അവരുടെ അച്ഛനും അമ്മക്കും ആൺമക്കൾ ഇല്ലാത്തതു കൊണ്ട് തന്നെ, ഒരു മകന്റെ സ്നേഹം ആയിരുന്നു എനിക്ക് തന്നിരുന്നത്…

Story written by Yazzr Yazrr

==========

എനിക്ക് ഒരു 11 വയസ് പ്രായമുള്ളപ്പോൾ ആണ്, എന്റെ വീടിന്റെ തൊട്ടു അപ്പുറം തന്നെ എനിക്ക് രണ്ടു കളികൂട്ടുകാരികൾ, ഉണ്ടായിരുന്നു, അവർ ഇരട്ടകൾ ആയിരുന്നു. ഇരട്ടകൾ എന്ന് പറഞ്ഞാൽ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള ഇരട്ടകൾ…

പിച്ചിയും, നെച്ചിയും, എന്നായിരുന്നു അവരുടെ പേരുകൾ, അവർക്കു തമ്മിൽ ആകെ ഉള്ള ഒരു വ്യത്യാസം, നെച്ചിക്കു പൂച്ച കണ്ണ് ആയിരുന്നു,..

ഇവര് ഏതു സമയവും എന്റെ വീട്ടിൽ ആയിരിക്കും, എന്റെ അമ്മക്കും അച്ഛനും ഇവരെ വല്യ ഇഷ്ട്ടമായിരുന്നു…

എന്റെ വീട്ടിൽ എനിക്ക് ഒരു സൈക്കിൾ ഉണ്ട്, ഇവരുടെ വീട്ടിൽ tv ഉണ്ട് അത് കൊണ്ട് തന്നെ, സ്കൂൾ ഇല്ലാത്ത സമയവും, ഒഴിവു സമയങ്ങളിലും, ഞാൻ അവരുടെ വീട്ടിൽ tv കാണാനോ ഇല്ലെങ്കിൽ അവർ എന്റെ വീട്ടിൽ സൈക്കിൾ ചവിട്ടാനും, വരുകയും പോവുകയും ചെയ്യുമായിരുന്നു…

അവരുടെ അച്ഛനും അമ്മക്കും ആൺമക്കൾ ഇല്ലാത്തതു കൊണ്ട് തന്നെ, ഒരു മകന്റെ സ്നേഹം ആയിരുന്നു എനിക്ക് തന്നിരുന്നത്…

അങ്ങനെ വർഷങ്ങൾ കടന്നു പോയി…..

ഞാനും അവരും പത്തിൽ പഠിക്കുന്ന കാലം, ഞങ്ങൾക്ക് എല്ലാർക്കും ഒരേ പ്രായം ആയിരുന്നു..സൗഹൃദത്തിന് അപ്പുറം എനിക്ക് നെച്ചിയോട്, പ്രണയം എന്ന വികാരം തോന്നി തുടങ്ങി, ഇതു പതുക്കെ അവൾക്കു മനസിലാക്കാനും തുടങ്ങി,..

പക്ഷെ ഇതു എങ്ങനാണ് അവളോട് പറയുക, കാരണം രണ്ടും എപ്പഴും ഒരുമിച്ചേ നടക്കാറുള്ളു, അവരെ തമ്മിൽ പിരിഞ്ഞു ഞാൻ ഇതു വരെ കണ്ടട്ടില്ല, ചിലപ്പോൾ അവൾക്കും അങ്ങനെ ആയിരിക്കും, എന്നോട് പറയണം എന്ന് കാണും….പക്ഷെ പിച്ചിയുടെ മുന്നിൽ വെച്ച് എങ്ങനെയിരിക്കും പറയുന്നത് എന്ന് ഓർത്തിട്ടു ആയിരിക്കും പറയാത്തത്…

അങ്ങനെ ഞങ്ങൾ പത്തിലെ പരീക്ഷ എഴുതിയിട്ട് റിസൾട്ടിന് ആയിട്ട് കാത്തു ഇരിക്കുന്ന സമയത്തു ആണ് ആ വാർത്ത ഞാൻ അറിയുന്നത്. ഗവർമെന്റ് ഉദ്യോഗസ്ഥൻ ആയിരുന്ന അവരുടെ അച്ഛന് സ്ഥലം മാറ്റം ആയി എന്ന് പറയുന്നത്….

സത്യം പറഞ്ഞാൽ ആ വാർത്ത എന്റെ മനസ്സിൽ ഒരു ഇടിത്തീ പോലെ ആണ് വന്നു വീണത്, കൊച്ചിലെ മുതൽ എന്റെ ലോകം ആയിരിന്ന ഒരു വീട്ടുകാർ ഞങ്ങളെ വിട്ടു പോകുന്നു, പോകുന്നതിനു മുന്നേ എന്റെ ഇഷ്ട്ടം അവളോട് പറയണം എന്ന് എനിക്ക് ഉണ്ടായിരിന്നു. പക്ഷെ ലാൻഡ് ഫോൺ മാത്രം ഉള്ള കാലം, അതും ഞങ്ങടെ വീട്ടിൽ ഇല്ല, ഞാൻ എന്റെ ഇഷ്ട്ടം അവളോട് പറഞ്ഞിട്ട് എന്ത് കാര്യം, അത് കൊണ്ട് തന്നെ നീറുന്ന മനസോടെ ഞാൻ എന്റെ ഇഷ്ട്ടം എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടി….

അങ്ങനെ പോകുന്ന ദിവസം പിച്ചിയും, നെച്ചിയും, എന്റെ അമ്മയെ കെട്ടി പിടിച്ചു നിന്നു കരയുന്ന രംഗം ആണ് എന്റെ മനസിലെ അവരുടെ അവസാന ചിത്രം……

അവര് പോയി ആദ്യത്തെ ഒരു മാസം ഒരു മരണ വീട് പോലെ ആയിരുന്നു എന്റെ അവസ്ഥ, അത് അറിഞ്ഞിട്ടു ആയിരിക്കണം, അച്ഛൻ വീട്ടിൽ ഒരു പുതിയ tv വാങ്ങി വെച്ച്…..

എന്തായാലും കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല, അത് കൊണ്ട് തന്നെ പയ്യെ പയ്യെ എന്റെ മനസ്സിൽ നിന്നു അവർ മാഞ്ഞു…

വല്ലപ്പോഴും മാത്രം നെച്ചിയുടെ മനോഹരമായ പൂച്ച കണ്ണുകൾ എന്റെ മനസ്സിൽ വരും, അന്നേരം അറിയാതെ എന്റെ കണ്ണ് നിറയും…

അങ്ങനെ ഏകദേശം 14 വർഷം കഴിഞ്ഞു, സോഷ്യൽ മീഡിയ ലോകം കീഴടക്കിയിരിക്കുന്ന സമയം, ഇപ്പോൾ പിച്ചിയും നെച്ചിയും എന്റെ മനസ്സിൽ പോലും വരാറില്ല, പുതിയ കൂട്ടുകാർ, പുതിയ ലോകം…

പക്ഷെ എന്ത് കൊണ്ടോ ഒരു കാമുകി എന്റെ ജീവിതത്തിലോട്ട് ഇത്ര നാളായിട്ടും കടന്നു വന്നട്ടില്ല…..

ഒരു ദിവസം ഫേസ്ബുക്കിൽ വെറുതെ പോസ്റ്റെല്ലാം നോക്കി സമയം കളയുന്ന നേരം, എനിക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു, ചിത്രാഞ്ജലി, എന്നായിരുന്നു പേര്….ഞാൻ reqest accept ചെയ്തു ഇതു ആരാണെന്നു അറിയാൻ അവരുടെ ഫോട്ടോസ് വെല്ലോം ഉണ്ടോ എന്ന് നോക്കി, ഇല്ല ഫോട്ടോസ് ഒന്നും തന്നെ ഇല്ല…

അകൗണ്ട് തുടങ്ങിയിട്ട് കുറച്ചു കാലം ആകുന്നതേ ഉള്ളു എന്ന് തോന്നുന്നു…

എന്തായാലും ഇപ്പൊ മെസ്സേജ് ഒന്നും ചെയ്യണ്ട പിന്നാക്കട്ടെ, മനസ്സിൽ വിചാരിച്ചു..

അപ്പോഴാണ് ഹായ് എന്നൊരു മെസ്സേജ് അതിൽ വന്നത്….ഞാനും തിരിച്ചു ഒരു hai പറഞ്ഞു, എന്നിട്ട് ചോദിച്ചു എന്നെ എങ്ങനെ അറിയാം…

അതൊക്കെ അറിയാം മാഷേ എന്നായിരുന്നു തിരിച്ചു മറുപടി….

എന്റെ അച്ഛനും അമ്മക്കും എല്ലാം സുഖം ആണോ എന്ന് ചോദിച്ചു,….

ഞാൻ അതേ എന്ന് പറഞ്ഞു, അവരെ അറിയുമോ എന്ന് ഞാൻ ചോദിച്ചു…

ആ എനിക്ക് എല്ലാരേയും അറിയാം എന്നായിരുന്നു മറുപടി…

എനിക്ക് കാര്യം മനസിലായി, എന്റെ ഏതോ കൂട്ടുകാരൻ തെണ്ടി, ഫേക്ക് ഐഡിയും ആയിട്ട് ഇറങ്ങിയിരിക്കുവാ, ഈ മെസ്സേജ് നാളെ എല്ലാരുടെയും മുന്നിൽ വെച്ച് പ്രദർശിപ്പിച്ചു നാണം കെടുത്താൻ ഉള്ള പരുപാടി ആണ്, അത് കൊണ്ട് തന്നെ പിന്നീടുള്ള മെസ്സേജിന് ഒന്നും ഞാൻ റിപ്ലൈ കൊടുക്കാൻ നിന്നില്ല….

അങ്ങനെ ഒരു മണിക്കൂർ കഴിഞു പിന്നെയും ഡാ എന്നൊരു മെസ്സേജ്, എന്നിട്ട് ചോദിച്ചു ഞമ്മുടെ പഴയ സൈക്കിൾ ഇപ്പഴും അവിടെ ഉണ്ടോ….

ഞാൻ ഞെട്ടി ദൈവമേ എന്റെ സൈക്കിളിനെ പറ്റി, ഇപ്പോഴുള്ള കൂട്ടുകാർക്കു ആർക്കും അറിയില്ലലോ, അപ്പോഴാണ് ഞാൻ പേര് ശ്രദ്ധിച്ചത്, ചിത്രാഞ്ജലി…പിച്ചിയുടെയും, നെച്ചിയുടെയും, വീട്ടു പേരും ചിത്രാഞ്ജലി എന്നായിരുന്നു…ഞാൻ പെട്ടെന്ന് ചോദിച്ചു ഇതു പിച്ചി അല്ലെ….

അപ്പോൾ വന്ന റിപ്ലൈ അതെന്താ നിനക്ക് നെച്ചിയെ അറിയില്ലേ…..ദൈവമേ പിച്ചിയോ നെച്ചിയോ ആരോ ആണ് ഇതു, എന്റെ മനസ് ആകാശത്തു കൂടി പറക്കുന്നത് പോലെ എനിക്ക് തോന്നി…..

സത്യം പറഞ്ഞാൽ എനിക്ക് അന്നാണ് മനസിലായത്, ഇവരുടെ യഥാർത്ഥ പേര്, ചിത്രയും, അഞ്ജലിയും എന്നാണ് എന്ന് വീട്ടിൽ വിളിക്കുന്ന പേര് ആണ്, പിച്ചിയും, നെച്ചിയും…..അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്‌ എനിക്ക് ഇരുപത്തി ഒൻപതു വയസ് ആയി, അതായതു അവർക്കും അതേ പ്രായം ആയി…അത് കൊണ്ട് തന്നെ രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു കാണും…ഞാൻ നെടുവീർപ്പോടെ ഒരു ശ്വാസം വിട്ടു…

ഞാൻ ചോദിച്ചു ഇതു പിച്ചിയാണോ, നെച്ചി ആണോ…നെച്ചി ആണ് മാഷേ…അവിടിന്നു ഉള്ള മറുപടി…

ഞാൻ മനസ്സിൽ വിചാരിച്ചു, ഇതു വരെ ഉള്ള എന്റെ ജീവിതത്തിലെ, എന്റെ ആദ്യത്തെയും, അവസാനത്തെയും പ്രണയം, എന്റെ നെച്ചി…ഇപ്പോൾ എത്ര കുട്ടികളുടെ അമ്മ ആണോ എന്തോ….

അത് അറിയാൻ വേണ്ടി തന്നെ ഞാൻ ചോദിച്ചു, ഫാമിലിയൊക്കെ എവിടെ, husband എന്ത് ചെയുന്നു…

കുറച്ചു നേരത്തേക്ക് മറുപടി ഒന്നുമില്ലായിരുന്നു…

പിന്നെ മെസ്സേജ് വന്നു, ഡാ പിച്ചിയുടെ കല്യാണം കഴിഞ്ഞു, അവൾ ഇവിടെ വീട്ടിൽ തന്നെ ആണ് താമസം, രണ്ടു മക്കൾ ഉണ്ട്….

ഞാൻ ചോദിച്ചു നിനക്ക് എത്ര മക്കൾ….

കല്യാണം കഴിയാതെ എങ്ങനാടാ മക്കൾ ഉണ്ടാകുന്നെ, എന്നായിരുന്നു മറുപടി….

ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി,..

പക്ഷെ അത് മറച്ചു വെച്ച്, ചോദിച്ചു, നീ എന്താണ് ഇത്ര നാളായിട്ടും കല്യാണം കഴിക്കാതെ ഇരുന്നത്..ദൈവമേ വല്ലോ പ്രണയ നൈരാശ്യം  ആണോ….

ഓ വേണ്ടാന്നു വെച്ച് ഡാ എന്നായിരുന്നു മറുപടി…ഞാൻ മനസ്സിൽ വിചാരിച്ചു, ഇനി എന്തൊക്കെ ആണെങ്കിലും നെച്ചി തന്നാണ് എന്റെ പെണ്ണ്…

ഞാൻ അവളോട് ഫോൻ നമ്പർ ചോദിച്ചു, അപ്പോൾ അവൾ പറഞ്ഞു, ഡാ എനിക്ക് ഫോണും, നമ്പറും ഒന്നുമില്ല, ഇതെല്ലാം പിച്ചിയുടേത് ആണ്…

ഞാൻ മനസ്സിൽ വിചാരിച്ചു ഇവൾക്ക് എന്തോ കാര്യമായ പ്രശ്നം സംഭവിച്ചുട്ടുണ്ട്, പാവം ഒന്നും തുറന്നു പറയാൻ ഇഷ്ടപ്പെടുന്നില്ല,…

എന്തും ആകട്ടെ എനിക്ക് അവളുടെ പൂച്ച കണ്ണ് കാണാൻ കൊതി ആയി….ഞാൻ അവളോട് ചോദിച്ചു നമുക്ക് ഒന്ന് വീഡിയോ കാൾ ചെയ്താലോ…അവൾ പറഞ്ഞു ആ അതിനെന്താ ചെയ്യാലോ….

അങ്ങനെ ഞാൻ അവളെ വിളിച്ചു, അവളുടെ മനോഹരം ആയ കണ്ണുകൾ ഞാൻ കണ്ടു, പൂച്ചകൾക്ക് പോലും ഇല്ല ഇത്ര മനോഹരമായ പൂച്ചകണ്ണുകൾ….

കുറച്ചു നാളുകൾക്കു ശേഷം….ഞാൻ ചോദിച്ചു നിങ്ങൾ എവിടാണ് താമസം, എനിക്ക് നിങ്ങളെ എല്ലാരേയും കാണാൻ തോന്നുന്നു, എവിടാണ് എന്ന് പറഞ്ഞാൽ ഞാൻ വരാം, അതിനു മറുപടി ഇല്ലായിരുന്നു,…

കുറച്ചു നേരങ്ങൾക്കു ശേഷം ഞാൻ അങ്ങോട്ട് പിന്നെയും മെസ്സേജ് അയച്ചു ഒന്നിനും മറുപടി ഇല്ല എല്ലാം അവൾ കാണുന്നുണ്ട്, പക്ഷെ മറുപടി തരുന്നില്ല…

അങ്ങനെ ഇനി ഇങ്ങോട്ട് മെസ്സേജ് ചെയ്യാതെ അങ്ങോട്ട് ചെയ്യണ്ട എന്ന് ഞാനും വിചാരിച്ചു,

അങ്ങനെ ഒരു ദിവസം, കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു, ഒരു ദിവസം നോക്കുമ്പോൾ ഇങ്ങനെ ഒരു അക്കൗണ്ട് കാണാൻ ഇല്ല…

ഞാൻ ആകെ വിഷമിച്ചു, പിന്നെ എന്തിനാണ് ഇവൾ എന്നെ ഇങ്ങനെ വിഷമിപ്പിക്കാൻ ആയിട്ട് വന്നത്, ഇവൾ വന്നു എന്തിനാണ് എന്നെ പഴയതൊക്കെ ഓർമിപ്പിച്ചത്…

എനിക്ക് അവളോട് ദേഷ്യം ആയി ഇനി ഇങ്ങോട്ട് വന്നാലും ഞാൻ അവളോട് മിണ്ടില്ല എന്ന് മനസിൽ ഉറപ്പിച്ചു….

അങ്ങനെ ഏകദേശം ഒരു വർഷം കഴിഞ്ഞു കാണും…ഞാൻ കമ്പനി മീറ്റിംഗിന് ആയി എറണാകുളം നിൽക്കുന്ന സമയം ആണ്…

പെട്ടെന്നു യാദൃച്ഛികം ആയി ഞാൻ പിച്ചിയുടെയും നെച്ചിയുടെയും അച്ഛനെ കണ്ടു…

അച്ഛന് എന്നെ കണ്ടിട്ട് മനസിലാകുന്നില്ല, പിന്നെ പറഞ്ഞപ്പോൾ ആണ് മനസിലായത്…വാര്ധക്യം ബാധിച്ചു വല്ലാത്തൊരു കോലം ആണ്, ഇവരുടെ കുടുംബത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്…

ഞാൻ ചോദിച്ചു അമ്മക്ക് എല്ലാം സുഖം ആണോ, പിച്ചിയും നെച്ചിയുമൊക്കെ എവിടെ, ഞാൻ ചോദിച്ചു, അച്ഛൻ ഒന്നും മിണ്ടുന്നില്ല,…നിങ്ങൾ ഇപ്പൊ എവിടാണ് താമസിക്കുന്നത് ഞാൻ ചോദിച്ചു..

എറണാകുളം തന്നാണ് മോനെ…പിച്ചിയുടെ ചികിത്സക്ക് വേണ്ടി വന്നത് ആണ്…

പിച്ചിക്കു എന്താണ് അസുഖം ഞാൻ ചോദിച്ചു, അച്ഛൻ ഒന്ന് മിണ്ടുന്നില്ല, മോൻ വീട്ടിലോട്ട് വരുന്നോ, അച്ഛൻ ചോദിച്ചു…

ഞാൻ പറഞ്ഞൂ വരുന്നു, അമ്മയെ എല്ലാം ഒന്ന് കാണണം…

അങ്ങനെ ഞാൻ അവരുടെ വീട്ടിൽ പോയി, വാടക വീട് ആണ്,…

അമ്മ എന്നെ കണ്ടപ്പോൾ കരഞ്ഞു കൊണ്ട് വന്നു കെട്ടിപിടിച്ചു,…ഞാൻ പിച്ചിയും, നെച്ചിയും എവിടെ എന്ന് ചോദിച്ചു…

റൂമിലുണ്ട് മോനെ മോൻ ഇവിടെ നിക്ക് അമ്മ പോയി നോക്കിയിട്ട് വിളികാം,..

എന്നും പറഞ്ഞു അമ്മ പുറത്തു നിന്നു പൂട്ടിയ റൂം തുറന്നു…എന്നിട്ട് അകത്തു കയറി, നോക്കിയിട്ട് എന്നെ വിളിച്ചു…

ഞാൻ അകത്തോട്ടു ചെന്നപ്പോൾ മുടിയൊക്കെ അഴിച്ചിട്ടു, കണ്ണൊക്കെ കുഴിഞ്ഞു താണ് വല്ലാത്തൊരു കോലത്തിൽ ആണ് ഇരിക്കുന്നത്, ഞാൻ കണ്ണിലൊട്ടു നോക്കി, അവളുടെ പൂച്ച കണ്ണ് അല്ല സാധാരണ ആണ്, നെച്ചി അല്ല പിച്ചി ആണ്…

അമ്മ പറഞ്ഞു ഇവളുടെ ഹസ്ബൻഡും കുട്ടികളും അവരുടെ വീട്ടിൽ ആണ് മോനെ…ഞങ്ങൾ അവിടെ നിന്നു വന്നു ഒരു ആറു വർഷം കഴിഞ്ഞപ്പോൾ, ഇവളുടെ കല്യാണം കഴിഞ്ഞു…ഇവൾ രണ്ടാമത്തെ കുട്ടിയ ഗർഭിണി ആയി ഇരികുന്ന സമയത്ത് ആണ് അത് സംഭവിച്ചത്…നമ്മുടെ നെച്ചി ഒരു ആക്‌സിഡന്റിൽ മരിച്ചു മോനെ..അമ്മ നിറ കണ്ണുകളോടെ പറഞ്ഞു. അത് അറിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു ഇവളുടെ സമനില തെറ്റി മോനെ…ഇവൾ ഇപ്പോൾ ഇങ്ങനെ ഇരിക്കുന്നത് നോക്കണ്ട ചില സമയത്തു ഇവൾ എന്തോ ബാധ കയറിയത് പോലെ ആണ്, ഒന്നും ഓർമ കാണില്ല, അവളുടെ മക്കളെ പോലും കണ്ടാൽ ഉപദ്രവിക്കും, അതാണ് അവരെ ഇവിടെ നിർത്താത്തതു….

ഞാൻ ഞെട്ടി അപ്പോൾ എന്റെ കൂടെ ചാറ്റ് ചെയ്തത് ആരാണ്, എന്നോട് സംസാരിച്ചത് ആരാണ്….ഞാൻ സഹതാപത്തോടെ പിച്ചിയെ നോക്കി, അവൾ എന്നെ നോക്കി ചിരിക്കുവാണ്, പതുക്കെ പതുക്കെ അവളുടെ ചിരിയുടെ ഭാവം മാറി വരുന്നു, ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി അത് വല്ലാതെ തിളങ്ങുന്നു…പൂച്ച കണ്ണ് പോലെ….