വിറയ്ക്കുന്ന കൈകളോടെ ആദ്യമായി എന്റെ കയ്യിൽ പിടിച്ചു. അനിയത്തി അതിശയത്തോടെ അത് നോക്കുന്നുണ്ടായിരുന്നു…

അലീന…

Story written by AMMU SANTHOSH

=========

എന്റെ അമ്മ അവളെ ഞങ്ങളുട വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരുന്ന ദിവസം നല്ല മഴയായിരുന്നു. അമ്മയ്ക്ക് പുറകിൽ നനഞ്ഞൊലിച്ച ഒരു മങ്ങിയ രൂപം. അതായിരുന്നു അവൾ. അച്ഛനോടെല്ലാം പറഞ്ഞിരുന്നത് കൊണ്ടാകും അച്ഛൻ മുറ്റത്തേക്ക് ചെന്നു. അവളോടെന്തൊക്കെയോ ആശ്വാസവാക്കുകൾ പറഞ്ഞു കൂട്ടിക്കൊണ്ട് വരികയുണ്ടായി. എനിക്കും അനിയത്തിക്കും സത്യത്തിൽ ഒന്നും മനസിലായില്ല.

പിന്നെ രാത്രി വൈകി അവൾ ഒന്നുറങ്ങിയെന്നു തോന്നിയപ്പോഴാണ് അമ്മ  അവൾ അമ്മയുടെ കൂട്ടുകാരിയുടെ മകളാണെന്നും കൂട്ടുകാരിയും ഭർത്താവും ഒരു അപകടത്തിൽ മരിച്ചു പോയത് കൊണ്ട് ആരുമില്ലാത്തവളായിപ്പോയെന്നും കുറെ നാൾ ബന്ധുക്കളുടെ വീട്ടിൽ നിന്നുവെങ്കിലും അവൾ ഇപ്പൊ ഒരു ജോലിക്കാരി മാത്രമായ് ആ വീട്ടിൽ ജീവിക്കുകയാണെന്നുമൊക്കെ പറഞ്ഞത്. പഠിക്കാൻ വളരെ മിടുക്കിയായ കുട്ടിയായിരുന്നുവെന്നും എല്ലാം പാതി വഴിയിൽ അവസാനിച്ചു എന്നും അമ്മ പറഞ്ഞു. ഇനി ഒന്നെന്നു തുടങ്ങണം എല്ലാം എന്ന് കൂടി അമ്മ കൂട്ടിച്ചേർത്തു.

അനിയത്തിയേ പോലെ കാണണേ മോനെ എന്ന് പറഞ്ഞപ്പോൾ ഞാൻ തലയാട്ടി. ആരുമില്ലാത്ത ഒരു പെൺകുട്ടിയോട് കണ്ട മാത്രയിൽ പ്രേമം തോന്നുകയും അതിന്റെ ചാപല്യങ്ങൾ കാണിക്കാനും മാത്രം നിലവാരമില്ലാത്തവനായിരുന്നില്ല ഞാൻ. എന്ന് വെച്ച് പുണ്യാളൻ ഒന്നുമല്ല. അത്യാവശ്യം കുരുത്തക്കേടുകൾ എനിക്കുമുണ്ട്.

അനിയത്തി അവളോട് വളരെ വേഗം കൂട്ടായി. അവർ ഏകദേശം ഒരെ പോലെയാണ്. അവളുടെ വസ്ത്രങ്ങൾ ആണ് ഇവളും ധരിക്കുക. അനിയത്തിയുടെ കോളേജിൽ തന്നെ ഇവളെയും ചേർത്തു. രണ്ടു പേരെയും ഞാൻ തന്നെ ആണ് കൊണ്ടാക്കുക. എന്റെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു. സപ്പ്ളി ഇഷ്ടം പോലെ കിട്ടാനുണ്ടെങ്കിലും കാശ് ഇഷ്ടം പോലെ ഉള്ളത് കൊണ്ട് എനിക്ക് അത് എഴുതി എടുക്കണമെന്നോ ഒരു ജോലിക്ക് പോകണമെന്നോ തോന്നിയില്ല. ഞാൻ അച്ഛന്റെ കൂടെ തോട്ടത്തിൽ പോകുകയും ബിസിനസ്സിൽ സഹായിച്ചു അങ്ങനെ പോകുകയും ചെയ്യും.

അവളുടെ പേര് അലീന എന്നാണ്…അധികം സംസാരിക്കുന്നത് ഞാൻ അങ്ങനെ കേട്ടിട്ടില്ല. അനിയത്തി പറയുന്നതിനൊക്കെ തലയാട്ടി ചിരിക്കും അത്ര തന്നെ. ഞായറാഴ്ച അവളെ പള്ളിയിൽ കൊണ്ട് പോകുക ഞാനാണ്. പ്രാർത്ഥന തീരുന്നത് വരെ ഞാൻ എവിടെ എങ്കിലും ചുറ്റിയിട്ട് വരും. എന്നോട് ഒന്നുമേ സംസാരിക്കില്ലായിരുന്നു കുറെ മാസങ്ങൾ. പിന്നെ അത്യാവശ്യം കുറച്ചു വാക്കുകൾ.. “ഞാൻ വേഗം വരാം ” “ഈ സ്റ്റോപ്പിൽ വിട്ട മാത്രം മതി” “ലൈബ്രറിയിൽ ഈ ബുക്ക്‌ ഇല്ലായിരുന്നു വാങ്ങി തരാമോ?” അങ്ങനെ കുറച്ചു കാര്യങ്ങൾ അതും അത്യാവശ്യം എങ്കിൽ മാത്രം…

ഞാനും അനിയത്തിയും ക്ഷേത്രത്തിൽ പോകുമ്പോൾ ഞങ്ങൾക്കൊപ്പം വരും. അകത്തു കയറാതെ വെളിയിൽ നിന്ന് കൈകൂപ്പി പ്രാർത്ഥിക്കുന്നത് കാണാം.

അവൾ വന്നതിൽ പിന്നെ എനിക്കുണ്ടായ ഒരു മാറ്റം ഞാൻ കുറച്ചു കൃത്യമായി ഓരോന്ന് ചെയ്യാൻ തുടങ്ങി എന്നതാണ്. വൈകുന്നേരം ഒരു പാട് വൈകാതെ വീട്ടിൽ വരും. വെറുതെ അച്ഛന്റെ വഴക്ക് അതും മറ്റൊരാളുടെ മുന്നിൽ വെച്ച്…എന്തിനാ വെറുതെ…

അന്ന് അനിയത്തിക്ക്‌ സുഖമില്ലാഞ്ഞത് കൊണ്ട് അവൾ ക്ലാസ്സിൽ പോയില്ല. അലീനയെ  വൈകുന്നേരം വിളിക്കാൻ ചെന്നപ്പോൾ അവൾ ഒരു പുരുഷനോട് സംസാരിച്ചു നിൽക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോൾ അടുത്ത് വന്നു

“ഇത് ജോബി എന്റെ പള്ളിയിൽ ഉണ്ടായിരുന്നതാ. എന്നെ കാണാൻ വന്നതാ..”

ഞാൻ ചിരിച്ചു കൊണ്ട് ഹസ്തദാനം ചെയ്തെങ്കിലും ഉള്ളിൽ എവിടെയോ ഒരു കരട് വീണു. ഇത്രയും ദൂരം ഇവളെ കാണാനായി മാത്രം വന്നു എന്ന് വെച്ചാൽ എന്തെങ്കിലും ഉണ്ടാവുമെന്ന് ഞാൻ ഉറപ്പിച്ചു

“എന്റെ മമ്മിയുടെ അനിയത്തി നാട്ടിൽ വന്നിട്ടുണ്ട്. മമ്മിയും പപ്പയുമൊക്കെ ഉണ്ടായിരുന്നപ്പോൾ ശത്രുക്കൾ ആയിരുന്നവരാ..ഇപ്പൊ വേറെ വീട്ടിൽ ഇങ്ങനെ താമസിക്കുന്നത് അവർക്ക് നാണക്കേടാണെന്ന്. അവരോടൊപ്പം കാനഡയ്ക്ക് ചെല്ലാമോ എന്ന് ചോദിക്കാൻ വിട്ടതാ ജോബിയെ…”

തിരിച്ചുള്ള യാത്രയിൽ ഞാൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടാണോ എന്തൊ അവൾ വിശദീകരിച്ചു

ഞാൻ ഒന്ന് മൂളി

“എനിക്ക്‌ വിദേശരാജ്യങ്ങളിൽ ഒക്കെ പോകാൻ വലിയ ഇഷ്ടാ. ഏറ്റവും ഇഷ്ടം ഓസ്ട്രേലിയ ആണ്” അവൾ ചിരിച്ചു

“എന്ന അവർക്കൊപ്പം പൊയ്ക്കൂടേ?”

അവൾ ഒരു നിമിഷം മിണ്ടാതെയിരുന്നു

“ജീവിച്ചിരുന്നപ്പോ പപ്പയേം അമ്മയേം വേദനിപ്പിച്ചവരാ..അവരുടെ ഔദാര്യത്തിൽ എനിക്കൊന്നും വേണ്ട. ഞാൻ പഠിച്ചു ഒരു ജോലിയൊക്കെ വാങ്ങി പൊയ്ക്കോളാം. അത്രയും നാൾ എന്നെ ഒന്ന് സഹിച്ചൂടെ?”.. സങ്കടമാണോ തമാശയാണോ എന്നൊന്നും എനിക്ക് ആദ്യം മനസിലായില്ല.

ഞാൻ മിററിലൂടെ നോക്കി

മുഖം ചുവന്നിരിക്കുന്നു, കണ്ണ് തുടയ്ക്കുന്നുണ്ട്

ഞാൻ പെട്ടെന്ന് കാർ നിർത്തി

“അതിന് കരയുന്നതെന്തിനാ? അലീനയല്ലെ പറഞ്ഞത് വിദേശത്ത് പോകാൻ ഇഷ്ടമാണെന്ന്..?”

“ഉടനെ പൊയ്ക്കോളാൻ പറഞ്ഞല്ലോ…അതിനർത്ഥം നിങ്ങൾക്ക് ഞാൻ ഒരു ബാധ്യത ആണെന്നല്ലേ?”

ഈശ്വര ദേ വീണ്ടും കരയുന്നു…

“എന്റെ കൊച്ചേ ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല വെറുതെ പറഞ്ഞതാ. നിനക്ക് ഇഷ്ടം ഉള്ള കാലമത്രേം നിന്നോ ഇവിടെ..ഹോ ഈ കരച്ചിൽ ഒന്ന് നിർത്തോ “

അവൾ മെല്ലെ ഒന്ന് ചിരിച്ചു

“വീട്ടിൽ പറയണ്ട ജോബി വന്നത്. അമ്മയ്ക്കും അച്ഛനും വിഷമം ആകും “

അവൾ പറഞ്ഞു

ഞാൻ ഒന്ന് മൂളി

പിന്നെ ഞാൻ ശ്രദ്ധിച്ചപ്പോ ഇവൾ എന്നോട് മാത്രേ ഈ നീണ്ട വാചകങ്ങൾ ഒക്കെ പറയുവുള്ളു..ബാക്കി എല്ലാരോടും ഒരു വാക്ക്, ഒരു ചിരി…ശബ്ദം കേൾക്കാനില്ല..ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ എനിക്ക് കാണാവുന്ന എവിടെ എങ്കിലും ഉണ്ടാവും ആൾ. എനിക്കിഷ്ടമുള്ള കറികൾ പാകം ചെയ്യും. ചിലപ്പോൾ എന്റെ മുഷിഞ്ഞ തുണികൾ ഒക്കെ നനച്ചിടുന്നത് കാണാം. അത് വേണ്ട എന്ന് പറഞ്ഞാൽ അനിയത്തി ചെയ്യുന്നുണ്ടല്ലോ, അമ്മ ചെയ്യുന്നുണ്ടല്ലോ പിന്നെ എന്താ ഞാൻ ചെയ്താൽ എന്ന് തർക്കിക്കാൻ വരും. എന്നോടെയുള്ളു ഈ തർക്കവും വാചകവുമൊക്കെ.

ഒരു ദിവസം ചോദിച്ചു “എഞ്ചിനീയർ ആണല്ലേ?”

“അല്ല ജയിച്ചിട്ടില്ല “

“ജയിക്കാമല്ലേ വേണേൽ?”

“വർഷം മൂന്ന് കഴിഞ്ഞു..എല്ലാം മറന്നു..”

“ട്യൂഷൻ ഒക്കെ ഉണ്ടിപ്പോ. ഞങ്ങളുടെ കോളേജിനടുത്തുണ്ടല്ലോ ഒരു അക്കാഡമി..കണ്ടിട്ടില്ലേ?”

“ഇല്ല “

അങ്ങനെ പറഞ്ഞെങ്കിലും പിന്നെ ആ വഴി പോയപ്പോൾ ഞാൻ നോക്കി..

ഇനിയിപ്പോ സപ്പ്ളി ഒക്കെ..വേണോ..ഓ വേണ്ട

പക്ഷെ ഞാൻ ചേർന്നു..പഠിക്കണം എന്നുള്ള ഒരു ചിന്ത കൊണ്ട് വന്നത് അവളാണ്. എനിക്ക് മാത്രം അല്ല അനിയത്തിക്കും. അവൾ ആവറേജ് സ്റ്റുഡന്റ് ആയിരുന്നു പക്ഷെ ഇപ്പൊ നന്നായി പഠിക്കും. കോളേജ് വിട്ടു വന്നാൽ രണ്ടും കൂടി അമ്മയെ സഹായിക്കും. അച്ഛന്റെ കൃഷി സ്ഥലത്ത് ഒക്കെ പോകും..മൊത്തത്തിൽ വീട് ഒന്ന് മാറി..

അനിയത്തി പ്രേമിച്ചിരുന്ന ചെക്കൻ പട്ടാളത്തിലാണ്. അവൻ ആ അവധിക്ക് വന്നപ്പോൾ കല്യാണം നടത്തിയ കൊള്ളാം എന്ന് അവരുടെ വീട്ടുകാർക്ക് ആഗ്രഹം..ഡിഗ്രി എക്സാം കഴിഞ്ഞു കല്യാണം എന്നവർ പറഞ്ഞപ്പോൾ ഒരു ജോലി കിട്ടിയിട്ട് മതി എന്ന് അനിയത്തി പറഞ്ഞതിന്റെ പിന്നിൽ അവളായിരുന്നു.

എം ബി എ ക്ക്‌ ചേർന്നാൽ കൊള്ളാം എന്ന് അവളൊരിക്കൽ എന്നോട് പറഞ്ഞു. അനിയത്തി psc കോച്ചിങ്ങിനു ചേർന്നപ്പോൾ അലീന എം ബി എ ക്കാണ് ചേർന്നത്. ഞാൻ എഞ്ചിനീയറിംഗ് പാസ്സ് ആയതും ആ സമയത്തായിരുന്നു. പാസ്സ് ആയെങ്കിലും ഞാൻ ബിസിനസ് തന്നെയാണ് ശ്രദ്ധിച്ചത് എനിക്ക് അതായിരുന്നു ഇഷ്ടം.

അനിയത്തിക്കു ജോലി കിട്ടിയപ്പോൾ അവളുടെ ചെക്കൻ അവളെ കല്യാണം കഴിച്ചങ്ങ് കൊണ്ട് പോയി. അമ്മയ്ക്കും അച്ഛനും സങ്കടം വരാതെ അലീന അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

കുറച്ചു നാൾ കഴിഞ്ഞു….

അവളുടെ തറവാടിന്റെ ഭാഗം നടന്നു അപ്പൊ അവൾക്കായി കിട്ടിയ വലിയൊരു സ്വത്തിലായി അത് വരെ ഇല്ലാതിരുന്ന ബന്ധുക്കളുടെ കണ്ണ്. അവളെ കൂട്ടി കൊണ്ട് പോകാൻ പലരും വന്നു. എന്റെ അച്ഛനെയും അമ്മയെയും അവളുടെ സ്വത്ത് കണ്ടിട്ടാണ് ഇവളെ നിർത്തിയിരിക്കുന്നത് എന്ന് വരെ ആക്ഷേപിച്ചു.

ഒടുവിൽ അവൾ പോകാൻ തീരുമാനിച്ചു. അവർക്കൊപ്പമല്ല. ഓസ്ട്രേലിയയിലേക്ക്. ഒരു വലിയ കമ്പനിയുടെ ജോബ് ഓഫർ അവളെ തേടി വന്നു. അവൾ അത് സ്വീകരിക്കുകയും ചെയ്യ്തു.

“ഞാൻ പോകുന്നത് അച്ഛനും അമ്മയും ഞാൻ മുഖാന്തിരമിനിയും നാണം കെടാതിരിക്കാനാണ്. ഇനിയും വേദനിക്കാതിരിക്കാനാണ്. ഞാൻ ഒരു ഭാഗ്യം ഇല്ലാത്ത പെണ്ണാണ്. ഞാൻ സ്നേഹിക്കുന്നവരെയെല്ലാം എനിക്ക് നഷ്ടപ്പെടും “

പോകുന്നതിന്റെ തലേന്ന് വൈകുന്നേരം പള്ളിയിൽ നിന്നും വരുമ്പോൾ അവൾ എന്നോട് പറഞ്ഞു.

“അങ്ങനെ ഒന്നും ചിന്തിക്കേണ്ട ഞങ്ങളെല്ലാം ഇവിടെ ഉണ്ടല്ലോ..” ഞാൻ പറഞ്ഞു.

അവൾ പോകാൻ തീരുമാനിച്ച ദിവസം മുതൽ എന്തൊ ഒരു ശൂന്യത എന്നെ പൊതിഞ്ഞു. എന്റെ ഏറ്റവും വിലപിടിപ്പുള്ള എന്തൊ എനിക്ക് നഷ്ടമാകുകയാണ്..ഞാൻ തനിച്ചാവുകയാണ് എന്ന തോന്നൽ..പക്ഷെ അത് ഞാൻ ഭാവിച്ചില്ല.

“ഇത് പോലെ ആവില്ലല്ലോ. ഏട്ടന് ഒരു കുടുംബം ഒക്കെ ആവില്ലേ? പിന്നെ ഞാൻ…” അവളുടെ ശബ്ദം ഇടറുന്നുണ്ട്

“എന്നെ പിന്നെ ഓർക്കോ?” അവൾ സങ്കടത്തിൽ എന്റെ മുഖത്ത് നോക്കി

“എനിക്കറിയാം എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച ഒന്നാണ് എനിക്ക് നഷ്ടമാവുക എന്ന്..” അവൾ ഇടർച്ചയോടെ എന്നോട് പറഞ്ഞു

ഞാൻ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി

എന്റെ മനസ്സായിരുന്നു അത്. അവൾ പറഞ്ഞത്. മറുപടി പറയണം എന്നുണ്ടായിരുന്നു..

കൂടെ ഉള്ളപ്പോൾ ആരെന്നും എന്തെന്നും അറിയില്ലെങ്കിലും നഷ്ടമാകുമ്പോൾ സ്വന്തം ഹൃദയം തന്നെ ഇല്ലാണ്ടായി പോകുന്ന ചില ബന്ധങ്ങളുണ്ടല്ലോ മനുഷ്യന്?

സ്നേഹം പറഞ്ഞു ഫലിപ്പിക്കാൻ കഴിവില്ലാതെ പോയത് കൊണ്ട് മാത്രം കൈവിരൽ തുമ്പിൽ നിന്നൂർന്നു പോയ ചില ബന്ധങ്ങൾ.

എയർപോർട്ടിൽ ഞാനും അനിയത്തിയുമാണ് അവൾക്കൊപ്പം പോയത്

അമ്മ രണ്ടു ദിവസമായി കരച്ചിൽ തന്നെ…

അച്ഛൻ മൗനം…

ഫ്ലൈറ്റ് അനൗൺസ് ചെയ്യുന്നത് കേൾക്കവേ അവൾ ഹൃദയം പിളരുന്ന പോലെ എന്നെ നോക്കി..വിറയ്ക്കുന്ന കൈകളോടെ ആദ്യമായി എന്റെ കയ്യിൽ പിടിച്ചു. അനിയത്തി അതിശയത്തോടെ അത് നോക്കുന്നുണ്ടായിരുന്നു.

“ഞാൻ…ഞാൻ…പോട്ടെ..?” എന്റെ ഹൃദയം നിന്നു പോകും പോലെ..

“വേണ്ട “

ഞാൻ തന്നെ ആണോ പറഞ്ഞത്?

അറിയില്ല…

അനിയത്തി വീണ്ടും ഞങ്ങളെ നോക്കുന്നുണ്ട്…

അലീന ദീനമായ ഒരു കരച്ചിലോടെ എന്റെ നെഞ്ചിലേക്ക് വീണു

അത് വരെ അടക്കി പിടിച്ച കരച്ചിൽ എനിക്കും പൊട്ടിയൊഴുകി..

“നീ എങ്ങും പോകണ്ട…” ഞാൻ വീണ്ടും പറഞ്ഞു..പിന്നെ അവളെ അടക്കിപ്പിടിച്ചു.

അവളെ കണ്ടപ്പോൾ അമ്മയോ അച്ഛനോ ഒന്നും ചോദിച്ചില്ല. കളഞ്ഞു പോയ ഒരു കളിപ്പാട്ടം കിട്ടിയ കുട്ടിയേ പോലെ അമ്മ അവളെ ഓമനിച്ചു

പിന്നെ കുറെ നാൾ കഴിഞ്ഞ് ഞങ്ങൾ ഓസ്ട്രേലിയക്ക്‌ പോയി. അത് ജോലിക്കായിരുന്നില്ല. ഞങ്ങളുട ഹണിമൂൺ അവിടെ ആയിരുന്നു. അവിടെ ജോലി ചെയ്തോളു എന്ന് പറഞ്ഞെങ്കിലും അവൾ വേണ്ട എന്ന് ചിരിച്ചു.

നമ്മുടെ ബിസിനസ് സ്ഥാപനങ്ങൾ തന്നെ നോക്കി നടത്താൻ നമ്മൾ രണ്ടു പേര് പോരല്ലോ എന്ന് തമാശ പറഞ്ഞു.

അമ്മയെയും അച്ഛനെയും വിട്ടു പോകാനായിരുന്നു ഏറ്റവും വലിയ വേദന എന്ന്….ഏട്ടന്റെ പെണ്ണായാൽ എന്നുമെനിക്ക് ഇവിടെ നിൽക്കാല്ലോ എന്ന്, ഒരിക്കലും എങ്ങും പോകണ്ടല്ലോ എന്നൊക്കെ…പിന്നെയും കുറെ പറഞ്ഞു.

അപ്പൊ എന്നോടല്ലയൊരുന്നു സ്നേഹം അല്ലെ എന്ന് ഞാൻ ഒരു തമാശ പറഞ്ഞതിന് കണ്ണ് നിറച്ചു..

പിന്നെ സ്നേഹത്തോടെ വരിഞ്ഞു മുറുക്കി..ഉമ്മകൾ കൊണ്ട് ശ്വാസം മുട്ടിച്ചു.

അവളൊരു കടൽ പോലെയാണ്….

ചിലപ്പോൾ തിരകളില്ലാതെ…ചിലപ്പോൾ ഇളകി മറിഞ്ഞ്….കൊഞ്ചിച്ചും കൊതിപ്പിച്ചും വാരിപ്പുണർന്ന്…അങ്ങനെ അങ്ങനെ അങ്ങനെ…