എഴുത്ത്: ലില്ലി
============
“”എടൊ തന്നോടൊക്കെ ആരാ ഈ ഒന്നാമത്തെ പന്തിയിൽ തന്നെ കയറി ഇരിക്കാൻ പറഞ്ഞത്…താനൊന്ന് ഈ പെണ്ണിനേം വിളിച്ചോണ്ട് എഴുനേറ്റ് മാറിക്കേ…””
ജനനിബിടമായ ആ വിവാഹപ്പന്തലിന്റെ ആൾത്തിരക്കുകളിൽ അപമാനിതരായി ഞാനും അച്ഛനും…
പിടഞ്ഞു വീണു മരിച്ചൊരു മങ്ങിയ ചിരിയോടെ അച്ഛനെന്റെ മുഖത്തേക്ക് നോക്കി…ഒരിക്കലും ഉണങ്ങാത്ത അപമാനവും നോവും…
“”നമുക്ക് അടുത്ത പന്തിക്ക് ഇരിക്കാം, അല്ലേ മോളേ…?””
സ്വരത്തിൽ നിസ്സഹായതയുടെ ചിലമ്പൽ…
അടയ്ക്കാമരത്തൂണുകൾ നാട്ടിയ ആ ഓലമേഞ്ഞ വിവാഹപ്പന്തലിനുള്ളിലെ ഇരുമ്പ് കസേരയിൽ നിന്നും ഞങ്ങൾ മെല്ലെ എഴുനേറ്റു മാറി…
അപമാനത്തിന്റെ ചെളിക്കുണ്ടിലേക്ക് ചവിട്ടിതാഴ്ത്തിയ പോലെ എനിക്ക് വല്ലാതെ ശ്വാസം മുട്ടുന്നു…
അമ്മാവനൊപ്പമെത്തിയ ഏതോ മുഖ്യ അതിഥികളെ, ഞങ്ങൾ ഒഴിച്ചിട്ട കസേരയിലേക്കിരുത്തി…
ചുറ്റുമുള്ള പല കണ്ണുകൾ ഞങ്ങളെ കൊത്തിവലിക്കുന്നു…
എതിർ വശത്തായി എന്റെ ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ അർച്ചനയും അവളുടെ അച്ഛനും അമ്മയും ഇരിക്കുന്നതും അവർക്ക് മുന്നിൽ നിരത്തിയ നീളൻ തൂശനിലയിലേക്ക് ചൂട് ചോറ് വിളമ്പുന്നതും നിർവികാരതയോടെ നോക്കി പന്തലിന്റെ ഓരം ചേർന്ന് അച്ഛനൊപ്പം ഞാനും നിന്നു..
അവളുടെ അച്ഛൻ ടൗണിലെ സഹകരണബാങ്കിലെ മാനേജരും അമ്മ ഞങ്ങളുടെ സ്കൂളിലെ ടീച്ചറുമാണ്…നാളെ ക്ലാസ്സിൽ എല്ലാവരോടും പറഞ്ഞു എന്നേ കളിയാക്കാൻ ഒരു കാരണം കിട്ടിയപോലെ അവൾ ഗൂഢമായി ചിരിക്കുന്നു…
അമ്മയുടെ സ്വന്തം സഹോദരന്റെ മകളുടെ വിവാഹത്തിന് ഒരു മതിൽക്കെട്ടിനപ്പുറത്തുനിന്നും അതിഥികളായി വരികയും ഒരില ചോറിന് മുന്നിൽ അപമാനിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ…
ചില നിമിഷങ്ങൾക്കപ്പുറം അച്ഛനെന്റെ കൈത്തണ്ടയിൽ പിടിച്ചു ആ പന്തലിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ഇനിയൊരിക്കലും ഈ മുറ്റത്ത് കാല് കുത്തിലെന്ന് ഞാൻ ശപഥമെടുത്തു…
അല്പം മുന്നോട്ട് നടന്നതും പിന്നിൽ നിന്നും ഉണ്ണിമാമാ എന്ന് വിളിച്ചു കൊണ്ട് ഓടിവരുന്ന ആ ശബ്ദം എനിക്ക് പരിചിതമായിരുന്നു…
അച്ഛൻ പിന്തിഞ്ഞു നോക്കിയെങ്കിലും കൈകൾ വിടുവിച്ചു ഞാൻ വേഗത്തിൽ ഒതുക്കുകല്ലുകൾ ചവിട്ടി ഇടവഴിയിലേക്കിറങ്ങി…
കയ്യാലപ്പടർപ്പുകളിൽ നിറയെ ശങ്ക്പുഷ്പങ്ങൾ പൂത്തുതളിർത്ത് നിൽക്കുന്നുണ്ടായിരുന്നു…
മാമന്റെ ഇളയ മകനാണ്…അജയ്…എല്ലാവർക്കും അവൻ പ്രിയപ്പെട്ട അജുവാണ്…ഞങ്ങൾ ഒരേ സ്കൂളിലാണ് പഠിക്കുന്നതെങ്കിലും അവൻ പന്ത്രണ്ടാം ക്ലാസ്സിലും ഞാൻ പത്തിലുമായിരുന്നു…
അച്ചനോട് അവനെന്തോ സംസാരിക്കുകയാണെന്ന് ഞാനറിഞ്ഞു…
“”ഉണ്ണി മാമാ ഇങ്ങനെ പോകല്ലേ…കഴിച്ചിട്ട് പോയാൽ മതി… “”
“”വേണ്ട മോനെ ഇപ്പോ തന്നെ വയറു നിറഞ്ഞു…ഞങ്ങൾ വരരുതാരുന്നു അല്ലേ…സത്യത്തിൽ അവളുടെ അമ്മേടെ ഒരൊറ്റ നിർബന്ധമാ…അല്ലെങ്കിൽ വരില്ലാരുന്നു…””
നിറകണ്ണുകളോടെ അച്ഛൻ തിരികെ വരുന്നത് അറിഞ്ഞിട്ടും ഞാൻ പിന്നിലേക്ക് നോക്കിയതേയില്ല…ഒരുവേള അവന്റെ നോക്കിലെ പരിഹാസമുനകൊണ്ട് വീണ്ടുമെന്റെ ഹൃദയം മുറിഞ്ഞാലോ…കാരണം എല്ലാവരുടെയും പ്രിയങ്കരനായ അജുവിന് ഈ എന്നേ മാത്രം ഇഷ്ടമല്ലായിരുന്നു…
എന്നേ കളിയാക്കാനും വേദനിപ്പിക്കാനും പരിഹസിക്കാനും അവന് വല്ലാതെ ഉത്സാഹമായിരുന്നു….എന്നേ കരയിച്ചു കരയിച്ചു അവൻ എപ്പോഴും പൊട്ടിച്ചിരിക്കും…
ഞാൻ എന്ന വ്യക്തിയിൽ ഇത്രമേൽ അപകർഷതാബോധവും ആത്മവിശ്വാസക്കുറവും…എല്ലാവരോടും എല്ലാത്തിനോടും ഒരുതരം പ്രതികരിക്കാനാകാത്ത ഭയമാണെനിക്ക്…
എല്ലാവരും പറയും ഞാൻ ഒട്ടും ആക്റ്റീവ് അല്ലെന്ന്…സ്മാർട്ട് അല്ലെന്ന്..പഠിക്കാനും മിടുക്കിയല്ല…ക്ലാസ്സിന്റെ അവസാന ബഞ്ചിന്റെ മൂലയിൽ എടുത്തെറിയപ്പെട്ട ആരും പരിഗണന തരാത്ത ചില കുട്ടികളിൽ ഒരാൾ…
“ഇന്നീ ഭൂമിയിൽ ഞാനേറ്റവും വെറുക്കുന്നത് നിന്നെയാണ് അജു…” ഞങ്ങളുടെ അവസാന കണ്ടു മുട്ടലിൽ വിങ്ങലോടെ ഞാൻ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ചിരിയായിരുന്നു…
ഒരിക്കൽ എന്റെ അമ്മ തറവാടിന്റെ മഹിമ മറന്ന് അച്ഛനൊപ്പം ഇറങ്ങി വന്നതിന്റെ ഇഷ്ടക്കേടാണ് ഞങ്ങളോട് അവർക്കെല്ലാം…
നാട്ടിലെ ഒരു തടിമില്ലിൽ ദിവസക്കൂലിക്കാരനാണ് എന്റെ അച്ഛൻ…ആളൊരു പാവമാണ്…അമ്മയും ഞാനുമാണ് അച്ഛന്റെ ലോകം…
അമ്മയുടെ ഇടത് മാറിൽ ഒരു ചെറിയ കല്ലിപ്പ് കണ്ടു തുടങ്ങിയിട്ട് മാസങ്ങളായി…ഒന്നുമില്ലെന്ന് നിസ്സാരമായി തള്ളിയെങ്കിലും കഴിഞ്ഞ ആഴ്ച ഡോക്ടറെ കണ്ടപ്പോൾ സർജറിക്ക് നിർദ്ദേശിച്ചു…ടെസ്റ്റിന് അയച്ചിട്ടുമുണ്ട്…
ആശുപത്രിയിൽ അമ്മയെ ഒറ്റയ്ക്കാക്കിയാണ് ഞാനുമച്ഛനും ഇവിടേക്ക് വന്നത്…അതും അമ്മയുടെ നിർബന്ധം കൊണ്ട്…മറിച്ച് ഒരില ചോറിനോടുള്ള ആഗ്രഹം കൊണ്ട് ഓടി വന്നു ഒന്നാമത്തെ പന്തിയിൽ ഇരുന്നതായിരുന്നില്ല..എന്നിട്ടും എല്ലാം അറിയുന്നവർ തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നു…
മുത്തശ്ശൻ സ്വത്തുക്കൾ മുഴുവനായി അജുവിന്റെ അച്ഛന്റെ പേർക്ക് തീറെഴുതിയിട്ടും
അവകാശങ്ങൾ തേടി അമ്മയും ചെന്നില്ല…
ഒടുവിലെപ്പോഴോ മുത്തശ്ശി മരിക്കും മുന്നേ ആ തറവാടിനോട് ചേർന്ന പത്ത് സെന്റ് ഭൂമി അമ്മയുടെ പേർക്ക് എഴുതിവച്ചത് അമ്മാവന് അനിഷ്ടമായിരുന്നു…അതായിരിക്കാം ഉയരമുള്ള മതിൽ കെട്ടി ഞങ്ങളുടെ ചെറിയ വീടിനെ അയാൾ മറച്ചുപിടിച്ചതും…
തറവാട്ടിലെ എന്തെങ്കിലും വിശേഷങ്ങൾക്ക് വിളിച്ചാൽ അന്യരെ പോലെ ഒരു മൂലയിൽ ഞങ്ങളെ ഒതുക്കി നിർത്തുമായിരുന്നു..എത്ര അകറ്റിയാലും അമ്മയ്ക്ക് ആകെയുള്ള രക്തബന്ധത്തിൽ നിന്നും അകന്ന് പോകാൻ ആഗ്രഹവുമില്ലായിരുന്നു…
തിരികെ ആശുപത്രിയിൽ എത്തിയിട്ടും അമ്മയോടൊന്നും ഞങ്ങൾ പറഞ്ഞില്ല, അതിയായ ഉത്സാഹത്തോടെ ആര്യചേച്ചിയുടെ കല്യാണവിശേഷങ്ങൾ ചോദിച്ചറിയുമ്പോൾ ഞാൻ എന്തൊക്കെയോ പറയുന്നത് കേൾക്കേ അച്ഛൻ കുനിഞ്ഞ മുഖത്തോടെ പുറത്തേക്ക് പോകുന്നത് ഞാനറിഞ്ഞു…
രണ്ട് ദിവസങ്ങൾക്കപ്പുറം സ്കൂളിന്റെ ഗേറ്റ് കടന്ന് ഞാൻ അകത്തേക്ക് നടന്നതും വാകമരത്തിന്റെ ചുവട്ടിൽ അവരുണ്ടായിരുന്നു, അജുവും അർച്ചനയും…
ഇരുവരുടെയും കയ്യിൽ റോസ് നിറമുള്ള ബോംബെ മിട്ടായിയും…
കാണാത്ത പോലെ വേഗത്തിൽ ഞാൻ നടക്കാനൊരുങ്ങിയതും പിന്നിൽ നിന്നും എന്നെ “”ആശാ ഉണ്ണീ….” എന്ന് അവനാണ് നീട്ടി വിളിച്ചത്…കഴിഞ്ഞ ദിവസം നടന്ന കാര്യം പറഞ്ഞു അവളോടൊപ്പം കളിയാക്കാനാകുമെന്ന് ഓർത്ത് കേൾക്കാത്ത പോലെ ഞാൻ നടന്നെങ്കിലും എനിക്ക് പിന്നാലെ അവർ വരുന്നുവെന്ന് ഞാനറിഞ്ഞു…
ഞാൻ മുഖം കൊടുക്കാതെ തല താഴ്ത്തി നിന്നു…അവന്റെ അടുത്ത നീക്കത്തെ ആകാംഷയോടെ അർച്ചനയും നോക്കിനിൽക്കുന്നു…
സ്പോഞ്ച് പോലെ നേർത്ത ആ ബോംബെ മിട്ടായിയിൽ നിന്നും ഒരു കഷ്ണം അടർത്തിയെടുത്ത് അവനെനിക്ക് നേരെ നീട്ടുമ്പോൾ ഞാൻ തലയുയർത്തി….ആ ചുണ്ടിൽ ഒരു ചിരിയുണ്ട്…
നിഷേധഭാവത്തോടെ പിന്തിരിയാൻ ശ്രമിച്ചപ്പോൾ വീണ്ടും അവൻ എനിക്ക് നേരെ നീട്ടി…
തുടരെ തുടരെ നിർബന്ധിച്ചപ്പോൾ ഞാൻ എന്റെ കൈ നീട്ടിയതും പൊട്ടിചിരിച്ചുകൊണ്ടു അവൻ അത് സ്വന്തം വായിലേക്കിട്ടു…
അർച്ചനയും അവനൊപ്പം ചിരിച്ചു…എനിക്ക് ചിരിക്കാൻ തോന്നിയില്ല…പകരം നെഞ്ചിനുള്ളിൽ ഒരു നോവ്…ഞാൻ വേഗം തിരികെ നടക്കാൻ ഒരുങ്ങിയതും അവൻ എന്നോടായി പറയാൻ തുടങ്ങി…
“”നോക്ക് നെറ്റിയിലൂടെ എല്ലാം എണ്ണ ഒഴുകുന്നു…കുറച്ച് വൃത്തിയായിട്ടൊക്കെ നടന്നൂടെ തനിക്ക്…””
ആദ്യമായല്ല…പക്ഷേ ഇന്ന് അവൾക്ക് മുന്നിൽവച്ചാണവൻ പറഞ്ഞത്…അറിയാതെ ഞാൻ ചുരിദാറിന്റെ ഷാളുകൊണ്ട് നെറ്റി തുടച്ചു…വല്ലാതെ വിഷമം തോന്നുന്നു….
ഞാൻ എന്നെത്തന്നെ ഒന്ന് നോക്കി…എന്റെ വസ്ത്രങ്ങളിൽ തിളങ്ങുന്ന വർണ്ണങ്ങൾ ഇല്ലായിരുന്നു…കൈകളിൽ കിലുങ്ങുന്ന കുപ്പിവളകളോ ചുണ്ടിൽ ചായങ്ങളോ മിനുസ്സമുള്ള പട്ടുപോലെ തിളങ്ങുന്ന നീണ്ട മുടിയിഴകളും എനിക്കില്ലായിരുന്നു….
കാച്ചെണ്ണ പറ്റിപ്പിടിച്ച നെറ്റിത്തടങ്ങളും എണ്ണ വറ്റാത്ത പിന്നിക്കെട്ടിയ മുടിത്തുമ്പും…പക്ഷേ അവന്റെ വാക്കുകൾ വീണ്ടും എന്നിൽ എവിടെയോ ഉണങ്ങാത്ത അപകർഷദബോധത്തിന്റെ പോറലുകൾ വീഴ്ത്തി…
അവരെ നോക്കാതെ ഞാൻ വേഗം തിരിഞ്ഞോടി…അകലെ നിന്നും നിലയ്ക്കാത്ത പൊട്ടിച്ചിരികൾ എന്റെ കാതുകൾ പകുത്തു…
മിക്കപ്പോഴും അവരെ ഒരുമിച്ച് കാണാറുണ്ട്, തമ്മിൽ തമാശകൾ പറഞ്ഞു ചിരിക്കുകയാണവർ…അവർ തമ്മിൽ ഇഷ്ടത്തിൽ ആയിരിക്കും..അർച്ചന കാണാൻ മിടുക്കിയാണ്…അജുവിനെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക…നെറ്റിമറച്ചിട്ട നീളൻ മുടികളുള്ള എപ്പോളും ചിരിച്ച മുഖവുമായി ഒരു പൊടിമീശക്കാരൻ…
അച്ഛന്റെ വാത്സല്യപുത്രൻ…ആര്യചേച്ചിക്ക് ശേഷം പതിനഞ്ച് വർഷങ്ങൾ കാത്തിരുന്നു കിട്ടിയ മകനാണ് അമ്മാവന്റെ ഏറ്റവും വലിയ ബലഹീനത…അച്ഛനോടും ഈ മകന് വളരെ സ്നേഹമാണ്…
ഞാനും കൊതിച്ചിട്ടുണ്ട് അവൻ എന്നോടൊന്ന് സ്നേഹത്തോടെ കളിയാക്കാതെ ദേഷ്യപ്പെടാതെ ഒരു വാക്ക് മിണ്ടാൻ…
ചിലപ്പോഴൊക്കെ കുട്ടിക്കാലത്തിലേക്ക് തിരികെ ഓടാൻ കൊതിക്കാറുണ്ട്…എന്റെ കളിക്കൂട്ടുകാരനായ ആ പഴയ അജുവിനരികിലേക്ക്…കൈകൾ കോർത്ത് ഒരുമിച്ചായിരുന്നു ഞങ്ങൾ സ്കൂളിൽ പോയിരുന്നത്…ഇടവഴിയോരത്തെ കാട്ട് പൂക്കൾ ഇറുത്ത് അവനെനിക്ക് മാലകോർത്ത് തരുമായിരുന്നു…പറമ്പിൽ നിന്നും ചീമനെല്ലിക്കയും ചാമ്പക്കയും ലൗലോലിക്കയും വട്ടയിലയിൽ പൊതിഞ്ഞു ആരും കാണാതെ എനിക്ക് തരുമായിരുന്നു…
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കുറച്ചു നിമിഷങ്ങൾ…
അന്നവനെന്നെ ഹൃദയത്തോട് ചേർത്ത് വച്ചിരുന്നുവെങ്കിലും ഇന്ന് ഞാനെന്ന കൂട്ടുകാരിയെ അവൻ ദൂരെയെവിടെയോ മറന്നുവച്ചു…
രണ്ടാമത്തെ പിരീഡിൽ കണക്കിന്റെ ഹോം വർക്ക് ചെയ്യാതെ വന്നത് ഞാനും ശ്യാമയും ബിൻസിയും അരുണും മാത്രമായിരുന്നു…
“”സ്കൂളിന് അപമാനം ഉണ്ടാക്കാനായി കുറേ എണ്ണം…ഒക്കത്തിനേം പുറത്താക്കണം…””
വരാന്തയിലെ വെയിലേറ്റ് തലകുനിച്ചു നിൽക്കുമ്പോൾ എതിർ വശത്തെ കെട്ടിടത്തിന്റെ ബാൽക്കണിയിൽ എന്നെയും നോക്കി അജു നിൽക്കുന്നത് ഞാനറിഞ്ഞു…ആ മുഖത്തെ പരിഹാസം കണ്ടില്ലെന്ന് നടിക്കുവാൻ ശ്രമിച്ചു…
ദിവസങ്ങൾ കാത്ത് നിന്നില്ല…സന്തോഷത്തിന്റെ വെളിച്ചം മാത്രം നിറഞ്ഞു നിന്ന ഞങ്ങളുടെ കൊച്ചു വീട്ടിലേക്ക് ആരോടും പറയാതെ ഒരു അഥിതി കൂടി വന്നു…
അമ്മയുടെ ഇടതു മാ-റിൽ ക്യാൻസർ കോശങ്ങൾ വളർന്നു തുടങ്ങിയെന്ന്…
ഒന്നും കാണാൻ കഴിയാത്ത ഇരുട്ട്…അച്ഛൻ അമ്മയിലേക്ക് മാത്രം ഒതുങ്ങി…അമ്മയെന്നാൽ അച്ഛന് ജീവനാണ്…ആ മനുഷ്യന്റെ ശ്വാസം പോലും അമ്മയിൽ ബന്ധിതമാണ്…
ആരംഭം ആയതിനാൽ ചികിത്സകൾ ഫലം കണ്ടു തുടങ്ങി…
അമ്മ ചിരിയോടെ ആത്മവിശ്വാസത്തോടെ പറയും അത്ര വേഗമൊന്നും നിന്നേം അച്ഛനേം കളഞ്ഞിട്ട് ഞാൻ പോകത്തില്ലെന്ന്…
മെല്ലെ മെല്ലെ ഞങ്ങളുടെ സങ്കടങ്ങൾ സന്തോഷത്തിന്റെ കീഴിൽ ശ്വാസം മുട്ടി മരിച്ചു…
അന്നൊരു ഓണക്കാലം ആയിരുന്നു…
വീടിനോട് ചേർന്ന അമ്മാവന്റെ പറമ്പിൽ ഒരു വലിയ നാട്ട് മാവുണ്ട്…വലിപ്പം കുറഞ്ഞ പഴുത്ത മാമ്പഴങ്ങൾ നിറയെ അടർന്നു വീണു കിടക്കും…
മാമ്പഴം കഴിക്കാൻ ഒരു പൂതി തോന്നി…മെല്ലെ പറമ്പിലേക്ക് കടന്ന് ഒന്നെടുത്ത് കടിച്ചു… ഹോ എന്ത് മധുരമായിരുന്നെന്നോ….നിലത്തിരുന്ന് പാവാടയുടെ തുമ്പിൽ ഞാൻ കുറേ മാമ്പഴങ്ങൾ പെറുക്കിക്കൂട്ടി…
പിന്നിൽ നിന്നാരോ എന്റെ ചെവിയിൽ അമർത്തി പിടിച്ചു…അത് അജുവായിരുന്നു എന്ന് ഞാനറിഞ്ഞു…വേദനയോടെ ഞാൻ പെട്ടന്ന് എഴുന്നേറ്റിട്ടും എന്റെ ചെവിയിലെ പിടി അയച്ചില്ല…
“”മാങ്ങാകള്ളി…നിന്നോടാരാ പറമ്പിൽ കയറാൻ പറഞ്ഞത്..ഏഹ്..””
മാമ്പഴങ്ങളെല്ലാം നിലത്തേക്ക് ഊർന്ന് വീണു…വേദനകൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു…
പറമ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങും വരെ അവന്റെ വിരലുകൾക്കുള്ളിൽ എന്റെ ചെവി ഞെരിച്ചു…
എന്റെ മേക്കാത് കുത്തിയ ചെറിയ കല്ലുള്ള കമ്മൽ ഒടിഞ്ഞു എവിടെയോ നഷ്ട്ടപ്പെട്ടു എന്ന് ഞാനറിഞ്ഞു…കാതിൽ ചെറുതായി രക്തം പൊടിയുന്നു…
ദിവസങ്ങൾ അധികമായില്ല ഉത്രാടത്തലേന്ന് ഏറെ നാളത്തെ എന്റെ ആഗ്രഹം അച്ഛൻ സാധിച്ചു തന്നതാണ്…അമ്മയും പറഞ്ഞതാണ് ചേർച്ചയുണ്ടെന്ന്…
അവനെ തള്ളിമാറ്റി നിറ കണ്ണുകളോടെ ഞാൻ വീണ്ടും പറമ്പിലേക്ക് ഓടിക്കയറി… വേഗത്തിൽ കരിയിലകൾ ചിതറിയെറിഞ്ഞു…എന്തോ വല്ലാത്ത സങ്കടത്താൽ എന്റെ കണ്ണുകൾ നിറയുന്നു…
“”എന്താ നീ നോക്കുന്നെ… “”
കാര്യം മനസ്സിലാക്കാതെ അവൻ ചോദിച്ചതും ദേഷ്യത്തോടെ അമർത്തിപ്പിടിച്ച എന്റെ ചെവിയെ അവന് നേരെ തിരിച്ചു…
“”സമാധാനം ആയില്ലേ അജൂന്…എന്റെ കമ്മല് പോയി…””
കണ്ണുകൾ തുടച്ചു അവന്റ മറുപടി കാക്കാതെ വേഗത്തിൽ വീട്ടിലേക്ക് നടക്കുമ്പോൾ ആ പറമ്പിന്റെ ഓരോ കോണിലും എന്റെ കമ്മൽ അവൻ തിരിയയുകയാണെന്ന് ഞാനറിഞ്ഞു…
വീട്ടിൽ ചെന്നതും അച്ഛനോട് ഞാൻ പറഞ്ഞു…എന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ…സാരമില്ല നമുക്ക് വേറെ വാങ്ങാം എന്റെ മോള് വിഷമിക്കണ്ടടാ എന്ന് പറഞ്ഞു…അച്ഛനറിയാം അജുവിന്റെ എന്നോടുള്ള സമീപനം…പക്ഷേ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല…മറ്റൊന്നുകൊണ്ടല്ല ഒരു വലിയ വഴക്ക് തുടങ്ങിവയ്ക്കണ്ട എന്ന് ചിന്തിക്കുന്നതിനാലാകം…
“”ദാ പിടിക്ക്…ഞാനായിട്ട് നഷ്ടപ്പെടുത്തിയതല്ലേ…ഇയാൾക്ക് വാങ്ങിയതാ…ഇഷ്ടപ്പെട്ടില്ലേൽ വേറെ വാങ്ങാം…””
ഇടവഴിയിൽ തടഞ്ഞു നിർത്തി ചിരിയോടെ അവനെന്റെ കൈവള്ളയിൽ വച്ചു തന്നു ചുവന്ന നിറമുള്ള ഒരു കുഞ്ഞ് പെട്ടി…
ആ കണ്ണുകളിലേക്ക് നോക്കി ഞാനെന്റെ പഴയ കൂട്ടുകാരനെ തിരഞ്ഞു…
“”കളഞ്ഞു പോയത് വാങ്ങിത്തരാൻ അജൂന് പറ്റും…അപ്പോൾ ഞാൻ അനുഭവിച്ച വേദനയോ…””
വളരെ ദുർബലമായ ശബ്ദം…ഒരു നിമിഷം അവനെന്റെ ചുവന്നു തടിച്ച കാതിലേക്ക് നോക്കി…
“”സോറി…ഒരു തമാശക്ക് ചെയ്തതാ…നീയും എന്നേ അങ്ങനെ ചെയ്തോളൂ…””
അവൻ ഒരു വശം ചരിഞ്ഞു എനിക്ക് നേരെ കുനിഞ്ഞതും ഞാൻ അനങ്ങാതെ നിന്നു…
പെട്ടെന്നെന്തോ അവൻ കൈ ഉയർത്തി എന്റെ കാതിൽ മെല്ലെ തൊട്ടതും…ഞാൻ പിന്നിലേക്ക് മാറി…
ആദ്യമായാണ് അവനിങ്ങനെ…മനസ്സിന് ഒരുപാട് വേദനകൾ തരുമെങ്കിലും ഒരിക്കൽ പോലും അറിയാതെ പോലും ഒന്ന് നുള്ളി നോവിച്ചിട്ടില്ല അവനെന്നെ…പക്ഷേ ശരീരത്തെക്കാൾ അവൻ തന്ന മുറിവുകൾ മനസ്സിൽ അവശേഷിക്കുന്നുണ്ടല്ലോ…
അവന്റെ ഉടുപ്പിന്റെ പോക്കറ്റിലേക്ക് ആ കുഞ്ഞ് പെട്ടി വച്ചു കൊടുത്തിട്ട് ഒന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു…
ദിവസങ്ങൾ കാത്തു നിന്നില്ല ഓണവും ക്രിസ്മസും കഴിഞ്ഞു…അജുവിനെ ഇടയ്ക്ക് കാണാറുണ്ട്…അവനൊരു മാറ്റവുമില്ല എന്നേ കാണുമ്പോൾ എന്തെങ്കിലും അവന് പറയണം…എന്നേ വിഷമിപ്പിക്കണം…പലപ്പോഴും അവനോടൊന്ന് പ്രതികരിക്കണമെന്ന് മനസ്സ് പറയുമെങ്കിലും എനിക്ക് സാധിക്കാറില്ലായിരുന്നു…
പത്താം ക്ലാസ്സിലെ വാർഷിക പരീക്ഷ അടുത്ത സമയം…
അച്ഛനും അമ്മയ്ക്കും പേടിയാണ് ഞാൻ തോൽക്കുമെന്ന്…തെക്കുംപുറത്തെ ഗീത ടീച്ചറുടെ വീട്ടിൽ രാവിലെയും വൈകിട്ടും ഞാൻ കണക്കിനും, ഇംഗ്ലീഷിനും ട്യൂഷന് പോകുന്നുണ്ടായിരുന്നു..ബാക്കി വിഷയമെല്ലാം ജയിക്കുമെന്ന് ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു…
“”ടോ ആശാ ഉണ്ണീ… നീ പരീക്ഷക്ക് ജയിക്കുവോ…അതോ മുട്ട ഇടുവോ… “”
അച്ഛൻ അവന് പുതിയതായിട്ട് വാങ്ങി കൊടുത്ത ബൈക്ക് ഇടവഴിയിൽ എനിക്ക് മുന്നിൽ ബ്രേക്കിട്ട് നിർത്തി…
അവന്റെ ചുണ്ടിൽ ചിരിയാണ്…എനിക്കെന്തോ വിഷമം തോന്നി…തോറ്റാൽ പാവം അച്ഛനും അമ്മയും ഒക്കെ സങ്കടപ്പെടും…
“”ഞാൻ ഉറപ്പായും ജയിക്കും…അജു നോക്കിക്കോ…””
“”നിന്റെ നിലവാരം വച്ചു നീ പൊട്ടാനാ ചാൻസ്…””
എനിക്കെന്തോ വല്ലാതെ വിഷമവും ദേഷ്യവും തോന്നി…
“”നീ പോടാ നീക്കറേ മുള്ളീ…””
ഒരൊറ്റ ഓട്ടമായിരുന്നു…ഇടയ്ക്കിടയ്ക്ക് അവനെ ഒന്ന് തളർത്താനുള്ള മരുന്നാണ്…പണ്ട് അമ്മായീടെ കയ്യീന്ന് സ്ഥിരം തല്ലുകൊള്ളുമാരുന്നു അജുവിന്…
തിരിഞ്ഞു നോക്കിയപ്പോൾ ദേഷ്യത്തോടെ എന്നേ നോക്കി അവിടെ തന്നെ നിൽപ്പുണ്ട് അവൻ…
പരീക്ഷ തുടങ്ങി ഒരു വിഷയം മാത്രമേ ഇനി ബാക്കിയുള്ളൂ എഴുതിയ വിഷയങ്ങൾ ജയിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു…
അജുവിന്റെ പരീക്ഷകൾ അവസാനിച്ചു..എൻട്രൻസ് എക്സാമിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് ഞാനറിഞ്ഞു…അവൻ നന്നായി പഠിക്കും… എന്റെ മോൻ ഡോക്ടർ ആകുമെന്ന് അമ്മാവൻ ഇടയ്ക്കിടെ പറയുന്നത് കേൾക്കാം…അപ്പോൾ അച്ഛനും അമ്മയും എന്റെ മുഖത്തേക്ക് നോക്കുമ്പോൾ നിർവികാരതയോടെ തലതാഴ്ത്താൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു…
“”എന്റെ മോള് കളക്ടർ ആകും..അല്ലിയോ മോളേ… “”
അച്ഛൻ എന്നേ സമാധാനിപ്പിക്കാൻ ചിരിയോടെ പറയും…
“”അവള് പത്താം ക്ലാസ്സ് ജയിക്കുമൊന്ന് ആദ്യം കാണട്ടെ…””
മുറുക്കാൻ നീട്ടിതുപ്പി അമ്മാവൻ കളിയാക്കിച്ചിരിക്കും…
അവസാന പരീക്ഷയുടെ തലേ ദിവസം വൈകുന്നേരം ട്യൂഷൻ കഴിഞ്ഞു ഞാൻ വീട്ടിലേക്ക് നടന്നു…
ഇടവഴി കയറും മുൻപുള്ള തൊട്ടുവക്കിന് സമീപത്തെ തെങ്ങിൻ പറമ്പിൽ അജുവും കൂട്ടരും ഫുട്ബോൾ കളിക്കുകയാണ്…ആർപ്പുവിളികളും കലപില ശബ്ദങ്ങളും ഉയർന്നു കേൾക്കാം…ഒരു കുട്ടിനിക്കറും ഇട്ട് പന്തിന് പിറകെ ഓടുന്ന അജുവിനെ കാൺകെ ഒരുവേള ഞാൻ ചിരിച്ചുപോയി…
ഒരുകണ്ണാലെ എന്നേ കണ്ടു എന്ന് തോന്നുന്നു…ഇടവഴിക്കരികിലേക്ക് പന്ത് പാസ്സ് ചെയ്തു എനിക്ക് നേരെ അവൻ വരുന്നത് ഞാനറിഞ്ഞതും വേഗത്തിൽ നടന്നു…
അടുത്ത നിമിഷം പിന്നിൽ നിന്നും എന്തോ വന്നെന്റെ മുതുകിൽ ശക്തിയോടെ പതിച്ചതും
തുളഞ്ഞു പെരുത്ത് കയറിയ വേദനയോടെ നിലതെറ്റി ഞാൻ താഴേക്ക് വീണു…
തലയ്ക്കു ഒരു മന്ദത ബാധിച്ചപോലെ…വേഗം ഞാൻ പിടഞ്ഞെഴുന്നേറ്റതും അജുവും കൂട്ടുകാരും എനിക്കരികിലേക്ക് ഓടിവരുന്നത് ഞാനറിഞ്ഞു…കൈമുട്ടും കാൽമുട്ടുമെല്ലാം നീറുന്നു…കൈവെള്ളയുടെ തൊലി ഉരഞ്ഞു രക്തം പൊടിയുന്നു…വേദനകൊണ്ടൊന്നുറക്കെ കരയാൻ തോന്നുന്നു…
അജു ഓടി വന്നു വെപ്രാളത്തോടെ എന്റെ കൈപിടിച്ച് മുറിവിലേക്ക് ഊതി…
“”മതിയായില്ലേ അജു നിനക്ക്…എന്ത് ദ്രോഹം ചെയ്തിട്ടാ എന്നേയിങ്ങനെ….””
പൂർത്തിയാക്കാനാകാതെ പൊട്ടിക്കരഞ്ഞു കൊണ്ട് വീട്ടിലേക്കോടുമ്പോൾ നിശ്ചലമായി ആ വഴിയരികിൽ അവൻ നിന്നു….
ഒതുക്കുകല്ലുകൾ ചവിട്ടി കയറുമ്പോൾ ഞാൻ നന്നേ തളർന്നിരുന്നു…തല പിളർക്കുന്ന വേദന…കഴുത്തിലൂടെ കട്ടിയുള്ള ചുവന്ന ദ്രാവാകം ഒഴുകി വരുന്നു…രക്തം..തലയുടെ പിൻഭാഗം പൊട്ടി ചോര വരികയാണ്…
“”അമ്മേ… “” വേദനയോടെ ഉറക്കെ വിളിച്ചു…കുഴഞ്ഞു ഞാൻ മുറ്റത്തേക്ക് വീണു…അടുത്ത ദിവസം കണ്ണ് തുറന്നു…എന്റെ പരീക്ഷ… ഞാൻ…ഞാൻ മാത്രം തോറ്റുപോയല്ലോ..
അച്ഛൻ എനിക്കരികിലുണ്ടായിരുന്നു…ആ മനുഷ്യന്റെ കണ്ണുനീർ എല്ലാ വേദനകളെക്കാളും എന്നേ പൊള്ളിക്കുന്നു…
“”പോട്ടെടാ….അച്ഛന്റെ മോൾക്ക് അടുത്ത വർഷം എഴുതി ജയിക്കാം…””
അച്ഛനെന്റെ നെറുകിൽ തലോടിആശ്വസിപ്പിക്കുമ്പോൾ വീണ്ടും ഈ
ആശ ഉണ്ണി തോൽവിയുടെ കിരീടമണിയുകയായിരുന്നു…
രണ്ട് ദിവസങ്ങൾക്കപ്പുറം ഒരാൾ ആദ്യമായി ഞങ്ങളുടെ വീടിന്റെ പടി കടന്നു വന്നു…സുഖവിവരങ്ങൾ അറിയാൻ… മാപ്പ് ചോദിക്കാൻ… അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു…പശ്ചാത്താപമാണോ…
“”ഉണ്ണിമാമാ…അറിഞ്ഞുകൊണ്ടു ചെയ്തതല്ല…സത്യം…””
അവൻ പറഞ്ഞു തീർന്നതും അച്ഛന്റെ കൈത്തലം ശക്തിയോടെ അജുവിന്റെ മുഖത്ത് പതിഞ്ഞു…
“”ഇനി എന്റെ കൊച്ചിന്റെ നേരെ നീ നോക്കിയാ കൊ-ന്ന് ക-ളയും ഞാൻ…””
ഉടുപ്പിന്റെ കോളറിൽ പിടിച്ചു അവനെ പടിക്ക് പുറത്തേക്ക് തള്ളുമ്പോൾ ഒന്നും ചെയ്യാനാകാതെ ഞാൻ തളർച്ചയോടെ നിന്നു…അവന്റെ കണ്ണുകൾ എന്നോട് ക്ഷമ യാചിക്കുന്നപോലെ…ഇങ്ങനെയൊരു മുഖം അച്ഛനിൽ ആദ്യമായിരുന്നു…
അന്ന് രാത്രി അമ്മാവാൻ വീട്ടിലേക്ക് വന്നു…മകനെ തല്ലിയതിനു പകരം ചോദിക്കാൻ…അച്ഛനുമായി വഴക്കായി…കണ്ണീരോടെ അമ്മയും ഞാനും…
വാക്കത്തി പിടിച്ചു അരയും തലയും മുറുക്കി നിൽക്കുന്ന അച്ഛനോട് അമ്മാവനും പേടി തോന്നിയെന്ന് തോന്നുന്നു…
ഒരിക്കൽ അറിഞ്ഞു അജുവിന് എൻട്രൻസിന് റാങ്ക് ഉണ്ടെന്നും ഡോക്ടർക്ക് പഠിക്കാൻ ഡൽഹിക്ക് പോയെന്ന്…കണ്ണ് നിറഞ്ഞു…ഞാൻ മാത്രം എങ്ങും എത്താതെ…
ഒരിക്കൽ അർച്ചന വീട്ടിലേക്ക് വന്നു…ആദ്യം എനിക്ക് അതിശയമായിരുന്നു…അവൾ ടൗണിലെ സ്കൂളിൽ പ്ലസ് വൺ സയൻസിന് അഡ്മിഷൻ എടുത്തു എന്ന്…പോകുമ്പോൾ ഒരു കുഞ്ഞ് പേപ്പർ കഷ്ണം എന്നേ ഏൽപ്പിച്ചു മൗനമായി ചിരിയോടെ അവൾ പോകുന്നതും നോക്കി ഞാൻ നിന്നു…
“”ആശാ ഉണ്ണിക്ക്…അറിഞ്ഞോണ്ടല്ല…പന്ത് തട്ടി എറിഞ്ഞതും ഞാനല്ല…ഏങ്കിലും എന്നോട് ക്ഷമിക്കണം…നിന്നെ മാത്രം എന്തെങ്കിലും പറഞ്ഞു കളിയാക്കി വാശിപിടിപ്പിക്കാൻ ശ്രമിക്കുമായിരുന്നു…അതിന് കാരണം എന്താന്ന് സത്യത്തിൽ എനിക്കും അറിയില്ല…നിന്റെ മനസ്സ് അത്രക്ക് വേദനിക്കുന്നുവെന്ന് മനസ്സിലാക്കാനും ഞാൻ മറന്നുപോയി…നന്നായി പഠിക്കണം…ഇനി കണ്മുന്നിൽ വരാതിരിക്കാൻ ശ്രമിക്കാം…Miss you…””
അക്ഷരങ്ങൾക്ക് മീതെ കണ്ണീരിറ്റ് വീണു…ഉറക്കെയൊന്ന് കരയാൻ തോന്നുന്നു…
ദിവസങ്ങൾ ആഴ്ചകൾ മാസങ്ങൾ…എത്രവേഗമാണ് കടന്ന് പോയത്…
അടുത്ത വർഷം അത്യാവശ്യം നല്ല മാർക്കോടെയാണ് ഞാൻ പത്താംക്ലാസ്സ് പാസ്സായത്…പിന്നീട് രണ്ട് വർഷത്തോളമായി അജുവിനെ കണ്ടിട്ടേയില്ലായിരുന്നു…അവൻ എന്നിൽ നിന്നും ഒളിഞ്ഞു നിൽക്കുകയാണെന്ന് ഞാനറിഞ്ഞു…എങ്ങനെയാണെന്ന് അറിയില്ല മെല്ലെ മെല്ലെ അർച്ചന എനിക്ക് ആത്മവിശ്വാസം തരുന്ന നല്ലൊരു സുഹൃത്തായി മാറി…
ഇടയ്ക്ക് ഞാൻ ചോദിക്കാതെ തന്നെ അവൾ അജുവിനെക്കുറിച്ച് എന്നോട് പറയുമായിരുന്നു…മൗനമായി അവളെ ഞാൻ കേട്ടിരിക്കുകയാണ് പതിവ്…
ഒരിക്കൽ ക്ഷേത്ര നടയിൽ വച്ചു ഞാനവനെ കണ്ടു…അർച്ചനയുടെ ചേട്ടന്റെ കല്യാണദിവസം…അവനെന്നെ കണ്ടോ എന്നറിയില്ല… ഏങ്കിലും അഭിമുഖീകരിക്കാനുള്ള ധൈര്യമെനിക്ക് വന്നില്ല..കൽത്തൂണിന്റെ മറവിലേക്ക് ഞാൻ ഒളിച്ചു…
വിവാഹ സദ്യ കഴിക്കാൻ നിൽക്കാതെ നാരങ്ങയും വാങ്ങി അവളുടെ അനുവാദത്തോടെ വേഗത്തിൽ പുറത്തേക്കിറങ്ങി…അന്നത്തെ ആ ദിവസത്തിനപ്പുറം ഒരു കല്ല്യാണസദ്യയും ഞാൻ രുചിച്ചിട്ടില്ല… ഓർമ്മകളിൽ എന്നും ആ പന്തലിൽ നിന്നും അപമാനിതരാക്കിവിട്ട വേദനയാണ്…
ഡിഗ്രി മൂന്നാം വർഷത്തോടടുത്തു…വീടിനടുത്തുള്ള ഒരു പാരലൽ കോളേജിൽ ആയിരുന്നു ഞാൻ പഠിച്ചത്…അനുഭവങ്ങൾ നമുക്ക് വലിയ മോട്ടിവേഷൻ തരുമെന്ന് തോന്നുന്നു ആഗ്രഹിച്ചാൽ ശ്രമിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് തോന്നുന്നു അതായിരിക്കാം യൂണിവേഴ്സിറ്റിയിൽ മൂന്നാം റാങ്കോടെ ഞാൻ വിജയിച്ചത്..
ആ സന്തോഷം പങ്ക്വയ്ക്കാൻ എന്റെ അമ്മയില്ലായിരുന്നു…വളരെ വേഗം തന്നെ വേദനയുടെ ലോകത്ത് നിന്നും അമ്മ യാത്രയായി…ദൈവത്തോട് ആ ജീവൻ ഇനിയും കടം ചോദിച്ചു വാങ്ങാൻ മനസ്സ് വന്നില്ല…
അവനും വന്നിരുന്നു…വർഷങ്ങൾക്ക് ശേഷം എനിക്ക് മുന്നിൽ…എന്റെ കരയുന്ന മുഖം കാൺകെ ആദ്യമായി അവനും കരയുന്നു…എനിക്കരികിൽ ഇരുന്നു എന്റെ കൈ കവർന്നു…എന്റെ നെറുകയിൽ തലോടി…ആർത്തു കരയണമെന്നുണ്ട്…പക്ഷേ സാധിക്കുന്നില്ലായിരുന്നു എനിക്ക്..
അമ്മയില്ലാത്ത ലോകം കഠിനമായിരുന്നു എനിക്കും അച്ഛനും…മെല്ലെ മെല്ലെ അച്ഛൻ മ-ദ്യത്തിൽ അഭയം തേടി…
യൂണിവേഴ്സിറ്റി കോളേജിൽ പീജിക്ക് അഡ്മിഷൻ ഒക്കെ ശെരിയാക്കിയത് അർച്ചനയുടെ അമ്മയായിരുന്നു…ഇപ്പോൾ ഒരു കൈത്താങ്ങിന് അവൾ മാത്രമായി..
ഓണക്കാലവും വിഷുവും മാറി വന്നു…മാറ്റങ്ങൾ ഒന്നുമില്ലാതെ അച്ഛനും ഞാനും ഈ ഇരുട്ടിനുള്ളിൽ ഒറ്റയ്ക്ക്…
ഒരുദിവസം രാത്രി അച്ഛൻ തിരികെ വന്നില്ല…ആരും ആശ്രയമില്ലാതെ ആ വീട്ടിൽ ഞാൻ ഒറ്റയ്ക്ക്…
അടുത്ത ദിവസം കവലയിലെ കടത്തിണ്ണയിൽ അച്ഛന്റെ ജീവനില്ലാത്ത ശരീരം…ഞാൻ കരഞ്ഞില്ല… ഒരു തുള്ളി കണ്ണീർ പോലും വന്നില്ല…പൊയ്ക്കോട്ടെ എല്ലാരും പൊയ്ക്കോട്ടേ…ഈ ആശാ ഉണ്ണി ഒറ്റയ്ക്ക് മതി…ഭ്രാന്തിക്ക് സമം ഞാൻ പുലമ്പി…
ഒരുപാട് ദിവസങ്ങൾക്കപ്പുറം ഒരു പെരുമഴയത്ത് അവൻ വീണ്ടും വന്നു…ഡോക്ടർ അജയ്…
ആ പൊടിമീശക്കാരനേ അല്ല ഇപ്പൊ… ഒരുപാട് പക്വത തോന്നുന്നു…താടിയും മീശയും ഒത്ത ശരീരവുമൊക്കെയായി…
“”അജു ഒത്തിരി മാറിപ്പോയി… “”
ചിരിയോടെ ഞാൻ അവനെ നോക്കി…അവന്റെ കണ്ണുകളിലെ അലിവ് ഇന്നെന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു…
“”ആശാഉണ്ണിക്ക് മാത്രം ഒരു മാറ്റോം ഇല്ലല്ലേ…എന്തൊരു കോലമാ അല്ലേ…””
ഞാൻ അതും പറഞ്ഞു ചിരിച്ചു…അവന്റെ ചുണ്ടിൽ വേദനിക്കുന്ന ചിരി…
ഏതോ ഓർമ്മയിൽ ഷാളിന്റെ തുമ്പുകൊണ്ട് ഞാനെന്റെ നെറ്റി തുടച്ചപ്പോൾ അവൻ വല്ലായ്മയോടെ എന്നേ നോക്കുന്നു…
“”താൻ സുന്ദരിയാണ്…അന്നും..ഇന്നും..””
ഞാൻ പൊട്ടിച്ചിരിച്ചുപോയി…കുറേ കാലങ്ങൾക്ക് ശേഷം…അവനെന്റെ കൈവിരലുകളിൽ കോർത്ത് പിടിച്ചു…
അവന്റെ വിശേഷങ്ങൾ അറിഞ്ഞിട്ട് കുറേ ആയി…
“”ഇനിയുടനെ അർച്ചനയുമായി കല്യാണം കാണും…അല്ലേ…?””
“”അയാളെന്റെ സുഹൃത്താണ്…ഞാൻ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും മറ്റൊരാളെയാണ്…ആളുടെ കയ്യിലാണ് ഞാനിപ്പോൾ കോർത്ത് പിടിച്ചിരിക്കുന്നത്…””
എന്റെ കൈകൾ ഞാൻ അടർത്തിമാറ്റി…എനിക്കെന്തോ വല്ലാതെ ശ്വാസം മുട്ടുന്നു…
“”വരില്ലേ എനിക്കൊപ്പം…ഈ നാടും വീടും ഒക്കെ വിട്ട് ദൂരെ
എവിടേക്കെങ്കിലും നമുക്ക് പോകാം…””
ഇവനെന്നോട് യാചിക്കുകയാണോ…
“”ദയവായി ഈ സഹതാപവും കൊണ്ട് അജു ഇനി എന്നേ കാണാൻ വരല്ലേ…പ്ലീസ്…പൊയ്ക്കോളൂ എനിക്കിനി ആരും വേണ്ട…””
ഞാൻ അവന് മുഖം കൊടുക്കാതെ വേഗം അകത്തേക്ക് നടന്നു…ഇനിയൊന്നു പൊട്ടി കരഞ്ഞോട്ടെ ഞാൻ…
പുറത്ത് പെയ്യുന്ന കനത്ത മഴയിലേക്ക് കുടയില്ലാതെ അവൻ നടന്ന് മറഞ്ഞു..
കാലങ്ങൾ ഒരുപാട് കഴിഞ്ഞു…നാടും വീടും ബന്ധങ്ങളും ഒന്നുമില്ലാതെ ഒറ്റപ്പെട്ടുപോയ എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ എന്റെ സിസ്റ്റർഅമ്മ…വിമലഹൃദയ ആശ്രമത്തിലെ എന്നെപ്പോലെ ഒരുപാട് അനാഥരുടെ അമ്മയായിരുന്നു അവർ…
നീണ്ട ഇടവേളയ്ക്ക് ശേഷം എന്റെ സ്വന്തം നാട്ടിലേക്ക് നാളെ ഞാൻ ഒരു യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു..പേടിയോ ആത്മവിശ്വാസക്കുറവോ ഒന്നുമില്ലാതെ തന്നെ…
ജനനിബിഡമായ ജില്ലാ ആശുപത്രി മുറ്റത്തെ ഉയർത്തിക്കെട്ടിയ വേദിയിൽ നിരന്നിരിക്കുന്ന മുഖ്യ അതിഥികൾ…
“”അടുത്തതായി പുതുതായി നിർമ്മിച്ച ക്യാൻസർ കെയർ സെന്ററിന്റെ ഉത്ഘാടനകർമ്മം നിർവ്വഹിക്കുന്നതിനായി ബഹുമാന്യയായ ജില്ലാ കളക്ടർ ആശാ ഉണ്ണിയെ വേദിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു…””
കയ്യടികൾ മുഴങ്ങുന്നു…ചിരിയോടെ ആത്മവിശ്വാസത്തോടെ ഞാൻ സദാസ്സിനെ വണങ്ങി…
കൂടുതൽ ഒന്നും പറയാനുണ്ടായിരുന്നില്ല..എന്റെ നാടല്ലേ..എല്ലാവരും എന്റെ ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കും സാക്ഷികൾ ആയവരല്ലേ…
പക്ഷേ എല്ലാവരാലും തഴയപ്പെട്ട ആരോരുമില്ലാത്ത ആശാ ഉണ്ണിയുടെ ഉയർത്തെഴുന്നേൽപ്പിന്റെ രഹസ്യം പലർക്കും അറിയണമായിരുന്നു…
പരിപാടികൾ കഴിഞ്ഞു ഔദ്യോഗിക വാഹനത്തിൽ കയറാനൊരുങ്ങിയതും ആശുപത്രിവരാന്തയിൽ എന്നെത്തന്നെ നോക്കിയൊരാൾ നിൽക്കുന്നുണ്ടായിരുന്നു…ഡോക്ടർ അജയ്…
അന്ന് എനിക്കരികിൽ നിന്നും ആ മഴയും നനഞ്ഞു ആള് പോയതാണ്…പക്ഷെ ഒന്നെനിക്കറിയാം ഞാൻ കാണാതെ എന്നെ കാണാൻ വരുന്ന അജുവിനെക്കുറിച്ച്…
ഒരിക്കൽ അർച്ചനയാണ് പറഞ്ഞത് അജയ്ക്ക് നിന്നോട് സ്നേഹമാണ് ഇഷ്ടമാണ് പ്രണയമാണ് എന്നൊക്കെ…ചെറുപ്പം മുതൽക്കേ അവൻ പറയുമെന്ന് ഞാൻ ആശ ഉണ്ണിയെ മാത്രേ കല്യാണം കഴിക്കു എന്നൊക്കെ…
ആ അവനാണ് എന്നെ വേദനിപ്പിച്ചത്…ഇതെന്ത് വിചിത്രം…പക്ഷേ എനിക്ക് എല്ലാം ഉൾക്കൊള്ളാനും മറക്കാനും സമയം കൂടുതൽ വേണ്ടി വന്നു…സ്വയം ഒന്ന് ജയിക്കാനും…
ഇടയ്ക്കെപ്പോഴോ ആളുടെ അച്ഛൻ മരിച്ചതൊക്കെ ഞാനും അറിഞ്ഞിരുന്നു…
ചിന്തകൾക്ക് വിരാമമിട്ട് ഞാൻ ചിരിയോടെ അവനരികിലേക്ക് നടന്നു…രണ്ട് നിമിഷം ഒന്നും മിണ്ടാതെ അവനരികിൽ നിന്നതും മതിവരാത്തപോലെ എന്നെ നോക്കുന്നു…അവന്റെ കണ്ണുകൾ കലങ്ങുന്നപോലെ..അവനെന്റെ കൈകൾ കവർന്നു…ഒരുപക്ഷെ ഇവിടെ ആയിരുന്നില്ലെങ്കിൽ അവനെന്നെ കെട്ടിപ്പിടിച്ചേനെ…
“”ഇനിയും കാത്തിരിക്കണോ ഞാൻ വയസ്സ് മുപ്പത്തിരണ്ടായി ആശാഉണ്ണി എനിക്ക്….””
അവന്റെ കണ്ണിൽ കുസൃതിമിന്നുന്നു…
“”ഇനിയെങ്കിലും ഒന്ന് പറയടോ എന്നെ ഇഷ്ടമാണെന്ന്…””
വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിലും തീർത്തും അപരിചിതത്വം ഇല്ലാത്ത പോലെയാണവൻ…
എന്ത് ഭംഗിയാണ് അവന്റെ ചിരി കാണാൻ…ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളും…
“‘ഇപ്പോഴുള്ള ഈ അജുവിനെ എനിക്കിഷ്ടമാണ്…പിന്നെ പണ്ട് കുട്ടിക്കാലത്ത് എന്റെ കൈപിടിച്ച് നടന്ന എന്റെ കൂട്ടുകാരനേം എനിക്കിഷ്ടമാണ്…ഇനി കൈവിട്ടേ ഇതിൽ കൂടുതൽ പൈങ്കിളി ആകാനൊന്നും എനിക്ക് പറ്റില്ല…””
ഞങ്ങൾ രണ്ടാളും പൊട്ടിചിരിച്ചുപോയി…അവനെന്റെ തോളിലൂടെ കയ്യിട്ട് ആ നെഞ്ചിലേക്ക് ചേർത്തു…ചുറ്റും നോക്കി ആരും കാണാതെ എന്റെ കവിളിൽ ഒരു കുഞ്ഞ് മുത്തവും തന്നു…ഇത്രക്കും സന്തോഷമാണോ ഇവന്…
പുറത്ത് കാറ്റിലുലയുന്ന വാകമരങ്ങളും അടർന്നു വീഴുന്ന മഞ്ഞപൂവിതളുകളും…
?©ലില്ലി