എഴുത്ത്: മണ്ടശിരോമണി മണ്ടൻ
===========
“എപ്പോഴും ചിരിയാണല്ലേ….?”
അതായിരുന്നു അവളുടെ ആദ്യ മെസേജ്. അവളെന്നു പറഞ്ഞാൽ വിദ്യ.അവൾ ഇടുന്ന സ്റ്റാറ്റസുകൾക്ക് ഞാൻ “ഹഹ ” ഇമോജി സ്ഥിരമായി ഇടുന്നതായിരുന്നു കാരണം.
“എന്തേ ചിരിക്കാൻ പാടില്ലേ?” ഞാനും മറുചോദ്യമിട്ടു.
“ചിരിച്ചോളൂ…അതിനും വേണം ഒരു ഭാഗ്യം” ഏറെ വൈകാതെ വന്ന മറുപടി…അതായിരുന്നു പരിചയപ്പെടലിന്റെ തുടക്കം.
“ഇയാളെന്തു ചെയ്യുവാ” ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ തന്നെയാണ് അങ്ങോട്ട് പോയി മിണ്ടിയത്.
“എന്തു ചെയ്യാൻ? ഇത്തിരി തയ്ക്കാൻ ഉണ്ട് അത് ചെയ്യണം വേറെ ഒന്നൂല്ല” മിണ്ടിതുടങ്ങുകയായിരുന്നു ഞങ്ങൾ.
“തന്റെ കല്യാണം കഴിഞ്ഞതാണോ?” വിദ്യയുടെ ചോദ്യം.
“പിന്നെ എങ്ങനാ ഇങ്ങനൊക്കെ എഴുതാൻ പറ്റുന്നേ?” കല്യാണം കഴിഞ്ഞിട്ടില്ല എന്ന മറുപടി കിട്ടിയപ്പോൾ തന്നെ അടുത്ത ചോദ്യവും വന്നു. അതിനുള്ള ഉത്തരം ഞാൻ ഒരു ചിരിയിലൊതുക്കി.
“വിനുവിന് അറിയുമോ എന്റെ കല്യാണം കഴിഞ്ഞിട്ട് പത്ത് വർഷം ആയി. ഇന്നുവരെ മനസ് തുറന്ന് ഒന്നു ചിരിക്കാൻ പറ്റീട്ടില്ല എനിക്ക്…എപ്പോഴും ഓരോരോ പ്രശ്നങ്ങളാടോ…ഇന്നും എന്നെ തല്ലി…മോനെ ഓർത്തിട്ടാ അല്ലേൽ ഞാൻ എന്തേലും ചെയ്ത് ച ത്ത് കളയുമായിരുന്നു”
ആദ്യമായാണ് അവൾ വീട്ടിലെ കാര്യങ്ങളൊക്കെ പറഞ്ഞ് മനസുതുറന്നത്. സ്ഥിരമായി ചാറ്റ് ചെയ്യാറുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങളൊന്നും തന്നെ പറയാറില്ലായിരുന്നു അവൾ. എന്തോ ഞാനും അങ്ങനെ ചോദിച്ചിട്ടും ഉണ്ടായിരുന്നില്ല. അവളോട് അടുക്കുംന്തോറും അവൾ എത്രത്തോളം ആ വീട്ടിൽ സഹിക്കുന്നുണ്ട് ന്ന് ഞാൻ മനസിലാക്കുകയായിരുന്നു.
“എന്റെ വിനൂ തയ്ച്ച് തയ്ച്ച് എന്റെ തണ്ടെല്ല് വേദനിച്ചു, എന്നാലും സാരമില്ല അതിന്റെ പൈസ കിട്ടി കെട്ടോ. എന്റെ മോന് ഒരു പാന്റ് വാങ്ങിക്കണം. അവന്റെ പിറന്നാളാ അടുത്ത ആഴ്ച്ച” അവൾ അന്ന് നല്ല സന്തോഷത്തിലായിരുന്നു. കാര്യായിട്ട് എന്തൊക്കെയോ തയ്ക്കാൻ കിട്ടീട്ടുണ്ട് കൂടെ പൈസയും.
അന്ന് രാത്രി തന്നെയാണ് അവളുടെ ഭർത്താവ് ഓരോ ആവിശ്യവും പറഞ്ഞ് വന്നതും. ആ പൈസ അയാൾക്ക് വേണം എന്തോ അത്യാവശ്യം ഉണ്ടത്രെ !. അയാൾ പറയുന്ന അത്യാവശ്യങ്ങൾ ഒരു പാട് കണ്ടത് കൊണ്ട് തന്നെ അവൾ പൈസ കൊടുക്കാൻ തയ്യാറായില്ല. ഒടുവിൽ അവളുടെ തയ്യൽ മിഷ്യൻ എടുത്ത് നിലത്തെറിയും എന്ന അവസ്ഥ വന്നപ്പോൾ അവൾക്ക് ആ പൈസ കൊടുക്കേണ്ടി വന്നു.
***********
സമയം വൈകുന്നേരം ഏഴ് മണി ആയിട്ടുണ്ടാകും, ഞാൻ മോനെ പഠിപ്പിച്ചു കൊണ്ടിരിക്കുംബൊഴായിരുന്നു പുള്ളി കേറി വന്നത്. സ്റ്റെപ്പ് കേറുംബോൾ തന്നെ വീഴാൻ പോകുന്നുണ്ടായിരുന്നു. അല്ലെങ്കിലും ഇത് ഒരു പതിവാണ്. പൈസയുടെ അത്യാവശ്യം ഇതാണെന്ന് എനിക്ക് പണ്ടേ മനസിലായതാണ്.
“കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ” ഞാൻ പതുക്കെ ചോദിച്ചു.
“എനിക്കൊന്നും വേണ്ട….നിനക്ക് നേരത്തെ ഞാൻ പൈസക്ക് ചോദിച്ചപ്പൊ തരാൻ എന്തായിരുന്നു മടി?” ചോദ്യം ചെയ്യൽ ആരംഭിക്കുകയായിരുന്നു
ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു. മോൻ സച്ചുവിന്റെ മുഖത്തും ഭയം നിഴലിച്ചു തുടങ്ങി. വഴക്കിട്ടാലും അത് മോന്റെ മുന്നിൽ ആകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.
“നിന്റെ വായിലെന്താ നാവില്ലേ?” അടുക്കളയിലേക്ക് വന്ന പുള്ളി നിലത്ത് വെച്ച പാത്രത്തിലിട്ട് ചവിട്ടി കൊണ്ടാണ് ചോദ്യം ആവർത്തിച്ചത്. അടുക്കള പടിവരെ തെറിച്ച ആ സ്റ്റീൽ പാത്രത്തിന്റെ സൗണ്ട് കേട്ട സച്ചുവിന്റെ കണ്ണുകളിൽ ഭയം നിഴലിച്ചു. ചവിട്ടി തെറിപ്പിച്ച ആ സ്റ്റീൽ പാത്രം കുനിഞ്ഞെടുത്ത് ഒന്നും മിണ്ടാതെ ഞാൻ ഹാളിലേക്ക് നടന്നു.
“ഇത് നിന്റെ അച്ഛന്റെ വീടല്ല, ഞാൻ ഉണ്ടാക്കിയ വീടാ ഇവിടെ ഞാൻ പറയുന്നത് കേട്ട് നിക്കാൻ പറ്റുമെങ്കിൽ മാത്രം നിന്നാമതി കേട്ടല്ലോ” പിന്നാലെ വന്ന് അയാൾ ഓരോന്ന് പറയാൻ തുടങ്ങി.
“അതിന് ഞാനിപ്പൊ ഒന്നും പറഞ്ഞില്ലല്ലോ ഷിബു ഏട്ടാ” ഞാൻ പതുക്കെ പറഞ്ഞു.
“നീ പറഞ്ഞില്ലേ…ഏ നീ പറഞ്ഞില്ലേ ? ച വിട്ടി നിന്റെ അമ്മേടെ…” പിന്നീട് അയാളുടെ നാവിൽ നിന്നും വന്നത് പച്ചത്തെ റിയായിരുന്നു.
“ഷിബു എട്ടാ മോന്റെ മുന്നിൽ നിന്നും എന്നെ ഇങ്ങനെ ചീത്ത വിളിക്കരുത് എന്ന് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് കേട്ടല്ലോ”
“പറഞ്ഞാൽ നീ എന്തു ചെയ്യുമെടീ ” അതും പറഞ്ഞ് അയാൾ എനിക്കു നേരെ വന്നു. ഒടുവിൽ അടുക്കളയിൽ എത്തിയ അയാൾ ചവിട്ടിയിട്ടത് ഞങ്ങൾക്ക് കഴിക്കാനുള്ള ചോറിന്റെ കലം ആയിരുന്നു. പരാക്രമം മുഴുവൻ കഴിഞ്ഞ് ബോധമില്ലാതെ അയാൾ കിടക്കുമ്പോഴേക്കും എന്റെയും മോന്റെയും വയറ്റിൽ പാബൻ ഉണർന്നിരിക്കുകയായിരുന്നു.
ഏറെ നേരം അടുക്കളചുവരും ചാരിയിരുന്നു കരയുകയായിരുന്നു ഞാൻ. മുട്ടിനുമേലെ മുഖം വെച്ച് അങ്ങനെ ഇരിക്കുന്ന എന്നെ ഉണർത്തിയത് മോനാണ്.
“മോന് വിശക്കുന്നുണ്ടോ വാ അമ്മ എന്തെങ്കിലും എടുത്ത് തരാട്ടോ” പതുക്കെ എണീക്കുമ്പോഴേക്കും വേച്ചു പോയിരുന്നു ഞാൻ. തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു . ചുവരോട് ചേർത്തടിച്ച തലയുടെ ഭാഗം മുഴച്ചിരിക്കുന്നുണ്ടായിരുന്നു.
“അമ്മ അവിലു തേങ്ങേം പഞ്ചാരേം ഇട്ടു തന്നാൽ മോനതു തിന്നോ?” മറ്റൊന്നും ഇല്ല എന്നറിയുന്നത് കൊണ്ടാവാം അവനും പൊരുത്തപ്പെട്ടു വരികയായിരുന്നു. അതും കൊടുത്ത് അവനെ കിടത്തിയിട്ട് ഞാൻ അടുക്കള ഒക്കെ പതുക്കെ വൃത്തിയാക്കി കിടക്കുംമ്പോഴേക്കും പന്ത്രണ്ട് മണി ആയിരുന്നു.
ഈ ഒരു ആള് കാരണം ലോകത്തുള്ള സകല ആണിനേയും വെറുത്തിരുന്ന എനിക്ക് മുന്നിൽ വിനു ഒരു ആശ്വാസം തന്നെ ആയിരുന്നു. എല്ലാം അവനോട് തുറന്ന് പറഞ്ഞപ്പോൾ എന്തോ ഒരു ആശ്വാസം.
“രാവിലെ പോയി ഡോക്റ്ററെ കാണണം അതിന് എത്രയാ പൈസ വരുക എന്നു വെച്ചാൽ ഞാൻ തരാം” വിനുവിന്റെ മെസ്സേജ്.
“പൈസ ഒന്നും വേണ്ടടാ” എന്ന് മറുപടി അയച്ചെങ്കിലും..അവന്റെ മെസ്സേജുകൾ അതെനിക്ക് വല്ലാത്തൊരു ആശ്വാസം തന്നെ ആയിരുന്നു.
“അങ്ങനെ വേദന ഒന്നൂല്ലടാ പിന്നെ ഇതൊക്കെ ഇപ്പൊ ശീലായി….സാരമില്ല വിനു…നീ എന്തേലും കഴിച്ചോ?” ഞാൻ അത് ചോദിക്കുമ്പോൾ സമയം രാത്രി ഒരുമണി ആയിരുന്നു.
“ആ ഒരു മണിക്ക് ആണല്ലോ ഇപ്പൊ ഭക്ഷണം കഴിക്കുന്നേ, തലയ്ക്കടി കിട്ടിയപ്പൊ വട്ടായോ എന്റെ വിദ്യക്കുട്ടിക്ക് “
കളിയാക്കിയുള്ള അവന്റെ സംസാരത്തെ ഞാൻ ആസ്വദിച്ചു ചിരിച്ചു.
“ഇയാളെന്തെങ്കിലും കഴിച്ചിട്ടാണോ കിടന്നെ?” അവന്റെ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു. കഴിച്ചു എന്ന കള്ളം ഞാൻ പറഞ്ഞ് വെക്കുകയും ചെയ്തു.
“വിദ്യേ?”
“ഉം”
“നിനക്കൊന്ന് പൊട്ടിക്കരഞ്ഞുടെ പെണ്ണേ?” അവന്റെ ആ ഒരു ചോദ്യം വായിച്ച് കഴിയും മുന്നെ പൊട്ടിപ്പോയിരുന്നു ഞാൻ ശബ്ദമില്ലാതെ കരഞ്ഞ് കരഞ്ഞ്.
“താങ്ങാൻ ആരൂല്ല ചെക്കാ” ഒടുവിൽ എന്റെ തൊണ്ട ഇടറി.
“ഞാനില്ലെ കൂടെ.” അവന്റെ ആ വാക്കുകളുടെ ആഴം അതെത്ര വലുതായിരുന്നെന്നു അവനു പോലും മനസിലായിട്ടുണ്ടാകില്ല. എന്റെ കണ്ണുകൾ നിറയുകയായിരുന്നു.
“ഒരുപക്ഷേ അടുത്തുണ്ടായിരുന്നെങ്കിൽ തന്നെ ഞാനിപ്പൊ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചേനെ…തന്റെ ജീവിതം എനിക്ക് കണ്ടു നിൽക്കാൻ പറ്റുന്നില്ലെടോ” അവന്റെ കണ്ണിലെ നനവ് എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു.
“അതൊന്നും സാരമില്ലടാ നിന്നോട് പറഞ്ഞപ്പോൾ തന്നെ എനിക്ക് ഒരു ആശ്വാസം ആയി” മറുപടി പറഞ്ഞ് ശുഭരാത്രി പറഞ്ഞ് ഞാൻ മോനെ നെഞ്ചോടു ചേർത്ത് പിടിച്ചുറങ്ങി.
************
“എന്താ പരിപാടി വീട്ടിലാണോ?” തയ്ക്കുന്നതിനിടയിൽ വന്ന വിനുവിന്റെ മെസ്സേജ്. ഇത് ഇപ്പൊ പതിവായിട്ടുണ്ട്. ഇടയ്ക്ക് എന്തെങ്കിലും മിണ്ടിയില്ലെങ്കിൽ ശ്വാസം മുട്ടുന്നത് പോലെയാണ്.
“എന്തു ചെയ്യാൻ. ഇത്തിരി തയ്ക്കാൻ ഉണ്ട് അത് ചെയ്യുന്നു. എന്തേ?” ഞാൻ വേഗം തന്നെ മറുപടി അയച്ചു.
“ഞാൻ സഹായിക്കണോ?” അവന്റെ കുസൃതി നിറഞ്ഞ ചോദ്യം.
“എന്തിനാണാവോ?”
“അല്ല ഞാനും ഇവിടെ വെറുതെ ഇരിക്കുവാണെന്നേ, അപ്പൊ ഞാനങ്ങോട്ട് വരാം എന്നിട്ട് അവിടെ എവിടേലും ഇരുന്ന് നമുക്ക് എന്തെങ്കിലും ഒക്കെ മിണ്ടിയും പറഞ്ഞും തയ്ക്കാം എന്നേ..” കുസൃതിയോടെയുള്ള അവന്റെ സംസാരത്തെ ഇടയ്ക്കെപ്പൊഴോ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
“വിനൂ നീ എന്നെങ്കിലും പ്രണയിച്ചിട്ടുണ്ടോ ? ആരെയെങ്കിലും ” അവനെ പറ്റി അറിയാൻ അവനോട് സംസാരിക്കാൻ കൊതിച്ച് കൊണ്ട് ഞാൻ ചോദിച്ചു.
”പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. എങ്കിലും എന്താണെന്നറിയില്ല തന്നെ എനിക്ക് ഇഷ്ടമാണ്. ആ ഒരു ഇഷ്ടത്തിന്റെ നിറമൊന്നും എനിക്കറിയില്ല കെട്ടോ. അന്ന് താൻ പറഞ്ഞില്ലേ നിന്റെ മോന് പനിയാണെന്നും ഡോക്റ്ററെ കാണാൻ പോകാൻ പൈസ ഇല്ലാ എന്നും പറഞ്ഞ് കരഞ്ഞതോർക്കുന്നുണ്ടോ? അന്ന് അവിടെ ഞാൻ ഉണ്ടായിരുന്നെങ്കിൽ നിന്നെയും മോനെയും ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. മോനെ ഡോക്റ്ററെ കാണിച്ച് നിന്നെയും കൂട്ടി അങ്ങനെ പോകാൻ. പിന്നൊരിക്കൽ നീ അന്നു പറഞ്ഞില്ലെ തയക്കാൻ ഇരുന്നിട്ട് തണ്ടെല്ല് വേദനിക്കുന്നു എന്ന് ഞാൻ അടുത്തുണ്ടായിരുന്നെങ്കിൽ നിന്നെ തയ്ക്കാൻ സമ്മതിക്കില്ലായിരുന്നു. ആ പിന്നെ, അന്ന് എനിക്ക് പനി ആയിട്ട് ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ തനെന്നോട് പറഞ്ഞില്ലേ കൂടെ ആയിരുന്നെങ്കിൽ ഉറങ്ങാതെ എനിക്ക് കൂട്ടിരിക്കുമായിരുന്നു എന്ന് സത്യം പറഞ്ഞാൽ അന്ന് താൻ എന്റെ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിരുന്നു.” വിനുവിന്റെ മറുപടി ഞാൻ വീണ്ടും വീണ്ടും വായിച്ചു. ഉള്ള് നിറയുകയായിരുന്നു എന്റെയും.
“ഇയാൾ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?” ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ വിനുവിന്റെ മറു ചോദ്യം എത്തി.
“വിനൂ ഞാൻ നിന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് ചെക്കാ, ഒരുപാട് എന്നു വെച്ചാൽ ഒരുപാട്. എനിക്ക് സ്നേഹിക്കാനല്ലെ പറ്റുള്ളൂ ഒരുപാട് പരിമിതികൾ ഉണ്ടെനിക്ക്. അറിയാലോ? എന്നാലും ഞാൻ സ്നേഹിച്ചു പോകുന്നു. എന്തോ എനിക്കിഷ്ടാണ് നിന്നെ. എന്നു കരുതി പേടിക്കുവൊന്നും വേണ്ട കെട്ടോ വിനുവിന്റെ ജീവിതത്തിനു ഒരു തടസമായി ഞാനൊരിക്കലും വരില്ല.” അവനൊരിക്കലും സ്വന്തമാകില്ല എന്നറിയുന്നത് കൊണ്ട് തന്നെ എന്തോ വല്ലാത്തൊരു സങ്കടമായിരുന്നു എനിക്ക്.
“വിനൂ ഞാൻ എന്റെ ഒരു ആഗ്രഹം പറയട്ടെ?ദേഷ്യപ്പെടുമോ?” പരിജയപ്പെട്ട് രണ്ട് വർഷം ആയിക്കാണും ഞാൻ മെസേജ് അയച്ചു മറുപടിക്കു വേണ്ടി കാത്തിരുന്നു.
“എന്തേ?”
”വിനു എനിക്കൊരു കുഞ്ഞിനെ തരോ? എന്റെ ഒരു വലിയ സ്വപ്നാണ് അത് വിനുവിന്റെ കുഞ്ഞിനെ ഗർഭം ധരിക്കാനും പ്രസവിക്കാനും അതിനെ താലോലിക്കാനും ഒക്കെ. പെൺ കുഞ്ഞ് ആയാൽ മതി, അതാകുംമ്പോ എന്റെ വിനൂനെ അവൾ ഒരുപാട് സ്നേഹിക്കും. അത് കാണുംബൊ എനിക്കിത്തിരി കുശുംബൊക്കെ തോന്നും എന്നാലും സാരമില്ല. വിനു അന്ന് പറഞ്ഞില്ലേ എന്റെ വയറിൽ ഒരു ഉമ്മ തരണം എന്ന്. അത് എനിക്ക് അപ്പോൾ മതി. ജോലി ഒക്കെ കഴിഞ്ഞ് ഷീണിച്ച് വന്ന് കിടക്കുംബോൾ ഞാനെന്റെ മോന്റെ തല എന്റെ മടിയിലേക്ക് എടുത്ത് വെക്കും എന്നിട്ട് ആ മുടിയിഴകളിലൂടെ വിരലോടിച്ച് അങ്ങനെ ഉറക്കും എന്റെ മടിയിൽ കിടന്നുറങ്ങുന്ന ഇയാളെ നോക്കി ഞാൻ അങ്ങനെ ഇരിക്കും…..” എന്റെ മനസിലുള്ള സ്നേഹമൊക്കെ പുറത്ത് വരികയായിരുന്നു. എല്ലാം വായിച്ച് ”കരയല്ലേ പ്ലീസ്” എന്നൊരു മറുപടി മാത്രമാണ് വന്നത്.
“ഞാൻ കരയുന്നില്ലല്ലോ” എന്ന് കള്ളം പറഞ്ഞെങ്കിലും എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. എന്നാലും എങ്ങനെ ആണാവോ എന്റെ കണ്ണു നിറയുന്നത് പോലും അവന് മനസിലാവുന്നത്.
“വിനൂ നീ മനസിലാക്കിയത് പോലെ വേറെ ആരും എന്നെ മനസിലാക്കീട്ടില്ല ചെക്കാ..സത്യം. ജീവിതത്തിൽ ഒരു തെറ്റു പോലും ഞാൻ ചെയ്തിട്ടില്ല, എന്നിട്ടും എനിക്ക് മാത്രം എന്താ വിനൂ ഇങ്ങനെ ഒരു ജീവിതം ആയി പോയത്?ഇപ്പൊഴാണ് ഒരു ആണിനോട് ചാറ്റ് ചെയ്യുന്നത് പോലും…എന്തോ സങ്കടങ്ങൾ പറയാൻ ഒരാളെ കിട്ടിയപ്പോൾ വല്ലാതെ സ്നേഹിച്ചുപോയി. അത് ഒരു തെറ്റായിട്ട് എനിക്ക് തോന്നുന്നും ഇല്ല. എനിക്കറിയാം വിനു എന്റെ സ്വന്തം അല്ലാന്ന് ഞാൻ അത് ഇടയ്ക്ക് എന്റെ മനസിനെ പറഞ്ഞ് പഠിപ്പിക്കാറുണ്ട്. എന്നാലും ഞാൻ ഇയാളെ ഒരു പാട് ഇഷ്ടപ്പെടുന്നുണ്ട് കെട്ടോ ചെക്കാ” എന്റെ മറുപടികൾ അവന്റെ കണ്ണുകൾ നിറയാൻ മാത്രം ഉള്ളതായിരുന്നു. മെസ്സേജുകൾ വായിക്കുംബോൾ നിറഞ്ഞു വരുന്ന അവന്റെ കണ്ണുകളെ എനിക്ക് കാണാമായിരുന്നു.
“വിനൂ…” മറുപടി ഒന്നും വരാതെ ആയപ്പോൾ ഞാനവനെ വിളിച്ചു.
“ഉം”
“വിനുനു ഒരു കുഞ്ഞുണ്ടാകുംബോൾ അവരോട് കഥകൾ ഒക്കെ പറഞ്ഞ് കൊടുക്കുംബോൾ എന്റെ കാര്യം കൂടെ പറഞ്ഞ് കൊടുക്കണം. ഒത്തിരി ദൂരെ നിന്നും ഒരു പെണ്ണ് അച്ഛനെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന് പറയണം. ആ പെണ്ണിന് അച്ഛനെ ഒരു പാട് ഇഷ്ടായിരുന്നു എന്നും പറയണം.” നിറയുന്ന കണ്ണുകൾ തുടച്ച് ഞാൻ മൊബൈൽ താഴെ വെച്ചു.
“കരയാണോ വിനു. അയ്യേ ഇതെന്ത് ചെക്കനാ ഇങ്ങെനെ കരയാൻ..ദേ എന്നെ നോക്കിക്കേ ഞാൻ കരയണില്ലല്ലോ…. ” ഞാനും മരവിച്ചു കഴിഞ്ഞിരുന്നു അപ്പൊഴേക്കും…
“വിനു ശെരിക്കും നമ്മൾ തമ്മിലുള്ള ബന്ധം എന്താണ്?” ഞാൻ പിന്നെയും ചോദിച്ചു.
“ചില ചോദ്യങ്ങൾക്ക് ഒന്നും ഉത്തരമില്ലടോ” ഏറെ നേരത്തെ മൗനം അതിനും ശേഷം വന്ന അവന്റെ മെസ്സേജ്. ശരിയാണ് ചില ചോദ്യങ്ങൾ അതു ചോദ്യങ്ങളായി തന്നെ അവശേഷിക്കട്ടെ.
~മണ്ടശിരോമണി ?