മോളെ പഠിപ്പിച്ചുവലുതാക്കി, മോളേം പിന്നെ പൈസേം അങ്ങോട്ട് കൊടുക്കുന്ന ചേട്ടന് ഇതൊക്കെ നിസാരമല്ലേ…

”വളർത്താനേൽപ്പിച്ച ഉരു”

Story written by Sebin Boss

============

” എന്താ കാര്യം ?”

തടിച്ച കണ്ണട വെച്ച മാനേജർ സ്ത്രീ തന്റെ ക്യാബിനിലേക്ക് കയറി വന്ന മെല്ലിച്ച മനുഷ്യനെ കണ്ണടക്കിടയിലൂടെ സൂക്ഷിച്ചു നോക്കി .

“വിദ്യാഭ്യാസ ലോൺ അടക്കാൻ വന്നതാ… ”

“അതവിടെ ക്യാഷിൽ അടച്ചാൽ പോരെ , നിങ്ങക്കറിയാവുന്നതല്ലേ ? ആദ്യമായിട്ടൊന്നുമല്ലല്ലോ “

അയാൾ പറഞ്ഞുതീരും മുൻപേ അവരുടെ പരുഷമായ സ്വരമുയർന്നു .

“അതല്ല സാറെ..ആറുമാസം കൊണ്ട് അടവ് തീരും . “

“ഉം..എന്നാ പറ്റിയെന്നിട്ട് ?അടവ് മുടങ്ങിയോ? എടുക്കുമ്പോ അറിയത്തില്ലാരുന്നോ ലോണെടുത്താൽ തിരിച്ചടക്കണോന്ന്?..ആർക്കുവേണ്ടിയെടുത്തതാ ?”

“‘മോൾക്ക് വേണ്ടിയാ…ആറുമാസം കൂടിക്കഴിഞ്ഞാൽ അവളുടെ കോഴ്സ് കഴിയുമാരുന്നു “‘

“എന്നിട്ടെന്നാ ഇപ്പ കുഴപ്പം? പെണ്ണാരുടെകൂടെയെങ്കിലും ഒളിച്ചോടിയോ ? ഇപ്പഴത്തെ കാലം അങ്ങനാ…കാർന്നോമ്മാര് കഷ്ടപ്പെട്ട് പഠിപ്പിക്കും, പിള്ളേർ ഇഷ്ടമുള്ളവന്മാരുടെ കൂടെ ഇറങ്ങി പോകും. എന്നിട്ട് ലോണടക്കാതെ വരുമ്പോ ഞങ്ങള് തൂങ്ങണം. വളർത്തുദോഷം…ഹം…ഞങ്ങക്കിതൊന്നുമറിയണ്ട..ലോൺ എടുത്തതാണേൽ അടച്ചിരിക്കണം. അല്ലേൽ ജാമ്യം നൽകിയ വസ്തു ഞങ്ങൾ ജപ്തിചെയ്യും ” മാനേജർ പിറുപിറുത്തുകൊണ്ട് ഫയലിലേക്ക് മുഖം പൂഴ്ത്തി .

“അയ്യോ…അതല്ല സാറേ…ഇതുവരെ കുടിശ്ശിക വരുത്തിയിട്ടില്ല. ബാക്കിയും മുടങ്ങാതെ അടച്ചോളാം ”

“‘ഏഹ് ? പിന്നെ ചേട്ടൻ എന്തിനാ ഇങ്ങോട്ട് വന്നേ ?”

മാനേജർ ഫയൽ മടക്കിവെച്ചിട്ട് സൂക്ഷ്മതയോടെ അയാളെ നോക്കി.

“എനിക്ക് കുറച്ചു പൈസ കൂടി വേണമായിരുന്നു”‘ അയാൾ ഒരു പരുങ്ങലോടെ പറഞ്ഞു .

“‘എന്തിന് ? മോളെ ഹയർസ്റ്റഡീസിന് വല്ലതും വിടാനാണോ ?”

“ഇല്ല…ഏഹ്…അതേ…അല്ല”

അയാൾ മറുപടി പറയാൻ കുഴങ്ങി

”എന്താ ചേട്ടന്റെ പ്രശ്നം ? ചേട്ടൻ കാര്യം പറഞ്ഞെ ?”

മാനേജർ തടിച്ച കണ്ണട ഊരി മേശപ്പുറത്തുവെച്ചു ചിരിച്ചപ്പോൾ അയാൾക്ക് തെല്ലൊരാശ്വാസം ആയെന്ന് തോന്നി.

“‘അത് പിന്നെ സാറെ… “‘

“പേടിക്കുവൊന്നും വേണ്ട . കാര്യം പറഞ്ഞോ ? എന്നെകൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ ഹെൽപ് ചെയ്യാം”

“‘അതുപിന്നെ സാറെ…അപ്പുറത്തു കണക്കെഴുതുന്ന മേരിറിന് എന്നെ അറിയാവുന്നതാ , നാട്ടുകാരിയാ…മേരി സാറിനോട് പറഞ്ഞപ്പോഴാ ഇവിടെ സാറിനോട് സംസാരിക്കാൻ പറഞ്ഞത്. എനിക്ക് ഈ ലോണോന്ന് പുതുക്കിത്തരാമോ ?”’

“‘വിദ്യാഭ്യാസ ലോൺ എന്തിനാണ് പുതുക്കുന്നെ? അത് പുതുക്കണെങ്കിൽ വേറെ കോഴ്സ് ചെയ്യണ്ടേ? നിങ്ങൾ മുക്കാൽ ഭാഗത്തോളം തിരിച്ചടച്ചു കഴിഞ്ഞു. കോഴ്സ് തീർന്ന് മോൾ ജോലിക്ക് കേറി ആറുമാസം കഴിഞ്ഞു അടച്ചുതുടങ്ങിയാൽ മതിയാരുന്നല്ലോ”

“അങ്ങനെ അടച്ചാൽ മതിയെന്നായിരുന്നു സാറെ ഇവിടുന്ന് പറഞ്ഞിരുന്നേ . എനിക്കും ഭാര്യക്കും വരുമാനം രണ്ട് പശുക്കളിൽ നിന്നുള്ള കറവയാ…അതീന്നു കിട്ടുന്ന വരുമാനം കൊണ്ടാ രണ്ട് മക്കളേം ഇതുവരെ എത്തിച്ചത്. എന്നായാലും ഞങ്ങള് തന്നെ ലോൺ തിരിച്ചടക്കണോല്ലോ. പാലിന്റെ പൈസ കിട്ടുമ്പോ ഉള്ളതടച്ചാൽ മോൾക്കും ആശ്വാസമാവൂല്ലോ. അതുകൊണ്ടാ നേരത്തെ അടച്ചുതുടങ്ങീത്. ഇപ്പൊ മോൾക്ക് ചില ആലോചനകൾ ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്. നല്ല ഒന്ന് രണ്ടെണ്ണം മനസ്സിൽ കരുതിയിട്ടുമുണ്ട്. ചോദിക്കുന്നത് പത്തും പതിനഞ്ചും ലക്ഷമൊക്കെയാ. അടിക്കാട് പട്ടയമുള്ള അരയേക്കർ സ്ഥലമേ ഉള്ളൂ ഞങ്ങക്ക്…ബാങ്കിൽ ഈട് വെക്കാനതുപറ്റിലല്ലോ…അതുകൊണ്ടാ ഈ ലോൺ ഒന്ന് പുതുക്കാൻ പറ്റുമോയെന്നറിയാൻ വന്നത്. വിദ്യാഭ്യാസ ലോൺ ആണേൽ പത്തുലക്ഷവും കിട്ടൂല്ലോ…ഇച്ചിരി സമ്പാദ്യം കയ്യിലുമുണ്ട്. ഒരു കല്യാണം ഒക്കെ ആകുമ്പോ പത്തുപതിനഞ്ചുലക്ഷം രൂപ എങ്ങനെയാണേലും ആകും…”” അയാൾ നിഷ്കളങ്കതയോടെ തന്റെ ആവശ്യം അവർക്ക് മുന്നിൽ അവതരിപ്പിച്ചു.

“‘കന്നുകാലി വളർത്തൽ ആണ് തൊഴിലെന്നല്ലേ ചേട്ടൻ പറഞ്ഞെ ?”

“‘അതെ സാറെ..പക്ഷെ , കന്നുകാലി വളർത്തലിന് ലോണെടുത്താലും ഒന്നോ രണ്ടോ ലക്ഷമല്ലേ കിട്ടൂള്ളൂ”‘ മാനേജർ ചോദിച്ചപ്പോൾ അതേ നിഷ്കളങ്കതയോടെ അയാൾ പറഞ്ഞു

“‘ഹമ്..ഈ കന്നുകാലിനെ വളർത്താൻ മേടിക്കുന്ന ഒരുപരിപാടിയില്ലേ ? എന്താ അതിന് പറയുന്നേ ? അങ്ങനെ ചെയ്യാറുണ്ടോ ?” മാനേജർ അയാൾ പറഞ്ഞതിന് ചെവികൊടുക്കാതെയെന്നോണം മുന്നോട്ടാഞ്ഞിരുന്നയാളെ നോക്കി ചോദിച്ചു

“‘ആഹ്..ഉണ്ട്..നഷ്ടക്കച്ചോടമാ സാറെ. ഞങ്ങൾ ഏൽക്കാറില്ല. ഒരു പശൂനെ തന്നാൽ വളർത്തി പ്രസവിച്ചിട്ട് കന്നുകുട്ടിയെ നമ്മക്കെടുക്കാം, അതേ നമ്മക്ക് ലാഭമുള്ളൂ…പശൂനെ തിരിച്ചു കൊടുക്കണ്ടേ ? പാലുവിറ്റാലേ നോട്ടക്കാശെങ്കിലും മുതലാകൂ. കന്നുകുട്ടി പിന്നെ വളർന്ന് വലുതായി പ്രസവിച്ചു കറവയാകണേൽ പിന്നേം സമയമെടുക്കൂല്ലേ ?എന്നാ സാറെ ചോദിച്ചത് ?”’

“‘ഞാനൊരു പശൂനെ തരാം ചേട്ടന് വളർത്താൻ…ചേട്ടനതിനെ വളർത്തി തിരിച്ചേൽപ്പിച്ചാൽ മതി. ഒരു കണ്ടീഷൻ…പശൂനെ വളർത്തി തിരിച്ചേൽപ്പിക്കുമ്പോൾ നിങ്ങളെനിക്ക് കാശ് തരണം””

“സാറെ…സാറെന്നാ ഈ പറയുന്നേ ? സാറൊന്നാലോചിച്ചേ…സാറൊരു പശൂനെ എന്നെ വളർത്താൻ ഏൽപ്പിക്കുന്നു. അതിനെ തിരിച്ചു തരുമ്പോ അങ്ങോട്ട് പൈസേം തരണം. കന്നുകുട്ടിയേം കിട്ടത്തില്ല. ഇതുകൊണ്ടെനിക്കെന്നാ മെച്ചമാ ഉള്ളെ ? ”

“‘എന്ത് നഷ്ടക്കച്ചവടാ ചേട്ടാ…ഞാൻ ഒരു പശൂനെ തരുന്നു…ചേട്ടനതിനെ നോക്കി വളർത്തിയെനിക്ക് തരുന്നു. കൂടാതെ ഞാൻ ആവശ്യപ്പെടുന്ന പൈസയും എനിക്ക് തരുന്നു. ഇതിലെന്നാ നഷ്ടം. എന്നാ പശു വേണ്ട. ഞാനൊരു പെൺകുട്ടിയെ തരാം…

മോളെ പഠിപ്പിച്ചുവലുതാക്കി, മോളേം പിന്നെ പൈസേം അങ്ങോട്ട് കൊടുക്കുന്ന ചേട്ടന് ഇതൊക്കെ നിസാരമല്ലേ “‘

മാനേജർ അയാളെ സൂക്ഷിച്ചു നോക്കി പറഞ്ഞു.

എന്തോ ചിന്തിച്ചുകൊണ്ടിരുന്ന അയാളുടെ മുഖം മെല്ലെ വിളറിവെളുത്തു

“‘അതൊക്കെ പുതുമയല്ലല്ലോ…എല്ലാരും ചെയ്യുന്നതല്ലേ…മക്കളെ വളർത്തികല്യാണം കഴിപ്പിച്ചു വിടുന്നതും മറ്റും”” അയാളുടെ സ്വരം നന്നേ നേർത്തിരുന്നു

”അതുകൊണ്ടെന്ത് ലാഭം…ഓഹ്…മക്കളിൽ ആണിന് പെണ്ണിന് കൊടുത്തതിന്റെ ഇരട്ടിവാങ്ങി ലാഭം പിടിക്കാല്ലൊ അല്ലെ ?”’

“‘എനിക്ക് ആണ്മക്കളില്ല “”‘ അയാളുടെ മുഖം ക്ഷോഭം കൊണ്ട് ചുവന്നു

“”എനിക്കാരുടേം സ്ത്രീധനോം വേണ്ട. ഞാനും മേടിച്ചിട്ടില്ല “‘ അയാൾ മാനേജർ കേൾക്കാതെ പിറുപിറുത്തു

“ആഹാ!! അപ്പോപ്പിന്നെ മൊത്തത്തിൽ നഷ്ടക്കച്ചോടം. അങ്ങനെയാണേൽ പിന്നെ എവിടുന്നും ലോണും കിട്ടത്തില്ല”’

“”അല്ലാതെ പിന്നെ ഞാൻ എന്ത് ചെയ്യും സാറെ…സ്ത്രീധനം കൊടുക്കാനാവാതെ എന്റെ മോൾ പുരനിറഞ്ഞ് വീട്ടിൽ നിൽക്കണോ ? ”’

അയാൾ അവസാന കച്ചിത്തുരുമ്പും നഷ്ടപ്പെട്ട വേദനയിൽ കസേരയിൽ നിന്ന് എഴുന്നേറ്റു .

“”നിങ്ങളെപ്പോലെ പത്തുപേർ സ്ത്രീധനം തരില്ലെന്ന് പറഞ്ഞാൽ മതി ചേട്ടാ…പോകെപ്പോകെ ഈ ദുഷിച്ച സ്ത്രീ കച്ചവടം അങ്ങ് നിൽക്കും. കുട്ടികളെ പഠിപ്പിക്കണം. അവരെവളർത്തി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കണം. കല്യാണം കഴിച്ചു കഴിഞ്ഞാൽ രണ്ടാൾക്കും ജോലിയുണ്ടെങ്കിൽ അത് മതിയാകും ജീവിക്കാൻ…ഇനി നിങ്ങൾക്ക് ഉള്ളതെല്ലാം അവർക്ക് തന്നെയല്ലേ ? പിന്നെയെന്തിനാണ് സ്ത്രീധനം ?”’

“”ഇതൊന്നും ഞാൻ ആയിട്ടുണ്ടാക്കി വെച്ച കാര്യങ്ങൾ അല്ലല്ലോ സാറെ…ഞാൻ പോകുവാ…കന്നുകാലി വളർത്തലിനെങ്കിലും ഒരു ലോൺ അനുവദിക്കാൻ പറ്റുമോ ?”’

“‘എനിക്കൊരു മോനുണ്ട്. ടൗണിലെ ബ്രാഞ്ചിൽ ട്രെയിനിയായിട്ട് ഇപ്പൊ ജോയിൻ ചെയ്തു …””

“‘മോനെ പോയി കണ്ടാൽ മതിയോ ലോണിന് ? “‘ അയാൾ പെട്ടന്നാശ്വാസത്തോടെ അവരെ നോക്കി

“‘ഹഹ…മോളിപ്പോൾ പഠിക്കുവല്ലേ ? അവൾ പഠിക്കട്ടെ. എന്നിട്ടൊരു ജോലിയൊക്കെ ആയി , സ്വന്തമായി സമ്പാദിച്ചു തുടങ്ങിയ ശേഷം മതി കല്യാണവും മറ്റും. അന്നേരം എന്റെ മോനെ നിങ്ങൾക്ക് ഇഷ്ടമായാൽ ആലോചിക്കാം എന്നാണ് ഞാൻ പറഞ്ഞു വന്നത്. സ്ത്രീധനമൊന്നും വേണ്ട…നിങ്ങളെപ്പോലെ നിഷ്കളങ്കമായി സ്നേഹിക്കുന്ന ഒരു മനസ് മതി എന്റെ മോന്റെ പെണ്ണിനും…ഞാൻ ഇങ്ങനെ പറഞ്ഞപ്പോൾ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ എന്ന് കരുതി ഈ കല്യാണത്തിന് സമ്മതിക്കണ്ട…ചെറുക്കനെപ്പറ്റി നന്നായി അന്വേഷിച്ചിട്ട് മതി. കറവ വറ്റിയ ഉരുവിനെപോലെ വിറ്റൊഴിവാക്കൽ ഒന്നുമല്ലല്ലോ കല്യാണം. നിങ്ങളുടെ മോളാണ്…നിങ്ങളുടെ സ്വത്താണ് അവൾ. വിവാഹം ഒരിക്കലും കച്ചവടം ആയി കാണരുത്.””

അൽപസമയം കഴിഞ്ഞ് ചുണ്ടിൽ പുഞ്ചിരിയോടെ ക്യാബിനിൽ നിന്നിറങ്ങിയ അയാളുടെ ശിരസ്സ് ആത്മാഭിമാനത്താൽ ഉയർന്നിരുന്നു.

~സെബിൻ ബോസ്