിറ്റേന്ന് വയനാട്ടിലേക്കുള്ള ബസ്സിൽ മുത്തുവിനരികെ ഇരിക്കുമ്പോൾ ജയിംസിന്റെ ഉള്ളിൽ നാൻസിയുടെ മുഖമായിരുന്നു..താൻ ഒരിക്കൽ പോലും കാണാത്ത തന്റെ കുഞ്ഞിന്റെ കൊഞ്ചലുകളും…

പനമരത്തെത്തി പലരോടും അന്വേഷിച്ചു പിടിച്ചു ബെന്നിച്ചന്റെ വീട്ടിൽ എത്തുമ്പോൾ സന്ധ്യയായിരുന്നു..അടുത്ത് തന്നെയാണ് അവന്റെ പെങ്ങളുടെയും വീട്..

കാപ്പിച്ചെടികൾ അതിരിടുന്ന കുഞ്ഞു വീടിന്റെ മുറ്റം നിറയെ പല വർണ്ണങ്ങളിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന റോസാച്ചെടികളായിരുന്നു..

പുറത്തു തണുപ്പ് വന്നു തുടങ്ങിയിരുന്നു. ബെല്ലടിച്ചു അടച്ചിട്ട വാതിലിനു മുൻപിലേക്ക് നീങ്ങി നിൽക്കുമ്പോൾ ജയിംസിന് ഹൃദയം പൊട്ടിപ്പോവുമോ എന്ന് തോന്നി പോയി..

കതക് തുറന്നതു ബെന്നിച്ചനായിരുന്നു..ഒരു നിമിഷം കഴിഞ്ഞു ജെയിംസിനെ തിരിച്ചറിഞ്ഞപ്പോൾ ബെന്നിയുടെ മുഖം പ്രേതത്തെ കണ്ടത് പോലെ വിളറി വെളുത്തു..

“എന്നാടാ ഉവ്വെ നീയെന്നെ അകത്തോട്ടു വിളിക്കത്തില്ല്യോ..? “

ജെയിംസ് ചിരിയോടെ അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ്…

“ആരാ ഇച്ചായാ വന്നേക്കുന്നത്…?  “

നാൻസി..അവളുടെ തോളിൽ പറ്റിച്ചേർന്നുറങ്ങുന്ന കുഞ്ഞിന് മാസങ്ങൾ ആയിട്ടേ ഉണ്ടായിരുന്നുള്ളൂ പ്രായം..

ജെയിംസിനെ കണ്ടതും അവൾ അനങ്ങാനാവാത്തത് പോലെ നിന്നു പോയി..

“അമ്മച്ചി, ദേ ഇത് നോക്കിയേ ചാച്ചൻ കൊണ്ടു വന്നതാ..ആമി മോൾ പറഞ്ഞപ്പോ അമ്മച്ചി വഴക്ക് പറഞ്ഞതല്ലേ..ന്നിട്ടും ന്റെ ചാച്ചൻ എനിക്ക് വാങ്ങി തന്നല്ലോ.. “

റൂമിൽ നിന്നും ഒരു ടോയ് പാക്കറ്റുമായി ഓടി വന്ന കൊച്ചു പെൺകുട്ടി ബെന്നിയുടെ കൈകളിൽ തൂങ്ങി..

“ആരാ ചാച്ചാ ഇത്..? “

ആരും ഒന്നും പറഞ്ഞില്ല..കരച്ചിൽ അടക്കാൻ ശ്രെമിക്കുന്ന നാൻസിയുടെ നേർത്ത തേങ്ങൽ മാത്രം കേട്ടു..

ജെയിംസ് ഒന്നും പറയാതെ തിരികെ നടക്കാൻ ശ്രെമിക്കുമ്പോൾ ബെന്നി പുറകിൽ നിന്നും കൈയിൽ പിടിച്ചു.

“ജയ്ച്ചാ.. “

ജെയിംസ് ഒന്നും പറഞ്ഞില്ല..

“അമ്മച്ചി മരിക്കുന്നേന് മുൻപേ നിർബന്ധം പിടിച്ചത് കൊണ്ടാണ് നാൻസിയുടെ കഴുത്തിൽ  ഞാൻ മിന്നു കെട്ടിയത്..അതും നീ ജീവിച്ചിരിപ്പില്ലെന്നൊരു വാർത്ത അറിഞ്ഞതിനു ശേഷം…എന്നിട്ടും…എന്റെ മോന്റെ പ്രായമേയുള്ളൂ ഞങ്ങടെ ബന്ധത്തിന്..അതും എന്റെ തെറ്റായിരുന്നു..”

നാൻസി ജയിംസിന്റെ മുഖത്ത് നോക്കിയതേയില്ല..

“നാൻസി നിന്നെ ചതിച്ചതല്ല..ഏതോ ഒരു നിമിഷത്തിൽ ഭർത്താവെന്ന അധികാരം ഞാൻ കാണിച്ചതാണ്.. “

നാൻസിയുടെ മിഴികൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

ഒരു നിമിഷം ജെയിംസ് പുറത്തെ മലനിരകളിലേക്ക് നോക്കി നിന്നു..പിന്നെ പതിയെ പറഞ്ഞു..

“ജയിലിലായിരുന്നു..ഇത്രയും വർഷങ്ങൾ..ഓരോ നിമിഷവും എന്റെ പെണ്ണിനേയും കുഞ്ഞിനേയും ഓർത്ത് ഉരുകിയുരുകിയങ്ങനെ… പുറം ലോകം കാണാൻ കഴിയുമെന്ന് കരുതീതല്ല..ദൈവദൂതനെ പോലെ ഒരാൾ വന്നു രക്ഷപ്പെടുത്തി..ഇപ്പോ തോന്നുന്നു വേണ്ടായിരുന്നുന്ന്..എന്നതേലും ഒരു സൂചന കിട്ടിയിരുന്നേൽ വരില്ലാരുന്നു ഞാൻ..നിങ്ങക്കിടയിലേക്ക്.. “

ബെന്നിയുടെ കൈയിൽ പിടിച്ചു ഒന്നും മനസ്സിലാകാതെ നിൽക്കുന്ന ആമി മോളെ വാരിയെടുത്തു അയാൾ കവിളിൽ മുത്തി..കുഞ്ഞു അപരിചിതത്വത്തോടെ അയാളെ നോക്കി..

“മോളുടെ ചാച്ചന്റെ ഫ്രണ്ട് ആണ്..ജെയിംസ് അങ്കിൾ.. “

ജെയിംസ് പറഞ്ഞു..നാൻസിയുടെ തേങ്ങലവൻ കേട്ടു..കുഞ്ഞിനെ താഴെ വെച്ചു ജെയിംസ് തല താഴ്ത്തി നിൽക്കുന്ന നാൻസിയെയും ബെന്നിയെയും മാറി മാറി നോക്കി..

“കുറ്റപ്പെടുത്തത്തില്ല ഞാൻ..ശപിക്കാനും എനിക്ക് അർഹതയില്ല..ജീവിക്കണം..സന്തോഷമായി.. “

ബെന്നിയുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ടു ആമി മോളെ കാണിച്ചു ജെയിംസ് പറഞ്ഞു..

“നിങ്ങൾക്കിടയിൽ അവളേ ഉണ്ടാകാൻ പാടുള്ളൂ..ഒരിക്കലും ജെയിംസ് ഉണ്ടാവാൻ പാടില്ല..ഇനി ഒരിക്കലും കാണാതിരിക്കട്ടെ “

ഒന്നും പറയാതെ, നാൻസിയെ നോക്കാതെ ജെയിംസ് പടിയിറങ്ങി..എല്ലാത്തിനും മൂകസാക്ഷിയായി നിന്ന മുത്തുവും..നാൻസിയുടെ തേങ്ങലുകൾ അപ്പോഴും അവരെ പിന്തുടരുന്നുണ്ടായിരുന്നു….

~സൂര്യകാന്തി (ജിഷ രഹീഷ് )?