Written by Lis Lona
=============
“സോറി പെങ്ങളേ…എന്റെ മോളുടെ കാര്യത്തിൽ എനിക്കില്ലാത്ത വിഷമം നിങ്ങൾക്ക് വേണ്ട , എന്റെ മക്കളെ വേറൊരുത്തന്റെ കയ്യിൽ ഏൽപ്പിക്കും വരെ ദാ…ആ കാണും ദൂരം വരെയല്ലാതെ എന്റെ കൺവെട്ടത്ത് നിന്ന് മാറാനോ ജീവിക്കാനോ ഞാൻ അനുവദിക്കില്ല..”
കൈ ചൂണ്ടി ദൂരം അടയാളപ്പെടുത്തി , മായയുടെ കണ്ണുകളിലേക്കുറ്റു നോക്കി രൂക്ഷമായി അയാളത് പറയുമ്പോൾ , കൂട്ടിലടച്ച പക്ഷികളെ മുൻപിൽ വച്ച് ഇടപാടുകാരെയും കാത്ത് വിലപേശാൻ തയ്യാറായി നിൽക്കുന്ന കച്ചവടക്കാരനായി ഒരച്ഛൻ രൂപാന്തരം പ്രാപിക്കുന്നത് അമ്പരപ്പോടെയാണ് അവൾ നോക്കിയിരുന്നത് ..
താൻ മാത്രമാണ് ശരിയെന്ന് ഒന്നുകൂടി സ്വയം ബോധ്യപെടുത്തുംവിധം തൊട്ടടുത്തിരിക്കുന്ന മകളുടെയും ഭാര്യയുടെയും മുഖത്തേക്ക് അയാൾ ദൃഷ്ടി മാറ്റുമ്പോൾ, എന്റെ ഭിക്ഷയായികിട്ടുന്ന നിങ്ങളുടെ സ്വാതന്ത്രത്തിൽ നിങ്ങൾ തൃപ്തരാണ്..ആണെങ്കിലും അല്ലെങ്കിലും കിട്ടുന്നതിൽ തൃപ്തിപ്പെട്ടുകൊള്ളുകയെന്ന അലിഖിതനിയമത്തിന്റെ ഭാഷയുണ്ടായിരുന്നു.
മായയുടെ മകൾ ദേവികയും നാസറിന്റെ മകൾ നഫീസയും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്..പഠിക്കാൻ വളരെ മിടുക്കിയായ നഫീസ ഈയിടെയായി സങ്കടത്തിലും നിരാശയിലുമാണ് എപ്പോഴുമെന്ന് ശ്രദ്ധയിൽപെട്ട ദേവിക കാരണമന്വേഷിച്ചു..
ഒരുപാട് നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ കാരണമറിഞ്ഞതും തന്റെ അമ്മ മായയെ ഒരു മധ്യസ്ഥയായി കൊണ്ടുവന്ന് കൂട്ടുകാരിയുടെ ഉപ്പയോട് സംസാരിപ്പിച്ചാൽ ഒരുപക്ഷെ അവളുടെ ആഗ്രഹങ്ങൾ പൂവണിഞ്ഞേക്കാമെന്ന് തോന്നിയതുകൊണ്ടാണ് ഇന്ന് ദേവികയും അമ്മയും അച്ഛനും അവരുടെ വീട്ടിലെത്തിയത്..
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ മുൻപോട്ട് പോകേണ്ടുന്ന വഴികളും പഠിക്കേണ്ടുന്ന വിഷയങ്ങളും വ്യക്തമായി അറിഞ്ഞുവച്ച് പൈലറ്റ് ആകണമെന്ന അതിയായ ആഗ്രഹത്തോടെ കൃത്യമായ ലക്ഷ്യത്തോടെ പഠിക്കുന്ന കുട്ടിയാണ് നഫീസ…
ജോലിസംബന്ധമായി പുറത്തുപോയ ഉപ്പ വരും മുൻപേ ഉമ്മയോടും നഫീസയോടും ഓരോ കാര്യങ്ങളും ചോദിച്ചറിയുമ്പോൾ മായക്ക് മനസ്സിലായി മകൾ തന്നെ അയച്ചിരിക്കുന്ന ദൗത്യം നിസ്സാരമായി ഫലപ്രാപ്തിയിൽ എത്തുന്നതല്ലെന്ന്.
പതിനെട്ടും പത്തൊൻപതും വയസ്സിൽ വിവാഹിതരായ ചേച്ചിമാരെ ഉദാഹരണമാക്കി അതുവരെ എന്തെങ്കിലും പഠിക്കുക, അതുകഴിഞ്ഞാൽ വേറൊരു വീട്ടിലേക്ക് അന്തസ്സായി കെട്ടിച്ചുവിടും അതിനുള്ള പഠിപ്പും വിവരവും മതിയെന്നാണ് ഉപ്പയുടെ അന്ത്യശാസനം.
നഫീസയടക്കം അഞ്ചുമക്കളാണ് അവർക്ക് , നാല് പെണ്ണും ഒരാണും..മുപ്പത് വർഷത്തോളമായി ഗൾഫിൽ ജീവിക്കുന്ന ഉപ്പയുടെ അഭിമാനം തന്നെ മൂന്ന് പെണ്മക്കളെ നൂറ് പവനിൽ കുറയാത്ത പൊന്നും ലക്ഷങ്ങളും നൽകി അന്തസ്സായി കെട്ടിച്ചുവിട്ടു എന്നതാണ്..
ഭർത്താവിന്റെ ആജ്ഞകൾ ശിരസ്സാവഹിച്ച് അതിന് അപ്പുറമൊരു തീരുമാനമോ അയാളുടെ ഇഷ്ടങ്ങൾക്കപ്പുറം താല്പര്യങ്ങളോ ഇല്ലാത്തവിധം വിധേയയാണ് ഭാര്യ..
മക്കളൊരു കാര്യം ആവശ്യപ്പെട്ടാലോ ആഗ്രഹിച്ചാലോ ഉപ്പയുടെ തീരുമാനം എന്താണോ അതുമാത്രമെ ഇവിടെ നടപ്പിലാകുകയുള്ളുവെന്ന് തീർപ്പു കല്പിച്ച് അതിന്റെ നല്ലതെന്തെന്നോ ഗുണങ്ങളെന്തെന്നോ അന്വേഷിക്കാതെ ഉപ്പ, മക്കൾക്ക് നല്ലതല്ലാതെ വേറൊന്നും ചെയ്യില്ലെന്ന് വിശ്വസിക്കുന്ന ഒരമ്മ..
ഫജ്ർ നിസ്കാരത്തോടെ ആരംഭിക്കുന്ന ദിനചര്യകളിൽ ഉമ്മയുടെ ഒരു ദിവസത്തിന്റെ ആരംഭവും അവസാനവും ഭർത്താവിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം ഉണ്ടാക്കലും വീട് വൃത്തിയാക്കലും മറ്റ് ജോലികളും പ്രാർത്ഥനകളും , എല്ലാം ഭർത്താവെന്ന ഗ്രഹത്തെ ചുറ്റിപ്പറ്റി മാത്രമാണ്..
അതിനപ്പുറമൊരു ലോകമോ വായനയോ അവർക്കില്ല…ചെറുപ്രായത്തിൽ വിവാഹിതയായി , ഭർത്താവിന്റെ ആജ്ഞാനുവർത്തിയായി ജീവിച്ച അവർ നിർബന്ധപൂർവം മക്കളുടെ തലക്ക് മുകളിലേക്ക് തൂക്കിയിടുന്നതും സ്വന്തം ഇഷ്ടങ്ങളേക്കാൾ ഉപ്പയുടെ അഭിമാനം മാത്രമാണ് ജീവിതലക്ഷ്യമെന്ന ഡെമോക്ലസിന്റെ വാളാണ്….
വിവാഹക്കമ്പോളത്തിൽ വില ഇടിയാതിരിക്കാൻ പേരിനൊരു ഡിഗ്രി എന്ന നിലയിൽ പെണ്മക്കളെയെല്ലാം അയാൾ പഠിപ്പിച്ചിരുന്നു..എന്നാൽ അവർക്ക് തുടർന്ന് പഠിക്കണമെന്നോ ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കണമെന്നോയുള്ള ആഗ്രഹങ്ങൾക്ക് അയാളൊരിക്കലും കാത് കൊടുത്തിരുന്നില്ല..
വീട്ടിൽ വരുന്ന അതിഥികൾക്ക് മുൻപിൽ മരുമക്കളുടെ കുടുംബമഹിമയും പാരമ്പര്യവും സമ്പത്തും വാതോരാതെ സംസാരിക്കാൻ മിനക്കെട്ടിരിക്കുന്ന ഒരാൾ സ്വന്തം പെണ്മക്കളെ പറ്റി അവളവിടെ പട്ടിണി കൂടാതെ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നെണ്ടെന്ന മറുപടി നൽകുന്നത് എത്ര കേവലമായാണെന്ന് മായയോർത്തു..
ഇതിനെല്ലാം നേരെ വിപരീതമായാണ് ദേവിക വളർന്ന സാഹചര്യം..വീട്ടിലെ എന്ത് പ്രധാനപ്പെട്ട കാര്യങ്ങൾക്കും ഭാര്യയോടും മുതിർന്ന മകളോടും അഭിപ്രായം ചോദിച്ച് അവരുടെയും താല്പര്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത് അതിന് അനുസൃതമായി കാര്യങ്ങൾ നടപ്പിലാക്കുന്ന ഒരച്ഛൻ..
തന്നോളം പോന്ന മക്കളെ മുതിർന്ന വ്യക്തികളായി കണ്ട് അവരുടെ ഇഷ്ടങ്ങൾക്ക് കൂടി മുൻതൂക്കം കൊടുത്ത് തങ്ങളുടെ ഇഷ്ടങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കാത്ത അച്ഛനും അമ്മയും..
സംസാരിക്കാൻ വന്നിരിക്കുന്ന വിഷയത്തിലേക്ക് ചർച്ചയെത്തിക്കാനാണ് ഉന്നതപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ദേവികക്കൊപ്പം നഫീസയെ വിടുന്നോ എന്നൊരു ചോദ്യമെറിഞ്ഞത്..മേല്പറഞ്ഞ മറുപടി അയാളിൽ നിന്നും കിട്ടിയതും ഇനി എന്ത് വേണമെന്നറിയാതെ മായ ഭർത്താവിനെ നോക്കി.
“അല്ല ഇക്ക , വിവാഹജീവിതവും ഭർത്താവിന്റെ അടുക്കളയിലെ മൂന്ന് നേരത്തെ ഭക്ഷണവും മാത്രമാണോ പെൺകുട്ടികൾക്ക് വേണ്ടത് ? മക്കൾക്ക് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കഴിയുന്നിടത്തോളം അവരെ പഠിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്നതും മാതാപിതാക്കളെന്ന നിലയിൽ നമ്മുടെ കടമയല്ലേ….അവരുടെ സ്വപ്‌നങ്ങൾക്കൊപ്പം കൈകോർത്ത് അവരോടൊത്ത് നമ്മളുണ്ടെന്ന് ..”
ദേവികയുടെ അച്ഛൻ സംസാരിച്ചുമുഴുവനാക്കാൻ സമ്മതിക്കാതെ അയാൾ ചെറുതായൊന്ന് മുരടനക്കി വലം കയ്യുയർത്തി അദ്ദേഹത്തെ തടഞ്ഞു..
“നോക്കു….ഞാൻ കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നൊരു വ്യക്തിയാണ്.. മറ്റുള്ളവർ അതെങ്ങനെ എടുത്താലും എനിക്കത് ബാധകമല്ല..പെൺകുട്ടികളെ ഒരു കാരണവശാലും നമ്മുടെ നോട്ടമെത്തുന്നിടത്തു നിന്നും മാറ്റരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം..യൂട്യൂബ് കണ്ട് പ്രസവിക്കുന്ന പെൺകുട്ടികളുടെ കാലമാണിത്..കെട്ടിച്ചുവിടും വരെ അവരെ നമ്മൾ സംരക്ഷിക്കുക , അതുകഴിഞ്ഞാൽ ഭർത്താവിന്റെ ഉത്തരവാദിത്തമാണ് അവളെ പട്ടിണിക്കിടാതെ നോക്കുകയെന്നത്..”
ഒരുനിമിഷം ഫോണിലേക്കൊന്ന് ശ്രദ്ധിച്ച് ആർക്കോ മെസേജിന് മറുപടി കൊടുത്തശേഷം അയാൾ തുടർന്നു..
“നിങ്ങളും കരുതിയിരിക്കുക നാളെ നിങ്ങളുടെ മകളും പോയി എന്തെല്ലാം ചെയ്യുന്നു, അന്തസ്സ് കപ്പല് കേറ്റുമോയെന്നെല്ലാം കണ്ടറിയാം എന്തായാലൂം എന്റെ മകൾക്കീ പഠിപ്പ് മതി..അവളുടെ ചേച്ചിമാരെല്ലാം സന്തോഷവതികളാണ്. ഇവളും കുറേക്കഴിഞ്ഞാൽ എല്ലാം മറന്ന് ജീവിച്ചോളും..ഉപ്പയെടുത്ത തീരുമാനം ശരിയായിരുന്നെന്ന് തന്നെ അവൾക്ക് മനസിലാകും..”
വെള്ളമൊഴിക്കാൻ പോകുന്നത് കമിഴ്ത്തിവച്ച കുടത്തിന്റെ മുകളിലേക്കാണെന്നും , തന്റെ ചിന്തകളും തീരുമാനങ്ങളും ശരിയെന്ന് ശാഠ്യം പിടിച്ചിരിക്കുന്ന ഒരാളോട് ഒന്നും സംസാരിച്ചിട്ട് കാര്യമില്ലെന്നും മനസ്സിൽ ഒന്നുകൂടി ഊട്ടിയുറപ്പിക്കുമ്പോഴും നിറകണ്ണുകളോടെ തന്റെ ഭാവിയോർത്ത് നിസ്സഹായയായി നിൽക്കുന്ന ആ പെൺകുട്ടിയുടെ മുഖം മായയെ വല്ലാതെ നോവിപ്പിച്ചു..
“നിങ്ങളുടെ മക്കളുടെ വിഷയത്തിൽ ഇടപെടണമെന്നോ കുടുംബകാര്യങ്ങളിൽ തലയിട്ട് ബുദ്ധിമുട്ടിക്കണമെന്നോ ഒരാഗ്രഹവും ഇല്ലെന്ന് ഒന്നുകൂടി ആവർത്തിച്ച് ഒരുകാര്യം കൂടി ചോദിക്കട്ടെ..താങ്കൾക്കൊരു മകനും കൂടി ഉണ്ടല്ലോ അവന്റെ കാര്യത്തിലും ഇങ്ങനെത്തന്നെയാണോ അതോ ..?”
“അവനെ ഞാൻ പഠിപ്പിക്കും..നാളെ ഞാനില്ലെങ്കിലും കുടുംബം നോക്കേണ്ടത് അവനാണ്..അവന് വേണ്ടി പൈസ ചിലവഴിച്ചാലും എനിക്ക് നഷ്ടമില്ല..പെൺകുട്ടികൾക്കു വേണ്ടി പഠിക്കാനും പിന്നെ അതിലും കൂടുതൽ കെട്ടിക്കാനും ചിലവഴിക്കുന്ന പൈസ ആരാധനാലയങ്ങളിൽ കാണിക്കയിടുന്നത്പോലെയാണ് ഒരിക്കലും തിരികെ കിട്ടുമെന്ന പ്രതീക്ഷ വേണ്ട..മാത്രമല്ല നിങ്ങളോർക്കേണ്ടത് ഒന്നുകൂടിയുണ്ട് ഇപ്പോൾ കൺമുൻപിൽ ഉള്ളവൾ നാളെ ദൂരെ പഠിക്കാൻ വിടുമ്പോൾ നമുക്കവളിൽ നിയന്ത്രണമില്ല അവരെന്തും ചെയ്യും..”
പുറമെ കാണുന്ന സൗമ്യനായ മനുഷ്യനെയല്ല അയാൾ , ഇപ്പോഴും പഴയ നൂറ്റാണ്ടിൽ നിന്നും അണുവിട ചലിക്കാൻ അയാളുടെ ചിന്താഗതികളും ബുദ്ധിയും തയ്യാറല്ലെന്ന് മായയ്ക്ക് മനസ്സിലായി..
“നോക്ക് ഒറ്റയൊരു കാര്യം കൂടി ഓർമിപ്പിക്കയാണ്..ആൺകുട്ടികൾക്ക് ചളി കണ്ടാൽ ചവിട്ടാം അത് കഴുകിയാൽ പോകും പെൺകുട്ടികൾക്ക് ആ ചളിയവിടെ കിടക്കും കുടുംബമഹിമക്ക് മുകളിലൊരു മായാത്ത ചിഹ്നമായി..എനിക്കെന്റെ ഭാര്യയെയോ മകളെയോ വിശ്വാസമില്ല, അതുകൊണ്ട് ഇതിനെക്കുറിച്ചൊരു സംസാരം ഇനിയിവിടെയില്ല..”
ക്ഷമയുടെ നെല്ലിപ്പലകയിൽ അവസാന ആണിയും അടിച്ചുതീർന്നെന്ന് ബോധ്യമായെങ്കിലും മകളുടെ കൂട്ടുകാരിയുടെ വീടാണല്ലോയെന്ന ഓർമയിൽ അനിയന്ത്രിതമായ കോപമടക്കി മായ പുഞ്ചിരിച്ചു..
“താങ്കളീ പറഞ്ഞ ജീവിതമെനിക്ക് പരിചയമില്ല ഞാൻ ജീവിക്കുന്നതും അങ്ങനെയല്ല..പിന്നെ വിവാഹശേഷവും എന്റെ സ്വാതന്ത്രമെനിക്ക് ഭിക്ഷയല്ല, അർഹതപെട്ടതാണെന്ന് പൂർണ ബോധ്യമുള്ള ഒരു വ്യക്തിയുടെ കൂടെയാണ് ഞാൻ ജീവിക്കുന്നത്..അല്ലെങ്കിൽ തന്നെ ഞങ്ങൾക്ക് വേണ്ടുന്ന സ്വാതന്ത്രം വിട്ടുതരാൻ നിങ്ങൾ ഞങ്ങളുടെ മുതലാളിമാരല്ല ജീവിതപങ്കാളികളാണ്..മകളെ പഠിപ്പിക്കുന്നത് നാളെയവൾ ഞങ്ങൾക്കെന്ത് തരുമെന്ന് കണക്ക് കൂട്ടിയല്ല, ഏത് സാഹചര്യത്തിലും ആരെയും ആശ്രയിക്കാതെ ജീവിക്കാമെന്ന ആത്മവിശ്വാസം നൽകാനാണ്..അവളുടെ സ്വപ്നങ്ങളിലേക്കുള്ള വാതായനങ്ങൾ തുറന്ന് ഉയർന്ന് പറക്കാനുള്ള വർണചിറകുകൾ നൽകാനാണ്..നാളെയവൾക്ക് ഇഷ്ടമെങ്കിൽ അതേ ‘വിവാഹജീവിതം ഇഷ്ടമെങ്കിൽ ‘ ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം നൽകുന്നതിനും രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല..”
സംസാരത്തിനിടയിൽ തലയുയർത്തി ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ച് അയാളുടെ കണ്ണുകളിലേക്ക് മായ നോക്കി.
“പിന്നെയാ ചളിയെന്ന് നിങ്ങളുദ്ദേശിച്ചത് എന്ത് തന്നെയായാലും ആണിനും പെണ്ണിനും ഒരേ പോലെയാണ്…ആണിന് പ്രത്യേകമായി യാതൊന്നും ദൈവം സൃഷ്ടിച്ചിട്ടില്ല..ഈ ചളി ചവിട്ടുന്നത് ആണും പെണ്ണും കൂടിയല്ലെ, പിന്നെയാ അഴുക്കിന് അവകാശി പെണ്ണ് മാത്രമാകുന്നതെങ്ങനെ..”
“അച്ഛനമ്മമാരിൽ നിന്നും മാറി ജീവിക്കുമ്പോൾ തീർച്ചയായും പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുന്നതും അവിടുത്തെ രീതികളുമായി അവർ ചേർന്നുപോകുന്നതും സ്വാഭാവികമാണ് അതുകൊണ്ടാണല്ലോ യാതൊരു മുൻപരിചയവുമില്ലാത്ത ഭർതൃഗൃഹത്തിലും പിറ്റേന്ന് മുതൽ പരിചയക്കുറവ് ഇല്ലാതെ അവിടുത്തെ അംഗമായി അവൾ മാറുന്നത്..എവിടെയായാലും അവളെ നിയന്ത്രിച്ച് കൈപ്പിടിയിൽ നിർത്തുകയെന്നതിനുപരി എന്തും തുറന്ന് സംസാരിക്കാനുള്ള സാഹചര്യവും അടുപ്പവും നിങ്ങളുണ്ടാക്കിയെടുത്താൽ അവളുടെ ജീവിതത്തിലെ എന്ത് സംഭവങ്ങളും ആഗ്രഹവും നിങ്ങളോടായിരിക്കും ആദ്യം വന്ന് പങ്കുവെക്കുന്നത്..”
“ശരിയായിരിക്കാം പെങ്ങളേ നിങ്ങൾ പറയുന്നത്, പക്ഷേ ഈ ഒരു നഷ്ടക്കച്ചവടത്തിന് ഞാനില്ല..കുടുംബമഹിമക്ക് ഭംഗം വരുത്തിയേക്കാമെന്ന് തോന്നുന്ന ഒരു കാര്യത്തിനും തുടക്കം കുറിക്കാനും ഞാനില്ല..സോറി ..”
ഇനിയൊന്നും കേൾക്കണ്ട മകളെ പഠിപ്പിച്ച് ഒരു ജോലിയാക്കികൊടുക്കുകയെന്ന പാഴ്ചിലവിന് തയ്യാറല്ലെന്ന രീതിയിൽ തലകുലുക്കികൊണ്ട് ഈ വിഷയത്തിൽ സംസാരിക്കാനില്ലെന്ന് സൂചിപ്പിച്ച് ഭക്ഷണം കഴിക്കാനിരിക്കാമെന്ന് അയാൾ അറിയിച്ചു..
“ഒരു കാര്യം കൂടി ചോദിച്ചോട്ടെ..എന്നിട്ട് നമുക്ക് കഴിക്കാം…” മായ തുടർന്നു..
ഒന്നല്ല ഒരായിരം ചോദ്യങ്ങൾ ചോദിച്ചാലും തന്റെ തീരുമാനത്തിലോ ചിന്തകളിലോ മാറ്റമുണ്ടാകാൻ പോകുന്നില്ലെന്ന് ആ ചുണ്ടിന്റെ കോണിലെ പരിഹാസച്ചിരി വിളിച്ചു പറയുന്നുണ്ട്, എങ്കിലും ജീവച്ഛവമായി തളർന്നിരിക്കുന്ന അയാളുടെ മകളെ നോക്കിയപ്പോൾ വിട്ടുകൊടുക്കാൻ മനസ്സനുവദിച്ചില്ല..
“വിവാഹിതരായ മക്കളെല്ലാം അവരുടെ ജീവിതത്തിൽ സംതൃപ്തരാണോ?? “
“പിന്നല്ലാതെ…അവർ ഫുൾ ഹാപ്പിയാണ് 100ശതമാനം അതെനിക്കുറപ്പുണ്ട്..നാളെ ഭർത്താക്കന്മാരുടെ ജോലി നഷ്ടപ്പെട്ടാലും എന്റെ മക്കൾക്ക് അവിടെ പട്ടിണി കിടക്കേണ്ടിവരില്ല..അത്രേ ഞങ്ങൾക്ക് വേണ്ടൂ അല്ലേ ഹാജിറാ…”
പുരികമുയർത്തി മൂക്കിൻ തുമ്പത്തിരിക്കുന്ന കണ്ണടയുടെ മുകളിലൂടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി അയാൾ ചോദിച്ചതും ഹാജിറയുമ്മയ്ക്ക് ഉത്തരത്തിന് സമയം നൽകാതെ മായ ഇടയിൽ കയറി..
“നിങ്ങൾ സന്തുഷ്ടരാണോ എന്നല്ല ചോദിക്കുന്നത്, കാരണം നിങ്ങളുടെ കാഴ്ചപ്പാടിൽ അവർ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് പറഞ്ഞല്ലോ..ചോദ്യം നിങ്ങളോടല്ല നിങ്ങളുടെ മക്കളോടാണ്..അവരിൽ നിന്നുമുള്ള ഉത്തരം നിങ്ങൾ രണ്ടുപേരും ആത്മാർത്ഥമായി ഒരു തവണയെങ്കിലും ചോദിച്ചറിയണമെന്നാണ് എന്റെ ആഗ്രഹം..”
ഭർത്താവും താനും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കിടയിൽ എന്താണ് മറുപടി പറയേണ്ടതെന്ന ആശയക്കുഴപ്പത്തിലാകാം ദയനീയമായി അവരൊന്ന് പുഞ്ചിരിച്ചു. ആ ചിരിയിൽ ഹാജിറയെന്ന ഉമ്മയുടെ മുഖത്ത് ആദ്യം കണ്ട ആത്മവിശ്വാസവും ചുറുചുറുക്കും നഷ്ടപെട്ടതുപോലെ തോന്നി മായക്ക്..
പേരിന് ഭക്ഷണം കഴിച്ചെന്ന് വരുത്തി അവിടുന്ന് ഇറങ്ങാൻ നേരവും സകല പ്രതീക്ഷയുമറ്റ് ഏത് നിമിഷവും ഛിന്നഭിന്നമായേക്കാവുന്ന പളുങ്കുപാത്രം പോൽ നിൽക്കുന്ന നഫീസയിലായിരുന്നു മായയുടെ ശ്രദ്ധ മുഴുവനും..
തനിക്കിനിയൊന്നും ചെയ്യാനില്ലയെന്ന് മകളോട് കണ്ണുകളാൽ മൊഴിഞ്ഞെങ്കിലും തളരരുത് എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിച്ച് തണുത്ത മരവിച്ച നഫീസയുടെ ഉള്ളം കയ്യിൽ ചെറുചൂടുള്ള കയ്യമർത്തി മായ..
“എന്നോട് മുഷിവൊന്നും തോന്നരുത്..ഞാൻ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിയാൻ നിങ്ങൾക്ക് കാലം കുറെ പോകേണ്ടിവരില്ല..അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം പക്ഷേ…”
മുഴുവനാക്കാൻ ശ്രമിക്കാതെ അയാൾ മായയെയും ഭർത്താവിനെയും നോക്കി പുഞ്ചിരിച്ചു..
“മകനായാലും മകളായാലും മക്കൾ തുല്യരാണെന്ന് മനസിലാക്കുന്ന കാലം വൈകാതെ വരും , ഭാര്യയെയും പെൺമക്കളെയുമല്ല അവനവനെ തന്നെ വിശ്വാസമില്ലാതെയാണ് ഇക്കണ്ട കാലമത്രയും താങ്കൾ ജീവിച്ചതെന്ന് ഖേദിക്കേണ്ട സമയവും വിദൂരമല്ല ഇക്ക..”
മുഖത്തെ ചിരിയൊട്ടും കുറയ്ക്കാതെയാണ് മറുപടി നൽകി ഊണ് കഴിച്ച പാത്രങ്ങളുമായി അകത്തേക്ക് പോയ ഉമ്മയെ തിരഞ്ഞ് മായ അടുക്കളയിലേക്ക് നടന്നത്..
അവിടെ അവളെയും കാത്ത് അതുവരെയും മായയ്ക്ക് പരിചിതമല്ലാത്ത മുഖഭാവത്തോടെ ഹാജിറയുമ്മ നിന്നിരുന്നു..
“നിന്നെയാരാണ് ഇങ്ങനെയൊക്കെ സംസാരിക്കാൻ പഠിപ്പിച്ചത്…സമ്മതിക്കണം നിന്റെ ധൈര്യം….എനിക്ക്…എനിക്ക്..നീ പറയുന്നതും…വാദിക്കുന്നതും.. കാണുമ്പോഴെനിക്ക് കൊതിയാകുന്നു മോളെ..എനിക്കൊരിക്കലും ഇങ്ങനെയാകാൻ കഴിഞ്ഞില്ലല്ലോയെന്നോർക്കുമ്പോൾ വല്ലാത്തൊരു നൊമ്പരം..എന്റെ…എന്റെ..”
സഹിക്കവയ്യാത്ത സങ്കടത്താൽ വാക്കുകളിടറി മായയെ വലിച്ചടുപ്പിച്ച് ഗാഢമായി ആശ്ലേഷിക്കുമ്പോൾ ഒന്നും പറയാനാകാതെ അവരുടെ തൊണ്ടക്കുഴിയിൽ സങ്കടമിരമ്പുന്നുണ്ടായിരുന്നു..നിറഞ്ഞൊഴുകാൻ തുടങ്ങിയ മിഴികളെ തടയാതെ ആ ഭാരം മായയുടെ ചുമലിലേക്ക് അവരിറക്കി…
പെരുമഴപ്പാച്ചിലായി ഉള്ളിലുള്ള സങ്കടങ്ങൾ ഒഴുക്കികളഞ്ഞ് അല്പമൊരു ആശ്വാസമായപ്പോൾ അവർ തുടർന്നു…
“ജോലിക്കാരായ കൂട്ടുകാരികളുമായി ഇടപഴകുമ്പോൾ..സ്വന്തം ആവശ്യങ്ങൾക്ക് ഭർത്താവിന്റെ മുൻപിൽ കൈനീട്ടാതെ അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ…എല്ലാം എനിക്ക് ഒരു നിമിഷത്തേക്കെങ്കിലും സങ്കടം വരും. പക്ഷേ എന്റെ ഉമ്മയെന്നെ ശീലിപ്പിച്ചതും ഞാൻ തുടരുന്നതും ഇങ്ങനെയാണ്..പഠിയ്ക്കാൻ ഞാൻ മണ്ടിയായിരുന്നെങ്കിലും തുന്നലെനിക്ക് ഇഷ്ടമായിരുന്നു..മക്കൾക്ക് ഞാൻ തയ്ച്ച ഡ്രെസ്സുകൾ കണ്ട് പലരും ചോദിക്കാറുണ്ട് അവരുടെ കുട്ടികൾക്കും അതുപോലെ ചെയ്ത് തരുമോയെന്ന്..അങ്ങനെയാണ് ഇക്കയോട് ഞാൻ ഒരു ചെറിയൊരു ഷോപ്പ് തുടങ്ങാമോ നമുക്കെന്ന് ചോദിച്ചത്..അതിന് കിട്ടിയ മറുപടി ഞാൻ ജോലിയെടുത്ത് ഇവിടെ ചിലവ് നോക്കേണ്ട കാര്യമില്ലെന്നാണ്..പണമുണ്ടാക്കാൻ മാത്രമല്ലല്ലോ നമ്മൾ ഓരോ ജോലികളും ചെയ്യുന്നത് നമ്മുടെ സന്തോഷത്തിന് വേണ്ടി കൂടിയല്ലേ..പക്ഷേ ഒന്നുകൂടി ചോദിക്കാൻ ഭയന്നു…ആദ്യമായും അവസാനമായും എനിക്കുവേണ്ടി ഞാൻ ചോദിച്ചതായിരുന്നു അത്…അതുകൊണ്ടാണ് നിവർന്ന് നിന്ന് ചോദ്യങ്ങൾ ചോദിക്കുന്ന നിന്നെ കണ്ട് ഞാൻ കൊതിച്ചത്..”
ഇടക്കിടെ അടുക്കളവാതിൽക്കലേക്ക് ഭയത്തോടെ എത്തി നോക്കുന്ന അവരോട് അൽപനേരം സംസാരിച്ച് മായ യാത്ര പറഞ്ഞിറങ്ങി…
പിറ്റേന്ന് വൈകുന്നേരത്തോടെയാണ് മായയ്ക്ക് നാസറിന്റെ ഫോൺ വന്നത്..
കൂടുതലൊന്നുമില്ല , വൈകുന്നേരത്തേക്ക് ഞാൻ അങ്ങോട്ട് വരുന്നുണ്ട് നിങ്ങളായി തിരി കൊളുത്തിയിട്ട കരിമരുന്നിനൊരു അവസാനമുണ്ടാക്കണ്ടേ…
നാസറിനെ മാത്രം പ്രതീക്ഷിച്ച മായയുടെ കുടുംബത്തിന് മുൻപിലേക്ക് അയാൾക്കൊപ്പം നിറചിരിയോടെയാണ് ഹാജിറയും നഫീസയും കയറിവന്നത്…
തലേന്ന് തങ്ങൾ ഇറങ്ങിക്കഴിഞ്ഞശേഷം ഉപ്പ അടുത്തിരിക്കുന്നത് അറിയിക്കാതെ ഹാജിറ ആദ്യം വിളിച്ച് സ്‌പീക്കറിലിട്ടത് മൂത്തമകളെയാണ്..
വിശേഷങ്ങൾ തിരക്കി നിനക്കവിടെ സുഖമല്ലേ മോളെ…എന്ന ചോദ്യത്തിന് പതിവ് പോലെ ഉമ്മയോട് മാത്രം തുറക്കുന്ന സങ്കടപെട്ടി അവൾ തുറന്നു..
“എന്ത് സുഖമാണുമ്മ..നാലുമണിക്ക് എഴുന്നേറ്റതാണ് , ഇത്രയും പേർക്ക് രാവിലത്തെ ഭക്ഷണം തയ്യാറാക്കി..മക്കൾക്ക് വാരിക്കൊടുത്ത് അവരെ മേല് കഴുകിച്ച് സ്കൂളിൽ വിട്ടു..അതിനിടയിൽ അനിക്കാക്ക് ഓഫിസിൽ പോകാനുള്ള തിരക്ക്..ഉടുത്തിരുന്ന മുഷിഞ്ഞ മുണ്ടും കുളിച്ചു തുവർത്തിയ തോർത്തും കട്ടിലിൽ പതിവ് പോലെ വലിച്ചെറിഞ്ഞിട്ട് മൂപ്പര് പോയി..ബാക്കി എല്ലാരും മൂക്കുമുട്ടെ തിന്നുന്നതിനിടയിൽ ഞാനിവിടെ തൂക്കലും തുടക്കലും ഉച്ചത്തേക്കുള്ള ഭക്ഷണത്തിന്റെ ഒരുക്കവും..ഡൈനിങ്ങ് ടേബിളിലും സിങ്കിലും പാത്രങ്ങൾ കിടപ്പുണ്ട്..ഇനിയത് കഴുകിയിട്ടിട്ട് വേണം എനിക്കെന്തെങ്കിലും കഴിക്കാൻ…ഉമ്മ, ഒരു നിമിഷം പോലും ഇരിക്കാതെ വീട്ടിൽ ചെയ്യുന്നത് കാണുമ്പോഴൊന്നും ഉമ്മയുടെ വയറിന്റെ കാളൽ ഞാനറിഞ്ഞിരുന്നില്ല ഇപ്പോഴറിയുന്നുണ്ട് വിശപ്പെന്തെന്ന്…ഉപ്പ പറഞ്ഞപോലെ മൂന്ന് നേരം ഭക്ഷണം കിട്ടുന്നുണ്ടമ്മ..പക്ഷേ അടുക്കളജോലിക്കാർക്ക് പോലും അല്പം വിശ്രമം കിട്ടും..നടു തളർന്നുപോയാലും ഇവിടുത്തെ ജോലികൾ തീർത്തില്ലെങ്കിൽ ഉമ്മച്ചിയുടെ മുഖം മാറും..”
ഇടമുറിയാതെ പറഞ്ഞുകൊണ്ടിരിക്കുന്ന മകളേക്കാൾ മുൻപേ താൻ കരഞ്ഞേക്കുമോയെന്ന് തോന്നിയതും, ഉപ്പ വിളിക്കുന്നുണ്ട് നിന്നെ ഞാൻ കുറച്ചുകഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ് അവർ ഫോൺ കട്ടാക്കി….
“118 പവനും 50 സെന്റ് സ്ഥലവും കൊടുത്ത മകളുടെ സുഖത്തേക്കാൾ മാസം 1200 ദിർഹം ശമ്പളം വാങ്ങുന്ന ജോലിക്കാരിക്കുണ്ടല്ലോ ഇക്ക..”
ഓളിവിടുത്തെ രാജകുമാരിയല്ലേ നാസറേ..അവളില്ലാതെ ഇവിടെ ഞങ്ങക്കാർക്കും പറ്റൂല്ല…അമ്മായിയമ്മയുടെ വാക്കുകൾ അയാളുടെ കാതിൽ വന്നലച്ചു..
“നീയെന്താ ഇന്നലെ വിളിക്കാഞ്ഞേ…നിന്നെ വിളിച്ചിട്ട് കിട്ടാതായപ്പോൾ ഞാൻ സാദിഖിനെ വിളിച്ചിരുന്നു..ഓൻ പറഞ്ഞില്ലേ അന്നോട്..”
അടുത്ത വിളി രണ്ടാമത്തെ മകളോടാണ്..
“ആ പറഞ്ഞ്..ഞാനങ്ങോട്ടേക്ക് എന്നാ വിളിക്കാറ്..എന്റെ ഫോണിലെവിടെയാണ് പൈസ ? ഉമ്മയല്ലേ എന്നെ വിളിക്കാറുള്ളത്..വൈകുന്നേരം വന്നപ്പോൾ പറഞ്ഞു ഉമ്മ വിളിച്ചത്..ഒന്നങ്ങോട്ടേക്ക് വിളിക്കാൻ ഫോൺ ചോദിച്ചപ്പോൾ നാളെ ഇങ്ങോട്ടേക്ക് വിളിച്ചോളും അത്ര അത്യാവശ്യമൊന്നും ഇല്ലാ ന്ന്..ഒരു പത്തുറുപ്പ്യ എന്റെ കയ്യിൽ എന്റെ ആവശ്യങ്ങൾക്ക് തരാത്ത ആളോട് ഞാൻ എന്ത് പറയാനാണ്..പേരും പ്രശസ്തിയും ഉള്ള കുടുംബത്തെ തിരഞ്ഞുപിടിച്ച് മോളെ കെട്ടിക്കാൻ ഉപ്പക്കായിരുന്നല്ലോ തിരക്ക്..അടിവസ്ത്രം വാങ്ങണമെങ്കിൽ കൂടി പഴയത് കീറിയത് കാണിക്കണം..അന്നെന്റെ വാക്ക് കേട്ടിരുന്നെങ്കിൽ എനിക്കൊരു ജോലിയെങ്കിലും ഉണ്ടാകുമായിരുന്നു..എന്റെ ആവശ്യങ്ങൾക്കെങ്കിലും ആരോടും യാചിക്കേണ്ടി വരില്ലായിരുന്നു..വയറ് നിറയെ ഭക്ഷണവും കിട്ടി മക്കളെ പെറ്റുപോറ്റുന്നത് മാത്രമാണോ ജീവിതം..ഇതിപ്പോൾ ഭിക്ഷക്കാരെ പോലെ കൈനീട്ടിയുള്ള ജീവിതം മടുത്തു ശരിക്കും..ന്തിനാ ഉമ്മാ ന്നെ ഇങ്ങനെ…”
മുഴുവനാക്കാതെ അവൾ തന്നെ ഫോൺ കട്ടാക്കി പോയിട്ടും അയാളാ ഫോണിലേക്ക് പകച്ചു നോക്കി ഇരിക്കയായിരുന്നു..
ടീച്ചറാകണമെന്ന് കുഞ്ഞിലേ മുതൽ ആഗ്രഹമായിരുന്നവൾക്ക്..പഠിപ്പിക്കാതെ ,പറഞ്ഞ പൊന്നും പണവും കൊടുത്ത് കെട്ടിക്കുന്നത് വരെയും ഒന്നിനും കുറവ് വരുത്തിയിട്ടില്ല..
“കാലം മാറി..പെൺകുട്ടികളും മനുഷ്യജന്മങ്ങളാണ് അവർക്കും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവകാശമുണ്ടെന്ന് തിരിച്ചറിയാത്ത നമ്മളെപോലെയുള്ളവർ മക്കളെ
ഓരോന്നിനെയും കെട്ടിപ്പൂട്ടി കിണറ്റിൽ താഴ്ത്തുന്നതാണ് ഇതിലും നല്ലത്…”
ഭാര്യയുടെ ആത്മഗതം കേട്ടതും ഇനി മൂന്നാമത്തവളെ വിളിക്കേണ്ടെന്ന് അയാളവരോട് ആംഗ്യത്താൽ ആവശ്യപ്പെട്ടു..ഒരക്ഷരം ഉരിയാടാതെ അവർക്ക് മുൻപിൽ ഫോണിലേക്ക് നോക്കി അയാൾ കുറെ നേരമിരുന്നു..
പുലർച്ചെ മൂന്നുമണി വരെയും ഉറങ്ങാൻ കൂട്ടാക്കാതെ അയാൾ മക്കളുടെ പഴയ ആൽബങ്ങളും ഫോട്ടോയും മറിച്ചു നോക്കി..വിവാഹദിവസം വരെയും ഉണ്ടായിരുന്ന ചുറുചുറുക്കും കുട്ടിക്കളിയും സന്തോഷവുമെല്ലാം മക്കളുടെ മുഖങ്ങളിൽ ഇപ്പോഴില്ലല്ലോയെന്ന് വേദനയോടെ അയാളോർത്തു..
എന്നും മക്കളെ കെട്ടിച്ചുവിട്ട വീട്ടുകാരുടെയും മരുമക്കളുടെയും മഹിമയും പാരമ്പര്യവും പുകഴ്ത്തിപ്പറയുന്നതിനിടയിൽ സ്വന്തം മക്കളുടെ മാറ്റങ്ങൾ താൻ ശ്രദ്ധിച്ചില്ലല്ലോയെന്ന് അയാൾ കുറ്റബോധത്തോടെ ഓർത്തു..
രാവിലെ നഫീസയുടെ വാതിലിൽ തട്ടി , പൈലറ്റ് ആകണമെങ്കിൽ എവിടെ പഠിക്കണം..എത്രയാണ് കോഴ്സിന്റെ കാലയളവ്..എന്ത് ചിലവ് വരുമെന്നെല്ലാം നമുക്ക് അന്വേഷിക്കണമെന്ന് പറഞ്ഞ ഉപ്പയെ പകച്ചാണ് അവൾ നോക്കിയത്..
“ആ കുടുംബത്തിലെ ഇന്നയാളുടെ ഭാര്യ എന്റെ മകളാണെന്ന് പറയുന്നതിനേക്കാൾ
ക്യാപ്റ്റൻ നഫീസയുടെ ഉപ്പയാണ് ഞാനെന്ന് അറിയപെടുന്നതാണെന്റെ അഭിമാനം നഫീ..” കൺകോണിലെ നീർത്തിളക്കത്തോടെ നെഞ്ചിൽ കൈ തട്ടി തലയുയർത്തി അയാളത് പറയുമ്പോൾ അമ്പരപ്പ് പൊട്ടിക്കരച്ചിലിന് വഴിമാറി അവളാ നെഞ്ചിലേക്ക് തലതല്ലി കൊണ്ട് ചേർന്നുനിന്നു..
“പെങ്ങളേ ശരിയാണെന്ന് ഞാൻ തെറ്റിദ്ധരിച്ചിരുന്ന ചില കാര്യങ്ങൾ എനിക്ക് തെളിനീര് പോലെ ശരിയും തെറ്റും വ്യക്തമാക്കിത്തന്നതിന് നിങ്ങളോടാണ് എനിക്ക് കടപ്പാട്..എന്റെ വാശികളേക്കാൾ മക്കളുടെ സന്തോഷമാണ് എന്റെ സന്തോഷവും അഭിമാനവുമെന്ന തിരിച്ചറിവിന് ഒരുപാട് നന്ദി..”
കൈകൾ കൂപ്പി നന്ദി പറയുന്ന അയാൾക്ക് മുൻപിൽ കൈകൂപ്പി എഴുന്നേറ്റ് നിൽക്കുമ്പോൾ മായയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..
~ലിസ് ലോന