ചായം പൂശിയ കൃഷ്ണപ്രതിമകൾ
എഴുത്ത്: ഷിന്റോ എസ്
=============
“മധുപൻ മേം രാധിക നാചേരെ…മധുപൻ മേം രാധിക നാചേ”
തകരഷീറ്റുകൾ കൊണ്ട് പാതി മറച്ച് കെട്ടിപ്പൊക്കിയ ടെന്റുകളിൽ ഒന്നിൽ കൃഷ്ണപ്രതിമകൾക്ക് നടുവിലായി സ്ഥാനം പിടിച്ച പഴയൊരു റേഡിയോയിൽ നിന്നും ശ്രവണസുന്ദരമയൊരു ഹിന്ദുസ്ഥാനി രാഗം ഒഴുകിവന്നു. കണ്ണന്റെ പുല്ലാങ്കുഴൽ കേട്ടു ആനന്ദനൃത്തമാടുന്ന പൈക്കിടങ്ങളെ പോലെ ചുറ്റുമുള്ള കൃഷ്ണപ്രതിമകൾ ആ പാട്ടിനൊത്ത് താളം പിടിച്ചു.
പ്ലാസ്റ്റർ ഓഫ് പാരിസിൽ പണിത പല രൂപത്തിലും ഭാവത്തിലുമുള്ള കൃഷ്ണപ്രതിമകൾ. ചുണ്ടിൽ ഒളിപ്പിച്ചു വച്ച മൃദുമന്ദഹാസവുമയി ഏകനായി നിന്ന് പുല്ലാങ്കുഴൽ വായിച്ച് ഏതോ രാധയുടെ സ്വപ്നങ്ങളിലേക്ക് ചേക്കേറാൻ വെമ്പുന്ന, കാമുകഭാവം ഉൾകൊണ്ട കൃഷ്ണൻ, പ്രണയത്തിന്റെ തീവ്രത ആവാഹിച്ച് നറുനൃത്തമാടുന്ന രാധാകൃഷ്ണന്മാർ, ചാപല്യമില്ലാത്ത കുരുന്നു മനസ്സിന്റെ നേർക്കാഴ്ചയെന്നോണം കൈകളിലൂടെ ഒലിച്ചിറങ്ങുന്ന വെണ്ണയുമായ് മുട്ടിലിഴയുന്ന ഉണ്ണിക്കണ്ണൻ. അങ്ങനെ കാ മരൂപിയായ കൃഷ്ണന്റെ സർവഭാവങ്ങളും സ്ഫുരിക്കുന്ന നൂറുകണക്കിന് പ്രതിമകൾ….
ടെന്റിനൊരുവശത്ത് കാലുപോട്ടിയ ചകിരിക്കട്ടിലിൽ പാട്ടിൽ ലയിച്ച് കിടക്കുന്ന റാം. തകരഷീറ്റിന്റെ സുഷിരങ്ങളിൽ കൂടെ ഊർന്നിറങ്ങുന്ന നേർത്ത സൂര്യപ്രകാശത്തിൽ ക്ഷീണിച്ചവശനായ റാമിന്റെ മുഖം തെളിഞ്ഞു കാണാം. ടെന്റിന്റെ ഇരുണ്ട മൂലകളിലേക്ക് അലക്ഷ്യമായി നോക്കുന്ന കണ്ണുകളിൽ ദൈന്യത നിഴലിക്കുന്നുണ്ടായിരുന്നു.
തലയോട്ടിക്കുള്ളിലേക്ക് ചൂഴ്ന്നിറങ്ങിയ, രക്തം വറ്റിയ ആ കണ്ണുകൾക്കും, അയാൾക്കും, ചുറ്റുമുള്ള പ്രതിമകളുടെ വർണശോഭയൊന്നും ഉണ്ടായിരുന്നില്ല.
റേഡിയോയിൽ പല്ലവി ആവർത്തിച്ചപ്പോൾ ടെന്റിനു വെളിയിൽ കൃഷ്ണപ്രതിമകൾക്കു ചായം പൂശുകയായിരുന്ന മാനസി തന്റെ മധുരാധരങ്ങളാൽ അത് ഏറ്റുപാടി.
“മധുപൻ മേം രാധിക നാചേരെ..”
കയ്യിൽ പിടിച്ച ബ്രഷ് ചലിക്കുന്നതിനനുസരിച്ച് കിലുങ്ങിയ കുപ്പിവളകൾ അതിനു വാദ്യത്തിന്റെ അകമ്പടിയേകി. കാറ്റത്ത് ഇളകിയാടിയ ചെമ്പൻ മുടിയിഴകൾ അതിനു നൃത്തത്തിന്റെ ചാരുതയേകി.
കത്തിയെരിയുന്ന സൂര്യന്റെ കിരണങ്ങളും, വീശിയടിക്കുന്ന പൊടിക്കാറ്റും, ഹൈവേയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പലുകളും മാറി മാറി ആലിംഗനം ചെയ്തതിന്റെ വിവശത അവളിൽ പ്രതിഫലിച്ചിരുന്നു.
കരുവാളിച്ച മുഖത്ത് നിറയെ വിയർപ്പു തുള്ളികൾ പൊടിഞ്ഞു നിൽക്കുന്നു. ചിലത് മുഖത്ത് ചാലുകൾ സൃഷ്ടിച്ചുകൊണ്ട് ഊർന്നിറങ്ങി. ഒട്ടിയ കവിളും കൂർത്ത താടിയും കടന്നു അവ താഴേക്ക് പതിച്ചു. ചില ചെമ്പൻ കണങ്ങൾ മുഷിഞ്ഞ ബ്ലൗസിനുള്ളിൽ പതിച്ച് അവളുടെ മാ റിടത്തെ ഈറനണിയിച്ച് ആലിംഗനം ചെയ്തു. ഇക്കിളികൂട്ടുന്ന വിയർപ്പുകണങ്ങളെ പാവടതുമ്പാൽ തുടച്ച് അവൾ ജോലി തുടർന്നു.
സസൂക്ഷ്മം പ്രതിമകൾക്കവൾ ജീവൻ നൽകി. മഞ്ഞ ഉടയാടകളും, ആടയാഭരണങ്ങളും, മയിൽപീലിയും, തിളക്കമാർന്ന കണ്ണുകളും, ചെഞ്ചുണ്ടും നൽകിയപ്പോൾ പ്രതിമകൾ അവളെ നോക്കി പുഞ്ചിരി തൂകി.
പുല്ലാങ്കുഴലിനു നിറം കൊടുത്തുകൊണ്ടിരിക്കവേ ഒരു കാർ ഹോൺ മുഴക്കിക്കൊണ്ട് അവൾക്കരികിൽ വന്നു നിർത്തി.
സുമുഖനായ ഒരു ചെറുപ്പക്കാരൻ. ചുണ്ടിലമർത്തിവച്ച പാൽക്കുപ്പി നുണയുന്ന കുരുന്നിനെ കയ്യിലെടുത്ത് ഒരു യുവസുന്ദരി. ഇരുവരും കാറിൽ നിന്നിറങ്ങി. ചായം മുക്കിയ ബ്രഷ് മുടിക്കുത്തിൽ തിരുകിവച്ച് മാനസി അവർക്കരികിലേക്ക് നടന്നു.
മാനസിയുടെ ഏല്ലിച്ച രൂപവും മുഷിഞ്ഞ വസ്ത്രങ്ങളും അയാളെ അലോസരപ്പെടുത്തിയിട്ടുണ്ടാകണം. തികഞ്ഞ അറപ്പോടെ അയാൾ അവളെ നോക്കി.
അയാൾക്കൊപ്പം വന്ന സുന്ദരി പ്രതിമകൾക്കിടയിലൂടെ നടന്നു. പ്രതിമകളുടെ ലാളിത്യവും ഒപ്പിയെടുത്ത ചായങ്ങളും അവളെ ആകർഷിച്ചു. ഏറെ നേരത്തിനു ശേഷം, രാധയെ ചേർത്ത് നിർത്തി പുല്ലാങ്കുഴൽ വായിക്കുന്ന കൃഷ്ണനെ അവൾ തിരഞ്ഞെടുത്തു. ആ പ്രതിമ ഭർത്താവിന്റെ കൈകളിൽ വച്ചുകൊടുത്തപ്പോൾ മനസിയോടു തോന്നിയ അവജ്ഞ അയാളുടെ മുഖത്തുണ്ടായിരുന്നില്ല. പ്രതിമയിൽ തലങ്ങും വിലങ്ങും വിശദമായി പരിശോധിച്ച് അയാൾ മനസിയോടു ചോദിച്ചു
“കിത് നാ?” (ഏത്രയാ)
“സാബ്, അഞ്ഞൂറ്”
മുറിമലയാളത്തിൽ മാനസി മറുപടി പറഞ്ഞു
“ഓ, മലയാളം അറിയാമല്ലേ!
അഞ്ഞൂറ് വളരെ കൂടുതലാണ്, അതൊന്നും പറ്റില്ല”
“അഞ്ഞൂറില്ലാതെ പറ്റില്ല സാബ്”
“ഞാനൊരു നൂറു രൂപ തരും”
“നൂറു പോര സാബ്, മുന്നൂറെങ്കിലും വേണം.”
“മുന്നൂറോ?”
അയാൾ ഒരു പുച്ഛത്തോടെ ചോദിച്ചു.
“നിനക്കുണ്ടോടി മുന്നൂറ് രൂപ! അപ്പോഴാണ് ഒരു പ്രതിമക്ക്”
അയാൾ ദേഷ്യത്തോടെ വലിച്ചെറിഞ്ഞ നൂറു രൂപ നോട്ട് കയ്യിലെടുത്തപ്പോൾ മാനസിയുടെ കണ്ണുകൾ നിറഞ്ഞു. ആ നോട്ടിന് വിയർപ്പിന്റെ നനവും കണ്ണുനീരിന്റെ കയ്പ്പും ചോരയുടെ ഗന്ധവും ഉണ്ടായിരുന്നു. തുച്ഛമായ വിലയ്ക്ക് പ്രതിമ കിട്ടിയ നിർവൃതിയിൽ അവർ കാറിൽ കയറി പോയി. സങ്കടങ്ങളും വേദനകളും ഉള്ളിലോളിപ്പിച്ച് മാനസി വീണ്ടും ബ്രഷ് കയ്യിലെടുത്തു.
വിശപ്പും ക്ഷീണവും അവളെ കാർന്നു തിന്നു തുടങ്ങിയിരുന്നു. അവളെ മാത്രമല്ല, കൂടെയുള്ളവരേയും. റാമിന്റെ ചികിത്സ മുടങ്ങി. മരുന്നിന് പണമില്ല. വിശപ്പ് മാറ്റാനും ഒന്നുമില്ല. എത്രയോ നാളുകൾക്ക് ശേഷം വിറ്റുപോയ ഏക പ്രതിമയ്ക്കാണ് അയാൾ നൂറു രൂപ വിലയിട്ടത്.
ടെന്റിനു വെളിയിൽ കെട്ടിയ തുണിത്തൊട്ടിലിൽ കിടന്ന കുഞ്ഞു കരയാൻ തുടങ്ങി. വിശപ്പാണ് ശത്രു. കുഞ്ഞിനെ എടുത്തു വന്നു മു ല കൊടുത്തു കൊണ്ട് മാനസി ജോലി തുടർന്നു. പട്ടിണിയും ദാരിദ്ര്യവും ചുക്കിച്ച മു ല കുഞ്ഞിന്റെ വായിൽ തിരുകിയപ്പോൾ വിയർപ്പിന്റെ ഗന്ധവും രുചിയും കലർന്ന മുലപ്പാൽ കിനിഞ്ഞു.
വിശപ്പണഞ്ഞെന്ന് ബോധ്യമായപ്പോൾ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി മാനസി റാമിനരികിൽ വന്നിരുന്നു. റാമിന്റെ കൈകളെ ചേർത്ത് പിടിച്ചപ്പോൾ അതിന്റെ ശീതളത മാനസിയുടെ സർവ നാഡീഞരമ്പുകളെയും മരവിപ്പിച്ചു. ആ കരങ്ങളുടെ ചൂടും മാ റിടത്തിന്റെ ഊഷ്മളതയും അവളെ ഏറെ ഹരം കൊള്ളിച്ചതാണ്. അതിപ്പോൾ നിർജീവമായി കിടക്കുന്നു.
മൂന്ന് വർഷം മുന്നെയാണ് മാനസി റാമിനെ പരിചയപ്പെടുന്നത്. അത് യാദൃച്ഛികമായിരുന്നോ എന്ന് ചോദിച്ചാൽ ഉത്തരം മുട്ടും. ദൈവഹിതമെന്നു വേണം കരുതാൻ.
ഗോത്ര പാരമ്പര്യവും ജാതീയ അതിർവരമ്പുകളും മനുഷ്യത്വത്തെ നിർവചിക്കുന്ന ജീർണിച്ച സമൂഹത്തിന്റെ ഭാഗമായിരുന്നു അവൾ. പല വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങി കൂടിയ ഒരു ഗോത്രത്തിന്റെ സാമൂഹിക ബന്ധനങ്ങൾക്ക് ജീവിതം ഹോമിച്ച നാരീജന്മങ്ങളിൽ ഒരുവൾ. നൃത്തവും പാട്ടുമായ് നാട് നീളെ അലയുന്ന ഒരു ജനത. സ്ഥിരമായ കൂരകളില്ല. ഇടത്താവളങ്ങളിൽ അന്തിയുറങ്ങും. പ്രകൃതിയുടെ കനികൾ ഭക്ഷിക്കും. ചെറുഗ്രാമങ്ങളുടെ തെരുവോരങ്ങളിൽ നൃത്തമാടിയും പാട്ടുപാടിയും പരിഷ്കൃത സമൂഹത്തിന്റെ മരപ്പാവകളായ് സ്വയം ചമഞ്ഞവർ. അവരുടെ ബന്ധങ്ങൾ എപ്പോഴും ആ ഒരു സമൂഹത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുക്കി നിർത്താൻ അവർ ശ്രദ്ധിച്ചിരുന്നു. ബന്ധങ്ങൾക്ക് പോലും ബന്ധനങ്ങൾ തീർത്തവർ.
ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്കുള്ള പ്രയാണത്തിനിടയിലാണ് ഒരു മണ്ണടിപ്പാതയുടെ ഓരത്ത് തമ്പടിച്ചിരിക്കുന്ന പ്രതിമ വിൽപനക്കാരെ കണ്ടത്. നഗരപ്രാന്തമായതിനാലും ഊർജ്ജസ്വലമായ സായാഹ്നങ്ങളുടെ ഇടമാണെന്ന അറിവിലും ആ പ്രദേശത്ത് തമ്പടിക്കുവാൻ തീരുമാനിക്കുകയായിരുന്നു. മണ്ണടിപ്പാതയുടെ ഇരുവശങ്ങളും കൂരകളാൽ സമ്പന്നമായി.
സായാഹ്നങ്ങൾ പാട്ടും നൃത്തവും കൊണ്ട് ആഘോഷഭരിതമാക്കി ദിവസങ്ങൾ കടന്നുപോയി. അതിനിടയിൽ എപ്പോഴോ അച്ചിൽ വാർത്തെടുത്ത പ്രതിമകളെ മിനുക്കി രൂപവും ഭംഗിയും നൽകുന്ന ഒരു ചെറുപ്പകാരൻ മാനസിയുടെ ശ്രദ്ധയിൽ പെട്ടു. ഒരു ദൃഡഗാത്രൻ, ഇരുണ്ട നിറം.
പിന്നീടുള്ള ദിവസങ്ങളിൽ മാനസി അയാളെ ശ്രദ്ധിക്കുവാൻ തുടങ്ങി. അവൾ നൃത്തം ചവിട്ടിയതും പാട്ട് പാടിയതും അയാളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി മാത്രമായി. അവളുടെ നിറം മങ്ങിയ സ്വപ്നങ്ങൾക്ക് അയാൾ ചായം പൂശി. അയാളുടെ പുഞ്ചിരി അവളുടെ ഹൃദയത്തിന്റെ ഇരുണ്ട മൂലകളിൽ ഒരു നിലാവെട്ടം കണക്കെ മിന്നി.
ഒരു മാസത്തോളം അവിടെ തമ്പടിച്ചു. അക്കാലമത്രയും അവർ ഒന്നും മിണ്ടിയില്ല. മണ്ണടിപ്പാത തീർത്ത അതിർവരമ്പുകൾ അവർ ഭേദിച്ചില്ല. കണ്ണുകൾ കൊണ്ട് കഥകൾ പറഞ്ഞു, സ്വപ്നങ്ങൾ പങ്കുവെച്ചു.
തമ്പ് പൊളിക്കുന്നതിന്റെ തലേന്ന് മാനസി ഉറങ്ങിയില്ല. പല ആകുലതകളും അവളുടെ മനസ്സിനെ അലട്ടി. പാതയ്ക്കെതിർവശത്ത് നിലാവെട്ടത് തിളങ്ങി നിൽക്കുന്ന പ്രതിമകളെ നോക്കി കുറെ നേരം നിന്നു. പല വികാരങ്ങളും ഒരേ സമയം അവളിൽ വന്നു ചേർന്നു. അവളുടെ രക്തം വറ്റി. ശരീരമാകെ മരവിച്ചു. അന്നവൾ ഉറങ്ങിയതേയില്ല.
അടുത്ത ദിവസം അവൾ വേലിക്കെട്ടുകൾ അറുത്ത് മാറ്റി. മണ്ണടിപ്പാത കടന്നു അയാൾക്കരികിലെത്തി. പതിവ് പോലെ അയാൾ പ്രതിമകൾ മിനുക്കുകയായിരുന്നു. മാനസി അയാളെ നോക്കി ചിരിച്ചു. അയാൾ തിരിച്ചും. അതവളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ പതിച്ചു.
പ്രണയഹർഷത്താൽ അവൾ അയാളെ ആലിംഗനം ചെയ്ത് ചുംബനങ്ങളാൽ മൂടി. അത് കണ്ട് പ്രതിമകൾ കണ്ണടച്ചു. അവളുടെ ഹൃദയത്തിന്റെ നെരിപ്പോടിൽ അതൊരു വർഷമായി ചൊരിഞ്ഞു.
അത് പക്ഷേ അവൾക്ക് ചുറ്റും മറ്റൊരു അഗ്നിയെ ആളിക്കത്തിച്ചു. അ അഗ്നിയിൽ മണ്ണടിപ്പാതയ്ക്ക് ഇരുവശത്തും കൂരകൾ കത്തി. അണപൊട്ടിയൊഴുകിയ ചോരച്ചാലുകൾ പുതിയ അതിർത്തികൾ തീർത്തു. ജാതീയ വിദ്വേഷത്തിന്റെ പുഴുവരിച്ച വ്രണത്തിൽ നിന്നും ഒഴുകിവന്ന ചലത്തിൽ മനസിയും റാമും മുങ്ങി. ആ യുവമിഥുനങ്ങൾ പലായനതിന്റെ നവമാർഗങ്ങൾ തേടി അലഞ്ഞു.
ദേശങ്ങൾ കടന്നു, നാഴികകൾ താണ്ടി, ഇവിടെയെത്തി. പ്രതിമകൾ നിർമ്മിച്ചു. റാമിന്റെ കൈത്തഴക്കത്തിൽ അഴകാർന്ന പ്രതിമകൾ രൂപം കൊണ്ടു. മാനസിയുടെ കരങ്ങൾ ചായം നൽകിയപ്പോൾ അവയിൽ ജീവൻ തുടിച്ചു.
പുതു സൂര്യോദയങ്ങൾ വന്നു. ഋതുക്കൾ വന്നു പോയി. ഇരുണ്ട ഭൂതകാലത്തെ ഓർക്കാതെ പുത്തൻ പ്രതിമകൾക്കിടയിൽ അവർ ജീവിച്ചു. സന്തോഷത്തിന്റെ നാളുകൾ അവർക്കൊരു കുരുന്നിനെയും സമ്മാനിച്ചു.
ആ നല്ല നാളുകൾക്ക് വിരാമമിട്ടു കൊണ്ടാണ് റാം കിടപ്പിലായത്. ശരീരം തളർന്നു ജീവച്ഛവമായി വീണപ്പോൾ അവരുടെ സ്വപ്നങ്ങളും ക്ഷയിച്ചു. പ്രതിസന്ധികളെ ഏകയായി നിന്ന് വെല്ലുവിളിച്ച് അവളും ക്ഷീണിച്ചു.
മാനസിയുടെ കണ്ണുകൾ നിറഞ്ഞു. ആ ചുടുബാഷ്പം റാമിന്റെ കൈകളിൽ പതിച്ചു. റാം കൈയ്യനക്കിയില്ല. അവന്റെ കണ്ണുകൾ ചുവന്നു. അവ ഈറനണിഞ്ഞു.
പുറത്ത് ഒരു കാർ ഹോൺ മുഴക്കുന്ന ശബ്ദം കേട്ട് മാനസി എഴുന്നേറ്റു. നേരത്തെ വന്ന അതേ കാർ. ആ ചെറുപ്പക്കാരൻ കാറിനു പുറത്തിറങ്ങി നിൽക്കുന്നു. ആ സുന്ദരി കൂടെയില്ല. പകരം മൂന്ന് നാല് ചെറുപ്പക്കാർ.
മാനസിയുടെ കാലുകൾ മരവിച്ചു. ഹൃദയമിടിപ്പിനു വേഗം കൂടി. ഒരായിരം ചിന്തകൾ അവളുടെ മനസ്സിൽ അലയടിച്ചു. പ്രതിമകൾക്കു വേണ്ടിയാവരുതെ എന്നവൾ പ്രാർത്ഥിച്ചു. മരവിച്ച കാലുകളും ഭാരിച്ച ചിന്തകളുമായി അവൾ നടന്നു.
“പ്രതിമ വേണം”
അയാൾ പറഞ്ഞു.
“പ്രതിമ ഇല്ല”
“പിന്നെ ഈ കാണുന്നതൊക്കെ എന്താടീ?”
“നിങ്ങൾക്ക് തരാൻ പ്രതിമ ഇല്ല”
“ഞങ്ങൾക്ക് തരാതെ നി ഇവിടെ പ്രതിമ വിൽക്കുമോ?”
അവൾ മറുപടി നൽകിയില്ല. നിറമൗനത്തോടെ അവൾ തിരിഞ്ഞു നടന്നു. അയാൾ അവളുടെ കൈകളിൽ പിടിച്ചു. അവൾ ഞെട്ടി. ഹൃദയത്തെ കീറിമുറിച്ചു കൊണ്ട് ഒരു മിന്നൽപ്പിണർ അവളുടെ ഉള്ളിലൂടെ പാഞ്ഞു പോയി. കൈകൾ കുടഞ്ഞെറിഞ്ഞ് അവൾ അയാളെ നോക്കി.
“ഞങ്ങൾ അഞ്ച് പ്രതിമകൾ വാങ്ങും. നീ പറഞ്ഞ വിലയ്ക്ക്. ഒന്നിന് അഞ്ഞൂറ് വെച്ച്.”
സ്തബ്ദയായി നിന്ന മാനസിയോട് അയാൾ പറഞ്ഞു.
“പക്ഷേ നി ഞങ്ങളുടെ കൂടെ വരണം”
അയാളുടെ മുഖത്ത് തുപ്പി അവൾ പ്രതികരിച്ചു. ജല്പനങ്ങളിലെ ആണത്തത്തെ കീറിമുറിച്ച് അത് അയാളുടെ മുഖത്ത് കൂടെ ഒലിച്ചിറങ്ങി. അയാളുടെ കൈകൾ ഒരു പാമ്പിനെ പോലെ അവളുടെ അരക്കെട്ടിനെ വരിഞ്ഞു. തൊട്ടിലിൽ കിടന്ന കുഞ്ഞു കരഞ്ഞു. അവൾക്ക് ശ്വാസം മുട്ടി. കണ്ണുകളിൽ ഇരുട്ട് കയറി. കുഞ്ഞിന്റെ കരച്ചിൽ പതിയെ കേൾക്കാതെയായി.
ബോധം വന്നപ്പോൾ ഇരുട്ട് വീണു തുടങ്ങിയിരുന്നു. തൊട്ടിലിൽ കിടന്ന കുഞ്ഞിന്റെ കരച്ചിൽ കേൾക്കാം. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. കാലുകൾക്ക് ശക്തിയില്ലാതായിരിക്കുന്നു. തുടകൾ കല്ലുകളാലെന്ന പോലെ ഭാരിച്ചു. എല്ലുകൾ നുറുങ്ങുന്ന വേദന അവൾ അറിഞ്ഞു. അടിവയറ്റിലൂടെ അനേകായിരം ഖഡ്ഗങ്ങൾ ഒരുമിച്ച് കുത്തിയിറക്കുന്നത് അവളറിഞ്ഞു. ശരീരമാസകലം വരിഞ്ഞു മുറുകുന്നു. അതി കഠിനമായ ഒരു വ്യസനം അവളുടെ മനസ്സിനെ ഭാരിച്ചതാക്കി. പേറ്റുനോവിനേക്കാൾ വലിയ വേദന ലോകത്തുണ്ടെന്ന് അവൾ മനസ്സിലാക്കി. വളരെ വൈകിയാണ് അവൾക്കൊരു കാര്യം ബോധ്യമായത്.
അവൾക്ക് വസ്ത്രങ്ങളുണ്ടായിരുന്നില്ല!!
കുഞ്ഞു കരച്ചിൽ നിർത്തിയില്ല. ഇടറുന്ന കാലടികളോടെ അവൾ കുഞ്ഞിനരികിലേക്ക് നടന്നു. അവൾ ന ഗ്നത മറച്ചില്ല. മേലാടകൾ അവൾക്ക് അതിഭാരമയി തോന്നി. കുഞ്ഞ് അപ്പോഴും കരയുന്നു. അവൾ കുഞ്ഞിന് മു ല കൊടുത്തു. അവൾക്ക് നീറ്റൽ അനുഭവപ്പെട്ടു. നോക്കിയപ്പോൾ മു ലമൊട്ടുകൾ കാണാനില്ല. അത് കടിച്ചെടുത്തിരിക്കുന്നു. അവിടെ ചോര കല്ലിച്ച് നിൽക്കുന്നു. പാതി ഛേദിക്കപ്പെട്ട മു ലകൾ അവൾ കുഞ്ഞിന്റെ വായിൽ തിരുകി. മു ലകൾ ചോര കിനിഞ്ഞു. ആർത്തിയോടെ കുഞ്ഞത് കുടിച്ചു. അത് കരച്ചിൽ നിർത്തി. അവളെ നോക്കി ചിരിച്ചു.
മാനസി ബ്രഷ് കയ്യിലെടുത്തു. കൃഷണപ്രതിമകൾക്ക് ചായം പൂശി. നല്ല കടുംചായം. പ്രതിമകൾ അവളെ നോക്കി നിർവികാരതയോടെ നിലകൊണ്ടു. കടും ചായങ്ങൾ ഒപ്പിയെടുക്കാൻ പ്രതിമകൾ മടിച്ചു.
അവളുടെ മനസ്സ് കൂടുതൽ ഭാരിച്ചതായി. അവൾ കരഞ്ഞില്ല. ആ അഭിനവ നങ്ങേലി മു ലകൾ മുറിച്ചെറിഞ്ഞു. ആ ചോ രയിൽ പ്രതിമകൾ ചെഞ്ചായമണിഞ്ഞു. ചെഞ്ചോരയിൽ ആറാടി, രൗദ്ര ഭാവം ആവാഹിച്ച് അവ മാനസിയെ നോക്കി നിന്നു.
*******************