സ്കൂൾ വിട്ട് വൈകുന്നേരം വരുമ്പോഴും ഗേറ്റിനു മുന്നിൽ നിന്നും ഞാൻ ആനന്ദനൃത്തമാടും..

Story written by Thanseer Hashim

============

അടുത്ത വീട്ടിലെ ടിങ്കു എന്ന പ ട്ടിയും ഞാനും തമ്മിൽ അത്ര സ്വരച്ചേർച്ചയിലല്ല…എന്നെ കിട്ടിയാൽ… കടിച്ചു പറിക്കണം…അതു മാത്രമായിരിക്കും  പ ട്ടിയുടെ ഏക ആഗ്രഹം…

അതിന് കാരണമുണ്ട്….കേട്ടോ..

അന്ന് ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം..

സ്കൂളിലേക്ക് പോകുന്ന വഴി, കണ്ണേട്ടൻറെ വീട്ടിലെ ഗേറ്റിനു മുന്നിൽ ടിങ്കുവിനെ കേട്ടിയിട്ടിട്ടുണ്ടാവും..

മതിൽ ചാടി അകത്തു കയറി ടിങ്കുവിന്റെ ചുറ്റും ഓടിച്ചാടി നൃത്തം ചവിട്ടുകയും അവനെ ശല്യപ്പെടുത്തുകയും ചെയ്യുന്നത് എനിക്കൊരു ഹരമായിരുന്നു..

മുഴുവൻ ദേഷ്യത്തോടെ അവൻ കുരച്ചു കുരച്ചു എന്നെ ചാടിക്കടിക്കാൻ ശ്രമിക്കും. ഒരു രക്ഷയുമില്ല കെട്ടിയിരിക്കുകയല്ലേ…അവൻറെ ചങ്ങലയുടെ നീളം, കൃത്യമായി അറിയാവുന്ന എന്നോടാ കളി…

ഒടുവിൽ കണ്ണേട്ടൻ വന്ന്..എന്നെ പിടിച്ചു പുറത്താക്കും..

സ്കൂൾ വിട്ട് വൈകുന്നേരം വരുമ്പോഴും..ഗേറ്റിനു മുന്നിൽ നിന്നും ഞാൻ ആനന്ദനൃത്തമാടും..

കുരച്ച്…കുരച്ച്…അവശനകുമ്പോൾ ടിങ്കു ഒരു മൂലയിൽ തളർന്നു കിടക്കും..

പിന്നെ കല്ലുകൾ പെറുക്കി അവനെ എറിയാൻ തുടങ്ങും..

പീ..കീ…കീ…എന്ന അവൻറെ കരച്ചിൽ കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു…

മാസങ്ങൾ ഏറെ കടന്നു പോയി….

മതിൽ ചാടി അകത്തു കടന്നാലും ടിങ്കു എന്നെ മൈൻഡ് ചെയ്യാതെ ആയി..

അവൻ ആകാശത്ത്  നോക്കി നിൽക്കും.

ഒച്ചയും ബഹളവും ഉണ്ടാക്കി നോക്കിയിട്ടും അവനിൽ നിന്നും ഒരു റെസ്പോൺസും ഇല്ല..

ഞാൻ എന്നൊരാൾ അതിനകത്ത് ഉണ്ടെന്ന ഭാവം പോലും കാണിക്കാതെ മുഖംതിരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കും…

അങ്ങനെ ഒരു ശിവരാത്രി ദിനത്തിൽ..സ്കൂളിൻറെ പറമ്പിൽ കുറച്ചു ചേട്ടന്മാര് ചേർന്ന് പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു..ചില പടക്കങ്ങൾ ഒന്നും പൊട്ടിയില്ല…പൊട്ടാതെ പോയ പടക്കങ്ങൾ  പറമ്പിൽ തന്നെ ഉണ്ടാവും. അതു പെറുക്കി കൊണ്ടുവന്ന്  ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് പൊട്ടിക്കുമായിരുന്നു. അതിൽ ഒരു പടക്കം, ആരുമറിയാതെ  ഞാൻ കരുതി വെച്ചു.

മറ്റു കൂട്ടുകാരെല്ലാം ഒഴിഞ്ഞു പോയപ്പോൾ സുഹൃത്തായ രഘുനാഥനെയും കൂട്ടി കണ്ണേട്ടൻറെ വീടിൻറെ മുന്നിൽ ചെന്ന് പടക്കം കത്തിച്ച് ഗെയ്റ്റിന് അകത്തേക്കിട്ടു..

പടക്കം പൊട്ടിയതും…ടിങ്കു ഗേറ്റ് ചാടി പുറത്തേക്ക് വന്നു..

രാത്രി ആയതു കൊണ്ട് ടിങ്കുനെ കെട്ടിയിട്ടിട്ടുണ്ടായിരുന്നില്ല…

ആ വിവരം എനിക്ക് അറിയില്ലായിരുന്നു…

ഞാനും രഘുനാഥനും കുതറിയോടി..ഉസൈൻ ബോൾട്ടിന്റെ വേഗതയിൽ ഓടിക്കൊണ്ടിരിക്കെ…രഘുനാഥൻ വീണുപോയി..

അപ്പോഴേക്കും ഞാൻ ഓടി, അല്പം ദൂരെ എത്തിയിരുന്നു. ഒരു നിമിഷം നിന്നു…രഘുനാഥന് എന്തുപറ്റി എന്ന് തിരിഞ്ഞു നോക്കി..

എന്റമ്മൊ…വീണുകിടക്കുന്ന രഘുനാനെ കടിക്കാൻ ഒരുങ്ങിയ ടിങ്കു പ ട്ടി..അവനെ കടിക്കുന്നത് ഉപേക്ഷിച്ച്…ആജന്മ ശത്രുവായ എനിക്കുനേരെ മിന്നൽവേഗത്തിൽ പാഞ്ഞടുത്തു..

നിമിഷങ്ങൾക്കുള്ളിൽ ഓടിയടുത്ത ടിങ്കു…എൻറെ പാന്റിന്റെ മുൻഭാഗത്ത്  തന്നെ കടിച്ചു..

പിന്നെ കടിച്ചു വലിച്ചു പറിച്ച് എന്തോ കൊണ്ടുപോയി….

ഒരു നിമിഷം അവിടെ എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ ഞാൻ തരിച്ചുനിന്നു..

എന്തോ കടിച്ചു കൊണ്ടുപോയ ടിങ്കു..പീ..കീ..കീ…എന്ന് കരഞ്ഞുകൊണ്ടാണ് തിരിഞ്ഞ് ഓടിയത്. തളർന്ന് അവശനായ രഘുനാഥൻ എൻറെ അടുക്കൽ കൗതുകത്തോടെ വന്നു ചോദിച്ചു..

എഡാ…ആ ടിങ്കു എന്താണ് കടിച്ചു കൊണ്ടുപോയത്..

സത്യം പറഞ്ഞാൽ എനിക്ക് താഴോട്ട് നോക്കാൻ പേടിയായി. ഇനിയെൻറെ പാച്ചുട്ടി വല്ലതും കടിച്ചു കൊണ്ടുപോയി കാണുമോ എന്ന് ഞാൻ വേവലാതിപ്പെട്ടു.

പാന്റിന്റെ മുൻഭാഗവും കീറി വീട്ടിലെത്തിയ എന്നെ ഉമ്മ ഒരുപാട് വഴക്കുപറഞ്ഞു.

ബൾബ് എവിടെ എന്ന് ചോദിച്ചപ്പോഴാണ് എനിക്ക് ആ കാര്യം ഓർമ്മവന്നത്..

പോക്കറ്റിൽ നിറയെ പെറുക്കിയ പടക്കം ഉള്ളതിനാൽ ഉമ്മ വാങ്ങാൻ അയച്ച ബൾബ് പാന്റിന്റെ മുൻഭാഗത്ത് തിരുകി വച്ചിരുന്നു..

പാവം ടിങ്കു…കടിച്ച് പറിച്ച് കൊണ്ടുപോയത് ആ ബൾബ് ആയിരുന്നു..അത് അവൻറെ വായിൽ കിടന്നു പൊട്ടിക്കാണും.

പിറ്റേദിവസം രാവിലെ  ചായക്കടി വാങ്ങാൻ കാശും തന്ന് ഉമ്മ എന്നെ ഹോട്ടലിലേക്ക് അയച്ചു…

ഇന്നലത്തെ സംഭവത്തോടെ എനിക്കു വല്ലാത്ത പശ്ചാത്താപം തോന്നി..പോകുന്ന വഴിയിൽ ടിങ്കുവിനെ കാണാൻ തീരുമാനിച്ചു..അവൻ സങ്കടത്തിന്റെ മുൾമുനയിൽ ഗെയ്റ്റിന്റെ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു.

ഞാൻ അടുത്തു ചെന്നിട്ടും അവൻ എന്നെ ഒന്നും ചെയ്തില്ല..സങ്കടം തോന്നി ഞാൻ കുറച്ചുകൂടി അടുത്തേക്ക് ചെന്നു..എന്നിട്ടും അവൻ മിണ്ടാതെ കിടന്നു. ഞാൻ അവൻറെ വളരെ അടുത്തു ചെന്നിരുന്നു..

ദൈവമേ അത് ടിങ്കുവിൻറെ നമ്പർ ആയിരുന്നു..അടുത്ത് ചെന്നതും അവൻ ചാടിയെഴുന്നേറ്റ് എന്നെ കടിച്ചു കളഞ്ഞു..

ചായക്കടി വാങ്ങാൻ അയച്ച ഞാൻ ടിങ്കുവിൻറെ കടിയും വാങ്ങി കരഞ്ഞുകൊണ്ട് വീട്ടിലേക്കൊടി..

ആജന്മ ശത്രുവിനെ പക വീട്ടിയ ആഹ്ലാദത്തിൽ ടിങ്കു പൂയ് ഹൗ ഹൗ..എന്ന് ശബ്ദമുണ്ടാക്കുന്ന ഉണ്ടായിരുന്നു..

~തൻസീർ ഹാഷിം..

സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന അനുഭവമാണ്..പേര് എഴുതുന്നില്ല അതുകൊണ്ട് തൽക്കാലം അത് ഞാൻ ആണെന്ന് കരുതിക്കോളൂ…